സംസ്ഥാനത്ത് പൊലീസ് നടപടികളെക്കുറിച്ചുള്ള ചർച്ചയിൽ ഇന്ന് നിയമസഭയിൽ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി പൊലീസിന്റെ ജനാധിപത്യ, മനുഷ്യാവകാശ ലംഘനങ്ങളെ ന്യായീകരിക്കുന്നതും ജനങ്ങൾക്ക് മേൽ പൊലീസ് നടത്തുന്ന അതിക്രമങ്ങൾക്ക് രാഷ്ട്രീയാംഗീകാരം നൽകുന്നതുമാണ്. ഒരുതരത്തിലും അംഗീകരിക്കാൻ പാടില്ലാത്തതും പ്രതിഷേധാർഹവുമായ നിലപാടാണ് മുഖ്യമന്ത്രിയുടേത്. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുടെ മുഖത്തടിച്ച സംഭവത്തെപ്പോലും നിസാരവത്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അട്ടപ്പാടിയിലെ സംഭവത്തിന്റെ ദൃശ്യങ്ങൾ കണ്ടാൽ ആർക്കും മനസിലാകും അയാളുടെ മുഖത്തടിക്കാനുള്ള ഒരു ആപത്സാഹചര്യവും പൊലീസ് അവിടെ നേരിട്ടിട്ടില്ല എന്ന്.
കേരളത്തിലെ ജനങ്ങളുടെ മേൽ കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ പൊലീസ് കാണിക്കുന്ന ഈ പരപീഡയുടെ അധികാരഗർവ്വ് കേരള സമൂഹത്തെ എത്രമാത്രം അസ്വസ്ഥമാക്കിയിട്ടുണ്ടെന്നും ആശങ്കയിലാക്കിയിട്ടുണ്ടെന്നും ഒരു ഭരണാധികാരി എന്ന നിലയിൽ പിണറായി വിജയന് തിരിച്ചറിയാൻ കഴിയാത്തത് നിർഭാഗ്യകരമാണ്, എന്നാലത് ചരിത്രത്തിൽ പലപ്പോഴും സംഭവിക്കുന്നതാണ്. ഭരണാധികാരം അതിന്റെ സഹായികളായി കാണുന്നത് പോലീസടക്കമുള്ള ഉദ്യോഗസ്ഥ സംവിധാനത്തെ മാത്രമാവുകയും ഭരണസംവിധാനം എന്നത് ജനങ്ങൾക്ക് ഇടപെടാൻ അവകാശമില്ലാത്തതും ജനങ്ങളോട് മറുപടി പറയേണ്ടതുമല്ലാത്ത ഒന്നായി മാറുകയും ചെയ്യുമ്പോൾ ശരികൾ മാത്രം ചെയ്യുന്നവരായി ചമയുക മാത്രമല്ല, തങ്ങൾ ചെയ്യുന്നതാണ് ശരി എന്ന് മറ്റുള്ളവർ അംഗീകരിക്കാത്തതിൽ അവർക്ക് അനല്പമായ ക്ഷോഭവും ഉണ്ടാകും. പൊലീസിന്റെ മനുഷ്യാവകാശ വിരുദ്ധതയെ നിയന്ത്രിക്കുന്നതിനും തിരുത്തിക്കുന്നതിനും ആഭ്യന്തര മന്ത്രിക്ക് കഴിയാതെ പോകുന്നത് ഭരണ സംവിധാനവും ജനങ്ങളും തമ്മിലുള്ള മേൽക്കീഴ് ബന്ധത്തെക്കുറിച്ച് അദ്ദേഹം പുലർത്തുന്ന ഈ ഉദ്യോഗസ്ഥ മനോഭാവം കൊണ്ടാണ്.
പൊലീസിന്റെ ത്യാഗപൂർണ്ണമായ സേവനത്തെക്കുറിച്ചാണ് മുഖ്യമന്ത്രി ഓർമ്മിപ്പിക്കുന്നത്. ശമ്പളം നൽകുന്ന ഒരു ജോലി ചെയ്യുന്നത് ത്യാഗമല്ല. സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ ശരാശരി നിലവാരത്തിലെങ്കിലും ലഭിക്കുന്നത് ഉദ്യോഗസ്ഥർ കാണിക്കുന്ന എന്തോ വലിയ ത്യാഗമാണെന്ന മട്ടിലുള്ള ഒരാഖ്യാനം നിരന്തരം നടത്തുന്നുണ്ട്. അങ്ങനെയാണ് പൊലീസിന്റെ സേവനം ത്യാഗമായി മാറുന്നത്. ഒരു മഹാമാരിക്കാലത്ത് പൊതുജനാരോഗ്യ സേവനങ്ങളിൽ ഏർപ്പെടുന്ന ആരോഗ്യവകുപ്പ് അവരുടെ ജോലി ചെയ്യുകയാണ്. ഇത്തരം മഹാമാരിയൊക്കെ വരുമ്പോൾ ജോലി ചെയ്യാനാണ് നമ്മൾ ഇവർക്കൊക്കെ ചെല്ലും ചെലവും കൊടുക്കുന്നത്. എല്ലാ ദിവസവും നാട് മുഴുവൻ വെള്ളപ്പൊക്കവും തീ പിടിത്തവും ഒന്നുമുണ്ടാകില്ല. എന്നിട്ടും അതിനെതിരായ ജാഗ്രതാ സംവിധാനങ്ങളെ മുഴുവൻ സമയവും തീറ്റിപ്പോറ്റുന്നത് അത്തരമൊരു അപകടാവസ്ഥയിൽ രംഗത്തിറങ്ങാനാണ്. അത് ത്യാഗമല്ല, ജോലിയാണ്.
കെടുകാര്യസ്ഥതയും സാധാരണ ജനത്തോടുള്ള പുച്ഛവുംകൊണ്ട് നാറുന്ന സർക്കാർ കാര്യാലയങ്ങൾ ഏതെങ്കിലുമൊരു ഘട്ടത്തിൽ അവരുടെ പണിയെടുത്താൽ അത് കൊട്ടിഘോഷിക്കുന്ന ത്യാഗമായി മാറുന്നത് സാമാന്യബോധത്തെ കൊഞ്ഞനം കുത്തലാണ്. കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും കോവിഡ് മഹാമാരിയുടെ സാമ്പത്തിക പ്രത്യാഘാതങ്ങളിൽ തകർന്നുകിടക്കുമ്പോൾ നിലവിൽത്തന്നെ മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പള വർദ്ധനവും മറ്റാനുകൂല്യങ്ങളും നൽകിയത് ഈ ജനവിരുദ്ധമായ കാഴ്ചപ്പാടിന്റെ ഭാഗമായാണ്. പോലീസുകാർ അവരുടെ ജോലിചെയ്യുന്നതിനു മുഖ്യമന്ത്രി ത്യാഗം എന്നാണു വിളിക്കുന്നതെങ്കിൽ അതദ്ദേഹത്തിന്റെ വീക്ഷണത്തിന്റെ പ്രശ്‌നമാണ്.
2016-17-ൽ അഞ്ചു പേരാണ് പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത്. 2017-18-ൽ മൂന്നു പേരും 2018-19-ൽ എട്ടു പേരും പോലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. 2018-19-ൽ ബിഹാറിനും ആന്ധ്ര പ്രദേശിനുമൊക്കെ മുകളിലായിരുന്നു കസ്റ്റഡി കൊലപാതകങ്ങളിൽ കേരളത്തിന്റെ സ്ഥാനം. കൂടുതൽ പേരെ കൊന്നില്ല എന്നതാണ് മുഖ്യമന്ത്രി പറഞ്ഞ ത്യാഗം എന്നൂഹിക്കാം. പൊലീസ് ജനങ്ങളോട് നന്നായി പെരുമാറുന്നു എന്നത് ത്യാഗമോ ആനുകൂല്യമോ ഒന്നുമല്ല. അതല്ലാതെ എന്തുവേണമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്?
സർക്കാർ സംവിധാനങ്ങൾ ജനങ്ങളോട് പുലർത്തേണ്ട ഔദാര്യമല്ല സർക്കാർ സേവനങ്ങൾ. അത് ജനങ്ങളുടെ അവകാശമാണ്. ജനങ്ങളെ ഭരണസംവിധാനത്തിനു പുറത്തുള്ള ഒരു വസ്തുവായി കാണുമ്പോഴാണ് ഈ ത്യാഗവും സേവനവുമൊക്കെ വരുന്നത്. കുത്തനെയല്ല വിലങ്ങനെയാണ് ജനാധിപത്യത്തിന്റെ ഭരണസംവിധാനം പ്രവർത്തിക്കേണ്ടത്; അങ്ങനെയല്ല എന്നുള്ളതാണ് നാം നേരിടുന്ന വെല്ലുവിളി.
പൊലീസുകാരുടെ അതിക്രമങ്ങൾ, എടാ പോടാ വിളികൾ, ചോദ്യം ചെയ്യുന്നവരെ കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിന്റെ പേരിൽ കേസെടുത്ത് പീഡിപ്പിക്കൽ, ഏതു തർക്കത്തിലേയും അവസാന വാക്കായി സ്ഥലത്തെ പൊലീസ് സ്റ്റേഷൻ മാറൽ, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മുഖത്തടിയ്ക്കൽ, ഉപജീവനമാർഗമടക്കമുള്ള സാധന സാമഗ്രികൾ നശിപ്പിക്കൽ എന്നിവയൊക്കെ ത്യാഗത്തിന്റെ കണക്കിൽ എഴുത്തിത്തള്ളാൻ മുഖ്യമന്ത്രിക്ക് കഴിയുന്നത് അദ്ദേഹത്തിന് ഉദ്യോഗസ്ഥാധികാരവും ജനങ്ങളുടെ ജനാധിത്യാവകാശങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഒരു പക്ഷമുള്ളതുകൊണ്ടാണ്; അത് ഉദ്യോഗസ്ഥദുഷ്പ്രഭത്വത്തിനെ ഒപ്പം നിർത്തുക എന്ന നിലപാടാണ്.
പൊലീസ് രാജിനെതിരായി സംസ്ഥാനത്ത് പൊതുജനാഭിപ്രായം ഉയരുന്ന സന്ദർഭത്തിലെല്ലാം ഇത്തരത്തിൽ പൊലീസുകാർക്ക് കൂടുതൽ മനുഷ്യാവകാശ ലംഘന മനോവീര്യം കുത്തിവെക്കുന്നത് മുഖ്യമന്ത്രി ഒന്നിലേറെത്തവണയായി ആവർത്തിക്കുന്നതുകൊണ്ട് അതൊരു നിലപാടാണ് എന്നുതന്നെ കരുതാവുന്നതാണ്. അതും നമ്മെ അമ്പരപ്പിക്കേണ്ടതില്ല. ശരിയായ രാഷ്ട്രീയ നിലപാടുകൾക്കും ഒരു രാഷ്ട്രീയ സന്ദർഭത്തിൽ അതിന്റെ ചരിത്രപരമായ ശരികൾക്കും വേണ്ടിയാണ് നമ്മൾ രാഷ്ട്രീയത്തിൽ ഇടപെടേണ്ടതും സംസാരിക്കേണ്ടതും. അതുകൊണ്ടുതന്നെ ഇടതുപക്ഷ രാഷ്ട്രീയം എന്നുപറയുന്നത് വോട്ടുചെയ്ത് മിണ്ടാതിരിക്കലല്ല; ഇടതുപക്ഷ രാഷ്ട്രീയം നിരന്തരം പറയുകയും പ്രവർത്തിക്കുകയും കൂടിയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകുന്ന എൽ.ഡി.എഫ് സർക്കാരിന്റെ പൊലീസ് നയം തെറ്റാണ്. ഭരണസംവിധാനത്തിൽ ഇടപെടാനും ചോദ്യം ചെയ്യാനുമുള്ള ജനങ്ങളുടെ രാഷ്ട്രീയ ജാഗ്രതയെ അടിച്ചമർത്തുന്ന, കൊളോണിയൽ കാലം മുതലുള്ള ജനവിരുദ്ധ പൊലീസ് രീതികളുടെ പകർപ്പായി കേരള പൊലീസ് പ്രവർത്തിക്കുകയാണ്. ഒരു ഇടതുപക്ഷ സർക്കാർ എടുക്കേണ്ട സമീപനമല്ല ഇക്കാര്യത്തിൽ എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നത്. മുഖ്യമന്ത്രിക്ക് പൊലീസിനോടുള്ള സ്‌നേഹവാത്സല്യങ്ങൾ ജനങ്ങൾക്കില്ലാത്തത് പൊലീസിനെക്കൊണ്ട് മുഖ്യമന്ത്രിക്കും ഭരണവർഗത്തിനുമുള്ള ആവശ്യമല്ല ജനങ്ങൾക്ക് അവരെക്കൊണ്ടുള്ളത് എന്നുള്ളതുകൊണ്ടാണ്.
ഒരാളോ ഒരു ചെറു സംഘമോ മാത്രമല്ല, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും ഇടതുപക്ഷ രാഷ്ട്രീയവും അതിന്റെ വർഗബോധവുമുള്ള ആയിരക്കണക്കിന് മനുഷ്യരാണ് കേരളത്തിലെ ഇടതുപക്ഷ, ജനാധിപത്യ സമൂഹം. ഇടതുപക്ഷ രാഷ്ട്രീയത്തിന് പുറത്തും ജനാധിപത്യ മതേതര രാഷ്ട്രീയ ധാരകളിലുള്ളവരും ചേർന്നതാണ് ഈ സർക്കാരും പൊതുസമൂഹവും. അതുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും ഭരണസംവിധാനവും രാഷ്ട്രീയ കക്ഷികളുമെല്ലാം ജനങ്ങളുടെ നിരന്തര രാഷ്ട്രീയ വിമർശനത്തിനും പരിശോധനയ്ക്കും അതീതരല്ല. അട്ടപ്പാടിയിൽ ഒരു കുട്ടിയുടെ മുഖത്തടിച്ച പൊലീസുകാരനെ സർവ്വീസിലിരുത്തിക്കൊണ്ട് പോലീസിന്റെ ത്യാഗത്തെക്കുറിച്ചു ആഭ്യന്ത്രര മന്ത്രി പറയുമ്പോൾ അത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയമല്ല, ഇടതുപക്ഷ രാഷ്ട്രീയമല്ല. മറിച്ച് എക്കാലത്തും മനുഷ്യാവകാശ ലംഘകരായ മർദ്ദക സംവിധാനങ്ങളെ ഒപ്പം നിർത്തുന്ന സ്ഥിരം ഭരണാധികാരി വർത്തമാനം മാത്രമാണ്.
കേരളം കണ്ട ഏറ്റവും ജനാധിപത്യ വിരുദ്ധനായ പൊലീസ് മന്ത്രിയായിരുന്നു കെ. കരുണാകരൻ. പൊലീസുകാരുടെ ആശ്രിതവത്സലൻ. ആശ്രിതവാത്സല്യവും ജനങ്ങൾ അടക്കിഭരിക്കപ്പെടേണ്ടവരാണ് എന്ന ബോധവും ജനാധിപത്യവിരുദ്ധമാണ്. കരുണാകരൻ ഓർമ്മിക്കപ്പെടുന്നത് ഈ കഥകൾ പറയുമ്പോൾ മാത്രമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരനായതുകൊണ്ട് ജനങ്ങൾ തെരഞ്ഞെടുത്ത മുഖ്യമന്ത്രി കരുണാകരനെപ്പോലെ ചരിത്രത്തിൽ ഓർമ്മിക്കപ്പെടാൻ ഇടവരുത്തരുത്. അത് മുഖ്യമന്ത്രിക്ക് തോന്നിയില്ലെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തോന്നേണ്ടതുണ്ട്.