വിദ്യാർത്ഥി രാഷ്ട്രീയം തോറ്റ
ജനാധിപത്യ പരീക്ഷകൾ

കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തെക്കുറിച്ചു മാത്രമല്ല, നമ്മുടെ രാഷ്ട്രീയസമൂഹത്തെക്കുറിച്ചും അതിന്റെ അധികാര ഘടനയെക്കുറിച്ചും അടിയന്തരവും ഗൗരവവുമായ സംവാദങ്ങൾ ഉയർത്തുന്നതാണ് സിദ്ധാർത്ഥന്റെ കൊലപാതകം എന്ന് പ്രമോദ് പുഴങ്കര.

രാഷ്ട്രീയാധികാരം അതിന്റെ നിയന്ത്രണശേഷിയും അടിച്ചമർത്തൽ സാധ്യതകളും ഒരു സമൂഹത്തിനെ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കും. അത് കേവലമായ മുന്നറിയിപ്പുകളിലൂടെയോ അതിന്റെ നടപ്പാക്കലുകളിലൂടെയോ മാത്രമല്ല, അത്തരം നടപ്പാക്കലുകളുടെ ഹിംസാത്മകമായ പ്രദർശനത്തിലൂടെയുമാണ്. അത്തരം പ്രദർശനങ്ങളില്ലാതെയും ഭരണകൂടത്തിനും രാഷ്ട്രീയ, സാമൂഹ്യാധികാരത്തിനും അതിന്റെ നാനാവിധ നിയന്ത്രണങ്ങൾ ഉറപ്പാക്കാൻ കഴിയും.

എന്നാൽ വിട്ടുവീഴ്ചയില്ലാത്ത ശാഠ്യത്തോടെ ഹിംസയുടെ പ്രകടനാത്മകത അരങ്ങേറ്റുന്നത്, ഭയം നട്ടെല്ലിലൂടെ നിരന്തരമായി ഓർമപ്പെടുത്തുന്ന ഒരു മരവിപ്പായി ജനങ്ങൾക്ക് അനുഭവപ്പെടാനാണ്. ഉണങ്ങാൻ അനുവദിക്കാതെ അടിച്ചുണ്ടാക്കിയ ഒരു വ്രണത്തിൽ തോട്ടിയുടെ കൊളുത്ത് തൊടുമ്പോൾ കാട്ടിലെ മഹാമൃഗത്തിന്റെ സർവ്വനാഡികളും വേദനയുടെ നരകസ്മൃതികളിലൂടെ നിമിഷാർദ്ധത്തിൽ യാത്ര ചെയ്ത് അനുസരണയോടെ ചൂളുന്നത്, അനുഭവിച്ച ഹിംസാധികാരത്തിന്റെ ഓർമപ്പെടുത്തലിലാണ്. സമഗ്രാധിപത്യ ഭരണകൂടങ്ങളും അതിന്റെ രാഷ്ട്രീയ, സാമൂഹ്യാധികാര സംവിധാനങ്ങളും ഇതുപോലെ തങ്ങളുടെ ഹിംസാത്മകമായ നിയന്ത്രണാധികാരത്തെക്കുറിച്ച് സമൂഹത്തെ ഇടയ്ക്കിടയ്ക്ക് ഓർമിപ്പിച്ചുകൊണ്ടിരിക്കും. അദൃശ്യമായ തടങ്കൽപ്പാളയത്തിലെ കർക്കശമായ ചട്ടങ്ങൾ ആരും എഴുതിവെക്കാതെയും പറയാതെയും അനുസരിക്കുന്ന മുഖമില്ലാത്ത അന്തേവാസികളായി മഹാഭൂരിപക്ഷം ജനങ്ങളും മാറും. സ്വാതന്ത്ര്യം എന്നത് അനുവദിക്കപ്പെട്ട വിഷയങ്ങളിൽ അനുവദിക്കപ്പെട്ട ഇടങ്ങളിൽ നടത്തുന്ന വെറും കോലാഹലങ്ങളായി മാറും. കാണാനാവാത്തൊരു തോട്ടിക്കൊളുത്ത് നിങ്ങളുടെ ഭയത്തിന്റെ വ്രണത്തിൽ ഇടയ്ക്കിടെ തൊട്ടുകൊണ്ടിരിക്കും. ഒരു വിധേയസമൂഹം അതിന്റെ തണുത്ത ജീവിതത്തിന്റെ ദിനരാത്രങ്ങളിലൂടെ മുട്ടിലിരുന്ന് കടന്നുപോകും.

പൂക്കോട് വെറ്റിനറി കോളേജില്‍ നിന്നും

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥനെ പരസ്യ വിചാരണയും ഭീകര ഭേദ്യവും നടത്തി ആത്മഹത്യയിലേക്ക് തള്ളിവിടുകയോ അല്ലെങ്കിൽ കൊലപ്പെടുത്തുകയോ ചെയ്ത എസ് എഫ്‌ ഐയുടെ നേതാക്കളടങ്ങുന്ന സംഘം ചെയ്തത് ഈ ഹിംസയുടെ ഓർമപ്പെടുത്തലാണ്. ദുരധികാരത്തിന്റെയും ഭരണകൂടത്തിന്റെയും മറ്റൊരു പ്രദർശനമാണ്. അതുകൊണ്ടാണ് മറ്റ് കലാലയ സംഘർഷങ്ങളിൽ നിന്ന് അത് വ്യത്യസ്തമാകുന്നതും.

കോളേജിലെ എസ് എഫ് ഐയുടെ സംഘടനാ, കോളേജ് യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്ന ഈ 'കൊലപാതകം’ (ആ മരണം മറ്റെല്ലാ അർത്ഥത്തിലും ‘ദുരധികാരക്കൊലയാണ്’ എന്നതിൽ സംശയമില്ല) ഇന്ത്യയിൽ ആകെ നിലനിൽക്കുന്ന ഫാഷിസ്റ്റ് സമഗ്രാധിപത്യ വാഴ്ചയുടെ രാഷ്ട്രീയ, സാമൂഹ്യാധികാര പ്രയോഗത്തിന്റെ സ്വഭാവമുള്ളതാണ്. അതാകട്ടെ ചരിത്രത്തിൽ എല്ലാ സമഗ്രാധിപത്യ ഭരണകൂടങ്ങളും സമൃദ്ധമായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. നേരിട്ടുള്ള ഭരണകൂടാധികാര പ്രയോഗമെന്ന നിലയ്ക്കല്ലാതെത്തന്നെ ജനങ്ങളെ, സമൂഹത്തെ നിയന്ത്രിക്കുന്നതിനും തങ്ങൾക്ക് അവർക്ക് മുകളിലുള്ള അധികാരത്തെക്കുറിച്ച് നിരന്തരം ഓർമിപ്പിക്കുന്നതിനും ഭരണകൂടത്തിന്റെ വ്യവസ്ഥാപിത മർദ്ദനോപാധികളിലൂടെയല്ലാത്ത പല മാര്‍ഗങ്ങളും ഒരു അധികാരവ്യവസ്ഥയ്ക്കുണ്ട്. തങ്ങളുടെ പ്രത്യയശാസ്ത്ര പദ്ധതിയെ പിൻപറ്റുന്ന, അല്ലെങ്കിൽ തങ്ങളുടെ രാഷ്ട്രീയാധികാരത്തെ പൂർണ്ണമായി അംഗീകരിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന പൗരസംഘങ്ങൾ നടത്തുന്ന ആക്രമണങ്ങളും സാമൂഹ്യാധികാര പ്രയോഗങ്ങളും ഹിംസയുടെ പരസ്യപ്രദർശനവും ഇതിന്റെ ഭാഗമാണ്.

ഹിംസാധികാരത്തിന്റെ സൂക്ഷ്മകോശപ്രകടനങ്ങൾ സമഗ്രാധിപത്യത്തിന്റെ സ്വഭാവമാർജ്ജിച്ച ഏത് സംഘടിത രാഷ്ട്രീയ രൂപത്തിനും സാധ്യമാണ്.

അത്തരം ആക്രമണങ്ങളും പീഡനങ്ങളും മർദ്ദനങ്ങളുമൊന്നും ഭരണകൂടം അല്ലെങ്കിൽ രാഷ്ട്രീയാധികാര സംവിധാനം നേരിട്ടിടപെട്ട് നടത്തിക്കുന്നതാകണമെന്നില്ല. അതിന്റെ നടത്തിപ്പുമായി ഒരു ആലോചനയുടെയോ ഗൂഢാലോചനയുടെയോ പശ്ചാത്തലമോ അവയ്ക്കുണ്ടാകണമെന്നില്ല. എന്നാൽ ഈ രാഷ്ട്രീയാധികാരത്തിന്റെ പിതൃബിംബവുമായി അഭേദ്യമായ വിധത്തിൽ അതിന്റെ ഹിംസാധികാരം ചേർന്നുനിൽക്കും. സമൂഹത്തിന്റെ പല മട്ടിലുള്ള അടരുകളിലെല്ലാം പ്രയോഗശക്തിയിൽ മാത്രം വ്യത്യസ്തതയുള്ള സമാന ഗുണവിശേഷങ്ങളുള്ള ഹിംസാധികാരമായി പ്രയോഗിക്കപ്പെടുന്നു. അതിന്റെ നടത്തിപ്പുകാർ മുഖമില്ലാത്തവരായി മാറുന്നു, അഥവാ അവർക്കെല്ലാം സമഗ്രാധിപത്യത്തിന്റെ ഒരേ ദുരധികാര മുഖം മാത്രമാകുന്നു.

ഹിന്ദുത്വ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയാധികാരം ഇന്ത്യയിൽ സമഗ്രമായ ആധിപത്യം നേടിക്കൊണ്ടിരിക്കുമ്പോൾ അതിന്റെ ഒഴിവാക്കാനാകാത്ത ഒരു ഘടകമാണ് രാഷ്ട്രീയ സാധൂകരണമുള്ള ഹിംസ. ഇത് ഭരണകൂടത്തിന്റെ പ്രത്യക്ഷത്തിലുള്ള അംഗോപാംഗങ്ങളെ ഉപയോഗിച്ചു മാത്രമല്ല അവർ ചെയ്യുന്നത്, സാമൂഹ്യാധികാരത്തിന്റെ പല വഴികൾ ഉപയോഗിച്ചുകൊണ്ടുകൂടിയാണ്. ‘ആൾക്കൂട്ട ആക്രമണങ്ങൾ’ എന്ന പേരിൽ നമ്മൾ പൊതുവേ വിളിക്കുന്ന പലതും ഇത്തരത്തിലുള്ളതാണ്.

പൂക്കോട് വെറ്ററിനറി കോളേജിൽ മർദ്ദനത്തെതുടർന്ന് മരിച്ച സിദ്ധാർഥൻ.

അതായത്, വാസ്തവത്തിൽ അവ ആൾക്കൂട്ട ആക്രമണങ്ങളല്ല. അവയുടെ യഥാർത്ഥ സ്വഭാവം എന്നത് രാഷ്ട്രീയമാണ്. അത്തരത്തിലുള്ള എല്ലാ ആക്രമണങ്ങൾക്കും പരസ്പരബന്ധിതമായ ഒരു രാഷ്ട്രീയ സ്വഭാവമുണ്ടായിരിക്കും. പശു സംരക്ഷണ സേനകളും, ജയ് ശ്രീരാം സംഘങ്ങളും, സദാചാര മേൽനോട്ട സംഘങ്ങളുമെല്ലാം ഇത്തരത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രച്ചരടിൽ പരസ്പരം കെട്ടിയവരാണ്. അവയുടെ നേതൃത്വത്തിൽ സംഘ്പരിവാറിന്റെയോ ബി ജെ പിയുടെയോ ഒന്നും നേതൃത്വത്തിലെ ആരുംതന്നെ ഉണ്ടായില്ല എന്നുവന്നാൽത്തന്നെയും അതിന്റെ നിയന്ത്രണവും നടത്തിപ്പും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അധികാരശരീരത്തെ പുഷ്ടിപ്പെടുത്തുന്നതായിരിക്കും. ഇത്തരത്തിൽ രാഷ്ട്രീയാധികാരത്തിന്റെയും അതിന്റെ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും വ്യാപനം സമൂർത്തമായി പ്രബലമായ ഇന്ത്യയിൽ നിരവധിയായ ഇത്തരം രാഷ്ട്രീയാക്രമണങ്ങൾ ‘ആൾക്കൂട്ട ആക്രമണങ്ങൾ’ എന്ന പേരിൽ പലപ്പോഴും രക്ഷപ്പെട്ടുപോവുകയാണ്. അതിന്റേത് ആൾക്കൂട്ടത്തിന്റെ സ്വഭാവമല്ല. അത് പൊടുന്നനെയുണ്ടാകുന്ന ഒരു ആക്രമണത്തിന് ശേഷം ചിതറിപ്പോകുന്ന ജനക്കൂട്ടമല്ല. ആക്രമണത്തിന് മുമ്പും ശേഷവും അതിനൊരു സുഘടിത സ്വഭാവമുണ്ട്. അതിലെ മനുഷ്യരെ ഏറ്റവും അപ്രതീക്ഷിതമായ രീതിയിൽ അപരിചിതരാവുന്ന വിദൂരസാധ്യതയിൽപ്പോലും കൂട്ടിയിണക്കുന്ന അധികാരബന്ധങ്ങളും ഘടനയും ആക്രമണത്തിനെ സാധൂകരിക്കുന്ന അവരുടേതായ ധാർമികതയുമുണ്ട്. അതുകൊണ്ടുതന്നെ അതൊരു ആൾക്കൂട്ടമല്ലാതാവുന്നു. അതിന് ഉത്പത്തിയും വർത്തമാനവും ഭാവിയുമുണ്ടാകുന്നു. അതിലുള്ള മനുഷ്യർ മാറിപ്പോയാലും പുതിയ ആളുകളെ ഉൾക്കൊള്ളാവുന്ന വിധത്തിൽ, സ്ഥലസമയസീമകളെ ഉല്ലംഘിക്കുന്ന ഒരു അർബുദമായി അതിനെവിടെയും പടരാൻ കഴിയുന്നു. അതിന്റെ പിതൃസ്വരൂപമായ അധികാരത്തിനോ രാഷ്ട്രീയ സംഘടനാ രൂപത്തിനോ ഉള്ള പരിമിതികൾപോലുമില്ലാത്ത, പൊടുന്നനെ മൂർത്തരൂപമാർജ്ജിക്കാനാകുന്ന ഹിംസയുടെ സർവ്വവ്യാപിയായ സാന്നിധ്യമായി അത് നിറയുന്ന ഹുങ്കാരത്തോടെ സമൂഹത്തെയാകെ തന്റെ സാന്നിധ്യം നിരന്തരം അറിയിക്കുന്നു.

കേരളത്തിൽ ഭരണപക്ഷ ഇടതുപക്ഷം പ്രസരിപ്പിക്കുന്ന രാഷ്ട്രീയ സന്ദേശം എന്നത് സമഗ്രാധിപത്യ ഭരണകൂടത്തിന്റേതാണ്.

ഇത് സംഘപരിവാറിനെപ്പോലുള്ള ഒരു മത ഫാഷിസ്റ്റ് സംഘത്തിന് മാത്രമേ സാധ്യമാകൂ എന്നില്ല. മത ഫാഷിസ്റ്റ് സംഘത്തിന് ആർജ്ജിക്കാനാകുന്ന ഈ ഹിംസാധികാരത്തിന്റെ മാനങ്ങൾ അതിഭീകരമാണ് എന്നതിൽ തർക്കമില്ല. എന്നുമാത്രമല്ല, അതിന്റെ ജനിതകസ്വഭാവം തന്നെ ഹിംസയാൽ മാത്രം സാധ്യമാകുന്ന രാഷ്ട്രീയ, സാമൂഹ്യാധികാരമാണ്. ഇതേ തരത്തിലുള്ള ഹിംസാധികാരത്തിന്റെ സൂക്ഷ്മകോശപ്രകടനങ്ങള്‍ സമഗ്രാധിപത്യത്തിന്റെ സ്വഭാവമാർജ്ജിച്ച ഏത് സംഘടിത രാഷ്ട്രീയ രൂപത്തിനും സാധ്യമാണ്. അത്തരം ദുരധികാരപ്രയോഗങ്ങൾ കൊണ്ടു മാത്രം നിലനിർത്താനാകുന്ന ഒരുതരം അധികാരവ്യവസ്ഥയിൽ കൂടി അവരെത്തിപ്പെടുന്നു. സിദ്ധാർത്ഥന്റെ ‘കൊലപാതകം’ ഇത്തരത്തിൽ കേരളത്തിലെ സി പി എം നയിക്കുന്ന ഭരണപക്ഷ ഇടതുപക്ഷം എത്തിപ്പെടുകയും യാതൊരു മടിയുമില്ലാതെ കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന ദുരധികാരഹിംസയുടെ പ്രകടനമാണ്. ആ പ്രത്യേക സംഭവത്തിലെ നടത്തിപ്പുകാർ വാസ്തവത്തിൽ അതിന്റെ ദുരധികാരശരീരത്തിലെ പുനരുത്പ്പാദിപ്പിക്കപ്പെടുന്ന കോശങ്ങളാണ്. അത്രയേറെ ആസക്തിയോടെ കേരളത്തിലെ ഭരണപക്ഷ ഇടതുപക്ഷം, ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മാത്രമല്ല ജനാധിപത്യ രാഷ്ട്രീയത്തിന്റെയും സാമാന്യമായ നീതിബോധത്തിന്റെയും എതിർവശത്തേക്ക് പോയതുകൊണ്ടുകൂടിയാണ് ഇത്തരത്തിലൊന്ന് അതിനുള്ളിൽ സാധ്യമായതും.

കേരളത്തിൽ ഭരണപക്ഷ ഇടതുപക്ഷം പ്രസരിപ്പിക്കുന്ന രാഷ്ട്രീയ സന്ദേശം എന്നത് സമഗ്രാധിപത്യ ഭരണകൂടത്തിന്റേതാണ്. ജനാധിപത്യ സമൂഹത്തിൽ സാധ്യമാക്കേണ്ട തരത്തിലുള്ള എല്ലാ സംവാദങ്ങളെയും ഭിന്നാഭിപ്രായങ്ങളെയും ഇല്ലാതാക്കുകയും അടിച്ചമർത്തുകയും ചെയ്യുക എന്നത് ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ നടത്തിപ്പ് പദ്ധതിയാണ്. മോദി സർക്കാരും സംഘപരിവാറും അത് വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, എതിരാളികളോടും ജനാധിപത്യത്തിന്റെ ബഹുസ്വര സംവാദ ഭൂമികയോടും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരും അതിനു നേതൃത്വം നൽകുന്ന സി പി എമ്മും ഉപയോഗിക്കുന്നത് ജനാധിപത്യ വിരുദ്ധതയുടെ സംഘപരിവാർ കൈപ്പുസ്തകമാണ്. മാധ്യമങ്ങൾക്ക് നേരെയാകട്ടെ, രാഷ്ട്രീയ എതിരാളികൾക്ക് നേരെയാകട്ടെ, സാംസ്ക്കാരിക രംഗത്തോ മറ്റേതെങ്കിലും രീതിയിലോ തങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവർക്കെതിരെയാകട്ടെ, ഭരണകൂടത്തിന്റെയും സംഘടനയുടെയും സംഘടിത മർദ്ദകശേഷി ഉപയോഗിച്ചുകൊണ്ടാണ് അവർ നേരിടുന്നത്. തങ്ങൾക്കെതിരെ വാർത്തകൾ നൽകിയ മാധ്യമപ്രവർത്തകർക്കെതിരെപ്പോലും ക്രിമിനൽ കുറ്റം ചുമത്തി വേട്ടയാടാനുള്ള അസഹിഷ്ണുത യാതൊരു മടിയുമില്ലാതെ അവർ പ്രദർശിപ്പിച്ചു. തങ്ങളുടെ രാഷ്ട്രീയ എതിരാളികൾക്കെതിരെ മോദി സർക്കാർ കേന്ദ്ര അന്വേഷണ ഏജന്സികളെയാണ് ഉപയോഗിക്കുന്നതെങ്കിൽ കേരളത്തിലേത് സംസ്ഥാന സർക്കാരിന് കീഴിലുള്ള സംവിധാനങ്ങളായി മാറുന്നു.

കൊല്ലുക അല്ലെങ്കിൽ ചാവുക എന്നതല്ല ഒരു ജനാധിപത്യസംവാദത്തിലെ സാധ്യത. എന്നാൽ ഒരു സമഗ്രാധിപത്യ ഭരണകൂടവും ഫാഷിസ്റ്റ് രാഷ്ട്രീയവുമൊക്കെ അത്തരത്തിലൊരു സാധ്യത മാത്രമാണ് തർക്കങ്ങളിൽ മുന്നോട്ടുവെക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ CMRL (Cochin Minerals and Rutile Limited) എന്ന കമ്പനിയിൽ നിന്ന് പ്രത്യകിച്ച് വിദഗ്ധ സേവനങ്ങളൊന്നും നൽകാതെ ഒരു തട്ടിക്കൂട്ട് ഇടപാടായി കോടിക്കണക്കിന് രൂപ കൈപ്പറ്റി എന്ന ആരോപണമുയർന്നു. പണം കൈപ്പറ്റിയത് വെറും ആരോപണമായിരുന്നില്ല, Income tax Interim Settlement Board കണ്ടെത്തിയതായിരുന്നു. ഈ പണമിടപാടിന്റെ കാരണങ്ങളും പ്രേരണകളും സ്വഭാവവും വാസ്തവത്തിൽ എന്തായിരുന്നു എന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ നടക്കുന്നുമുണ്ട്. വീണ വിജയൻ പണം കൈപ്പറ്റിയത് അഴിമതിയാണെന്ന് ആരോപണമുന്നയിച്ച കോൺഗ്രസ് നിയമസഭാംഗത്തിനെതിരെ ആരോപണമുന്നയിച്ചതിന് തൊട്ടുപിന്നാലെ കേരള സർക്കാരിന്റെ അനേഷണ ഏജൻസികളും നാനാവിധ ഭരണ വകുപ്പുകളും പലതരം അന്വേഷണങ്ങളുമായെത്തി. എന്തെങ്കിലും നിയമലംഘനം നടത്തിയോ ഇല്ലയോ എന്നതിലുപരി തങ്ങൾക്കെതിരെ ആരോപണം ഉയർത്തിയാൽ സർക്കാർ അന്വേഷണ സംവിധാനങ്ങളെ ഉപയോഗിച്ച് ഉടനടി നിങ്ങളെ പൂട്ടും എന്നാണ് സർക്കാർ നൽകിയ താക്കീത്. ഇത് എതിരെ വരുന്ന എല്ലാവർക്കുമാണ്. ഇതുതന്നെയാണ് കേന്ദ്രത്തിൽ ബി ജെ പിയും ചെയ്യുന്നത്. തങ്ങൾക്കെതിരെ ശബ്ദിച്ചാൽ പിറ്റേന്ന് ഏതെങ്കിലുമൊരു അന്വേഷണ ഏജൻസി വീട്ടിലെത്തും എന്നാണ്.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും

കേരളത്തിലെ പൊലീസ് സംവിധാനം അതിന്റെ ഏറ്റവും ജനാധിപത്യവിരുദ്ധമായൊരു കാലമാണ് ഇപ്പോൾ ആസ്വദിക്കുന്നത്. ഒമ്പത് വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, മുപ്പതിലേറെ കസ്റ്റഡി കൊലകൾ, യു.എ.പി.എ ചുമത്തിയ കേസുകൾ, നിരവധിയായ ലോക്കപ്പ് മർദ്ദനങ്ങൾ, അന്യായ തടങ്കലുകൾ, പൊതുജനങ്ങളോടുള്ള ഹീനമായ പെരുമാറ്റം, ഇങ്ങനെ പൗരാവകാശ ലംഘനങ്ങളുടെ നീണ്ട പരമ്പരയിലൂടെ കടന്നുപോവുകയാണ് കേരള പൊലീസ്. ഏതെങ്കിലും തരത്തിൽ പോലീസിനെ ജനാധിപത്യവത്ക്കരിക്കാനുള്ള ഒരു ചെറുനടപടി പോലും പിണറായി വിജയൻ സർക്കാർ എടുത്തിട്ടില്ല. പകരം പോലീസിനെ പരമാവധി ജനാധിപത്യവിരുദ്ധമായ രീതിയിൽ നിലനിർത്തുക എന്നതാണ് സർക്കാർ നയം. പൊതുസമൂഹത്തിനെ നിരന്തരമായ ഭരണകൂട ഭീതിയിൽ നിലനിർത്താനാണിത്. രാഷ്ട്രീയമായ ജനാധിപത്യ നിയന്ത്രണങ്ങൾ സാധ്യമല്ലാത്ത സ്വയംഭരണാവകാശമുള്ളൊരു മർദ്ദകസംവിധാനമായി പൊലീസിനെ മാറ്റേണ്ടത് ഏതൊരു സമഗ്രാധിപത്യ ഭരണകൂടത്തിന്റെയും ആവശ്യമാണ്. അതാണ് കേരളത്തിൽ പിണറായി സർക്കാർ നടപ്പാക്കുന്നതും.

സമൂഹത്തിൽ ഭയത്തിന്റെയും ഭരണകൂടാധികാരത്തിനോടുള്ള വിധേയഭീതിയുടേയും അന്തരീക്ഷം നിരന്തരമായി നിലനിർത്തുന്നതിന് ജനാധിപത്യവിരുദ്ധവും പൗരാവകാശങ്ങൾ ഭരണകൂടത്തിന്റെ ഔദാര്യമാക്കുന്നതുമായ ഒരു സംവിധാനത്തെ നിലനിർത്തേണ്ടതുണ്ട്. അതൊരു വലതുപക്ഷ അജണ്ടയാണ്. എന്നാൽ അതേ രാഷ്ട്രീയാധികാര പരിപാടി ഇടതുപക്ഷം എന്ന പേരിൽ നടപ്പാക്കുമ്പോൾ സമൂഹത്തിലെ ജനാധിപത്യ രാഷ്ട്രീയഭാവനയെ സാധ്യതകളില്ലാത്തവിധം കൊല്ലുകയാണ് ചെയ്യുന്നത്. കേരളത്തിലെ ഭരണ ഇടതുപക്ഷത്തിന്റെ നിലവിലെ രാഷ്ട്രീയവേഷം അതാണ്. കേരള സർക്കാർ നടത്തിയ നവകേരള രഥയാത്രയുടെ വഴിയിൽ പ്രതിഷേധിച്ചവരെ തന്റെ അനുയായികൾ നിയമവിരുദ്ധമായും ജനാധിപത്യവിരുദ്ധമായും കടന്നാക്രമിച്ചപ്പോൾ അതിനെ ‘ജീവൻ രക്ഷാപ്രവർത്തനം’ എന്നുവിളിച്ച് കയ്യടി വാങ്ങാമെന്ന കേരളത്തിലെ മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം, ബലം കൊണ്ട് വിശുദ്ധനാകാമെന്നുള്ള ഉറപ്പാണ് പ്രസരിപ്പിക്കുന്നത്. സർവ്വശക്തരായ അധികാരികളെ വാഴ്ത്തുന്ന എല്ലാ സമഗ്രാധിപത്യ ഭരണസംവിധാനങ്ങളിലും രാഷ്ട്രീയ സംഘടനകളിലും അവർ പ്രസരിപ്പിക്കുന്ന ഈ ഹിംസയുടെ ബലം ഒരു രാഷ്ട്രീയാധികാരപ്രയോഗമായി സാധൂകരിക്കപ്പെടും.

അഭിപ്രായഭിന്നതകളെ അടിമുടി ആക്രമിക്കുകയും അവയ്ക്ക് ഇടം നിഷേധിക്കുകയും അതിന് തങ്ങളുടെ ഭരണ, രാഷ്ട്രീയ, സാമൂഹ്യാധികാര ശക്തി പരമാവധി പ്രയോഗിക്കുകയും ചെയ്യുകയാണ് കേരളത്തിലെ ഭരണ ഇടതുപക്ഷം.

ഇത് ഭരണകൂടത്തിന്റെ പ്രത്യക്ഷ സംവിധാനം എന്ന നിലയിൽ മാത്രമല്ല, സംഘപരിവാറിന്റെ ഫാഷിസ്റ്റ് പ്രത്യയശാസ്ത്ര പദ്ധതിക്കു കീഴിൽ നടപ്പാക്കുന്നതെന്നാണ് നാം കണ്ടത്. അതിന്റെ സാമൂഹ്യാധികാര പ്രയോഗങ്ങൾ മുറിച്ചിട്ടാൽ അതിൽനിന്നു പടരുന്ന കള പോലെ, സമൂഹത്തിൽ പടരുന്നത് പുറമേക്ക് ശകലീകൃതം എന്ന് തോന്നിക്കുമെങ്കിലും ഉൾക്കാമ്പിൽ സുഘടിതവും നൈരന്തര്യമുള്ളതുമായ ഒരു രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണെന്നും നാം മനസ്സിലാക്കുന്നുണ്ട്. ഇതിന്റെ മറ്റൊരു സ്വഭാവമാണ് കേരളത്തിലെ ഭരണ ഇടതുപക്ഷം ഇപ്പോൾ കാണിക്കുന്നത്. അത് ദുരധികാരത്തിന്റെ ഭരണകൂട അടിച്ചമർത്തൽ മാത്രമല്ല പ്രയോഗിക്കുന്നത്, ഒപ്പം സാമൂഹ്യവ്യവഹാരങ്ങളിൽ ആസകലം തങ്ങളുടെ ആധിപത്യമുറപ്പിക്കുന്നതിനു നടത്തുന്ന ആക്രമണോത്സുകമായ ജനാധിപത്യവിരുദ്ധതയാണ്. സംഘടിത സംഘങ്ങൾക്കുമുന്നിൽ വ്യക്തികളുടെയും ദുർബ്ബല വിഭാഗങ്ങളുടെയും അഭിപ്രായ സ്വാതന്ത്ര്യവും സമൂഹത്തിൽ ഇടപെടാനുള്ള ശേഷിയും ഇല്ലാതാകുന്നതും അടിച്ചമർത്തപ്പെടുന്നതും ഒരു ജനാധിപത്യ സമൂഹത്തിനു ചേർന്നതല്ല. ജനാധിപത്യം ഒരു ജീവിതരീതിയായി മാറുമ്പോഴാണ് അത് രാഷ്ട്രീയാധികാരത്തെ ജനങ്ങളുടേതാക്കിമാറ്റുന്നത്. സാമൂഹ്യജീവിതത്തിന്റെ എല്ലാ തലങ്ങളിലും സംഘടിതമായ ദുരധികാരമുഷ്ക്ക് ഒരു കേമത്തമായി കൊണ്ടാടപ്പെടുന്നിടത്ത് ജനാധിപത്യത്തിന്റെ ശബ്ദം കേൾക്കാതാവുന്നു. അത്തരമൊരു സമൂഹത്തിൽ രാഷ്ട്രീയാധികാരം സമഗ്രാധിപത്യത്തിന്റെ സ്വഭാവം മാത്രമായിരിക്കും ആർജ്ജിച്ചെടുക്കുക. കേരളത്തിൽ അതാണ് സംഭവിക്കുന്നത്. വാസ്തവത്തിൽ ഫാഷിസ്റ്റ് രാഷ്ട്രീയ,സാമൂഹ്യ ബോധത്തിനും അതിന്റെ രാഷ്ട്രീയാധികാര പദ്ധതിക്കും വേണ്ട വളക്കൂറുള്ള മണ്ണാണ് ഈ ശക്തന്റെ സാമ്രാജ്യസ്ഥാപനത്തിലൂടെ കേരളത്തിൽ ഒരുക്കപ്പെടുന്നത്.

യൂത്ത് കോണ്‍ഗ്രസ് സമരത്തില്‍ ലാത്തി വീളുന്ന കേരള പൊലീസ്

ഒരു ജനാധിപത്യ സമൂഹത്തിലെ വ്യവഹാരങ്ങളിൽ ബഹുവിധങ്ങളായ സാധ്യതകളുണ്ടാകണം. അത് ഒരൊറ്റ തീർപ്പിലേക്കുള്ള ഓട്ടപ്പാച്ചിലല്ല. നാനാതരത്തിലുള്ള അഭിപ്രായങ്ങളും ഭിന്നതകളും വൈരുധ്യങ്ങളും അവയിൽനിന്നുണ്ടാകുന്ന പുതിയ ചിന്തകളുമൊക്കെയായി സദാ സപ്ന്ദനഭരിതമായൊരു സമൂഹശരീരമാണ് ജനാധിപത്യത്തിന്റേത്. അതിനുപകരം അഭിപ്രായഭിന്നതകളെ അടിമുടി ആക്രമിക്കുകയും അവയ്ക്ക് ഇടം നിഷേധിക്കുകയും അതിന് തങ്ങളുടെ ഭരണ, രാഷ്ട്രീയ, സാമൂഹ്യാധികാര ശക്തി പരമാവധി പ്രയോഗിക്കുകയും ചെയ്യുകയാണ് കേരളത്തിലെ ഭരണ ഇടതുപക്ഷം. അതിൽ ഹിംസ വളരെ സ്വാഭാവികമായ ഒരു പ്രയോഗമാക്കി മാറ്റുകയാണ്. നേരിട്ടുള്ള ശാരീരികമായ ഹിംസയുടെ മറ്റൊരു രൂപത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വരെ ഇതിന്റെ തനിപ്പകർപ്പുകളുണ്ടാക്കാനുള്ള ഒരു സംവിധാനമുണ്ടായിക്കഴിഞ്ഞു. ഇത് നാം നേരത്തെ കണ്ടപോലെ ഒരു വശത്തുനിന്നും തുടക്കമിട്ടുകഴിഞ്ഞാൽ പിന്നെ പ്രത്യേക നിയന്ത്രണത്തിന്റെയോ ആസൂത്രണത്തിന്റെയോ ആവശ്യമില്ലാതെ അതിന്റെ തായ്ത്തടിയുടെ ബഹുശാഖികളായി വളർന്നുപടർന്നുകൊള്ളും. അതാണ് തെരുവിലെ കൊലപാതക സംഘങ്ങളിൽ നിന്ന് സാമൂഹ്യ മാധ്യമങ്ങളിലെ സൈബർ ഗുണ്ടകളിലേക്ക് തൊട്ടുകിടക്കുന്ന ബന്ധം.

കൊല്ലുക അല്ലെങ്കിൽ ചാവുക എന്നതല്ല ഒരു ജനാധിപത്യസംവാദത്തിലെ സാധ്യത. എന്നാൽ ഒരു സമഗ്രാധിപത്യ ഭരണകൂടവും ഫാഷിസ്റ്റ് രാഷ്ട്രീയവുമൊക്കെ അത്തരത്തിലൊരു സാധ്യത മാത്രമാണ് തർക്കങ്ങളിൽ മുന്നോട്ടുവെക്കുന്നത്. ഇതുതന്നെയാണ് കേരളത്തിലെ ഭരണ ഇടതുപക്ഷം ഇപ്പോൾ സംഘടനയുടെ ബലമായി ഉയർത്തിക്കാണിക്കുന്നതും. ഇതിന്റെ ഏറ്റവും ഹീനമായ പ്രകടനമായിരുന്നു ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകം. സി പി എമ്മിൽനിന്ന് വിട്ടുപോയി, റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി എന്ന പേരിൽ മറ്റൊരു രാഷ്ട്രീയകക്ഷിക്ക് രൂപം കൊടുത്ത് സി പി എമ്മിന്റെ സംഘടനാശേഷിയേയും അതിന്റെ ആധിപത്യത്തെയും വെല്ലുവിളിച്ചു എന്നതായിരുന്നു ചന്ദ്രശേഖരൻ ചെയ്ത പാതകം. അത്തരത്തിലൊരു വെല്ലുവിളിയെക്കുറിച്ച് ആലോചിക്കാൻ പോലും ഇനിയാർക്കും ധൈര്യമുണ്ടാകരുത് എന്ന താക്കീതു കൂടിയായാണ് ചന്ദ്രശേഖരനെ സി പി എം നേതൃത്വം ഏർപ്പാടാക്കിയ കൊലപാതക സംഘം വധിച്ചത്. കൊല്ലുക മാത്രമായിരുന്നില്ല അതിന്റെ ഉദ്ദേശ്യം, ആ കൃത്യം പരമാവധി ഭീകരമാക്കുക എന്നതുകൂടിയായിരുന്നു. അതൊരു കൊല മാത്രമായിരുന്നില്ല, ഒരു പ്രദർശനം കൂടിയായിരുന്നു. ഹിംസാധികാരത്തിന്റെ പ്രദർശനം. അത്തരത്തിലൊരു പ്രദർശനം ഏത് സമഗ്രാധിപത്യ ഭരണകൂടവും ദുരധികാരസംഘവും ചെയ്യുന്നതാണ്. ചരിത്രത്തിൽ സ്ഥൂലവും സൂക്ഷ്മവുമായ നിരവധി ഉദാഹരണങ്ങൾ ഇത്തരത്തിൽ കാണാൻ കഴിയും. അത് തെരുവുകളിലെ സംഘടിത കൂട്ടങ്ങളിൽ നിന്നും ഭരണകൂടത്തിന്റെ ഔദ്യോഗിക സംവിധാനങ്ങൾ വരെയായി മാറിയതും നമുക്ക് കാണാം. ജർമ്മനിയിലെ നാസികളും ഇറ്റലിയിലെ ഫാഷിസ്റ്റുകളുമൊക്കെ ഇതേ തെരുവുഭീകരതയിലൂടെ രാഷ്ട്രീയാധികാരത്തെ സാധ്യമാക്കിയവരാണ്. വരിയായി നിന്ന മനുഷ്യർ മരണത്തിലേക്ക് സ്വന്തം നിഴലുകളോട് മാത്രം യാത്രപറഞ്ഞു പുകയായി അപ്രത്യക്ഷരായ നാസി തടങ്കൽപ്പാളയങ്ങൾ ഈ ഭീകരതയുടെ നടത്തിപ്പ് കേന്ദ്രങ്ങൾ മാത്രമായിരുന്നില്ല, അതിന്റെ പ്രദർശനകേന്ദ്രങ്ങൾ കൂടിയായിരുന്നു. അധികാരം അവിടെ കേവലമായ നിയന്ത്രണം ലഭിക്കുന്നതുകൊണ്ട് മാത്രം തൃപ്തമാകുന്നില്ല. അത് സമ്പൂർണമായ വിധേയത്വം കൂടി ആവശ്യപ്പെടുന്നു. ഗ്വാണ്ടനാമോ ബെയിലും അബു ഗാരിബിലും യു എസ് സൈന്യവും സി ഐ എ -യുമൊക്കെ നടപ്പാക്കിയ അതിഭീകരമായ പീഡനങ്ങൾ ഇതേ അധികാരഹിംസയുടെ പ്രദർശനയുക്തി കൂടിയായിരുന്നു. ഇതേ ഹിംസയുടെ പ്രദർശനയുക്തിയാണ് പൂക്കോട് വെറ്ററിനറി കോളേജിലെ ഹോസ്റ്റലിന്റെ നടുമുറ്റത്ത് അരങ്ങേറ്റിയത്.

എസ് എഫ് ഐ നേതൃത്വം നേരിട്ട് നടത്തിയ അധികാരപ്രയോഗം കൂടിയായതുകൊണ്ടാണ് ആ വിദ്യാഭ്യാസസ്ഥാപനം മുഴുവൻ നിശ്ശബ്ദമായിപ്പോയത്.

ഒന്നിലേറെ ദിവസം ഒരു പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികളുടെ മുന്നിൽ നടന്ന ഈ ഭീകരമായ പീഡനപ്രദർശനം തടയാനോ അതിനെതിരെ ശബ്ദിക്കാനോ പ്രാപ്തരോ സാമാന്യമായ മാനുഷികബോധമെങ്കിലും ഉപയോഗിക്കാൻ കഴിയാത്തവരോ അല്ലാത്ത മട്ടിൽ വിധേയരോ ഭയഭരിതരോ ആക്കി അത്രയേറെ മനുഷ്യരെ മാറ്റാൻ കഴിഞ്ഞത് കേവലമായ ആൾക്കൂട്ട വിചാരണയുടെ കണക്കിലല്ല പെടുത്തേണ്ടത്. അതിന്റെ നേതൃത്വത്തിൽ എസ് എഫ്‌ ഐ എന്ന സംഘടിത രാഷ്ട്രീയസംവിധാനത്തിന്റെ അധികാരഘടനയുടെ കയ്യൊപ്പുണ്ടായിരുന്നതുകൊണ്ടാണ് ആ ഭയവും വിധേയത്വവും സ്ഥാപിച്ചെടുത്ത പ്രക്രിയ അത്രയേറെ സ്വാഭാവികമായി നടന്നത്. കുറ്റകൃത്യം നടത്തുന്ന പൊടുന്നനെ രൂപപ്പെടുന്ന ആൾക്കൂട്ടത്തിന്, അത് പ്രബലമായ സാമൂഹ്യബോധത്തിന്റെ ഭാഗമാണെങ്കിലും, നീണ്ടുനിൽക്കുന്ന വിധേയത്വവും ഭയവും സൃഷ്ടിക്കാൻ കഴിയില്ല. അത് സൃഷ്ടിക്കണമെങ്കിൽ ഹിംസയുടെ അല്ലെങ്കിൽ കുറ്റകൃത്യത്തിന്റെ നടത്തിപ്പിനെ സാധ്യമാക്കുന്ന മൂർത്തമായ ഒരു ഘടനയുണ്ടാകണം. അതുകൊണ്ടാണ് എസ് എഫ് ഐ നേതൃത്വം നേരിട്ട് നടത്തിയ അധികാരപ്രയോഗം കൂടിയായതുകൊണ്ടാണ് ആ വിദ്യാഭ്യാസസ്ഥാപനം മുഴുവൻ നിശ്ശബ്ദമായിപ്പോയത്. അല്ലാത്തൊരാൾക്കൂട്ടമായിരുന്നു അത് നടത്തിയിരുന്നതെങ്കിൽ കുറ്റകൃത്യത്തിന്റെ ചുറ്റുവട്ടത്തുണ്ടാകുന്ന സ്വാഭാവികഭയത്തെ മറ്റുള്ളവർ മറികടക്കുമായിരുന്നു. അന്യായമായി ഒരു പൊലീസുകാരൻ ഒരാളെ തല്ലുന്നത് കണ്ടുനിൽക്കുന്ന അതേ ജനം ഒരു മദ്യപൻ ഒരാളെ തല്ലുന്നത് കണ്ടാൽ ഇടപെടുന്നത് രണ്ട് കുറ്റകൃത്യവും തമ്മിലുള്ള അധികാരത്തിന്റെ പശ്ചാത്തലവ്യത്യാസമാണ്. സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥി പീനത്തിനൊടുവിൽ മരിച്ചതുകൊണ്ടു മാത്രമാണ് ഇത്രയും ഭീകരമായൊരു സംഭവത്തെക്കുറിച്ച് പൊതുസമൂഹം അറിഞ്ഞത്. ഇല്ലായിരുന്നുവെങ്കിൽ മറ്റ് പല കലാലയങ്ങളിലും സമാനമായി നടക്കുന്ന, ഭയത്തിലും വിധേയത്വത്തിലും രാഷ്ട്രീയശൂന്യതയിലും പൊതിഞ്ഞുവെച്ച മറ്റൊരു സംഭവമായി ഇതും കടന്നുപോകുമായിരുന്നു.

ടി.പി ചന്ദ്രശേഖരന്‍

ഇത്തരത്തിലുള്ള ഹിംസയുടെ നടത്തിപ്പുകാർ വലിയ മട്ടിൽ രാഷ്ട്രീയപ്രവർത്തനം നടത്തുന്നവരും ത്യാഗികളും വീരന്മാരുമാണെന്ന വളരെ വികൃതമായൊരു ബോധം കൂടി നമ്മുടെ സമൂഹത്തിൽ ഉണ്ടാക്കിയെടുക്കുന്നുണ്ട്. ജനാധിപത്യവിരുദ്ധമായ തിണ്ണമിടുക്കിനെയാണ് നമ്മൾ മിക്കപ്പോഴും സംഘാടന മികവായി കൊണ്ടാടുന്നത്. ഇത് സി പി എമ്മിനോ എസ് എഫ് ഐക്കോ മാത്രമായൊരു ദോഷമോ പ്രയോഗമോ അല്ല. സമൂഹത്തിലെ രാഷ്ട്രീയ, സാമൂഹ്യ വ്യവഹാരങ്ങളിലെ പ്രബലമായ ധാരയാണ്. ടി.പി.വധം തന്നെ നോക്കൂ. അതിലെ കൊലപാതകികളെ ഇപ്പോഴും ചെല്ലും ചെലവും കൊടുത്ത് സംരക്ഷിക്കുകയും അവരെ വീരനായകരാക്കി അവതരിപ്പിക്കുകയും ചെയ്യുകയാണ് സി പി എം നേതൃത്വം. അതവരുടെ ബാധ്യതയാണ്. എന്നാൽ ഇത് അവരുടെ വിധേയവൃന്ദത്തിനു നൽകുന്ന സന്ദേശം ഈ ഹിംസയുടെ രാഷ്ട്രീയ സാധൂകരണമാണ്. സംഘടനയുടെ ആന്തരിക ഘടനയിൽ വേണ്ടപ്പെട്ടവരാകാനും പൊതുസമൂഹത്തിൽ ഭയം ജനിപ്പിക്കുന്ന അധികാരമുള്ളവരാകാനും ഇത്തരത്തിലുള്ള ഹിംസാപ്രയോഗങ്ങളാണ് എളുപ്പവഴികളെന്ന വലിയൊരു മാർഗം കൂടി അവർക്കുമുന്നിൽ തുറക്കുന്നു.

കേരളത്തിലെ കലാലയങ്ങളിൽ ഇടതുപക്ഷ വിദ്യാർത്ഥി രാഷ്ട്രീയം ജനാധിപത്യ രാഷ്ട്രീയത്തെ സാധ്യമാക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. അതിനൊപ്പം, പൊതു രാഷ്ട്രീയ സമൂഹത്തിന്റെ എല്ലാ ജീർണതയും അതിവേഗത്തിൽ അതിനെ ഗ്രസിക്കുകയും ചെയ്തു.

പൊതുരാഷ്ട്രീയത്തിന്റെ ജനാധിപത്യവിരുദ്ധതയുടെ പ്രശ്നങ്ങൾ മാത്രമല്ല, കേരളത്തിലെ കലാലയ രാഷ്ട്രീയത്തിന്റെ പൂതലിച്ച ശരീരത്തെക്കൂടി ഈ സംഭവം ഒന്നുകൂടി തുറന്നുകാണിക്കുന്നുണ്ട്. ഫാഷിസ്റ്റ് രാഷ്ട്രീയശക്തികൾ രാജ്യത്ത് രാഷ്ട്രീയാധിപത്യവും സാമൂഹ്യാധിപത്യവും നേടുന്ന ഈ കാലഘട്ടത്തിൽ പൊതുസമൂഹത്തിലും കലാലയങ്ങളിലുമെല്ലാം ജനാധിപത്യ രാഷ്ട്രീയം കൂടുതൽ ശക്തിയാർജ്ജിക്കണം എന്ന കാര്യത്തിൽ സംശയമില്ല. പൂക്കോട് സംഭവമടക്കമുള്ള പലതിന്റെയും വെളിച്ചത്തിൽ കലാലയ രാഷ്ട്രീയമാകെ ഇല്ലാതാക്കണമെന്ന ആവശ്യം വലതുപക്ഷ ശക്തികൾ ഉയർത്തുന്നത് അംഗീകരിക്കേണ്ടതുമില്ല. എന്നാൽ, ഏതുതരത്തിലുള്ള രാഷ്ട്രീയമാണ് കലാലയങ്ങളിൽ വേണ്ടതെന്ന് യാതൊരു ദാക്ഷണ്യവുമില്ലാത്ത ജനാധിപത്യവിമർശനങ്ങൾക്ക് വിധേയമാകണം. കേരളത്തിലെ കലാലയങ്ങളിൽ ഇടതുപക്ഷ വിദ്യാർത്ഥി രാഷ്ട്രീയം ജനാധിപത്യ രാഷ്ട്രീയത്തെ സാധ്യമാക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. എന്നാൽ അതിനൊപ്പം തന്നെ പൊതുരാഷ്ട്രീയസമൂഹത്തിന്റെ എല്ലാ ജീർണതയും അതിവേഗത്തിൽ അതിനെ ഗ്രസിക്കുകയും ചെയ്തു. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ തങ്ങളുടെ രാഷ്ട്രീയ യജമാനസംഘങ്ങളെയും നേതാക്കളെയും കാലാകാലങ്ങളിൽ അനുസരിക്കുകയും അവരെ കോമാളിത്തം പോലെ അനുകരിക്കുകയും ചെയ്യുന്ന അവസരവാദികളോ പരിതാപകമാരായ വിധത്തിൽ രാഷ്ട്രീയ സർഗാത്മകത വറ്റിയ കലമ്പൽക്കൂട്ടങ്ങളോ ആയിമാറി. യൗവ്വനസഹജമായ നീതിബോധമോ അനീതിക്കെതിരായ ക്ഷോഭമോ ഇല്ലാത്ത, അധികാര സൗഭാഗ്യങ്ങയുടെ തെരഞ്ഞെടുപ്പ് ഗോദയിലേക്കുള്ള ഭാഗ്യക്കുറിക്ക് തിരക്കുകൂട്ടുന്ന വിദ്യാർത്ഥി സംഘടനാ നേതൃത്വം സ്വയംവിമർശനം പോലും സാധ്യമല്ലാത്ത വിധത്തിൽ കെട്ടുപോയവരാണ്. അത്തരത്തിലുള്ള ഒരു കൂട്ടം സംഘങ്ങളിൽ നിന്നാണ് പൂക്കോട് നടന്നതുപോലുള്ള ഹിംസയുടെ പ്രദർശനങ്ങളുണ്ടാകുന്നത്.

നവകേരള സദസിനെതിരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ആദർശ് ഭാർഗവനെ ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലുകൊണ്ടും പൊലീസ് ലാത്തികൊണ്ടും മര്‍ദിക്കുന്നു

വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനം സാമ്പ്രദായികമായ ജീർണ്ണതകൾ പേറുന്നവയാണ്. വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകൾ വിദ്യാഭ്യാസ സംവിധാനത്തിന്റെയോ പാഠ്യപദ്ധതിയുടെയോ അതിന്റെ ഉള്ളടക്കത്തിന്റെയോ ഒക്കെ കാര്യത്തിൽ കാമ്പും കാതലുമുള്ള എന്തെങ്കിലും ഇടപെടലുകൾ നടത്തുന്നത് പോലുമില്ല എന്നതാണ് വസ്തുത. എന്തെങ്കിലും തരത്തിലുള്ള അഭിപ്രായങ്ങൾ ആ മേഖലയിൽ പറഞ്ഞാൽത്തന്നെയും തങ്ങളുടെ രാഷ്ട്രീയ പിതൃസംഘടനയുടെ താൽപര്യങ്ങൾക്കൊത്ത് അവ മാറ്റിപ്പറയുകയോ നിശ്ശബ്ദരാവുകയോ ചെയ്യുന്നത് വളരെ അഭിമാനത്തോടെയുള്ള അച്ചടക്കമായി അവർ കാണുകയും ചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തിവരുന്ന പഠിപ്പ് മുടക്ക് സമരങ്ങൾ പോലുള്ളവയൊക്കെ മുഖ്യധാരാ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനുവേണ്ടി പാകപ്പെടുത്തിയ തട്ടിപ്പുകളായി മാറുകയാണ് പലപ്പോഴും. ദരിദ്രരും സാമൂഹ്യമായി ദുർബ്ബല വിഭാഗങ്ങളിൽ നിന്നുള്ളവരുമായ വിദ്യാർത്ഥികൾക്ക് മുടങ്ങിപ്പോയ അധ്യയനദിവസങ്ങളെ വീണ്ടെടുക്കാനുള്ള ഒരു വഴിയുമില്ലായിരുന്നു. ധനികരും ഉയർന്ന മധ്യവർഗ്ഗക്കാരുമൊക്കെ ഇതിനിടയിൽ മുന്നോട്ടുപോകുമ്പോൾ ഓരോ തെരഞ്ഞെടുപ്പ് കാലത്തിനും വേണ്ടി അളവുമുറിച്ചു പാകപ്പെടുത്തുന്ന സമരകാലങ്ങൾക്ക് ശേഷം ബാക്കിയാകുന്ന വിദ്യാർത്ഥികൾ ആരായിരുന്നുവെന്നത് ഇനിയും ഒഴിവാക്കിവെക്കേണ്ട ചോദ്യമല്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ പേരക്കുട്ടിയും മുൻ എസ് എഫ് ഐ നേതാവും മന്ത്രിയുമായ രാജീവിന്റെ മകളും മറ്റ് നിരവധി ഇടതുപക്ഷ ജനപ്രതിനിധികളുടെയും നേതാക്കളുടെയും മക്കളും കൊച്ചുമക്കളുമൊക്കെ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ എഞ്ചുവടി പോലും കയറ്റാൻ അനുവാദമില്ലാത്ത സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തെരഞ്ഞെടുത്ത് പഠിക്കുമ്പോൾ ലജ്ജാരഹിതമായ വഞ്ചന കൂടിയായി മാറുകയാണ് കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയം.

സാമൂഹ്യനീതിക്കുവേണ്ടിയുള്ള സംവരണം പോലും നടപ്പാക്കാത്ത സ്വകാര്യ എയ്ഡഡ് കോളേജുകളിൽ നിന്നുള്ള, ജാതി, മതാടിസ്ഥാനത്തിൽ കോഴ കൊടുത്ത് ജോലി നേടുന്ന അധ്യാപകരിലൂടെയാണ് കേരളം വിദ്യാഭ്യാസത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ടിവരുന്നത് എന്നതാണ് മറ്റൊരു ദുർഗതി

ഇതിൽത്തന്നെ മറ്റൊരു പകർപ്പാണ് അധ്യാപക സംഘടനകൾ. വിദ്യാഭ്യാസത്തിന്റെ ഗുണപരമായ ഉള്ളടക്കമോ കേരളീയ സമൂഹത്തിനു വേണ്ട തരത്തിൽ വിദ്യാഭ്യാസരീതികളിലും അതിന്റെ ഘടനയിലും പ്രയോഗത്തിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചോ ഒക്കെ നിരന്തരമായ ഇടപെടലുകൾ നടത്തേണ്ട അധ്യാപക സമൂഹവും അധ്യാപക സംഘടനകളും കേരളത്തിലെ ഏറ്റവും സുരക്ഷിതരായ പുത്തൻ വർഗത്തിന്റെ ഭാഗമായിരുന്നുകൊണ്ട് രാഷ്ട്രീയാധികാരത്തിന്റെ കൊട്ടിപ്പാടി സേവകർ മാത്രമായി നിൽക്കുന്നതാണ് കാണാനാവുക. സാമൂഹ്യനീതിക്കുവേണ്ടിയുള്ള സംവരണം പോലും നടപ്പാക്കാത്ത സ്വകാര്യ എയ്ഡഡ് കോളേജുകളിൽ നിന്നുള്ള, ജാതി, മതാടിസ്ഥാനത്തിൽ കോഴ കൊടുത്ത് ജോലി നേടുന്ന അധ്യാപകരിലൂടെയാണ് കേരളം വിദ്യാഭ്യാസത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ടിവരുന്നത് എന്നതാണ് മറ്റൊരു ദുർഗതി. ഒരൊറ്റ പട്ടികജാതി, പട്ടിക വർഗ അധ്യാപകനെപ്പോലും കാണാതെ 99% സ്വകാര്യ എയ്ഡഡ് കോളേജ് വിദ്യാർത്ഥികൾക്കും പഠനം പൂർത്തിയാക്കിപ്പോരാവുന്നൊരു സംവിധാനത്തെ എതിർക്കാനും നിയമനത്തിൽ സംവരണം നടപ്പാക്കാനും വേണ്ട ആവശ്യങ്ങളുയർത്തി സമരം ചെയ്യാൻ ഒരു വിദ്യാർത്ഥി സംഘടനയ്ക്കും കഴിയാതെപോകുന്നത്, വിദ്യാഭ്യാസവുമായി അവർക്ക് പ്രത്യേകിച്ച് ബന്ധമൊന്നുമില്ല എന്നതുകൊണ്ടാണ്.

പൂക്കോട് വെറ്റിനറി കോളേജില്‍ നിന്നും

കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയത്തെക്കുറിച്ചു മാത്രമല്ല നമ്മുടെ രാഷ്ട്രീയ സമൂഹത്തെക്കുറിച്ചും അതിന്റെ അധികാര ഘടനയെക്കുറിച്ചും അടിയന്തരവും ഗൗരവുമായ സംവാദങ്ങൾ ഉയർത്തുന്നതാണ് സിദ്ധാർത്ഥന്റെ കൊലപാതകം. ആറു പതിറ്റാണ്ടെങ്കിലും മുമ്പുള്ള തന്റെ വിദ്യാർത്ഥി രാഷ്ട്രീയ ജീവിതത്തെക്കുറിച്ചോർക്കുമ്പോൾ അന്ന് നടത്തിയ ചില കായികസംഘർഷങ്ങളിലെ തന്റെ കേമത്തത്തെക്കുറിച്ചാണ് കേരളത്തിന്റെ മുഖ്യമന്ത്രി പറയുന്നത്. അന്നത്തെ കലാലയ ജീവിതത്തിന്റെ രാഷ്ട്രീയമൂശയിൽ നിന്ന് മുഖ്യമന്ത്രിയും അദ്ദേഹമടക്കം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ കക്ഷിയും മറ്റ് മുഖ്യധാരാ കക്ഷികളും ഇന്നത്തെ വിദ്യാർത്ഥി രാഷ്ട്രീയവും മുന്നോട്ടുപോയിട്ടില്ല എന്നതാണ് സങ്കടകരവും അപകടകരവുമായ യാഥാർത്ഥ്യം. ഇതിന്റെ ഭീഷണവും വികൃതവുമായ വശത്തെ തുറന്നു പരിശോധിച്ചാൽ ഒരു സമൂഹമെന്ന നിലയ്ക്കും ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകരെന്ന നിലയിൽ സവിശേഷമായും അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിസന്ധിയോർത്ത് നാമതിനെ എല്ലായ്പ്പോഴും സൗകര്യപൂർവ്വം മാറ്റിവെക്കുകയാണ്. അതിനിനി സാധ്യമല്ല എന്ന് സിദ്ധാർത്ഥിന്റെ കൊലപാതകം നമ്മളോട് വീണ്ടും പറയുന്നു.

Comments