സംസ്ഥാനത്തെ കോൺഗ്രസിലെ ഷുവർ സീറ്റുകളിലൊന്നായി പറവൂരിനെ മാറ്റിയത്, തുടർച്ചയായി നാലുതവണ വിജയിക്കുന്ന വി.ഡി. സതീശനാണെന്ന് പാർട്ടിയിലെ ശത്രുക്കൾ പോലും സമ്മതിക്കും. അത്ര ജനകീയനാണ് മണ്ഡലത്തിൽ എം.എൽ.എ. മണ്ഡലത്തിൽ മാത്രമല്ല, സംസ്ഥാനത്തുതന്നെ, യു.ഡി.എഫിന്റെ മുഖങ്ങളിലൊന്നാണ്, അടുത്ത തവണ യു.ഡി.എഫ് ജയിച്ചാൽ ധനകാര്യമന്ത്രി സ്ഥാനം തന്നെ കിട്ടുമെന്ന പലരും പറഞ്ഞു പ്രചരിപ്പിക്കുന്ന സതീശൻ.
നിയമസഭയിലും പുറത്തും എൽ.ഡി.എഫിനെതിരെ കടുത്ത വാദപ്രതിവാദങ്ങൾ നടത്താൻ കഴിവുള്ളയാൾ. നിയമസഭയിൽ പല സന്ദർഭങ്ങളിലും യു.ഡി.എഫിന്റെ വാദമുഖങ്ങളെ യുക്തിഭദ്രമായി സമർഥിച്ചത് സതീശനാണ്. മണ്ഡലത്തിലും ജനകീയനാണ്. ഇതെല്ലാം പരിഗണിച്ചാണ് സി.പി.എം ഇത്തവണ സതീശനുവേണ്ടി ഒരു പ്രത്യേക പ്ലാൻ തന്നെ തയാറാക്കിയത്. അതായത്, തുടർച്ചയായി സി.പി.ഐ തോറ്റുകൊണ്ടിരിക്കുന്ന പറവൂർ ഏറ്റെടുത്ത് സി.പി.ഐക്ക് എറണാകുളം ജില്ലയിലെ ഒരു സുരക്ഷിത മണ്ഡലം കൊടുക്കുക. നല്ലൊരു സ്ഥാനാർഥിയെ നിർത്തി സതീശനെ സഭ കാണിക്കാതിരിക്കുക. എന്നാൽ, ഈ പ്രലോഭനം സി.പി.ഐക്ക് സ്വീകാര്യമായില്ല. അങ്ങനെയൊരു ക്രെഡിറ്റ് തട്ടിയെടുക്കാൻ സി.പി.എമ്മിനെ അനുവദിക്കരുതെന്ന് സി.പി.ഐ ജില്ല- പ്രാദേശിക നേതൃത്വങ്ങൾ വാശിപിടിച്ചു.
തോറ്റാലും ശരി, പറവൂർ വിട്ടുകൊടുക്കില്ല അത്ര തന്നെ എന്ന മട്ട്. സി.പി.ഐ ജില്ല കൗൺസിൽ നിർദേശിച്ചിരിക്കുന്നത് ഇവരെയാണ്: സംസ്ഥാന കൗൺസിൽ അംഗം എം.ടി. നിക്‌സൺ, ജില്ല അസി. സെക്രട്ടറി ടി.സി. സൻജിത്ത്, ജില്ല എക്‌സ്‌ക്യൂട്ടീവ് അംഗം കെ. ബി. അറുമുഖൻ. പി. രാജുവിന്റെ പേരും സാധ്യതാപട്ടികയിലുണ്ട്. എന്നാൽ, സംസ്ഥാന നേതാവിനെ തന്നെ നിർത്തി മത്സരം കടുപ്പിക്കണമെന്നും അങ്ങനെ പറവൂർ പിടിച്ചെടുത്ത് സി.പി.എമ്മിനെ ഞെട്ടിക്കണമെന്ന അഭിപ്രായവും പാർട്ടിയിലുണ്ട്. എന്നാൽ, പറവൂർ സി.പി.ഐയിൽനിന്ന് വിട്ടുകിട്ടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് സി.പി.എം.
സി.പി.എം പ്ലാൻ വളരെ നേരത്തെ സതീശൻ തിരിച്ചറിഞ്ഞു. അതുകൊണ്ട്, ഹൈക്കമാൻഡ് പട്ടിക പുറത്തുവരുന്നതിനുമുമ്പേ അദ്ദേഹം പ്രചാരണം തുടങ്ങിക്കഴിഞ്ഞു. അത്ര ഉറപ്പാണ് മത്സരവും വിജയവും അദ്ദേഹത്തെ സംബന്ധിച്ച്. 2001ൽ എൽ.ഡി.എഫ് സ്ഥാനാർഥിയായ കെ.എം. ദിനകരരെ തോൽപ്പിച്ചാണ് സതീശൻ വിജയം തുടങ്ങിയത്. പിന്നിട് മൂന്ന് തെരഞ്ഞെടുപ്പിലും സതീശൻ തന്നെയാണ് ജയിച്ചത്.
എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ മുനിസിപ്പാലിറ്റിയും പറവൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചേന്ദമംഗലം, ചിറ്റാട്ടുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തൻവേലിക്കര, വരാപ്പുഴ, വടക്കേക്കര എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പറവൂർ നിയമസഭാ മണ്ഡലം. 1977 മുതൽ 2016 വരെ നടന്ന പത്ത് തിരഞ്ഞെടുപ്പുകളിൽ ഒമ്പതു തവണ കോൺഗ്രസും നാല് തവണ സി.പി.ഐയുമാണ് ജയിച്ചത്.
1957ൽ സി.പി.ഐയുടെ എൻ. ശിവൻപിള്ളയാണ് ജയിച്ചത്. 1960ലും ഈ മണ്ഡലം സിപിഐക്കൊപ്പം നിന്നു; ജയിച്ചത് കെ.എ. ദാമോദരമേനോൻ.
1967 മുതൽ പറവൂർ കോൺഗ്രസിന്റേതുകൂടിയായി മാറി. 1967ൽ ക.ടി. ജോർജിലൂടെ കോൺഗ്രസ് ആദ്യമായി ജയിച്ചു. 1970ലും അദ്ദേഹം ജയം ആവർത്തിച്ചു. 1977ൽ സേവ്യർ അറക്കലാണ് ജയിച്ചത്. 1980ൽ എ.സി ജോസ് ജയിച്ചശേഷം സി.പി.ഐ ൻ. ശിവൻപിള്ളയിലൂടെ മണ്ഡലം തിരിച്ചുപിടിച്ചു; 1982ൽ. ജയം 1987ലും ശിവൻപിള്ള ആവർത്തിച്ചു. 1991, 1996 വർഷങ്ങളിൽ പി. രാജുവാണ് സി.പി.ഐക്കുവേണ്ടി മണ്ഡലം നിലനിർത്തിയത്. 2001 മുതൽ എൽ.ഡി.എഫ് മണ്ഡലത്തിൽ ചുവപ്പുതൊട്ടിട്ടില്ല. 2001 മുതൽ 2016 വരെ തുടർച്ചയായി നാലുതവണ വി.ഡി. സതീശൻ, ഭൂരിപക്ഷം കൂട്ടിക്കൊണ്ടുതന്നെ ജയിച്ചുവന്നു.