കോഴിക്കോട് പുല്ലൂരാംപാറ സ്വദേശികളായ ബിജു സെബാസ്റ്റ്യനും ജോയിയും ഉപജീവനത്തിനായി തുടങ്ങിയ കോഴി വളര്‍ത്തല്‍ ഷെഡിനെ റവന്യൂ വകുപ്പ് കണക്കാക്കിയത് ആഡംബര കെട്ടിടമായാണ്. മണ്ണുകൊണ്ടുള്ള നിലത്ത്, നാലുഭാഗവും വല കെട്ടി, ഷീറ്റുകൊണ്ട് മേല്‍ക്കൂര പണിത കോഴി വളര്‍ത്തല്‍ ഷെഡുള്‍ക്ക് 1975 ലെ കേരള കെട്ടിട നികുതി നിയമ പ്രകാരം നികുതിയായി ചുമത്തിയത് ഒരു ലക്ഷത്തി നാല്‍പ്പതിനായിരം രൂപ. ഇത്രയും ഭീമമായ തുക ചുമത്തിയത് ചോദ്യം ചെയ്ത് പണമടക്കാന്‍ വിസമ്മതിച്ചതോടെ പിഴയടക്കം ചുമത്തി ജപ്തിനോട്ടീസ് നല്‍കിയിരിക്കുകയാണ് റവന്യൂ വകുപ്പ്. ജപ്തി നോട്ടീസിനെതിരെ കര്‍ഷക സംഘടനയായ കിഫയുടെ നേതൃത്വത്തില്‍ ഇവര്‍ ഹൈകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ വന്‍ നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് കിട്ടിയ നിരവധി കോഴി കര്‍ഷകർ താമരശ്ശേരി താലൂക്കിൽത്തന്നെയുണ്ട്. കേരളം സംരഭക വർഷം ആഘോഷിക്കുന്ന വേളയിലാണ് കേരളത്തിലെ കോഴി കർഷകർക്ക് ഇത്തരമൊരു അനുഭവം നേരിടേണ്ടിവരുന്നത്.