ഇ.എം.എസ് നമ്പൂതിരിപ്പാടിനെ മൂന്നുതവണ നിയമസഭയിലേക്കയച്ച പട്ടാമ്പിക്ക് ആഭിമുഖ്യം ഇടതുപക്ഷത്തോടാണ്.
2001 മുതൽ 2011 വരെ തുടർച്ചയായി ജയിച്ചുവന്ന കോൺഗ്രസിലെ സി.പി. മുഹമ്മദിനെ നേരിടാൻ സി.പി.ഐ കൊണ്ടുവന്നത് ജെ.എൻ.യുവിലെ സമരനായകനായിരുന്ന മുഹമ്മദ് മുഹ്‌സിനെ. 7404 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുഹമ്മദ് അടിയറവുപറഞ്ഞത്. തുടർച്ചയായി നാലം ജയത്തിനിറങ്ങിയ മുഹമ്മദിന്റെ അപ്രതീക്ഷിത തോൽവി.
ഇത്തവണയും മുഹ്‌സിൻ തന്നെയായിരിക്കുമോ? അതെ, എന്നാണ് പാർട്ടി സംസ്ഥാന നേതൃത്വം നൽകുന്ന സൂചന. എന്നാൽ, പ്രാദേശികതലത്തിൽ ചില മുറുമുറുപ്പുകളുണ്ട്, സി.പി.ഐയിൽ. മുഹസിനുപകരം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഒ.കെ. സെയ്തലവിയെ സ്ഥാനാർഥിയാക്കണമെന്നാണ് ആവശ്യം.
പാലക്കാട് മണ്ഡലം കമ്മിറ്റി കമ്മിറ്റിയിൽ ഭൂരിപക്ഷവും സെയ്തലവിയെ പിൻതുണക്കുന്നവരാണെന്നും റിപ്പോർട്ടുണ്ട്. ഏഴിന് ജില്ലാ കമ്മിറ്റി തയ്യാറാക്കുന്ന പട്ടികയിൽ പാർട്ടി സംസ്ഥാന സമിതി അന്തിമതീരുമാനമെടുക്കും.
പാർട്ടിയെ അവഗണിക്കുവെന്നും സ്വന്തം നിലക്ക് തീരുമാനങ്ങളെടുക്കുന്നുവെന്നുമാണ് മുഹ്‌സിനെതിരായ പ്രാദേശിക പ്രവർത്തകരുടെ പരാതി. എന്നാൽ, മുഹ്‌സിന്റെ മണ്ഡലത്തിലെ പ്രവർത്തനം തൃപ്തികരമാണെന്നും ജയിക്കുമെന്ന് ഇത്തവണയും ആത്മവിശ്വാസമുണ്ടെന്നുമാണ് സി.പി.ഐ സംസ്ഥാന നേതൃത്വം പറയുന്നത്. മാത്രമല്ല, മുഹ്‌സിൻ സി.പി.എമ്മിനും സ്വീകാര്യനാണ്.
സി.പി.ഐയിലെ തർക്കം യു.ഡി.എഫിന് മുതലെടുക്കാനാകാത്ത അവസ്ഥയാണ്. കാരണം, പട്ടാമ്പി തങ്ങൾക്കുവേണമെന്ന കടുത്ത വാശിയിലാണ് മുസ്‌ലിം ലീഗ്. ലീഗ് അധികമായി ചോദിക്കുന്ന മൂന്ന് സീറ്റുകളിൽ ഒന്നാണ് പട്ടാമ്പി. യൂത്ത് ലീഗാണ് ഈ ആവശ്യമുന്നയിച്ച് പാർട്ടി നേതൃത്വത്തിന് കത്തും നൽകിയിട്ടുണ്ട്. എന്നാൽ, ജയസാധ്യതയുള്ള മണ്ഡലമെന്ന നിലക്ക് പട്ടാമ്പി വിട്ടുകൊടുക്കരുതെന്നാണ് കോൺഗ്രസ് പറയുന്നത്. പട്ടാമ്പിയെച്ചൊല്ലി യു.ഡി.എഫ്- ലീഗ് സീറ്റുവിഭജനച്ചർച്ച വഴിമുട്ടിനിൽക്കുകയാണെന്നു പറയാം.
അതിനിടെ, പാർട്ടി പറഞ്ഞാൽ ഒരു തവണ കൂടി മത്സരിക്കുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് സി.പി. മുഹമ്മദ് വ്യക്തമാക്കി. സി.പി.എമ്മിന്റെ വർഗീയപ്രചാരണം മൂലമാണ് കഴിഞ്ഞതവണ തോറ്റതെന്നും ഇത്തവണ ജയിക്കുമെന്നുമാണ് മുഹമ്മദ് പറയുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് മികച്ച വിജയമായിരുന്നു; യു.ഡി.എഫിനേക്കാൾ എട്ടായിരത്തിലേറെ വോട്ടിന്റെ ലീഡ്. പട്ടാമ്പി നഗരസഭയിൽ യു.ഡി.എഫിന് വൻ തിരിച്ചടിയായിരുന്നു. നേരത്തെ 19 സീറ്റുണ്ടായിരുന്നത് ഇത്തവണ 11ലേക്ക് ചുരുങ്ങി. ആറു സീറ്റുണ്ടായിരുന്ന എൽ.ഡി.എഫിന് പത്തു സീറ്റ് ലഭിച്ചു. മൂന്നു സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് ഒരു സീറ്റുമാത്രം. കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട ടി.പി. ഷാജി രൂപീകരിച്ച വി ഫോർ പട്ടാമ്പി ആറു സീറ്റിലും ജയിച്ചു.
ഇടതുപക്ഷത്തിന് വേരോട്ടമുള്ള മണ്ഡലം. 1957 മുതൽ 2016 വരെ നടന്ന 15 തിരെഞ്ഞെടുപ്പുകളിൽ സി.പി.ഐക്കായിരുന്നു ജയം. കോൺഗ്രസ് അഞ്ചു തവണ വിജയിച്ചു. ഇ.എം.എസ് ഇവിടെ നിന്ന് മൂന്നുതവണ വിജയിച്ചു. മുൻ മന്ത്രി കെ.ഇ. ഇസ്മയിൽ മൂന്നുതവണ ജയിച്ചു. 2001ൽ ഇസ്മയിലിനെ തോൽപ്പിച്ച് കോൺഗ്രസിലെ സി.പി. മുഹമ്മദ് മണ്ഡലം പിടിച്ചു. തുടർന്ന് ഹാട്രിക് ജയം. കഴിഞ്ഞ തവണ മുഹമ്മദ് മുഹ്‌സിനോട് തോറ്റു.
1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ ജയിച്ചത് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രമുഖ നേതാവ് ഇ.പി. ഗോപാലൻ. തുടർന്ന് മൂന്നുവർഷം തുടർച്ചയായി ഇ.എം.എസ്. 1960ലെ തെരഞ്ഞെടുപ്പ് സംഭവബഹുലമായിരുന്നു. വിമോചന സമരത്തെതുടർന്ന് ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിടപ്പെട്ടശേഷമുള്ള തെരഞ്ഞെടുപ്പാണ്.
ഇ.എം.എസിനെ തോൽപ്പിക്കാൻ കോൺഗ്രസ് പതിനെട്ടടവും പയറ്റി. പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു കോൺഗ്രസ് പ്രചാരണത്തിന് പട്ടാമ്പിയിലെത്തി. കോൺഗ്രസ്- പി.എസ്.പി- മുസ്‌ലിംലീഗ് മുന്നണിയിലെ രാഘവൻ നായരാണ് ഇ.എം.എസിനെതിരെ മത്സരിച്ചത്. ജനസംഘം ദേശീയ നേതാവ് ദീൻദയാൽ ഉപാധ്യായ അടക്കം ഇ.എം.എസിനെതിരെ പ്രചാരണം നടത്തി. എ.ഐ.സി.സി അധ്യക്ഷനായിരുന്ന നീലം സഞ്ജീവ റെഡ്ഢി പട്ടാമ്പിയിൽ ദിവസങ്ങളോളംം ക്യാമ്പുചെയ്തു. അന്ന് കേന്ദ്രമന്ത്രിയായിരുന്ന മൊറാർജി ദേശായി, കാമരാജ്, ഇന്ദിരാഗാന്ധി, സി. സുബ്രഹ്‌മണ്യം തുടങ്ങി കോൺഗ്രസിന്റെ ദേശീയ നേതാക്കൾ ഇ.എം.എസിനെതിരെ വോട്ടഭ്യർഥിക്കാൻ പട്ടാമ്പിയിലെത്തി. വാശിയേറിയ പ്രചാരണവും വോട്ടെടുപ്പും കഴിഞ്ഞപ്പോൾ 7322 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇ.എം.എസ് എ. രാഘവൻനായരെ തോൽപ്പിച്ചു.
കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിനുശേഷം 1977ൽ സി.പി.ഐയുടെ ആദ്യ ജയം- ഇ.പി. ഗോപാലൻ. പിന്നീട് ഇടവിട്ട് കോൺഗ്രസ് ജയിച്ചെങ്കിലും സി.പി.ഐ മണ്ഡലമായി പട്ടാമ്പി. 1980ൽ കോൺഗ്രസിലെ എം.പി. ഗംഗാധരനാണ് ജയിച്ചത്. മണ്ഡലം രൂപീകരിച്ച്, രണ്ട് പതിറ്റാണ്ടിനുശേഷമാണ് കോൺഗ്രസിന് ജയിക്കാനായത്. 1982ൽ സി.പി.ഐയിലെ കെ.ഇ. ഇസ്മയിൽ. 1987ൽ പട്ടാമ്പി തിരിച്ചുപിടിക്കാൻ കോൺഗ്രസ് ലീലാ ദാമോദര മേനോനെ രംഗത്തിറക്കി, ജയം കൊയ്തു. 1991, 1996 വർഷങ്ങളിൽ കെ.ഇ. ഇസ്മയിൽ ജയിച്ചു. 2001 മുതൽ 2011 വരെ സി.പി. മുഹമ്മദ്.