എന്തിനാണ് ഇത്രയും വാഹനങ്ങളുടെ അകമ്പടിയോടെയും റോഡ് കൊട്ടിയടച്ചും ഒരു മുഖ്യമന്ത്രി പുറത്തിറങ്ങുന്നത്?
കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ഒരു പെൺകുട്ടി രോഷത്തോടെ ഇങ്ങനെ ചോദിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ കണ്ടിരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിസഭാംഗങ്ങളുടെയും ‘നവ കേരള യാത്ര’യോട് പ്രതികരിക്കുകയായിരുന്നു ആ പെൺകുട്ടി. ആ കുട്ടി രണ്ടായിരാമാണ്ടിൽ ജനിച്ചവളായിരിക്കണം. പിണറായി വിജയൻ ‘ശീതയുദ്ധകാല’ത്തെ, അതായത്, അൻപതുകൾ മുതൽ എൺപതുകളുടെ ഒടുവിൽ വരെയുള്ള കാലത്തിന്റെ, ‘കണ്ണൂർ രാഷ്ട്രീയ’ത്തിന്റെ തടവുകാരനും.
‘കണ്ണൂർ രാഷ്ട്രീയക്കാരൻ’ എന്നു പറഞ്ഞത് കേരളത്തിന്റെ സവിശേഷമായ ‘ഫ്യൂഡൽ സ്റ്റാലിനിസ’ത്തെ പെട്ടെന്ന് മനസിലാക്കാനാണ്: മലയാളി മാർക്സിസ്റ്റ് ബുദ്ധിജീവികൾ, കവികൾ, കഥാകൃത്തുക്കൾ, പ്രാർത്ഥനാപൂർവ്വം ആദരിയ്ക്കുന്ന നവീന ഇടതുപക്ഷ മീമാംസയുടെ ടെക്സ്റ്ററും അതാണ്. ഇപ്പോൾ, സി പി ഐപോലും മുഖ്യമന്ത്രിയുടെ ഈ സുരക്ഷാവ്യൂഹം കണ്ട് ഭയപ്പെട്ടിരിക്കുന്നു. ബുദ്ധിജീവികൾ, കവികൾ, കഥാകൃത്തുക്കൾ, ‘ഞങ്ങൾക്ക് ഇതുകൊണ്ട് എന്ത് ബുദ്ധിമുട്ട്’ എന്ന് നിശ്ശബ്ദരായിത്തന്നെ തുടരുന്നുവെങ്കിലും.
അല്ലെങ്കിൽ, മലയാളിയുടെ ബൗദ്ധിക ജീർണ്ണതയുടെയും മലയാളിയുടെ ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ സമ്പൂർണ്ണമായ സ്വേഛ്ചാധിപത്യ ത്തിലേക്കുള്ള പരിണാമവും ഒരേസമയം അടയാളപ്പെടുത്തുന്നു, ഇപ്പോൾ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഈ നവ കേരള യാത്ര: അത് നിരത്തിൽ പ്രത്യക്ഷമായ അക്രമങ്ങൾ അരങ്ങേറ്റുന്നു, നിരത്തുകൾ അടയ്ക്കുന്നു, പൊതു സ്ഥലങ്ങളുടെ മതിലുകൾ പൊളിക്കുന്നു, പ്രതിപക്ഷ ജീവിതത്തെ അകറ്റുന്നു, കൊലവിളികൾ നടത്തുന്നു...
പെൺകുട്ടി: "എന്തിനാണ് ഇത്രയും വാഹനങ്ങളുടെ അകമ്പടിയോടെയും റോഡ് കൊട്ടിയടച്ചും ഒരു മുഖ്യമന്ത്രി പുറത്തിറങ്ങുന്നത്?"
കേരളത്തിന്റെ പൊതു രാഷ്ട്രീയാവസ്ഥയെ തന്റെ സോ കോൾഡ് കാപ്റ്റൻസിയിലേയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ റാഞ്ചുകയാണ്, ഒരേയൊരു ഭരണാധികാരി എന്നു വരുത്തുകയാണ്. ആർ എസ് എസിന്റെ പ്രത്യയശാസ്ത്രത്തെ തന്റെയും രാഷ്ട്രീയായുധമാക്കുകയാണ്.
വാസ്തവത്തിൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ സുരക്ഷാവ്യൂഹം എന്താണ് നമ്മളോട് പറയാതെ പറയുന്നത്? കേരളീയ സമൂഹം അതീവ ഗുരുതരമായ ക്രമസമാധാനകുരുക്കിലാണ് എന്നോ? എന്നാൽ, നമ്മുടെ ചുറ്റും അങ്ങനെയൊരു ഭീതി ഇല്ല, നമ്മുടെ പോലീസ് സേന അങ്ങനെ ഒന്നും നമ്മളോട് ഇതുവരെ പറഞ്ഞിട്ടില്ല.
പിന്നെ?
ഒരൊറ്റ ഉത്തരമേ ഉള്ളൂ, അതിതാണ്: കേരളത്തിന്റെ പൊതു രാഷ്ട്രീയാവസ്ഥയെ തന്റെ സോ കോൾഡ് കാപ്റ്റൻസിയിലേയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ റാഞ്ചുകയാണ്, ഒരേയൊരു ഭരണാധികാരി എന്നു വരുത്തുകയാണ്. ആർ എസ് എസിന്റെ പ്രത്യയശാസ്ത്രത്തെ തന്റെയും രാഷ്ട്രീയായുധമാക്കുകയാണ്. സി പി ഐ- എം അണികൾക്ക് ഇതിൽ ശരിതോന്നാം. പക്ഷെ ഈ സുരക്ഷാവ്യൂഹം കാണിക്കുന്നത് പൊതുസമൂഹത്തോടുള്ള കലിപ്പാണ്. ആ കലിപ്പിന്റെ യഥാർത്ഥ കാരണം ജനാധിപത്യത്തോടുള്ള പകയാണ്.
ഇതിനിടയിൽ ഒരു ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഒരു പ്രസംഗത്തിൽ മലയാളികൾ പല ഇടങ്ങളിലും പോയി തേൻ സംഭരിച്ചു കൊണ്ടു വരുന്ന തേനീച്ചകളെപ്പോലെ എന്ന് പറയുന്നുണ്ട്. എന്നാൽ, ആ ഉപമ കൃത്യമാവുന്നത് ഇന്ന് കേരളം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് - മുഖ്യമന്ത്രിയുടെ ബുദ്ധിമാനായ പ്രസംഗമെഴുത്തുകാരൻ ലക്ഷ്യമാക്കിയത് കൈയടിയാണെങ്കിലും. (തീർച്ചയായും അണികൾ കൈയടിക്കുന്നുണ്ട്. കവികൾ കൈയ്യടിക്കുന്നുണ്ട്). എന്നാൽ, ഈ ‘തേനീച്ച ഉപമ’ ശരിക്കും പ്രതിനിധീകരിക്കുന്നത് കേരളം കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി പിന്തുടരുന്ന ‘ആശ്രിത സമ്പദ് വ്യവസ്ഥ’യെയാണ്: കേരളത്തിന്റെ മണി ഓർഡർ / ഡ്രാഫ്റ്റ് സമ്പദ് വ്യവസ്ഥയെ ആ ഉപമ പറയാതെ പറയുന്നു. കേരളത്തെ ഒരു സ്വാശ്രയ സമൂഹമായോ, കേരളത്തിന്റെ സാമൂഹിക വളർച്ചയ്‌ക്ക് വേണ്ടുന്ന ഒരു സ്വാശ്രയ സമ്പദ് വ്യവസ്ഥ കണ്ടെത്താനോ, വിഭവ സമാഹാരണമോ തങ്ങളുടെ അജണ്ടയിൽ പോലും ഇന്നും പിണറായി വിജയൻ അടക്കമുള്ള നമ്മുടെ ‘രാഷ്ട്രീയ പ്രഭു’ക്കളുടെ വിഷയമല്ല. ലോട്ടറിയും മദ്യവുമാണ് കൃത്യമായ വരുമാനം. മറ്റൊന്നുമില്ല. അത് പ്രഭുക്കൾക്കുള്ള പോക്കറ്റ് മണി പോലെയുമാണ്. കേരളത്തിന്റെ ‘ബ്രെയിൻ ഡ്രൈൻ’ പിണറായി വിജയന്റെ അൻപതു വർഷത്തിനു മുമ്പും ഇനി വരുന്ന അൻപതു വർഷത്തിന്റെയും വിഷയമായിട്ടില്ല. യുവാക്കൾ പഠിക്കാനും ജോലിയ്‌ക്കും നാട് വിടുന്നത് ഇവിടെ ഒരു ‘വക’യുമില്ലാഞ്ഞിട്ടാണ് എന്ന് ഈ തേനീച്ച ഉപമ മറച്ചുവയ്ക്കുന്നു. ഈ കുട്ടികളുടെ തന്തയും തള്ളയും രാഷ്ട്രീയ പ്രഭുക്കൾ അല്ലാഞ്ഞിട്ടാണ് അവർനാട് വിടുന്നത് എന്ന് ഈ തേനീച്ച ഉപമ മറച്ചു വയ്ക്കുന്നു. കേരളത്തിന്റെ ഡ്രാഫ്റ്റ് ഇക്കോണമി ഒരൊറ്റ യൂസഫലിയെ ആശ്രയിക്കുന്നതുമല്ല എന്നും ഈ തേനീച്ച ഉപമ മറച്ചുവെയ്ക്കുന്നു. എന്നിട്ടും, കേരളത്തിന്റെ ഈ തേനീച്ച വൈഭവത്തെ പ്രതിനിധീകരിക്കുന്നത്, സത്യം പറഞ്ഞാൽ, മറ്റൊന്നാണ്. ഈ തേനീച്ചകളുടെ റാണിയായി കഴിയാനുള്ള രാഷ്ട്രീയ പ്രഭുക്കളുടെ ഭാഗ്യവും വൈഭവവുമാണത്. ഇപ്പോൾ പിണറായി വിജയന്റെ ആ ഉപമ കൃത്യമാവുന്നു.
രണ്ടുതരം സ്വേച്ഛാധിപത്യത്തിന്റെ വ്യത്യസ്തങ്ങളായ രാഷ്ട്രീയ താൽപ്പര്യങ്ങളുടെ മേധാവിത്വത്തിനു വേണ്ടിയുള്ള ശ്രമമാണ് ആരിഫ് മുഹമ്മദ്‌ഖാൻ v/s പിണറായി വിജയൻ തർക്കങ്ങളിൽ ഉള്ളത്.
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ശീതികരിച്ച ബസിൽ റോഡിലൂടെ കടന്നു പോകുമ്പോൾ വെയിലിൽ വഴിയോരത്ത് നിരത്തി നിർത്തി സ്കൂൾകുട്ടികളെ കൊണ്ട് മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ എന്ന് വിളിച്ചുപറയിക്കാൻ, സ്കൂൾ കുട്ടികളുമായി നവകേരള സദസ്സിലേക്ക് ചെല്ലണമെന്ന് ആജ്ഞ ഇറക്കാൻ, ഇറങ്ങിത്തിരിച്ച രാഷ്ട്രീയആജ്ഞയും രാഷ്ട്രീയദാസ്യവും ഭയപ്പെടുത്തുന്നതാണ്: ഏതു തരം സ്വേച്ഛാധിപത്യത്തിനും പാകമായ മനസ്സാണ് അത്. എന്നാൽ, കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയ മനഃസ്ഥിതിയെ ഈ ദിവസങ്ങളിലെ കവിതയുടെയും സിനിമയുടെയും വ്യാജ രാഷ്ട്രീയം കൊണ്ടല്ല നമ്മൾ മനസിലാക്കുന്നതെങ്കിൽ, ആരിഫ് മുഹമ്മദ്‌ഖാൻ v/s പിണറായി വിജയൻ ഏറ്റുമുട്ടൽ വരെ നമ്മൾ മറ്റൊരു രീതിയിൽ നമ്മൾ മനസിലാക്കേണ്ടി വരുന്നു: രണ്ടുതരം സ്വേച്ഛാധിപത്യത്തിന്റെ വ്യത്യസ്തങ്ങളായ രാഷ്ട്രീയ താൽപ്പര്യങ്ങളുടെ മേധാവിത്വത്തിനു വേണ്ടിയുള്ള ശ്രമമാണ് ഇവരുടെ തർക്കങ്ങളിൽ ഉള്ളത്. അത്, ഇത് സംബന്ധിച്ച സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളിൽനിന്ന് നമ്മുക്ക് മനസിലാക്കാനുമാവും. പാർലിമെന്ററി ജനാധിപത്യത്തെ അത്രയും കപടവൽക്കരിയ്ക്കുന്ന ഇന്ത്യയിലെ ഈ രാഷ്ട്രീയകാലത്ത്, നല്ലൊരു വിഭാഗം ‘ബുദ്ധിജീവികൾ’ തങ്ങൾ വലത് രാഷ്ട്രീയത്തിനെതിരാണ് എന്നു കാണിക്കാൻ ഒട്ടും മനക്കുത്തില്ലാതെ ഇതേ ഇടത് സ്വേച്ഛാധിപത്യത്തിന്റെ പാട്ടെഴുത്തിനു പോയ കേരളത്തിന്റെ ഈ രാഷ്ട്രീയ കാലത്ത്, ജനാധിപത്യത്തിന്റെ വായനക്കാരിയാവാനുള്ള അവസരമാണ് ഈ ഖാൻ v/s വിജയൻ തർക്കം, അല്ലെങ്കിൽ, നമുക്ക് തരുന്നത്. സ്വാതന്ത്ര്യ മോഹമുള്ള ഒരു പൗരബോധത്തിനെങ്കിലും അത് സ്ഥലം കണ്ടെത്തുന്നു എന്നതുകൊണ്ട് ആ അവസരം നമുക്കിപ്പോൾ പ്രധാനവുമാണ്.
ജനാധിപത്യത്തിന്റെ സാമൂഹ്യജീവിതം മനസിലാക്കുന്നതിൽ മുഴുവനും പരാജയപ്പെട്ട ഒരു ‘ഭരണകൂടം’ ജനങ്ങളുടെ ഇടയിലൂടെ ഒരു ആഡംബര ബസിൽ സഞ്ചരിക്കുന്നു എന്നതിലെ ഐറണി തന്നെ ഭയങ്കരമാണ്: ഒരു ഭരണവർഗ്ഗ പാർട്ടി എന്ന നിലയിൽ സി പി ഐ (എം) അതിന്റെ കർമ കാരണങ്ങൾകൊണ്ട് എങ്ങനെ കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിൽ നിന്ന് അകന്നു പോയിരിക്കുന്നു എന്ന് ഇത് കാണിക്കുന്നു. ജനങ്ങളോടും ജനങ്ങളുടെ പ്രശ്നങ്ങളോടും ഐഡന്റിറ്റിഫൈ ചെയ്യുന്ന നേതാക്കളുടെ, പ്രവർത്തിയുടെ അഭാവം, ഇങ്ങനെയൊരു ബസ് യാത്രകൊണ്ട് പരിഹരിക്കാം എന്ന് ആ പാർട്ടി കരുതുന്നു എങ്കിൽ അതിലെ രാഷ്ട്രീയ ദാരിദ്ര്യം വളരെ വളരെ വലുതാണ്. സമൂഹം എന്ന നിലയ്ക്ക് കേരളം നേരിടുന്ന വെല്ലുവിളികൾ ഇന്ന് മുമ്പത്തെക്കാൾ വലുതാണ്. അതിൽ പലതും സി പി ഐ (എം) അടക്കമുള്ള ‘പാർട്ടികൾ’ കേരളത്തിനു സമ്മാനിച്ച സാമൂഹ്യ നരകങ്ങളുമാണ്: വിദ്യാഭ്യാസം, തൊഴിൽ, സമ്പത്ത്, വികസനം ഈ മേഖലകളിലെല്ലാം ഇന്ന് ഒരു ജനത എന്ന നിലയിൽ നമ്മെ തോൽപ്പിച്ചത് ആശയദരിദ്രരരും സ്വാർത്ഥികളുമായ രാഷ്ട്രീയക്കാരുടെ ഈ തലമുറയാണ്. അതിന്റെ പരകോടിയിൽ വരും ഇന്നത്തെ കേരള മന്ത്രിസഭ എന്ന് ആരെങ്കിലുമൊക്കെ പറയുകതന്നെ വേണം.
കേരളത്തിലെ പ്രതിപക്ഷവും പൊതുസമൂഹവും ബുദ്ധിജീവികളും ഈ രാഷ്ട്രീയ മേൽക്കോയ്മയെ, അതിന്റെ ജനാധിപത്യ വെറുപ്പിനെ, ഒരു സാമൂഹ്യ വിപത്തായിത്തന്നെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും വേണം.
അല്ലെങ്കിൽ നോക്കൂ: ഒരു ദിവസത്തെ ചെലവിനു പോലും കാശില്ലാത്ത സ്ഥിതിയിൽ നിർത്തിയ കേരളത്തിന്റെ ഒരു കൈയിൽ മദ്യവും മറുകൈയിൽ ലോട്ടറിയും പിടിപ്പിച്ച ദേവതാസങ്കൽപ്പം തോമസ് ഐസക്ക് പോലുള്ള, പിണറായി വിജയൻ പോലുള്ള മാർക്സിസ്റ്റുകളുടെ കൂടി സൃഷ്ടിയാണ് എന്ന് മനസിലാക്കിയാൽ, കേരളത്തിലെ ബുദ്ധിജീവികൾ ദിനേന വായിച്ചു തുപ്പുന്ന ‘മാർക്സിസം’ തന്നെ നമ്മെ ഭയപ്പെടുത്തണം. അതോ അവരാകുമോ ബസ് എത്തുമ്പോൾ മാലയിടാൻ റോഡിൽ നിരക്കുക? ഒരു മാർക്സിസ്റ്റ് പാർട്ടി നേതാവ് പറഞ്ഞത് ഒന്നുകൂടി കേട്ടു നോക്കൂ: നവ കേരളയുടെ ആഡംബര ബസ് മ്യൂസിയത്തിൽ വെച്ചാൽ പതിനായിരങ്ങൾ കാണാൻ എത്തും.
മറ്റൊരു നേതാവ് പറഞ്ഞത് നോക്കൂ: പിണറായി വിജയന്റെ പാദസ്പർശം ഏറ്റ ഈ മൈതാനം ഇനി മുതൽ നവകേരളസഭാ മൈതാനം എന്ന് അറിയപ്പെടും. ചരിത്രത്തിന്റെ തൊട്ടുമുമ്പിൽനിന്ന് ഒരു കാറ്റ് വീശുന്നു: മോദിയെക്കുറിച്ചുള്ള വാഴ്ത്തുകൾ ഈ രാഷ്ട്രീയ മാതൃകകളും ഓർമ്മിപ്പിക്കുന്നു.
ജനാധിപത്യത്തെ വെറുക്കാൻ പരിശീലിപ്പിച്ചും ഏക പാർട്ടി രാഷ്ട്രീയമേൽക്കോയയ്‌ക്കും വേണ്ടി ഇന്ത്യയിൽ പണിയെടുക്കുന്ന ആർ എസ് എസ് രാഷ്ട്രീയത്തിന് കേരളത്തിൽ സി പി എം രാഷ്ട്രീയമായിരിക്കും വളമൊരുക്കുക എന്നും ആ പാർട്ടിയുടെ നേതൃത്വം സോഷ്യൽ ഫാഷിസത്തിന്റെ പരിചയക്കാരായതുകൊണ്ട് അവർക്കത് മനഃശല്യമില്ലാതെ ചെയ്യാനാകുമെന്നും മുമ്പും ഞാൻ ഇതേ മാധ്യമത്തിൽ എഴുതിയിട്ടുണ്ട്. അതിന് കാരണങ്ങളും ഉണ്ടായിരുന്നു. അതിനെ പറ്റി പറയുമ്പോഴും എഴുതുമ്പോഴും അതെല്ലാം 'പിണറായി വിരോധ'മായി കുറച്ചുകാണാൻ എന്റെ ബുദ്ധിജീവി സുഹൃത്തുക്കളും സുഹൃത്തുക്കളായ എഴുത്തുകാരും ചില മാധ്യമ പ്രവർത്തകരും നിരന്തരം ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത് കൂടുതൽ കൂടുതൽ തെളിയുകയാണ്. കേരളീയ സമൂഹവും ജനാധിപത്യത്തെ വെറുക്കുന്ന ഒന്നായി മാറുകയാണ് എന്ന് തോന്നുകയാണ്. ആ തോന്നൽ തന്നെ ഭയപ്പെടുത്തുന്നതാണ്.
കേരളത്തിലെ പ്രതിപക്ഷവും പൊതുസമൂഹവും ബുദ്ധിജീവികളും ഈ രാഷ്ട്രീയ മേൽക്കോയ്മയെ, അതിന്റെ ജനാധിപത്യ വെറുപ്പിനെ, ഒരു സാമൂഹ്യ വിപത്തായിത്തന്നെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും വേണം. അല്ലെങ്കിൽ, അങ്ങനെയൊരു അവസരമാണ് നവകേരള യാത്ര ഓരോ ദിവസവും കാഴ്ച്ച വെയ്ക്കുന്നത്.
ഒരിക്കൽ, കേരളത്തിന്റെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വർദ്ധിപ്പിച്ച നികുതിയെയും സെസിനെയും നിയമസഭയിൽ ന്യായീകരിക്കുമ്പോൾ തന്റെ ധനോത്ബുദ്ധതയെ ഇങ്ങനെകൂടി പ്രകടിപ്പിയ്ക്കുകയുണ്ടായി: "വലിയ പ്രതിസന്ധിയിലാണ് ലോകത്തും രാജ്യത്തുമെന്നാണ് ചർച്ചകൾ. ലോക സാഹചര്യങ്ങളൊന്നും തങ്ങളെ ബാധിക്കില്ലെന്ന പരിമിതമായ രാഷ്ട്രീയം പറയേണ്ടവരാണോ പ്രതിപക്ഷം?".
ലോകം ചർച്ച ചെയ്യുന്ന പ്രതിസന്ധിയിൽ തീർച്ചയായും (മന്ത്രിമനസ്സിലുള്ള പോലെ) കോവിഡ് മഹാമാരി ഒരു പ്രധാന ഘടകം തന്നെയാണ്, അതിപ്പോഴും ലോകത്തിന്റെ സാമ്പത്തിക വളർച്ചയെ സാരമായി സ്വാധീനിയ്ക്കുന്നുമുണ്ട്. എന്നാൽ, കോവിഡിനെ സമൂഹത്തിനുമേലുള്ള തങ്ങളുടെ രാഷ്ട്രീയാധിപത്യത്തിന് ഉപയോഗിച്ച രണ്ട് രാഷ്ട്രീയക്കാരാണ് നരേന്ദ്രമോദിയും പിണറായി വിജയനും. ആദ്യത്തെ ആൾ ഇന്ത്യയുടെ ചെറുകിട സാമ്പത്തിക സ്രോതസ്സുകൾ തകർത്തുകൊണ്ടുതന്നെ തന്റെ ഭരണത്തെ സംരക്ഷിയ്ക്കുമെന്നുറപ്പുവരുത്താൻ സന്നദ്ധമായ രണ്ടോ മൂന്നോ വൻകിട കോർപ്പറേറ്റുകൾക്ക് വേണ്ടി നിലകൊള്ളുകയായിരുന്നുവെങ്കിൽ, പിണറായി വിജയൻ ഇതേ പ്രതിസന്ധിയുടെ കാലത്ത് പൊതുസമൂഹത്തെ വെല്ലുവിളിച്ചുകൊണ്ട്, തനിക്കും പാർട്ടിക്കും നേട്ടമുണ്ടാക്കുന്ന, കെ റെയിൽ പോലുള്ള ‘സ്വന്തം പരിപാടികൾക്ക്’ പണവും അധികാരവും പ്രയോഗിയ്ക്കുകയായിരുന്നു. വിഴിഞ്ഞം തുറമുഖം പോലുള്ള സുതാര്യമല്ലാത്ത വികസനത്തിനു വേണ്ടി, വാദിക്കുകയായിരുന്നു.
പിണറായി വിജയന്റെ രാഷ്ട്രീയം, (വിജയനെപ്പോലുള്ള ഫ്യൂഡൽ കമ്യുണിസ്റ്റുകളിൽ നിന്ന് നരേന്ദ്രമോദി പഠിച്ച അതേ രാഷ്ട്രീയം) സമൂഹത്തിന്റെ ഇച്ഛയെ തകിടം മറിച്ചുകൊണ്ട് സ്ഥാപിച്ചെടുക്കുന്ന പാർട്ടി (‘ഞാൻ’) ഇച്ഛയാണ്.
വാസ്തവത്തിൽ, കേരളത്തിന്റെ സ്വന്തം വിഭവ സ്രോതസ്സുകളുടെ ഉപയോഗത്തെപ്പറ്റിയോ വികസനത്തെപ്പറ്റിയോ ഒന്നും ചെയ്യാത്ത ഒരു ഊഴവും വീണ്ടുമൊരു ഊഴവും സി പി എം നേടുന്നതും പിണറായി വിജയൻ അതിനെ തനിക്കു വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്തത് ഈ കോവിഡ് കാലത്താണ്. എങ്കിൽ, ഈ രാഷ്ട്രീയത്തിന്റെ നിർദ്ദയരായ നടത്തിപ്പുകാരിൽ ഒരാൾ മാത്രമാണ് ബാലഗോപാലും. ലോകമല്ല അയാളുടെ പാഠം, മറിച്ച് തന്നെ നയിക്കുന്ന പാർട്ടി - സ്വേച്ഛാധിപത്യ രാഷ്ട്രീയത്തിന്റെ സംരക്ഷണമാണ്. വികസനത്തിനും സാമൂഹ്യ വളർച്ചയ്‌ക്കും സാമൂഹ്യ ക്ഷേമത്തിനും നികുതിയെ മാത്രം ആശ്രയിക്കുന്ന ഒരു ഭരണകൂടം തീർച്ചയായും ജനവിരുദ്ധമായ ഒന്നാണ്. ഇതിനെ മറച്ചുവെയ്ക്കാൻ ലോകത്തിന്റെ പ്രതിസന്ധി പറഞ്ഞുകൊണ്ട് ക്ലാസ് എടുക്കുകയാണ് ഇയാൾ, ഇപ്പോൾ.
ഇപ്പുറത്തോ?: കേരളത്തിലെ പ്രതിപക്ഷം, ‘പിണറായി വിജയന്റെ രാഷ്ട്രീയ’ത്തിൽ കുടുങ്ങിനിൽക്കുകയും ചെയ്യുന്നു. അതിനൊരു പ്രതിപക്ഷമാവാൻ കഴിയുന്നതേ ഇല്ല. പിണറായി വിജയന്റെ രാഷ്ട്രീയം, (വിജയനെപ്പോലുള്ള ഫ്യൂഡൽ കമ്യുണിസ്റ്റുകളിൽ നിന്ന് നരേന്ദ്രമോദി പഠിച്ച അതേ രാഷ്ട്രീയം) സമൂഹത്തിന്റെ ഇച്ഛയെ തകിടം മറിച്ചുകൊണ്ട് സ്ഥാപിച്ചെടുക്കുന്ന പാർട്ടി (‘ഞാൻ’) ഇച്ഛയാണ്. ആ ഇച്ഛയുടെ രാഷ്ട്രീയ നടത്തിപ്പുകാർ മാത്രമല്ല, അതിന്റെ സാംസ്കാരിക ദല്ലാളൻമാരെ വരെ ഈ രാഷ്ട്രീയം വാടകക്കെടുത്തിട്ടുണ്ട്. എങ്കിൽ, ആ ഇച്ഛയ്‌ക്ക് ബദലാവാൻ അതിന്റെ രീതികളല്ല വേണ്ടത്. കേരളത്തിന്റെ സാമൂഹ്യ പ്രതിസന്ധിയ്‌ക്ക് കാരണമാകുന്ന ഈ രാഷ്ട്രീയത്തെ, അതിന്റെ വികസന കാഴ്ച്ചപ്പാടിനെ, പൊളിച്ചുകാട്ടിക്കൊണ്ട് പൊതുസമൂഹത്തിനോട് സംവദിക്കാൻ സ്വയം രാഷ്ട്രീയ സാക്ഷരത നേടുകയാണ് കോൺഗ്രസും ലീഗും പോലുള്ള രാഷ്ട്രീയ കക്ഷികൾ ചെയ്യേണ്ടത്. അല്ലെങ്കിൽ നമ്മൾ കാത്തിരിക്കണം, ഒരൊറ്റ ഭൂകമ്പത്തിൽ ഈ രാഷ്ട്രീയ വംശം മുഴുവനും മണ്ണടിയുന്നതു വരെ…
ചോദ്യം: തങ്ങളുടെ രാഷ്ട്രീയം ചെറുതാക്കിയ മനുഷ്യരെ ഒരാൾ എങ്ങനെ തിരിച്ചറിയും?
ഉത്തരം: അധികാരത്തോടുള്ള അവരുടെ വിധേയത്വം കൊണ്ട്.
എങ്കിൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ മന്ത്രിസഭയിലെ മന്ത്രിമാരെ അങ്ങനെ പറയാൻ പറ്റും. രാഷ്ട്രീയത്തെ അധികാരപ്രയോഗമായി മാത്രം കാണാൻ പഠിപ്പിക്കുകയും അന്ധമായ പാർട്ടി (അതൊരു നേതാവ് മാത്രമാകുന്നു) വിധേയത്വത്തോടെ പൊതുജീവിതത്തിലേക്ക് പ്രവേശിയ്ക്കുകയും ചെയ്ത ഒരു തലമുറയിലെ ഈ മന്ത്രിമാർ എന്തായാലും കേരളത്തിന്റെ സ്വാതന്ത്ര്യ ബോധത്തിനൊപ്പമല്ല. ഇങ്ങനെയൊരു തലമുറയെയാണ് സി പി എം എന്ന രാഷ്ട്രീയകക്ഷി അതിനും കേരളത്തിനും കരുതിവെച്ചിരിക്കുന്നത് എങ്കിൽ അതിന്റെ ദുരന്തം നമ്മൾ എല്ലാവർക്കുമുള്ളതാണ്. ഇതിനുദാഹരണമായി പല സംഭവങ്ങളും പല പ്രസ്താവങ്ങളും ഉണ്ട്. ഈ സർക്കാരും അതിന്റെ നേതൃത്വവും നേരിടുന്ന അഴിമതി ആരോപണങ്ങളെപ്പോലും ഈ തലമുറയ്‌ക്ക് തങ്ങളുടെ നേതാക്കൾക്കുവേണ്ടി പൂഴ്ത്തി വെക്കേണ്ടിവരുന്നു. അഥവാ, അങ്ങനെ ഖനീഭവിക്കുന്നത് എന്തോ അതാണ് ഈ സി പി എം- തലമുറയുടെ രാഷ്ട്രീയ സ്വാതന്ത്ര്യബോധം...