ഗണേഷും ചാമക്കാലയും കോൺഗ്രസും തമ്മിൽ

ഏപ്രിൽ ആറിന്​ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മാറ്റുരയ്​ക്കുന്ന ​പോരാട്ടത്തിന്റെ ചൂടിലാണ്​ കേരളം. ​കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

കെ.ബി. ഗണേഷ്‌കുമാർ ഏത് മുന്നണിയിൽ നിന്നാലും പത്തനാപുരം ജയിപ്പിക്കും- കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളുടെ ചരിത്രം ഇങ്ങനെ സംഗ്രഹിക്കാം. 2015 വരെ യു.ഡി.എഫിലായിരുന്ന പിള്ള ഗ്രൂപ്പ് 2016ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽനിന്നാണ് മത്സരിച്ചത്.

അതായത്, 2011ൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി, 20,402 വോട്ടിന്റെ ഭൂരിപക്ഷത്തിന് സി.പി.എമ്മിലെ കെ. രാജഗോപാലിനെ തോൽപ്പിച്ച ഗണേഷ്‌കുമാർ 2016ൽ അവതരിച്ചത് എൽ.ഡി.എഫ് സ്ഥാനാർഥിയായി. പത്തനാപുരത്തിന് കുലുക്കമുണ്ടായില്ല, ഭൂരിപക്ഷം കൂട്ടിക്കൊടുക്കുകയും ചെയ്തു; 24,562. കഴിഞ്ഞ തെരഞ്ഞെടുപ്പ് വോട്ടർമാരെ പറ്റിച്ച ഒരു കോമാളി സിനിമാക്കളിയായിരുന്നു. ഗണേഷിനെ നേരിടാൻ കോൺഗ്രസ് ഇറക്കിയത് മറ്റൊരു നടൻ ജഗദീഷിനെ. ബി.ജെ.പിക്കും കിട്ടി എവിടെനിന്നോ ഒരു ഭീമൻ രഘുവിനെ. തമാശക്കൊടുവിൽ ഗണേഷിനുതന്നെ ജയം.

ഇത്തവണ ഗണേഷിനെ കൊട്ടാരക്കരയിലേക്ക് മാറ്റുമെന്ന് പ്രചാരണമുണ്ടായിരുന്നുവെങ്കിലും ഗണേഷ് സ്വന്തം മണ്ഡലത്തിൽ ഉറച്ചുനിന്നു. ഇത്തവണയും ഗണേഷിന് അനുകൂലമായ സാഹചര്യമാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ആറായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് എൽ.ഡി.എഫിനുള്ളത്.

കോൺഗ്രസിലെ ജ്യോതികുമാർ ചാമക്കാലയാണ് യു.ഡി.എഫ് സ്ഥാനാർഥി. നേരത്തെ തന്നെ അദ്ദേഹം സീറ്റ് ഉറപ്പാക്കിയിരുന്നുവെന്നുവേണം കരുതാൻ. കാരണം, ഇന്നലെ കോൺഗ്രസ് പട്ടിക കെ.പി.സി.സി അധ്യക്ഷൻ പ്രഖ്യാപിക്കുന്നതിനുമുമ്പേ ചാമക്കാലയുടെ ചുമരെഴുത്ത് മണ്ഡലത്തിൽ തുടങ്ങിയിരുന്നു. മണ്ഡലത്തിൽ അദ്ദേഹം പര്യടനവും നടത്തിവരികയായിരുന്നു. അഞ്ചൽ സ്വദേശിയാണ് ചാമക്കാല.

എന്നാൽ, ചാമക്കാല പത്തനാപുരത്തിനുചുറ്റും റാകിപ്പറക്കുന്നുണ്ടെന്ന സൂചന കിട്ടിയയുടൻ മണ്ഡലത്തിലെ കോൺഗ്രസ് പ്രാദേശിക വികാരം സടകുടഞ്ഞെഴുന്നേറ്റു. മണ്ഡലത്തിലെ മുതിർന്ന നേതാക്കൾക്ക് അവസരം നൽകണമെന്നാവശ്യപ്പെട്ട് പിതൃശൂന്യ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കെ.പി.സി.സി നിർവാഹക സമിതി അംഗം സി.ആർ. നജീബ്, ഡി.സി.സി ജനറൽ സെക്രട്ടറി ബാബു മാത്യു എന്നിവർക്കുവേണ്ടിയായിരുന്നു നിലവിളികൾ. ചാമക്കാല പിൻവാതിലിലൂടെ സ്ഥാനാർഥിയാകാൻ ശ്രമിക്കുന്നു എന്ന് ഡി.സി.സി സെക്രട്ടറി അഞ്ചൽ സോമൻ തന്നെ നേതൃത്വത്തെ ധരിപ്പിച്ചിരുന്നു, സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിനുമുമ്പ്.

സ്വന്തം വാർഡിൽ പോലും യു.ഡി.എഫ് സ്ഥാനാർഥിയെ ജയിപ്പിക്കാൻ കഴിയാത്തയാളാണ് ചാമക്കാല എന്നും കെ.പി.സി.സി ഭാരവാഹിത്വം നേടിയതും പിൻവാതിലിലൂടെയാണ് എന്നുമൊക്കെയാണ് ഒരു വിഭാഗം കോൺഗ്രസുകാരുടെ ആക്ഷേപം. ‘‘പത്തനാപുരവുമായി 'ഇഴയടുപ്പമുള്ള' അഞ്ചൽ പഞ്ചായത്തിലെ പനയഞ്ചേരിക്കാരനാണ് ഞാൻ'' എന്നൊക്കെ ഫേസ്ബുക്ക് പോസ്റ്റിട്ട് ചാമക്കാല സ്വദേശിയാകാൻ കിണഞ്ഞുശ്രമിക്കുന്നുണ്ട്.

ഗണേഷ് കുമാറിന്റെ ബന്ധുകൂടിയായ ശരണ്യ മനോജിനെ മുൻനിർത്തിയും കോൺഗ്രസിൽ ഒരു വിഭാഗം കളി നടത്തിയിരുന്നു. കേരള കോൺഗ്രസ് ബി പ്രവർത്തകനായിരുന്ന മനോജ് കോൺഗ്രസിൽ ചേരുകയായിരുന്നു. സോളാർ കേസിൽ പരാതിക്കാരിയുടെ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് ഇല്ലായിരുന്നുവെന്നും അത് ഗണേഷ്‌കുമാറാണ് എഴുതിച്ചേർത്തതെന്നും ആരോപിച്ച് മനോജ് രംഗത്തുവന്നിരുന്നു. ഗണേഷിനെതിരെ മത്സരിക്കാൻ മനോജ് തന്നെ യോഗ്യൻ എന്ന് ഈ ആരോപണത്തോടെ കോൺഗ്രസ് ഉറപ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് ആണത്രേ ഇദ്ദേഹത്തിനുവേണ്ടി ഡൽഹിയിൽ ചരടുമുറുക്കിയത്. എന്നാൽ, അത് ഫലം കണ്ടില്ല.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

സി.പി.ഐക്കും കേരള കോൺഗ്രസിനും ഒപ്പം നിന്ന മണ്ഡലമാണിത്. ഒരു തവണ മാത്രമാണ് കോൺഗ്രസ് ജയിച്ചത്. ജയിച്ച കോൺഗ്രസ് സ്ഥാനാർഥി സാക്ഷാൽ ആർ. ബാലകൃഷ്ണപിള്ള, കേരള കോൺഗ്രസ് രൂപീകരിക്കുന്നതിനുമുമ്പ്, 1960ലെ കഥയാണ്.
1957ലെ ആദ്യ തിരഞ്ഞെടുപ്പിൽ സി.പി.ഐയുടെ എൻ. രാജഗോപാലൻ നായരാണ് ജയിച്ചത്. 1967, 1970 വർഷങ്ങളിൽ സി.പി.ഐയുടെ പി.കെ. രാഘവൻ. 1977ലും 1980ലും ഇ.കെ പിള്ളയിലൂടെ സി.പി.ഐ മണ്ഡലം നിലനിർത്തി. 1982ൽ കേരള കോൺഗ്രസിലെ എ. ജോർജ്. 1987ൽ ഇ. ചന്ദ്രശേഖരൻ നായരിലൂടെ വീണ്ടും സി.പി.ഐ. 1991ലും 1996ലും സി.പി.ഐയിലെ പ്രകാശ് ബാബു വിജയിച്ചപ്പോൾ 2001 ഗണേഷ് കുമാറാണ് ജയിക്കുന്നത്.


Comments