ജാതിയെ കയ്യൊഴിയാത്ത നവോത്ഥാനന്തര കേരളം, ചില യാഥാർത്ഥ്യങ്ങൾ

നവോത്ഥാന മൂല്യങ്ങൾക്ക് തിരിച്ചടിയേൽക്കുകയും ജാതീയതയും അന്ധവിശ്വാസങ്ങളും തിരിച്ചെത്തുകയും ചെയ്യുന്നു കേരളത്തിൽ. കീഴാള സമൂഹങ്ങളുടെയും മറ്റ് അപര മനുഷ്യരുടെയും ജീവിതത്തിൽ എത്രമാത്രം മാറ്റം വന്നുവെന്ന് അന്വേഷിക്കേണ്ട സമയമാണിത് - കേരളപ്പിറവി ദിനത്തിൽ രാജേഷ് കെ. എരുമേലി എഴുതുന്നു.

കേരളം ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ടിട്ട് 2025 നവംബർ ഒന്നിന് അറുപത്തി ഒമ്പത് വർഷം പൂർത്തിയാക്കി എഴുപതിലേയ്ക്ക് കടക്കുകയാണ്. ഈ കാലയളവിനുള്ളിൽ എന്തൊക്കെ മാറ്റങ്ങളാണ് ഇവിടെ സംഭവിച്ചത്? ആധുനിക കേരളത്തെ നിർമ്മിക്കുന്നതിൽ നിർണായകമായിരുന്ന നവോത്ഥാന കാഴ്ചപ്പാടുകൾക്കും കൊളോണിയൽ വിരുദ്ധ ദേശീയ ബോധത്തിലൂടെ രൂപമെടുത്ത മുന്നേറ്റങ്ങൾക്കും പുരോഗമന ചിന്തകൾക്കും എന്ത് പ്രസക്തിയാണുള്ളത്? ഇത്തരം ആലോചനകളാണ് കേരളപ്പിറവി ദിനത്തിലുണ്ടാകേണ്ടത്. നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്നൊരു പ്രദേശത്തെ ഭാഷയിലൂടെ ഒരു ദേശമാക്കി മാറ്റുക എന്ന പ്രക്രിയയിൽ നടന്നത് പുതിയൊരു സാംസ്കാരിക ഇടത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യമായിരുന്നു. ഭാഷയിലൂടെ രൂപപ്പെട്ട സംസ്ഥാനമിന്ന് ശ്രേഷ്ഠഭാഷാ പദവിയും നേടിയെടുത്തു. വിമർശനങ്ങളും സംവാദങ്ങളും നിലനിൽക്കെ അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനവും നടന്നു. എന്നാൽ കേരളത്തിന്റെ യാത്ര അത്ര ശുഭകരമാണോ?

ആധുനിക കേരളത്തിന്റെ സൃഷ്ടിക്കായി പ്രവർത്തിച്ചവർ സ്വപ്നം കണ്ടത് വിശാലമായ ജനാധിപത്യവും മതനിരപേക്ഷതയും പുലരുന്ന ഇടത്തെയാണ്. നവോത്ഥാനന്തര കേരളം പൂർണമായും ജാതിയെ കൈയൊഴിഞ്ഞു എന്നു പറയാനാകില്ല. നോർത്തിന്ത്യൻ സംസ്ഥാനങ്ങളിലും തമിഴ്നാടിന്റെ ചില പ്രദേശങ്ങളിലും നിലനിൽക്കുന്ന ജാതി പഞ്ചായത്തുകളും അയിത്തവും കൂട്ടക്കൊലകളും ഇവിടെ കാണാനാകില്ലെങ്കിലും ജാതി അബോധത്തിലാണ് പ്രവർത്തിക്കുന്നത്. പ്രത്യക്ഷത്തിലല്ലാത്ത ജാതിയുടെ വേരുകൾ അറുത്തുമാറ്റാൻ എഴുപതു വർഷം പിന്നിടുമ്പോഴും നമുക്ക് സാധിച്ചിട്ടില്ല. നാരായണഗുരുവും അയ്യൻകാളിയും രൂപീകരിച്ച ജാതിവിരുദ്ധ പ്രസ്ഥാനങ്ങളുടെ സമകാലികത പരിശോധിച്ചാൽ ഈ പിറകോട്ട് പോക്ക് തിരിച്ചറിയാനാകും. ഒപ്പം ദുരഭിമാന കൊലകളും. ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തിൽ രൂപമെടുത്ത കേരളത്തിലെ കോൺഗ്രസ് മൃദുഹിന്ദുത്വത്തെ സ്വീകരിച്ച് മതേതര വഴിയിൽനിന്നും മാറി നടക്കുകയാണ്. ഇടതുപ്രസ്ഥാനങ്ങൾ സാമുദായിക സംഘടനകൾക്ക് കീഴടങ്ങി പല വിഷയങ്ങളിലും മൗനം പാലിക്കുകയാണ്.

 പ്രത്യക്ഷത്തിലല്ലാത്ത ജാതിയുടെ വേരുകൾ അറുത്തുമാറ്റാൻ എഴുപതു വർഷം പിന്നിടുമ്പോഴും നമുക്ക് സാധിച്ചിട്ടില്ല. നാരായണഗുരുവും അയ്യൻകാളിയും രൂപീകരിച്ച ജാതിവിരുദ്ധ പ്രസ്ഥാനങ്ങളുടെ സമകാലികത പരിശോധിച്ചാൽ ഈ പിറകോട്ട് പോക്ക് തിരിച്ചറിയാനാകും.
പ്രത്യക്ഷത്തിലല്ലാത്ത ജാതിയുടെ വേരുകൾ അറുത്തുമാറ്റാൻ എഴുപതു വർഷം പിന്നിടുമ്പോഴും നമുക്ക് സാധിച്ചിട്ടില്ല. നാരായണഗുരുവും അയ്യൻകാളിയും രൂപീകരിച്ച ജാതിവിരുദ്ധ പ്രസ്ഥാനങ്ങളുടെ സമകാലികത പരിശോധിച്ചാൽ ഈ പിറകോട്ട് പോക്ക് തിരിച്ചറിയാനാകും.

അമ്പത്തിയേഴിലെ ആദ്യ മന്ത്രിസഭ മുന്നോട്ടുവെച്ച പരിഷ്കരണങ്ങൾ തുടരുന്നതിന് പിന്നീടു വന്ന ഇടതു സർക്കാരുകൾക്ക് സാധിച്ചില്ല. ആദ്യ സർക്കാരിന്റെ പരിഷ്കാരങ്ങളിൽ പ്രധാനമായിരുന്ന വിദ്യാഭ്യാസം, ഭൂമി വിഷയങ്ങളിൽ വിട്ടുവീഴ്ചകൾക്ക് തയാറാകുന്ന കാഴ്ചയാണ് കാണാനായത്. സർക്കാരിന്റെ ഭാഗമാക്കി നിർത്തേണ്ട വിദ്യാഭ്യാസ മേഖലയെ സ്വകാര്യ മുതലാളിമാർക്ക് വിൽക്കുന്നതാണ് തുടർന്ന് വന്ന എല്ലാ സർക്കാരുകളും സ്വീകരിച്ച സമീപനം. ഭൂപരിഷ്കരണത്തിലൂടെ ജന്മിത്വം അവസാനിപ്പിച്ചെങ്കിലും പാട്ടക്കാലാവധി കഴിഞ്ഞ തോട്ടം മേഖല ഏറ്റെടുത്ത് ഭൂമി ഇല്ലാത്തവർക്ക് വിതരണം ചെയ്യുന്ന പ്രവർത്തനങ്ങളൊന്നുമുണ്ടായില്ല. കേരളത്തിലെ ഭൂരിഭാഗം ആദിവാസികളും ദലിതരും നാലു സെന്റിലും അഞ്ച് സെന്റിലും കിടക്കേണ്ട അവസ്ഥയാണ് ഇപ്പോഴുമുള്ളത്.

ആധുനിക കേരളത്തെ നിർമ്മിച്ചെടുക്കുന്നതിൽ വ്യത്യസ്ത ഇടങ്ങളിൽനിന്നുമുള്ള ഇടപെടലുകൾ ഉണ്ടായിട്ടുണ്ട്. കേരളമെന്ന അതിർത്തിയെ സംബന്ധിച്ച് നിരവധി വാദങ്ങൾ ചരിത്രകാരർക്കിടയിൽ നിലനിൽക്കുന്നുണ്ട്. സംഘകാല കേരളം, ചേരചോള യുദ്ധം, ബ്രാഹ്മണവത്കരണം, ബുദ്ധ-ജൈന വിഹാരങ്ങളുടെ തകർച്ച, അടിമത്തം ഇത്തരത്തിലുള്ള വിഷയങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ മുന്നോട്ട് വെക്കുന്ന കേരള ചരിത്ര ഗ്രന്ഥങ്ങളുണ്ട്. പരശുരാമൻ മഴു എറിഞ്ഞാണ് കേരളമുണ്ടായതെന്ന് വിശ്വസിക്കുന്നവരും ഇത് പ്രചരിപ്പിക്കുന്നവരും പുതിയ കാലത്തുമുണ്ട്. ഇത്തരം മിത്തുകളെ ചരിത്രമായി വ്യാഖ്യാനിക്കാൻ / സ്ഥാപിക്കാൻ ശ്രമിക്കുന്ന ചരിത്രകാരാൽ നിയന്ത്രിക്കപ്പെടുന്ന ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നത്. കെട്ടുകഥകളെയും അന്ധവിശ്വാസങ്ങളെയും ചരിത്രമായി വ്യാഖ്യാനിക്കാനാണ് ഇവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ചരിത്രവസ്തുതകളെ തമസ്കരിച്ചും തിരുത്തിയും തങ്ങൾക്കനുകൂലമായി 'നവചരിത്രം' എഴുതിക്കൊണ്ടിരിക്കുകയാണിവർ. കേരളത്തെ സംബന്ധിച്ച് വിചിത്രമായ വാദങ്ങൾ ഉയർത്തിക്കൊണ്ടാണ് ആധിപത്യ സമൂഹങ്ങൾ അവരുടെ പാരമ്പര്യത്തിന്റെ മഹിമ ഉയർത്തിക്കാട്ടുന്നത്. കേരള ചരിത്രത്തെക്കുറിച്ച് ഇതുവരെ പലരും മുന്നോട്ടുവെച്ച വാദഗതികൾ ഇന്ന് ചോദ്യം ചെയ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. നുണകളാൽ കെട്ടിയുയർത്തപ്പെട്ടതാണ് ഇവയെല്ലാം എന്ന് തിരിച്ചറിയുന്ന സവിശേഷ സന്ദർഭം കൂടിയാണിത്.

കേരളത്തിൽ നിലനിന്ന ജാതിവ്യവസ്ഥയെക്കുറിച്ചും അടിമത്തത്തെക്കുറിച്ചും അക്കാദമികവും അനക്കാദമികവുമായ ചരിത്രകാരർ കാര്യമായി അവരുടെ പുസ്തകങ്ങളിലൊന്നും രേഖപ്പെടുത്തിയിട്ടില്ല. അടിമത്തത്തെക്കുറിച്ച് പറയുമ്പോൾ ജാതിവ്യവസ്ഥയെക്കുറിച്ചും പറയേണ്ടി വരും എന്നതിനാൽ ബോധപൂർവ്വം ഒഴിവാക്കപ്പെട്ടതാകാമെന്ന വിമർശനം അടുത്തകാലത്താണ് ഉയർന്നു വന്നത്. തൊണ്ണൂറുകളിൽ പൊയ്കയിൽ അപ്പച്ചൻെറ (കുമാരഗുരു) പാട്ടുകൾ മുഖ്യധാരയിലേയ്ക്ക് പ്രവേശിച്ചതോടെയാണ് അടിമത്തം എന്ന ഭീകര വ്യവസ്ഥ ഇവിടെ നിലനിന്നിരുന്നു എന്ന് ചരിത്രകാരർ പോലും തിരിച്ചറിയുന്നത്. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ടാണ് നവോത്ഥാനവും വിമോചന ചിന്താധാരകളും ഉയർന്നു വന്നത് എന്നതിനാൽ അതിന്റെ വേരുകൾ തിരയേണ്ടതുണ്ട്. ഇത്തരം അന്വേഷണത്തിന്റെ തുടർച്ചയിൽ മാത്രമെ ഐക്യകേരളം എന്ന് അനുഭവത്തെ വായിച്ചെടുക്കാൻ കഴിയൂ.

അമ്പത്തിയേഴിലെ ആദ്യ മന്ത്രിസഭ മുന്നോട്ടുവെച്ച പരിഷ്കരണങ്ങൾ തുടരുന്നതിന് പിന്നീടു വന്ന ഇടതു സർക്കാരുകൾക്ക് സാധിച്ചില്ല. ആദ്യ സർക്കാരിൻറെ പരിഷ്കാരങ്ങളിൽ പ്രധാനമായിരുന്ന വിദ്യാഭ്യാസം, ഭൂമി വിഷയങ്ങളിൽ വിട്ടുവീഴ്ചകൾക്ക് തയാറാകുന്ന കാഴ്ചയാണ് കാണാനായത്.
അമ്പത്തിയേഴിലെ ആദ്യ മന്ത്രിസഭ മുന്നോട്ടുവെച്ച പരിഷ്കരണങ്ങൾ തുടരുന്നതിന് പിന്നീടു വന്ന ഇടതു സർക്കാരുകൾക്ക് സാധിച്ചില്ല. ആദ്യ സർക്കാരിൻറെ പരിഷ്കാരങ്ങളിൽ പ്രധാനമായിരുന്ന വിദ്യാഭ്യാസം, ഭൂമി വിഷയങ്ങളിൽ വിട്ടുവീഴ്ചകൾക്ക് തയാറാകുന്ന കാഴ്ചയാണ് കാണാനായത്.

അധീശത്വ പ്രത്യയശാസ്ത്രം രൂപപ്പെടുത്തിയ ജാത്യാധിപത്യത്തെ ചോദ്യം ചെയ്തുകൊണ്ടാണ് നവോത്ഥാനത്തിന്റെ ആശയം ഉയർന്നു വരുന്നത്. കൊളോണിയൽ ആധുനികത ഉയർത്തിപ്പിടിച്ച സ്വാതന്ത്ര്യബോധവും വൈകുണ്ഡസ്വാമിയും നാരായണഗുരുവും അയ്യൻകാളിയും പൊയ്കയിൽ അപ്പച്ചനും അടക്കം മുന്നോട്ടുവെച്ച ജാതിവിരുദ്ധ കാഴ്ചപ്പാടുകളും കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തെ ഇളക്കി മറിച്ചു. ഈ ഊർജത്തിൽ നിന്നാണ് മറ്റ് പുരോഗമനപ്രസ്ഥാനങ്ങളെല്ലാം രൂപം പ്രാപിക്കുന്നത്. ഐക്യകേരളം എന്ന ആശയവും ഇതിൽനിന്നും രൂപപ്പെടുന്നതാണ്. ചരിത്രത്തിലാദ്യമായി ബാലറ്റിലൂടെ കമ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ അധികാരലെത്തി. തുടർന്ന് വിമോചനസമരവും ആദ്യ സർക്കാരിനെ പിരിച്ചു വിട്ടതും അടിയന്തരാവസ്ഥയും നിരവധിയായ സംഭവങ്ങളിലൂടെയാണ് കേരളം കടന്നുപോയത്/പോകുന്നത്.

വിമോചന സമരത്തിൻറെയും അടിയന്തരാവസ്ഥയുടെയും കാലം കഴിഞ്ഞ് തൊണ്ണൂറുകളിൽ എത്തുമ്പോൾ ആഗോളീകരണത്തിലേയ്ക്ക് കേരളീയ സമൂഹം പെട്ടന്ന് മാറുകയായിരുന്നു. ഈ മാറ്റം ഉപഭോഗ സംസ്കാരത്തിൻറെ ധാരാളിത്തത്തിലേക്ക് ജനതയെ തള്ളിയിട്ടു. സമകാലിക കേരളം ഇതിൻറെ പ്രതിസന്ധികൾ അഭിമുഖീകരിക്കുകയാണ്. മാത്രമല്ല നവോത്ഥാന മൂല്യങ്ങൾക്ക് തിരിച്ചടിയേൽക്കുകയും ജാതീയതയും അന്ധവിശ്വാസങ്ങളും തിരിച്ചെത്തുകയും ചെയ്യുന്നു. കീഴാള സമൂഹങ്ങളുടെയും മറ്റ് അപര മനുഷ്യരുടെയും ജീവിതത്തിൽ എത്രമാത്രം മാറ്റം വന്നുവെന്ന് അന്വേഷിക്കേണ്ട സമയമാണിത്. ഇതുവരെ ഉയർത്തപ്പെട്ട എല്ലാ വാദങ്ങളും പുനർവിചാരണയ്ക്ക് വിധേയമാകുന്ന ഘട്ടമാണിത്.


Summary: Renaissance values facing a setback, casteism and superstitions are returning in Kerala. Rajesh K Erumeli writes on Kerala Piravi day.


രാജേഷ് കെ. എരുമേലി

പത്രപ്രവര്‍ത്തകന്‍, ഗവേഷകന്‍, അധ്യാപകന്‍. ഇന്‍ഫര്‍മേഷന്‍ ആന്‍റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, മാധ്യമം, ജനയുഗം, നവമലയാളി എന്നിവിടങ്ങളില്‍ ജോലി ചെയ്തു.

Comments