സി.പി.എമ്മിന് ബി.ജെ.പിയോട് ശത്രുതയില്ല, അതൊരു പരസ്പര ബന്ധമാണ്

‘‘സി.പി.എമ്മിന് ബി.ജെ.പിയോട് വലിയ ശത്രുതയില്ല, അതൊരു പരസ്പര ബന്ധമാണ്. ഉദാഹരണത്തിന്, പല കേസുകളും നോക്കൂ. സ്വർണ കള്ളക്കടത്ത് കേസിൽ എന്തെങ്കിലും സംഭവിച്ചോ? ഇ.ഡി അന്വേഷിച്ചു, കാര്യങ്ങൾ വ്യക്തമായി. എന്നിട്ട് എന്തു നടന്നു? റിട്ടയർ ചെയ്ത ഒരു ഗവ. സെക്രട്ടറിയെ കുറെക്കാലം ജയിലിലിട്ടതല്ലാതെ ഒന്നും സംഭവിച്ചില്ല. ലാവ്ലിൻ കേസ് 34-ാമത്തെ തവണയാണ് മാറ്റിവെക്കുന്നത്. ചരിത്രത്തിൽ ഇല്ലാത്തതാണിത്. സി.പി.എമ്മിനും ഇഷ്ടം, കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ തുടരുന്നതാണ്. കാരണം, അതിലൂടെ അവർക്ക് പല കേസുകളിൽനിന്നും രക്ഷപ്പെടാൻ കഴിയുന്നു.’’- എം. കുഞ്ഞാമൻ എഴുതുന്നു.

Think

പുതുപ്പള്ളിയിൽ, എൽ.ഡി.എഫിന്റെയും സംസ്ഥാന സർക്കാറിന്റെയും വികസനത്തെക്കുറിച്ചുള്ള അവകാശവാദം ജനം തള്ളിക്കളഞ്ഞതായി എം. കുഞ്ഞാമൻ. ‘‘വികസനവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ഒരു മുൻഗണനാക്രമമുണ്ട്. അതിൽ കെ- റെയിൽ വരുന്നില്ല. ജനകീയമായ മുൻഗണനാക്രമം മനസ്സിലാക്കാതെ നടത്തുന്ന വികസനത്തിൽ ജനങ്ങൾക്ക് പങ്കാളിത്തമില്ല, അവർക്ക് അഭിപ്രായവുമില്ല. അവിടെ അവരുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള വികസനമല്ല വേണ്ടത് എന്ന് ജനം അറിയിച്ചു എന്നുമാത്രം.’’- ഇന്ന് പ്രസിദ്ധീകരിക്കുന്ന ട്രൂകോപ്പി വെബ്സീനിൽ അദ്ദേഹം എഴുതുന്നു.

‘‘ഉമ്മൻചാണ്ടിയുടെ തുടർച്ചയായ വിജയം ഒരു രാഷ്ട്രീയത്തിന്റെ തുടർച്ചയായിരുന്നില്ല, ആ വ്യക്തിയുടെ പ്രത്യേകതയാണ്. അദ്ദേഹത്തെ ചെന്നു കാണാൻ എളുപ്പമാണ്. ആരു ചെന്നാലും, പാർട്ടി നോക്കാതെ പ്രശ്നങ്ങൾ ശ്രദ്ധിച്ചുകേൾക്കും, കഴിയുന്നത് ചെയ്തുകൊടുക്കും. അദ്ദേഹത്തിന് 42 അകമ്പടി വാഹനങ്ങളില്ല. ഇതെല്ലാം ആളുകളെ ആകർഷിച്ച കാര്യം തന്നെയായിരുന്നു. അതേസമയം ഇത് രാഷ്ട്രീയമായ സമീപനമായിരുന്നു എന്നു പറയാൻ കഴിയില്ല. അത് കോൺഗ്രസ് രാഷ്ട്രീയത്തിന്റെ പോലും ഭാഗമല്ല. കാരണം, കോൺഗ്രസ് രാഷ്ട്രീയം ജനങ്ങളെ ശ്രദ്ധിക്കുന്നതും ജനകീയവുമാണ് എ ന്നൊന്നും പറയാൻ പറ്റില്ല.’’

ഉമ്മന്‍ ചാണ്ടി

‘‘കേരളത്തിൽ ജനം പൊറുതിമുട്ടിയിരിക്കുകയാണ്. ഇത്തരത്തിലൊരു അസഹനീയമായ ഭരണാന്തരീക്ഷം കേരളത്തിലുണ്ടായിട്ടില്ല; അഴിമതിയുടെ കാര്യത്തിലായാലും വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതിന്റെ കാര്യത്തിലായാലും ഭരണാധികാരികളുടെ ധൂർത്തിന്റെ കാര്യത്തിലായാലും, ഇങ്ങനെയൊരു അവസ്ഥ കേരളത്തിലുണ്ടായിട്ടില്ല. അത്, പുതുപ്പള്ളിയിൽ കോൺഗ്രസ് ജനങ്ങൾക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തു. അതുകൊണ്ടുതന്നെ, യു.ഡി.എഫിന് ധാരാളം മാർക്സിസ്റ്റ് വോട്ടുകൾ കിട്ടിയിട്ടുണ്ട്. എൽ.ഡി.എഫിന് നഷ്ടമായ 12,000-ലേറെ വോട്ടുകൾ കോൺഗ്രസിനാണ് ലഭിച്ചത്. സി.പി.എമ്മിലുള്ളവർക്കുതന്നെ, പാർട്ടി നേതൃത്വത്തോട് അതൃപ്തി നിലനിൽക്കുന്നുണ്ട്. എന്നാൽ, സ്വന്തം രാഷ്ട്രീയനേതൃത്വത്തിൽ മാറ്റം കൊണ്ടുവരാൻ അവർക്ക് കഴിയില്ല. അത് അവർ വോട്ടർമാർ എന്ന നിലയ്ക്ക് ഉപയോഗപ്പെടുത്തിയെന്നുമാത്രം. വോട്ടർമാർ എന്നു പറഞ്ഞാൽ ഒരു പ്രത്യേകതയുണ്ട്. അവർ നിശ്ശബ്ദമായി നിർവഹിക്കുന്ന ഒരു പ്രതികരണം കൂടി, വോട്ടെടുപ്പിൽ അടങ്ങിയിരിക്കുന്നുണ്ട്.’’

‘‘യഥാർഥത്തിൽ, ബി.ജെ.പിക്ക് കേരളത്തിൽ ഒരു വിജയം ആവശ്യമില്ല. വോട്ട് കുറയുന്നതിൽ ബി.ജെ.പിക്ക് കേരളത്തിൽ സങ്കടമൊന്നുമില്ല. കാരണം, അവർക്ക് ഇവിടെ മറ്റു സ്ഥലങ്ങളിൽ കിട്ടാത്ത ഒരു വേദി കിട്ടുന്നുണ്ട്. അവർക്ക് ആവശ്യം കോൺഗ്രസിനെ നിഷ്കാസിതമാക്കലാണ്, സി.പി.എമ്മുമായി ബന്ധം പുലർത്തലാണ്. സി.പി.എമ്മിന് ബി.ജെ.പിയോട് വലിയ ശത്രുതയില്ല, അതൊരു പരസ്പര ബന്ധമാണ്. ഉദാഹരണത്തിന്, പല കേസുകളും നോക്കൂ. സ്വർണ കള്ളക്കടത്ത് കേസിൽ എന്തെങ്കിലും സംഭവിച്ചോ? ഇ.ഡി അന്വേഷിച്ചു, കാര്യങ്ങൾ വ്യക്തമായി. എന്നിട്ട് എന്തു നടന്നു? റിട്ടയർ ചെയ്ത ഒരു ഗവ. സെക്രട്ടറിയെ കുറെക്കാലം ജയിലിലിട്ടതല്ലാതെ ഒന്നും സംഭവിച്ചില്ല. സി.പി.എമ്മിനും ഇഷ്ടം, കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ തുടരുന്നതാണ്. കാരണം, അതിലൂടെ അവർക്ക് പല കേസുകളിൽനിന്നും രക്ഷപ്പെടാൻ കഴിയുന്നു. എന്നിട്ട് അവർ, തങ്ങൾ ചെയ്ത സേവനങ്ങളെക്കുറിച്ച് വാചാലരാകും. താൻ വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് വന്നത്, പൊതുരംഗത്ത് ധീരമായി പ്രവർത്തിക്കുന്നു എന്നൊക്കെ പറഞ്ഞിട്ടാണ് അവർ രക്ഷപ്പെടാൻ നോക്കുന്നത്. ഇപ്പോൾ അവർക്ക് പിടിച്ചുനിൽക്കാൻകേന്ദ്ര സഹായം ആവശ്യമാണ്.’’

പിണറായി വിജയന്‍

‘‘ലാവ്ലിൻ കേസ് 34-ാമത്തെ തവണയാണ് മാറ്റിവെക്കുന്നത്. ചരിത്രത്തിൽഇല്ലാത്തതാണിത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ഒരു നേതാവ് പറയുന്നു, എനിക്ക് കമ്മിറ്റി മീറ്റിംഗുണ്ട്, നീട്ടിവക്കണം എന്ന്. പൊലീസ് സ്റ്റേഷനിലേക്ക് ഒരു പാവപ്പെട്ടവനെ വിളിച്ചു എന്നു കരുതുക. അയാൾക്ക് ഈ ഇളവ് കൊടുക്കുമോ?’’

‘‘ജനാധിപത്യ പ്രക്രിയയിലൂടെ ഏകാധിപതികൾക്ക് അധികാരത്തിൽ വരാൻ പറ്റുന്നു. അതായത്, തെരഞ്ഞെടുക്കപ്പെട്ട ഏകാധിപതികളാണ് ഇപ്പോൾ ഭരിക്കുന്നത്. നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ട സർവാധിപതിയാണ്. അത് സംസ്ഥാനത്തും നടക്കുന്നു, അതുകൊണ്ട് പരസ്പര പൂരകമായിട്ടാണ് ഇരുവരും പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്ന് പേരെടുത്തു പറഞ്ഞ് ഇവർ പരസ്പരം വിമർശിക്കുന്നില്ല. അവർക്ക് പാരസ്പര്യം ആവശ്യമാണ്. അതായത്, ഒരു ഏകാധിപതി എല്ലാം തീരുമാനിക്കുന്ന സ്ഥിതി. ഏത് പൊസിഷനും തീരുമാനിക്കുന്നത് ആ ഏകാധിപതിയാണ്. ഒരു ഏകാധിപതിക്ക് മറ്റൊരു ഏകാധിപതിയെ കൂടെ നിർത്തി കാര്യങ്ങൾ നടത്താൻ എളുപ്പമാണ്. കാരണം, ജനങ്ങളുമായി കാര്യങ്ങൾ ചർച്ച ചെയ്യണം, അതിൽതീരുമാനമെടുക്കണം എന്നൊന്നും പറയേണ്ടതില്ലല്ലോ. ഈ രണ്ട് ഏകാധിപതികൾ തീരുമാനിച്ചാൽ മതി. പാർട്ടി തന്നെ വരുന്നില്ല. അവരാണ് പാർട്ടി, അവരാണ് അഭിപ്രായങ്ങളുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ, മാർക്സിസ്റ്റ് പാർട്ടിയും ബി.ജെ.പിയും ഒന്നിച്ചുനിന്നാലേ പറ്റൂ. പാരസ്പര്യം അത്യന്താപേക്ഷിതമായി വരുന്നു. ഇത് ജനാധിപത്യ പ്രക്രിയയെ സംബന്ധിച്ച് ആരോഗ്യകരമായ ഒന്നല്ല.’’

ഇടതുപക്ഷ പാർട്ടികൾക്ക് ലെഫ്റ്റ് എക്സ്ട്രിമിസത്തെ ടോളറേറ്റ് ചെയ്യാൻ കഴിയുന്നില്ല, അതേസമയം, അവർക്ക് റൈറ്റ് എക്സ്ട്രിമിസം ടോളറേറ്റ് ചെയ്യാൻ കഴിയും. ബി.ജെ.പി നിലപാട് റൈറ്റ് എക്സ്ട്രിമിസമാണ്. ചില മതസംഘടകൾ എടുക്കുന്നത് റൈറ്റ് എക്‌സ്ട്രിമിസമാണ്. അത് ഇടതുപക്ഷത്തിന് ടോളറേറ്റ് ചെയ്യാൻ കഴിയും. എന്നാൽ, ഗ്രോ വാസുവിനെ ടോളറേറ്റ് ചെയ്യാൻ കഴിയില്ല.’’
‘‘തങ്ങൾ വിശ്വാസത്തിനും മതത്തിനും എതിരല്ല എന്നാണ് ഇവർ പറയുന്നത്. മതത്തിന് എതിരല്ല എന്നു പറഞ്ഞാൽ ജാതിക്കും എതിരല്ല എന്നും പറയണമല്ലോ. പിന്നെ എന്തിനാണ് ഇവർ എതിര്?’’- എം. കുഞ്ഞാമൻ എഴുതിയ ലേഖനത്തിന്റെ പൂർണരൂപം ഇന്ന് പ്രസിദ്ധീകരിക്കുന്ന ട്രൂകോപ്പി വെബ്സീൻ 144-ാം പാക്കറ്റിൽ വായിക്കാം, കേൾക്കാം.

Comments