കാഞ്ഞങ്ങാട്: സി.പി.ഐ മാറ്റിനിർത്തുമോ മന്ത്രി ചന്ദ്രശേഖരനെ?

എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മൽസരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു, കേരളം. സീറ്റുവിഭജന ചർച്ചകളും സ്ഥാനാർഥി ലിസ്റ്റ് തയാറാക്കുന്ന നടപടികളും അതിവേഗം പുരോഗമിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

2016ൽ സി.പി.ഐയിലെ മന്ത്രി ഇ. ചന്ദ്രശേഖരൻ കോൺഗ്രസിലെ ധന്യസുരേഷിനെ 26,011 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപ്പിച്ച മണ്ഡലമാണ് കാസർകോട്ട് ജില്ലയിലെ കാഞ്ഞങ്ങാട്. രണ്ടിലേറെ തവണ മൽസരിക്കുന്നവരെ ഒഴിവാക്കണമെന്ന് സി.പി.ഐയിൽ നിർദേശമുയർന്ന സാഹചര്യത്തിൽ കാഞ്ഞങ്ങാട്ട് രണ്ടു തവണ മൽസരിച്ച ചന്ദ്രശേഖരൻ മാത്രമാകും ഇത്തവണ സി.പി.ഐയിൽനിന്ന് മൽസരിക്കുന്ന മന്ത്രിയെന്നാണ്​ ആദ്യം കേട്ടിരുന്നത്​. എന്നാൽ, രണ്ടുവട്ടം പൂർത്തിയാക്കിയ താൻ ഇനി മൽസരിക്കുന്നില്ലെന്ന്​ ചന്ദ്രശഖരൻ തന്നെ പാർട്ടിയെ അറിയിച്ചിരിക്കുകയാണ്​. എന്നാൽ, സി.പി.ഐയുടെ ഉറച്ച മണ്ഡലമെന്ന നിലക്ക് ചന്ദ്രശേഖരൻ തന്നെ വേണമെന്നാണ്​ പാർട്ടി മണ്ഡലം, ജില്ല നേതൃത്വങ്ങളുടെ നിലപാട്​.

ചന്ദ്രശേഖരനെ മാറ്റുകയാണെങ്കിൽ പാർട്ടി ജില്ല സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ എന്നിവരുടെ പേരും പ്രാദേശിക നേതൃത്വം മുന്നോട്ടുവെക്കുന്നു.

ഇ. ചന്ദ്രശേഖരൻ / ചിത്രീകരണം: ദേവപ്രകാശ്
ഇ. ചന്ദ്രശേഖരൻ / ചിത്രീകരണം: ദേവപ്രകാശ്

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട് നഗരസഭയിൽ 43ൽ 24 സീറ്റാണ് എൽ.ഡി.എഫ് നേടിയത്. 27 ഇടത്ത് മൽസരിച്ച കോൺഗ്രസിന് രണ്ടുപേരെ മാത്രമാണ് ജയിപ്പിക്കാനായത്.
കാഞ്ഞങ്ങാട് അടക്കമുള്ള വടക്കേ മലബാറിലെ മണ്ഡലങ്ങളിൽ കോൺഗ്രസ് സംഘടനാ സംവിധാനം ദുർബലമാണ്. ഇത് പരിഹരിക്കാൻ ഇത്തവണ നേരത്തെ പാർട്ടി രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും സ്ഥാനാർഥിയെ സംബന്ധിച്ച് ധാരണയായിട്ടില്ല. എ.ഐ.സി.സി നടത്തിയ കണക്കെടുപ്പിലുള്ളത് കെ.കെ. നാരായണന്റെ പേരാണ്.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.
2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ
കാഞ്ഞങ്ങാട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അബ്ദുൽ റഹ്‌മാനെ കുത്തിക്കൊന്ന സംഭവത്തിൽ യൂത്ത് ലീഗ് പ്രാദേശിക നേതാവ് ഇർഷാദ് അടക്കം മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇത്തരം പ്രാദേശിക സംഭവങ്ങളും ഇത്തവണ പ്രചാരണ വിഷയമാകും.

2008ലെ മണ്ഡല പുനർനിർണയത്തിലൂടെ നിലവിൽ വന്ന മണ്ഡലം. കാഞ്ഞങ്ങാട് നഗരസഭയും എഴു പഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്- അജാനൂർ, ബലാൽ, കള്ളാർ, കിനാനൂർ- കരിന്തളം, കോഡോം- ബേലൂർ, മടിക്കൽ, പനത്തടി.



Summary: എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മൽസരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു, കേരളം. സീറ്റുവിഭജന ചർച്ചകളും സ്ഥാനാർഥി ലിസ്റ്റ് തയാറാക്കുന്ന നടപടികളും അതിവേഗം പുരോഗമിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.


Comments