കെ.എസ്. ഹംസ, അബ്ദുസമദ് സമദാനി

മുസ്‍ലിം ലീഗിന്റെ പൊന്നാപുരംകോട്ടയിൽ ഹംസ എന്ന സിപിഎം പരീക്ഷണം

ലോക്സഭാ തെരഞ്ഞെടുപ്പിൽ കാലങ്ങളായി മുസ്‍ലിം ലീഗിനെ കൈവിടാത്ത മണ്ഡലമാണ് പൊന്നാനി. ആ പ്രതീക്ഷ ഇത്തവണയും അസ്ഥാനത്താകില്ല എന്ന പ്രതീക്ഷയോടെയാണ് ലീഗ് മത്സരത്തിനിറങ്ങുന്നത്. ലീഗ് കോട്ടയായിരുന്ന മഞ്ചേരി മണ്ഡലത്തിൽ നിന്ന് 2004-ൽ ടി.കെ. ഹംസയെ ലോക്സഭയിലെത്തിച്ച ചരിത്രം സി.പി.എമ്മിനുമുണ്ട്‌. സി.പി.എം ഇത്തവണ ​പൊന്നാനിയിൽ മത്സരത്തിനിറക്കുന്നതും മറ്റൊരു ഹസയെ തന്നെ.

Election Desk

പൊന്നാനി, ലോക്സഭാ തെരഞ്ഞെടുപ്പിൽ എക്കാലവും മുസ്‍ലിം ലീഗിനെ പിന്തുണച്ച മണ്ഡലം. ലീഗിന്റെ എക്കാലത്തെയും വിശ്വാസം. യു ഡി എഫ് ശക്തി കേന്ദ്രം. 2019- ലും പൊന്നാനി ലീഗിനൊപ്പമായിരുന്നു. 5,21,824 വോട്ട് നൽകി ഇ.ടി മുഹമ്മദ് ബഷീറിനെയാണ് പൊന്നാനി കഴിഞ്ഞ തവണ ഡൽഹിക്കയച്ചത്. മണ്ഡലത്തിലെ ആകെ വോട്ടിന്റെ 51.30 ശതമാനമാണ് ഇ.ടി മുഹമ്മദ് ബഷീർ അന്ന് നേടിയത്. 2014 ലും ലീഗ് തന്നെയായിരുന്നു ഒന്നാമതെത്തിയിരുന്നതെങ്കിലും 3,78,503 വോട്ടു കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2019 ആയപ്പോഴേക്കും ലീഗ് അധികമായി നേടിയത് 1,43,321 വോട്ടാണ്. 7.87 ശതമാനത്തിന്റെ വർദ്ധന. 1,93,273 എന്ന വലിയ ഭൂരിപക്ഷം. 2014-ൽ നിന്ന് 2019-ലേക്കുള്ള അഞ്ച് വർഷങ്ങളുടെ ദൂരംകൊണ്ട് ഇ.ടി മുഹമ്മദ് ബഷീർ പൊന്നാനിയിൽ ഉണ്ടാക്കിയെടുത്ത വിശ്വാസത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു അത്.

പൊന്നാനി മണ്ഡലം

1952-ൽ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നപ്പോൾ കോൺഗ്രസിന്റെ വെള്ള ഈച്ചരൻ എന്ന വി. ഈച്ചരനാണ് ലോകസഭയിൽ മണ്ഡലത്തെ ആദ്യമായി പ്രതിനിധീകരിച്ചത്. പിന്നീട് കിസാൻ മസ്ദൂർ പ്രജാ പാർട്ടിയുടെ ബാനറിൽ കെ. കേളപ്പനും ലോകസഭയിലെത്തി. സംസ്ഥാന രൂപീകരണത്തിനുശേഷം 1962 മുതൽ 71 വരെ പൊന്നാനി തിരഞ്ഞെടുക്കുന്നത് സി പി ഐ, സി പി എം സ്ഥാനാർത്ഥികളെയാണ്. 1962-ലും 1967-ലും സി പി ഐയെ പ്രതിനിധീകരിച്ച് ഇ.കെ ഇമ്പിച്ചി ബാവ, സി.കെ. ചക്രപാണി എന്നിവരും 71-ൽ സി പി എമ്മിനെ പ്രതിനിധീകരിച്ച് എം.കെ. കൃഷ്ണനുമാണ് പൊന്നാനിയിൽ നിന്ന് ലോക്സഭയിലെത്തുന്നത്. ഇടതുകക്ഷികളുടെ ഈ പരീക്ഷണങ്ങൾക്കുശേഷമാണ് 77-ൽ പൊന്നാനി ലീഗിനൊപ്പം പോകുന്നത്.

അന്നുമുതൽ ലീഗിനൊപ്പമേ പൊന്നാനി നിന്നിട്ടുള്ളൂ. 1977-ൽ പൊന്നാനിയിൽ ലീഗിന്റെ വിജയങ്ങൾക്ക് തുടക്കമിടുന്നത് ജി.എം. ബനാത് വാല എന്ന മുംബൈ മലയാളിയാണ്. 1977 മുതൽ 1989 വരെ തുടർച്ചയായി നാല് തവണയാണ് അദ്ദേഹം പൊന്നാനിയിൽ നിന്ന് ജയിച്ച് ലോകസഭയിലെത്തുന്നത്.

ജി.എം. ബനാത് വാല ജനങ്ങള്‍ക്കൊപ്പം, എം.കെ. മുനീര്‍, കെ.എം. ഷാജി എന്നിവര്‍ സമീപം.

1933- ൽ ഹാജി നൂർ മുഹമ്മദിന്റെ മകനായി മുബൈയിൽ ജനിച്ച ബനാത് വാല പിന്നീടാണ് കേരളത്തിലെത്തുന്നതും ഇവിടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നതും. 1967-ൽ മഹാരാഷ്ട്രയിലെ ഉമർഖാദി മണ്ഡലത്തിൽ നിന്ന് ജയിച്ച് മഹാരാഷ്ട്ര നിയമസഭയിൽ മുസ്‍ലിം ലീഗിന്റെ ആദ്യ അംഗമാവുന്നതും ഇതേ ജി.എം ബനാത് വാലയാണ്. അദ്ദേഹത്തിനുശേഷം, 1991 ൽ ഇബ്രാഹിം സുലൈമാൻ സേട്ട്. പിന്നീട് വീണ്ടും 96-ലും 98-ലും 99-ലും ബനാത് വാല. 2004-ൽ ഇ. അഹമ്മദ്. 2009 മുതൽ ഇ.ടി. മുഹമ്മദ് ബഷീർ എന്നിങ്ങനെയാണ് പൊന്നാനിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രം.

ഇത്തവണ പൊന്നാനിയിൽ ലീഗ് സ്ഥാനാർഥി അബ്ദുസമദ് സമദാനിയാണ്. ആശങ്കകൾക്ക് വകയില്ലെന്നും ഇക്കുറിയും പച്ചക്കൊടി പാറിക്കുമെന്നും ലീഗ് പറയുമ്പോഴും അത്ര ചെറുതല്ലാത്ത പ്രതിരോധം തീർക്കാൻ സി പി എമ്മിന് കഴിയും.

കഴിഞ്ഞ തവണ എൽ.ഡി.എഫിനായി പി.വി. അൻവർ നേടിയത് 3,28,551 വോട്ടാണ്. രണ്ടാമതായിരുന്നെങ്കിലും 2014-ൽ എൽ.ഡി.എഫിനായ ഇറങ്ങിയ വി. അബ്ദുറഹിമാനും 40 ശതമാനത്തോളം വോട്ട് പിടിച്ചിരുന്നു. അന്ന് ലീഗിന് നേടാനായത് 43.43 ശതമാനം മാത്രമാണ്. അതായത് ലീഗിനെക്കാൾ 3 ശതമാനം വോട്ടുകളുടെ കുറവ് മാത്രമേ അന്ന് എൽ.ഡി.എഫിന് ഉണ്ടായിരുന്നുള്ളൂ. വോട്ടിൽ 2009-നേക്കാൾ 1.11 ശതാനത്തിന്റെ വർദ്ധനയും ഉണ്ടായി.

അബ്ദുസമദ് സമദാനി പ്രാചാരണത്തിനിടെ

ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ പൊന്നാനി മണ്ഡലത്തിൽ അപ്രതീക്ഷിത ട്വിസ്റ്റായിരുന്നു. മുസ്‍ലിം ലീഗ് മുൻ നേതാവ് കെ.എസ്. ഹംസ. ലീഗിൽ നിന്ന് പുറത്തായ മുൻ സംസ്ഥാന സെക്രട്ടറിയാണ് ഹംസ. മുൻ മന്ത്രി കെ.ടി. ജലീൽ, യുവ നേതാവ് വി.പി. സാനു തുടങ്ങിയവരെ മത്സരിപ്പിക്കാനാണ് എൽ.ഡി.എഫ് നീക്കം എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ കെ.എസ്. ഹംസ എന്ന പേര് അപ്രതീക്ഷിതമായിരുന്നു. ലീഗിലെ കലഹത്തെ തുടർന്ന് കഴിഞ്ഞവർഷമാണ് സംസ്ഥാനസെക്രട്ടറിയായിരിക്കെ ഹംസയെ പുറത്താക്കിയത്. പൊന്നാനിയിൽ അബ്ദുസമദ് സമദാനിക്കെതിരെ കെ.എസ്. ഹംസയ്ക്ക് ശക്തമായ പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടുന്നത്.

ടി.കെ. ഹംസ

ലീഗിന്റെ പച്ചക്കൊടി മാത്രം പാറിയിരുന്ന പല മണ്ഡലങ്ങളിലും ചെങ്കൊടി പാറിച്ച ചരിത്രം എൽ.ഡി.എഫിനും ഉണ്ട്. പൊന്നാനി മണ്ഡലം രൂപീകരിച്ച കാലം തൊട്ട് 2004 വരെ മഞ്ചേരിയിൽ നിന്ന് ലീഗിന്റെ സ്ഥാനാർത്ഥികളല്ലാതെ മറ്റാരും വിജയിച്ചിരുന്നില്ല. എന്നാൽ 2004-ൽ ലീഗിന് തിരിച്ചടിയുണ്ടായി. എതിർ പാളയത്തിൽ നിന്നെത്തി എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ടി.കെ. ഹംസക്കായിരുന്നു അത്തവണ വിജയം. കെ.പി.എ. മജീദായിരുന്നു അന്ന് ലീഗ് സ്ഥാനാർത്ഥി. മജീദിനെ 47,743 വോട്ടുകൾക്കാണ് ടി.കെ. ഹംസ അന്ന് പരാജയപ്പെടുത്തിയത്. ഇത്തവണ എൽ.ഡി.എഫിനുള്ളതും ടി.കെ. ഹംസയെപ്പോലെ എതിർ പാളയത്തിൽ നിന്നെത്തിയ മറ്റൊരു ഹംസ. കെ.എസ്. ഹംസയെ പൊന്നാനിയിൽ മത്സരത്തിന് ഇറക്കുമ്പോൾ വിജയത്തിന്റെ ആ ചരിത്രം ആവർത്തിക്കപ്പെടുമെന്നാവും ഇടതുപക്ഷം കണക്കുകൂട്ടുന്നത്.

രൂക്ഷമാകുന്ന ലീഗ് - സമസ്ത പോരും വോട്ടാക്കി മാറ്റാൻ എൽ.ഡി.എഫ് ശ്രമിക്കും. സമസ്തയും സിപിഎമ്മും തമ്മിൽ ഇപ്പോഴും നിലനിൽക്കുന്ന സൗഹൃദവും ജിഫ്രി മുത്തുക്കോയ തങ്ങളുടെ സിപിഎമ്മിനോടുള്ള പ്രതിപത്തിയുമെല്ലാം സിപിഎമ്മിന് സഹായകരമാകും എന്നു കരുതുന്നവരുമുണ്ട്‌. കമ്യൂണിസ്റ്റ് സർക്കാരുമായി സഹകരിക്കുന്നതിൽ തെറ്റില്ലെന്ന സമസ്തയുടെ നിലപാടും സിപിഎമ്മിന് പൊന്നാനിയിലുള്ള പ്രതീക്ഷ വർദ്ധിപ്പിക്കുന്നു. വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ മുസ്ലിം ലീഗിന്റെ നിലപാടിന് വിരുദ്ധമായി സ്വീകരിച്ച നിലപാടും മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചകളും, കുഞ്ഞാലിക്കുട്ടിക്കെതിരേ പാണക്കാട് കുടുംബത്തിൽ നിന്ന് ഉയർന്ന ആരോപണങ്ങളുമെല്ലാം സിപിഎമ്മിന് വിജയത്തോളം പോന്ന പ്രതീക്ഷ നൽകുന്നുണ്ട്.

കെ.എസ്. ഹംസ പ്രചാരണത്തിനിടെ

ചെറുതല്ലാത്ത പ്രതീക്ഷകളുമായി ഇത്തവണയും ബി ജെ പിയും പൊന്നാനിയിൽ മത്സരിത്തിനിറങ്ങുന്നുണ്ട്. 2019-ലെ തിരഞ്ഞെടുപ്പിൽ ബി ജെ പിക്കായി ഇറങ്ങിയ വി.ടി. രമ ഒരു ലക്ഷത്തിന് മുകളിലാണ് വോട്ടുകൾ നേടിയത്. 10.87 ശതമാനം വോട്ട് നേടിയെന്ന് മാത്രമല്ല 2014-നേക്കാൾ വോട്ടിൽ 2.24 ശതമാനം വർദ്ധനവ് ഉണ്ടാക്കാനും ബി ജെ പിക്ക് കഴിഞ്ഞിരുന്നു.

Comments