വയലൻസിന്റെ സ്വന്തം നാട്ടിൽ പൊലീസിന് എന്താണ് പണി?

കേരളീയ സാമൂഹിക ജീവിതത്തെ അങ്ങേയറ്റം പരിഭ്രാന്തിയിലേക്ക് നയിക്കുന്ന തരത്തിൽ ഭീകരമായ കൊലപാതകങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഡിസംബർ മാസത്തിൽ ആലപ്പുഴയിൽ നടന്ന ഷാൻ - രഞ്ജിത്ത് കൊലപാതകങ്ങൾക്ക് സമാനമായ രീതിയിൽ പാലക്കാട് ജില്ലയിലും ഇപ്പോൾ ആർ.എസ്.എസും എസ്.ഡി.പി.ഐയും കൊലക്കത്തി കയ്യിലെടുത്തിരിക്കുന്നു. എസ്.ഡി.പി.ഐ പ്രവർത്തകനായ സുബൈർ കൊല്ലപ്പെട്ട് ഇരുപത്തിനാല് മണിക്കൂർ തികയും മുമ്പെ ശ്രീനിവാസൻ എന്ന ആർ.എസ്.എസ് പ്രവർത്തകനും കൊലപ്പെട്ടു. ഇരുകൊലപാതകങ്ങളും നടന്നത് പട്ടാപ്പകൽ, ആൾക്കൂട്ടത്തിന് നടുവിൽ. ക്രിമിനൽ രാഷ്ട്രീയത്തിന്റെ ആയുധമൂർച്ചയ്ക്ക് മുന്നിൽ കേരളം പകച്ചുനിൽക്കുകയാണ്.

സംഘടിതവും ആസൂത്രിതവുമായി നടക്കുന്ന ഈ തുടർകൊലപാതകങ്ങളെ ഫലപ്രദമായി തടയാൻ എന്തുകൊണ്ട് കേരളത്തിലെ പൊലീസ് സംവിധാനങ്ങൾക്ക് സാധിക്കുന്നില്ല എന്ന ചോദ്യം തന്നെയാണ് ഇവിടെ പ്രാഥമികമായി ഉയരേണ്ടത്. ഏതെങ്കിലും ഒന്നോ രണ്ടോ ജില്ലയിൽ ഒതുങ്ങുന്നതല്ല സമീപകാല കേരളത്തിലരങ്ങേറിയ കഠാര രാഷ്ട്രീയത്തിന്റെ വ്യാപ്തി. പല രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായ ധാരാളം പ്രവർത്തകരാണ് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ കേരളത്തിൽ കൊല്ലപ്പെട്ടത്. കേരളത്തിൽ ഭരണകക്ഷിയായ സി.പി.എമ്മിനും അവരുടെ അനേകം പ്രവർത്തകരെ നഷ്ടപ്പെട്ട വർഷങ്ങളാണ് പിന്നിട്ടത്.

വർഷം തോറും നടക്കുന്ന മൊത്തം കൊലപാതകങ്ങളുടെ എണ്ണത്തിൽ രാജ്യത്ത് പത്തൊമ്പതാം സ്ഥാനത്ത് മാത്രമാണ് കേരളം ഉള്ളതെങ്കിലും രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിൽ ഇതല്ല സ്ഥിതി.
രാഷ്ട്രീയ കൊലപാതകങ്ങളിൽ കേരളത്തിന്റെ റാങ്ക് മൂന്നാം സ്ഥാനമാണ്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഉത്തർ പ്രദേശും ബീഹാറും കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നത് കേരളത്തിലാണ്.

കണ്ണൂർ കൊലപാതക പരമ്പരകളാണ് മുൻകാലങ്ങളിൽ കേരള രാഷ്ട്രീയത്തിന്റെ ഹിംസാത്മക മുഖമായി നിലകൊണ്ടിരുന്നത്. അന്നും കൊലപാതക പരമ്പരകളുടെ ഒരു ഭാഗത്ത് സംഘപരിവർ തന്നെയായിരുന്നു. ഹിംസയുടെ രാഷ്ട്രീയം കേരളത്തിൽ വേരൂന്നിക്കിട്ടാൻ കിണഞ്ഞുശ്രമിക്കുന്ന ശക്തികൾക്ക് ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ സന്തോഷം പകരുമെന്നതിൽ സംശയമില്ല. ജനങ്ങളുടെ സാമൂഹിക ജീവിത നിലവാരവുമായി ബന്ധപ്പെട്ട് വിവിധ സൂചികകൾ പ്രകാരം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ മുന്നിൽ നിൽക്കുന്ന, താരതമ്യേന സുരക്ഷിതമായ, കേരളീയ പൊതുജീവിതത്തെ, കലാപമുഖരിതമാക്കി മാറ്റാനുള്ള കുതന്ത്രങ്ങളുടെ ഉത്ഭവത്തെ യഥാക്രമം തിരിച്ചറിഞ്ഞ് അവയെ പ്രതിരോധിക്കേണ്ടത് ജനാധിപത്യ ശക്തികളുടെ ബാധ്യതയാണ്.

രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിൽ മാത്രമല്ല ഈ സ്ഥിതി. ഗുണ്ടാ സംഘങ്ങളുടെയും അധോലോക ക്വട്ടേഷൻ ടീമുകളുടെയും ലഹരിമാഫിയയുടെയും വിഹാരഭൂമിയായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്. ജില്ലാ കേന്ദ്രങ്ങളിലെ പൊലീസ് ആസ്ഥാനങ്ങളുടെ മൂക്കിൻ തുമ്പിലാണ് അതിഭീകരമാംവിധം ഗുണ്ടാവിളയാട്ടങ്ങൾ ആവർത്തിക്കപ്പെടുന്നത്.

സ്വന്തമായി വലിയ ഇന്റലിജൻസ് സംവിധാനങ്ങളുള്ള, ആധുനിക സജ്ജീകരണങ്ങളും അക്രമ പ്രതിരോധ സംവിധാനങ്ങളുമെല്ലാമുള്ള കേരള പോലീസിന് കൊലപാതകികളെയും ഗുണ്ടകളെയും മാത്രം നിയന്ത്രിക്കാൻ സാധിക്കുന്നില്ല എന്നതിൽ സംശയകരമായ ദുരൂഹതകൾ നിലനിൽക്കുന്നുണ്ട്.

താരമ്യേന പൊതുജനങ്ങൾക്ക് വലിയ ഉപദ്രവമൊന്നും ഉണ്ടാക്കാത്ത തരത്തിൽ കേരളത്തിലെ വനമേഖലയിൽ പ്രവർത്തിക്കുന്ന മാവോയിസ്റ്റുകളെ നിയന്ത്രിക്കാനായി വർഷം തോറും കേരളത്തിൽ കോടികൾ ചെലവഴിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ എട്ടോളം മാവോയിസ്റ്റുകൾ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെടുകയും ചെയ്തു. ഇതേ കേരളത്തിൽ ജനങ്ങളുടെ സ്വൈര്യ ജീവിതത്തെ തകർത്ത്, സംസ്ഥാനത്തെ ക്രമസമാധാനം മുഴുവൻ ഇല്ലാതാക്കുന്ന ക്രിമിനൽ സംഘങ്ങളെ പൊലീസിന് ചെറുക്കാൻ സാധിക്കുന്നുമില്ല.

ആലപ്പുഴ കൊലപാതങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കുന്നതിനായി ആവിഷ്‌കരിക്കപ്പെട്ട ഓപ്പറേഷൻ കാവൽ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഗുണ്ടകളുടെ ലിസ്റ്റ് ആഭ്യന്തരവകുപ്പ് തയ്യാറാക്കിയപ്പോൾ അതിലുണ്ടായിരുന്നത്, സാമൂഹ്യ പ്രവർത്തകരും മാധ്യമപ്രവർത്തകരുമെല്ലാമായിരുന്നു. അപ്പോഴും യഥാർത്ഥ ക്രിമിനൽ സംഘം പുറത്ത് അവരുടെ സ്വൈര്യ വിഹാരങ്ങളിൽ തന്നെയായിരുന്നു. ക്രിമിനൽ വിളയാട്ടങ്ങളെ തടയുന്നതിൽ പൊലീസ് കാണിക്കുന്ന അലംഭാവത്തെക്കുറിച്ച് കൂടുതൽ സംശയങ്ങളാണ് ഇവിടെ ഉയരുന്നത്. കേരളം ഒരു കലാപ ഭൂമിയായി മാറേണ്ടത് ആരുടെ താത്പര്യമാണ് എന്ന് ഇവിടെ ഒന്ന് കൂടി ചോദിക്കേണ്ടി വരും.

Comments