പൊന്നാനിയിലെ പോസ്റ്ററുകൾ വോട്ടുചെയ്യുമോ?

Election Desk

ഈ ദിവസങ്ങളിൽ പൊന്നാനി മണ്ഡലത്തിലെ മതിലുകളിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന "സി.പി.എം രക്ഷകരുടെ' പോസ്റ്ററുകൾക്ക് വോട്ടുചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിൽ? ആകെ ആശയക്കുഴപ്പത്തിലാണ് പൊന്നാനിയിലെ സി.പി.എമ്മും ഇടതുപക്ഷവും. സി.പി.എം തിരികൊളുത്തിയ രണ്ടുടേം നിബന്ധനയിൽ പുകയുകയാണ് മണ്ഡലം.

സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ഒഴിവാക്കപ്പെടുന്നവരുടെ പട്ടികയിൽ പെട്ടതോടെയാണ് അദ്ദേഹത്തിനുവേണ്ടി പ്രാദേശിക പ്രവർത്തകരുടെ പ്രതിഷേധം പോസ്റ്റർ രൂപത്തിൽ പുറത്തുവന്നത്. ഭൂരിപക്ഷം കൂട്ടിക്കൊണ്ടാണ് കഴിഞ്ഞ രണ്ടു തവണയും അദ്ദേഹം ജയിച്ചത്, മാത്രമല്ല, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സർക്കാറിനെതിരെയും സ്പീക്കർക്കെതിരെയും ഉയരുന്ന ആരോപണങ്ങൾ വ്യാജമാണെന്ന് തെളിയിക്കാൻ പറ്റിയ സന്ദർഭം കൂടിയാണ് ജയം ഉറപ്പായ പൊന്നാനിയിൽ അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കുന്നത് തുടങ്ങിയ വാദങ്ങളാണ് അദ്ദേഹത്തിനുവേണ്ടി ഒരു വിഭാഗം പ്രവർത്തകർ ഉയർത്തുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ, എൽ.ഡി.എഫിന് കിട്ടിയ ഭൂരിപക്ഷം സ്പീക്കർക്കും സർക്കാറിനും എതിരായ ആരോപണങ്ങൾ ജനം തള്ളിക്കളഞ്ഞതിന്റെ സൂചനയാണെന്നും അവർ പറയുന്നു.

പി. ശ്രീരാമകൃഷ്ണൻ / വര: ദേവപ്രകാശ്

ഇക്കാര്യം മുന്നിൽ കണ്ട് പാർട്ടി ജില്ല കമ്മിറ്റിയും നിർദേശിച്ചത് ശ്രീരാമകൃഷ്ണനെയാണ്. എന്നാൽ, സംസ്ഥാന നേതൃത്വം ഒഴിവാക്കാൻ തീരുമാനിച്ച പ്രമുഖരിൽ അദ്ദേഹവുമുണ്ടെന്ന വിവരം പുറത്തുവന്നതോടെയാണ് "ഉറപ്പാണ് കേരളം, ഉറപ്പായും വേണം ശ്രീരാമകൃഷ്ണൻ' എന്നെഴുതിയ പോസ്റ്ററുകൾ മണ്ഡലത്തിൽ പതിഞ്ഞത്. 2011ലായിരുന്നു പൊന്നാനിയിൽ ശ്രീരാമകൃഷ്ണന്റെ കന്നിയങ്കം. അന്ന് 4000 ലേറെ വോട്ടായിരുന്നു ഭൂരിപക്ഷം. 2016ൽ 15,650 ആയി ഉയർന്നു. മാത്രമല്ല, മണ്ഡലത്തിൽ ജനപ്രീതിയുള്ള നേതാവുമാണ് അദ്ദേഹം.

പ്രതിഷേധമുയർന്നതോടെ പാർട്ടി ഇടപെട്ടു. പൊടുന്നനെ, എങ്ങുനിന്നാണെന്നറിയാതെ, ശ്രീരാമകൃഷ്ണന്റെ പോസ്റ്ററിനുമേൽ മറ്റൊരു പോസ്റ്റർ പതിഞ്ഞു, അതും "പാർട്ടി സേവകരു'ടെ: "ഉറപ്പാക്കണം, പൊന്നാനിയിൽ ഇമ്പിച്ചിബാവക്കുശേഷം പൊന്നാനിക്കാരനെ' എന്നാണ് അതിൽ എഴുതിയിരുന്നത്. ആരാണ് ആ പൊന്നാനിക്കാരൻ? ഉത്തരം റെഡി: ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം. സിദ്ദീഖ്. പൊന്നാനി വെളിയംകോട് സ്വദേശിയാണ് സിദ്ദീഖ്.

എന്നാൽ, രണ്ടുതരം "പാർട്ടി സേവു'കാർക്കും പൊന്നാനിയിൽ സീറ്റുണ്ടാകില്ല എന്നാണ് ഏറ്റവും ഒടുവിലത്തെ സൂചന. അത് സി.ഐ.ടി.യു നേതാവ് പി. നന്ദകുമാറിനായിരിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. നന്ദകുമാറിനെ മത്സരിപ്പിക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചതായാണ് അറിവ്. എന്നാൽ, ഇത്ര ലളിതമായി ഇനി കാര്യങ്ങൾ മുന്നോട്ടുപോകുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. മൂന്നു "സ്ഥാനാർഥി'കൾക്കും വേണ്ടി അണിയറയിൽ അമർഷവും പുകച്ചിലുമുണ്ട്. പോസ്റ്ററുകൾ ഒട്ടിച്ച കൈകൾ വോട്ടിംഗ് മെഷീനിലും പ്രവർത്തിക്കുമോ എന്നാണ് പാർട്ടിയുടെ ആശങ്ക.

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 9,127 വോട്ടുകളുടെ ഭൂരിപക്ഷം നേടി. പൊന്നാനി നഗരസഭയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഇടതുമുന്നണി ഭരണം പിടിച്ചത്. പെരുമ്പടപ്പ്, ആലങ്കോട് പഞ്ചായത്തുകൾ ഇടതുമുന്നണി പിടിച്ചെടുത്തു. പൊന്നാനിയിൽ ഇത്തവണയും യു.ഡി.എഫ് വലിയ സാധ്യത കൽപ്പിക്കുന്നില്ല. സീറ്റ് ലീഗിന് വിട്ടുകൊടുക്കാനുള്ള ആലോചനയാണ് നടക്കുന്നത്. പുതുമുഖത്തെ നിർത്തിയും സ്പീക്കർക്കെതിരായ ആരോപണങ്ങൾ പ്രചാരണായുധമാക്കിയും സി.പി.എമ്മിലെ ഭിന്നത മുതലാക്കിയും മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നാണ് ലീഗ് കണക്കുകൂട്ടൽ. എന്നാൽ, ലീഗിന്റെ കാര്യത്തിൽ യു.ഡി.എഫിൽ തീരുമാനമായിട്ടില്ല.

ലോക്‌സഭാ മണ്ഡലമായ പൊന്നാനി ലീഗ് കോട്ടയാണെങ്കിലും നിയമസഭ മണ്ഡലം ഇടതുപക്ഷത്താണ്. 1957 ലെ ആദ്യ തിരഞ്ഞെടുപ്പിൽ ദ്വയാംഗ മണ്ഡലമായ ഇവിടെനിന്ന് കോൺഗ്രസിലെ കെ. കുഞ്ഞമ്പുവും സി.പി.ഐയുടെ ഇ.ടി കുഞ്ഞനുമാണ് വിജയിച്ചത്. 1960ൽ കുഞ്ഞമ്പുവും ലീഗിന്റെ ചെറുകോയ തങ്ങളും ജയിച്ചു. രണ്ട് തവണ മാത്രമാണ് ലീഗ് സ്ഥാനാർത്ഥികൾ വിജയിച്ചത്- 1960 ലും 1967 ലും.

1967ൽ ലീഗിനെതിരെ മൽസരിച്ചത് കോൺഗ്രസായിരുന്നു. അതിനുശേഷം ലീഗ് മത്സരിച്ചിട്ടില്ല. 1970 ൽ സ്വതന്ത്രൻ എം.വി ഹൈദ്രോസ് ഹാജി ലീഗിനെ തോൽപിച്ചു. അതിനുശേഷം സി.പി.എമ്മും കോൺഗ്രസുമാണ് ഏറ്റുമുട്ടിയത്. നാല് തവണ കോൺഗ്രസും ആറുതവണ സി.പി.എമ്മും ജയിച്ചു. കോൺഗ്രസിനുവേണ്ടി എം.പി. ഗംഗാധരൻ മൂന്നുതവണ പൊന്നാനിയെ പ്രതിനിധീകരിച്ചു. പൊന്നാനിയിൽ നിന്ന് ഏറ്റവും അധികം തവണ എം.എൽ.എയായതും ഗംഗാധരനാണ്. പ്രമുഖ സി.പി.എം നേതാക്കളായ കെ ശ്രീധരൻ, ഇ.കെ. ഇമ്പിച്ചിബാവ, പാലോളി മുഹമ്മദ് കുട്ടി എന്നിവരും പൊന്നാനിയിൽ നിന്ന് സഭയിലെത്തി. 1991 മുതലുള്ള രണ്ടു പതിറ്റാണ്ടെടുത്താൽ ഒരു തവണ മാത്രമാണ് സി.പി.എം തോറ്റിട്ടുള്ളത്. 2001 ൽ ടി.കെ ഹംസയെ എം.പി ഗംഗാധരൻ തോൽപ്പിച്ചു. അതിന് ശേഷം സി.പി.എമ്മിനായിരുന്നു ജയം.

2006 ൽ പാലോളി മുഹമ്മദ് കുട്ടി 28,000ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 2011 ൽ പി ശ്രീരാമകൃഷ്ണന്റെ ഭൂരിപക്ഷം 4,101 വോട്ടായി ചുരുങ്ങി. 2016 ൽ ശ്രീരാമകൃഷ്ണൻ ഭൂരിപക്ഷം 15,640 ആയി ഉയർത്തി.
കഴിഞ്ഞ ലോക്​സഭ തിരഞ്ഞെടുപ്പിൽ ഇ.ടി. മുഹമ്മദ് ബഷീറിന് പൊന്നാനിയിൽ മികച്ച ഭൂരിപക്ഷമുണ്ടായിരുന്നു.


Comments