തൃപ്പൂണിത്തുറയിലെ ഇരുമ്പനം കർഷക കോളനിയിലെ മനോഹരൻ കൂലിപ്പണിക്കാരനായിരുന്നു. ജീവിതത്തിലെ സകല സമ്പാദ്യങ്ങളും പെറുക്കിവെച്ച് അതിൻമേൽ കടങ്ങളും വായ്പയുമൊക്കെയെടുത്ത് മനോഹരൻ ഒരു സ്‌പെയർ പാർട്‌സ് കട തുടങ്ങിയത് ഈയടുത്ത കാലത്താണ്. ഇന്നലെയും പതിവുപോലെ രാത്രി എട്ടരയോടെ കടപൂട്ടിയ മനോഹരൻ ബൈക്കിൽ വീട്ടിലേക്ക് പോയി. ഇടയ്ക്ക് വെച്ച് പൊലീസ് കൈകാണിച്ചു. പെട്ടെന്ന് പൊലീസിനെ കണ്ട് ഭയന്ന അദ്ദേഹം അൽപം മുന്നോട്ടുപോയാണ് ബൈക്ക് നിർത്തിയത്. പിറകേ വന്ന പൊലീസ് മനോഹരനെ പിടികൂടി.
എല്ലാ ദിവസവും കടപൂട്ടി കൃത്യസമയത്ത് വീട്ടിലേക്ക് പോയിക്കൊണ്ടിരുന്ന മനോഹരൻ ഇന്നലെ പാതിവഴിയിൽ വെച്ച് പൊലീസിനെ കണ്ട് പരിഭ്രമിച്ച് ബൈക്ക് നിർത്താൻ കുറച്ച് സമയം വൈകി എന്ന "കുറ്റം' അദ്ദേഹത്തിന് സമ്മാനിച്ചത് മരണമാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത മനോഹരൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല.
മനോഹരനെ പോലീസ് കൊണ്ടുപോകുന്നതിനും മർദിക്കുന്നതിനും സാക്ഷിയായ രമാദേവി, ഇന്ന് മാധ്യമങ്ങൾക്ക് മുമ്പിൽ താൻ കണ്ട കാഴ്ച തുറന്ന് പറഞ്ഞിരുന്നു.
""എന്താടാ വണ്ടി നിർത്താത്തേ എന്ന് പൊലീസുകാർ ചോദിച്ചു, പേടിച്ചിട്ടാ സാറേന്ന് പറഞ്ഞ് ഹെൽമറ്റ് ഊരിയതും പൊലീസുകാർ, ഒരൊറ്റ അടിയാ മുഖത്ത്... അവൻ നിന്ന് കിലുകിലാ വിറച്ചുപോയി, പൊലീസ് അവനെ പിടിച്ചുകൊണ്ടുപോയി''
പൊലീസ് സ്റ്റേഷനിലെത്തി അധികം വൈകാതെ തന്നെ മനോഹരൻ കുഴഞ്ഞുവീണ് മരിച്ചു. എന്താണ് മനോഹരന്റെ മരണകാരണം, കൂടുതൽ മർദനം അദ്ദേഹത്തിന് ഏറ്റിരുന്നോ, തുടങ്ങിയ വിവരങ്ങൾ ഔദ്യോഗികമായ അന്വേഷണത്തിലൂടെ മാത്രം പുറത്തുവരേണ്ടതാണ്. ഒരു മനുഷ്യനെ വഴിയിൽ തടഞ്ഞുനിർത്തി മർദനമേൽപ്പിച്ച്, ഭയപ്പെടുത്തി കൊന്ന ക്രൂരതയെ കൊലപാതകം എന്നല്ലാതെ മറ്റെന്ത് വാക്കുകൾകൊണ്ടാണ് വിശേഷിപ്പിക്കേണ്ടത് ? ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് മനോഹരൻ. തന്റെ ഉപജീവന മാർഗമായ കടയ്ക്കും വീടിനുമിടയിലുള്ള ചെറിയ ദൂരത്തിൽ എന്തിനെന്നറിയാതെ അയാൾ കൊല്ലപ്പെട്ടു.
ഒറ്റപ്പെട്ടതെന്ന വിധിയെഴുത്തിൽ മറവിയിലേക്ക് തള്ളാനാവാത്ത എത്രയെത്ര സംഭവങ്ങളാണ്, അവസാനിക്കാത്ത പൊലീസ് ക്രൂരതകളായി സംസ്ഥാനത്ത് ആവർത്തിച്ചുകൊണ്ടിരിക്കുന്നത്. പിണറായി സർക്കാർ അധികാരത്തിലേറിയതിന് ശേഷം ഏറ്റവും കൂടുതൽ ആരോപണങ്ങളും വിമർശനങ്ങളും ഏൽക്കേണ്ടി വന്നിട്ടുള്ളത് ആഭ്യന്തര വകുപ്പിന് കീഴിലെ വീഴ്ചകളുമായി ബന്ധപ്പെട്ടാണ്. പ്രത്യേകിച്ചും പൊലീസുകാർ നടത്തിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട്. എന്നിട്ടും ഒരു മാറ്റവുമില്ലാതെ പൊലീസിന്റെ അതിക്രമങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്.
പല മരണങ്ങളിലും ഹൃദയാഘാതം രക്തസമ്മർദം തുടങ്ങിയ കാരണങ്ങൾ റിപ്പോർട്ടുകളായി വരുമ്പോൾ പൊലീസുകാർ രക്ഷപ്പെടാറുണ്ട്. എന്നാൽ സാധാരണ നിലയിൽ ജീവിച്ചുപോന്നിരുന്ന മനുഷ്യർ എങ്ങിനെയാണ് പൊലീസ് കസ്റ്റഡിയിലകപ്പെടുന്ന ഉടൻ ഹൃദയാഘാതം വന്നും കുഴഞ്ഞുവീണും മരണപ്പെടുതെന്ന തുടർചോദ്യം പൊലീസിന് നേരെ ഉയരാറില്ല. 2016 ഒക്ടോബറിൽ ഒരു പെറ്റിക്കേസിൽ പിഴയടയ്ക്കാത്ത കുറ്റത്തിന് പൊലീസുകാർ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയതായിരുന്നു കുണ്ടറയിലെ കുഞ്ഞുമോൻ എന്ന ദളിത് യുവാവിനെ. പിഴ തുകയായ 350 രൂപയുമായി പിറ്റേദിവസം സ്റ്റേഷനിൽ ചെന്ന കുഞ്ഞുമോന്റെ അമ്മ കാണുന്നത് തന്റെ മകന്റെ ചലമറ്റ ശരീരമാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റത്തിന് വടകര പൊലീസ് അറസ്റ്റ് ചെയ്ത സജീവൻ എന്ന മരംവെട്ടുകാരന്റെ മൃതദേഹമാണ് പിന്നീട് തിരിച്ച് വീട്ടിലെത്തിയത്. കുണ്ടറയിലെ കുഞ്ഞുമോനും, വടകരയിലെ സജീവനുമിടയിൽ എത്രയെത്ര മനുഷ്യരാണ് ലോക്കപ്പിനകത്തും പുറത്തുംവെച്ച് പൊലീസ് ക്രൂരതകൾക്കിരകളായി ജീവനറ്റുപോയത്.
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒന്നാം പിണറായി സർക്കാറിന്റെ കാലം മുതലിങ്ങോട്ട് കേരളത്തിൽ കസ്റ്റഡി കൊലപാതകങ്ങൾ, പൊലീസിന് നേരെ കുറ്റാരോപണമുയരുന്ന മരണങ്ങൾ എന്നിവയുടെയെല്ലാം എണ്ണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. പൊലീസ് മർദനത്തെത്തുടർന്ന് ലോക്കപ്പിലും ആശുപത്രിയിലും വെച്ച് മരിച്ചവർ, വ്യാജ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടവർ, പൊലീസ് കസ്റ്റഡിയിലെടുത്തശേഷം ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയവർ, അകാരണമായ മർദനങ്ങളെയും ഭീഷണികളെയും തുടർന്ന് ആത്മഹത്യ ചെയ്തവർ തുടങ്ങി, പൊലീസ്/ എക്സൈസ്/ഫോറസ്റ്റ് എന്നീ സേനകൾക്ക് നേരെ കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട നിരവധി സംഭവങ്ങളാണ് കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഉണ്ടായിട്ടുള്ളത്. ഇവയിലൊന്നിൽ പോലും മാതൃകാപരമായ അന്വേഷണങ്ങളോ തുടർനടപടികളോ നടന്നു എന്ന് പറയാനാകില്ല.
വണ്ടൂരിലെ അബ്ദുൽ ലത്തീഫ്, തമിഴ് തൊഴിലാളിയായ കാളിമുത്തു, കുണ്ടറയിലെ കുഞ്ഞുമോൻ, പാവറട്ടിയിലെ വിനായകൻ, പട്ടിക്കാട്ടെ ബൈജു, മാറനല്ലൂരിലെ വിക്രമൻ, കൊല്ലം നൂറനാട്ടെ രാജു, തൊടുപുഴയിലെ രജീഷ്, ആലപ്പുഴ കഞ്ഞിക്കുഴിയിലെ സുമി, ബിച്ചു, തിരുവനന്തപുരം വാളിയോട്ടെ അപ്പുനാടാർ, കാസർഗോട്ടെ സന്ദീപ്, വരാപ്പുഴയിലെ ശ്രീജിത്ത്, കൊട്ടാരക്കരയിലെ മനു, പിണറായിയിലെ ഉനൈസ്, കളയിക്കാവിളയിലെ അനീഷ്, തിരുനെൽവേലി സ്വദേശി സ്വാമിനാഥൻ, കോട്ടയം മണർക്കാട്ടെ നവാസ്, പീരുമേട്ടിലെ രാജ്കുമാർ, തിരൂരിലെ രഞ്ജിത്ത് കുമാർ, തിരുവനന്തപുരം കരിമഠം കോളനിയിലെ അൻസാരി, ചിറ്റാറിലെ പി.പി മത്തായി, വടക്കഞ്ചേരിയിലെ ഷമീർ, കാഞ്ഞിരപ്പള്ളിയിലെ ഷഫീഖ്, വടകരയിലെ സജീവ് തുടങ്ങി മുപ്പതിലധികം മരണങ്ങളിലാണ് ഇടതു സർക്കാറിന്റെ അധികാര കാലത്ത് പൊലീസ്, ഫോറസ്റ്റ്, എക്സൈസ് തുടങ്ങിയ സേനകൾ പ്രതികളായിട്ടുള്ളത്.
ഇതിൽ നിരവധി സംഭവങ്ങളിൽ പൊലീസിന് നേരെ തെളിവുകൾ സഹിതം പരാതി സമർപ്പിക്കപ്പെടുകയും ജനകീയ പ്രക്ഷോഭങ്ങളുണ്ടാവുകയുമെല്ലാം ചെയ്തതാണ്. എന്നിട്ടും നടപടികളുണ്ടായിട്ടില്ല. പകരം കുറ്റവാളികളെ സംരക്ഷിക്കുകയാണ് പൊലീസ് ചെയ്തിട്ടുള്ളത്.
മനുഷ്യാവകാശ കമ്മീഷന്റെ ശുപാർശകൾ ലംഘിക്കപ്പെടുന്നു, പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ നിർദേശങ്ങൾ അട്ടിമറിക്കപ്പെടുന്നു. എത്ര ഗുരതര തെറ്റ് ചെയ്താലും സേനയുടെ ഭാഗമായി തന്നെ മുന്നോട്ടുപോകാം എന്ന ധൈര്യം പൊലീസുകാർക്ക് നൽകുന്നത് ആഭ്യന്തരവകുപ്പ് തന്നെയാണ്. കൊലപാതകം അടക്കമുള്ള കുറ്റകൃത്യങ്ങൾക്ക് പോലും പൊലീസുകാർക്ക് ലഭിക്കുന്ന ശിക്ഷ സസ്‌പെൻഷൻ എന്ന പേരിൽ കുറച്ചുമാസത്തെ ശമ്പളത്തോടുകൂടിയുള്ള അവധിയോ, അല്ലെങ്കിൽ മറ്റേതെങ്കിലും സ്റ്റേഷനിൽ ചെന്ന് വീണ്ടും പാവങ്ങളെ കയ്യേറ്റം ചെയ്യാനുള്ള സൗകര്യമെന്ന നിലയ്ക്കുള്ള ട്രാൻസ്ഫറോ ആണ്.
എന്തുചെയ്താലും തങ്ങളുടെ മനോവീര്യം കെടാതെ കാക്കാൻ ആഭ്യന്തരവകുപ്പിനറിയാം എന്ന ഉറപ്പിൽ ക്രിമിനൽ സ്വഭാവമുള്ള ഒരുകൂട്ടം പൊലീസ് ഉദ്യോഗസ്ഥർ അധികാരപ്പെരുമയോടെ സേനയിൽ തഴച്ചുവളരുകയാണ്. പൊലീസ് എന്ന അപകടം കേരളത്തിലെ സാധാരണക്കാരുടെ വഴിയരികിൽ മരണവുമായി കാത്തുനിൽക്കുകയാണ്.