നഗരപ്രദേശങ്ങളിലെ 15 - 29 പ്രായക്കാരിലെ തൊഴിലില്ലായ്മാനിരക്കിൽ കേരളം ഏറെ മുന്നിൽ. 31.8 ശതമാനമാണ് ഈ പ്രായക്കാരിൽ കേരളത്തിലെ തൊഴിലില്ലായ്മാനിരക്ക്. ദേശീയ ശരാശരിയേക്കാൾ (17ശതമാനം) വളരെ കൂടുതലാണിത്. മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേയുടെ 2024 ജനുവരി - മാർച്ച് ക്വാർട്ടർലി ബുള്ളറ്റിനാണ് ഈ കണക്ക്. ഇതേ പ്രായമുള്ള സ്ത്രീകളിലും പുരുഷന്മാരിലും തൊഴിൽരാഹിത്യം കൂടുതലുള്ളതും കേരളത്തിൽ തന്നെയാണ്. അതേസമയം, മിനിമം വേതനത്തിലും തൊഴിൽ സൗഹൃദത്തിലും ഒന്നാം സ്ഥാനത്താണ് കേരളം.
2012 ലെ ചൈൽഡ് ലേബർ (പ്രൊഹിബിഷൻ ആൻ്റ് റഗുലേഷൻ) ഭേദഗതി നിയമപ്രകാരം 14 വയസ്സുവരെയുള്ളവരെക്കൊണ്ട് ഒരു തൊഴിലും ചെയ്യിക്കാൻ പാടില്ല. 14 മുതൽ 18 വയസു വരെ യുള്ളവരെക്കൊണ്ട് അപകടസാധ്യതയുള്ള തൊഴിലുകൾ ചെയ്യിപ്പിക്കാൻ പാടില്ല. അതായത്, ചൈൽഡ് ലേബർ നിരോധന നിയമപ്രകാരം ശിക്ഷാർഹമായ ബാലവേലയുടെ പ്രായപരിധി 14 വയസാണ്.
2024 ജനുവരി - മാർച്ച് പാദത്തിൽഎല്ലാ പ്രായക്കാരെയും പരിഗണിച്ചാൽ, തൊഴിലില്ലായ്മാ നിരക്ക് 6.7 ശതമാനമാണെന്ന് പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ വ്യക്തമാക്കുന്നു. 2023 ഒക്ടോബർ- ഡിസംബർ കാലത്ത് തൊഴിലില്ലായ്മാ നിരക്ക് 6.65 ശതമാനമായിരുന്നു. 2023 ജനുവരി- മാർച്ചിൽ 6.8 ശതമാനവും.
ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മാനിരക്ക് ഡൽഹിയിലാണ്, 3.1 ശതമാനം.
22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടത്തുന്ന സർവേയിൽ, 15-29 പ്രായ ഗ്രൂപ്പിൽ ജമ്മു കാശ്മീർ (28.2), തെലങ്കാന (26.1), രാജസ്ഥാൻ (24), ഒഡീഷ (23.3) എന്നീ സംസ്ഥാനങ്ങളും ഉയർന്ന തൊഴിലില്ലായ്മാനിരക്ക് രേഖപ്പെടുത്തി.
15- 29 പ്രായക്കാരിൽ തൊഴിലില്ലായ്മ കൂടുതലുള്ള സംസ്ഥാനങ്ങൾ (നിരക്ക് ശതമാനത്തിൽ).
1 കേരളം: 31.8.
2. ജമ്മു കാശ്മീർ: 28.2
3. തെലങ്കാന: 26.1
4. രാജസ്ഥാൻ: 24
5. ഒഡീഷ: 23.3
15- 29 പ്രായക്കാരിൽ തൊഴിലില്ലായ്മ കുറവുള്ള സംസ്ഥാനങ്ങൾ (നിരക്ക് ശതമാനത്തിൽ):
1. ഡൽഹി: 3.1
2. ഗുജറാത്ത്: 9
3. ഹരിയാന: 9.5
4. കർണാടക: 11.5
5. മധ്യപ്രദേശ്: 12.1
15- 29 പ്രായക്കാരായ സ്ത്രീകളിൽ തൊഴിലില്ലായ്മ കൂടുതലുള്ള സംസ്ഥാനങ്ങൾ (നിരക്ക് ശതമാനത്തിൽ):
1. ജമ്മു കാശ്മീർ: 48.6
2. കേരളം: 46.6
3. ഉത്തരാഖണ്ഡ്: 39.4
4. തെലങ്കാന: 38.4
5. ഹിമാചൽ പ്രദേശ്: 35.9
15- 29 പ്രായക്കാരായ സ്ത്രീകളിൽ തൊഴിലില്ലായ്മ കുറവുള്ള സംസ്ഥാനങ്ങൾ (നിരക്ക് ശതമാനത്തിൽ):
1. ഡൽഹി: 5.7
2. ഗുജറാത്ത്: 10.9
3. മധ്യപ്രദേശ്: 13.5
4. ഹരിയാന: 13.9
5. കർണാടക: 15
15- 29 പ്രായക്കാരിൽ പുരുഷന്മാരിൽ തൊഴിലില്ലായ്മ കൂടിയ സംസ്ഥാനങ്ങൾ (നിരക്ക് ശതമാനത്തിൽ):
1. കേരളം: 24.3
2. ബിഹാർ: 21.2
3. ഒഡീഷ: 20.6
4. രാജസ്ഥാൻ: 206
5. ഛത്തീസ്ഗഡ്: 19.6
15- 29 പ്രായക്കാരിൽ പുരുഷന്മാരിൽ തൊഴിലില്ലായ്മ കുറഞ്ഞ സംസ്ഥാനങ്ങൾ (നിരക്ക് ശതമാനത്തിൽ):
1. ഡൽഹി: 2.5
2. ഗുജറാത്ത്: 8.5
3. കർണാടക: 10.1
4. ഹിമാചൽ പ്രദേശ്: 10.2
5. മധ്യപ്രദേശ്: 11.7
സ്ത്രീകളിൽ ഏറ്റവും കൂടുതൽ തൊഴിൽരഹിതർ ജമ്മു കാശ്മിരിലാണ്, 48.6 ശതമാനം. തൊട്ടുപുറകിൽ കേരളം, 46.6 ശതമാനം. എന്നാൽ ജമ്മു കാശ്മീരിൽ വനിതകളിലെ തൊഴിലില്ലായ്മാനിരക്ക് ശ്രദ്ധേയമായ രീതിയിൽ കുറയുന്നുമുണ്ട്. കഴിഞ്ഞ വർഷത്തെ ഒക്ടോബർ- ഡിസംബർ പാദത്തിലെ 51.4 ശതമാനത്തിൽ നിന്ന് 4 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജമ്മു കാശ്മീരിന് തൊട്ടുപിറകിലായി കേരളം (46.6), ഉത്തരാഖണ്ഡ് (39.4), തെലങ്കാന (38.4), ഹിമാചൽ പ്രദേശ് (35.9) എന്നീ സംസ്ഥാനങ്ങളും സ്ത്രീകളുടെ തൊഴിലില്ലായ്മാനിരക്കിൽ ആദ്യ സ്ഥാനങ്ങളിലുണ്ട്. ഉത്തരാഖണ്ഡ്- 39.4, തെലങ്കാന- 38.4, ഹിമാചൽ പ്രദേശ്- 35.9 ശതമാനം വീതമാണ് സ്ത്രീകളിലെ തൊഴിലില്ലായ്മ.
19-25 പ്രായക്കാരായ മലയാളി പുരുഷൻമാരിൽ 24.3 ശതമാനമാണ് തൊഴിലില്ലായ്മാനിരക്ക്. ബിഹാർ (21.2), ഒഡീഷ (20.6), രാജസ്ഥാൻ (20.6), ഛത്തീസ്ഗഡ് (19.6) സംസ്ഥാനങ്ങളാണ് പുരുഷന്മാരുടെ തൊഴിലില്ലായ്മാനിരക്കിൽ മുന്നിലുള്ള മറ്റ് സംസ്ഥാനങ്ങൾ.
പുരുഷൻമാരുടെയും സ്ത്രീകളുടെയും തൊഴിലില്ലായ്മാനിരക്ക് ഒരുപോലെ കുറവ് ഡൽഹിയിലാണ്; പുരുഷൻമാരുടേത് 2.5 ശതമാനവും സ്ത്രീകളുടേത് 5.7 ശതമാനവും. ജനുവരി- മാർച്ച് പാദത്തിൽ സ്ത്രീകളുടെ തൊഴിലില്ലായ്മാനിരക്ക് 22.7 ശതമാനമാണ്. കഴിഞ്ഞ ഒക്ടോബർ- ഡിസംബർ കാലത്ത് 22.5 ശതമാനമായിരുന്നു. കഴിഞ്ഞ വർഷത്തെ ജനുവരി- മാർച്ച് പാദത്തിൽ 22.9 ശതമാനവും.
15- 29 പ്രായക്കാരിലെ തൊഴിലില്ലായ്മാ നിരക്ക് ജനുവരി- മാർച്ച് പാദത്തിൽ ദേശീയതലത്തിൽ 17 ശതമാനമാണ്. ഇത് തൊട്ടു മുമ്പുള്ള പാദത്തിലേതിനേക്കാൾ അൽപം കൂടുതലാണ്. 2023 ഒക്ടോബർ- ഡിസംബർ പാദത്തിൽ 16.6 ശതമാനമായിരുന്നു. 2023 ജനുവരി- മാർച്ച് കാലത്ത് 17.3 ശതമാനവുമായിരുന്നു.
2024 ജനുവരി മാർച്ച് പാദത്തിൽ, നഗരപ്രദേശങ്ങളിലെ 15 വയസ്സിനുമുകളിലുള്ളവരുടെ തൊഴിലില്ലായ്മാ നിരക്ക്, 2023-ലെ ഇതേ പാദത്തിലെ 6.8 ശതമാനത്തിൽനിന്ന് 6.7 ശതമാനമായി നേരിയ കുറവ് രേഖപ്പെടുത്തി.
ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ തൊഴിലില്ലായ്മ ഗുരുതരമാണ്. ദേശീയ തലത്തിൽ തൊട്ടമുമ്പത്തെ സമാന പാദത്തേക്കാൾ 0.3 ശതമാനം നിരക്ക് കുറഞ്ഞുവെന്നത് ആശ്വാസം പകരുമ്പോൾ തന്നെ 2023 ഒക്ടോബർ- നവംബർ പാദത്തിലെ 16.5 ശതമാനത്തേക്കാൾ കൂടിയെന്നത് ആശങ്ക ഉയർത്തുന്നുമുണ്ട്. ഗുജറാത്ത് (9), ഹരിയാന (9.5), കർണാടക (11.5), മധ്യപ്രദേശ് (12.1) എന്നിവയാണ് തൊഴിലില്ലായ്മ താരതമ്യേന കുറവുള്ള മറ്റു സംസ്ഥാനങ്ങൾ.
കോവിഡ് കാലത്തും തൊഴിലില്ലായ്മാനിരക്ക് വലിയ തോതിൽ ഉയർന്നിരുന്നു. എന്നാൽ കോവിഡിനുശേഷവും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ലെന്നത് പ്രതിസന്ധിയായി തുടരുകയാണ്. തൊഴിലില്ലായ്മാ നിരക്ക്, തൊഴിൽ ശക്തി പങ്കാളിത്ത നിരക്ക്, തൊഴിലാളി ജനസംഖ്യ അനുപാതം എന്നിവയാണ് പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ വഴി കണ്ടെത്തുന്നത്. പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ പ്രകാരം ആഴ്ചയിൽ എല്ലാ ദിവസവും ഒരു മണിക്കൂർ പോലും തൊഴിൽ ചെയ്യാതിരിക്കുകയും തൊഴിലിന് വേണ്ടി അന്വേഷിക്കുകയും ചെയ്യുന്നതിനെയാണ് തൊഴിലില്ലാത്തവരായി കണക്കാക്കുന്നത്.