ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തിയ ആഗോള അയ്യപ്പസംഗമം കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹ്യ ചരിത്രത്തിൽ പുതിയൊരു കാലത്തിന്റെ വരവറിയിക്കലാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ രാഷ്ട്രീയ- സാമൂഹ്യ വ്യവഹാരങ്ങൾ കേരളീയ സമൂഹത്തിന്റെ പൊതുബോധമായി മാറുന്നതിന്റെ ഏറ്റവും പ്രകടമായ പ്രഖ്യാപനങ്ങളിലൊന്നാണത്. ഒപ്പം, കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷ രാഷ്ട്രീയകക്ഷികളായ സി.പി.എമ്മും സി.പി.ഐയും യാതൊരു മറയുമില്ലാതെ ഈ ഹിന്ദുത്വ രാഷ്ട്രീയ- സാമൂഹ്യ പൊതുബോധത്തെ കേരളത്തിൽ സാധൂകരിക്കുന്ന കാഴ്ചയുമാണത്.
ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളർച്ച ഒരു രാഷ്ട്രീയ സംഘടനാരൂപത്തിന്റെ അധികാരപ്രയോഗത്തെ മാത്രം ആശ്രയിച്ചായിരുന്നില്ല. വാസ്തവത്തിൽ അതിന്റെ ആദ്യകാലത്ത് രാഷ്ട്രീയാധികാരത്തെക്കുറിച്ചുള്ള ആകുലതകളും മോഹങ്ങളും തങ്ങളെ ബാധിക്കാത്തവിധത്തിൽ മാറ്റിവെക്കാനും അവർ തയ്യാറായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രം ഇന്ത്യയുടെ സാമൂഹ്യശരീരത്തിൽ ഒരു ആശയം എന്ന നിലയിൽ നിരന്തരമായി കടത്തിവിടുന്ന നിരന്തരപ്രക്രിയക്കും പുറന്തള്ളലുകളും ഉൾക്കൊള്ളലുകളും നിറഞ്ഞ പതിറ്റാണ്ടുകൾക്കും ശേഷമാണ് ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രം രാഷ്ട്രീയാധികാരത്തിലേക്കുള്ള തങ്ങളുടെ ലക്ഷ്യത്തെ അതിന്റെ പൂർണ്ണാർത്ഥത്തിൽ ഒരു രാഷ്ട്രീയപ്രവർത്തനമാക്കി ജനങ്ങൾക്ക് മുന്നിൽ വെച്ചത്.
ഇന്ത്യയിലെ ഭൂരിപക്ഷ ഹിന്ദുക്കളെ മതത്തിന്റെയും വിശ്വാസത്തിന്റെയും സ്ഥൂലവും സൂക്ഷ്മവുമായ നിരവധി ആഖ്യാനങ്ങളിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഹിംസാത്മക പ്രത്യയശാസ്ത്രത്തിന്റെ വഴികളിലൂടെ നടത്തിക്കാൻ സംഘപരിവാർ പയറ്റിയ അടവുകൾ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമായിരുന്നില്ല. ഗോവധ നിരോധനത്തിനുവേണ്ടിയുള്ള സമരങ്ങൾ മുതൽ ഗുജറാത്തിലെ വംശഹത്യയിലൂടെ അത് നീണ്ടുകൊണ്ടേയിരിക്കുന്നു. സത്യാകാംക്ഷയുടെയും നീതിബോധത്തിന്റെയും ജീവിതപരീക്ഷകളിലൂടെയും കൊളോണിയൽ വിരുദ്ധ പോരാട്ടത്തിന്റെ രാഷ്ട്രീയസമരങ്ങളിലൂടെയും കടന്നുപോയ ഗാന്ധി, ‘ഹേ റാം’ എന്നു വിളിച്ച് പിടഞ്ഞുവീഴുമ്പോൾ, ആ വാക്കുകളെ ചോരപുരട്ടിക്കൊന്ന വെടിയുണ്ട മുതൽ ഡൽഹിയിലെ തെരുവുകളിൽ ‘ഗോലി മാരോ സാലോം കോ’ എന്ന അലർച്ചയായും അത് മുഴങ്ങുന്നു. ഒരു നൂറ്റാണ്ടു കാലമായി സംഘപരിവാർ പണിയെടുക്കുന്നത് ഇന്ത്യയുടെ രാഷ്ട്രീയ- സാമൂഹ്യ ശരീരത്തെ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ ഭരണകൂടത്തിന്റെ സമഗ്രാധിപത്യ വാഴ്ചയ്ക്കായി പാകപ്പെടുത്തിയെടുക്കാനാണ്. അങ്ങനെ പാകപ്പെടുത്തിയെടുക്കുന്ന ഒരു സമൂഹം തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്താലുമില്ലെങ്കിലും ഹിന്ദുത്വ ഇന്ത്യയുടെ ജീവകോശങ്ങളായി മാറിയൊരു ഭൂരിപക്ഷ സമൂഹത്തെ അവരുണ്ടാക്കിയെടുക്കും. അതോടെ മറ്റെല്ലാ കളികളും അപ്രസക്തമാവുകയും പൊതുബോധമെന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വ്യവഹാരമണ്ഡലമായി മാറുകയും ചെയ്യും. അത്തരമൊരു പൊതുമണ്ഡലത്തിൽ എല്ലാത്തരം രാഷ്ട്രീയ- സാമൂഹ്യ വ്യവഹാരങ്ങളും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സ്വാഭാവികഛായ കൈക്കൊള്ളും. അതോടെ രാഷ്ട്രീയാധികാരത്തിന്റെ സമഗ്രാധിപത്യസ്വഭാവം ഫാഷിസ്റ്റ് വാഴ്ച്ചയിലേക്ക് സംക്രമിക്കും. കേരളത്തെ ഈ സംഘപരിവാർ രാഷ്ട്രീയ- സാമൂഹ്യ പൊതുബോധനിർമ്മിതിയുടെ മരണക്കിണറിലേക്ക് എടുത്തെറിയുകയാണ് ആഗോള അയ്യപ്പ സംഗമത്തിലൂടെ പിണറായി സർക്കാരും സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണിയും ചെയ്തത്.

ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത് ശബരിമല വികസനത്തിനാണ് എന്നതൊക്കെ ആരും വിശ്വസിക്കാനിടയില്ലാത്ത പൊള്ളയായ വർത്തമാനങ്ങളാണെന്ന് സർക്കാരിനറിയാം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടുകൊണ്ട് ഭൂരിപക്ഷ ഹിന്ദു വോട്ടുകൾ തങ്ങൾക്കനുകൂലമാക്കുന്നതിനുവേണ്ടി സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഇടതുപക്ഷമുന്നണി നടത്തിയ പരിപാടിയാണത്.
ശബരിമലയിൽ ആർത്തവപ്രായത്തിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന 2018-ലെ സുപ്രീം കോടതി വിധിയെത്തുടർന്ന് അന്നത്തെ പിണറായി സർക്കാർ വലിയ പ്രതിസന്ധിയിലായി. വിധി നടപ്പാക്കുമെന്നാണ് ആദ്യഘട്ടത്തിൽ സർക്കാർ പറഞ്ഞത്. വാസ്തവത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും അതിനെ പിന്തുണയ്ക്കുന്നുവെന്നുമുള്ള നിലപാട് സംഘ്പരിവാറിലെ ഒരു വിഭാഗം പോലുമെടുത്തു. എന്നാൽ ഇതിനെ വലിയൊരു മതാചാരസംരക്ഷണ പ്രശ്നമാക്കി വളർത്തിയെടുക്കാനും ഹിന്ദുത്വ രാഷ്ട്രീയത്തിനായി ഉപയോഗിക്കാനും കഴിയുമെന്ന പ്രതീക്ഷയിൽ സംഘപരിവാറും കേരളത്തിലെ നായർ സർവീസ് സൊസൈറ്റി (NSS) അടക്കമുള്ള സവർണ്ണ സാമുദായിക സംഘടനകളും ആചാരസംരക്ഷണലഹള തുടങ്ങുകയും ചെയ്തു. സർക്കാരും സി.പി.എമ്മും ആദ്യഘട്ടത്തിൽ സ്ത്രീപ്രവേശന വിധിയെ പിന്തുണച്ച് പരസ്യമായി രംഗത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇത്തരം പൊതുയോഗങ്ങളിലടക്കം പങ്കെടുത്തു. സി.പി.എമ്മിനോടോപ്പം നിൽക്കുന്ന സാംസ്ക്കാരിക പ്രവർത്തകരായ പലരും നവോത്ഥാനത്തിനെക്കുറിച്ചുള്ള ചെറുകഥാപ്രസംഗങ്ങൾ നാടുനീളെ അവതരിപ്പിച്ചു. എന്നാൽ സവർണ്ണ- ജാതി ഘടനയ്ക്കുളിൽ ഈ നിലപാട് ദോഷം ചെയ്തതായി സർക്കാരും പാർട്ടിയും പിന്നീട് കരുതി.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയുടെ ഉത്തരവാദിത്തം സുപ്രീംകോടതി വിധി നടപ്പിലാക്കാൻ വേണ്ടി സർക്കാർ തുനിഞ്ഞു എന്ന ഒറ്റക്കാരണത്തിന്മേൽ കൊണ്ടുപോയിക്കെട്ടി. തുടർന്ന് യാതൊരുവിധ രാഷ്ട്രീയ- ചരിത്ര ധാർമ്മികതയുടെയും സന്ദേഹഭാരങ്ങളില്ലാതെ പിണറായി സർക്കാരും സി.പി.എമ്മും ശബരിമലയിലെ സ്ത്രീപ്രവേശനത്തിലെ നിലപാടുകളെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്തവണ്ണം ഉപേക്ഷിച്ചുകളഞ്ഞു. ഭരണവിലാസം സാംസ്ക്കാരിക നായികാനായകന്മാർ അദാനിക്കുവേണ്ടിയുള്ള സംയുക്ത പ്രസ്താവനയടക്കമുള്ള വികസന കഥാപ്രസംഗങ്ങൾ തയ്യാറാക്കാൻ തുടങ്ങി. സി.പി.എം സൈബർ സംഘങ്ങൾ കാലാകാലങ്ങളിൽ ഉണ്ടാക്കികൊടുക്കുന്ന വഷളൻ കഥകൾക്ക് സിദ്ധാന്തത്തിന്റെ ചായംപൂശിക്കൊടുക്കുന്ന പണിയിൽ വ്യാപൃതരായി. കേരളീയ നവോത്ഥാനം വഴിയിലുപേക്ഷിക്കപ്പെട്ട വധുവായി.
കേരളത്തിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യശാസ്ത്രപ്രചാരണത്തിൽ മന്നത്ത് പദ്മനാഭന്റെ കാലം മുതൽ മുൻപന്തിയിൽ നിൽക്കുന്ന എൻ എസ് എസ് ഹൈന്ദവതയുടെ കാവൽഭടന്മാരായി സ്വയം അടയാളപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴാണ് പെരുന്നയിലെ നായർ പോപ്പ് ഇടതുമുന്നണിക്ക് കൂടുതൽ സ്വീകാര്യനായിക്കൊണ്ടിരുന്നത്.
കേരളീയ സമൂഹത്തിന്റെ സാമൂഹ്യ ശരീരത്തിലേക്ക് അതിവേഗം വ്യാപിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചിന്താലോകത്തെ അതിന്റെ ജീവിതപദ്ധതികളിലേക്കുകൂടി സാധ്യമാക്കുന്ന പരിപാടി ഇതിനുശേഷം വളരെ എളുപ്പമായിരുന്നു. ഏതെങ്കിലും വിധത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാമൂഹ്യബോധത്തെ എതിർക്കാൻ കേരളത്തിലെ മതേതര ഭരണ- പ്രതിപക്ഷ കക്ഷികൾ മടിച്ചുനിന്നു. ഹിന്ദുത്വ രാഷ്ട്രീയമുണ്ടാക്കുന്ന വ്യവഹാരമണ്ഡലങ്ങളിൽ അതേ ബോധത്തിന്റെ മറ്റൊരു മുഖം മാത്രമാണ് തങ്ങളെന്നും തങ്ങൾക്കതിൽ വിരുദ്ധാഭിപ്രായമില്ലെന്നും കാണിക്കാനായിരുന്നു അവരുടെ ശ്രമം മുഴുവൻ. ശബരിമല ലഹളക്കാലത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യമുന്നണി ഇത്തരത്തിലുള്ള പിന്തിരിപ്പൻ നിലപാടുകൾ പരസ്യമായി കൈക്കൊണ്ടു. യു ഡി എഫ് അധികാരത്തിൽവന്നാൽ ആചാരലംഘനത്തിന് തടവുശിക്ഷ നൽകുമെന്ന് വാഗ്ദാനം ചെയ്യാനുള്ളത്ര ചരിത്രാന്ധത പുലർത്തി അവർ.
ഇടതുമുന്നണിയാകട്ടെ പിന്നീടങ്ങോട്ട് ഹിന്ദുത്വ രാഷ്ട്രീയത്തിനോടും യാഥാസ്ഥിതിക ഹിന്ദുക്കളോടും ഒത്തുതീർപ്പിന്റെയും വിട്ടുവീഴ്ചയുടെയും ചേർന്നുനിൽക്കാലിന്റെയും ഭാഷയിൽ സംസാരിക്കുകയും അങ്ങനെ സംസാരിക്കുകയാണ് തങ്ങളെന്ന് പരസ്യമാക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. ശബരിമല ലഹളക്കാലത്ത് അതിന്റെ നേതൃത്വത്തിൽ നിന്ന സാമുദായിക സംഘടനയായ എൻ എസ് എസിനെ എങ്ങനെയും പ്രീണിപ്പിക്കാനുള്ള ശ്രമങ്ങൾ നിരന്തരം നടത്തി. കേരളത്തിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യശാസ്ത്രപ്രചാരണത്തിൽ മന്നത്ത് പദ്മനാഭന്റെ കാലം മുതൽ മുൻപന്തിയിൽ നിൽക്കുന്ന എൻ എസ് എസ് ഹൈന്ദവതയുടെ കാവൽഭടന്മാരായി സ്വയം അടയാളപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴാണ് പെരുന്നയിലെ നായർ പോപ്പ് ഇടതുമുന്നണിക്ക് കൂടുതൽ സ്വീകാര്യനായിക്കൊണ്ടിരുന്നത്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ചേരിതിരിവുകളിൽക്കൂടിയല്ല ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ സാമൂഹ്യ- രാഷ്ട്രീയ ശക്തിയെ സ്ഥാപിച്ചെടുക്കുന്നത് എന്ന് ഇന്ത്യയുടെ ചരിത്രത്തെ തിരിച്ചറിഞ്ഞാൽ, എൻ എസ് എസ് കേരളത്തിലെ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്ര പ്രചാരണത്തിന് നൽകുന്ന സംഭാവനകൾ തിരിച്ചറിയാനാകും. മന്നത്ത് പദ്മനാഭനും എസ് എൻ ഡി പി നേതാവ് ആർ. ശങ്കറും ചേർന്നുണ്ടാക്കിയ ഹിന്ദു മഹാമണ്ഡലമായിരുന്നു കേരളത്തിലെ ആദ്യ വിശാല ഹിന്ദു രാഷ്ട്രീയൈക്യ പരീക്ഷണമെന്നും ഓർക്കണം.
തന്റെ ഭൂതഗങ്ങളെ ഉപയോഗിച്ച് പിണറായി വിജയൻ ശബരിമല സ്ത്രീപ്രവേശനവിധിയെ മറന്നുകളയാനുള്ള ഒരു കൈപ്പിഴയായി മാത്രം കണ്ടാൽമതിയെന്നുള്ള സന്ദേശമാണ് ഇപ്പോൾ ഭൂരിപക്ഷ ഹിന്ദുക്കളിലെത്തിക്കാൻ ശ്രമിക്കുന്നത്. സ്ത്രീപ്രവേശന വിധി തെറ്റായിരുന്നുവെന്നും അതിനെ അനുകൂലിച്ചത് ശരിയായില്ലെന്നും അന്നത്തെ ദേവസ്വം മന്ത്രിയും സി.പി.എം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ ആഗോള അയ്യപ്പസംഗമത്തിനെത്തിയപ്പോൾ മാധ്യമങ്ങളോട് പറഞ്ഞത് പിണറായി വിജയന്റെ ഗീതോദ്ധാരണത്തിനു മുന്നോടിയായാണ്. സ്ത്രീപ്രവേശനവിധിക്ക് പിന്നാലെ ശബരിമലയെ സംഘപരിവാറിന്റെ ഗുണ്ടകൾ ആക്രമണഭീഷണിയുമായി കയ്യടക്കിയിട്ടും ശബരിമല കയറി ദർശനം നടത്തിയ ബിന്ദു അമ്മിണിയേയും കനകദുർഗ്ഗയെയും ആഗോള അയ്യപ്പസംഗമത്തിന് വിളിക്കാത്തത്, യഥാർത്ഥ അയ്യപ്പഭക്തരെ മാത്രമേ പങ്കെടുപ്പിക്കുന്നുള്ളൂ എന്നതുകൊണ്ടാണെന്ന് സർക്കാർ പറഞ്ഞത്, ഭക്തിയുടെ സംഘപരിവാർ മാനദണ്ഡമാണ് തങ്ങൾക്കും ബാധകമെന്നുള്ളതുകൊണ്ടാണ്.

നവോത്ഥാനത്തിന്റെ കഥാപ്രസംഗം അവസാനിപ്പിച്ച് പോയിടത്തെല്ലാം സംഘപരിവാറിന്റെ ഹിന്ദുത്വ സാമൂഹ്യ- രാഷ്ട്രീയ വിഷവൃക്ഷത്തിന്റെ വിത്തുകളിട്ടപ്പോൾ അതിനു വെള്ളമൊഴിച്ചു വളമിടുകയാണ് പിണറായിയും സംഘവും. അതവർ അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണ് എന്നതാണ് അതിലെ ഏറ്റവും അപായകരമായ പ്രശ്നം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് പലസ്തീൻ പ്രശ്നത്തെ മുസ്‌ലിം മതഛായയുള്ള ഒരു വിഷയമാക്കി അവതരിപ്പിച്ചുകൊണ്ട് മുസ്‌ലിം വോട്ടുകൾ സമാഹരിക്കാനുള്ള ശ്രമം നടത്തി സി.പി.എം. സാമ്രാജ്യത്വ വിരുദ്ധതയുടെയും കൊളോണിയൽ വിരുദ്ധ സമരങ്ങളുടെയും ദേശീയ വിമോചന സമരങ്ങളുടെയുമെല്ലാം പശ്ചാത്തലത്തിൽ ആഗോള ഇടതുപക്ഷ രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഉയർത്തിപ്പിടിക്കുന്ന പലസ്തീൻ പ്രശ്നത്തെ ഒരു തെരഞ്ഞെടുപ്പുഘട്ടത്തിൽ കേരളത്തിലെ മുസ്ലീങ്ങളെ പാട്ടിലാക്കാനുള്ള ഒരു തട്ടിപ്പാക്കി മാറ്റാനാകുമെന്നാണ് സി.പി.എം കരുതിയത്. ആ ശ്രമം പരാജയപ്പെടുകയും ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിടുകയും ചെയ്തതോടെ പലസ്തീനും പൗരത്വ പ്രശ്‌നവുമെല്ലാം അവർ കാട്ടിൽക്കളയുകയും മുസ്‌ലിം മതമൗലികവാദം വീണ്ടും പ്രശ്നമാവുകയും ചെയ്തു. ഭൂരിപക്ഷ ഹിന്ദുക്കളെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങൾക്കായി മുസ്‌ലിം വിരുദ്ധതയുടെ വലതുപക്ഷ ആഖ്യാനങ്ങളെവരെ ഭരണപക്ഷം കൂട്ടുപിടിച്ചു. മലപ്പുറം ജില്ലയെ സാമ്പത്തിക, രാജ്യവിരുദ്ധ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാക്കി അവതരിപ്പിക്കുന്ന നുണകൾക്ക് അർദ്ധസാധുത നൽകിയ അഭിമുഖം മുഖ്യമന്ത്രി പിണറായി വിജയന്റേതായി വന്നു. മുസ്‌ലിം എന്നതൊരു വിവാദപ്രശ്നങ്ങൾക്ക് നാടുവിൽമാത്രം കേൾക്കുന്ന പദമായി നിരന്തരം നിലനിർത്താൻ ഭരണപക്ഷ ഇടതുപക്ഷം ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. രാജ്യത്താകെ ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികൾ അതിന്റെ രാഷ്ട്രീയാധികാരപ്രയോഗം തെരഞ്ഞെടുപ്പുകളെവരെ അപ്രസക്തമാക്കുന്ന തരത്തിൽ നടത്തുമ്പോഴാണ് കേരളത്തിൽ ‘മുസ്‌ലിം’ എന്നത് നിരന്തരമായി പ്രശ്നവത്ക്കരിക്കപ്പെടുന്നൊരു പദവും വിഷയവുമായി മാറുന്നത് എന്നോർക്കണം.
ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പലസ്തീൻ മുസ്‌ലിം അടവ് ഗുണം ചെയ്തില്ലെന്ന് മാത്രമല്ല, ഭൂരിപക്ഷ ഹിന്ദുവോട്ടുകളെ ഒന്നുകൂടി അകറ്റിയോ എന്ന് ആധി കയറിയ സി.പി.എം മുൻകാലപ്രാബല്യത്തോടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൈപ്പുസ്തകം പഠിച്ചുപ്രയോഗിക്കുന്നതാണ് നമ്മളിപ്പോൾ കാണുന്നത്. ആഗോള അയ്യപ്പ സംഗമം അതിന്റെ ഏറ്റവും ഹീനമായ പ്രയോഗമാണ്.
ഇന്നത്തെ ഇന്ത്യയിൽ ഭഗവദ്ഗീത സംഘപരിവാറിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും ഹിംസാത്മകമായൊരു ആയുധപാഠമാണ്. അതിനെ ചരിത്രനിരപേക്ഷമായി നോക്കിക്കാണുക സംഘപരിവാർ രാഷ്ട്രീയാധികാരം കയ്യാളുന്ന ഇന്ത്യയിൽ സാധ്യമല്ല.
ആരാണ് നല്ല ഭക്തർ എന്നത് കാണിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഭഗവത്ഗീത ഉദ്ധരിച്ചത് നിഷ്ക്കളങ്കമായൊരു തത്വചിന്തയുടെ അടിസ്ഥാനത്തിലല്ല. ഗീതപോലെത്തന്നെ വിജയന്റെ ഉദ്ധരണിയ്ക്കും തികഞ്ഞ രാഷ്ട്രീയമാനമുണ്ട്. ഭഗവദ്ഗീത ഇന്ത്യയുടെ ദേശീയ പുസ്തകമാക്കണമെന്നതുമുതൽ നിരന്തരമായി ഗീതാമാഹാത്മ്യം വിളമ്പുന്നത് സംഘപരിവാറിന്റെ പരിപാടിയാണ്. ഹരിയാനയിലും മഹാരാഷ്ട്രയിലും ഗുജറാത്തിലുമെല്ലാം ബി ജെ പി സർക്കാരുകൾ ഭഗവദ്ഗീതയെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ നീക്കം നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ബി ജെ പി നേതാക്കൾ നിരന്തരം ഗീതയെ ഉദ്ധരിച്ചു. ഇതൊന്നും വെറുതെയായിരുന്നില്ല. ഹിന്ദുമതത്തിന്റെ ജാതിക്കോട്ടകളെയും അതിനെ സാധ്യമാക്കുന്ന വർണ്ണ, ജാതി സംവിധാനത്തെയും ഏറ്റവും ശക്തമായി പ്രതിരോധിക്കുന്ന പാഠമാണ് ഭഗവദ്ഗീത. മഹാഭാരത്തിലേക്ക് പിൽക്കാലത്ത് കൂട്ടിച്ചേർക്കപ്പെട്ട ഒന്നാണിതെന്നും അതാകട്ടെ അക്കാലത്തിനുവേണ്ട വൈദിക, വർണ്ണവ്യവസ്ഥയുടെ രാഷ്ട്രീയ സാധൂകരണത്തിനുതകുംവിധം നിർമ്മിക്കപ്പെട്ടതാണെന്നുമുള്ളതിന് ചരിത്രപരമായ തെളിവുകൾ നിരവധിയാണ്. ഡി.ഡി. കൊസാംബി അടക്കമുള്ള മാർക്സിസ്റ്റ് ചരിത്രകാരരും മറ്റു ചരിത്രകാരരും ഇത് സംബന്ധിച്ച നിരീക്ഷണങ്ങളും പഠനങ്ങളും നടത്തിയിട്ടുണ്ട്.
ഇന്നത്തെ ഇന്ത്യയിൽ ഭഗവദ്ഗീത സംഘപരിവാറിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും ഹിംസാത്മകമായൊരു ആയുധപാഠമാണ്. അതിനെ ചരിത്രനിരപേക്ഷമായി നോക്കിക്കാണുക സംഘപരിവാർ രാഷ്ട്രീയാധികാരം കയ്യാളുന്ന ഇന്ത്യയിൽ സാധ്യമല്ല. വിമർശനാത്മകമായല്ലാതെ, യാഥാസ്ഥിതിക ഹിന്ദുമതാചാരങ്ങളുടെ എല്ലാ ചിട്ടവട്ടങ്ങളും സംരക്ഷിക്കുമെന്നുറപ്പുനൽകുന്നൊരു വേദിയിൽ, തങ്ങളുടെ മുൻകാല മതേതര പാപങ്ങൾക്ക് മാപ്പു നൽകൂ എന്ന പറയാത്ത പറച്ചിലുമായി ഒരു സർക്കാരും രാഷ്ട്രീയകക്ഷിയും നടത്തുന്നൊരു പരിപാടിയിൽ, സകല യാഥാസ്ഥിതിക, സാമുദായിക, വർഗീയവാദികൾക്കും വിശിഷ്ടപീഠങ്ങൾ ലഭിച്ചൊരു സമ്മേളനത്തിൽ, ഭഗവദ്ഗീതയിലെ ഭക്തലക്ഷണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ധരിക്കുമ്പോൾ, അവിടെ സാധൂകരിക്കപ്പെടുന്നത് ഗീതയുടെ രാഷ്ട്രീയയുക്തിയാണ്. ഭഗവദ്ഗീത ഉദ്ധരിക്കാനോ അതിനെക്കുറിച്ചു ചർച്ച ചെയ്യാനോ പാടില്ല എന്നൊന്നുമില്ല. പക്ഷേ മോദിയുടെയും സംഘ്പരിവാറിന്റെയും രാഷ്ട്രീയാധികാരത്തിനുകീഴിൽ ഭഗവദ്ഗീത ദേശീയ പുസ്തകവും ഹിന്ദുക്കളുടെ ഹിംസാത്മകമായ ശക്തിയുടെ ഉത്തേജകഗ്രന്ഥവുമായി മാറുന്നൊരു കാലത്ത് ആഗോള അയ്യപ്പ സംഗമത്തിലെ ഗീതാരഹസ്യം എന്താണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ശ്രീകൃഷ്ണ ജയന്തിപോലെ ഗീതാ സദസ്സുകളും ഗീതാവ്യാഖ്യാനങ്ങളും സംഘടിപ്പിക്കുന്ന സി.പി.എം ഒട്ടും ദൂരെയല്ല. ഗീതയോതിക്കിട്ടിയ വിജയൻ രഥത്തിലുണ്ട്.

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സാമൂഹ്യ- രാഷ്ട്രീയ വൃക്ഷത്തിന്റെ തായ്ത്തടിയുടെ കാതലുറപ്പിക്കുന്ന പ്രക്രിയ സമാനമായ സാധൂകരണങ്ങളിലൂടെയാണ് നടന്നിട്ടുള്ളത്. അതിനെ തിരിച്ചറിഞ്ഞോ തിരിച്ചറിയാതെയോ സഹായിക്കുകയോ കൂട്ടുനിൽക്കുകയോ ചെയ്യുന്നതിനെയാണ് മൃദുഹിന്ദുത്വം തുടങ്ങിയ പേരുകളിൽ എത്രയോ നാളുകളായി നമ്മൾ അടയാളപ്പെടുത്തുന്നത്. ബാബറി മസ്ജിദിനകത്ത് നിയമവിരുദ്ധമായി രാമവിഗ്രഹം കൊണ്ടുവെച്ചതുമുതൽ, അയോധ്യയിലെ ശിലാന്യാസത്തിന് കൂട്ടുനിന്നതടക്കം കോൺഗ്രസിനുമേൽ ആരോപിക്കപ്പെട്ട മൃദുഹിന്ദുത്വ രാഷ്ട്രീയം എന്തായിരുന്നുവെന്ന് ഇടതുകക്ഷികളോളം അറിയുന്നവർ വേറെയുണ്ടാകില്ല. അതാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അർബുദമായി ബാബറി മസ്ജിദ് തർക്കുന്നതിലേക്ക് എത്തിയതും നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അതിന് നിഷ്ക്രിയതകൊണ്ടനുവാദം നൽകിയതും. മതേതര ഇന്ത്യയുടെ ചാവുനിലങ്ങളിലേക്കാണ് പിന്നീട് നമ്മൾ നടന്നുതുടങ്ങിയത്. ഈ ചരിത്രം സി.പി.എമ്മിന് അറിയാത്തതല്ല. എന്നാൽ അതേ രാഷ്ട്രീയ ആത്മഹത്യയുടെ കോമാളിപ്രഹസനമാടുകയാണ് സി.പി.എം ഇപ്പോൾ. ഇടതുപക്ഷ രാഷ്ട്രീയമെന്നത് ആ പാർട്ടിയുടെ സകല ജീവകോശങ്ങളിൽ നിന്നും കുടിയൊഴിഞ്ഞുപോയതുകൊണ്ട് ഇക്കാട്ടുന്നതിലെ അതിഭീകരമായ അപകടത്തിന്റെ രാഷ്ട്രീയപ്രശ്നമെന്തെന്നത് തിരിച്ചറിയാൻപോലും അവർക്കാവില്ല.
ഹിന്ദുത്വ ഫാഷിസത്തിന്റെ കോർപ്പറേറ്റ് കൂട്ടുകെട്ടിനെ തങ്ങൾക്കുകൂടി വേണ്ടി ഉപയോഗിക്കുന്ന ഭരണ ഇടതുപക്ഷമിപ്പോൾ അവരുടെ ഹിന്ദുത്വ രാഷ്ട്രീയത്തെക്കൂടി സ്വാംശീകരിക്കുന്നതോടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വ്യവഹാരയുക്തികൾ കേരളീയ പൊതുമണ്ഡലത്തിൽ പൊതുബോധമാക്കുന്ന പ്രക്രിയയുടെ ഏറ്റവും സജീവമായ രാഷ്ട്രീയഘട്ടമാണ് കടന്നുപോകുന്നത്. ഇനിയിപ്പോൾ ബി ജെ പിക്കും സി.പി.എമ്മിനും തമ്മിലുള്ളത് ഒരേ കൂട്ടത്തിൽ മെച്ചപ്പെട്ടവർ ആരെന്നുള്ള തർക്കമാണ്. അതുകൊണ്ടാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ബി ജെ പിയേക്കാൾ മെച്ചം സി.പി.എം ആണെന്നും യാഥാർത്ഥ വിശ്വാസ സംരക്ഷകനെ പിണറായിയിലും കണ്ടെത്തുന്നത്.
ആഗോള അയ്യപ്പസംഗമത്തിൽ ദേവസ്വം മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ വി.എൻ. വാസവൻ അതിഹർഷത്തോടെ വായിച്ച ആശംസ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സംഘപരിവാർ നേതാവുമായ യോഗി ആദിത്യനാഥിന്റെയാണ്. വരാൻ കഴിയില്ലെങ്കിലും ‘മനോഹരമായൊരു സന്ദേശം’ യോഗി അയച്ചിട്ടുണ്ടെന്ന് സമ്മേളനവേദിയിലും അതിനുപുറത്തും ആവർത്തിച്ചു പറഞ്ഞുനടക്കുകയായിരുന്നു വാസവൻ. ഹിന്ദുമത വിശ്വാസങ്ങളുടെയും ആചാര സംരക്ഷണത്തിന്റെയും ഭൂരിപക്ഷ മതബദ്ധതയുടെയും കാര്യത്തിൽ ഞങ്ങളെ യോഗി പോലും ആശംസിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു എന്നാണ് പിണറായി സർക്കാരും സി.പി.എമ്മും കാണിക്കാൻ ശ്രമിക്കുന്നത്.
യോഗിക്ക് ഒഴിവുണ്ടായിരുന്നെങ്കിൽ പിണറായി വിജയനും യോഗി ആദിത്യനാഥും കൂടി കേരളീയരോട് ‘ഇത് കേരളമാണ്’ എന്ന് പറയുന്ന ആ ദൃശ്യം കൂടി നാം കാണേണ്ടിവരുമായിരുന്നു.
ഉത്തർ പ്രദേശ് മുഖ്യമന്ത്രിയെ ആഗോള അയ്യപ്പ സംഗമത്തിലേക്ക് കാണിക്കാൻ കേരള സർക്കാരിന് ഭരണഘടനാ ബാധ്യതയൊന്നുമില്ല. അപ്പോൾ വളരെ ബോധപൂർവമായ തെരഞ്ഞെടുപ്പായിരുന്നു ആ ക്ഷണവും അതിനുശേഷം യോഗിയുടെ സന്ദേശം വായിച്ചതും. ഇന്ത്യയിലെ എല്ലാ മുഖ്യമന്ത്രിമാരെയും ക്ഷണിച്ചിട്ടില്ല എന്ന് കരുതാം. യോഗി ആദിത്യനാഥ് ക്ഷണം സ്വീകരിച്ചു വന്നിരുന്നുവെങ്കിൽ പിണറായി വിജയൻ അയാളുടെ കയ്യുംപിടിച്ചു നിൽക്കുന്ന വിശ്വാസസംരക്ഷണദൃശ്യം നമ്മൾ കണ്ടേനെ. യോഗി തെളിക്കുന്ന രഥത്തിൽ വിജയനെന്ന് സൈബർ കടന്നലുകൾ സംസ്ഥാന ബി ജെ പി നേതൃത്വത്തെ വെല്ലുവിളിക്കുകപോലും ചെയ്യുമായിരുന്നു.
ഏതു യോഗി! മുസ്ലീങ്ങൾ ഇന്ത്യൻ സമൂഹത്തിലെ വൈറസാണെന്ന് പറഞ്ഞ യോഗി. മുസ്ലീങ്ങൾക്കെതിരെ നിരന്തരമായ വെറുപ്പ് പ്രസംഗിക്കുന്ന യോഗി. പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്ത മുസ്ലീങ്ങളുടെ ചിത്രങ്ങൾ കുറ്റവാളികളുടെയെന്നപോൽ പരസ്യപ്പെടുത്തിയ യോഗി. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നയമാക്കിയ സർക്കാരിന്റെ തലവൻ. മുസ്ലീങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് പ്രസംഗിച്ച യോഗി. ലവ് ജിഹാദ് എന്ന വ്യാജ ആഖ്യാനമുണ്ടാക്കി ഒരു ഹിന്ദു പെൺകുട്ടിയെ മുസ്ലീങ്ങൾ കൊണ്ടുപോയാൽ നൂറു മുസ്ലീ പെൺകുട്ടികളെ ഹിന്ദുക്കൾ പിടിച്ചുകൊണ്ടുവരണമെന്നു പറഞ്ഞ യോഗി. ഷാറൂഖ് ഖാനും ഹഫീസ് സയ്യിദ് എന്ന ഭീകരവാദിയും ഒരേ ഭാഷയാണ് സംസാരിക്കുന്നതെന്നും ഷാറൂഖ് ഖാൻ പാകിസ്ഥാനിലേക്ക് പോണമെന്നും ഭീഷണിപ്പടുത്തിയ യോഗി. കുറ്റാറ്റോപിതരായി മുദ്രകുത്തിയ മുസ്ലീങ്ങളുടെ വീടുകൾ ഇടിച്ചുതകർക്കുന്ന ബുൾഡോസർ രാജിന് തുടക്കമിട്ട യോഗി. സുപ്രീംകോടതി ഇടപെട്ടതുകൊണ്ടുമാത്രം തടയപ്പട്ട ബുൾഡോസറുകളുമായി മതന്യൂനപക്ഷങ്ങൾക്കു നേരെ ചുരമാന്തി നിൽക്കുന്ന ഹിന്ദുത്വ ഭീകരവാദി. ഇന്ത്യയിലെ ഹിന്ദുത്വ ഭീകരതയുടെ രാഷ്ട്രീയാധികാരത്തിന്റെ ഏറ്റവും മൂർത്തമായ മുഖം. ആ യോഗിയുടെ ‘മനോഹര സന്ദേശമാണ്’ സി.പി.എം മന്ത്രി വായിച്ചു പുളകം കൊണ്ടത്. അതുകേട്ട് സി.പി.എം പി ബി അംഗം പിണറായി വിജയിനിരുന്നത്. യോഗിക്ക് ഒഴിവുണ്ടായിരുന്നെങ്കിൽ പിണറായി വിജയനും യോഗി ആദിത്യനാഥും കൂടി കേരളീയരോട് ‘ഇത് കേരളമാണ്’ എന്ന് പറയുന്ന ആ ദൃശ്യം കൂടി നാം കാണേണ്ടിവരുമായിരുന്നു.

അതുകൊണ്ടും തീർന്നില്ല ആഗോള അയ്യപ്പ സംഗമത്തിലെ ഹിന്ദുത്വ പ്രഖ്യാപനങ്ങളും സൂചനകളും. കേരളത്തിലെ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ വിഷം വമിപ്പിക്കുന്ന നാവായി മാറിയ വെള്ളാപ്പളളി നടേശനെന്ന വർഗീയവ്യാപാരി മുഖ്യമന്ത്രിയുടെ ഔദ്യോഗികവാഹനത്തിൽ പിണറായി വിജയനൊപ്പം വന്നിറങ്ങുന്ന കാഴ്ചയും ആഗോള അയ്യപ്പസംഗമത്തിൽ കണ്ടു. കാണാനിയെന്തു ബാക്കി. മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്ത് ഹിന്ദുക്കൾക്ക് സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്നില്ലെന്നും, ന്യൂനപക്ഷങ്ങൾ എല്ലാ ആനുകൂല്യങ്ങളും കൈക്കലാക്കുകയാണെന്നും, മുസ്ലീങ്ങൾ പെറ്റുപെരുകകുകയാണെന്നും, മാപ്പിള ലഹളയിൽ മുസ്ലീങ്ങൾ ഹിന്ദുക്കൾക്ക് നേരെ കാണിച്ച അതിക്രമങ്ങളിൽ മനം നൊന്താണ് ശ്രീ നാരായണഗുരു ആലുവയിൽ സർവ്വമതസമ്മേളനം വിളിച്ചതെന്നുമടക്കം നിരന്തരമായി മുസ്ലീങ്ങളോടും മതേതര രാഷ്ട്രീയത്തോടുമുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വെറുപ്പ് പ്രസംഗിച്ചുനടക്കുന്ന വെള്ളാപ്പള്ളി നടേശനെ തന്റെ ഔദ്യോഗിക വാഹനത്തിൽ ഒപ്പമിരുത്തി ആഗോള അയ്യപ്പ സംഗമ വേദിയിലെത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്ന സന്ദേശം താനും നടേശമുതലാളിയും തമ്മിൽ കാര്യമായൊരു അഭിപ്രായ ഭിന്നതയുമില്ലെന്നാണ്. ഭവദ്ഗീത മുതൽ യോഗി ആദിത്യനാഥും വെള്ളാപ്പള്ളി നടേശനും വരെ പിണറായി വിജയനൊപ്പം അണിനിരന്ന ആഗോള അയ്യപ്പസംഗമം കേരളത്തിന്റെ ചരിത്രത്തിൽ മുഖ്യധാരാ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മതേതര, ഇടതുപക്ഷ രാഷ്ട്രീയസമരങ്ങൾ സംഘപരിവാറിന്റെ ഹിന്ദുത്വ പൊതുബോധ നിർമ്മിതിയുടെ പദ്ധതിക്കുമുന്നിൽ കീഴടങ്ങിയ പ്രഖ്യാപനം കൂടിയാണ്.
മതേതര രാഷ്ട്രത്തിന്റെ ഭരണാധികാരികൾ മതവിശ്വാസത്തിന്റെ പ്രകടമായ പ്രഘോഷണപരിപാടികളിൽ നിന്നും വിട്ടുനിൽക്കുക എന്ന സാമാന്യമര്യാദ നമ്മുടെ നാട്ടിൽ പരസ്യമായി ലംഘിക്കപ്പെടുകയാണ്. ബി ജെ പി അതിനെ ഒരു രാഷ്ട്രീയപ്രയോഗമായിത്തന്നെ മാറ്റിയിരിക്കുന്നു. സോമനാഥ് ക്ഷേത്രം പുനഃനിർമ്മിച്ചപ്പോൾ അതിന്റെ ഉദ്ഘാടനത്തിന് പോകാൻ തയ്യാറെടുത്ത അന്നത്തെ രാഷ്‌ട്രപതി രാജേന്ദ്ര പ്രസാദിനോട് അത്തരമൊരു നടപടി ഒരു മതേതര രാഷ്ട്രത്തിന്റെ തലവന് ചേർന്നതല്ലെന്നും അത് രാജ്യത്തെ പിന്തിരിപ്പൻ, പുനഃരുത്ഥാന മൂല്യങ്ങളെ ശക്തിപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകിക്കൊണ്ട് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഒന്നിലേറെ കത്തുകൾ രാജേന്ദ്ര പ്രസാദിനയച്ചു. പിണറായി വിജയന് മുകളിൽ അധികാരത്തിന്റെ ആകാശമേലാപ്പ്, താഴെ അനിവാര്യമായ ചരിത്രവിസ്മൃതിയുടെ പാതാളം. നെഹ്രുവും നവോത്ഥാനവുമൊക്കെ നവോത്ഥാനപ്രസംഗവേദികളിൽ നൂറ്റൊന്നാന്നാവർത്തിച്ച കഥാപ്രംസംഗക്കാർ വിശ്വാസസംരക്ഷണത്തിന്റെ ഇരുമുടിക്കെട്ടുമായി പേട്ടതുള്ളുന്നത് നമ്മൾ കാണുന്നു.
ഹിന്ദുത്വ രാഷ്ട്രീയത്തിന് തീർത്ഥാടനം ഒരു രാഷ്ട്രീയാധികാര പ്രക്രിയയാകുന്നു. ശബരിമല ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മറ്റൊരു തീർത്ഥാടന യാത്രയാണ്. നാല്പത്തിയൊന്നു ദിവസത്തെ ഭക്തവ്രതമല്ല അതിൽ സംഘപരിവാർ നോൽക്കുന്നത്, നൂറ്റാണ്ടു പിന്നിട്ട, രാഷ്ട്രീയാധികാരത്തിനായി അത് നോറ്റുകൊണ്ടിരിക്കുന്ന വ്രതത്തിന്റെ ചെറിയൊരു ഭാഗമാണ് ശബരിമല
ബാബറി മസ്ജിദ് തകർത്ത് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചപ്പോൾ അതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഒരു ഔദ്യോഗിക രാഷ്ട്രപരിപാടിയാക്കി മാറ്റിയതിനെ മതേതര ഇന്ത്യ ചോദ്യം ചെയ്തു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഒരു ഹിന്ദു സാമ്രാട്ടിന്റെ അഭിഷേകമായി മാറ്റിയപ്പോൾ എന്തൊരു അശ്ലീലമാണിത് എന്ന് നമ്മളുറക്കെപ്പറഞ്ഞു. ഭരണാധികാരികൾ മതേതര രാഷ്ട്രത്തിന്റെ അന്തഃസത്തയെ മതബദ്ധമായ രീതികളിലേക്ക് പരസ്യപ്രകടനങ്ങളിലൂടെ വലിച്ചിടുന്നത് തെറ്റാണെന്നുള്ള, മതേതര രാഷ്ട്രീയബോധത്തിന്റെ ഭാഗമായാണ് ആ വിമർശനങ്ങളും എതിർപ്പും ഉയർത്തിയത്. എന്നാൽ അതേ മാതൃകയിൽ ആഗോള അയ്യപ്പ സംഗമം നടത്തുമ്പോൾ കേരളത്തിൽ സംഘപരിവാർ നേരിടുന്ന വെല്ലുവിളി ഒരേ കളിനിയമങ്ങളിൽ കളിക്കുന്ന മറ്റൊരു എതിരാളിയുടെ സാന്നിധ്യമാണ്.
ഹിന്ദുമതാഘോഷങ്ങളെയും ഉത്സവങ്ങളെയുമെല്ലാം എങ്ങനെയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിനായി ഉപയോഗിക്കുക എന്നത് സംഘപരിവാറിന് കൃത്യമായി അറിയാം. തീർത്ഥാടന യാത്രകളുടെ സാമൂഹ്യസമ്മതിയെ പലതരം രാഷ്ട്രീയ യാത്രകളിലേക്ക് അവർ പരിവർത്തിപ്പിച്ചിട്ടുണ്ട്. അതിൽ ഏറ്റവും വിജയകരമായത് അദ്വാനിയുടെ രഥയാത്രയായിരുന്നു. കുരുക്ഷേത്രഭൂമിയിൽ അധർമ്മത്തോടേറ്റുമുട്ടുന്ന, കൃഷ്ണൻ തെളിക്കുന്ന അർജുനന്റെ തേരിന്റെ മാതൃകയെന്ന മട്ടിൽ ലാൽ കൃഷ്ണ അദ്വാനി ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിൽ നിന്നും അയോധ്യയിലെ രാമജന്മഭൂമിയിലേക്ക് നടത്തിയ യാത്ര കടന്നുപോയ ഒരു തെരുവിലും മതേതര ഇന്ത്യയുടെ ശരീരവും ആത്മാവും ആശയവുമാണ് ചോരവാർന്നുവീണത്. യോഗിയുടെ ഉത്തർപ്രദേശിലും വടക്കേ ഇന്ത്യയിലും കാവഡ് തീർത്ഥാടന യാത്രികർ കടന്നുപോകുന്ന വഴികളിൽ മുസ്ലീങ്ങളുടെ കടകൾ അടപ്പിക്കുന്നു. മുസ്ലീങ്ങളുടെ ഭക്ഷണശാലകൾ ആക്രമിക്കപ്പെടുന്നു. കുംഭമേളയെ യോഗി ആദിത്യനാഥ് സർക്കാരും സംഘപരിവാറും ഉപയോഗിച്ചതും ഇത്തരത്തിലാണ്. കുംഭമേളയോടനുബന്ധിച്ചുള്ള മതസമ്മേളനങ്ങളിലെല്ലാം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുദ്രാവാക്യങ്ങളുയർന്നിരുന്നു. ശബരിമലയിൽ സംഘപരിവാർ സുവർണ്ണാവസരം കണ്ടതും അതുകൊണ്ടാണ്. ആ സംഘപരിവാർ ഹിന്ദുത്വ രാഷ്ട്രീയ യുക്തിയാണ് പിണറായി വിജയനും സഃഘവും ഇപ്പോൾ കടമെടുത്ത് പരീക്ഷിക്കുന്നത്. പിണറായി സർക്കാരിന്റെയും സി.പി.എമ്മിന്റെയും കുംഭമേളയാണ് ആഗോള അയ്യപ്പസംഗമം.

ഹിന്ദുത്വ രാഷ്ട്രീയത്തിന് തീർത്ഥാടനം ഒരു രാഷ്ട്രീയാധികാര പ്രക്രിയയാകുന്നു. ശബരിമല ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മറ്റൊരു തീർത്ഥാടന യാത്രയാണ്. നാല്പത്തിയൊന്നു ദിവസത്തെ ഭക്തവ്രതമല്ല അതിൽ സംഘപരിവാർ നോൽക്കുന്നത്, നൂറ്റാണ്ടു പിന്നിട്ട, രാഷ്ട്രീയാധികാരത്തിനായി അത് നോറ്റുകൊണ്ടിരിക്കുന്ന വ്രതത്തിന്റെ ചെറിയൊരു ഭാഗമാണ് ശബരിമല. ആ തീർത്ഥാടനപാതയിലെ മതേതരമാലകളുടെ കയറ്റം സംഘപരിവാറിന് കഠിനമാണ്. ആ കഠിനപാതകളുടെ കയറ്റത്തിൽ നിന്നും അവർക്ക് ആകാശപാതയൊരുക്കുകയാണ് പിണറായി വിജയനും ഇടതുമുന്നണിയും.
