പദ്മജ; ഒരു ‘വർക്ക് അറ്റ് ഹോം’ രാഷ്ട്രീയത്തിന്റെ സ്വഭാവിക പരിണാമം

കേരള രാഷ്ട്രീയത്തിൽ ബി.ജെ.പിക്കാരിയായ പദ്മജക്ക് എന്തെങ്കിലും ഇംപാക്റ്റുണ്ടാക്കാൻ കഴിയുമോ? പദ്മജയുടെ രാഷ്ട്രീയ കണ്ണീരും കിനാവും പങ്കിട്ട ആങ്ങള മുരളീധരൻ പറഞ്ഞതുപോലെ, 'വർക്ക് അറ്റ് ഹോമിലുള്ള' ഒരാൾ പോയാൽ പാർട്ടിക്ക് എന്തു ചുക്കാണ് സംഭവിക്കുക?

ഞായറാഴ്ച പുറത്തുവരുന്ന, ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ രണ്ടാം സ്ഥാനാർഥിപ്പട്ടികയിൽ ചാലക്കുടിക്കുനേരെ പദ്മജ വേണുഗോപാലിന്റെ പേരുണ്ടാകുമോ? ആ പട്ടികയിൽഇല്ലെങ്കിൽ തന്നെ, ഈ തെരഞ്ഞെടുപ്പിൽ കേരള ബി.ജെ.പിയുടെ സ്റ്റാർ കാമ്പയിനർമാരിൽ ഒരാൾ പദ്മജയായിരിക്കുമോ? അവർ വടകരയിലെത്തി, 'സഹോദരി എന്ന നിലയ്ക്കുപോലുമുള്ള ബന്ധം വിട്ടു' എന്ന് അറുത്തുമുറിച്ചുപറഞ്ഞുകളഞ്ഞ കെ. മുരളീധരനെതിരെ എന്തായിരിക്കും പറയുക?

കോൺഗ്രസിലെ മാത്രമല്ല, കേരള രാഷ്ട്രീയത്തിലെ തന്നെ ഏറ്റവും കൗതുകകരമായ കുടുംബരാഷ്ട്രീയാവസ്ഥയുടെ ഒരു പരിണാമമാണ് പദ്മജയുടെ ബി.ജെ.പി പ്രവേശം. ‘തികച്ചും സ്വഭാവികമായ ഒരു പരിമാണം' എന്ന് സി.പി.എം അടക്കമുള്ള കോൺഗ്രസ് വിരുദ്ധർ പറയുമെങ്കിലും അത് കോൺഗ്രസുകാരെയെന്നല്ല, രാഷ്ട്രീയം ശ്രദ്ധിക്കുന്ന പൊതുജനത്തെപ്പോലും ഞെട്ടിക്കുന്ന ഒരു വാർത്തയല്ല. എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശത്തേക്കാൾ അൽപം കൂടി പ്രാധാന്യം പദ്മജയ്ക്കു കിട്ടിയെന്നുവരാം, അത്രമാത്രം.

എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പി അംഗത്വം സ്വീകരിക്കുന്നു.
എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പി അംഗത്വം സ്വീകരിക്കുന്നു.

പത്തനംതിട്ട ലോക്സഭാ സീറ്റ് ഏതാണ്ടുറപ്പിച്ച്, അരമനകളിൽ കയറി ബിഷപ്പുമാരെയൊക്കെ കണ്ട് വലതുകാൽവച്ച് കാമ്പയിനിറങ്ങിയതിന്റെ തൊട്ടുതലേന്ന് അനിൽ ആന്റണിയെ സ്ഥാനാർഥിയാക്കി ജോർജിനെ ഞെട്ടിച്ച തന്ത്രം പദ്മജയുടെ കാര്യത്തിൽ അൽപം കൂടി കൗശലത്തോടെ ബി.ജെ.പി പയറ്റിയേക്കാം. ദേശീയതലത്തിൽ തന്നെ ഏറ്റവും പ്രമുഖരായ (പ്രമുഖരായിരുന്ന) രണ്ട് കോൺഗ്രസ് നേതാക്കളുടെ മക്കൾ എന്നത് ബി.ജെ.പിക്ക് ഇന്ന് കോൺഗ്രസിനെതിരെ ഉപയോഗപ്പെടുത്താൻ കഴിയുന്ന മികച്ച രാഷ്ട്രീയ വാണിജ്യ ഉപായമാണ്. ആ ഉപായം, സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സഹജമായ ഒരു രാഷ്ട്രീയനിരക്ഷരതാപ്രസ്താവനയായി പുറത്തുവന്നുകഴിഞ്ഞു: ‘‘കേരളത്തിൽ കോൺഗ്രസ് തകർന്ന് തരിപ്പണമാകും, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിലാണ് മത്സരം’’.

മറ്റൊരു 'പ്രത്യാഘാതം', കേരളത്തിൽ, തെരഞ്ഞെടുപ്പിലെ തങ്ങളുടെ മുഖ്യ എതിരാളിയായ കോൺഗ്രസിനുനേരെ സി.പി.എമ്മിന് അത് എടുത്തുപയറ്റാൻ കഴിയും എന്നതാണ്​; കേരളത്തിലെ കോൺഗ്രസും ബി.ജെ.പിയും തമ്മിലുണ്ട് എന്ന് അവർ അവകാശപ്പെടുന്ന രാഷ്ട്രീയ അന്തർധാരയുടെ തെളിവായി. പദ്മജ ബി.ജെ.പിയിലേക്ക് പോയതിനുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രത്യയശാസ്ത്രവ്യാഖ്യാനവും വന്നുകഴിഞ്ഞു: ‘‘എ.കെ. ആന്റണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പിയിൽ പോയി. കെ. കരുണാകരന്റെ മകൾ പോയിക്കൊണ്ടിരിക്കുന്നു. നാളെ ആരെന്ന് പറയാനാകില്ല. ഇതിനെല്ലാം കാരണം കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടാണ്. ബി.ജെ.പിയിലേക്ക് ചേരാൻ ഒരു കോൺഗ്രസ് നേതാവിനും കേരളത്തിലും മടിയില്ല എന്ന നില വന്നാൽ എന്താണവസ്ഥ?''

1996-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽനിന്ന് 'മുന്നിൽനിന്നും പിന്നിൽനിന്നും' കരുണാകരനെ കുത്തിയത് സാക്ഷാൽ കോൺഗ്രസുകാർ തന്നെയായിരുന്നു.
1996-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽനിന്ന് 'മുന്നിൽനിന്നും പിന്നിൽനിന്നും' കരുണാകരനെ കുത്തിയത് സാക്ഷാൽ കോൺഗ്രസുകാർ തന്നെയായിരുന്നു.

ബി.ജെ.പിക്കാരിയായ പദ്മജ, ഈ തെരഞ്ഞെടുപ്പിൽ ചെലുത്താൻ പോകുന്ന പ്രഭാവത്തിന്റെ സൂചനകളാണിവ. ഈ കക്ഷിരാഷ്ട്രീയ വ്യാമോഹങ്ങൾക്കപ്പുറം, കേരള രാഷ്ട്രീയത്തിൽ ബി.ജെ.പിക്കാരിയായ പദ്മജക്ക് എന്തെങ്കിലും ഇംപാക്റ്റുണ്ടാക്കാൻ കഴിയുമോ? പദ്മജയുടെ രാഷ്ട്രീയ കണ്ണീരും കിനാവും പങ്കിട്ട ആങ്ങള മുരളീധരൻ പറഞ്ഞതുപോലെ, 'വർക്ക് അറ്റ് ഹോമിലുള്ള' ഒരാൾ പോയാൽ പാർട്ടിക്ക് എന്തു ചുക്കാണ് സംഭവിക്കുക?
സഹോദരനും പദ്മജക്കുവേണ്ടി അച്ഛൻ കെ. കരുണാകരൻ നടത്തിയിട്ടുള്ള അടവുകളുടെ ദൃക്‌സാക്ഷിയുമായ കെ. മുരളീധരന്റെ വാക്കുകൾക്കാണ് ഈ സന്ദർഭത്തിൽ ഏറ്റവും വിശ്വാസ്യത: ‘‘പദ്മജ ചെയ്തത് ചതിയാണ്. അതുകൊണ്ട് ബി.ജെ.പിക്ക് കാൽക്കാശിന്റെ ഗുണമുണ്ടാകില്ല. പാർട്ടി അവഗണിച്ചു എന്ന പരാതിക്ക് ഒരു അടിസ്ഥാനവുമില്ല. ജയിക്കുന്ന സീറ്റുകളിലാണ് പദ്മജയെ മത്സരിപ്പിച്ചത്. 52,000 വോട്ടിന് യു.ഡി.എഫ് ജയിച്ച മുകുന്ദപുരത്ത് 2004-ൽ ഒന്നര ലക്ഷം വോട്ടിനാണ് അവർ തോറ്റത്. 2011-ൽ തേറമ്പിൽ രാമകൃഷ്ണൻ 12,000 വോട്ടിന് ജയിച്ച തൃശൂരിൽ 7000 വോട്ടിന് തോറ്റു. ആരെങ്കിലും കാലു വാരിയതുകൊണ്ടുമാത്രം ഒരാൾ തോൽക്കില്ല''.

മുരളിയും അച്ഛന്റെ വാത്സല്യപുത്രനായാണ് കോൺഗ്രസിലെത്തിയതെങ്കിലും 'വർക്ക് അറ്റ് ഹോമിൽ'നിന്ന് ക്രമേണ വിടുതൽ നേടി പ്രവർത്തകർക്കിടയിലെത്തി.
മുരളിയും അച്ഛന്റെ വാത്സല്യപുത്രനായാണ് കോൺഗ്രസിലെത്തിയതെങ്കിലും 'വർക്ക് അറ്റ് ഹോമിൽ'നിന്ന് ക്രമേണ വിടുതൽ നേടി പ്രവർത്തകർക്കിടയിലെത്തി.

ഇതിൽ 'കാലുവാരിയതുകൊണ്ടുമാത്രം ഒരാൾ തോൽക്കില്ല' എന്ന അഭിപ്രായം മാത്രമാണ് വസ്തുതകൾക്ക് നിരക്കാത്തത്. കാരണം, കേരളത്തിലെ കോൺഗ്രസുകാർ ഏക മനസ്സോടെ, ഗ്രൂപ്പുഭേദമേന്യ, അത്യന്തം വാശിയോടെ, കാലുവാരി തോൽപ്പിച്ച ഒരു കുടുംബമാണ് കെ. കരുണാകരന്റേത്.

1996-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽനിന്ന് 'മുന്നിൽനിന്നും പിന്നിൽനിന്നും' കരുണാകരനെ കുത്തിയത് സാക്ഷാൽ കോൺഗ്രസുകാർ തന്നെയായിരുന്നു. വി.വി. രാഘവനോട് വെറും 1203 വോട്ടിനാണ് ദേശീയ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ ആ കാലുവാരലുണ്ടായത്. 1998-ൽ മകൻ കെ. മുരളീധരനെ 18,000 വോട്ടിനാണ് തൃശൂർ തോൽപ്പിച്ചത്. അന്നും വി.വി. രാഘവൻ തന്നെ. 2016-ലും 2021-ലും മകൾ പദ്മജയെയും തൃശൂർ തോൽപ്പിച്ചു. സർവോപരി തൃശൂർ, കേരള രാഷ്ട്രീയത്തിന് നൽകിയ ഏറ്റവും ഗുണകരമായ സംഭാവനയും ഈ കാലുവാരലുകളായിരുന്നു.

മാത്രമല്ല, ഈ കുടുംബം ഒരുമിച്ചിറങ്ങിയപ്പോഴെല്ലാം തൃശൂരിലെ കോൺഗ്രസുകാർ മാത്രമല്ല, മറ്റു വോട്ടർമാരും അവരുടെ വിപ്രതിപത്തി പ്രകടമാക്കിയിട്ടുണ്ട്. 1996-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മുരളിയെയും തൃശൂരിൽ കരുണാകരനെയും ജനം തോൽപ്പിച്ചു. 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പദ്മജ ഇല്ലാത്ത സ്ഥാനാർഥിപ്പട്ടികക്കെതിരെ കരുണാകരൻ തന്നെ പട നയിച്ചു. പ്രഖ്യാപിച്ച മൂന്ന് സ്ഥാനാർഥികളെ മാറ്റി മൂന്ന് കരുണാകരപക്ഷക്കാരെ തിരുകിക്കയറ്റിയാണ് പ്രശ്‌നം പരിഹരിച്ചത്.
2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുരളിയും പദ്മജയും സ്ഥാനാർഥികളായിരുന്നു, ഇരുവരും തോറ്റു. നേമത്ത് മുരളിയുടേത് ഒരു രാഷ്ട്രീയ മത്സരമായിരുന്നുവെന്നും ഓർക്കാം.

തോൽപ്പിക്കാൻ വേണ്ടി മാത്രമാണ് തന്നെ മത്സരിപ്പിച്ചത് എന്ന പദ്മജയുടെ കരച്ചിൽ ഏതാണ്ടൊരു മുതലക്കരച്ചിലായാണ് മുരളി അടക്കമുള്ളവർ വ്യാഖ്യാനിക്കുന്നതെങ്കിലും അതിൽ അൽപ്പം മനുഷ്യക്കണ്ണീരുകൂടി കലർന്നിട്ടുണ്ട്. കാരണം, കോൺഗ്രസ് ഒരു തരത്തിലും തോൽക്കാൻ സാഹചര്യമില്ലാതിരുന്ന കാലത്തും മണ്ഡലത്തിലും പദ്മജ തോറ്റത്, പദ്മജയുടെ കൈയിലിരിപ്പുകൊണ്ടുമാത്രമല്ല എന്നു വ്യക്തം.

എന്നാൽ, എന്തിന് അവരെ തോൽപ്പിച്ചു എന്നു ചോദിച്ചാലോ? അതിനുത്തരമാണ് കെ. മുരളീധരൻ പറഞ്ഞത്, അവർ ഒരു വർക്ക് അറ്റ് ഹോം രാഷ്ട്രീയക്കാരിയായിരുന്നു എന്ന്. കെ. കരുണാകരൻഎന്ന പിതാവിന്റെ തണൽ മാത്രമായിരുന്നു പദ്മജയുടെ രാഷ്ട്രീയപ്രവർത്തനത്തിനുള്ള ന്യായം. മുരളിയും അച്ഛന്റെ വാത്സല്യപുത്രനായാണ് കോൺഗ്രസിലെത്തിയതെങ്കിലും 'വർക്ക് അറ്റ് ഹോമിൽ'നിന്ന് ക്രമേണ വിടുതൽ നേടി പ്രവർത്തകർക്കിടയിലെത്തി. കരുണാകരന്റെ പിടയിൽനിന്ന് രക്ഷപ്പെടാനുള്ള സൂത്രവിദ്യകൾ കെ.പി.സി.സി പ്രസിഡന്റായപ്പോഴും മറ്റും മുരളി വിജയകരമായി പയറ്റിയിട്ടുണ്ട്. അതുകൊണ്ട്, 'എന്നെ ബി.ജെ.പിയാക്കിയത് കോൺഗ്രസാണ്' എന്ന പദ്മജയുടെ പ്രഖ്യാപനത്തിൽ ഒരുതരം വിശ്വാസ്യതയുമില്ല. അതിന് മറ്റൊരു കാരണം കൂടി ചികഞ്ഞെടുക്കാനാകും.

തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ബി.ജെ.പിയുമായും ആർ. എസ്.എസുമായും ഏറ്റവും സമർഥമായ വിനിമയങ്ങൾ നടത്തിയ കോൺഗ്രസ് നേതാവ് കരുണാകരനായിരുന്നു. 1991-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോ- ലീ- ബി സഖ്യം എന്നറിയപ്പെട്ട അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ നേതൃത്വം കെ. കരുണാകരനായിരുന്നു. കരുണാകരന്റെ മുൻകൈയിലാണ് അന്ന് ചർച്ചകൾ നടന്നതെന്ന് ബി.ജെ.പി നേതാവായിരുന്ന കെ.ജി. മാരാരുടെ ജീവചരിത്രത്തിൽ പറയുന്നുണ്ട്. നിയമസഭയിൽ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കകാനുള്ള ആദ്യ രാഷ്ട്രീയനീക്കത്തിന്റെ സൂത്രധാരൻ കരുണാകരനായിരുന്നു എന്നർഥം. ഇതുകൂടാതെ, മുകുന്ദപുരത്ത് സാവിത്രി ലക്ഷ്മണൻ മത്സരിച്ച തെരഞ്ഞെടുപ്പുകളിൽ, അവർക്ക് ബി.ജെ.പി വോട്ടുകൾ സംഘടിപ്പിച്ചുകൊടുക്കാൻ കരുണാകരൻ നടത്തിയ ഇടപെടലുകൾ, അവിടുത്തെ വിമത കോൺഗ്രസുകാർ തന്നെ അന്ന് പുറത്തുകൊണ്ടുവന്നിരുന്നു. അതുകൊണ്ട്, കോൺഗ്രസ് വിട്ടപ്പോഴും കരുണാകരൻ വർഗീയതയോട് ഒരുതരത്തിലും സന്ധി ചെയ്തിട്ടില്ല എന്ന മുരളീധരന്റെ പ്രസ്താവന ഒരു ഭാഗികസത്യം മാത്രമാണ്. അതുകൊണ്ടുതന്നെ, ബി.ജെ.പിക്കാരിയായ പദ്മജ എന്നത് ഏറക്കുറെ ഒരു സ്വഭാവികതയുടെ രാഷ്ട്രീയപരിണാമം കൂടിയാണെന്നു പറയാം.

കെ. കരുണാകരന്റെ മുൻകൈയിലാണ് ‘കോ- ലീ- ബി സഖ്യ ചർച്ചകൾ നടന്നതെന്ന് ബി.ജെ.പി നേതാവായിരുന്ന കെ.ജി. മാരാരുടെ ജീവചരിത്രത്തിൽ പറയുന്നുണ്ട്.
കെ. കരുണാകരന്റെ മുൻകൈയിലാണ് ‘കോ- ലീ- ബി സഖ്യ ചർച്ചകൾ നടന്നതെന്ന് ബി.ജെ.പി നേതാവായിരുന്ന കെ.ജി. മാരാരുടെ ജീവചരിത്രത്തിൽ പറയുന്നുണ്ട്.

എം.എൽ.എയുടെ മകളായി പിറക്കുകയും അഞ്ചാം വയസ്സിൽ ആഭ്യന്തരമന്ത്രിയുടെ മകളാകുകയും ചെയ്ത പദ്മജയെ മുഖ്യമന്ത്രിയായ പിതാവാണ് തന്റെ കുടുംബാധികാരഘടനയുടെ ഒരു കണ്ണിയാക്കുന്നത്, തൊണ്ണൂറുകളുടെ ആദ്യം. രണ്ടായിരത്തിന്റെ തുടക്കത്തിൽ കോൺഗ്രസിൽ ഗ്രൂപ്പുവഴക്ക് മൂർഛിപ്പിച്ചത് കരുണാകരന്റെ പുത്രവാത്സല്യം കൂടിയായിരുന്നു. തനിക്കും മക്കൾക്കും പാർട്ടിയിൽ 'വേണ്ടത്ര' പരിഗണന കിട്ടുന്നില്ലെന്ന തോന്നലാണ്, ഡി.ഐ.സി എന്ന പുതിയ പാർട്ടി വരെയെത്തിയ ആത്മഹത്യാപരമായ നീക്കത്തിലേക്ക് കരുണാകരനെ നയിച്ചത്. താൻ പിറന്നുവീണ പാർട്ടിയിൽനിന്ന് രാജിവച്ച്, ശൂന്യതയിൽനിന്ന് ഒരു പാർട്ടി തട്ടിക്കൂട്ടിയെടുക്കാൻ തക്കവണ്ണം പ്രബലമായിരുന്ന പുത്ര- പുത്രീ വാത്സല്യമായിരുന്നു കരുണാകരന്റെ രാഷ്ട്രീയത്തിന്റെ ഏറ്റവും പ്രധാന ഘടകം.

കരുണാകരൻ ഗ്രൂപ്പു രാഷ്ട്രീയത്തിൽ സജീവമായ കാലത്തെല്ലാം പദ്മജ തീർത്തും സുരക്ഷിതയായിരുന്നു. ഒരുപക്ഷെ, അവിടെനിന്ന് രാഷ്ട്രീയമായി ഒരടി പോലും മുന്നേറാൻ അവർക്കായില്ല. കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി അംഗവും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമൊക്കെയാണെങ്കിലും അവർക്ക് ഇപ്പോഴും ഓർക്കാനുള്ളത് അച്ഛൻ മാഹാത്മ്യം മാത്രമാണ്. ഇപ്പോൾ, ബി.ജെ.പിയിലേക്ക് പോകാനുള്ള കാരണങ്ങളിൽ ഒന്നായി പറയുന്നതും കരുണാകരന്റെ ഓർമകളെ പാർട്ടി തമസ്‌കരിക്കുന്നതാണ്. സർക്കാർ സൗജന്യമായി സ്ഥലം നൽകിയിട്ടും കെ. കരുണാകരൻ സ്മാരകം വൈകുന്നു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കം പല സംസ്ഥാന നേതാക്കളും അതിന് എതിരുനിൽക്കുന്നു, സ്മാരക നിർമാണഫണ്ടിൽനിന്ന് ഒരു നേതാവ് പണമെടുത്തു തുടങ്ങിയ കാര്യങ്ങളാണ് അവരെ ചൊടിപ്പിച്ചത്.

എന്നാൽ, കരുണാകരൻ സ്വന്തം നിലയ്ക്കുതന്നെ തൃശൂരിൽ സ്ഥാപിച്ചെടുത്ത ഒരു രാഷ്ട്രീയാസ്തിത്വത്തിന്റെ പിന്തുടർച്ചയാകാൻ പദ്ജമക്ക് കഴിഞ്ഞില്ല എന്നു മാത്രമല്ല, വെറും ഒരു മകൾ മാത്രമായി, പിതാവിന്റെ മരണശേഷവും അവർ പാർട്ടിയിൽ അവശേഷിക്കുകയായിരുന്നു. സ്വയം തെരഞ്ഞെടുത്ത ആ സ്ഥാനം തന്നെയായിരുന്നു അവരുടെ ഏറ്റവും വലിയ ശത്രു, അല്ലാതെ, സ്വന്തം പാർട്ടിയിലെ ശത്രുക്കളായിരുന്നില്ല.

താൻ ജയിക്കുമെന്ന് ഇന്റലിജൻസ് പോലും റിപ്പോർട്ട് നൽകിയ ഒരു തെരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ കഴിയുംവിധം ശക്തമായിരുന്നു, കരുണാകരന്റെ മകൾ എന്ന ആ അയോഗ്യത എന്ന് അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നുമാത്രം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണ റാലിക്കിടെ പ്രിയങ്കാ ഗാന്ധിയുടെ വാഹനത്തിൽ കയറാൻ ശ്രമിച്ച പദ്മജയെ ചില ജില്ലാ നേതാക്കൾ തടയുന്ന ദൃശ്യം ഓർക്കാം. തൃശൂർ ഡി.സി.സി പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ സത്രീക്കുനേരെ നടന്ന ഈ അപമാനപ്രവൃത്തിക്ക് പാർട്ടിയിൽനിന്ന് ലഭിച്ച കൈയടിയുടെ അർഥം അവർക്ക് തിരിച്ചറിയാനായില്ല. അവർ എത്തിച്ചേർന്നിരിക്കുന്ന പുതിയ പാർട്ടിക്കും വേണ്ടത് അരാഷ്ട്രീയയായ ഒരു പദ്മജയെയാണ്. ബി.ജെ.പിക്കാരിയായ പദ്മജക്ക് കിട്ടുന്ന കൈയടികൾക്കും ഈ അരാഷ്ട്രീയ മുഴക്കങ്ങളുണ്ട്.

Comments