എറണാകുളം ജില്ലയിലെ പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിൽ ഇതുവരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എട്ടുതവണ എൽ.ഡി.എഫും അഞ്ചു തവണ യു.ഡി.എഫുമാണ് ജയിച്ചത്.
1957ലെ തെരഞ്ഞെടുപ്പിൽ ജയിച്ചത് പി.ഗോവിന്ദപിള്ള. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ ഗോവിന്ദപിള്ള വിദ്യാഭ്യാസ മന്ത്രിയായിരിക്കുമെന്ന അഭ്യൂഹമൊക്കെ അന്നുണ്ടായിരുന്നു.
ഇതേക്കുറിച്ച് എൻ.ഇ. സുധീർ എഴുതുന്നു: ‘‘വിദ്യാഭ്യാസ മന്ത്രിയായി യുവ എം.എൽ.എ ആയ പി. ഗോവിന്ദപിള്ള വന്നേക്കാനിടയുണ്ടെന്ന് ഒരു പത്രവാർത്ത വന്നു. ഇത് കേട്ടറിഞ്ഞ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിലെ സ്വാമി ആഗമാനന്ദൻ പെരുമ്പാവൂരിനടുത്തെത്തി തന്റെ പഴയ ശിഷ്യനെ ആളയച്ചു വിളിപ്പിച്ചു, ഗോവിന്ദൻ മന്ത്രിയാകുന്നതിലുള്ള സന്തോഷം അറിയിക്കണം, അവനെ അനുഗ്രഹിക്കണം, അത്രയേ സ്വാമി ഉദ്ദേശിച്ചുള്ളൂ. വാർത്ത അടിസ്ഥാന രഹിതമാണെന്നും അനുഗ്രഹത്തിന് ഏറെ നന്ദിയുണ്ടെന്നും അറിയിച്ച് ശിഷ്യൻ ഗുരുവിനോട് യാത്ര പറഞ്ഞു.'' ആലുവ യു.സി കോളേജിൽ ഇന്റർമീഡിയറ്റിനു പഠിക്കുന്നതിനിടെ പി.ജി അദ്വൈതാശ്രമത്തിൽ നിന്ന് സ്വാമി ആഗമാനന്ദന്റെ കീഴിൽ ബ്രഹ്മസൂത്രം അഭ്യസിച്ചിരുന്നു.
57ലെന്നല്ല, പിന്നീടും അദ്ദേഹം മന്ത്രിയായില്ല. 1957- 59, 1967- 69 കാലത്ത് ഗോവിന്ദപിള്ള പെരുമ്പാവൂരുനിന്ന് നിയമസഭയിലെത്തി. 1965ൽ തടങ്കലിലായിരുന്ന അദ്ദേഹം നിയമസഭയിലേക്ക് മൽസരിച്ച് ജയിച്ചുവെങ്കിലും ആ നിയമസഭ ചേർന്നില്ല.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അഡ്വ. എൽദോസ് കുന്നപ്പിള്ളി 7088 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ സാജു പോളിനെ തോൽപ്പിച്ചത്. സംസ്ഥാനത്ത് ഇടതുമുന്നണി വൻ വിജയം നേടിയ തെരഞ്ഞെടുപ്പിൽ, പെരുമ്പാവൂർ, യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. നിയമവിദ്യാർഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മ എം.എൽ.എക്കെതിരെ നടത്തിയ പരാമർശമാണ് യു.ഡി.എഫിന് തുണയായത്. കേസിൽ അന്വേഷണം നടക്കവേയാണ് വിദ്യാർഥിനിയുടെ അമ്മ സാജു പോളിനെതിരെ ആഞ്ഞടിച്ചത്; ‘‘സാജുപോൾ ഒന്നും ചെയ്യൂല സാറേ, കള്ളനാണവൻ കള്ളൻ, വീടില്ലാതിരുന്നിട്ട് പത്ത് കൊല്ലായി സാറേ, പട്ടയം കിട്ടാൻ സാജുപോളെ കാണാൻ ചെന്നു സാറേ, അവനൊന്നും തരൂല, അവൻ മിണ്ടൂല, കള്ളനാ സാറേ...''; ഇന്നസെന്റ് എം.പിക്കുമുന്നിൽ അവർ അലറിക്കരയുന്ന ദൃശ്യം യു.ഡി.എഫ് പ്രചാരണായുധമായി. ‘‘ഞാൻ പല പ്രാവശ്യം സാജു പോളിന്റെ ഓഫീസിൽ പോയി എന്റെ കൊച്ചിന്റെ കാര്യം പറഞ്ഞിരുന്നു. എന്നാൽ ഒന്നും ചെയ്ത് തന്നില്ല. ഞാൻ പറഞ്ഞത് കേട്ടില്ല'' എന്ന് അവർ വി.എസ്. അച്യുതാനന്ദനാടും പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും കോൺഗ്രസ് നേതാവ് ബെന്നി ബഹനാനും അമ്മയെ സന്ദർശിച്ചതിനുശേഷമാണ് ഈ ആരോപണം അവർ ഉന്നയിച്ചതെന്ന് സി.പി.എം പ്രതിരോധമുയർത്തിയെങ്കിലും ഫലമുണ്ടായില്ല.
‘‘എനിക്കുമുണ്ട് മൂന്ന് പെൺമക്കൾ. അതിലാർക്കെങ്കിലുമൊരാൾക്ക് ഇത്തരത്തിൽ ഒരു ദുരനുഭവം ഉണ്ടായാൽ എനിക്ക് സഹിക്കാൻ കഴിയുമോ. അതുപോലെയാണ് ആ മാതാവിന്റെയും മാനസികാവസ്ഥ. അത് മനസ്സിലാക്കാതെ സാജു പോൾ കള്ളനാണെന്നും അവനെ കൊല്ലേണ്ടതാണെന്നും ഒരു മാതാവ് വിളിച്ചുപറഞ്ഞത് സാമൂഹ്യ മാധ്യമങ്ങളിൽ ആഘോഷിക്കുന്ന ആളുകൾ ഈ തെരഞ്ഞെടുപ്പിൽ ഒരു വിഷയമാക്കുകയാണെങ്കിൽ അവരോട് എനിക്ക് ഒന്നും പറയാനില്ല. നിങ്ങൾ മനുഷ്യരാണോ, നിങ്ങൾ ഹൃദയമുള്ളവരാണോ, നിങ്ങൾ മനഃസാക്ഷിയുള്ളവരാണോ, ഇത് മാത്രമേ ഞാൻ ചോദിക്കുന്നുള്ളു’’; സാജു പോളിന്റെ വിശദീകരണം പക്ഷെ, അന്നത്തെ പ്രത്യേകമായ വൈകാരികാന്തരീക്ഷത്തിൽ മുങ്ങിപ്പോയി.
സംസ്ഥാനത്തൊട്ടാകെ യു.ഡി.എഫ് സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയ ഈ കൊടുംപാതകം, അമ്മയുടെ ആരോപണത്തോടെ പെരുമ്പാവൂരിൽ മാത്രം എൽ.ഡി.എഫിനെതിരാകുകയും സാജു പോളിന്റെ വിധി തീരുമാനിച്ച ഘടകമാകുകയുമായിരുന്നു. പിണറായി വിജയൻ സർക്കാർ വന്നശേഷമാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത് എന്ന ആശ്വാസം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു പിന്നീട് സി.പി.എമ്മിന്.
കഴിഞ്ഞ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിൽ പത്തുവർഷത്തെ എൽ.ഡി.എഫ് കുത്തക തകർത്ത് പെരുമ്പാവൂർ നഗരസഭയിൽ നേടിയ ജയമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ, യു.ഡി.എഫിന്റെ പ്രതീക്ഷ.
എന്നാൽ, ഈ പ്രതീക്ഷ തകിടം മറിച്ച ഒരു ആന്റി ക്ലൈമാക്‌സ് സംഭവിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിർമാണഫണ്ടിലേക്ക് ആർ.എസ്.എസിന് സംഭാവന നൽകിയ അപ്രതീക്ഷിത വിവാദം, എൽദോസിനെ വൻ കുരുക്കിലാക്കിയിരിക്കുകയാണ്. എൽദോസിനെ വീണ്ടും സ്ഥാനാർഥിയാക്കിയാൽ പ്രചാരണം ഈ വിഷയത്തിലൂന്നിയാകുമെന്ന് ഉറപ്പാണ്. ഇത് മുന്നിൽക്കണ്ട്, കോൺഗ്രസിൽ തന്നെ എൽദോസിനെതിരെ പടയൊരുക്കമുണ്ട്. തിരിച്ചുപിടിച്ച മണ്ഡലം നഷ്ടമാകുമെന്ന ആശങ്ക പോലും കോൺഗ്രസിനുണ്ട്. പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നും സീറ്റ് നൽകരുതെന്നുമുള്ള ആവശ്യം കോൺഗ്രസുകാർ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുമുണ്ട്.
ജോസ് കെ. മാണിയുടെ കേരള കോൺഗ്രസ് കണ്ണുവച്ചിട്ടുള്ള 15 സീറ്റുകളിൽ ഒന്നാണ് പെരുമ്പാവൂർ. ഇടതുമുന്നണിയിലേക്കുവരുമ്പോൾ എറണാകുളം ജില്ലയിൽ ഒരു സീറ്റ് നൽകാം എന്ന ധാരണയുണ്ടായിരുന്നതായി പറയുന്നു. പിറവമോ പെരുമ്പാവൂരോ ആകും ജോസ് കെ. മാണി ചോദിക്കുക. രാഷ്ട്രീയേതരമായ കാരണങ്ങളാൽ നഷ്ടമായി പെരുമ്പാവൂർ തിരിച്ചുപിടിക്കുന്നതിൽ കേരള കോൺഗ്രസിന്റെ സ്വാധീനം തുണയാകുമെന്ന പ്രതീക്ഷ സി.പി.എമ്മിനുമുണ്ട്. പെരുമ്പാവൂരിൽ പാർട്ടി ജില്ല പ്രസിഡന്റ് ബാബു ജോസഫിനെയാണ് ജോസ് വിഭാഗം പരിഗണിക്കുന്നത്.
പെരുമ്പാവൂർ നിയമസഭ മണ്ഡലത്തിൽ പെരുമ്പാവൂർ നഗരസഭയും ഏഴ് പഞ്ചായത്തുകളുമാണുള്ളത്- അശമന്നൂർ, കൂവപ്പടി, മുടക്കുഴ, ഒക്കൽ, രായമംഗലം, വെങ്ങോല, വേങ്ങൂർ.