തന്നെയും കുടുംബത്തെയും ആ ചാനൽ വേട്ടയാടി, മാനസികമായി തളർന്നു: പി.കെ. ജയലക്ഷ്മി

Think

ലയാളത്തിലെ ഒരു പ്രമുഖ ചാനൽ തന്നെ നിരന്തരമായി വേട്ടയാടുകയായിരുന്നുവെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി അംഗവുമായ പി.കെ. ജയലക്ഷ്മി. ഏകദേശം ഒരു മാസത്തോളം തന്നെയും തന്റെ കുടുംബത്തെയും അവർ വേട്ടയാടിക്കൊണ്ടിരുന്നെന്നും ഈ വേട്ടയാടൽ മാനസികമായി തന്നെ തളർത്തിയെന്നും പി.കെ. ജയലക്ഷ്മി. ട്രൂകോപ്പി തിങ്ക് അസോസിയേറ്റ് എഡിറ്റർ ടി.എം. ഹർഷനുമായി നടത്തിയ അഭിമുഖത്തിലാണ് ജയലക്ഷ്മിയുടെ പ്രതികരണം.

""മനസ്സിൽ പോലും ചിന്തിക്കാത്ത തരത്തിലുള്ള ഒരുപാട് ആരോപണങ്ങളാണ് എനിക്കെതിരെ വന്നുകൊണ്ടിരുന്നത്. ഏകദേശം ഒരു മാസത്തോളം എന്നെയും എന്റെ കുടുംബത്തെയും അവർ വേട്ടയാടിക്കൊണ്ടിരുന്നു. ഒരു രാഷ്ട്രീയ പ്രവർത്തക എന്ന നിലയിൽ എനിക്ക് എതിരെയുള്ള ആരോപണങ്ങളെ ഞാൻ നേരിടും. എന്നാൽ ഒരു മന്ത്രി എന്നതിനപ്പുറം ഞാനൊരു സാധാരണ സ്ത്രീ കൂടിയാണ്. വീട്ടിലെ കൊച്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവരുടെ വരെ ചിത്രം ഉൾപ്പെടുത്തിയാണ് "ജയ ലക്ഷ്മി ജയിലിലേയ്ക്ക്...' എന്നൊക്കെ വാർത്ത കൊടുത്തത്.''

തനിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് ഉന്നയിച്ച ആരോപണങ്ങളുടെ സത്യാവസ്ഥയെകുറിച്ചും, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉണ്ടാക്കിയ മാനസിക ബുദ്ധിമുട്ടുകളെകുറിച്ചും തുറന്നുപറയുന്നു ജയലക്ഷ്മി.

""അന്ന് ഞാൻ ഗർഭിണിയായിരുന്നു. ഒരു മാസത്തോളം തുടർന്ന നിരന്തര വേട്ടയാടൽ മാനസികമായി എന്നെ തളർത്തി. ദിനം പ്രതി എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് വാർത്തകൾ വന്നുകൊണ്ടിരുന്നു. ഗർഭകാലം പൂർത്തിയാക്കാൻ എനിക്കു കഴിഞ്ഞില്ല. ആറാം മാസത്തിൽ കുഞ്ഞിന് ജന്മം നൽകേണ്ടി വന്നു. രണ്ടുപേരിൽ ഒരാളുടെ ജീവൻ എന്ന അവസ്ഥയിലേയ്ക്കു പോലും കാര്യങ്ങളെത്തി. രണ്ടു മാസക്കാലം കുഞ്ഞിനെക്കൊണ്ട് ഹോസ്പിറ്റലിൽ തന്നെയായിരുന്നു. വീട്ടിൽ തിരിച്ചെത്തി, പിന്നെയും രണ്ട് വർഷത്തോളം കുഞ്ഞുമായി ഹോസ്പിറ്റലിൽ കയറിയിറങ്ങേണ്ടി വന്നു. ആശുപത്രിചെലവുകൾ കടബാധ്യതയിൽ വരെ എത്തിച്ചു. കടബാധ്യതയും സാമ്പത്തിക ബുദ്ധിമുട്ടും കാരണമാണ് എഷ്യാനെറ്റ് ന്യൂസിനെതിരെ മാനനഷ്ടകേസ് കൊടുക്കേണ്ട എന്നുപോലും തീരുമാനിച്ചത്.' ജയലക്ഷ്മി പറയുന്നു.

Comments