വീടിനടുത്തുള്ള യു.പി. സ്കൂളിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള ടി.ഡി. ഹൈസ്കൂളിലേക്ക് ചെന്നപ്പോഴാണ് വിദ്യാർത്ഥി രാഷ്ട്രീയം നേരിൽ കാണാൻ അവസരമുണ്ടായത്. അതിനുമുമ്പ് യു.പി. സ്കൂളിൽ പഠിക്കുമ്പോൾ ഞങ്ങൾ കേട്ടിരുന്നു, ടി.ഡി. ഹൈസ്കൂളിലെ സമരത്തെപ്പറ്റി. സമരം വന്നു ഞങ്ങടെ സ്കൂളിലും പഠിപ്പില്ലാതാക്കുന്ന സുദിനം പലപ്പോഴും കൊതിച്ചിരുന്നു. പക്ഷേ, അത് സംഭവിച്ചില്ല.
ടി.ഡി. സ്കൂളിലെ താരങ്ങൾ വിദ്യാർത്ഥി സംഘടനയുടെ നേതാക്കളായിരുന്നു. അവരുടെ വലിപ്പം, ധൈര്യം, മീശ എല്ലാം ഞങ്ങൾക്ക് സംസാരവിഷയമായിരുന്നു. രാവിലെ സ്ക്കൂളിലെത്തുമ്പോൾ തന്നെ കേൾക്കും, ‘ഇന്നു സമരമുണ്ട്’.
നേതാക്കന്മാർ സ്കൂൾ ഗേറ്റിനു പുറത്ത് തയ്യാറെടുക്കുന്നു. പുറത്തുനിന്നു വന്നവരുമായി ചർച്ച ചെയ്യുന്നു.
ഫസ്റ്റ് ബെല്ലടിച്ച് ആദ്യത്തെ പിരീഡ് ക്ലാസിലിരിക്കുമ്പോൾ ചെവിയത്രയും പോകുന്നത് ‘മുദ്രാവാക്യം വിളി’ ഓഫീസിൻ്റെ മുമ്പിൽ നിന്ന് മുഴങ്ങുന്നുണ്ടോ എന്ന ശ്രദ്ധയിലേക്കായിരിക്കും. എത്രയും വേഗം സമരക്കാർ വന്നെങ്കിൽ എന്നാണാശ.
ഒരു ദിവസം ആദ്യമായി, പൊരിഞ്ഞ അടി കണ്ടു. സ്കൂളിനകത്ത് വേലിയിലെ ഉലക്കപോലത്തെ ശീമക്കൊന്ന പത്തൽ വലിച്ചൂരിയെടുത്ത് ഒരാൾ ചുറ്റും വീശിയടിക്കുന്നു. ചിലർ ചിതറിയോടുന്നു. അവിടെയും ഇവിടെയും മൽപ്പിടുത്തം. ഇഷ്ടികയും കല്ലും പെറുക്കി ഇടിക്കാൻ വരുന്നവർ. അടിക്കുന്നവരെ പിറകിൽക്കൂടി വന്ന് ചുറ്റിപ്പിടിച്ചു ആക്രമിക്കുന്നവർ.
നേതാക്കന്മാർ തമ്മിൽ തർക്കങ്ങൾ, ഏറ്റുമുട്ടലുകൾ ഇതൊക്ക അന്ന് ഇടയ്ക്കിടെയുണ്ടാകും. എങ്കിലും അധ്യാപകരോട് നേർക്കുനേർ നിന്ന് സംസാരിക്കുന്ന അവർ ഞങ്ങളുടെ താരങ്ങളായിരുന്നു. ‘നരേന്ദ്രനെന്നൊരു വിദ്യാർത്ഥിയെ കരണത്തടിച്ചു ഹെഡ്മാസ്റ്റർ’ എന്ന മുദ്രാവാക്യം ഓർക്കുന്നു. അതോടെ ഹെഡ്മാസ്റ്ററിനെ മുറിയിൽ പൂട്ടിയിട്ടെന്നും വാർത്ത പരന്നു. ഒരിക്കൽ സമരം നടത്താൻ സമ്മതിക്കാത്തതിനാൽ, ബെല്ലടിക്കുന്ന, ദോശക്കല്ല് പോലത്തെ മണിയെടുത്ത് കൂട്ടുകാരൻ സുരേന്ദ്രൻ കിണറ്റിലെറിഞ്ഞു. പിന്നെ അവനായി സ്കൂളിൻ്റെ വീരപുരുഷൻ.
ഇലക്ഷൻ്റെ അന്ന് ക്ലാസ് ലീഡറെ തീരുമാനിക്കാൻ, രണ്ടിൽ ഒരാളുടെ പേരെഴുതി ബോക്സിൽ ഇടലായിരുന്നു ഈ ജനായത്ത പരിശീലനത്തിലെ മറ്റൊരിനം.
പിന്നീട് കോളേജിലെത്തിയപ്പോഴും ഭാഗ്യം പോലെ സമരത്തിന് ക്ഷാമം വന്നില്ല. സ്ക്കൂളിൽ കണ്ടതിനെക്കാളും മാരകമായിരുന്നു സെൻ്റ് പോൾസ് കോളേജിൻ്റെ ഗേറ്റിൽ ഒരു ദിവസം കണ്ട തമ്മിൽ തല്ല്. വസ്ത്രങ്ങൾ കീറി, ചോര പുരണ്ട്, വടിയും കട്ടകളുമായി അത്യുഗ്രൻ സംഘട്ടനം. ഡിഗ്രി പഠനകാലത്തും വിദ്യാർത്ഥി രാഷ്ട്രീയം അതിൻ്റെ സർവ്വവിധ ലക്ഷണങ്ങളോടെയും കാമ്പസിൽ തിളച്ചു മറിഞ്ഞു. അതിലും അടിയും ഇടിയും നടന്നിരുന്നെങ്കിലും നേരിൽ കണ്ടില്ല. എഴുപതുകളുടെ അവസാനത്തിൽ നിന്നും എൺപതുകളുടെ മധ്യമെത്തിയപ്പോൾ നിരന്തര സംഘട്ടനത്തിന് തെല്ലു ശമനം വന്നിരിക്കാം.
എങ്കിലും എത്രയെത്ര സംഘട്ടനങ്ങൾക്കും അറുകൊലകൾക്കും പിന്നിട്ട ദശകങ്ങൾ വാർത്തകളായി വന്നു. ജനായത്ത പരിശീലനത്തിൻ്റെ അനിവാര്യതയാണ് കലാലയത്തിൽ വടിവാളിൻ്റെയും കഠാരയുടെയും വെച്ചു പൂജ. ‘ഇടയ്ക്കു കണ്ണീരുപ്പു പുരട്ടാതെന്തിനു ജീവിത പലഹാരം’ എന്നു പറഞ്ഞപോലെ ജനായത്ത ദേവത പ്രസാദിക്കണമെങ്കിൽ യുവരക്തം കൊണ്ടു തർപ്പണം.
ജനായത്തമെന്നാൽ സംവാദവും സഹിഷ്ണുതയുമാണെന്ന ആദ്യപാഠം കാമ്പസുകൾക്കു നൽകാനായില്ലെങ്കിൽ, അതിൻ്റെ തിരിച്ചടിയാണ് വിദ്യാർത്ഥികൾക്ക് രാഷ്ട്രീയം വേണ്ടെന്ന് ന്യായപീഠങ്ങൾ വരെ എത്തിയ പിന്തിരിപ്പൻ വിധികൾ. അങ്ങനെ അരാഷ്ട്രീയ രാഷ്ട്രീയം പിന്നീടങ്ങോട്ട് 1990- കൾ മുതൽ കലാലയങ്ങളിൽ വേരോടാൻ തുടങ്ങി. അതോടെ അക്രമത്തിനിടയിലും നിലനിന്ന സാഹോദര്യവും സഹഭാവവും ധീരതയും ധൈഷണികതയും വിദ്യാർത്ഥിരാഷ്ട്രീയത്തിൽ നിന്നും ചോർന്നുപോകാൻ തുടങ്ങി. പകരം ഫാഷിസത്തിൻ്റെ ഭീരുത്വവും പകയും ആവേശിച്ചു. അരാഷ്ട്രീയ രാഷ്ട്രീയത്തിൻ്റെ ആയുധം അസഹിഷ്ണുതയും അക്രമവും അധികാരവും ആധിപത്യവുമാണ്. അത് അടിമുടി ജനായത്തവിരുദ്ധമത്രേ.
അരാഷ്ട്രീയ രാഷ്ട്രീയം ഏകാധിപത്യപരവും ആചാരങ്ങളാൽ സമൂഹത്തെ കബളിപ്പിക്കുന്നതുമാണ്. കാപട്യക്കാർ അവിടം അതിവേഗം താവളമാക്കുകയും നിഷ്ക്കളങ്കരിൽ കാപട്യം അനുശീലിപ്പിക്കുകയും ചെയ്യുന്നു. കപടഭക്തിയും അനുഷ്ഠാനങ്ങളും ചിഹ്നങ്ങളും വാചാടോപവും അതിൻ്റെ ലക്ഷണമത്രേ.
അരാഷ്ട്രീയ രാഷ്ട്രീയത്തിൻ്റെ പ്രത്യേകത, അത് ഒറ്റപ്പെട്ടവരെ വേട്ടയാടി രസിക്കുന്നു എന്നതാണ്. ന്യൂനപക്ഷ വേട്ടയുടെ മുഖവും ഇതു തന്നെ. എതിർശബ്ദങ്ങളെ, അതെത്ര ചെറുതായാലും അതിനെ ഹിംസാത്മകമായി തട്ടിക്കളിക്കുന്നതാണ് അരാഷ്ട്രീയ രാഷ്ട്രീയം.
പുരോഗമന സമൂഹം, അരാഷ്ട്രീയ രാഷ്ട്രീയത്തെ അതേ നാണയത്തിൽ അക്രമാത്മകമായി നേരിട്ട്, ഒടുവിൽ അതു തന്നെയായി മാറുന്ന ദുരന്തമാണ് കേരളം.
He who fights with monsters might take care lest he thereby become a monster. And if you gaze for long into an abyss, the abyss gazes also into you എന്ന് നീത്ഷേ പറഞ്ഞത് മറക്കരുത്.