‘ഇറങ്ങിപ്പോകണം’ എന്ന ആക്രോശത്തിനുമുന്നിൽ പാപ്പിസോറ തോൽക്കില്ല, ഇനിയും ഉച്ചത്തിൽ പാടും

തൃശൂരിൽ നടന്ന അന്താരാഷ്ട്ര നാടകോത്സവത്തിൽ, പാപ്പിസോറ എന്ന മലയാള നാടകത്തിൻ്റെ രണ്ടാമത്തെ അവതരണം കഴിഞ്ഞ്, അക്കാദമി കോമ്പൗണ്ടിലിരുന്ന് പാട്ടുപാടിയ കലാകാരരോട് ഇറങ്ങിപ്പോകാൻ പൊലീസ് ആക്രോശിച്ചു. ‘നിക്ഷിപ്ത താൽപ്പര്യക്കാരുടെ നുണപ്രചാരണം’ എന്നു പറഞ്ഞ്, പൊലീസ് ഭാഷ്യത്തോടൊപ്പം നിൽക്കുകയാണ് അക്കാദമി സെക്രട്ടറി ചെയ്തത്. ഈ വിഷയത്തിൽ സംഗീത നാടക അക്കാദമിയുടെ സമീപനത്തോടുള്ള വിയോജിപ്പ് ​വ്യക്തമാക്കുകയാണ് പാപ്പിസോറ ടീം അംഗമായ സനോജ് മാമോ.

കേരള സംഗീത നാടക അക്കാദമിയുടെ അധികാരിയും സ്റ്റാഫ് അംഗങ്ങളും അറിയാൻ,

‘ഇറ്റ്ഫോക്’ നിലനിൽക്കേണ്ടത് നിങ്ങളുടെ ആവശ്യമല്ല കാരണം, ‘ഇറ്റ്ഫോകി’ല്ലെങ്കിൽ സർക്കാർ ശമ്പളമോ അലവൻസോ പെൻഷനോ മുടക്കം കൂടാതെ നിങ്ങളുടെ അക്കൗണ്ടിൽ എത്തും, ഒന്നിനും ഒരുമുടക്കം വരില്ല. എന്നാൽ, ഇത്തരം ജനാധിപത്യ ഉത്സവങ്ങൾ നിലനിൽക്കേണ്ടതും ഒരുപാടിടങ്ങളിൽ വ്യാപിക്കേണ്ടതും ഞങ്ങളുടെ, ജനാധിപത്യ വിശ്വാസികളായ പൗരരുടെ അവകാശമാണ്.
നാടകക്കാരായ ഞങ്ങൾ പുതുതലമുറക്ക്, അവസരങ്ങൾക്കും ആവിഷ്ക്കാരം നടത്താനും ലോക നാടകങ്ങളെ പഠിക്കാനുമുള്ള ഇടങ്ങളാണ് ‘ഇറ്റ്ഫോക്ക്’ പോലുള്ള വേദികൾ. അവ തകർക്കാനോ ഇല്ലായ്മ ചെയ്യാനോ ഞാനടങ്ങുന്ന പാപ്പിസോറ ടീം മുതിരില്ല. അതായിരുന്നു ഉദ്ദേശ്യമെങ്കിൽ ആരംഭത്തിലെ കുറ്റങ്ങളും കുറവുകളും നിരത്തി ഫേസ്ബുക് പോസ്റ്റുകൾ നിരത്താമായിരുന്നു. ഒരുപാട് ഉണ്ട്, സംഗീത നാടക അക്കാദമി സ്റ്റാഫുകളുടെ വിവേചനങ്ങൾ. (എല്ലാവരുടെയുമല്ല). ഞങ്ങൾക്ക് നാടകം കളിക്കില്ലെന്നു തീരുമാനമെടുക്കാമായിരുന്നു.

പാപ്പിസോറ നാടകത്തില്‍ നിന്ന്

എന്നാൽ ഇത് ഞങ്ങളുടെ കൂടി ‘ഇറ്റ്ഫോക്കാ’ണ്, വര്ഷങ്ങളായി പണിയെടുത്തും നാടകം കളിച്ചും കൂട്ടുകാരെയും വീട്ടുകാരെയും നാട്ടുകാരെയും നാടകവുമായി / നാടക അക്കാദമിയുമായി വിളക്കിചേർത്ത ഞങ്ങളുടെതു കൂടി. ജാതി മത ഭേദമന്യേ എല്ലാ വിവേചനങ്ങൾക്കുമപ്പുറം ഒന്നിച്ചിരിക്കാൻ, പാട്ടുപാടാൻ, പാവ കളിക്കാൻ, സൊറ പറയാൻ ഒരിടം, സ്വപ്നം കാണലാണ് പാപ്പിസോറ.

ഒരു പക്ഷെ നിങ്ങൾ അത് കണ്ടിട്ടുണ്ടാവില്ല, കണ്ടെങ്കിൽ നിങ്ങൾക്കിങ്ങനെ പറയാൻ കഴിയില്ല. കണ്ടവരുണ്ട് ഈ കേരളത്തിൽ, ചെറുതും വലുതുമായ 25 വേദികൾ പിന്നിട്ടാണ് പാപ്പിസോറ ‘ഇറ്റ്ഫോകി’ൽ എത്തുന്നത്. ഈ ഇടങ്ങളിൽ നാടകം കണ്ടവരെല്ലാം ചേർത്തുപിടിച്ചിട്ടേയുള്ളൂ, സ്നേഹം കൊണ്ട് നിറച്ചിട്ടേയുള്ളൂ, അവരാണ് പാപ്പിസോറയുടെ നട്ടെല്ല്. അവരാണ് ഞങ്ങളെ സ്വപ്നം കാണാനും വീണിടത്തുനിന്ന് ഇനിയും ഇനിയും എന്നു പറഞ്ഞ് നിറഞ്ഞ കൈയടികൾ കൊണ്ട് ഞങ്ങളെ ഇവിടെ വരെ എത്തിച്ചത്. അവിടെ നിന്നാണ് നിങ്ങളുടെ അധികാരത്തിന്റെ ലാത്തി ‘ആരാടാ നിന്നെയൊക്കെ ഇങ്ങോട്ട് വിളിച്ച് കേറ്റിയത്, ഇറങ്ങിപ്പൊക്കോണം’ എന്ന് ആക്രോശിക്കുന്നത്. അതിനുമുന്നിൽ ഞങ്ങൾ തോൽക്കില്ല, ഇനിയും ഉച്ചത്തിൽ പാടും, നടുനിവർത്തി നാടകം കളിക്കും.

അക്കാദമിയും സെക്രട്ടറിയും പാപ്പിസോറ ടീമിനെതിരെ പുറത്തുവിട്ടിരിക്കുന്ന പ്രസ്താവന വസ്തുതാവിരുദ്ധമാണ്. ഞങ്ങളുടെ ഭാവിയെതന്നെ ലക്ഷ്യം വച്ചുകൊണ്ടുള്ളതാണ്. ഒരിക്കൽ കൂടി പറയുന്നു, ‘കോഗ്നിസൻസ്’ ചെറുപ്പക്കാരുടെ ഒരു സംഘമാണ്. ഞങ്ങളുടെ ആദ്യ സംരംഭമാണ്. ഞങ്ങളുടെ സ്വപ്നമാണ് പാപ്പിസോറ. അത് തകർക്കാൻ നിങ്ങളെക്കൊണ്ടാകില്ല, കാരണം ഞങ്ങൾ നാടകക്കാരാണ്. നിങ്ങൾ മറുപടി പറയേണ്ടി വരും.

Comments