കണ്ണൂർ ജില്ലയിൽ ഇരുമുന്നണികളുടെയും അഭിമാനപ്പോരാട്ടം നടക്കുന്ന മണ്ഡലമാണ് പേരാവൂർ, കോൺഗ്രസിനാകട്ടെ, അത് ഗ്രൂപ്പുകളുടെ നിലനിൽപ്പു പ്രശ്‌നം കൂടിയാണ്.
ജില്ലയിലെ കോൺഗ്രസ് കോട്ടക്ക് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വിള്ളൽ വീണതാണ് എൽ.ഡി.എഫിന് പ്രതീക്ഷ നൽകുന്നത്. അതുകൊണ്ടുതന്നെ, മന്ത്രിസഭയിലെ ഏറ്റവും ജനപ്രീതിയുള്ള മന്ത്രിയെത്തന്നെ, കെ.കെ. ശൈലജയെ തന്നെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാൻ സി.പി.എമ്മിൽ ഒരാലോചനയുണ്ടായിരുന്നു. 2006ൽ കോൺഗ്രസ്- എസിൽനിന്ന് മണ്ഡലം ഏറ്റെടുത്ത സി.പി.എം, ശൈലജയെ രംഗത്തിറക്കിയാണ് ആദ്യ പരീക്ഷണം നടത്തിയത്. 9009 വോട്ടിന് കോൺഗ്രസിലെ എ.ഡി. മുസ്തഫയെ അവർ തോൽപ്പിച്ചു.
എന്നാൽ, 2011ലെ മണ്ഡല പുനർനിർണയത്തിൽ ഇടതുസ്വാധീന മേഖലകളായ മട്ടന്നൂർ, കൂടാളി, കീഴല്ലൂർ, തില്ലങ്കേരി എന്നിവ മട്ടന്നൂർ മണ്ഡലത്തിലേക്കുപോയി, കോൺഗ്രസിന് സ്വാധീനമുള്ള കേളകം, കൊട്ടിയൂർ പഞ്ചായത്തുകൾ കൂട്ടിച്ചേർത്തു. ഇതേതുടർന്ന് രണ്ടാമൂഴത്തിൽ 3440 വോട്ടിന് കോൺഗ്രസിലെ സണ്ണി ജോസഫിനോട് ശൈലജ തോറ്റു. ഒരിക്കൽ കൂടി പേരാവൂരിൽ ഭാഗ്യപരീക്ഷണത്തിന് മുതിരാതെ 2016ൽ അവർ കൂത്തുപറമ്പിൽനിന്നാണ് മൽസരിച്ചത്. ശൈലജക്കുപകരം എത്തിയ സി.പി.എം യുവനേതാവ് ബിനോയ് കുര്യനും സണ്ണി ജോസഫിനോട് പിടിച്ചുനിൽക്കാനായില്ല, സണ്ണി ഭൂരിപക്ഷം 7989 ആയി ഉയർത്തി.
എന്നാൽ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം എൽ.ഡി.എഫിന് ഒരു കൈ നോക്കാൻ ആത്മവിശ്വാസം നൽകുന്നു. 7400 വോട്ടിന്റെ മേൽക്കൈയാണ് മണ്ഡലത്തിൽ എൽ.ഡി.എഫിനുള്ളത്. ആറളം അടക്കമുള്ള പഞ്ചായത്തുകളിൽ ജയിച്ചു. അരനൂറ്റാണ്ട് യു.ഡി.എഫ് ഭരിച്ച കണിച്ചാറും തില്ലങ്കേരി ഡിവിഷനും പിടിച്ചെടുത്തു. എട്ടു പഞ്ചായത്തിൽ അയ്യൻകുന്ന് പഞ്ചായത്തും ഇരിട്ടി ബ്ലോക്കും മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പുജയത്തിലുണ്ടായ മുന്നേറ്റം, ശൈലജയെപ്പോലൊരു മികച്ച സ്ഥാനാർഥിയുണ്ടായാൽ വിജയമാക്കി മാറ്റാനാകുമെന്നാണ് സി.പി.എം ചിന്ത. കൂത്തുപറമ്പ് ഇത്തവണ എൽ.ജെ.ഡിക്ക് നൽകാനാണ് ധാരണ. അതുകൊണ്ട് ശൈലജക്ക് മണ്ഡലം മാറേണ്ടിവരുമെന്നതിനാലാണ് പേരാവൂരിൽ അവരെ മൽസരിപ്പിക്കാം എന്ന ആലോചനയുണ്ടായത്. എന്നാൽ, ശൈലജയെക്കൊണ്ട് ഭാഗ്യപരീക്ഷണം വേണ്ടെന്നും അവർക്ക് ഉറച്ച സീറ്റ് നൽകണമെന്നും പാർട്ടിയിൽ തന്നെ വാദമുയരുന്ന സ്ഥിതിക്ക് അന്തിമ തീരുമാനമായിട്ടില്ല.
ക്രിസ്ത്യൻ സമുദായത്തിന് സ്വാധീനമുള്ള മലയോര മേഖലയിലെ ഈ വിജയം, പുതുതായി മുന്നണിയിലെത്തിയ ജോസ് കെ. മാണി വിഭാഗം കൈവശപ്പെടുത്തിക്കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുജയം തങ്ങളുടെ സ്വാധീനം മൂലമാണെന്നും അതുകൊണ്ട് പേരാവൂർ തങ്ങൾക്കുവേണമെന്നുമാണ് ജോസ് വിഭാഗത്തിന്റെ ആവശ്യം. ഈ അവകാശവാദം എൽ.ഡി.എഫ് വകവെച്ചുകൊടുക്കാനാണ് സാധ്യത.
വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ സിറ്റിങ് എം.എൽ.എമാർ തന്നെ വേണമെന്ന ധാരണ കോൺഗ്രസിലുണ്ടായാൽ സണ്ണി ജോസഫിനുതന്നെ നറുക്കുവീഴും. മാത്രമല്ല, എ.ഐ.സി.സി നിയോഗിച്ച ഏജൻസികൾ തയാറാക്കിയ ലിസ്റ്റിലും അദ്ദേഹത്തിന്റെ പേരാണ്. എന്നാൽ, ഇത്ര ലളിതമായി കോൺഗ്രസ് കാര്യങ്ങൾ നടന്നുപോകുന്ന മണ്ഡലമല്ല പേരാവൂർ. എ- ഐ- വിശാല ഐ വിഭാഗങ്ങൾ തമ്മിൽ വഴക്കും വക്കാണവും നിറഞ്ഞ, ആന്റി ക്ലൈമാക്‌സുകളുള്ള ഒരു കഥ കൂടി പേരാവൂരിനുണ്ട്.
ഇടതുവലതുഭേദമില്ലാതെ ഏതുമുന്നണിയിലായാലും എ ഗ്രൂപ്പിനെ മാത്രം വിജയിപ്പിച്ച പാരമ്പര്യമുള്ള മണ്ഡലത്തെ കെ. സുധാകര വിഭാഗം പിടിച്ചെടുത്തതാണെന്നും അത് വിട്ടുകൊടുക്കണമെന്നുമാണ് ഇപ്പോൾ എ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്, സ്ഥാനാർഥിയും റെഡി- ടി. സിദ്ദീഖ്. എന്നാൽ, സണ്ണി ജോസഫ് ഇല്ലെങ്കിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫ് ആയിരിക്കും സ്ഥാനാർഥിയെന്ന് സുധാകര വിഭാഗം ആണയിടുന്നു.
1977ലെ പുനർനിർണയത്തിലാണ് പേരാവൂർ നിയമസഭാ മണ്ഡലമായത്. ആദ്യ തെരഞ്ഞെടുപ്പുമുതൽ കോൺഗ്രസ് കുത്തകയാണ്. 1977 മുതൽ 1991 വരെ കെ.പി. നൂറുദ്ദീൻ ജയിച്ചു. 1980ൽ കോൺഗ്രസ് എ ഗ്രൂപ്പ് എൽ.ഡി.എഫിലായപ്പോഴും നൂറുദ്ദീൻ തന്നെയായിരുന്നു സ്ഥാനാർഥി; ആ വർഷം ഐ ഗ്രൂപ്പിലെ സി.എം. കരുണാകരൻ നമ്പ്യരെയാണ് തോൽപ്പിച്ചത്. 1987, 1991 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്- എസിലെ രാമചന്ദ്രൻ കടന്നപ്പള്ളിയെ തോൽപ്പിച്ചു. തുടർച്ചയായ അഞ്ചു ജയത്തിനുശേഷം 1996ൽ കോൺഗ്രസ്- എസിലെ കെ.ടി. കുഞ്ഞഹമ്മദ് 186 വോട്ടിന് നൂറുദ്ദീനെ തോൽപ്പിച്ചു. 2001ൽ മണ്ഡലം കോൺഗ്രസ് തിരിച്ചുപിടിച്ചു. നൂറുദ്ദീൻ തന്നെയായിരുന്നു ആദ്യം സ്ഥാനാർഥി. രണ്ടാഴ്ച ഗംഭീര പ്രചാരണവും നടത്തി. എന്നാൽ, പൊടുന്നനെ ഗതി മാറി, ഒരിക്കലും ഒരെത്തുംപിടുത്തവും കിട്ടാത്ത ഗ്രൂപ്പ് അടിയൊഴുക്കുകൾക്കൊടുവിൽ ഐ ക്കാരനായ എ.ഡി. മുസ്തഫ അവതരിച്ചു, 1173 വോട്ടിന് ജയിക്കുകയും ചെയ്തു.
കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിലെ ആറളം, അയ്യൻകുന്ന്, കണിച്ചാർ, കീഴൂർ- ചാവശ്ശേരി, കേളകം, കൊട്ടിയൂർ, മുഴക്കുന്ന്, പായം, പേരാവൂർ പഞ്ചായത്തുകൾ അടങ്ങിയ മണ്ഡലമാണ് പേരാവൂർ.