ബിഷപ്പിനെ വണങ്ങാൻ പോയ കെ. സുധാകരനും വാസവനും മലയാളിയെ തോൽപ്പിക്കുകയാണ്​

കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരൻ, സി. പി. എം നേതാവും മന്ത്രിയുമായ വി.എൻ. വാസവൻ എന്നിവർ, വർഗീയ പരാമർശം നടത്തിയ ജോസഫ് കല്ലറങ്ങാട്ടിൽ എന്ന ബിഷപ്പിനെ സന്ദർശിച്ചു മടങ്ങുന്നു. നാർക്കോട്ടിക് ജിഹാദ് വിഷയം ചർച്ചയേ ചെയ്തില്ലെന്ന് പറയുന്നു. ബിഷപ്പ്​ വർഗീയത ഉദ്ദേശിച്ചില്ലെന്ന്​മുഖ്യമന്ത്രിയടക്കം ഭംഗ്യന്തരേണ തലോടുന്നു. മതേതര കേരളത്തിന് വേണ്ടി നിലകൊള്ളുന്ന മഹാഭൂരിപക്ഷം വരുന്ന മലയാളികളുടെ സാമൂഹ്യ,രാഷ്ട്രീയ ബോധത്തിന് മുകളിലിരുന്നാണ് ഇവരീ നാറിയ കളി കളിക്കുന്നത്.

ജോസഫ് കല്ലറങ്ങാട്ടിൽ എന്നൊരു ക്രിസ്​ത്യൻ വർഗീയവാദി - അയാൾ കത്തോലിക്കാ സഭയിലെ ബിഷപ്പാണ്- നാർക്കോട്ടിക് ജിഹാദ് എന്ന പേരിൽ മുസ്‌ലിംകൾ ക്രിസ്​ത്യാനികൾക്കെതിരെ ആക്രമണം നടത്തുന്നു എന്ന കൊടിയ വർഗീയവിഷം പുരട്ടിയ ആരോപണം ഉന്നയിക്കുന്നു. ഇതാകട്ടെ ഒറ്റതിരിഞ്ഞ ഒന്നല്ല, ലവ് ജിഹാദും താമരശ്ശേരി രൂപത കുട്ടികൾക്കായി തയ്യാറാക്കിയ മുസ്​ലിംക​ളോട്​ വെറുപ്പ് പടർത്തുന്ന മതപാഠപുസ്തകവും അടക്കം കേരളത്തിലെ ക്രിസ്​ത്യാനി സഭകൾ നടത്തുന്ന പച്ചയ്ക്കുള്ള വർഗീയ പ്രചാരണത്തിന്റെ ഭാഗമാണ്. സംഘപരിവാറിന്റെ ഹിന്ദുത്വ വർഗീയ അജണ്ടയുടെ കീഴിൽ ഇത്തിരി സ്ഥലം ഭിക്ഷ ചോദിച്ചു കഴിയുകയാണ് ക്രിസ്​ത്യൻ സഭകൾ.

സ്വാഭാവികമായും ഈയൊരു അന്തരീക്ഷത്തിൽ ഒരു ജനാധിപത്യ, മതേതര സമൂഹം പ്രതീക്ഷിക്കുക ഭരണത്തിലും പ്രതിപക്ഷത്തുമുള്ള മതേതര രാഷ്ട്രീയ കക്ഷികൾ ഒന്നാകെ പാലാ ബിഷപ്പിനെ അപലപിക്കുകയും എതിർക്കുകയും ചെയ്യും എന്നാണ്. എന്നാൽ നമ്മളെന്താണ് കാണുന്നത്, കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരൻ, സി. പി. എം നേതാവും മന്ത്രിയുമായ വി.എൻ. വാസവൻ എന്നിവർ ബിഷപ്പിനെ സന്ദർശിച്ചു മടങ്ങുന്നു. നാർക്കോട്ടിക് ജിഹാദ് വിഷയം ചർച്ചയേ ചെയ്തില്ലെന്ന് പറയുന്നു. ബിഷപ്പ്​ വർഗീയത ഉദ്ദേശിച്ചില്ലെന്ന്​മുഖ്യമന്ത്രിയടക്കം ഭംഗ്യന്തരേണ തലോടുന്നു. മതേതര കേരളത്തിന് വേണ്ടി നിലകൊള്ളുന്ന മഹാഭൂരിപക്ഷം വരുന്ന മലയാളികളുടെ സാമൂഹ്യ, രാഷ്ട്രീയ ബോധത്തിന് മുകളിലിരുന്നാണ് ഇവരീ നാറിയ കളി കളിക്കുന്നത്. വക്കും തെറ്റും പൊട്ടാത്ത അവസരവാദവും വർഗീയ പ്രീണനവുമല്ലാതെ മറ്റൊന്നുമല്ല ഇത്.

കേരളത്തിൽ ക്രിസ്​ത്യൻ വർഗീയതയും നസ്രാണി സഭകളും പോലെ കക്ഷി രാഷ്ട്രീയ, മുന്നണി ഭേദമില്ലാതെ ഇത്രയേറെ ആനുകൂല്യങ്ങൾ നേടുകയും അനുഭവിക്കുകയും ചെയ്യുന്ന മറ്റൊരു വിഭാഗമില്ല. അതിന്റെ തുടർച്ചയാണ് ഇപ്പോഴും നടക്കുന്നത്. എന്നാൽ ജോസഫ് കല്ലറങ്ങാട്ടന്റെ അരമന നിരങ്ങാൻ പോകുന്ന രാഷ്ട്രീയ നേതൃത്വം മലയാളിയെ നിലയില്ലാത്ത വർഗീയക്കയത്തിലേക്കാണ് തള്ളിയിടുന്നത്. ഇത്ര പരസ്യവും വ്യക്തവുമായി സാമുദായിക വെറുപ്പ് പ്രചരിപ്പിക്കുന്നവർക്ക് അതിനു തൊട്ടുപിന്നാലെ അങ്ങോട്ട് ചെന്ന് നൽകുന്ന ഈ ആദരവ് കണ്ടാൽ മതേതര മലയാളിക്ക് പ്രതീക്ഷയ്ക്കിനി എന്താണുള്ളത് എന്ന് ന്യായമായും തോന്നാം.

സംഘപരിവാർ സംരക്ഷണവും പിന്തുണയും നൽകുന്ന, അത് താണുവണങ്ങി സ്വീകരിക്കുന്ന, ഹിന്ദുത്വ രാഷ്ട്രീയക്കാർ ഒപ്പം നിന്ന് പൊലിപ്പിക്കുന്ന ഒരു വർഗീയക്കോമരത്തിന്റെയും സഭയുടെയും റബർ തോട്ടങ്ങളിലേക്ക് തീർത്ഥയാത്ര നടത്തുന്ന ഈ രാഷ്ട്രീയ നേതൃത്വം മലയാളിയുടെ സാമാന്യ മതേതര ബോധത്തിന്റെ ഒരംശത്തെപ്പോലും പ്രതിനിധീകരിക്കുന്നില്ല.

മതവർഗീയതയുടെ ബോധം എത്ര ആഴത്തിലിറങ്ങാമെന്ന് ശബരിമല ലഹളക്കാലത്ത് നാം കണ്ടതാണ്. നാമജപത്തെറിഘോഷയാത്രകളിൽ പങ്കെടുത്ത ആയിരക്കണക്കിന് മനുഷ്യർ കേരളത്തിന്റെ ചരിത്രത്തിനു നേരെ നേർക്കുനേർ നിന്നാണ് കൊഞ്ഞനം കുത്തിയത്. അതിന്റെ എല്ലാ രാഷ്ട്രീയാഘാതങ്ങളേയും തടയാൻ മുഷ്ടിചുരുട്ടി മുന്നിൽ നിന്ന മലയാളിയുടെ രാഷ്ട്രീയ ബോധത്തെയാണ് ഇപ്പോൾ ബിഷപ്പിന്റെ അറിവിനെ പ്രണമിക്കാൻ പോയ വാസവനും ആ പോക്കിന് അനുമതി നൽകിയ പാർട്ടിയും ആക്ഷേപിച്ചത്.

മുസ്‌ലിംകൾക്കെതിരെ മതപാഠപുസ്തകത്തിൽ സാമുദായിക ഭിന്നതയുണ്ടാക്കുന്ന പാഠങ്ങൾ ചേർത്തുവെച്ച താമരശ്ശേരി രൂപതയ്ക്കും നാർക്കോട്ടിക് ജിഹാദ് എന്ന വർഗീയ ഭിന്നതയുടെയും വെറുപ്പിന്റെയും കളവ് പ്രചരിപ്പിക്കുന്ന ജോസഫ് കല്ലറങ്ങാട്ടിൽ എന്ന പാതിരിക്കെതിരെയും നടപടിയെടുക്കാതെ എന്ത് മതേതരത്വത്തെ കുറിച്ചാണ്, എന്ത് നിയമവാഴ്ചയെക്കുറിച്ചാണ് സർക്കാർ സംസാരിക്കുന്നത്?

വർഗീയതയുമായി ചർച്ചകളോ അനുരഞ്ജന ശ്രമങ്ങളോ സാധ്യമല്ല. അതിനെ എതിർത്തു തോൽപ്പിക്കൽ മാത്രമാണ് മതേതര രാഷ്ട്രീയത്തിന്റെ മുന്നിലുള്ള വഴി. കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വം ഒന്നടങ്കം വർഗീയതയുമായുള്ള സമരത്തിൽ മലയാളിയെ തോല്പിക്കുകയാണ്. തോറ്റുപോയാൽ കേരളം നൽകേണ്ടി വരുന്ന വില അതിഭീകരമായിരിക്കും.


Summary: കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരൻ, സി. പി. എം നേതാവും മന്ത്രിയുമായ വി.എൻ. വാസവൻ എന്നിവർ, വർഗീയ പരാമർശം നടത്തിയ ജോസഫ് കല്ലറങ്ങാട്ടിൽ എന്ന ബിഷപ്പിനെ സന്ദർശിച്ചു മടങ്ങുന്നു. നാർക്കോട്ടിക് ജിഹാദ് വിഷയം ചർച്ചയേ ചെയ്തില്ലെന്ന് പറയുന്നു. ബിഷപ്പ്​ വർഗീയത ഉദ്ദേശിച്ചില്ലെന്ന്​മുഖ്യമന്ത്രിയടക്കം ഭംഗ്യന്തരേണ തലോടുന്നു. മതേതര കേരളത്തിന് വേണ്ടി നിലകൊള്ളുന്ന മഹാഭൂരിപക്ഷം വരുന്ന മലയാളികളുടെ സാമൂഹ്യ,രാഷ്ട്രീയ ബോധത്തിന് മുകളിലിരുന്നാണ് ഇവരീ നാറിയ കളി കളിക്കുന്നത്.


പ്രമോദ്​ പുഴങ്കര

അഭിഭാഷകൻ, എഴുത്തുകാരൻ.

Comments