‘ഞങ്ങളുടെ ജീവിതം നശിപ്പിച്ച ദിവ്യയെ അറസ്റ്റ് ചെയ്‌തേ പറ്റൂ’- നവീൻ ബാബുവിന്റെ പങ്കാളി മഞ്ജുഷ

പൊലീസിന് ദിവ്യയെ അറസ്റ്റ് ചെയ്യാമായിരുന്നുവെന്നും ഇതുവരെ അത് ചെയ്തില്ലെന്നും ഉടൻ അറസ്റ്റ് ചെയ്യണമെന്നും മഞ്ജുഷ ആവശ്യപ്പെട്ടു. യാത്രയയപ്പ് യോഗത്തിൽ ദിവ്യ സംസാരിച്ചുതുടങ്ങിയപ്പോൾ തന്നെ കലക്ടർക്ക് ഇടപെടാമായിരുന്നുവെന്നും വലിയ മാനസിക വിഷമമുണ്ടെന്ന് അവസാനമായി സംസാരിച്ചപ്പോൾ നവീൻ പറഞ്ഞിരുന്നുവെന്നും മഞ്ജുഷ പറഞ്ഞു.

News Desk

ണ്ണൂർ അഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് (ADM) നവീൻ ബാബുവിന്റെ മരണത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്ക് മുൻകൂർ ജാമ്യം നിഷേധിച്ച വിധിയിൽ നിർണായക ഘടകങ്ങളിലൊന്ന്, നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ശക്തമായ ഇടപെടൽ. 'മുൻകൂർ ജാമ്യം തള്ളി' എന്ന ഒറ്റവാക്കിലാണ് ജസ്റ്റിസ് കെ.ടി. നിസാർ, കേരളം മുഴുവൻ ഉറ്റുനോക്കിയ കേസിൽ വിധി പറഞ്ഞത്.

പി.പി ദിവ്യ
പി.പി ദിവ്യ

‘‘ഞങ്ങളുടെ ജീവിതം നശിപ്പിച്ച ദിവ്യയെ അറസ്റ്റ് ചെയ്‌തേ പറ്റൂ’’ എന്നായിരുന്നു വിധി വന്നശേഷം, നവീൻബാബുവിന്റെ പങ്കാളി മഞ്ജുഷയുടെ ആദ്യ പ്രതികരണം. ഇതുവരെയുള്ള പൊലീസ് നടപടിയെയും നവീൻ ബാബുവിന്റെ കുടുംബം നിശിതമായി വിമർശിച്ചു. പൊലീസിന് ദിവ്യയെ അറസ്റ്റ് ചെയ്യാമായിരുന്നുവെന്നും ഇതുവരെ അത് ചെയ്തില്ലെന്നും ഉടൻ അറസ്റ്റ് ചെയ്യണമെന്നും മഞ്ജുഷ ആവശ്യപ്പെട്ടു. യാത്രയയപ്പ് യോഗത്തിൽ ദിവ്യ സംസാരിച്ചുതുടങ്ങിയപ്പോൾ തന്നെ കലക്ടർക്ക് ഇടപെടാമായിരുന്നുവെന്നും വലിയ മാനസിക വിഷമമുണ്ടെന്ന് അവസാനമായി സംസാരിച്ചപ്പോൾ നവീൻ പറഞ്ഞിരുന്നുവെന്നും മഞ്ജുഷ പറഞ്ഞു. സംഭവത്തിനാധാരമായ ഫയലിൽ ടൗൺ പ്ലാനിങ് റിപ്പോർട്ട് വരാൻ താമസിച്ചു. അല്ലാതെ നവീൻ ബാബു ഫയൽ താമസിപ്പിച്ചതല്ല. അദ്ദേഹം ഏതുതരത്തലുള്ള ഉദ്യോഗസ്ഥനാണെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നും മഞ്ജുഷ പറഞ്ഞു.
പോസ്റ്റുമോർട്ടവും ഇൻക്വസ്റ്റ് നടപടികളും ബന്ധുക്കളുടെ സാന്നിധ്യത്തിലല്ല നടന്നതെന്നും ഇതിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണമെന്നും നിയമപോരാട്ടം തുടരുമെന്നും നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു പറഞ്ഞു: ‘‘രാഷ്ട്രീയ ഇടപെടലുകളെ ഭയമില്ല. ദിവ്യയെ തുടക്കത്തില്‍ തന്നെ അറസ്റ്റു ചെയ്യാന്‍ ഒരു വിലക്കുമുണ്ടായിരുന്നില്ല. അതാണ് ഇപ്പോഴും പൊലീസ് ചെയ്യേണ്ടത്. ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തകനല്ല. പാര്‍ട്ടി നേതൃത്വത്തോട് ഒന്നും ആവശ്യപ്പെടാനുമില്ല. നിയമപരമായ ദിവ്യയെ അറസ്റ്റു ചെയ്ത് കൃത്യമായ അന്വേഷണം നടത്തുക'', അദ്ദേഹം പറയുന്നു.

മുൻകൂർ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ ദിവ്യ ഉടൻ മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങുമെന്നാണ് സൂചന. ഇനി ദിവ്യയെ അറസ്റ്റു ചെയ്യാൻ പൊലീസിന് തടസങ്ങളൊന്നുമില്ല. മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങുകയുമാകാം. അതോടൊപ്പം, ദിവ്യയ്ക്ക് ഹൈക്കോടതിയിൽ ജാമ്യഹർജി നൽകാം. അതിൽ വിധി വരുന്നതുവരെ അറസ്റ്റ് ചെയ്യരുത് എന്ന അപേക്ഷയും നൽകാം.

ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിതിനുതൊട്ടുപുറകേയാണ് മുൻകൂർ ജാമ്യം തേടി ദിവ്യ കോടതിയെ സമീപിച്ചത്. കേസിൽ പ്രതിയായ ദിവ്യ 13 ദിവസമായി ഇരിണാവിലെ വീട്ടിൽനിന്ന് മാറിക്കഴിയുകയായിരുന്നു. ഇന്നലെ അവർ അമിത രക്തസമ്മർദത്തെതുടർന്ന് ചികിത്സ തേടിയിരുന്നു.

എ.ഡി.എം നവീൻ ബാബുവിന്റെ പങ്കാളി മഞ്ജുഷ മാധ്യമങ്ങളെ കാണുന്നു.
എ.ഡി.എം നവീൻ ബാബുവിന്റെ പങ്കാളി മഞ്ജുഷ മാധ്യമങ്ങളെ കാണുന്നു.

നവീൻബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ ദിവ്യ നടത്തിയ പ്രസംഗം ആസൂത്രിത ഗൂഢാലോചനയായിരുന്നുവെന്നാണ്, മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കേസിൽ പ്രോസിക്യൂഷൻ വാദിച്ചത്. നവീൻബാബുവിനെതിരായ ഗൂഢാലോചനയുടെ പേരിൽ ദിവ്യ മനഃപൂർവം യാത്രയയപ്പ് യോഗത്തിനെത്തി വ്യക്തിഹത്യ നടത്തിയെന്നും ഇതാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.

ജില്ലാ പഞ്ചായത്തിന്റെ ചുമതലയിൽ വരാത്ത കാര്യങ്ങളിൽ ഇടപെട്ട് എ.ഡി.എമ്മിനെതിരെ ഭീഷണിസ്വരത്തിലാണ് ദിവ്യ സംസാരിച്ചതെന്ന് നവീൻബാബുവിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ദിവ്യയുടെ പ്രസംഗം സദുദ്ദേശ്യപരമാണ് എന്നായിരുന്നു അവരുടെ അഭിഭാഷകന്റെ വാദം.

നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യൂ ജോയിന്റ് കമീഷണർ എ. ഗീതയുടെ റിപ്പോർട്ടിലും നവീൻ ബാബു കൈക്കൂലി വാങ്ങിയതിനും അപേക്ഷ വച്ച് താമസിപ്പിച്ചതിനും തെളിവില്ല എന്നാണുള്ളത്. ഇതും ദിവ്യയുടെ നില പരുങ്ങലിലാക്കിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷയുടെ മറവിൽ പൊലീസ് ദിവ്യയെ സംരക്ഷിക്കുന്നുവെന്ന് ആരോപണമുണ്ടായിരുന്നു.

Comments