ആശമാരുടെ പ്രതിഷേധച്ചൂടറിഞ്ഞ് ക്ലിഫ് ഹൗസ്, ബലപ്രയോഗം നടത്തി പോലീസ്

ആശാവർക്കർമാരുടെ സമരം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ക്ലിഫ് ഹൗസിലേക്ക് മാർച്ച്. കടുത്ത പ്രതിഷേധത്തെ തുടർന്ന് സമരക്കാരെ ബലം പ്രയോഗിച്ചാണ് പോലീസ് മാറ്റിയത്.

News Desk

വിവിധ ആവശ്യങ്ങളുന്നയിച്ച് മാസങ്ങളായി നടത്തുന്ന സമരത്തെ അവഗണിക്കുന്ന പിണറായി വിജയൻ സർക്കാരിൻെറ നടപടികളിൽ പ്രതിഷേധിച്ച് ആശാവർക്കർമാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തി. 8 മാസക്കാലം എല്ലാ അവഗണനകളെയും അതിജീവിച്ചു സെക്രട്ടറിയേറ്റ് നടയിൽ രാവും പകലും സമരം ചെയ്ത സ്ത്രീ തൊഴിലാളികളുടെ സമരത്തെ രൂക്ഷമായാണ് പോലീസ് നേരിട്ടത്. ബുധനാഴ്ച രാവിലെ 10 മണിക്ക് പിഎജി ജംഗ്ഷനിൽ നിന്നാണ് സമരം ആരംഭിച്ചത്. മാർച്ചിൽ ആയിരക്കണക്കിന് ആശമാരും സമരത്തെ പിന്തുണക്കുന്ന സാമൂഹ്യ- സാംസ്കാരിക മേഖലകളിൽ നിന്നുള്ളവരും പങ്കെടുത്തു.

കൂലി കൂട്ടണം എന്ന പ്രധാന ആവശ്യം നേടാൻ ശക്തമായ സമരമല്ലാതെ മറ്റൊരു വഴിയും കാണാതെ 255 ദിവസമായി കെ എ എച്ച് ഡബ്ല്യു എ-യുടെ നേതൃത്വത്തിൽ ആശമാർ രാപ്പകൽ സമരം നടത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള മാർച്ചോടെ പ്രശ്‌ന പരിഹാരം സാധ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു ആശമാർ. കെ എ എച്ച് ഡബ്ല്യു എ സംസ്ഥാന പ്രസിഡൻ്റ് വി.കെ. സദാനന്ദനാണ് ക്ലിഫ് ഹൗസ് മാർച്ച് ഉദ്ഘാടനം ചെയ്തത്. മാർച്ച് തുടങ്ങിയപ്പോൾ തന്നെ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഉഷ ഉഴമലയ്ക്കൽ, ബീന പീറ്റർ, തങ്കമണി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. 255 ദിവസങ്ങളായി സമരപന്തലിൽ കഞ്ഞി കുടിക്കാൻ ഉപയോഗിച്ച പാത്രങ്ങൾ കൊട്ടി ആശമാർ പ്രതിഷേധിച്ചു. മുഖ്യമന്ത്രിയെ കണ്ടേ മടങ്ങൂവെന്ന് പ്രഖ്യാപിച്ച് ബാരിക്കേഡ് മറികടന്ന് മുന്നോട്ടു പോകുകയായിരുന്നു ആശമാർ. ഇതിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കൂടുതൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമവുമുണ്ടായി. കനത്ത മഴയിലും പിൻമാറാതെ പിടിച്ചുനിന്ന സമരക്കാരെ ബലം പ്രയോഗിച്ചാണ് പോലീസ് നീക്കിയത്.

ഇതിനിടെ സമര പ്രവർത്തകർ ഉപയോഗിച്ചിരുന്ന മൈക്കും മറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. ആശമാർ ഇവ കയറ്റിയ പോലീസ് വാഹനം തടഞ്ഞു. കെ എ എച്ച് ഡബ്ല്യു എ ജനറൽ സെക്രട്ടറി എം.എ ബിന്ദു, എസ്. മിനി തുടങ്ങിയ നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. എസ്. മിനിയുടെ ഉടുപ്പ് പോലീസ് വലിച്ച് കീറി. ഗിരിജ, ജിതിക, മീര തുടങ്ങിയവരെയും പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ വനിതാ പോലീസുകാരെ എത്തിച്ച് ബലം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ നീക്കിയത്.

ജനാധിപത്യപരമായ സമരങ്ങളെ പോലീസ് എങ്ങനെ അടിച്ചമർത്തുന്നുവെന്നതിൻെറ ഉത്തമ ഉദാഹരണമാണ് ആശമാരുടെ ക്ലിഫ് ഹൗസ് മാർച്ചിൽ സംഭവിച്ചതെന്ന് വി.കെ. സദാനന്ദൻ പറഞ്ഞു. “ക്രൂരമായ ആക്രമണവും ബലപ്രയോഗവുമാണ് ആശമാർക്ക് നേരെ പോലീസ് നടത്തിയത്. മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യപരമായാണ് സമരം നടത്തിയത്. അഞ്ച് മണിക്കൂറോളം സമരക്കാരെ ഒരു മറുപടിയും നൽകാതെ കാത്തിരിപ്പിക്കുകയാണ് ചെയ്തത്. പിന്നീട് പോലീസ് ബലപ്രയോഗം നടത്തുകയാണ് ചെയ്തത്. ഒരു പ്രകോപനവുമില്ലാതെ വയറ്റിൽ ലാത്തി കൊണ്ട് കുത്തി. സമരത്തിൽ ന്യായമായ തീരുമാനം ഉണ്ടാവണമെന്നാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. തീർത്തും ജനാധിപത്യവിരുദ്ധമായാണ് ഈ തൊഴിലാളിസമരത്തോട് സർക്കാരും പോലീസും പെരുമാറിയത്,” എം.എ ബിന്ദു പറഞ്ഞു.

Comments