മോഹൻലാൽ എന്ന നടനെ രാജ്യം ഫാൽക്കേ അവാർഡ് നൽകി ആദരിച്ചതിൽ ഓരോ മലയാളിക്കും അഭിമാനമുണ്ട്. ഒരു നടനെന്ന നിലയിൽ അദ്ദേഹം അത് അർഹിക്കുകയും ചെയ്യുന്നു. അവാർഡുമായി ബന്ധപ്പെട്ട പ്രസംഗത്തിൽ മോഹൻലാൽ കുമാരനാശാൻ എഴുതാത്ത വരികൾ ആശാന്റേതായി ഉദ്ധരിച്ചത് മലയാളസാഹിത്യ പ്രേമികളെ മാത്രമല്ല കേവലസാക്ഷരതയുള്ളവരെ പോലും ഞെട്ടിച്ചു. മോഹൻലാൽ ആശാന്റേതായി പറഞ്ഞ വരികൾ ഇവിടെ ഉദ്ധരിക്കുന്നില്ല. ആവർത്തന വിരസത ഒഴിവാക്കാനുള്ള ത്വര കൊണ്ടുമാത്രമല്ല, മലയാളത്തെ അത്രമേൽ ബഹുമാനിക്കുന്നതു കൊണ്ടു കൂടിയാണ്. ആ അദ്ധ്യായം അവിടെ അവസാനിക്കട്ടെ എന്നു കരുതിയിരിക്കുമ്പോഴാണ് ‘ലാൽ സലാം’ എന്നപേരിൽ മോഹൻലാലിനെ ആദരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുന്നത്.
സന്തോഷം, ഇന്നലെ അദ്ദേഹം വളർന്ന നാടായ തിരുവനന്തപുരത്ത് വച്ച് ‘ലാൽ’ സലാം നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആദരിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തു, ഭരണചക്രം തിരിഞ്ഞുമറിയുന്ന സെക്രട്ടറിയേറ്റിന്റെ പിന്നാമ്പുറത്തുള്ള സെൻട്രൽ സ്റ്റേഡിയം തന്നെയായിരുന്നു വേദി. ലാൽ ഫാൻസുകാർ രംഗം കൊഴുപ്പിച്ചു. വൈകുന്നേരം നാല് മണി മുതൽ സെക്രട്ടറിയേറ്റിലെ മൂവായിരത്തോളം വരുന്ന ഉദ്യോഗസ്ഥരും സ്റ്റേഡിയം നിറയ്ക്കാനെത്തി.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ തുടക്കത്തിലെ ഒരു പരമാർശമാണ് സിനിമയെ സ്നേഹിക്കുകയും പഠിക്കുകയും ചെയ്യുന്നവരെ പിന്നെയും അമ്പരപ്പിച്ചിരിക്കുന്നത്. ദാദാ സാഹിബ് ഫാൽക്കയുടെ മലയാളി ബന്ധം എസ്റ്റാബ്ളിഷ് ചെയ്യാൻ മുഖ്യമന്ത്രി കൂട്ടുപിടിച്ചത് രാജാരവിവർമ്മയെന്ന വിശ്വവിഖ്യാതനെയാണ്. രാജാരവിവർമ്മ മഹാരാഷ്ട്രയിലെ ലോണാവാലയിൽ സ്ഥാപിച്ച സ്വന്തം പ്രസ്സ് വിറ്റു നൽകിയ പണം കൊണ്ടാണ് അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഫാൽക്കെ ആദ്യ ചിത്രം നിർമ്മിച്ചതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. മുമ്പ് ഒരു വ്ളോഗിൽ വന്ന വിവരങ്ങളെ ഉദ്ധരിച്ച് പ്രശസ്ത എഴുത്തുകാരൻ എൻ.എസ്. മാധവനും ഇതേ അബദ്ധം വിളമ്പിയിട്ടുണ്ട്. ഇത് വസ്തുകൾക്ക് നിരക്കുന്നതല്ലെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞ കാര്യമാണ്. പത്രപ്രവർത്തകനും സിനിമാ പഠിതാവുമായ മാങ്ങാട് രത്നാകരൻ അദ്ദേഹത്തിന്റെ ചമ്പാവും മൂലധനവും എന്ന പുസ്തകത്തിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ തെളിവ് സഹിതം നിരത്തിയാണ് മാങ്ങാട് രത്നാകരൻ ഇത് അടയാളപ്പെടുത്തിയിട്ടുള്ളത്.

രവിവർമ്മ- ഫാൽക്കേ: പഴമ്പുരാണങ്ങൾ എന്ന ആദ്യ അദ്ധ്യായത്തിൽ തന്നെ മാങ്ങാട് രത്നാകരൻ ഈ വിഷയത്തെ കുറിച്ച് ആധികാരികമായി പറയുന്നുണ്ട്. വെറുതെ പറഞ്ഞു പോകുകയല്ല. അതിനായി അദ്ദേഹം അവലംബിച്ച ചരിത്രവസ്തുതകളെ പുസ്തകത്തിന്റെ അവസാനപുറങ്ങളിൽ വിശദീകരിച്ചിട്ടുമുണ്ട്. 1886-87 കാഘട്ടത്തിൽ രാജ്യമാകെ പടർന്ന് പിടിച്ച പ്ലേഗ് മഹാമാരിയിൽ രവിവർമ്മയുടെ പ്രസ്സ് കനത്ത നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയും അന്നത്തെ 80,000 രൂപയുടെ കടക്കാരനായി മാറുന്നതിന്റേയും സാക്ഷ്യങ്ങൾ രവിവർമ്മയുടെ സഹോദരനായ സി. രാജരാജ വർമ്മ തന്റെ ഡയറിക്കുറിപ്പുകളിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നതിനെയാണ് മാങ്ങാട് രത്നാകരൻ അവലംബമായി സ്വീകരിച്ചിട്ടുള്ളത്. രവിവർമ്മയേയും ഫാൽക്കേയേയും നേരിട്ട് കൂട്ടിക്കെട്ടാനുള്ള ഒരു തെളിവുകളും ബാപ്പുവാട് വേ എഴുതിയ ഫാൽക്കേയുടെ സമഗ്രമായ ജീവചരിത്രത്തിലും ഇല്ല. ഈ പുസ്തകം രവിവർമ്മയെ കുറിച്ച് പരാമർശിക്കുന്നേയില്ല.
ഇന്ത്യൻ ലിത്തോഗ്രഫിയേയും രവിവർമ്മ പ്രസ്സിനെ കുറിച്ചും പഠിക്കുന്ന DIVINE LITHOGRAPHY എന്ന പുസ്തകത്തിൽ ഫാൽക്കേയും പരാമർശിക്കപ്പെടുന്നില്ല. ഈ പുസ്തകത്തിൽ രവിവർമ്മയും ഫാൽക്കേയും നേരിട്ട് കണ്ടിരിക്കാൻ യാതൊരു സാധ്യതയുമില്ലെന്നാണ് പറയുന്നത്. പ്രസ്സ് വിറ്റുകിട്ടിയ കാശ് ഫാൽക്കേയ്ക്ക് സിനിമയെടുക്കാനായി നൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞത് പരമാബദ്ധമാണ്. അത് തിരിച്ചറിയാൻ ഇരുവരും പ്രവർത്തിച്ചിരുന്ന കാലക്രമവും രവിവർമ്മ പ്രസ്സിന്റെ ചരിത്രവും വായിച്ചാൽ മതി. കടക്കെണിയിൽ പെട്ടുഴറിയ പ്രസ്സ് രവിവർമ്മ വിൽക്കുന്നത് 1901-ലാണ്. സഹകാരിയും മുഖ്യപ്രിന്ററുമായിരുന്ന ഫ്രിറ്റ് സ്ലൈഷറെന്ന ജർമ്മൻകാരനാണ് പ്രസ്സ് വാങ്ങിയത്. മുഴുവൻ തുകയും രൊക്കമായി നൽകിയല്ല ഫ്രിറ്റ് സ്ലൈഷർ പ്രസ്സ് വാങ്ങിയത്. ഇതിന്റെ അണാ പൈസ ഇടപാടിന്റെ ചരിത്രം ഡയറിക്കുറിപ്പുകളിൽ രാജരാജവർമ്മ എഴുതിയിട്ടുണ്ട്. 1892-ലാണ് രവിവർമ്മ പ്രസ്സ് ആരംഭിക്കുന്നത്. 1909- ൽ ഫാൽക്കേ കളർപ്രിന്റിംഗിന്റെ പുതിയ കാര്യങ്ങൾ പഠിക്കാനും യന്ത്രസാമഗ്രികൾ വാങ്ങാനുമായി ജർമ്മനിയിലേക്ക് പോയി. ഈ കാലയളവിൽ ഫാൽക്കെ എന്തു ചെയ്യുകയായിരുന്നു എന്നു നോക്കിയാൽ മതി, ഫാൽക്കെ രവിവർമ്മയുടെ സഹായി അല്ലായിരുന്നു എന്നത് മനസ്സലാക്കാനും കാൽക്കാശ് വാങ്ങിയിട്ടില്ലെന്ന് മനസ്സിലാക്കാനും.

രവിവർമ്മ പ്രസ്സ് ആരംഭിക്കുന്ന കാലത്ത് ഫാൽക്കെ ബറോഡയിൽ പ്രൊഫ. ഗജ്ജാറിന് കീഴിൽ ഫോട്ടോഗ്രഫി പഠിക്കുകയായിരുന്നു. 1895-ൽ ഗോധ്രയിലെത്തി സ്വന്തമായി ഒരു പോട്ടോഗ്രഫി സ്റ്റുഡിയോ തുറന്നെങ്കിലും 1900- ൽ പ്ളേഗ് പടർന്നപ്പോൾ സ്റ്റുഡിയോ പൂട്ടി ഫാൽക്കെ ഒരു ജർമ്മൻ മാന്ത്രികന്റെയടുക്കൽ നിന്നും മാജിക് പഠിക്കുകയും കെഫാൽ എന്ന അപരനാമത്തിൽ മാജിക് ഷോ നടത്തുകയും ചെയ്യുന്നു. 1902-ൽ ഫാൽക്കേ ഇന്ത്യൻ പുരാവസ്തു വകുപ്പിൽ ഡ്രാഫ്റ്റ്സ്മാനായി ജോലിയിൽ ചേരുകയും പുരാവസ്തു ഗവേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പലഭാഗത്തും യാത്രകൾ ചെയ്യുകയും ചെയ്യുന്നുണ്ട്. 1906-ൽ ബംഗാൾ വിഭജനത്തിൽ പ്രതിഷേധിച്ച് ജോലി രാജിവച്ച് ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട് സ്വതന്ത്രമായി പ്രവർത്തിച്ചു വരുമ്പോഴാണ് 1908- ൽ ലോണാവാലയിൽ ഫാൽക്കേസ് ആർട്ട് ആന്റ് പ്രിന്റിംഗ് വർക്സ് എന്ന പേരിൽ സ്വന്തം സ്ഥാപനം തുടങ്ങുകയും ചെയ്യുന്നത്. 1909- ൽ പാർട്ണർഷിപ്പ് അടിസ്ഥാനത്തിൽ ഈ സ്ഥാപനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി സ്ഥാപനത്തിന്റെ പേര് ലക്ഷ്മി ആർട്സ് പ്രിന്റിംഗ് വർക്സ് എന്നു മാറ്റുന്നതും അതിന്റെ കൂടുതൽ വിപുലീകരണ സാധ്യത തേടി ജർമ്മനിയിലേക്ക് പോകുന്നതും. 1906 ഒക്ടോബർ രണ്ടിന് രാജാരവിവർമ്മ മരിക്കുകയും ചെയ്തിരുന്നു. രവിവർമ്മയുടെ പ്രസ്സിൽ നിന്നും ഫാൽക്കെയുടെ സ്ഥാപനത്തിലേക്ക് ഇതിനിടയിൽ ഫോട്ടോ ലിത്തോ ട്രാൻസ്ഫർ എന്ന സാങ്കേതിക ജോലി ലഭിച്ചിരുന്നു. ഫാൽക്കേയുടെ സ്ഥാപനത്തിന് ലഭിച്ച ആദ്യ ഓർഡറും രവിവർമ്മ പ്രസ്സിൽ നിന്നും ആയിരുന്നു. അതിനർത്ഥം രവിവർമ്മയുടെ ആശ്രിതനായിരുന്നു ഫാൽക്കേ എന്നല്ല.

മുഖ്യമന്ത്രി ഒരു വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ അത് ചരിത്രരേഖകളിലുണ്ടാകും. പറയുന്ന അബദ്ധങ്ങൾ വരുംതലമുറ ഫാക്ട് ചെക്ക് ചെയ്യാതെ വിഴുങ്ങുകയും ചെയ്യും. അവിടെയാണ് പ്രശ്നം. കേട്ടു കഥകൾക്ക് മിത്തിന്റെ സ്വഭാവം കൈവരുകയും പിന്നീടത് സത്യമായി തെറ്റിദ്ധരിക്കുകയും ചെയ്യും. ‘ലാൽ സലാം’ പരിപാടിയിൽ മുഖ്യമന്ത്രി പ്രസംഗം എഴുതി വായിക്കുകയായിരുന്നു. മുഖ്യമന്ത്രി പ്രസംഗിക്കുന്ന മുഴുവൻ കാര്യങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടാകണമെന്നില്ല. അത് പ്രായോഗികവുമല്ല. പക്ഷേ മുഖ്യമന്ത്രിയെന്ന നിലയിലും സി.പി.എമ്മിന്റെ പോളിറ്റ്ബ്യൂറോ മെമ്പർ എന്ന നിലയിലും വർത്തിക്കുന്ന ഒരാളുടെ വാക്കുകൾക്ക് ഉത്തരവാദിത്വം ഉണ്ടാകണം. ഇൻഫർമേഷൻ ആരുടേയും കുത്തകയല്ലാത്ത ഇക്കാലത്ത്, വാസ്തവവിരുദ്ധമല്ലാത്ത ഒരു കാര്യം പറഞ്ഞാൽ തെളിവ് സഹിതം പുറത്തു വരാൻ വലിയ താമസമുണ്ടാകില്ല.
