നിയോ ലിബറലിസത്തിനും വർഗീയതയ്ക്കുമെതിരായ ഇടതുപക്ഷ ബദൽ നയങ്ങൾ നടപ്പാക്കിക്കൊണ്ടാണ് നവകേരള സൃഷ്ടിയ്ക്കായുള്ള, ഇച്ഛാശക്തിയോടുകൂടിയുള്ള ഇടപെടലുകൾ എൽ.ഡി.എഫ്. സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് ഹിന്ദുത്വവാദികളെയെന്നപോലെ സർവമാന വലതുപക്ഷ ശക്തികളെയും പ്രകോപിതരാക്കുന്നുണ്ട്. അതാണ് ഹിന്ദു വർഗീയവാദിയായ യോഗി ആദിത്യനാഥ് മുതൽ കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വരെയുള്ളവരുടെ പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്.
മനുഷ്യജീവിത ഗുണനിലവാര സൂചികകളിൽ ഇന്ത്യക്കാകെ മാതൃകയാകുന്ന മുന്നേറ്റമാണ് കേരളം നടത്തിയിട്ടുള്ളത്. യോഗി ആദിത്യനാഥിന്റെ കേരളത്തെ ആക്ഷേപിച്ചുകൊണ്ടുള്ള പ്രസ്താവന പുറത്തുവന്നതിനുപിന്നാലെ ദേശീയ മാധ്യമങ്ങൾ, നിതി ആയോഗിന്റെ പഠന റിപ്പോർട്ടുകൾ ഉദ്ധരിച്ചുകൊണ്ടുതന്നെ കേരളവും യു.പി.യും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള താരതമ്യ വിശകലനങ്ങൾ പുറത്തുവിടുകയുണ്ടായി. സാമൂഹ്യവികസന സൂചികകളിൽ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാളും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കുള്ളത് കേരളത്തിലാണ്. കേരളത്തിലെ ശിശുമരണനിരക്ക് 6 ആയിരിക്കുമ്പോൾ യു.പി.യിലേത് 64 ആണ്. എന്നുപറഞ്ഞാൽ യു.പി.യിലെ ശിശുമരണ നിരക്ക് കേരളത്തിലേക്കാൾ പത്തിരട്ടി അധികമാണ്. കേരളത്തിന്റേത് വികസിത രാജ്യങ്ങൾക്കൊപ്പം നിൽക്കുന്ന കണക്കാണ്.
യോഗിയും വി.ഡി. സതീശനും കേരളം ഗുണ്ടാരാജാണെന്ന് ഒരുപോലെ ആക്ഷേപിക്കുമ്പോൾ നിതി ആയോഗിന്റെ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ ഏറ്റവും സമാധാനപരമായ സാമൂഹ്യാന്തരീക്ഷവും മെച്ചപ്പെട്ട ഭരണനിർവഹണവും നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം.
കേരളവും യു.പി.യും: ഒരു താരതമ്യം
2019-20 ലെ നിതി ആയോഗ് ആരോഗ്യ സൂചികയിൽ കേരളത്തിന്റെ ഹെൽത്ത് ഇൻഡക്‌സ് സ്കോർ 82.2 ആണെങ്കിൽ യു.പി.യിലേത് 30.57 മാത്രമാണ്. കേരളത്തിൽ 98.1 ശതമാനം വീടുകളിൽ ശുചിത്വസൗകര്യമുള്ളപ്പോൾ യു.പി.യിലത് 35 ശതമാനം മാത്രമാണ്. കേരളത്തിൽ 97.9 സ്ത്രീകൾ സാക്ഷരരാണെങ്കിൽ യു.പി.യിലത് 61 മാത്രമാണ്. യു.പി.യിൽ പത്താം ക്ലാസോ അതിനുമുകളിലോ പഠിച്ച സ്ത്രീകൾ 32.9 മാത്രമാണ്. നിതി ആയോഗിന്റെ ദാരിദ്യ്രസൂചിക പ്രകാരം- മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്‌സ്- രാജ്യത്തേറ്റവും കുറച്ച് ദരിദ്രരുള്ള സംസ്ഥാനം യോഗി ആദിത്യനാഥും വി.ഡി. സതീശനും ഒരുപോലെ ആക്ഷേപിക്കുന്ന കേരളമാണ്.
കേരളത്തിലെ ദാരിദ്യ്രസൂചിക 0.71 ആണെങ്കിൽ യു.പി.യിലേത് 37.79 ആണ്. 2020-21 ലെ സുസ്ഥിര വികസന സൂചികയിൽ ഏറ്റവും മികച്ച സ്ഥാനം നേടാനായത് കേരളത്തിനാണ്. കേരളം 75 പോയന്റുമായി ഒന്നാംസ്ഥാനം കരസ്ഥമാക്കുമ്പോൾ 60 പോയന്റുമായി ഏറ്റവും മോശം നിലവാരത്തിൽ നിൽക്കുന്ന 5 സംസ്ഥാനങ്ങളിൽപ്പെട്ടതാണ് യു.പി.
യോഗിയും വി.ഡി. സതീശനും കേരളം ഗുണ്ടാരാജാണെന്ന് ഒരുപോലെ ആക്ഷേപിക്കുമ്പോൾ നിതി ആയോഗിന്റെ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ ഏറ്റവും സമാധാനപരമായ സാമൂഹ്യാന്തരീക്ഷവും മെച്ചപ്പെട്ട ഭരണനിർവഹണവും നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. 2021-ലെ പബ്ലിക് അഫയേഴ്‌സ് ഇൻഡക്‌സ് പ്രകാരം ഇന്ത്യയിൽ ഏറ്റവും മികച്ച രീതിയിൽ ഭരണനിർവഹണം നടപ്പാക്കുന്ന സംസ്ഥാനമായി തെരഞ്ഞെടുത്തത് കേരളത്തെയാണ്. ആ പട്ടികയിൽ ഏറ്റവും താഴത്തെ സ്ഥാനമാണ് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിനുള്ളത്.
ഇങ്ങനെ സാമൂഹ്യജീവിതത്തിന്റെ എല്ലാ സൂചികകളിലും ലോകം തന്നെ മാതൃകയായി കാണുന്ന സംസ്ഥാനമായി കേരളത്തിന് മാറാൻ കഴിഞ്ഞത് നമ്മുടെ നവോത്ഥാന ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ തുടർച്ചയിൽ സംസ്ഥാനത്ത് അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് ഇടതുപക്ഷ സർക്കാരുകളുടെ ഇടപെടലുകൾ മൂലമാണെന്ന കാര്യം ആർക്കും നിഷേധിക്കാനാവാത്ത ചരിത്രയാഥാർഥ്യമാണ്. കേരളത്തിന്റെ ജനോപകാരപ്രദവും ക്ഷേമോന്മുഖവുമായ വികസനമാതൃകയ്ക്ക് വെല്ലുവിളിയുയർത്തി 1990കളിലാരംഭിച്ച നിയോ ലിബറൽ നയങ്ങളെ പ്രതിരോധിച്ചും അതിജീവിച്ചുമാണ് കേരളത്തിന് അതിന്റെ നേട്ടങ്ങൾ സംരക്ഷിക്കാനും പുതിയ സാഹചര്യമാവശ്യപ്പെടുന്ന രീതിയിൽ മുന്നോട്ടുകൊണ്ടുപോകാനും കഴിയുന്നത്.
വിജ്ഞാനാധിഷ്ഠിതമായ ഒരു സമൂഹമായി കേരളത്തെ രൂപപ്പെടുത്തുകയെന്ന കാഴ്ചപ്പാടാണ് രണ്ടാം പിണറായി സർക്കാർ പ്രധാനമായും മുന്നോട്ടുവെച്ചിട്ടുള്ളത്.
ഹിന്ദുത്വവാദികളുടെ കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുന്ന നവ ലിബറൽ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരായ ബദൽ സമീപനമാണ് കേരളം മുന്നോട്ടുവെച്ചിട്ടുള്ളത്. നവകേരളസൃഷ്ടിയ്ക്കായാണ് ഇടതുപക്ഷ സർക്കാർ പ്രവർത്തിക്കുന്നത്. 1957-ലെ ഇ.എം.എസ്. സർക്കാർ നടപ്പാക്കിയ വിപ്ലവകരമായ ഭരണനടപടികളിലൂടെയാണ് ഇന്നത്തെ കേരളം സൃഷ്ടിക്കപ്പെടുന്നത്. 2016-ൽ അധികാരമേറ്റെടുത്ത പിണറായി വിജയൻ സർക്കാർ ആഗോളവൽകരണ ഭീഷണിയുയർത്തുന്ന കേരളത്തിന്റെ സാമൂഹ്യക്ഷേമ പദ്ധതികളെയും പൊതുമേഖലയെയും, ഇതുവരെ നാം നേടിയെടുത്ത എല്ലാ നേട്ടങ്ങളെയും സംരക്ഷിക്കുകയും അതിന്റെ പോരായ്മകൾ പരിഹരിച്ച് പുതിയ കാലം ആവശ്യപ്പെടുന്ന പദ്ധതികളാവിഷ്‌കരിച്ച് മുന്നോട്ടുപോകുകയെന്ന ലക്ഷ്യമാണ് ഏറ്റെടുത്തിരിക്കുന്നത്. വിജ്ഞാനാധിഷ്ഠിതമായ ഒരു സമൂഹമായി കേരളത്തെ രൂപപ്പെടുത്തുകയെന്ന കാഴ്ചപ്പാടും രണ്ടാം പിണറായി സർക്കാർ പ്രധാനമായും മുന്നോട്ടുവെച്ചിട്ടുണ്ട്.
സോഷ്യലിസ്റ്റ് നിലപാടിൽ നിന്ന് ഉത്പാദന വർധന
2021-ലെ ഭരണത്തുടർച്ചയെ തുടർന്ന് വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനുശേഷം പിണറായി വിജയൻ നടത്തിയ വാർത്താസമ്മേളനത്തിൽ കേരളസമൂഹത്തെ ഒരു മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി വളർത്തുകയെന്ന ഭരണഘടനാ ലക്ഷ്യമാണ് തങ്ങളെ നയിക്കുന്നതെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഒരു സോഷ്യലിസ്റ്റ് നിലപാടിൽ നിന്നുകൊണ്ട് ഉത്പാദനം വർധിപ്പിക്കുകയും അവ നീതിയുക്തമായി ജനങ്ങളിലേയ്ക്ക് വിതരണം ചെയ്യുകയെന്നുമുള്ള കാഴ്ചപ്പാടിൽ നിന്നാണ് പിണറായി വിജയൻ സർക്കാർ പ്രവർത്തിക്കുന്നത്. ഒന്നാം പിണറായി സർക്കാർ പ്രകടനപത്രികയിൽ വിഭാവനം ചെയ്ത എല്ലാ പദ്ധതികളും നടപ്പാക്കുന്നതിൽ അഭൂതപൂർവമായ മുൻകൈയാണ് കാണിച്ചത്.
ഉത്പാദനം വൻതോതിൽ വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.
കാർഷിക- വ്യാവസായിക രംഗത്ത് കേരളം നേരിടുന്ന ഉത്പാദനപരമായ മുരടിപ്പിന് പദ്ധതികൾ ആവിഷ്‌കരിച്ചു. ഉത്പാദന മേഖലയുടെ ശക്തിപ്പെടുത്തലിലൂടെ മാത്രമേ നവകേരള നിർമിതി മുന്നോട്ടുകൊണ്ടുപോകാനാവൂ എന്ന കാഴ്ചപ്പാടാണ് ഇടതുപക്ഷത്തിനുള്ളത്. എന്നാൽ നിയോ ലിബറൽ വാദികൾ എല്ലാവിധ ഉത്പാദന പ്രവർത്തനങ്ങളിൽ നിന്നും സമ്പദ്ഘടനയെ വഴിതിരിച്ച് ഡിസ്ഇൻവെസ്റ്റ്‌മെൻറിന്റെയും റിയൽ എസ്റ്റേറ്റ് ബിസിനസിന്റെയും തൊഴിൽരഹിതവും ഉത്പാദനരഹിതവുമായ വളർച്ച ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. 2016-ൽ എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വരുമ്പോൾ 1.7 ലക്ഷം ഹെക്ടർ നെൽകൃഷിയായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്. എന്നാലത് 2.2 ലക്ഷം ഹെക്ടറാക്കി ഉയർത്താൻ പിണറായി വിജയൻ സർക്കാരിന് കഴിഞ്ഞു. രൂക്ഷമായ വളർച്ചയുടെയും വെള്ളപ്പൊക്കത്തിന്റെയും സാഹചര്യത്തിലും കേരളത്തിൽ പതിനായിരക്കണക്കിന് ഹെക്ടറുകളിൽ നിന്ന് കൃഷി ലക്ഷത്തിലേറെ ഹെക്ടറുകളിലേയ്ക്ക് വ്യാപിപ്പിക്കാൻ കഴിഞ്ഞു. 2016-17 ൽ 1,71,398 ഹെക്ടറിൽ നെൽകൃഷി ചെയ്തു. 2017-18 ൽ 2,20,449 ഹെക്ടറിൽ കൃഷി ചെയ്തു. കാർഷിക ഉത്പാദനരംഗത്ത് പ്രത്യേകിച്ച് നെൽകൃഷിയുടെയും ക്ഷീരവികസനത്തിന്റെയും മത്സ്യകൃഷിയുടെയും രംഗത്ത് വലിയ മുന്നേറ്റമാണ് കേരളത്തിലുണ്ടായത്. പച്ചക്കറി ഉത്പാദനം 2015-16ൽ 6.28 ലക്ഷം മെട്രിക് ടൺ ആയിരുന്നു. അത് 2019-20 ൽ 15 ലക്ഷം മെട്രിക് ടൺ ആയി ഉത്പാദന വർധനവുണ്ടായി.
പ്രളയവും നിപയും കോവിഡും സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിച്ചാണ് കാർഷിക- വ്യാവസായിക രംഗങ്ങളിൽ ഉത്പാദനപരമായ വളർച്ചയുണ്ടാക്കാൻ കേരളത്തിനായത്. ഇതിന്റെയൊക്കെ അനിവാര്യമായ ഫലമെന്ന നിലയ്ക്കാണ് പിണറായി സർക്കാരിന് ഭരണത്തുടർച്ചയുണ്ടായത്.
വ്യവസായരംഗത്ത് പൊതുമേഖലയെ ശകതിപ്പെടുത്തുന്നതും സ്വകാര്യ നിക്ഷേപങ്ങളെ ആകർഷിക്കുന്നതുമായ സമീപനം സ്വീകരിച്ചതിന്റെ ഫലമായി വലിയ മാറ്റങ്ങളാണ് കേരളത്തിലുണ്ടായത്. യു.ഡി.എഫ്. ഭരണകാലത്തെ നയങ്ങൾ മൂലം തകർച്ചയിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിക്കുകയും പുനരുദ്ധരിക്കുകയും ചെയ്തു. 2015-16 ൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 131.60 കോടി രൂപയായിരുന്നു. അത് 2017-18 ആകുമ്പോഴേക്കും 5.11 കോടി ലാഭമുണ്ടാക്കുന്ന രീതിയിൽ മാറ്റാൻ കഴിഞ്ഞു. 2018-19 ൽ പൊതുമേഖലാ സ്ഥാപനങ്ങൾ 8.2 കോടി ലാഭം ഉണ്ടായി. കയർ, കൈത്തറി, കശുവണ്ടി തുടങ്ങിയ എല്ലാ പരമ്പരാഗത വ്യവസായങ്ങളും ഉത്പാദനപരമായി വികസിച്ചു. ഇവയിൽ ഉത്പാദനത്തിലും സംഭരണത്തിലും റെക്കോഡ് വർധനയാണുണ്ടായത്. പ്രളയവും നിപയും കോവിഡും സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിച്ചാണ് കാർഷിക- വ്യാവസായിക രംഗങ്ങളിൽ ഉത്പാദനപരമായ വളർച്ചയുണ്ടാക്കാൻ കേരളത്തിനായത്. ഇതിന്റെയൊക്കെ അനിവാര്യമായ ഫലമെന്ന നിലയ്ക്കാണ് പിണറായി സർക്കാരിന് ഭരണത്തുടർച്ചയുണ്ടായത്. ഇപ്പോൾ ഇടതുപക്ഷ സർക്കാർ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികളോടെയും ജനക്ഷേമപരിപാടികളോടെയും ഉറച്ച കാൽവെപ്പോടെ മുന്നോട്ടുപോവുകയാണ്.
ഇടതുപക്ഷവും വികസനവും
ഒന്നാം പിണറായി സർക്കാരിന്റെ സദ്ഭരണത്തിന് കിട്ടിയ അംഗീകാരമാണ് തുടർഭരണമെന്നും അത് പുതിയ കാലമാവശ്യപ്പെടുന്ന വികസനക്കുതിപ്പിനുള്ള അവസരമാണെന്നും ഇടതുപക്ഷ ജനാധിപത്യമുന്നണി തിരിച്ചറിയുന്നുണ്ട്. എല്ലാവർക്കും തൊഴിലവസരം സൃഷ്ടിക്കുക, പ്രത്യേകിച്ച് മുൻനിര ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ള പ്രൊഫഷണലുകൾക്കാവശ്യമായ തൊഴിലവസരം ഉണ്ടാക്കുക, കാർഷിക അഭിവൃദ്ധി, വ്യവസായ വളർച്ച, പട്ടയവിതരണം, ലൈഫ്, സംരംഭ പ്രോത്സാഹനം, റോഡ്, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ഡിജിറ്റൽ വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ മേഖലകളുടെ വികസനം, പാർശ്വവൽക്കരിക്കപ്പെട്ടവർക്കുള്ള കൈത്താങ്ങ്, ദുരിതാശ്വാസ പദ്ധതികൾ, മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം, ആദിവാസി- ദലിത് ഉന്നമനം തുടങ്ങി സമൂഹത്തിന്റെ സർവമേഖലകളെയും ഉൾക്കൊള്ളുന്ന വികസന പരിപ്രേക്ഷ്യമാണ് സർക്കാരിനുള്ളത്. ഉൽപാദനം വൻതോതിൽ വർദ്ധിപ്പിക്കുക, അതിന്റെ ഫലമായ സമ്പത്ത് നീതിയുക്തമായി വിതരണം ചെയ്യുക, അതുവഴി നാട്ടിലുള്ള എല്ലാവിഭാഗം ജനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങളും ജീവിതാവശ്യങ്ങളും ഉറപ്പുവരുത്തുക എന്നിവയാണ് ഇടതുപക്ഷത്തിന്റെ വികസന കാഴ്ചപ്പാട്.
പൊതുവായ വളർച്ചയുണ്ടാകുമ്പോൾ തന്നെ സമൂഹത്തിൽ മുപ്പതോളം ആദിവാസി- ദലിത്- മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ജീവിതം താരതമ്യേന അവശവും പിന്നാക്കവുമാണെന്ന യാഥാർഥ്യം നിലനിൽക്കുന്നുണ്ട്.
കേരളത്തിന്റെ സാമൂഹ്യ പുരോഗതിയുടെ വളർച്ചയുടെയും ഭാവി ആവശ്യങ്ങളുടെയും സവിശേഷതകൾ കണക്കിലെടുത്താണ് ഇടതുപക്ഷം അതിന്റെ വികസന കാഴ്ചപ്പാട് രൂപപ്പെടുത്തിയിട്ടുള്ളത്. കേരളം സാമൂഹ്യവികാസത്തിന്റെ ഒരു സവിശേഷഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഒന്നാം കേരള സർക്കാരിന്റെ വിപ്ലവകരമായ ഇടപെടലുകളുടെ തുടർച്ചയിൽ ജന്മിത്വത്തിന്റെ സാമ്പത്തിക അടിത്തറ തകർന്നുകഴിഞ്ഞിട്ടുണ്ട്. എന്നാൽ അതിന്റെ സാംസ്കാരിക രൂപങ്ങളും ആൺകോയ്മാ സമ്പ്രദായങ്ങളും നമ്മുടെ സമൂഹത്തിൽ അള്ളിപ്പിടിച്ച് കിടക്കുന്നു. നിയോ ലിബറൽ മൂലധനതാൽപര്യങ്ങളുമായി ചേർന്ന് അതൊക്കെ പുതിയ രൂപത്തിൽ പുനരാനയിക്കപ്പെടുകയും പുനരുത്ഥാനത്തിേന്റതായ പ്രതിലോമ സംസ്കാരം പിടിമുറുക്കുകയും ചെയ്യുന്നുണ്ട്. ഇന്നും അടിമ- ഉടമ ബന്ധങ്ങളുടെയും ജന്മിത്വ ഘടനയുടെയും നൂറ്റാണ്ടുകൾ നീണ്ട ആധിപത്യം സൃഷ്ടിച്ച ജാതീയതയും സാമൂഹ്യമായ മറ്റൊട്ടനവധി അടിച്ചമർത്തലുകളും തീഷ്ണമായി നിലനിൽക്കുന്നുണ്ട്. പൊതുവായ വളർച്ചയുണ്ടാകുമ്പോൾ തന്നെ സമൂഹത്തിൽ മുപ്പതോളം ആദിവാസി- ദലിത്- മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ ജീവിതം താരതമ്യേന അവശവും പിന്നാക്കവുമാണെന്ന യാഥാർഥ്യവും നിലനിൽക്കുന്നുണ്ട്.
ജന്മിത്വത്തിന്റെ തകർച്ചയോടെയും വിവിധ സാമൂഹ്യക്ഷേമപദ്ധതികളുടെ പിൻബലത്തോടെയും കേരളീയസമൂഹത്തിൽ വിവിധ ജനവിഭാഗങ്ങളിൽ നിന്നും ഒരു ഇടത്തരം വിഭാഗം വളർന്നുവന്നുകഴിഞ്ഞിട്ടുണ്ട്. ഇത് കേരളത്തിന്റെ സാമൂഹ്യവളർച്ചയുടെ ഭാഗമാണ്. ഈ ജനവിഭാഗം കൂടുതൽ ഉയർച്ചക്കുവേണ്ടി ഉന്നത വിദ്യാഭ്യാസത്തെ പ്രധാനമായും ആശ്രയിക്കുന്നവരുമാണ്. ഉന്നത വിദ്യാഭ്യാസം നേടിയ ഇടത്തരം വിഭാഗങ്ങളിൽപ്പെട്ടവർക്ക് അതിനനുസരിച്ചുള്ള തൊഴിൽ കേരളത്തിൽ ലഭിക്കുന്നില്ലെന്ന പ്രശ്‌നവും തീക്ഷ്ണമായി നിലനിൽക്കുന്നു.
ഇതൊക്കെ കാണിക്കുന്നത് കേരളം ഒരു പരിവർത്തനഘട്ടത്തിലാണെന്നാണ്. ജന്മിത്വം തകർന്ന് ആധുനിക ജീവിതാവസ്ഥയിലേയ്ക്ക് കേരളസമൂഹം എത്തിച്ചേർന്നിട്ടുണ്ട്. ഇത്തരമൊരു സമൂഹത്തിന്റെ ആവശ്യങ്ങളെയും പ്രശ്‌നങ്ങളെയും മനസ്സിലാക്കി പരിഹാരമുണ്ടാക്കുകയെന്നതാണ് ഇടതുപക്ഷ സർക്കാരിൽ അർപ്പിതമായ കടമ. നിയോ ലിബറൽ നയങ്ങൾ സൃഷ്ടിച്ച വൈരുദ്ധ്യങ്ങളെയും വികസന പ്രതിസന്ധികളെയും അത് തീക്ഷ്ണമാക്കിയ സാമൂഹ്യ അവശതകളെയും പരിഹരിക്കാനാവശ്യമായ ഇടപെടലുകളാണ് ചരിത്രം ഒരു ഇടതുപക്ഷ സർക്കാരിലേൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വം. ഇവിടെ നമ്മുടെ തന്നെ അനുഭവങ്ങളിൽ നിന്നും ലോക സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ പഠിച്ചുകൊണ്ടേ മുന്നോട്ടുപോകാനാവൂ.
സി.പി.എമ്മും അത് നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ സർക്കാരും 75 വർഷം നിലനിന്ന സോവിയറ്റ് യൂണിയന്റെ അനുഭവങ്ങളും ഇന്ന് ചൈനയും വിയറ്റ്‌നാമും പോലുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങൾ സ്വീകരിക്കുന്ന വഴികളും മുന്നേറ്റങ്ങളും അവ നേരിടുന്ന പുതിയ പ്രശ്‌നങ്ങളുമെല്ലാം മനസ്സിലാക്കി മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ഏത് സർക്കാരും അതിന്റെ ഭരണാധികാരം ഉപയോഗിച്ച് ഉത്പാദനശക്തികളെ വികസിപ്പിക്കാനും സാമ്പത്തിക പ്രവർത്തനങ്ങളെ ചലനക്ഷമമാക്കാനും നീതിയുക്തമായ വിതരണം ഉറപ്പുവരുത്താനുമാണ് പ്രാഥമികമായി ശ്രദ്ധയൂന്നേണ്ടത്.
വിതരണത്തിൽ എത്ര നീതി ഉറപ്പുവരുത്താനാവുമെന്നതാണ് ഓരോ സമൂഹത്തിന്റെയും സമത്വത്തിന്റെ അടിസ്ഥാനമായി തീരുന്നത് എന്ന തിരിച്ചറിവോടെ ഇടപെടാനാണ് ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നത്.
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പഠിപ്പിക്കുന്നതുപോലെ, ഉത്പാദനശക്തികളുടെ ആകെത്തുക വർധിപ്പിക്കുന്നതിന് തൊഴിലാളിവർഗം അതിന്റെ ആധിപത്യത്തെ ഉപയോഗപ്പെടുത്തുകയാണ് ഭരണാധികാരമുപയോഗിച്ച് ചെയ്യേണ്ടത്. അതുവഴി ഉത്പാദിപ്പിക്കുന്ന വസ്തുക്കളെ നീതിയുക്തമായി വിതരണം ചെയ്യുന്ന സംവിധാനമാക്കി സമൂഹത്തെ മാറ്റാനാണ് പരിശ്രമിക്കേണ്ടത്. അതായത് സോഷ്യലിസത്തെ ലക്ഷ്യമാക്കുന്നവർ ഉത്പാദനശക്തികളെ വികസിപ്പിക്കുകയും ഉത്പാദനം വർധിപ്പിക്കുകയും വിതരണത്തിൽ നീതി ഉറപ്പുവരുത്തുകയും വേണം. വിതരണത്തിൽ എത്ര നീതി ഉറപ്പുവരുത്താനാവുമെന്നതാണ് ഓരോ സമൂഹത്തിന്റെയും സമത്വത്തിന്റെ അടിസ്ഥാനമായി തീരുന്നത് എന്ന തിരിച്ചറിവോടെ ഇടപെടാനാണ് ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നത്.
എല്ലാവർക്കും ഭക്ഷണം, എല്ലാവർക്കും വീട്, എല്ലാവർക്കും കുടിവെള്ളം, എല്ലാവർക്കും വൈദ്യുതി, എല്ലാവർക്കും വിദ്യാഭ്യാസവും ആരോഗ്യ ചികിത്സയും, എല്ലാവർക്കും തൊഴിൽ, എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യത, ദുർബല വിഭാഗങ്ങൾക്ക് പരിരക്ഷയും ക്ഷേമപെൻഷനുകളും- ഇതാണ് ഇടതുപക്ഷത്തിന്റെ വികസന സമീപനം. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും നിക്ഷേപാന്തരീക്ഷവും വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെ-ഫോണും കെ-റെയിലും കെ-ഡിസ്കും പോലുള്ള നൂതന ആവിഷ്‌കാരങ്ങളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.
പശ്ചാത്തല സൗകര്യം ഉറപ്പുവരുത്തിയാലേ കേരളം നേരിടുന്ന വികസനപ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയുകയുള്ളൂ. നിലനിൽക്കുന്ന ലോകവ്യവസ്ഥയുടെ യാഥാർഥ്യങ്ങളിൽ നിന്നും ഒരു സംസ്ഥാന സർക്കാരിന്റെ പരിമിതികൾക്കകത്തുനിന്നും അടിസ്ഥാന സൗകര്യവികസനം ഉറപ്പുവരുത്താനാണ് സർക്കാർ നോക്കുന്നത്.
കേരളത്തിന്റെ തീക്ഷ്ണമാകുന്ന ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരം തേടിക്കൊണ്ടാണ് അപകടം കുറഞ്ഞതും പരിസ്ഥിതിസൗഹാർദപരവുമയ കെ റെയിൽ പോലുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കാൻ ഇടതുപക്ഷ സർക്കാർ ശ്രമിക്കുന്നത്. അതിനായി ബജറ്റിനുപുറത്ത് കിഫ്ബി പോലുള്ള മൂലധന സമാഹരണ സംവിധാനങ്ങളും വിദേശവായ്പാ സൗകര്യങ്ങളുമെല്ലാം ഉപയോഗിച്ച് സർക്കാർ ഉടമസ്ഥതയിലും നിയന്ത്രണത്തിലും അടിസ്ഥാന സൗകര്യവികസനം ഉറപ്പുവരുത്തുകയാണ് പിണറായി വിജയൻ സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം വികസന പദ്ധതികൾക്കെതിരെ വസ്തുതാബന്ധമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ബി.ജെ.പി.യും യു.ഡി.എഫും അടങ്ങുന്ന നിയോ ലിബറൽ നയങ്ങളുടെ വക്താക്കൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.