പൊലീസ് എന്ന കുറ്റവാളി, പ്രതി ആഭ്യന്തര വകുപ്പ്​

എത്ര ഗുരുതര തെറ്റ് ചെയ്താലും സേനയുടെ ഭാഗമായി തന്നെ മുന്നോട്ടുപോകാം എന്ന ധൈര്യം പൊലീസുകാർക്ക് നൽകുന്നത് ആഭ്യന്തരവകുപ്പ് തന്നെയാണ്​. ക്രിമിനൽ സ്വഭാവമുള്ള ഒരുകൂട്ടം പൊലീസ് ഉദ്യോഗസ്ഥർ അധികാരപ്പെരുമയിൽ സേനയിൽ തഴച്ചുവളരുന്ന സാഹചര്യമാണുള്ളത്. മാതൃകാപരമെന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന ഒരു നടപടി പോലും കഴിഞ്ഞ ആറ് വർഷങ്ങൾക്കിടെ ക്രിമിനൽ കുറ്റകൃത്യങ്ങൾ ചെയ്ത പൊലീസുകാർക്കെതിരെ ആഭ്യന്തരവകുപ്പ് കൈക്കൊണ്ടതായി കണ്ടെത്താനാവില്ല.

ദ്യപിച്ച് അപകടരമായ രീതിയിൽ വാഹനമോടിക്കുകയും മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കുകയും ചെയ്​ത കേസിൽ ഒന്നാം പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടറാമിനെ ആലപ്പുഴ കളക്ടറായി നിയമിച്ച സർക്കാർ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരുന്ന ദിവസങ്ങളിലാണ് കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്ന്​ മറ്റൊരു സംഭവം പുറത്തുവരുന്നത്. മദ്യപിച്ചതിന്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദിച്ച മരപ്പണിക്കാരനായ സജീവൻ എന്ന യുവാവ് പൊലീസ് സ്റ്റേഷന് മുന്നിൽ കുഴഞ്ഞുവീണ് മരിച്ചു എന്നായിരുന്നു വാർത്ത. മദ്യപിച്ച് വാഹനമോടിച്ച് മറ്റൊരാളെ കൊലപ്പെടുത്തിയ ഉന്നതന് ജില്ലാ ഭരണാധികാരിയുടെ പദവി തന്നെ തുടർന്നും ലഭിച്ചപ്പോൾ, മദ്യപിച്ച ശേഷം വാക്കുതർക്കം ഉണ്ടാക്കിയെന്ന നിസ്സാര കുറ്റത്തിന് ഒരു കൂലിപ്പണിക്കാരന് നിയമപാലകരിൽ നിന്ന്​ ലഭിച്ച ശിക്ഷ മരണമാണ്.

2022 ജൂലൈ 21 ന് രാത്രി വടകരക്കടുത്തുള്ള കല്ലേരി സ്വദേശികളായ സജീവൻ, ജുബൈർ എന്നിവർ സഞ്ചരിച്ച വാഹനം വടകര ടൗണിലെ അടയ്ക്കാതെരുവിൽ വെച്ച് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകട കാരണം, നഷ്ട
പരിഹാരം എന്നിവയെച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായതോടെ പൊലീസ് സ്ഥലത്തെത്തി. സജീവൻ മദ്യപിച്ചിരുന്നു എന്ന കാരണത്താൽ പൊലീസ് ഇവരെ വടകര സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വാഹനം ഓടിച്ചിരുന്ന ജുബൈർ മദ്യപിച്ചിരുന്നില്ല. സ്‌റ്റേഷനകത്ത് വെച്ച് സജീവന് പൊലീസിന്റെ മർദനമേറ്റു. തനിക്ക് നെഞ്ചുവേദനയുണ്ടെന്ന കാര്യം സജീവൻ പൊലീസിനെ അറിയിച്ചിട്ടും അവർ അത് പരിഗണിച്ചില്ലെന്നും തുടർന്നും മർദിച്ചെന്നുമാണ് ജുബൈർ പറയുന്നത്. ഏതാണ്ട് ഒരു മണിക്കൂറിനുശേഷം ഇവരെ വിട്ടയച്ചെങ്കിലും സജീവൻ പൊലീസ് സ്റ്റേഷനുമുന്നിൽ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു. സജീവനെ ആശുപത്രിയിലെത്തിക്കാനായി ജുബൈർ പൊലീസുകാരുടെ സഹായം തേടിയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. നിരവധി വാഹനങ്ങൾ ഈ സമയത്ത് പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ ഉണ്ടായിരുന്നിട്ടും അവയൊന്നും വിട്ടുനൽകിയില്ല. ഒടുവിൽ, ഇതുകണ്ട് ഓടിയെത്തിയ ഓട്ടോറിക്ഷ ഡ്രൈവർ രൂപേഷിന്റെ സഹായത്തോടെ സജീവനെ വടകര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നു.

സജീവൻ

സംഭവം വിവാദമായതോടെ ഉത്തരമേഖല ഐ.ജി. ടി വിക്രമിന്റെ നേതൃത്വത്തിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വടകരയിലെത്തി. പ്രാഥമികാന്വേഷണത്തിൽ തന്നെ വടകര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും തുടർന്ന് എസ്.ഐ. നിജേഷ്, എ.എസ്.ഐ അരുൺ, സിവിൽ പൊലീസ് ഓഫീസർ ഗിരീഷ് എന്നിവരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. കസ്റ്റഡി മരണമെന്ന പരാതി ഉയർന്നതിനാൽ ജുഡീഷ്യൽ മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തിലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചത്. മാധ്യമ വാർത്തളുടെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ സ്വമേധയാ കേസെടുക്കുകയും ജൂലൈ 29 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ ഐ.ജി. ടി വിക്രം സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം വടകര പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന 66 പൊലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തു.

എന്നാൽ, സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരെയും സ്ഥലം മാറ്റിയ നടപടി തെറ്റാണെന്നാണ് വടകര എം.എൽ.എ കെ.കെ. രമ പറയുന്നത്. 'ഇപ്പോൾ സ്ഥലം മാറ്റപ്പെട്ട 66 പൊലീസുകാരും സംഭവ സമയത്ത് സ്‌റ്റേഷനിൽ ഉണ്ടായിരുന്നവരല്ല. കുറ്റം ചെയ്ത പൊലീസുകാർക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കുന്നതിന് പകരം എല്ലാവർക്കുമെതിരെ സ്ഥലം മാറ്റൽ പോലുള്ള കേവല നടപടി സ്വീകരിക്കുന്നതിലൂടെ എന്തോ മറച്ചുവെക്കാനാണ് ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നത്. ഇത് യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടുന്നതിനായിരിക്കും വഴിയൊരുക്കുക', കെ.കെ. രമ ട്രൂ കോപ്പിയോട് പറഞ്ഞു.

കെ.കെ. രമ / Photo: F.B, K.K Rema

സജീവന് മാനുഷിക പരിഗണന പോലും ലഭിച്ചില്ലെന്നാണ് ഉത്തരമേഖല ഐ.ജി. ടി വിക്രം അന്വേഷണത്തിൽ കണ്ടെത്തിയത്. പൊലീസ് സജീവനെ മർദിക്കേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ലെന്നാണ് സജീവന്റെ കൂടെയുണ്ടായിരുന്ന ജുബൈർ പറയുന്നത്. ‘അടയ്ക്കാത്തെരുവിൽ വെച്ച് ഞങ്ങളുടെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുമ്പോൾ ഞാനായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്. വണ്ടിയിലുണ്ടായിരുന്ന സജീവൻ മദ്യപിച്ചിരുന്നുവെങ്കിലും ഞാൻ മദ്യപിച്ചിരുന്നില്ല. വണ്ടിയിടിച്ചതിനെച്ചൊല്ലി ഞങ്ങൾ മറ്റേ വാഹനത്തിലുണ്ടായിരുന്നവരുമായി ചെറിയ കലഹമുണ്ടായി. അങ്ങനെയാണ് പൊലീസ് എത്തുന്നത്. വിഷയം കേസാക്കാം എന്ന ധാരണയിലാണ് ഞങ്ങൾ പൊലീസിനൊപ്പം പോകുന്നത്. അല്ലാതെ നിയമലംഘനമൊന്നും ഞങ്ങൾ നടത്തിയിട്ടുണ്ടായിരുന്നില്ല. എന്നാൽ സ്‌റ്റേഷനിലെത്തിയ ഞങ്ങൾക്കുണ്ടായത് വളരെ മോശം അനുഭവമാണ്. ഞങ്ങൾ രണ്ടുപേരെയും പൊലീസ് മർദിച്ചു. സജീവനാണ് കൂടുതൽ മർദനമേറ്റത്. നെഞ്ചുവേദനയുണ്ടെന്ന് അവൻ ആവർത്തിച്ചു പറഞ്ഞിട്ടും പൊലീസ് കേട്ടില്ല. ഒടുവിൽ കുഴഞ്ഞുവീണപ്പോൾ ആശുപത്രിയിൽ കൊണ്ടുപോകാൻ വേണ്ടി വാഹനത്തിനായി ഞാനവരോട് കേണപേക്ഷിച്ചതാണ്. അൽപമെങ്കിലും ദയ പൊലീസുകാർ കാണിച്ചിരുന്നെങ്കിൽ സജീവന് ജീവൻ നഷ്ടപ്പെടില്ലായിരുന്നു', ജുബൈർ ട്രൂ കോപ്പിയോട് പറഞ്ഞു. സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷിച്ച് വടകര പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോൾ കേസിൽ അന്വേഷണം നടക്കുന്നതിനാൽ തങ്ങൾക്കൊന്നും പറയാനില്ലെന്നാണ് വടകര പൊലീസ് സ്റ്റേഷനിൽ നിന്നും ട്രൂ കോപ്പിക്ക് ലഭിച്ച മറുപടി.

ജുബൈർ (ഇടത്ത്) സജീവനൊപ്പം

ആശ്രയമറ്റത് രണ്ട് വൃദ്ധസ്ത്രീകളുടെ

വടകരയിൽ നിന്നും എട്ട് കിലോമീറ്റർ അകലെയുള്ള കല്ലേരി എന്ന ഗ്രാമത്തിലാണ് സജീവന്റെ വീട്. ചെറുപ്പത്തിലേ അച്ഛൻ മരിച്ചു. ഏക മകനായിരുന്ന സജീവനെ വളർത്തിയത് അമ്മയാണ്. അഞ്ച് സെന്റ് സ്ഥലത്ത് പൊളിഞ്ഞു വീഴാറായ ഒരു വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. ആ വീട്ടിൽ ഇനിയും കഴിയുന്നത് സുരക്ഷിതമല്ലാതിരുന്നതിനാൽ, മകന്റെ മരണ ശേഷം തനിച്ച് കഴിയുകയായിരുന്ന അമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് ഇരുവരും താമസം മാറുകയായിരുന്നു. മരം വെട്ടുജോലികൾ ചെയ്തിരുന്ന സജീവനെ ആശ്രയിച്ചാണ് അമ്മയും അവരുടെ സഹോദരിയും നിലവിൽ കഴിഞ്ഞിരുന്നത്. ആ രണ്ട് വൃദ്ധ സ്ത്രീകളുടെയും ഏക ജീവിതാശ്രയമാണ് ഒറ്റ രാത്രികൊണ്ട് പൊലിഞ്ഞുപോയത്.

സജീവന്റെ അമ്മ(ഇടത്ത്), അമ്മയുടെ സഹോദരി എന്നിവർ

കേസിൽ മാതൃകാപരമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരായ നടപടികൾ സ്വീകരിക്കണമെന്നും കുടുംബത്തിന് കൃത്യമായ നഷ്ടപരിഹാരം നൽകണമെന്നുമാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. പൊലീസിനെതിരെ നിയമപരമായ എല്ലാ സാധ്യതകളുമുപയോഗിച്ച് നീങ്ങുമെന്ന് സജീവന്റെ ബന്ധുവും പ്രദേശവാസിയുമായ ബാലൻ ട്രൂ കോപ്പിയോട് പറഞ്ഞു.

അവസാനിക്കാത്ത കസ്റ്റഡി മർദനങ്ങൾ, മരണങ്ങൾ

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒന്നാം പിണറായി സർക്കാറിന്റെ കാലം മുതലിങ്ങോട്ട് കേരളത്തിൽ കസ്റ്റഡി കൊലപാതകങ്ങൾ, പൊലീസിന് നേരെ കുറ്റാരോപണമുയരുന്ന മരണങ്ങൾ എന്നിവയുടെയെല്ലാം എണ്ണം വർധിച്ചിട്ടുണ്ട്. ഇവയിലൊന്നിൽ പോലും മാതൃകാപരമായ അന്വേഷണങ്ങൾ നടക്കാത്തതാണ് സംസ്ഥാനത്ത് പൊലീസ് കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് കാരണം. പൊലീസ് മർദനത്തെത്തുടർന്ന് ലോക്കപ്പിലും ആശുപത്രിയിലും വെച്ച് മരിച്ചവർ, വ്യാജ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടവർ, പൊലീസ് കസ്റ്റഡിയിലെടുത്തശേഷം ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയവർ, അകാരണമായ മർദനങ്ങളെയും ഭീഷണികളെയും തുടർന്ന് ആത്മഹത്യ ചെയ്തവർ തുടങ്ങി പൊലീസ്/ എക്‌സൈസ്/ഫോറസ്റ്റ് എന്നീ സേനകൾക്ക് നേരെ കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ട നിരവധി സംഭവങ്ങളാണ് ഒന്നാം പിണറായി സർക്കാറിന്റെ കാലം മുതലിങ്ങോട്ട് ഉണ്ടായിട്ടുള്ളത്.

ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്രയധികം മരണങ്ങളിൽ പൊലീസുകാർ പ്രതികളായിട്ടും ഗൗരവവും സ്വതന്ത്രവുമായ അന്വേഷണങ്ങളോ നിയമനടപടികളോ കുറ്റക്കാരായ പൊലീസുകാർക്കുനേരെ ഉണ്ടാകാത്തത് ഇത്തരം കൃത്യങ്ങൾ നടത്തിയാലും വലിയ കുഴപ്പങ്ങളില്ല എന്ന മനോനിലയിലേക്കാണ് പൊലീസുദ്യോഗസ്ഥരെ കൊണ്ടെത്തിക്കുന്നത്. പല കേസുകളിലും കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റങ്ങൾ നൽകുക വരെ ഈ സർക്കാർ ചെയ്തിട്ടുണ്ട്. ഏറെ കോളിളക്കം സൃഷ്ടിച്ച വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണ സംഭവത്തിൽ പ്രതിയായിരുന്ന അന്നത്തെ എറണാകുളം റൂറൽ എസ്.പി എ.വി. ജോർജിനെ പിന്നീട് കോഴിക്കോട് കമ്മീഷണറായി നിയമിക്കുകയാണുണ്ടായത്.

എ.വി. ജോർജ്

മിക്ക സംഭവങ്ങളിലും അന്വേഷണത്തിന്റെ ഭാഗമായി കൃത്യം നടന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് മൂന്ന് പൊലീസുകാരെ സസ്‌പെൻറ്​ ചെയ്യുമെങ്കിലും ഒന്നോ രണ്ടോ മാസത്തിനുള്ളിൽ അവർ തിരികെ ജോലിയിൽ പ്രവേശിക്കുകയും ചെയ്യും. ജോലിയ്‌ക്കോ ശമ്പളത്തിനോ യാതൊരു ഭംഗവും സംഭവിക്കില്ല. അന്വേഷണം കൃത്യമായി പൂർത്തീകരിക്കപ്പെടുകയുമില്ല.

പൊലീസിലെ ക്രിമിനലുകൾ

കേരള ഹൈക്കോടതി നിർദേശത്തെ തുടർന്ന് 2018 ൽ ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ കണക്കനുസരിച്ച് സംസ്ഥാന പൊലീസ് വകുപ്പിൽ 1140 ക്രമിനലുകളുണ്ട്. (കേസുകളിൽ പ്രതികളായവരുടെ കണക്ക് മാത്രമാണിത്). 10 ഡി.വൈ.എസ്.പി മാരും 46 സി.ഐമാരും എസ്.ഐ, എ.എസ്.ഐ റാങ്കിലുള്ള 230 പേരും ഈ പട്ടികയിലുണ്ട്. ഇവർക്കെതിരെ പൊലീസ് ആക്ടിലെ 86-ാം വകുപ്പ് പ്രകാരം നടപടി സ്വീകരിക്കണമൊണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അന്ന് നിർദേശിച്ചത്.

നടപടിയെടുത്തശേഷം ആഭ്യന്തരവകുപ്പ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യണമെന്നും 2018 ഏപ്രിൽ 12ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശിച്ചിരുന്നു. അന്ന് പേരിനൊരു റിപ്പോർട്ട് നൽകിയെന്നതല്ലാതെ പൊലീസിലെ ക്രിമിനലുകൾക്കെതിരെ സമയബന്ധിതമായ യാതൊരു നടപടിയും സർക്കാർ കൈക്കൊണ്ടിരുന്നില്ല. റിപ്പോർട്ട് സമർപ്പിക്കപ്പെട്ട്​ മൂന്നുവർഷം പിന്നിട്ടിട്ടും അതിൻമേൽ യാതൊരു പുരോഗതിയും ഉണ്ടായതുമില്ല. പട്ടിക സമർപ്പിക്കപ്പെട്ട് കാലങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടാവാത്തതിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ 2019 ജൂൺ മാസത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയും, സ്വീകരിച്ച നടപടികൾ ഉടൻ അറിയിക്കണമെന്ന് ഡി.ജി.പിക്ക് കർശന നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നിട്ടും ആഭ്യന്തരവകുപ്പിന് യാതൊരു കുലുക്കവുമുണ്ടായില്ല.

ക്രിമിനൽ കേസുകളിൽ പ്രതികളാകുന്ന ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് മാറ്റിനിർത്തി വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി നടപടി എടുക്കണമെന്നാണ് കമ്മീഷൻ ശുപാർശ ചെയ്തത്. എന്നിട്ടും കസ്റ്റഡി കൊലപാതകം, മൂന്നാംമുറയടക്കമുള്ള മർദനം, മോഷണം, സ്ത്രീധന പീഡനം, മയക്കുമരുന്ന് ഉപയോഗം, കൈക്കൂലി, പരാതിക്കാരെ ഉപദ്രവിക്കൽ, സ്വത്ത് തട്ടിപ്പ് തുടങ്ങിയ കേസുകളിലെല്ലാം പ്രതികളായ പൊലീസുകാർ ഇപ്പോഴും യൂനിഫോമിൽ വിലസുകയാണ്.

പൊലീസുകാർ ചെയ്യുന്ന കുറ്റങ്ങൾക്കെതിരായ പരാതികൾ സ്വീകരിച്ചിരുന്ന പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റിയും നോക്കുകുത്തിയായി മാറി. വർഷം തോറും ആയിരക്കണക്കിന് പരാതികൾ അതോറിറ്റിക്ക് മുന്നിലെത്തുന്നുണ്ട്. ഹൈകോടതി മുൻ ജഡ്ജിമാരും മുൻ ഡി.ജി.പിമാരും ഉൾപ്പെടെ അംഗങ്ങളായ അതോറിറ്റിയുടെ ശുപാർശകൾക്ക് പുല്ലുവില പോലും ആഭ്യന്തരവകുപ്പിൽ നിന്ന് ലഭിക്കുന്നില്ല. അന്വേഷേണ ഉദ്യോഗസ്ഥരെ പോലും അതോറിറ്റിക്ക് വേണ്ടി നൽകുന്നില്ല എന്ന പരാതി നേരത്തെ ഉയർന്നിരുന്നു. പലപ്പോഴും ഗൗരവമായ കേസുകളിൽ സ്വന്തം നിലക്ക് തെളിവെടുപ്പ് നടത്തി അതോറിറ്റി തന്നെ തയ്യാറാക്കുന്ന അന്വേഷണ റിപ്പോർട്ടുകൾ പോലും അവഗണിക്കപ്പെടുകയാണുണ്ടായിട്ടുള്ളത്. ഏതെങ്കിലും കേസുകളിൽ പൊലീസുകാരെ പ്രതിചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ തന്നെ കുറ്റപത്രം സമർപ്പിക്കുമ്പോൾ അവർ രക്ഷപ്പെടാറാണ്​ പതിവ്. അല്ലാത്ത പക്ഷം വിചാരണ വേളയിൽ നിർണായക സാക്ഷികൾ കൂറുമാറുന്നതും നിത്യസംഭവമാണ്.

എത്ര ഗുരതര തെറ്റ് ചെയ്താലും സേനയുടെ ഭാഗമായി തന്നെ മുന്നോട്ടുപോകാം എന്ന ധൈര്യം പൊലീസുകാർക്ക് നൽകുന്നത് ആഭ്യന്തരവകുപ്പ് തന്നെയാണ്. ക്രിമിനൽ സ്വഭാവമുള്ള ഒരുകൂട്ടം പൊലീസ് ഉദ്യോഗസ്ഥർ അധികാരപ്പെരുമയിൽ സേനയിൽ തഴച്ചുവളരുന്ന സാഹചര്യമാണുള്ളത്. മാതൃകാപരമെന്ന് വിശേഷിപ്പിക്കാൻ സാധിക്കുന്ന ഒരു നടപടി പോലും കഴിഞ്ഞ ആറ് വർഷങ്ങൾക്കിടെ ക്രിമിനൽ കുറ്റകൃത്യങ്ങൾ ചെയ്ത പൊലീസുകാർക്കെതിരെ ആഭ്യന്തരവകുപ്പ് കൈക്കൊണ്ടതായി കണ്ടെത്താനാവില്ല.

Comments