പൊലീസിൽ പണം കെട്ടിവെച്ച് നടത്താം ഇനി പ്രതിഷേധങ്ങൾ; നിറയട്ടെ ഇടതുപക്ഷ ഖജനാവ്

‘‘ഞങ്ങൾക്ക് വിശക്കുന്നു എന്നും വിലക്കയറ്റമാണ്, കയ്യിൽ പൈസയില്ല, തൊഴിലില്ല എന്നുമൊക്കെ പറയാനും പതിനായിരം രൂപ കെട്ടിവെക്കണം. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് പണം ആദ്യം കെട്ടിവെക്കണമെന്ന പോലെയാണ് തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ജനങ്ങളുടെ ഭരണഘടനാപരമായ ജനാധിപത്യാവകാശങ്ങളെ കാണുന്നതെങ്കിൽ ആ സർക്കാരിനെ നിങ്ങൾ എന്തൊക്കെ പേരിട്ട് വിളിച്ചാലും അതിനു ജനാധിപത്യവുമില്ല, അതിൽ ഇടതുപക്ഷ രാഷ്ട്രീയവുമില്ല.’’ പൊതുപ്രകടനങ്ങൾ നടത്താനോ രാഷ്ട്രീയപ്രതിഷേധ ജാഥകൾ നടത്താനോ അനുമതിക്ക് 2000 മുതൽ 10,000 രൂപ വരെ പൊലീസിന് / സർക്കാരിന് നൽകണമെന്ന പുതിയ ഉത്തരവ് എങ്ങനെ ജനാധിപത്യവിരുദ്ധമാകുന്നു എന്ന് പ്രമോദ് പുഴങ്കര.

നാധിപത്യം ഒരു രാജ്യത്തിന്റെ രാഷ്ട്രീയഘടനയാകുന്നത് കേവലമായ പ്രഖ്യാപനങ്ങളിലൂടെയല്ല, അതൊരു രാഷ്ട്രീയ, സാമൂഹ്യ ജീവിതക്രമമാകുമ്പോഴാണ്. ആ അർത്ഥത്തിൽ ഇന്ത്യ ഒരു ജനാധിപത്യസമൂഹത്തിൽ നിന്ന് മഹാദൂരങ്ങളകലെയാണ് എന്ന് നിസ്സംശയം പറയാം. ജനാധിപത്യ സമൂഹത്തിലേക്കുള്ള ഈ അകലം കുറച്ചുകൊണ്ടുവരിക എന്നതാണ് നാഗരികതയുടെ വികാസത്തെ അടയാളപ്പെടുത്തുന്ന ഒരു സംഗതി. അത്തരം ജനാധിപത്യസമൂഹത്തിനായുള്ള ആന്തരികമായ ത്വര ഒരു സമൂഹത്തിന്റെ സ്വഭാവത്തെ നിർണയിച്ചുകൊണ്ടിരിക്കും. സമൂഹം അത്തരത്തിൽ ജനാധിപത്യ സമൂഹത്തിനായുള്ള, ജനാധിപത്യ രാഷ്ട്രീയഘടനയ്ക്കായുള്ള സമരങ്ങൾ തുടരുകയും ഭരണകൂടം അതിനെ തടയുകയും ചെയ്യുമ്പോഴുണ്ടാകുന്ന അനിവാര്യ സംഘർഷങ്ങളിലൂടെയാണ് ചരിത്രത്തിൽ ജനാധിപത്യസമൂഹങ്ങളിലേക്കുള്ള യാത്ര നടക്കുന്നത്. അത് സംഘർഷഭരിതവും സന്ദേഹികളുടെ രക്തം കൊണ്ട് കുതിർന്നതുമാണ്.

ലോകത്തെല്ലായിടത്തും, ചരിത്രത്തിലുടനീളം പൗരസമൂഹവും ഭരണകൂടവും ഈ ജനാധിപത്യരാഷ്ട്രീയത്തിനുമേലുള്ള കടുത്ത മൽപിടിത്തം നടത്തുന്നുണ്ട്. അതിലെടുക്കുന്ന നിലപാടുകൾകൂടിയാണ് നിങ്ങളുടെ രാഷ്ട്രീയത്തെ നിർണ്ണയിക്കുന്നത്. തീവ്രവലതുപക്ഷ രാഷ്ട്രീയവും അവർ ഭരണനേതൃത്വം നൽകുന്ന ഭരണകൂടങ്ങളും എക്കാലത്തും ജനാധിപത്യത്തിന്റെ ദുർബ്ബലമായ നിഴലുകളെപ്പോലും ഭയക്കുകയും വെറുക്കുകയും ചെയ്യുന്നവരാണ്. വ്യക്തികളുടെ സ്വാതന്ത്ര്യവും സമൂഹനിർമാണത്തിലിടപെടാനുള്ള ചിന്താശേഷിയും വലതുപക്ഷ ഭരണകൂടം അംഗീകരിക്കുന്നേയില്ല. കൂട്ടായ രീതിയിൽ ജനാധിപത്യ പ്രക്രിയയയിൽ ഇടപെടാനുള്ള രാഷ്ട്രീയാവകാശത്തെയും അവർ അംഗീകരിക്കുന്നില്ല. അച്ചടക്കമുള്ള, അനുസരണയുള്ള, സൈനികഛായയുള്ള ഒരു സംഘമായി മാത്രമാണ് അവർ സമൂഹത്തെ കാണുന്നത്.

പോലീസ് സ്റ്റേഷൻ പരിധിയിൽ ജാഥ നടത്തുന്നതിന് അനുമതിക്കായി അപേക്ഷാ ഫീസ് 2000 രൂപ. സബ് ഡിവിഷൻ പരിധിയിൽ 4000 രൂപയും ജില്ലാ തലത്തിൽ സംഘടിപ്പിക്കണമെങ്കിൽ 10,000 രൂപയും നൽകണം.

തങ്ങളാവശ്യപ്പെടുമ്പോൾ ജാഥകളിൽ പങ്കുചേരാനും തങ്ങളുടെ സർവ്വശക്തരായി അവതരിപ്പിക്കുന്ന നേതാക്കളെയും പരമാധികാരികളേയും വാഴ്ത്താനുമുള്ള, ആജ്ഞകൾക്കനുസരിച്ച് പെരുമാറാൻ സന്നദ്ധരായ ഒരു സംഘമാണ് അവർക്ക് ജനങ്ങൾ. സ്വന്തം ജീവിതങ്ങൾക്കുമുകളിലോ സാമൂഹത്തിന്റെ രാഷ്ട്രീയജീവിതത്തിലോ എന്തെങ്കിലും തരത്തിൽ ഇടപെടാൻ വ്യക്തിഗതമായോ കൂട്ടായോ ഉള്ള ബൗദ്ധികവും സാമൂഹ്യവുമായ ശേഷികൾ ജനങ്ങൾക്കുണ്ടെന്ന് സമഗ്രാധിപത്യ ഭരണകൂടങ്ങളോ, അത്തരം ഭരണകൂടങ്ങളെ സാധ്യമാക്കുന്ന രാഷ്ട്രീയസംഘടനകളോ വിശ്വസിക്കുന്നില്ല. അതുകൊണ്ടുതന്നെ ജനാധിപത്യം എന്നത് അവർക്ക് കേവലമൊരു തെരഞ്ഞെടുപ്പ് പ്രക്രിയ മാത്രമാണ്. അതിൽ യാതൊരുതരത്തിലുള്ള ജൈവിക തുടർച്ചകളും ഉണ്ടാകാതിരിക്കാൻ സമഗ്രാധിപത്യ ഭരണകൂടങ്ങൾ ജാഗരൂകരാണ്. ഈ ജാഗ്രതയാണ് നമ്മളിന്ന് ഇന്ത്യയിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണത്തിൽ കാണുന്നത്. അതേ ജാഗ്രത കേരളത്തിൽ മറ്റൊരു രൂപത്തിൽ പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന സർക്കാരിൽ നിന്ന് പല രൂപത്തിൽ, കൃത്യമായ തുടർച്ചകളിൽ കാണുമ്പോൾ എങ്ങനെയാണ് ഫാഷിസ്റ്റ് രാഷ്ട്രീയം ഉണ്ടാക്കിയെടുക്കുന്ന രാഷ്ട്രീയാധികാരബോധം സൗകര്യപ്രദമായ ഭരണോപാധിയായി ഇന്ത്യയിലെ ഭരണരാഷ്ട്രീയത്തിൽ സ്വീകാര്യത നേടുന്നതെന്ന് നാം അങ്കലാപ്പോടെ തിരിച്ചറിയുന്നു.

ജനങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള പൊതുപ്രകടനങ്ങൾ നടത്താനോ രാഷ്ട്രീയപ്രതിഷേധ ജാഥകൾ നടത്താനോ പൊലീസിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണമെന്ന് മാത്രമല്ല അത്തരത്തിലുള്ള അനുമതി ലഭിക്കണമെങ്കിൽ 2000 മുതൽ 10,000 രൂപ വരെ പൊലീസിന് / സർക്കാരിന് നൽകണമെന്നുമുള്ള ഉത്തരവ് കേരള സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നു. ജനാധിപത്യപരമായി പ്രതിഷേധിക്കാനും രാഷ്ട്രീയാഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും പൊതുയോഗം ചേരാനും പ്രകടനം നടത്താനുമൊക്കെ എന്തിനാണ് പൊലീസിന്റെ മുൻകൂർ അനുമതി എന്ന ചോദ്യം ഇതിനു മുമ്പുതന്നെ ചോദിക്കേണ്ടതായിരുന്നു. ആ ചോദ്യത്തിനുള്ള ഉത്തരം നിങ്ങൾ കോടതിയിൽ നിന്നല്ല തേടേണ്ടത്, രാഷ്ട്രീയ നേതൃത്വത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൽനിന്നുമാണ്. കാരണം, അതൊരു രാഷ്ട്രീയ പ്രശ്‌നമാണ്. എന്ത് തരത്തിലുള്ള രാഷ്ട്രീയ ഭരണക്രമമാണ് നാട്ടിൽ നിലനിൽക്കുന്നത് എന്നതിന്റെ സൂചകമാണത്.

ഭരണഘടനാപരമായ മൗലികാവകാശങ്ങളിൽ ഉൾപ്പെട്ടതാണ് (അനുഛേദം 19) അഭിപ്രായങ്ങൾ പറയാനും പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം. അതുപോലെത്തന്നെ സമാധാനപരമായി യോഗം ചേരാനുള്ള അവകാശം ഭരണഘടന പൗരർക്ക് നൽകുന്നു. ഈ അവകാശങ്ങൾക്കു മുകളിൽ ഭരണകൂടത്തിന് നിയന്ത്രണം ഏർപ്പെടുത്താനാകുന്നത് അവ ഇന്ത്യയുടെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഭീഷണിയുയർത്തുന്നതോ പൊതുക്രമത്തിന് ഭംഗം വരുത്തുന്നതോ ആകുമ്പോഴാണ്. എന്നാൽ ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായി യോഗം ചേരാനുമുള്ള മൗലികാവകാശങ്ങൾ ഉപയോഗിക്കുന്നതിന് സർക്കാരിലേക്ക് പണം കെട്ടിവെക്കണമെന്ന നിബന്ധന കൊണ്ടുവരുന്നത് എല്ലാ തരത്തിലുമുള്ള ജനാധിപത്യ മൂല്യങ്ങളെയും കൊഞ്ഞനം കുത്തലാണ്. ഭരണഘടനാപരമായ പൗരാവകാശങ്ങളെ വളഞ്ഞ വഴിയിലൂടെ ഇല്ലാതാക്കാനുള്ള ഒരു സമഗ്രാധിപത്യ ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി മാത്രമാണ് അതിനെ കാണാനാകുന്നത്.

തങ്ങൾ ജീവിക്കുന്ന സമൂഹത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ഭരണസംവിധാനത്തിലും അതിന്റെ നടത്തിപ്പിലും പൊതുവിടങ്ങളിൽ അഭിപ്രായം പറയാനും പ്രതിഷേധിക്കാനും പ്രകടനകൾ നടത്താനുമൊക്കെ ഭരണകൂടത്തിന് അങ്ങോട്ട് പണം നൽകണമെന്ന് വരുന്നത് ജനാധിപത്യം ഇല്ലാതാകുന്നു എന്നതിന്റെ ഏറ്റവും അപകടകരമായ മണിമുഴക്കങ്ങളാണ്. നീതിയുടെയും ജനാധിപത്യാവകാശങ്ങളുടെയും നിർവഹണത്തിൽ പണം ഒരു മാനദണ്ഡമാകുന്നു എന്ന ജനാധിപത്യവിരുദ്ധത വളരെ സ്വാഭാവികമെന്ന മട്ടിൽ കടന്നുവരികയും സ്വീകാര്യമാവുകയും ചെയ്യുന്നുണ്ട്. രാഷ്ട്രീയാഭിപ്രായം പറയാനും പ്രകടനം നടത്താനും, ഇനിയിപ്പോൾ നേരിട്ട് രാഷ്ട്രീയം പറയാത്ത പ്രകടനം നടത്താനും, കയ്യിൽ കാശില്ലെങ്കിൽ കഴിയില്ല എന്നാണ് കേരളത്തിലെ 'ഇടതുപക്ഷ' സർക്കാർ ഉത്തരവിടുന്നത്. അതായത് ഞങ്ങൾക്ക് വിശക്കുന്നു എന്നും വിലക്കയറ്റമാണ്, കയ്യിൽ പൈസയില്ല, തൊഴിലില്ല എന്നുമൊക്കെ പറയാനും പതിനായിരം രൂപ കെട്ടിവെക്കണം. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് പണം ആദ്യം കെട്ടിവെക്കണമെന്ന പോലെയാണ് തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ജനങ്ങളുടെ ഭരണഘടനാപരമായ ജനാധിപത്യാവകാശങ്ങളെ കാണുന്നതെങ്കിൽ ആ സർക്കാരിനെ നിങ്ങൾ എന്തൊക്കെ പേരിട്ട് വിളിച്ചാലും അതിനു ജനാധിപത്യവുമില്ല, അതിൽ ഇടതുപക്ഷ രാഷ്ട്രീയവുമില്ല.

സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് പണം ആദ്യം കെട്ടിവെക്കണമെന്ന പോലെയാണ് തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ജനങ്ങളുടെ ഭരണഘടനാപരമായ ജനാധിപത്യാവകാശങ്ങളെ കാണുന്നതെങ്കിൽ ആ സർക്കാരിനെ നിങ്ങൾ എന്തൊക്കെ പേരിട്ട് വിളിച്ചാലും അതിനു ജനാധിപത്യവുമില്ല, അതിൽ ഇടതുപക്ഷ രാഷ്ട്രീയവുമില്ല.

പൗരർ അവരുടെ ജനാധിപത്യാവകാശങ്ങൾ ഉപയോഗിക്കുന്നതിന് പൊലീസിന്റെ അനുമതി വാങ്ങണമെന്നും രാഷ്ടീയ സമരങ്ങളടക്കമുള്ള ഭരണഘടനാവകാശങ്ങൾ അനുവദിക്കുന്നതിനുള്ള വിവേചനാധികാരം പൊലീസിനാണെന്നും വരുന്നത് ഒരു പൊലീസ് സ്റ്റേറ്റ് രൂപപ്പെടുന്നതിന്റെ ഭാഗമാണ്. കേരളത്തിൽ കോവിഡ് പ്രതിരോധത്തിന്റെ പേരിൽ പൊലീസിനെ അഴിച്ചുവിടുകയും അവർ പൗരന്മാരുടെ സ്വകാര്യജീവിതങ്ങൾക്കകത്തേക്കടക്കം തള്ളിക്കയറുകയും അതെല്ലാം മഹത്തായ ത്യാഗമായി ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭൂതഗണങ്ങളും വാഴ്ത്തിപ്പാടുകയും ചെയ്തതിന്റെ ബാക്കിയാണിത്. ജനങ്ങളുടെ രാഷ്ട്രീയാവകാശങ്ങളുടെ മുകളിലുള്ള വിവേചനാധികാരം പൊലീസിന് നൽകുകയെന്ന, വലതുപക്ഷ സർക്കാരുകൾപോലും ചെയ്യാൻ അൽപം ഭയന്നേക്കാവുന്ന ഒരു സംഗതിയാണ് 'ഇടതുപക്ഷം' എന്ന ചെല്ലപ്പേര് സ്വയം വിളിച്ചുകൊണ്ട് പിണറായി വിജയൻ സർക്കാരും ഇടതുമുന്നണിയും ചെയ്യുന്നത്. കേരളത്തിൽ പൊലീസ് കസ്റ്റഡിയിൽ മനുഷ്യർ കൊല്ലപ്പെടുന്നത് തുടർക്കഥയാണിപ്പോൾ. അതിനെയെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാക്കി തള്ളിക്കളയുകയാണ് സർക്കാർ. അതിനെതിരെ പ്രതിഷേധിക്കാനും പൊലീസ് മേധാവികളുടെ അനുമതി വേണമെന്ന അസംബന്ധം നിറഞ്ഞ വൈരുധ്യമാണ് കേരളത്തിൽനടപ്പാക്കുന്നത്. രോഗപ്രതിരോധമായാലും രാഷ്ട്രീയ പ്രകടനമായാലും പൊതുയോഗമായാലും പൊലീസാണ് പരമാധികാരി എന്നത് ഒരു ജനാധിപത്യ സമൂഹത്തിനും അംഗീകാരിക്കാനാകുന്ന കാര്യമല്ല. ജനങ്ങളുടെ രാഷ്ട്രീയാവകാശങ്ങളെയും ഭരണഘടനാവകാശങ്ങളെയും ഇല്ലാതാക്കുന്ന മോദി സർക്കാരിന്റെ അതേ ഭരണകൂടയുക്തിയാണ് പിണറായി സർക്കാരിനുമെന്നതാണ് തെളിയുന്നത്.

സാധാരണക്കാർക്ക് പൊതുവിടങ്ങൾ ഇല്ലാതാക്കുക എന്നതാണ് സംഭവിക്കുന്നത്. തെരുവുകളിൽ പ്രകടനം നടത്താനാകില്ലെങ്കിൽ പിന്നെ എവിടെയാണ് ഈ സമൂഹത്തിൽ മനുഷ്യർ പ്രതിഷേധിക്കുകയും സമരം നടത്തുകയും ചെയ്യുക? വീട്ടിൽ നിന്നും തൊഴിൽസ്ഥലത്തേക്കും തിരിച്ച് വീട്ടിലേക്കും പോകുന്ന യന്ത്രങ്ങൾ മാത്രമാണ് മനുഷ്യരെന്ന മുതലാളിത്ത ഭീകരതയുടെ യുക്തിയാണ് ഇത്തരം ജനാധിപത്യവിരുദ്ധ നിയമങ്ങൾക്ക് പിന്നിലുള്ളത്. തെരുവുകൾ ജനങ്ങൾക്കവകാശപ്പെട്ടതാണ്. അതിനെ അട്ടിമറിക്കുകയാണ് സർക്കാർ ചെയ്യുന്നത്. പൊതുസ്ഥലങ്ങൾ ആരുടേതാണ് എന്ന ചോദ്യം പൗരസമൂഹം ഉയർത്തേണ്ടതുണ്ട്.

സംഘടിതമായ രീതിയിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയപ്രവർത്തനം നടത്തുന്ന, പണത്തിന് ക്ഷാമമില്ലാത്ത ചില രാഷ്ട്രീയകക്ഷികൾക്കൊഴിച്ച് മറ്റാർക്കും രാഷ്ട്രീയ പ്രകടനകൾ നടത്താനോ പ്രതിഷേധപ്രകടനങ്ങൾ നടത്തനോ കഴിയാത്ത അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നത്.

സംഘടിതമായ രീതിയിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയപ്രവർത്തനം നടത്തുന്ന, പണത്തിന് ക്ഷാമമില്ലാത്ത ചില രാഷ്ട്രീയകക്ഷികൾക്കൊഴിച്ച് മറ്റാർക്കും രാഷ്ട്രീയ പ്രകടനകൾ നടത്താനോ പ്രതിഷേധപ്രകടനങ്ങൾ നടത്തനോ കഴിയാത്ത അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നത്. പതിനായിരം കെട്ടിവെക്കാതെ പ്രകടനം നടത്താൻ കഴിയില്ല എന്ന് വരുത്തുന്നത് ദരിദ്രരും സാധാരണക്കാരുമായ, വലിയ സംഘടിത സഘടനാ ചട്ടക്കൂടുകളില്ലാത്ത സാമാന്യജനങ്ങളെ രാഷ്ട്രീയപ്രക്രിയയയിൽ നിന്നും പുറന്തള്ളുന്നതിനുള്ള വഴിയാണ്. അതായത് പ്രതിഷേധ പ്രകടനങ്ങൾ നിരോധിക്കുന്നതിലും എളുപ്പവഴിയാണത്. സാർവത്രികവും സൗജന്യവുമായ വിദ്യാഭ്യാസം നടപ്പിലായപ്പോൾ പുതിയ അയിത്തം വിദ്യാലയങ്ങളിൽ വന്നത് കനത്ത കാശ് നൽകേണ്ട സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാക്കിയാണ്. അതോടെ തങ്ങളുടെ മക്കളെ, തങ്ങളടങ്ങുന്ന ഉപരിവർഗ വെണ്ണപ്പാളിക്കാരുടെ കുട്ടികൾക്ക് മാത്രം ചേരാവുന്ന വിദ്യാലയങ്ങളിൽ പഠിപ്പിക്കാനും 'വർഗശുദ്ധി' നിലനിർത്താനും ഈ ധനിക, പുത്തൻ വർഗത്തിന് കഴിഞ്ഞു. അതുകൊണ്ടാണ് പിണറായി വിജയന്റെ പൗത്രനും ഭരണപക്ഷ ഇടതുകക്ഷിയുടെ സൈദ്ധാന്തികനും മന്ത്രിയുമായ രാജീവിന്റെ മകളുമൊക്കെ വമ്പൻ പണച്ചെലവുള്ള സ്വകാര്യ വിദ്യാലയങ്ങളിൽ പഠിക്കുന്നത്. അതിന്റെ മറ്റൊരു രൂപമാണ് ഈ പുതിയ ഉത്തരവ്. ധനികർക്കും സംഘടിത കക്ഷികൾക്കുമായി പൊതുവിടങ്ങൾ തീറെഴുതുകയാണ്. അവർ വിളിക്കുന്ന യോഗങ്ങളിലും ജാഥകളിലും അവർ വിളിച്ചുതരുന്ന മുദ്രാവാക്യങ്ങൾ ഏറ്റുവിളിക്കുകയാണ് ജനാധിപത്യമെന്ന് അവർ വിധിച്ചിരിക്കുന്നു.

പിണറായി വിജയൻ സർക്കാർ മാവോവാദി വേട്ടയെന്നുപറഞ്ഞ് എട്ട് മനുഷ്യരെ വെടിവെച്ചുകൊന്നു. വ്യാജ ഏറ്റമുട്ടൽ കൊലപാതകങ്ങളെന്ന് ഭരണപക്ഷത്തുള്ള സംഘടനകൾപോലും പറയാൻ നിർബന്ധിതരായ ആ സംഭവങ്ങളിൽ കൊല്ലപ്പെട്ടവർക്ക് അഭിവാദ്യമർപ്പിക്കുകയും വ്യാജഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ചെയ്ത പൗരർക്കെതിരെ കേസെടുത്താണ് പിണറായി സർക്കാർ പ്രതികരിച്ചത്. ജനാധിപത്യ നിഷേധത്തിനെതിരെ ജാമ്യമെടുക്കാതെ ജയിലിൽപ്പോയി പോരാടിയ ഗ്രോ വാസു കേരളത്തിനെ ബോധ്യപ്പെടുത്തിയ പല സംഗതികളിലൊന്ന് ഇവിടെ അഭിപ്രായസ്വാതന്ത്ര്യം പൗരാവകാശവും പൊലീസും ഭരണകൂടവും അവർക്ക് സ്തുതി പാടുന്നവർക്ക് മാത്രം നൽകുന്ന ഒന്നാണെന്നാണ്.

ഗ്രോ വാസു

ജനാധിപത്യത്തെ കേവലം ഔദാര്യമാക്കുന്ന ഒരു പിന്തിരിപ്പൻ രാഷ്ട്രീയദൗത്യം കേരളത്തിലെ ഭരണപക്ഷ ഇടതുപക്ഷം ഏറ്റെടുത്തുകഴിഞ്ഞിരിക്കുന്നു. ജനങ്ങളിൽ നിന്നും ജനാധിപത്യ, വർഗ രാഷ്ട്രീയബോധത്തെ ചോർത്തിക്കളയുകയും പക്ഷം പിടിച്ചുള്ള തല്ലിൽ ആർപ്പുവിളിക്കുന്ന കാണികളാക്കി മാറ്റുകയും ചെയ്യുന്നതോടെ സ്വതന്ത്രമായ രാഷ്ട്രീയചിന്തയുടെയും ജനാധിപത്യാവകാശങ്ങളുടെയും ലോകം അവർക്കന്യമാകുന്നു. ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവാണ് മതം എന്ന് പറഞ്ഞതിന്റെ കോമാളി പരാവർത്തനമായി ജനാധിപത്യമില്ലാത്ത സമൂഹത്തിന്റെ ജനാധിപത്യകക്ഷികളായി അവർ മാറുന്നു. പൊതിച്ചോറ് സൗജന്യമായി നൽകുകയും രാഷ്ട്രീയപ്രകടനങ്ങൾക്കും പ്രതിഷേധപ്രകടനങ്ങൾക്കും പൊലീസ് അനുമതി വേണമെന്നും കാശ് നൽകണമെന്നും നിശ്ചയിക്കുന്ന രാഷ്ട്രീയം എങ്ങനെയാണ് ഇടതുപക്ഷ രാഷ്ട്രീയവും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവുമാകുന്നത്? പൊതിച്ചോറ് സൗജന്യവും ഭരണഘടന നൽകുന്ന പൗരാവകാശം കാശുകൊടുത്ത് വാങ്ങണമെന്നും പറയുമ്പോഴാണ് പൊതിച്ചോറിന്റെ രാഷ്ട്രീയതട്ടിപ്പെന്താണെന്ന് ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിയുന്നത്. വൈകാരിക കഥാപ്രസംഗങ്ങളുടെ വലിയ അകമ്പടിയോടെ രാഷ്ട്രീയസമരങ്ങളെ മുക്കിക്കളയുന്ന ഈ തട്ടിപ്പ് അതിന്റെ എല്ലാ മൂടുപടവും കളഞ്ഞുകൊണ്ട് ആടിത്തിമിർക്കുന്നതാണ് നമ്മൾ കേരളത്തിൽ കാണുന്നത്.

വലതുപക്ഷ രാഷ്ട്രീയം തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചുജയിച്ചുകൊണ്ട് മാത്രമല്ല വേരുറപ്പിക്കുന്നത്. സാമൂഹ്യശരീരത്തിലേക്ക് തങ്ങളുടെ ഫാഷിസ്റ്റ് രാഷ്ട്രീയ യുക്തികളെ പടർത്തിവിട്ടുകൊണ്ടുമാണ്. ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളും നിബന്ധനകളും ഒന്നിന് പിറകെ ഒന്നായി ജനാധിപത്യത്തെ ഇല്ലാതാക്കുമ്പോഴും അതിനെ നിശ്ശബ്ദമായി സ്വീകരിക്കുകയും സന്നദ്ധസേവാ പ്രവർത്തനങ്ങളാണ്, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ഇന്നത്തെ ചുമതല എന്ന് തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ജനാധിപത്യത്തിന്റെ ഒറ്റുകാരുടെ പണിയേറ്റെടുത്ത ഒരു രാഷ്ട്രീയ നേതൃത്വത്തിന് മാത്രമാണ് പ്രകടനം നടത്തുന്നതിന് ജനങ്ങളിൽ നിന്നും പണമീടാക്കാനും അതിന് പൊലീസ് മേധാവിയുടെ അനുമതി നിർബന്ധമാക്കാനും കഴിയുക. ഇത്രയും പ്രകടമായ തരത്തിൽ ജനാധിപത്യാവകാശങ്ങളെ അടിച്ചമർത്തുന്ന ഉത്തരവിറങ്ങിയിട്ടും കേരളത്തിലെ രാഷ്ട്രീയ സമൂഹവും അവർക്കൊപ്പം നിൽക്കുന്ന സാംസ്‌കാരിക വിഭാഗങ്ങളുമൊക്കെ പുലർത്തുന്ന നിശബ്ദതയാണ് വാസ്തവത്തിൽ നമ്മളെ ഭയപ്പെടുത്തേണ്ടത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം സമയത്തിനോടിയ തീവണ്ടികളുടെയും കൃത്യമായി നടന്ന പരീക്ഷകളുടെയുമൊക്കെ പേരിൽ ജനാധിപത്യത്തിന്റെ ആരാച്ചാർ ഭരണരാഷ്ട്രീയത്തെ വീണ്ടും തെരഞ്ഞെടുത്ത കേരളീയ സമൂഹത്തിന്റെ ചരിത്ര ഛായയിലാണ് ഇത്തരം ജനാധിപത്യവിരുദ്ധയ്ക്ക് ഇടമുണ്ടാകുന്നത് എന്നത് സ്വയംവിമർശനപരമായി നാം മനസിലാക്കേണ്ടതുണ്ട്.

ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയുടെ കുറ്റകരമായ വംശഹത്യാ പങ്കാളിത്തം ഒന്നുകൂടി പറയുകയും സംഘപരിവാറിന്റെ ന്യൂനപക്ഷ, ജനാധിപത്യവിരുദ്ധ അജണ്ട തുറന്നുകാട്ടുകയും ചെയ്ത ബി.ബി.സി ഡോക്യുമെന്ററിക്ക് പിന്നാലെ ആദായനികുതി വകുപ്പാണ് ബി.ബി.സി കാര്യാലയത്തിലേക്ക് ഇരച്ചെത്തിയത്.

വിമർശനങ്ങളെ ഏതു വഴിക്കും ഇല്ലാതാക്കുക എന്നത് മോദി സർക്കാരിന്റെയും സംഘപരിവാറിന്റെയും രാഷ്ട്രീയനയമാണ്. വിമർശിക്കുന്നവരെ തടവിലടച്ചും വേട്ടയാടിയും അവരത് ചെയ്യുന്നുണ്ട്. ഭീമ കോരേഗാവ് / എൽഗാർ പരിഷദ് ഗൂഢാലോചനക്കേസും ദൽഹി കലാപത്തിലെ ഇരകൾക്കൊപ്പം നിന്നതിന്റെ പേരിൽ തടവിലടക്കപ്പെട്ടവരുമൊക്കെ ഇതിന്റെ സാക്ഷ്യങ്ങളാണ്. ഗുജറാത്ത് കലാപത്തിൽ നരേന്ദ്ര മോദിയുടെ കുറ്റകരമായ വംശഹത്യാ പങ്കാളിത്തം ഒന്നുകൂടി പറയുകയും സംഘപരിവാറിന്റെ ന്യൂനപക്ഷ, ജനാധിപത്യവിരുദ്ധ അജണ്ട തുറന്നുകാട്ടുകയും ചെയ്ത ബി.ബി.സി ഡോക്യുമെന്ററിക്ക് പിന്നാലെ ആദായനികുതി വകുപ്പാണ് ബി.ബി.സി കാര്യാലയത്തിലേക്ക് ഇരച്ചെത്തിയത്. ഇത് പല രൂപത്തിലും നടക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഒരു തട്ടിക്കൂട്ട് കരാറിലൂടെ സ്വകാര്യ കമ്പനിയിൽ നിന്ന് പ്രത്യേക സേവനങ്ങളൊന്നും നൽകാതെത്തന്നെ സേവനദാതാവിനുള്ള വിഹിതമായി പണം വാങ്ങി എന്ന ആക്ഷേപം ഉന്നയിക്കപ്പെട്ടപ്പോൾ, അത് നിയമസഭയിൽ ഉയർത്തിയ മാത്യു കുഴൽനാടൻ എന്ന കോൺഗ്രസ് എം എൽ എയുടെ വീട്ടിലടക്കം വിവിധ സർക്കാർ അന്വേഷണ ഏജൻസികൾ പരിശോധനയുമായെത്തി. ഇത്രയും പ്രകടമായ രീതിയിൽ മോദിയുടെ ദുരധികാര ശാസനാപുസ്തകം പകർത്തുന്ന മറ്റൊരു പ്രതിപക്ഷ സർക്കാർ ഇന്ത്യയിൽ അപൂർവ്വമാണ്.

ജനാധിപത്യത്തിന്റെ വികാസഗതിയിൽ ജനങ്ങളുടെ പരമാധികാരം എന്ന സങ്കൽപ്പത്തെ സാധ്യമാക്കുന്നത് പൗരരുടെ രാഷ്ട്രീയതുല്യത ഒരു അടിസ്ഥാനതത്വമായി അംഗീകരിക്കപ്പെടുന്നു എന്നതാണ്. അങ്ങനെയാണ് നികുതി അടച്ച പുരുഷന്മാർക്ക് മാത്രം രാഷ്ട്രീയാവകാശങ്ങളുണ്ടായിരുന്ന നഗര ഭരണകൂടങ്ങളിൽ നിന്നും സാർവ്വത്രിക വോട്ടവകാശവും രാഷ്ട്രീയാവകാശങ്ങളിലെ തുല്യതയുമുള്ള ആധുനിക, മതേതര, ജനാധിപത്യ സമൂഹങ്ങളിലേക്ക് അതിൽ നിലനിൽക്കുന്ന പല ദൗർബ്ബല്യങ്ങളോട് കൂടിയാണെങ്കിലും മനുഷ്യരെത്തിയത്. ഈ തുല്യതാ സങ്കൽപനത്തിന്റെ ഏറ്റവും ഉദാത്തമായ പ്രത്യയശാസ്ത്ര പ്രകടനം കൂടിയാണ് മാർക്‌സിസവും സമത്വാധിഷ്ഠിതമായ സമൂഹനിർമാണത്തിനുള്ള രാഷ്ട്രീയദൗത്യം ഏറ്റെടുക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയും.

മാത്യു കുഴൽനാടൻ

എന്നാൽ തങ്ങളിതിന്റെയൊക്കെ എതിർവശത്താണ് എന്നാണ് കേരളത്തിലെ ഭരണപക്ഷ ഇടതുപക്ഷം തെളിയിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് രാഷ്ട്രീയ, സാമൂഹ്യപ്രശനങ്ങൾ ജനങ്ങളോട് ചർച്ച ചെയ്യേണ്ടെന്നും അവരെ ഏകപഷീയമായി ഉദ്‌ബോധിപ്പിച്ചാൽ മതിയെന്നും പൗരപ്രമുഖരോട് ചർച്ച ചെയ്യണമെന്നും പിണറായി വിജയൻ സർക്കാർ തീരുമാനിച്ചത്. ഈ പുത്തൻ ധനികവർഗ ധാർഷ്ട്യത്തിന്റെ നടത്തിപ്പുകാരായതുകൊണ്ടാണ് സമത്വത്തിന്റെ ഏറ്റവും സുന്ദരമായ സങ്കൽപങ്ങളിലൊന്നായ മലയാളദേശത്തിന്റെ ഓണക്കാലത്ത് പൗരപ്രമുഖർക്കൊത്ത് ഓണസദ്യയുണ്ണാമെന്ന് മുഖ്യമന്ത്രി തീരുമാനിക്കുന്നത്. അതേ യുക്തിയിലാണ് നമ്മുടെ പൊതുവിടങ്ങളിൽ നിന്ന് പണമില്ലാത്തവരുടെ മുദ്രാവാക്യങ്ങളെ പടിയിറക്കിപ്പുറത്താക്കുന്നത്.

കേരളത്തിൽ മാത്രമല്ല നൂറ്റാണ്ടുകളിലൂടെ മനുഷ്യരാശി നേടിയെടുത്ത ജനാധിപത്യ രാഷ്ട്രീയാവകാശങ്ങളിൽ ഏറ്റവും നിർണ്ണായകമെന്ന് കരുതുന്ന അഭിപ്രായ പ്രകടനത്തിനും യോഗം ചേരാനും സംഘടിക്കാനുമുള്ള സ്വാതന്ത്ര്യത്തെയാണ് തികഞ്ഞ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ ശൈലിയിൽ പിണറായി വിജയൻ സർക്കാർ ഇല്ലാതാക്കുന്നത്. പൗരാവകാശങ്ങൾ പൊലീസ് സ്റ്റേഷനിൽ വിലപറഞ്ഞു വിൽക്കാൻ വെച്ച ദുരധികാരിയായി പിണറായി വിജയൻ മാറുകയാണ്. അത് ദുരന്തമായാലും പ്രഹസനമായാലും അത് ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത് ജനാധിപത്യ സമൂഹത്തെയാണ്, ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത് വലതുപക്ഷ രാഷ്ട്രീയത്തെയുമാണ്. വിപ്ലവം ജയിക്കട്ടെ, രക്തസാക്ഷികൾ സിന്ദാബാദ്, ഭരണകൂടം തുലയട്ടെ എന്നൊക്കെ വിളിച്ചുകൊണ്ട് പ്രകടനം നടത്താൻ പൊലീസ് സ്റ്റേഷനിൽ അപേക്ഷയും നൽകി കാത്തിരിക്കുന്ന, ചെഗുവേരയുടെ ചിത്രമൊക്കെയുള്ള കുപ്പായമിട്ട ഭരണപക്ഷ യുവജനസംഘടനകളാണ് ഖജനാവിന്റെ പ്രതീക്ഷ. കാശ് കെട്ടിവെച്ചുള്ള പടുകൂറ്റൻ ജാഥക്കുശേഷം സൗജന്യമായി പൊതിച്ചോറുണ്ടായാൽ മതി. ജീവിതം ഔദാര്യവും സൗജന്യവും രാഷ്ട്രീയം ചെലവേറിയതുമായ ഒരു സമൂഹത്തിൽ ആളുകൾ എന്ത് തെരഞ്ഞെടുക്കുമെന്ന കാര്യത്തിൽ ചരിത്രം അത്ര ശുഭകരമായ ഓർമ്മകളല്ല തരുന്നത്. കേരളത്തിലെ ഇടതുപക്ഷമെന്ന് അവകാശപ്പെടുന്ന അധികാരസൗഭാഗ്യങ്ങളുടെ പെറുക്കിത്തീനികളുടെയും വിധേയരായ തൊമ്മികളുടെയും മൗനം സമൂഹശരീരത്തിലെ ഒരു സാംക്രമികരോഗമാകുന്നത് സങ്കടമെങ്കിലും ഒരു യാഥാർത്ഥ്യമാണ്.

Comments