മെയ് 31 ന് തൃക്കാക്കരയിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും അത് കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ടീയത്തെ ബാധിക്കാൻ പോകുന്നില്ല, എങ്കിലും കേരളത്തിൽ രൂപപ്പെട്ടു വരുന്ന വലതുപക്ഷോന്മുഖമായ രാഷ്ട്രീയ സമയവായത്തെ തുറന്നു കാണിക്കാൻ ആസന്നമായ ഉപതെരഞ്ഞെടുപ്പ് സഹായകമാകും.
യു ഡി എഫിന് തങ്ങളുടെ സ്ഥാനാത്ഥിയാരാവണമെന്ന കാര്യത്തിൽ വലിയ സംശയമൊന്നുമുണ്ടാവാനിടയില്ല. ഉമ തോമസ് അവർക്ക് വിശ്വാസപൂർവം അവതരിപ്പിക്കാവുന്ന സ്ഥാനാർഥി. പി. ടി. തോമസിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടുകൾ കാര്യമായവരുടെ സ്ഥാനാർഥിത്വം നഷ്ടപ്പെടുത്തുകയില്ല തന്നെ. കെ. വി. തോമസ് ഇടതുമുന്നണി സ്ഥാനാർഥിയായി നിന്നാൽ പോലും പരേതനായ പി. ടി. യുടെ വോട്ടറടിത്തറയിൽ കാര്യമായി വിള്ളൽ വീഴാനിടയില്ല, ഉറപ്പ്.
നൂറ് തികയ്ക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കുന്നതിലൂടെ സിൽവർലൈൻ റെയിൽവേ പദ്ധതിക്കുള്ള ജനസമ്മതി കൂടി നേടിയെടുക്കലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ലക്ഷ്യമിടുന്നത് . പിണറായി സർക്കാറിന്റെ രണ്ടാമൂഴത്തിലെ, ചരിത്ര പുരുഷനാവാനുള്ള വികസന മോഹങ്ങൾക്ക് ഒരു കയ്യൊപ്പ് കൂടി കിട്ടുന്നത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും.
പിണറായിക്കു ശേഷമുള്ള ഭരണതുടർച്ചക്കൊരുങ്ങുകയുമാണല്ലോ കണ്ണൂർ ലോബി. എന്തു വില കൊടുത്തും തൃക്കാക്കര തിരിച്ചുപിടിക്കാനവർ ശ്രമിക്കുമെന്നുറപ്പ്.
ഈ ഉപതെരഞ്ഞെടുപ്പിലെ അത്ഭുതം ട്വൻറി ട്വൻറിയും ആപ്പും തമ്മിലൊരു സഖ്യം രൂപപ്പെടുകയും അവരുടെ ഒരു പൊതുസ്ഥാനാർഥി അവതരിപ്പിക്കപ്പെടുകയുമാണ് എന്നതാണ്. ഇത്തിരി വെടിമരുന്ന് ഇരുകൂട്ടർക്കുമുണ്ടല്ലോ എന്ന് മുൻ തെരഞ്ഞെടുപ്പുകൾ സാക്ഷ്യം പറയും . ഈ സീറ്റ് നേടിയെടുക്കാൻ മാത്രം വെടിമരുന്നില്ല. എന്നാലും ഒരു സാമ്പിൾ വെടിക്കെട്ടിനുള്ളതുണ്ട്. അത് സംഭവിക്കട്ടെ.
എൻ. ഡി. എയും അത്യാവശ്യം കെട്ടിവെച്ച കാശ് തിരിച്ചു കിട്ടാവുന്ന മുന്നണിയാണിവിടെ. കേരളത്തിലിതുവരെ ഫലിക്കാതെ പോയ അമിത്ഷാബുദ്ധി ഒരു പരീക്ഷണത്തിന് ധൈര്യപ്പെടുകയാണെങ്കിൽ അവർ അവതരിപ്പിക്കാനിടയുള്ള തുറുപ്പുചീട്ട് പി. സി. ജോർജിനെ കളത്തിലിറക്കുക എന്നതായിരിക്കും. ക്രിസംഘികളുടെ ഔപചാരികമായ എൻട്രി കൂടെയായിരിക്കും അത്തരമൊരു തീരുമാനം.
ഒരു സുരേഷ് ഗോപിയേക്കാൾ ഗ്ലാമർ ഇപ്പോൾ ജോർജിന്റെ പുതിയ അവതാരത്തിനുനുണ്ടല്ലോ. പി. സി. അയാളുടെ ശത്രുക്കളുടെ നിയോജക മണ്ഡലത്തിനും കണ്ണാടി നോക്കാൻ ഒരവസരം നല്കുന്നു. കേരള രാഷ്ടീയത്തിലടിഞ്ഞു കൂടിയിട്ടുള്ള അഴുക്കിന്റെ ഏറ്റവും മികച്ച മികച്ച പ്രതിനിധാനമാണയാൾ . പക്ഷെ അയാൾ നമ്മളോരോരുത്തരും കൂടെയാണ് , ഏറിയും കുറഞ്ഞും ....
ഈ കുറിപ്പ് എഴുതുമ്പോൾ ഒരൊറ്റ മുന്നണിയും കക്ഷിയും തങ്ങളുടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടില്ല . അത്ഭുതങ്ങൾക്കായി കാത്തിരിക്കാം