ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണോ പാലക്കാട്ടെ കോൺഗ്രസ് കലാപം?

കേരളത്തിൽ മൂന്ന് മുന്നണികളും തമ്മിൽ ത്രികോണ മത്സരം നടക്കുന്ന പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. സ്ഥാനാർഥിയെ ആദ്യം പ്രഖ്യാപിച്ചത് കോൺഗ്രസാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പാർട്ടിക്കുള്ളിൽ അടിതുടങ്ങിയെങ്കിലും ഷാഫിയുടെ പിൻഗാമിയായി രാഹുൽ എം.എൽ.എയാവുമെന്ന പ്രതീക്ഷ യു.ഡി.എഫ് ക്യാമ്പിനുണ്ട്. ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമായി മാറുമോ പാർട്ടിക്കുള്ളിൽ നിന്നുയർന്ന വിമതസ്വരം? 2006-ന് ശേഷം പിന്നീടിങ്ങോട്ട് മണ്ഡലത്തിൽ സ്വാധീനം കുറഞ്ഞ ഇടതുമുന്നണിക്ക് ഇക്കുറി രണ്ടാം സ്ഥാനമെങ്കിലും തിരിച്ച് പിടിക്കേണ്ടതുണ്ട്. കഴിഞ്ഞ രണ്ട് തവണയും രണ്ടാം സ്ഥാനത്തെത്തിയ ബി.ജെ.പി പ്രധാനമായും നോട്ടമിടുന്നത് പാലക്കാട് നഗരസഭയിലെ വോട്ട് ബാങ്കിലാണ്.

Election Desk

തുടർച്ചയായി മൂന്ന് തവണ കോൺഗ്രസിലെ (Congress) ഒരു യുവനേതാവ് മത്സരിച്ച് ജയിച്ച നിയമസഭാ മണ്ഡലം. കേരളത്തിൽ യു.ഡി.എഫും എൻ.ഡി.എയും ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തുമായി നേർക്കുനേർ മത്സരിക്കുന്ന ചുരുക്കം ചില മണ്ഡലങ്ങളിലൊന്ന്. ഏറെക്കാലമായി ബി.ജെ.പി ലക്ഷ്യമിടുന്ന മണ്ഡലം. തുടർച്ചയായി രണ്ട് തവണയായി സി.പി.ഐ.എം മൂന്നാം സ്ഥാനത്തെത്തിയ മണ്ഡലം. കോൺഗ്രസിന് വ്യക്തമായ ആധിപത്യമുള്ള, ബി.ജെ.പിക്ക് കൃത്യമായി വോട്ട് ബാങ്കുള്ള, സി.പി.ഐ.എമ്മിന് ചില പോക്കറ്റുകളിൽ മാത്രം വോട്ടുള്ള ഒരു നിയമസഭാ മണ്ഡലം. പാലക്കാട് നിയമസഭാ മണ്ഡലത്തിന് ഇങ്ങനെ ചില പ്രത്യേകതകളുണ്ട്. നവംബർ 13ന് പാലക്കാട് ഉപതെരഞ്ഞെടുപ്പ് (Palakkad By Election) നടക്കുമ്പോൾ മൂന്ന് മുന്നണികളും ഒരുപോലെ തയ്യാറെടുപ്പിലാണ്. തുടർച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് യു.ഡി.എഫ് (UDF) മത്സരിക്കുന്നത്. 2006ന് ശേഷം മണ്ഡലം തിരിച്ചുപിടിക്കാൻ സി.പി.ഐ.എമ്മും (CPIM) നേമത്തിന് ശേഷം ആദ്യവിജയമെന്ന ലക്ഷ്യത്തോടെ ബി.ജെ.പിയും (BJP) ഇറങ്ങുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻെറ പ്രഖ്യാപനം വന്നതിന് പിന്നാലെ കേരളത്തിൽ ഉപതെരഞ്ഞെടുപ്പ് ചൂട് ശക്തമായ മണ്ഡലവും പാലക്കാടാണ്.

പാലക്കാട് നഗരസഭ, കണ്ണാടി, പിരായിരി, മാത്തൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പാലക്കാട് നിയമസഭാ മണ്ഡലം. പാലക്കാട് നഗരസഭ കഴിഞ്ഞ രണ്ട് ടേമിലായി ഭരിക്കുന്നത് ബി.ജെ.പിയാണ്. ആകെയുള്ള 52 കൗൺസിലർമാരിൽ 28ലും കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ചത് എൻ.ഡി.എയിൽ നിന്നാണ്. യു.ഡി.എഫിന് 12 കൗൺസിലർമാരും എൽ.ഡി.എഫിന് 6 കൗൺസിലർമാരുമാണ് പാലക്കാടുള്ളത്. നഗരസഭാ പരിധിയിൽ ബി.ജെ.പിക്ക് വ്യക്തമായ മേൽക്കൈ ഉണ്ടെന്ന് വ്യക്തമാണ്. പിരായിരി, മാത്തൂർ പഞ്ചായത്തുകൾ യു.ഡി.എഫും കണ്ണാടി എൽ.ഡി.എഫുമാണ് ഭരിക്കുന്നത്. പിരായിരി, മാത്തൂർ പഞ്ചായത്തുകളിൽ നിന്നും പാലക്കാട് നഗരസഭയിൽ നിന്നും പരമാവധി വോട്ട് പിടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

ഷാഫി പറമ്പിൽ തുടർച്ചയായി മൂന്ന് തവണ മത്സരിച്ച് ജയിച്ച മണ്ഡലമാണ് പാലക്കാട്‌
ഷാഫി പറമ്പിൽ തുടർച്ചയായി മൂന്ന് തവണ മത്സരിച്ച് ജയിച്ച മണ്ഡലമാണ് പാലക്കാട്‌

നിയമസഭാ മണ്ഡലം ഉണ്ടായ കാലം മുതൽക്ക് തന്നെ കോൺഗ്രസിന് ഇവിടെ വ്യക്തമായ മേൽക്കൈ ഉണ്ട്. 1952-ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച കെ.രാമകൃഷ്ണനായിരുന്നു ഇവിടുത്തെ ആദ്യത്തെ എംഎൽഎ. കേരള സംസ്ഥാനം രൂപീകരിച്ച ശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ആർ രാഘവമേനോനാണ് ഇവിടെ നിന്ന് വിജയിച്ചത്. മുൻ മന്ത്രിമാരായ സി.എം സുന്ദരം, മുൻ മന്ത്രി കെ.ശങ്കരനാരായണൻ എന്നിവരും ഇവിടെനിന്ന് വിജയിച്ച കോൺഗ്രസ് നേതാക്കളാണ്. 2011, 2016, 2021 തെരഞ്ഞെടുപ്പുകളിൽ ഇവിടെ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയത് ഷാഫി പറമ്പിലാണ്. 1967-ൽ ആർ.കൃഷ്ണനിലൂടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇവിടെ നിന്ന് ആദ്യമായി എം.എൽ.എ ഉണ്ടാവുന്നത്. 1996 മുതൽ 2001 വരെ സിപിഐഎമ്മിൻെറ ടി.കെ.നൗഷാദ് പാലക്കാടിൻെറ എം.എൽ.എ ആയിരുന്നു. 2006-ൽ വിജയിച്ച കെ.കെ.ദിവാകരനാണ് പാലക്കാട്ടെ അവസാനത്തെ സിപിഐഎം എം.എൽ.എ. നിലവിൽ കോൺഗ്രസിനോട് ഇടഞ്ഞുനിൽക്കുന്ന മുൻ ഡി.സി.സി പ്രസിഡൻറ് കൂടിയായ എ.വി ഗോപിനാഥായിരുന്നു അന്ന് പ്രധാന എതിരാളി. 2011-ൽ ഷാഫി പറമ്പിൽ സ്ഥാനാർഥിയായി എത്തിയതിന് ശേഷം ഇവിടെ പിന്നീട് കോൺഗ്രസിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തുടർച്ചയായി മൂന്ന് തവണ പാലക്കാട് ഷാഫി ജയിച്ചു.

കന്നി പോരാട്ടത്തിൽ മുതിർന്ന സിപിഐഎം നേതാവും എം.എൽ.എയുമായിരുന്ന കെ.കെ.ദിവാകരനെ തോൽപ്പിച്ചാണ് ഷാഫി ജയിച്ച് കയറിയത്. 2011-ന് ശേഷം ഇവിടെ നടന്ന തെരഞ്ഞെടുപ്പുകൾ വളരെ നിർണായകമായിരുന്നു. കേരളത്തിൽ ബി.ജെ.പി ഏറെക്കാലമായി നോട്ടമിട്ടിട്ടുള്ള മണ്ഡലങ്ങളിലൊന്നാണ് പാലക്കാട് എന്നത് ഇവിടെ ത്രികോണ മത്സരത്തിൻെറ സാധ്യത വർധിപ്പിക്കുന്നു. 1980-കൾ മുതൽ തന്നെ ബി.ജെ.പിക്ക് ഇവിടെ 10 ശതമാനത്തിലധികം വോട്ടുണ്ട്. ഒ.രാജഗോപാൽ, ശോഭ സുരേന്ദ്രൻ തുടങ്ങീ പാർട്ടിയുടെ പ്രധാന നേതാക്കളെ ഇറക്കി പരീക്ഷിച്ച മണ്ഡലത്തിൽ കഴിഞ്ഞ തവണ ബി.ജെ.പി ഇന്ത്യയുടെ മെട്രോമാൻ എന്നറിയപ്പെടുന്ന ഇ.ശ്രീധരനെയാണ് രംഗത്തിറക്കിയത്. 2011 വരെ മണ്ഡലത്തിൽ കോൺഗ്രസും സി.പി.ഐ.എമ്മും തമ്മിൽ നേർക്കുനേർ മത്സരമായിരുന്നുവെങ്കിൽ 2016ലെ തെരഞ്ഞെടുപ്പോടെ ചിത്രം മാറി. 2006-ൽ ഒ.രാജഗോപാൽ മത്സരിച്ചപ്പോൾ ബി.ജെ.പിക്ക് 24.85 ശതമാനം വോട്ടുണ്ടായിരുന്ന മണ്ഡലത്തിൽ 2016-ലെത്തിയപ്പോൾ അത് 29.08 ശതമാനമായി ഉയർന്നു. ശോഭ സുരേന്ദ്രൻ ഷാഫി പറമ്പിലിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ മുൻ പാലക്കാട് എം.പിയും പാർട്ടിയുടെ പാലക്കാടെ മുതിർന്ന നേതാവുമായ എൻ.എൻ.കൃഷ്ണദാസ് മൂന്നാം സ്ഥാനത്തായി. യുഡിഎഫിന് 41.77 ശതമാനം വോട്ട് ലഭിച്ച തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് 28.07 ശതമാനം വോട്ടാണ് ലഭിച്ചത്.

2006-ൽ വിജയിച്ച കെ.കെ.ദിവാകരനാണ് പാലക്കാട്ടെ അവസാനത്തെ സിപിഐഎം എം.എൽ.എ.
2006-ൽ വിജയിച്ച കെ.കെ.ദിവാകരനാണ് പാലക്കാട്ടെ അവസാനത്തെ സിപിഐഎം എം.എൽ.എ.

2021-ൽ കേരളത്തിൽ ബി.ജെ.പി വീണ്ടും വട്ടപ്പൂജ്യമായ നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരമാണ് ഇവിടെ ഷാഫി പറമ്പിലും ഇ.ശ്രീധരനും തമ്മിൽ നടന്നത്. വലിയ വോട്ട് ബാങ്കുള്ള മണ്ഡലത്തിൽ പൊതുസമ്മതനായ ഒരു സ്ഥാനാർഥിയെ നിർത്തി വിജയം നേടുകയെന്നതായിരുന്നു ബി.ജെ.പി. ലക്ഷ്യമിട്ടത്. വോട്ടെണ്ണലിൻെറ ചില ഘട്ടങ്ങളിൽ ഇ.ശ്രീധരൻ ഷാഫിക്ക് മുന്നിലായിരുന്നു. എന്നാൽ അവസാനം ഫലം വന്നപ്പോൾ 3859 വോട്ടുകൾക്ക് ഷാഫി വിജയിച്ചു. തൊട്ടുമുമ്പത്തെ തെരഞ്ഞെടുപ്പിൽ 2016-ൽ 17483 വോട്ടുകൾക്ക് വിജയിച്ച മണ്ഡലത്തിലാണ് യുഡിഎഫിൻെറ ഭൂരിപക്ഷം വല്ലാതെ കുറഞ്ഞത്. 2021-ൽ നടന്ന തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 142104 വോട്ടിൽ 54,079 വോട്ട് നേടിയാണ് ഷാഫി പറമ്പിൽ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ ഇ.ശ്രീധരൻ 50,220 വോട്ടും മൂന്നാം സ്ഥാനത്തെത്തിയ സിപിഐഎമ്മിൻെറ സി.പി പ്രമോദ് 36,433 വോട്ടുകളുമാണ് നേടിയത്. യുഡിഎഫിന് 38.06 ശതമാനം വോട്ടും ബി.ജെ.പിക്ക് 35.34 ശതമാനം വോട്ടും ലഭിച്ചപ്പോൾ ഇടതുമുന്നണിക്ക് ലഭിച്ചത് 25.64 ശതമാനം വോട്ടാണ്. 2016ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ബി.ജെ.പിക്ക് 6.26 ശതമാനം വോട്ട് കൂടിയപ്പോൾ യു.ഡി,എഫിന് 3.71 ശതമാനവും എൽ.ഡി.എഫിന് 2.43 ശതമാനവും വോട്ട് കുറഞ്ഞു. ഭൂരിപക്ഷം ഏകദേശം 12 ശതമാനമാണ് ഇടിഞ്ഞത്.

ഷാഫി പറമ്പിൽ വടകര ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച് എം.പി ആയതോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വരുന്നത്. പാലക്കാട് ഇതിനോടകം തന്നെ സ്ഥാനാർഥികളെക്കുറിച്ചുള്ള ഏകദേശ സൂചനകൾ പുറത്തുവന്ന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് യു.ഡി.എഫാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറായിരുന്ന ഷാഫി പറമ്പിൽ എം.എൽ.എ ആയിടത്ത് രാഹുൽ മാങ്കൂട്ടത്തിലിനെയാണ് കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. മണ്ഡലത്തിൽ നേരത്തെ മുതൽ തന്നെ പറഞ്ഞുകേട്ടിരുന്ന പേര് രാഹുലിൻെറയാണ്. യൂത്ത് കോൺഗ്രസിൽ ഷാഫിയുടെ പിൻഗാമിയായി അധ്യക്ഷനായ രാഹുൽ, ഷാഫിയുടെ നോമിനിയാണെന്ന് പാർട്ടിയിലെ ഒരുവിഭാഗം തുടക്കത്തിൽ തന്നെ വിമർശനം ഉന്നയിച്ചിരുന്നു. സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിന്ന് പരസ്യമായ പ്രതികരണവും വന്ന് കഴിഞ്ഞു. കോൺഗ്രസിൻെറ ഡിജിറ്റൽ മീഡിയ കൺവീനറും 2021-ലെ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയുമായിരുന്ന ഡോ.പി.സരിനാണ് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമതസ്വരം ഉയർത്തിയിരിക്കുന്നത്.

ഇ.ശ്രീധരൻ
ഇ.ശ്രീധരൻ

കേരളത്തിൽ ബി.ജെ.പിക്ക് ഏറ്റവും സാധ്യതയുള്ള ഒരു നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിയോജിപ്പ് ഉയരുന്നത് യു.ഡി.എഫ് മുന്നണിക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്നുറപ്പാണ്. പാലക്കാടിന് പുറത്ത് നിന്നൊരാളെ മണ്ഡലത്തിലെ സ്ഥാനാർഥിയായി അവതരിപ്പിക്കുന്നതിലാണ് പാർട്ടിക്കുള്ളിൽ കലാപം ആരംഭിച്ചിരിക്കുന്നത്. താരതമ്യേന കേരളത്തിൽ കോൺഗ്രസിൻെറ സംഘടനാ സംവിധാനം ശക്തമായിട്ടുള്ള മണ്ഡലമാണ് പാലക്കാട്. ജില്ലയിൽ തന്നെ മത്സരിക്കാൻ യോഗ്യരായ യുവനേതാക്കൾ ഉണ്ടായിരിക്കെ പിന്നെന്തിനാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ടയിൽ നിന്ന് കൊണ്ടുവരുന്നതെന്നാണ് ചോദ്യം. ഇപ്പോൾ വിമതസ്വരം ഉയർത്തിയിരിക്കുന്ന പി.സരിന് പുറമെ മുൻ തൃത്താല എം.എൽ.എ വി.ടി ബൽറാമിനെയും പരിഗണിക്കാമായിരുന്നുവെന്ന വിലയിരുത്തലുണ്ട്. ജില്ലയിൽ സ്വാധീനമുള്ള നേതാവായ ബൽറാമിന് യുവാക്കളുടെയും വലിയ പിന്തുണയുണ്ട്. പാലക്കാട് നിന്ന് നേരത്തെ വിജയിച്ചിട്ടുള്ള കോൺഗ്രസ് സ്ഥാനാർഥികളായ സി.എം സുന്ദരവും ശങ്കരനാരായണനും ഷാഫി പറമ്പിലുമെല്ലാം ജില്ലയിൽ നിന്നുതന്നെയുള്ളവരാണ്. ഡി.സി.സി പ്രസിഡൻറ് എ.തങ്കപ്പൻെറ പേരും ഒരു ഘട്ടത്തിൽ പരിഗണിച്ചുവെന്നാണ് വിവരം. വടകര വിട്ട് തൃശൂർ മത്സരിച്ച് പരാജയപ്പെട്ട മുൻ എം.പി. കെ.മുരളീധരനെ പാലക്കാട് നിർത്തുകയെന്ന ഒരു ഫോർമുലയും ഉയർന്നുകേട്ടിരുന്നു. അവിടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ നിർത്തി കോൺഗ്രസ് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്നത്. നിലവിൽ യൂത്ത് കോൺഗ്രസിൻെറ സംസ്ഥാന പ്രസിഡൻറായ രാഹുൽ എന്തിനാണ് എം.എൽ.എ പദവിയിലേക്ക് വരുന്നതെന്നാണ് സരിൻ ഉയർത്തുന്ന ചോദ്യം. രാഹുലിൻെറ സ്ഥാനാർഥിത്വം പാലക്കാട്ടെ പാർട്ടി പ്രവർത്തകർക്ക് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ലെന്നും സരിൻ പറഞ്ഞു. കോൺഗ്രസിനുള്ളിൽ നിന്നുള്ള വിമതസ്വരം ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫും ബി.ജെ.പിയും.

രാഹുല്‍ മങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം
രാഹുല്‍ മങ്കൂട്ടത്തിലിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനുശേഷം

ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം ഒന്നും നഷ്ടപ്പെടാനില്ലാത്ത മണ്ഡലമാണ് പാലക്കാട്. രണ്ട് ദശകങ്ങളായി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുന്നണി പിന്നോട്ടാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറും പാർട്ടി ജില്ലാകമ്മിറ്റി അംഗവുമായ കെ.ബിനുമോളുടെ പേരാണ് ഇപ്പോൾ ഉയർന്നുകേൾക്കുന്നത്. മണ്ഡലത്തിൽ ബി.ജെ.പി ഇതുവരെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുൻ പാലക്കാട് നഗരസഭാ ഉപാധ്യക്ഷനും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സി.കൃഷ്ണകുമാറിനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ജില്ലയിൽ നിന്നുള്ള നേതാവാണെന്നതാണ് കൃഷ്ണകുമാറിൻെറ സാധ്യത വർധിപ്പിക്കുന്നത്. മലമ്പുഴയിൽ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയിട്ടുമുണ്ടായിരുന്നു കൃഷ്ണകുമാർ. നേരത്തെ മത്സരിച്ചിട്ടുള്ള ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യവും ഉയർന്ന് കേട്ടിരുന്നുവെങ്കിലും പാർട്ടി സംസ്ഥാന നേതൃത്വത്തിന് ഇതിനോട് വലിയ യോജിപ്പില്ല. ഇരുവരെയും കൂടാതെ ബി.ജെ.പി സ്ഥാനാർഥിയാവാൻ സാധ്യതയുള്ളതായി ഉയർന്നുകേട്ടിട്ടുള്ള മറ്റരു പേര് സന്ദീപ് വാര്യരുടേതാണ്. ജില്ലയിൽ നിന്ന് തന്നെയുള്ള നേതാവാണ് സന്ദീപ്.

Comments