പെരിന്തൽമണ്ണ പിടിക്കാം, വെറും 579 മറികടന്നാൽ

ഏപ്രിൽ ആറിന്​ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മാറ്റുരയ്​ക്കുന്ന ​പോരാട്ടത്തിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു. സീറ്റുവിഭജന ചർച്ചകളും സ്ഥാനാർഥി നിർണയവും അന്തിമഘട്ടത്തിലാണ്​. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

ലപ്പുറം ജില്ലയിൽ മുസ്‌ലിം ലീഗിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നായിരുന്നു. എന്നാൽ, 2006 മുതൽ ലീഗിന്റെ പല കോട്ടകളും ചായുകയും ചരിയുകയും ചെയ്തപ്പോൾ, ഒപ്പം പെരിന്തൽമണ്ണയും കൈവിട്ടു. അരനൂറ്റാണ്ടിനുശേഷം, സി.പി.എമ്മിലെ വി. ശശികുമാർ ജയിച്ചു. ഇടതുപക്ഷത്തായിരുന്ന മഞ്ഞളാംകുഴി അലിയെ സ്വന്തമാക്കി നടത്തിയ രാഷ്ട്രീയ നീക്കത്തിൽ, 2011ൽ ലീഗ് മണ്ഡലം തിരിച്ചുപിടിച്ചു.

2016ലും ശശികുമാറിനെതിരെ വിജയം ആവർത്തിച്ചു, എന്നാൽ, ലീഗിനെ സംബന്ധിച്ച് അത് ആഘോഷിക്കാനുള്ള വിജയമായില്ല, ഭൂരിപക്ഷം വെറും 579 വോട്ട്. കഷ്ടിച്ചുരക്ഷപ്പെട്ട ലീഗിന് രണ്ടു പ്രതിസന്ധികളുണ്ട് പെരിന്തൽമണ്ണയിൽ; ഒന്ന്, മണ്ഡലം നിലനിർത്തുക, രണ്ട്, അലിക്ക് സുരക്ഷിത മണ്ഡലം നൽകുക. അലിയെ മങ്കടയിലേക്കുമാറ്റി പെരിന്തൽമണ്ണയിൽ ഒരു യുവനേതാവിനെ പരീക്ഷിക്കാം എന്ന ആലോചനയിലാണ് ലീഗ്. മാത്രമല്ല, അലിയെ വീണ്ടും സ്ഥാനാർഥിയാക്കിയാൽ ഇത്തവണ മണ്ഡലം നഷ്ടമാകും എന്ന് ലീഗിൽ തന്നെ മുറുമുറുപ്പുണ്ട്. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി. അഷ്‌റഫലി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് എന്നിവർക്കാണ് സാധ്യത. അഷ്‌റഫ് മണ്ഡലത്തിൽ സജീവമായിക്കഴിഞ്ഞു.

മഞ്ഞളാംകുഴി അലി / വര: ദേവപ്രകാശ്
മഞ്ഞളാംകുഴി അലി / വര: ദേവപ്രകാശ്

അലി മാറുമോ എന്ന് ഉറ്റുനോക്കിയിരിക്കുകയാണ് സി.പി.എം.
അലി മാറുകയും പകരം പുതുമുഖം വരികയും ചെയ്താൽ, മൽസരം കടുപ്പിച്ച് മണ്ഡലം പിടിക്കാം എന്ന ആത്മവിശ്വാസം സി.പി.എമ്മിനുണ്ട്. ‘‘യു.ഡി.എഫിനെ പരാജയപ്പെടുത്താൻ കഴിയുന്ന, ബി.ജെ.പിക്കെതിരായ നിലപാട് സ്വീകരിക്കുന്ന, മത തീവ്രവാദ സംഘടനകളോട് ശക്തമായ നിലപാട് സീകരിച്ചുവരുന്ന, വിജയസാധ്യതയുള്ള, ഉയർന്ന വ്യക്തിത്വത്തിന് ഉടമകളായ, സ്വതന്ത്രന്മാരായ വ്യക്തികളെ ഞങ്ങൾ പരിഗണിക്കും'' എന്നാണ് സി.പി.എം ജില്ല നേതൃത്വം പറയുന്നത്. ഈ കുപ്പായങ്ങളെല്ലാം ചേരുന്നയാളായി പാർട്ടി ഇപ്പോൾ പരിഗണിക്കുന്നത് മലപ്പുറം നഗരസഭ മുൻ ചെയർമാൻ കെ.പി. മുഹമ്മദ് മുസ്തഫയെയാണ്. ലീഗ് വിമതൻ എന്ന പ്രതിച്ഛായയുള്ള മുസ്തഫയെ സ്വതന്ത്രവേഷത്തിൽ അവതരിപ്പിച്ചാൽ 579 എന്ന നമ്പർ നിഷ്​പ്രയാസം മറികടക്കാം എന്ന് സി.പി.എം കരുതുന്നു. എന്നാൽ, പെരിന്തൽമണ്ണ നഗസഭ മുൻ ചെയർമാനും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ എം. മുഹമ്മദ് സലിമും സാധ്യതാപട്ടികയിലുണ്ട്. എങ്കിലും മുസ്തഫക്കാണ് സാധ്യതയേറെ. ഇത്തവണ മൽസരത്തിനില്ലെന്ന് ശശികുമാർ പാർട്ടിയെ അറിയിച്ചിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പുഫലവും എൽ.ഡി.എഫ് പ്രതീക്ഷക്ക് തിളക്കമേറ്റുന്നു. പെരിന്തൽമണ്ണ നഗരസഭയിലും പുലാമന്തോൾ, താഴേക്കാട്, മേലാറ്റൂർ പഞ്ചായത്തുകളിലും എൽ.ഡി.എഫിനാണ് ഭരണം ലഭിച്ചത്. ഏലംകുളം, വെട്ടത്തൂർ, ആലിപ്പറമ്പ് പഞ്ചായത്തുകൾ യു.ഡി.എഫിനും. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ജന്മദേശം കൂടിയായ ഏലംകുളം പഞ്ചായത്ത് നാലുപതിറ്റാണ്ടിനുശേഷം നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. 16 വാർഡുകളിൽ ഇരുമുന്നണികളും എട്ടെണ്ണം വീതം ജയിച്ചു. 1964ൽ പഞ്ചായത്ത് രൂപീകരിച്ചതുമുതൽ 1980 വരെ യു.ഡി.എഫിനായിരുന്നു ഭരണം. പിന്നീട് എൽ.ഡി.എഫ് വിട്ടുകൊടുത്തിരുന്നില്ല. മണ്ഡലത്തിൽ വോട്ടിലും നേരിയ മുൻതൂക്കം എൽ.ഡി.എഫിനാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടി മണ്ഡലത്തിൽ 23,038 വോട്ടിന് ലീഡ് ചെയ്തിരുന്നു.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.
2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

തുടക്കകാലത്ത് പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കളെ തെരഞ്ഞെടുത്ത മണ്ഡലം. 1957ൽ സി.പി.ഐയിലെ പി. ഗോവിന്ദൻ നമ്പ്യാർ, 1960ൽ ഇ.പി. ഗോപാലൻ, 1967ൽ പാലോളി മുഹമ്മദുകുട്ടി എന്നിവർ ജയിച്ചു. 1970 മുതൽ തുടർച്ചയായി ലീഗ്. 1970, 1977 വർഷങ്ങളിൽ കെ.കെ.എസ്. തങ്ങൾ, 1980, 1982, 1987, 1991, 1996, 2001 തുടർച്ചയായി ആറുവർഷം നാലകത്ത് സൂപ്പി.

1970നുശേഷം പെരിന്തൽമണ്ണയിൽനിന്ന് ഒരുതവണ മാത്രമാണ് ഇടതുസ്ഥാനാർഥി ജയിച്ചത്, 2006ൽ വി. ശശികുമാർ. 2011ലെ മണ്ഡല പുനർ നിർണയത്തിനുശേഷം മഞ്ഞളാംകുഴി അലിയിലൂടെ ലീഗ് പെരിന്തൽമണ്ണ തിരിച്ചുപിടിച്ചു.

പെരിന്തൽമണ്ണ നഗരസഭയും, പെരിന്തൽമണ്ണ താലൂക്കിലെ ആലിപ്പറമ്പ്, ഏലംകുളം, പുലാമന്തോൾ, താഴേക്കോട്, വെട്ടത്തൂർ, മേലാറ്റൂർ എന്നീ ഗ്രാമപഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്. പാലക്കാടിനോട് ചേർന്നുകിടക്കുന്ന കാർഷിക മേഖല. പഴയ വള്ളുവനാടിന്റെ ആസ്ഥാനം. 1921ൽ ഖിലാഫത്ത് പോരാളികൾ പിടിച്ചടക്കിയ വള്ളുവനാട് സബ് രജിസ്ട്രാർ ഓഫീസും ബ്രിട്ടീഷുകാരുടെ ഖജാനയും പെരിന്തൽമണ്ണയിലായിരുന്നു. ചെറുകാടിന്റെ ജന്മനാടാണ് പുലാമന്തോൾ. സ്വാതന്ത്ര്യ സമരസേനാനികളായിരുന്ന എം.പി. ഗോവിന്ദമേനോൻ, ഗോവിന്ദ നമ്പ്യാർ, ഇ. പി. ഗോപാലൻ, കെ. എൻ. മേനോൻ എന്നിവരുടെ പോരാട്ടഭൂമിയും പെരിന്തൽമണ്ണയായിരുന്നു.



Summary: ഏപ്രിൽ ആറിന്​ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മാറ്റുരയ്​ക്കുന്ന ​പോരാട്ടത്തിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു. സീറ്റുവിഭജന ചർച്ചകളും സ്ഥാനാർഥി നിർണയവും അന്തിമഘട്ടത്തിലാണ്​. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.


Comments