കാലം പിണറായി വിജയനൊപ്പം

കേരളം തുടർച്ചയായി ഏറ്റവും കൂടുതൽ ഭരിച്ച മുഖ്യമന്ത്രിയാര് എന്ന ചോദ്യത്തിന്റെ ഉത്തരം: പിണറായി വിജയൻ. സി. അച്യുതമേനോൻ കൈയാളിയ ആ ചോദ്യത്തിന്റെ ഉത്തരത്തിലേക്കാണ് പിണറായിയുടെ കടന്നു വരവ്. 1970 ഒക്ടോബർ നാലു മുതൽ 1977 മാർച്ച് 25 വരെയാണ് അച്യുതമേനോൻ കേരളം ഭരിച്ചത്. 2016 മെയ് 25 ന് മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയൻ 2365 ദിവസങ്ങൾ പിന്നിട്ടു.

പിണറായി വിജയൻ സംസ്ഥാനത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം അധികാര നാളുകൾ പിന്നിട്ട മുഖ്യമന്ത്രി എന്ന പേരിൽ, മറ്റൊരാൾ ആ സ്ഥാനത്തേക്ക് വരും വരെ ചരിത്രത്താളുകളിൽ ഒരു ചോദ്യത്തിന്റെ ഉത്തരമായി അറിയപ്പെടും. ഇനി ക്വിസ് ചോദ്യങ്ങളിലെ പ്രധാനപ്പെട്ടതും ആവർത്തിച്ചു വരാനിടയുള്ളതുമായ, കേരളം തുടർച്ചയായി ഏറ്റവും കൂടുതൽ ഭരിച്ച മുഖ്യമന്ത്രിയാര് എന്ന ചോദ്യത്തിന്റെ ഉത്തരം: പിണറായി വിജയൻ.

സി. അച്യുതമേനോൻ കൈയാളിയ ആ ചോദ്യത്തിന്റെ ഉത്തരത്തിലേക്കാണ് പിണറായിയുടെ കടന്നു വരവ്. 1970 ഒക്ടോബർ നാലു മുതൽ 1977 മാർച്ച് 25 വരെയാണ് അച്യുതമേനോൻ കേരളം ഭരിച്ചത്. 2016 മെയ് 25 ന് മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയൻ 2365 ദിവസങ്ങൾ പിന്നിട്ടു.

പിണറായി വിജയനെ അധികാരം കൈയാളിയ ഓർമകളുടെ തുടർച്ചയിൽ, ഭാവിയുടെ ചരിത്രം എങ്ങനെയാവും രേഖപ്പെടുത്തുക ? ക്വിസ് മാർക്ക് ചോദ്യത്തിന്റെ ഒറ്റ മാർക്ക് ഉത്തരത്തിനപ്പുറം ആ മുഖ്യമന്ത്രിയുടെ അധികാര കാലങ്ങൾ എങ്ങനെയാണ് ചരിത്രത്തിനും ആ ചരിത്രത്തിന്റെ
സമകാലികതയ്ക്കും അനുഭവപ്പെട്ടത്? രാഷ്ട്രീയ പക്ഷപാതിത്വങ്ങളില്ലാതെ, ആരാധനയുടെ മുൻവിധി ഭാരങ്ങളില്ലാതെ ആ ചോദ്യത്തിന് മുന്നിൽ സന്നിഹിതനാവുമ്പോൾ കിട്ടുന്ന ഉത്തരം, ഏറെ കലർപ്പുകൾ കലർന്നതാണ്.

സി. അച്യുതമേനോൻ

ഏറ്റവും പെട്ടെന്ന് കിട്ടുന്ന ഉത്തരം, സി. അച്യുതമേനോനെക്കുറിച്ച് പറയാവുന്നതു പോലെ, വളരെ ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതാവാണ്. പക്ഷേ, ഈച്ചര വാര്യർ എന്ന അച്ഛനും രാജൻ എന്ന മകനും ചരിത്രത്തിന്റെ
തിളയ്‍ക്കുന്ന വെയിലിൽ ഇപ്പോഴുമുണ്ട്. ചരിത്രം, ഇപ്പോഴും, സി. അച്യുതമേനോനെ, ആ ഓർമയുടെ മുൾമുനയിൽ തന്നെ നിർത്തുന്നു. ഭാവി, അലങ്കാരത്തിന്റെ തൂവലുകളില്ലാതെ ഭരണാധികാരികളെ വിലയിരുത്തുന്ന സന്ദർഭമുണ്ട്. കേരളം കണ്ട ഏറ്റവും മോശം ആഭ്യന്തര മന്ത്രി എന്ന നിലയിലായിരിക്കുമോ പിണറായി വിജയനെക്കുറിച്ചുള്ള ഭാവിയുടെ അവതരണങ്ങൾ? ആഭ്യന്തര വകുപ്പ് ഇത്രയേറെ വിമർശിക്കപ്പെട്ട രാഷ്ട്രീയ സന്ദർഭമുണ്ടായിട്ടില്ല. ഇനിയും നേരം വെളുത്തിട്ടില്ലാത്ത പ്രാകൃത പീഡകരുടെ വാർത്തകൾ കൊണ്ട് നമ്മുടെ വാർത്തകൾ നിറഞ്ഞു. ഭയം, മാധവിക്കുട്ടിയുടെ ശീർഷകം പോലെ, നിശാവസ്ത്രം പോലെ ഒരു വാസ്തവമായി.

കോവിഡ് കാലത്ത് ജനങ്ങളും കാലവും സ്തംഭിച്ചു നിന്ന നാളുകളിൽ ശരിയായ മാർഗ്ഗ നിർദ്ദേശം നൽകി മുഖ്യമന്ത്രി ജനങ്ങളോടൊപ്പം നിന്നു. പ്രളയകാലത്തും മനുഷ്യരെ "ഒറ്റ മനുഷ്യരായി 'ഒന്നിപ്പിക്കുകയും ഒരേ തോണിയിലെ തുഴകളായി മനുഷ്യരെ പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന ആ നേതൃശേഷി നാം കണ്ടു. ഭാവിയുടെ അവതരണങ്ങളിൽ ആ കാലത്തെ മുഖ്യമന്ത്രി തിളക്കത്തോടെ നിലനിൽക്കും. കെ. റെയിൽ വിഷയത്തിൽ, മുഖ്യമന്ത്രി പൗരന്മാരുടെ ധർമ്മസങ്കടങ്ങൾക്ക് കാതോർത്തില്ല. സ്ത്രീകൾ തെരുവിലിറങ്ങിയ ആ നാളുകളിൽ പൊലീസ് വലയം നിർദാക്ഷിണ്യം അവരുടെ മുഖാമുഖം നിന്നു. നിർഭയരായി സ്ത്രീകൾ മുഖ്യമന്ത്രിയോടും ഇടതുപക്ഷത്തോടും നിരവധി ചോദ്യങ്ങൾ തൊടുത്തു വിട്ടു. തെരുവിലിറങ്ങിയും വീട്ടുമുറ്റത്തിറങ്ങിയും നിന്ന സ്ത്രീകൾ മുഖ്യമന്ത്രി എന്ന "ധാർഷ്ട്യത്തെ' രോഷത്തോടെയും കണ്ണീരോടെയും ചോദ്യമുനമ്പിൽ നിർത്തി. ഭാവിയുടെ അവതരണങ്ങളിൽ വീട്ടമ്മമാർ തെരുവിലറങ്ങിയ ആ കാലവും പ്രധാനപ്പെട്ട നാഴികക്കല്ലാണ്.

രണ്ട് ഏകാകികൾ

വി.എസ്. എന്ന തരംഗം എഴുത്തുകാരെയും ചിന്തകരേയും രാഷ്ട്രീയത്തിൽ കയ്യാലപ്പുറത്തു നിൽക്കുന്നവരെയും വരെ സ്വാധീനിച്ച കാലമുണ്ടായിരുന്നു. വി.എസിനാൽ സ്വാധീനക്കപ്പെടാത്ത ഒരാൾ പോലുമില്ല എന്ന അവസ്ഥയുണ്ടായിരുന്നു. എന്നാൽ, വി.എസിനാൽ സ്വാധീനക്കപ്പെടാതിരുന്ന ഒരേ ഒരാൾ പിണറായി വിജയനാണ്.

എന്നാൽ, ആധുനികതയെ / വേഗതയെ / പുതുലോകക്രമത്തിന്റെ വമ്പിച്ച മാറ്റങ്ങളെ എങ്ങനെ പ്രായോഗികമായി പരിഹരിക്കും എന്ന ചോദ്യം, വി.എസ് പ്രഭാവത്തിൽ ആരുമത്ര ശ്രദ്ധിച്ചില്ല. എന്നാൽ, കേരളത്തിൽ വികസനവുമായി ബന്ധപ്പെട്ട അഭാവങ്ങളുമുണ്ട്. വി.എസ് എന്ന വ്യക്തി പ്രഭാവം / കേരളത്തിന്റെ
പുരോഗതിയുമായി ബന്ധപ്പെട്ട നിരവധി അഭാവങ്ങൾ - ഈ ദ്വന്ദ്വ "പ്രഭാവ / അഭാവ' പിരിമുറുക്കങ്ങൾക്കിടയിൽ പക്ഷേ, കേരളത്തിന്റെ പ്രശ്നങ്ങൾ കയ്യാലപ്പുറത്തായിരുന്നു. താത്വികമായി മാത്രമുള്ള അവതരണങ്ങൾ കൊണ്ടു എന്തു പ്രയോജനം? പുതു ലോകത്തെ നിർവ്വചിക്കാൻ വേറൊരു തരത്തിൽ പിണറായി ശ്രമിച്ചു കൊണ്ടിരുന്നു.

പഴയൊരു കാര്യം പറയാം. വിസ്മയ പാർക്ക്. അത് ഡിസ്നിലാന്റിന്റെ
പാർട്ടി എന്നു വിശേഷിപ്പിക്കുമ്പോൾ കേൾക്കുന്നവരിൽ "ഓ, ശരിയാണല്ലൊ ' എന്ന ധാരണയുണ്ടാക്കും. എന്നാൽ, ലോക സഞ്ചാരങ്ങളുടെയും ടൂറിസത്തിന്റെയും കാലത്ത് ദിനേശ് ബീഡിയുടെ ചരിത്ര കാലം മാത്രം പറഞ്ഞാൽ പുതുതായിക്കൊണ്ടിരിക്കുന്ന കാലത്തെ ഉൾക്കൊള്ളാനാവുമായിരുന്നില്ല. ആളുകൾ ബഹുസ്വരമായി ഇടകലർന്നാനന്ദിക്കുന്ന ലോക സങ്കൽപങ്ങളിൽ വിനോദ കേന്ദ്രങ്ങൾക്കും സഞ്ചാരങ്ങൾക്കുമുള്ള പങ്ക് വളരെ വലുതാണ്. നിശ്ചലതയിൽ നിന്ന് ചലനാത്മകതയിലേക്ക് മാറുമ്പോൾ, വ്യക്തികൾ സ്വയം പുതുക്കുന്നുണ്ട്. ചിലപ്പോഴെങ്കിലും വ്യക്തിഗതമായ പ്രതിലോമപ്രവർത്തനങ്ങളെ അവ തടയും. പല തരം സംശയങ്ങളുടെ കൊമ്പുകളിൽ ആ നാളുകൾ പാർട്ടിയെ നിർത്തി. പാർട്ടി മാറാൻ പറ്റാത്ത ആശയങ്ങളുടെ ആർക്കൈവ് എന്ന ഒരു ചിന്തയാണ് ചിലരിലെങ്കിലും അത്തരം പാഠങ്ങളിൽ രൂപപ്പെട്ടത്. വി.എസ്. ആ ആർക്കൈവിന്റെ സൂക്ഷിപ്പുകാരനായി. സംശയമില്ല, അതിന് അതിന്റേതായ ചരിത്ര മൂല്യമുണ്ട്.

എന്നാൽ, വി.എസ് എന്ന പോലെ പിണറായിക്കും അവരുടേതായ ആരാധകവൃന്ദവും വ്യക്തിപ്രഭാവലയങ്ങളുമുണ്ട്. കാലത്തിന്റെ മാറ്റങ്ങളോട് മുഖാമുഖം നിൽക്കുന്ന ഒരു പാർട്ടി നേതാവായിട്ടാണ് മധ്യവർഗ്ഗ മലയാളികൾ പിണറായിയെ കാണുന്നത്. വി.എസ്. പരിസ്ഥിതിയുടെയും ഭൂമിയുടെയും രാഷ്ട്രീയം പറഞ്ഞു. എന്നാൽ, പാർട്ടിക്കെതിരായ റിക്രൂട്ടിങ് ഗ്രൗണ്ടായാണ്, ചിലരെങ്കിലും, അതിനെ കണ്ടത്. പാർട്ടിക്ക് വേണ്ടി മുദ്രാവാക്യം മുഴക്കിയ തൊണ്ടകൾ "വി.എസ് / വി.എസ് ' എന്ന് ആർത്തു വിളിച്ചു. കാലം പക്ഷേ, പിണറായിയുടെ മുന്നിൽ പുതിയ ചരിത്രമായി.

വി.എസ്. അച്യുതാനന്ദൻ / Photo: SNS Warrier

വി.എസും പിണറായിയും ഇപ്പോഴും ഒരേ പാർട്ടിയുടെ മേശയ്ക്ക് ചുറ്റുമിരിക്കുന്നുണ്ട്. ഇടയിൽ ഇരുന്നവർ എങ്ങോ പോയി. ചരിത്രം, ഏറ്റവും കൂടുതൽ കേരളം ഭരിച്ച മുഖ്യമന്ത്രി എന്ന നിലയിൽ ഇപ്പോൾ കാലം പിണറായി വിജയനോടൊപ്പമാണ്. ഭാവിയുടെ അവതരണങ്ങളിൽ എന്നാൽ ഒരുപാട് ചോദ്യങ്ങൾ ചരിത്രത്തിനു മുന്നിൽ വെക്കും.


താഹ മാടായി

എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ. കണ്ടൽ പൊക്കുടൻ, മാമുക്കോയ ജീവിതം, സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ, കാരി, പുനത്തിലിന്റെ ബദൽജീവിതം തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments