ഇടതുപക്ഷത്തിന് വലിയ വേരോട്ടമുള്ള ലോക്സഭാ മണ്ഡലമായിരുന്നു ഒരു കാലത്ത് പാലക്കാട്. കോൺഗ്രസിന് ബാലികേറാമലയും. 1957-ലും 1962-ലും പി. കുഞ്ഞൻ, 67-ൽ ഇ.കെ. നായനാർ, 71-ൽ എ.കെ. ഗോപാലൻ, 89- ൽ എ. വിജയരാഘവൻ, 96-ലും 98-ലും 99-ലും എൻ.എൻ. കൃഷ്ണദാസ്, 2009-ലും 2014-ലും എം.ബി. രാജേഷ് തുടങ്ങി പാലക്കാട്ടുനിന്ന് ജയിച്ച് ലോക്സഭയിലെത്തിയത് ഇടതുപക്ഷത്തെ പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ്. എന്നും ഇടതുകക്ഷികളെ തിരഞ്ഞെടുത്ത് ഡൽഹിക്കയച്ചിരുന്ന പാലക്കാട് മണ്ഡലം 5 തവണ മാത്രമേ കോൺഗ്രസിന് അവസരം കൊടുത്തിട്ടുള്ളൂ.
ആദ്യ തവണ, 1957-ൽ വെള്ള ഈച്ചരൻ എന്ന വി. ഈച്ചരൻ, 77-ൽ എ. സുന്നാസാഹിബ്, 80-ലും 84-ലും 91-ലും വി.എസ്. വിജയരാഘവൻ എന്നിവരാണ് പാലക്കാട് മണ്ഡലത്തിൽ നിന്ന് ലോക്സഭയിലെത്തിയ കോൺഗ്രസുകാർ. എന്നാൽ 91-നുശേഷം 2018 വരെ പാലക്കാട്ടുനിന്ന് മത്സരിച്ച ഒറ്റ കോൺഗ്രസ് സ്ഥാനാർത്ഥിയും ലോക്സഭയിൽ എത്തിയിട്ടില്ല.
ആ ചരിത്രത്തിന് അന്ത്യമായത് 2019-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ബാനറിൽ മത്സരിച്ച വി.കെ ശ്രീകണ്ഠനാണ്. 2019 കേരളത്തിൽ ആഞ്ഞുവീശിയ യു.ഡി.എഫ് തരംഗമാണ് ശ്രീകണ്ഠന് ഗുണം ചെയ്തത്. അഞ്ച് വർഷങ്ങൾക്കിപ്പുറം വീണ്ടും തിരഞ്ഞെടുപ്പ് എത്തുമ്പോൾ പാലക്കാടൻ ചൂട് പോലെ അവിടുത്തെ രാഷ്ട്രീയവും തിരഞ്ഞെടുപ്പ് തിളച്ചുമറിയുമെന്ന് ഉറപ്പ്. നഷ്ടപ്പെട്ട പ്രതാപം പിടിച്ചെടുക്കാൻ സി പി എമ്മും വർഷങ്ങൾക്കുശേഷം കോൺഗ്രസിന് വേണ്ടി താൻ നേടിയെടുത്ത സീറ്റ് നിലനിർത്താൻ വി.കെ ശ്രീകണ്ഠനും തമ്മിൽ നടത്തുന്ന വലിയ പോരാട്ടമായിരിക്കും അത്.
കഴിഞ്ഞ തവണ വി.കെ. ശ്രീകണ്ഠൻ നേടിയത് 3,99,274 വോട്ടുകളായിരുന്നെങ്കിൽ സി പി എമ്മിന്റെ എം.ബി. രാജേഷ് നേടിയത് 3,87,637 വോട്ടുകളായിരുന്നു, 11637 വോട്ടിന്റെ ഭൂരിപക്ഷം. അതായത് 10,19,337 പേർ വോട്ട് ചെയ്തതിൽ 39.17 ശതമാനം വോട്ടും വി.കെ. ശ്രീകണ്ഠനായിരുന്നു. 2,18,556 വോട്ടുകളുമായി മൂന്നാമതായി ബി ജെ പിയും കഴിഞ്ഞ തവണ ചിത്രത്തിലുണ്ടായിരുന്നു.
പാലക്കാട് ലോകസഭാ മണ്ഡലത്തിലുൾപ്പെടുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ മൂന്നെണ്ണത്തിലേ വി.കെ ശ്രീകണ്ഠന് എം.ബി രാജേഷിനെക്കാൾ വോട്ട് ഉണ്ടായിരുന്നുള്ളൂ- പട്ടാമ്പി, മണ്ണാർക്കാട്, പാലക്കാട്. ഷൊർണൂർ, ഒറ്റപ്പാലം, കൊങ്ങാട്, മലമ്പുഴ എന്നിവിടങ്ങളിൽ വോട്ടെണ്ണത്തിൽ മുന്നിൽ രാജേഷായിരുന്നു. എന്നിട്ടും വോട്ടിന്റെ മൊത്തം കണക്ക് ശ്രീകണ്ഠന് അനുകൂലമായി. 2014-ലെ 4,12,897 എന്ന എം.ബി രാജേഷിന്റെ വലിയ വോട്ടെണ്ണമായിരുന്നു 2019 ആയപ്പോഴേക്കും 3,87,637 ആയി ചുരുങ്ങിയത്.
വർഷങ്ങളായി ഇടത്പക്ഷത്തോടു ചേർന്ന് നിന്നിരുന്ന പാലക്കാട്ടെ നിയമസഭാ മണ്ഡലങ്ങളിൽ, ഏഴിൽ രണ്ടെണ്ണത്തിൽ മാത്രം പ്രാതിനിധ്യമുണ്ടായിരുന്ന കോൺഗ്രസ് 2019-ൽ നേടിയ ജയത്തെ അട്ടിമറി എന്ന് മാത്രമേ പറയാൻ കഴിയുമായിരുന്നുള്ളൂ. വി.കെ. ശ്രീകണ്ഠനിൽ നിന്ന് ഇത്തവണ പാലക്കാട് എൽ ഡി എഫ് പിടിച്ചെടുക്കുമോ എന്നാണ് അറിയേണ്ടത്.
വി.കെ ശ്രീകണ്ഠൻ തന്നെയാണ് ഇത്തവണയും കോൺഗ്രസ് സ്ഥാനാർഥി. 89-ൽ പാലക്കാട്ടുനിന്ന് മത്സരിച്ച് ജയിച്ച എ. വിജയരാഘവനാണ് എൽ.ഡി.എഫിനെ പ്രതിനിധീകരിക്കുന്നത്.
13,23,010 വോട്ടർമാരാണ് പാലക്കാട് മണ്ഡലത്തിലുള്ളത്. ഇതിൽ കഴിഞ്ഞ തവണ 10,19,337 പേർ വോട്ട് ചെയ്തു, 77.77 ശതമാനം. 2011 ലെ സെൻസസ് അനുസരിച്ച് പാലക്കാട് മണ്ഡലത്തിൽ 12.5 ശതമാനം എസ്.സി. വോട്ടർമാരും, 2.1 ശതമാനം എസ്ടി വോട്ടർമാരുമാണ്. മുസ്‍ലിം വോട്ടർമാർ 29.6 ശതമാനം. ക്രിസ്ത്യൻ വോട്ടർമാർ 3.6 ശതമാനവും ഹിന്ദു വോട്ടർമാർ 66.8 ശതമാനവുമുണ്ട് എന്നാണ് കണക്ക്.
ഇത്തവണ പാലക്കാട് മണ്ഡലത്തിലെ രാഷ്ട്രീയ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ വേനൽചൂടിനേക്കാൾ കനക്കും പാലക്കാട്ടെ തിരഞ്ഞെടുപ്പ് ചൂട്.