കേരളത്തിലെ പുതിയ ഇടതുമുന്നണി മന്ത്രിസഭയെ കുടുംബ ഭരണവും മരുമകൻ/സെക്രട്ടറി ഭാര്യ വിശേഷങ്ങളുമാക്കി മാറ്റുന്ന ഭൂരിപക്ഷം മാധ്യമങ്ങളും തങ്ങളുടെ പതിവ് ഇടതുപക്ഷ രാഷ്ട്രീയ വിരോധത്തിന്റെ അച്ചിൽത്തന്നെയാണ് ഇപ്പോഴും എന്നുമാത്രമേ അതിനെ കാണേണ്ടതുള്ളൂ. ചന്ദ്രിക പത്രം കുടുംബഭരണം എന്ന് തലക്കെട്ടിടുന്ന പോലെ ഒരു വൈകൃതം.
കേരളത്തിന്റെ തെരഞ്ഞെടുപ്പ് /സർക്കാർ രാഷ്ട്രീയ ചരിത്രത്തിലെ നിയാമകമായ മാറ്റം വരുത്തുന്ന ഒന്നായാണ് ഈ പുതിയ മന്ത്രിസഭയെ ഞാൻ കാണുന്നത്. അത് കേവലം തലമുറമാറ്റം മാത്രമല്ല. അധികാരത്തെക്കുറിച്ചും അതെങ്ങനെയാണ് ഒരു സമൂഹത്തിൽ തിരശ്ചീനമായി വികേന്ദ്രീകരിക്കപ്പെടേണ്ടത് എന്നതിനെക്കുറിച്ചുമുള്ള ഒരു പ്രായോഗിക അന്വേഷണത്തിന് ഇത് തുടക്കം കുറിച്ചേക്കും എന്നൊരു വലിയ സാധ്യത ഇതിലുണ്ട്.
അരനൂറ്റാണ്ട് കാലം ജനപ്രതിനിധിയാവുക എന്നത് ആഘോഷിക്കപ്പെടേണ്ട കാര്യമല്ല എന്ന് ഒരു സമൂഹത്തിനു തോന്നിത്തുടങ്ങുന്നത് സ്വയം നവീകരിക്കാനുള്ള ഒരു ശേഷി ആ സമൂഹം പ്രകടിപ്പിച്ചു തുടങ്ങുന്നു എന്നതിന്റെ ലക്ഷണമാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഒരു എം. എൽ. എ ആജീവനാന്തം അങ്ങനെത്തന്നെ ഇരിക്കില്ല എന്നതും തെരഞ്ഞെടുക്കപ്പെടുന്നവരിൽ സ്വാഭാവികമായും മന്ത്രിസ്ഥാനമടക്കം കൈമാറി വരുന്ന ഒന്നാണെന്നതും അധികാരത്തെയും അത് കയ്യാളുന്ന വ്യക്തികളെയും ചുറ്റിപ്പറ്റിയുള്ള ജനാധിപത്യവിരുദ്ധതയുടെ അപ്രാപ്യത ഇല്ലാതാക്കാൻ തുടങ്ങും. അതുകൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും മന്ത്രിസഭാ രൂപവത്കരണത്തിലും ഇരു കമ്യൂണിസ്റ്റ് പാർട്ടികളും അനുവർത്തിച്ച മാനദണ്ഡങ്ങൾ ജനാധിപത്യ രാഷ്ട്രീയത്തെ പുഷ്ടിപ്പെടുത്തുന്നതാണ്.
മുൻ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെ ഈ മന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിനെക്കുറിച്ചുള്ള ചർച്ച സജീവമാണ്; അത് സ്വാഭാവികവുമാണ്. ശൈലജ ടീച്ചറെ ഉൾപ്പെടുത്താത്തത് പൊതുസമൂഹം വളരെ വൈകാരികതയോടെ എതിർപ്പ് പ്രകടിപ്പിച്ച ഒരു കാര്യമാണ്. അതും യാതൊരു അത്ഭുതവുമുണ്ടാക്കുന്നില്ല. കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കുമ്പോൾ സ്വാഭാവികമായും എല്ലാത്തരം സാമൂഹ്യ പ്രതികരണങ്ങളെയും കണക്കിലെടുക്കാമെങ്കിലും എല്ലാത്തരം ആവശ്യങ്ങളെയും ഉൾക്കൊള്ളുക എന്നത് അസാധ്യമാണ്. അങ്ങനെ ചെയ്യുമ്പോൾ പിഴവ് പറ്റുകയും ചെയ്യാം.
അതീവ ഭീതിദമായ മഹാമാരിയുടെ സാഹചര്യത്തിൽ വളരെയേറെ ജനാധിപത്യമര്യാദകളോടെ തങ്ങളോട് ഇടപഴകുകയും ആരോഗ്യമന്ത്രി എന്ന നിലയിൽ മികച്ച നേതൃപാടവം കാഴ്ച്ചവെക്കുകയും ചെയ്ത ടീച്ചർക്ക് ഇത്തരത്തിലൊരു പൊതുജനസമ്മതി ലഭിച്ചതിൽ അത്ഭുതവുമില്ല. അത് വൈകാരികമായതിനെ "മോങ്ങൽ, അവറ്റകളുടെ കരച്ചിൽ' എന്നൊക്കെ അപഹസിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടി പൊതുസംവാദങ്ങളിൽ രാഷ്ട്രീയം പറയുന്നത് എങ്ങനെയെന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത കമ്യൂണിസ്റ്റ് രാഷ്ട്രീയമില്ലാത്തവരാണ്. തെരഞ്ഞെടുപ്പിന് മുമ്പ് "ഇരട്ടച്ചങ്കാ, I like you, ഉമ്മ' എന്നൊരു സ്ത്രീ പറഞ്ഞത് എത്ര വൈകാരികമായാണോ അതേ വൈകാരികത തന്നെയാണ് ഇത്തിരികൂടി ഏറി ശൈലജ ടീച്ചറുടെ കാര്യത്തിലും പ്രകടിപ്പിക്കുന്നത്. പൊതുസമൂഹത്തിന്റെ രാഷ്ട്രീയ വൈകാരികത പാർട്ടി തീരുമാനം അനുസരിച്ചാകണം എന്ന് വാശി പിടിക്കാനുള്ള മൗഢ്യം കമ്യൂണിസ്റ്റ് പാർട്ടിക്കില്ല. എന്നുമാത്രമല്ല അതിനെ ഒരു സാമൂഹ്യ സൂചനയായി കണക്കിലെടുക്കാനുള്ള രാഷ്ട്രീയ ശേഷിയും പാർട്ടി പ്രകടിപ്പിക്കും.
ഒരു സ്ത്രീ എന്ന നിലയിൽ mass appeal നേടുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽതന്നെ ഒരു പുരുഷൻ നേടുന്ന mass appeal നേക്കാൾ വ്യത്യസ്തവും കൂടുതൽ സാമൂഹ്യ ചലങ്ങളുണ്ടാക്കുന്നതുമായ കാര്യമാണ്. ഒരു സ്ത്രീക്ക് അത്തരത്തിലൊരു വൻ ബഹുജന സ്വീകാര്യത നേടാൻ, അതെന്തൊക്കെ സാഹചര്യങ്ങൾ കൊണ്ടായാലും ഒരു പുരുഷാധിപത്യ സമൂഹത്തിൽ ഒട്ടും എളുപ്പമല്ല എന്നതുകൊണ്ടാണത്. അത്തരത്തിലൊരു സമീപനം കൂടി എടുത്തിരുന്നെങ്കിൽ ശൈലജ ടീച്ചറുടെ പ്രാതിനിധ്യത്തെ മറ്റൊരു തലത്തിൽ നോക്കിക്കാണാൻ പാർട്ടിക്ക് കഴിയുമായിരുന്നു. അതായത് കേരളത്തിലെ സ്ത്രീ പക്ഷ രാഷ്ട്രീയത്തിന്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയ ധാരയെ മുന്നോട്ടുകൊണ്ടുപോകാൻ ശൈലജ ടീച്ചറെ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കുമായിരുന്നു എന്ന് കരുതാം. അതായത് സഖാക്കൾ ഐസക്കോ സുധാകരനോ മോശമായതുകൊണ്ടല്ല, ഒരു ചരിത്ര സന്ദർഭത്തെ ഉപയോഗപ്പെടുത്തുക എന്നൊരു രാഷ്ട്രീയം ശൈലജ ടീച്ചറുടെ കാര്യത്തിൽ പ്രയോഗിക്കാമായിരുന്നു എന്നാണ്.
എന്നാൽ ഈയൊരു കാര്യം വെച്ചുകൊണ്ട് മാത്രം ഈ മന്ത്രിസഭയെ നോക്കിക്കാണുന്നത് തികച്ചും പ്രതിലോമകരമാണ്. മൂന്നു സ്ത്രീകൾ ഈ മന്ത്രിസഭയിലുണ്ട് എന്നത് ഏറെ പ്രതീക്ഷ നൽകുന്ന ഒരു കാര്യമാണ്. ഏതുതരത്തിൽ നോക്കിയാലും ഇത്തരത്തിലൊരു നീക്കം ഇനി മുന്നോട്ടു മാത്രമേ പോകൂ എന്ന് ഉറപ്പാക്കാനുള്ള രാഷ്ട്രീയ കടമ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് മാത്രമല്ല, പൊതു സമൂഹത്തിനു കൂടിയുണ്ട്. അതായത് "കോവിഡ് റാണി തിരികെ വരൂ, നിപ്പ രാജകുമാരി തിരികെ വരൂ' എന്ന് ഇപ്പോൾ തമാശ കളിക്കുന്നവരുടെ പിന്തിരിപ്പൻ ജനാധിപത്യ വിരുദ്ധ, സ്ത്രീവിരുദ്ധ നാമജപ ഘോഷയാത്രകളിൽ ശരണത്തെറികൾ വിളിച്ച ഒരു പുരുഷാധിപത്യ സമൂഹമാണ് നമ്മളെന്നത് മറക്കാൻ പാടില്ലാത്തതാണ്. ഈ സാമൂഹ്യബോധം പല തലത്തിൽ കമ്യൂണിസ്റ്റ് പാർട്ടിക്കകത്തും ഉണ്ടാകും എന്നതിൽ സംശയമൊന്നുമില്ല. അതുകൊണ്ടാണ് ആക്ടിവിസ്റ്റുകൾക്ക് രാഷ്ട്രീയം കളിക്കാനല്ല ശബരിമല എന്നൊക്കെ പറഞ്ഞ ദേവസ്വം മന്ത്രി ഇടതുമുന്നണി ഭരണത്തിലുണ്ടായത്. എന്നാൽ അത്തരത്തിലുള്ള സങ്കുചിത രാഷ്ട്രീയ അവസരവാദത്തേക്കാൾ ഉയർന്ന രാഷ്ട്രീയബോധമുള്ള ലക്ഷക്കണക്കിന് മനുഷ്യർ കേരളത്തിലുള്ളതുകൊണ്ടാണ് സംഘപരിവാറിന്റെ ഹീനരാഷ്ട്രീയത്തെ കേരളം പുറങ്കാൽ കൊണ്ട് തട്ടിയെറിഞ്ഞത്. അതുകൊണ്ടുതന്നെ ഒരു പൗരസമൂഹ വ്യവഹാരത്തിൽ നിഷേധാത്മകമായ "മോങ്ങൽ, കരച്ചിൽ' കൂക്കുവിളികൊണ്ട് പങ്കെടുക്കുന്നത് അല്ലെങ്കിൽ അതിനെ അലങ്കോലപ്പെടുത്തുന്നത് ഒരു കമ്യൂണിസ്റ്റ് രീതിയല്ല.
സഖാക്കൾ റിയാസിനെയും ബിന്ദുവിനേയും മരുമകൻ, ഭാര്യ എന്നൊക്കെയാക്കുന്നത് പ്രതീക്ഷിത തന്ത്രങ്ങളാണ്. തീർച്ചയായും മറ്റു മന്ത്രിമാരേക്കാൾ ജാഗ്രത പല കാര്യങ്ങളിലും പുലർത്താനുള്ള അധിക ബാധ്യത അവരുടെ മേൽ ഇതുണ്ടാക്കുന്നുണ്ട്. അത് സ്വാഭാവികമാണ്, അത് ചെയ്യാനുള്ള ശേഷിയുള്ള സഖാക്കളാണ് ഇരുവരും എന്ന് ഇതുവരെയുള്ള കാലം വെച്ചു ഉറപ്പിക്കാനാകും. സാമാന്യമായി നോക്കിയാൽ വിദ്യാർത്ഥി സംഘടനാ കാലം മുതൽക്കേ പാർട്ടിക്കൊപ്പമുള്ള സഖാക്കളാണ് ഇരുവരും. എന്നാൽ കേവലം അഞ്ചു വർഷത്തെ രാഷ്ട്രീയ പ്രവർത്തന മൂലധനം മാത്രമുള്ള വീണ ജോർജ് മന്ത്രിയാകുന്നത് പൊതുവെ ഇടതുവിരുദ്ധരായ മാധ്യമങ്ങൾക്ക് അത്ര പ്രശ്നമില്ലാത്ത കാര്യമാണ്. അപ്പോൾ പ്രശ്നം മരുമകനും ഭാര്യയുമായതല്ല, നിങ്ങളുടെ പാർട്ടി മൂലധനം കൂടിയതാണ് പ്രശ്നം. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആഘോഷിക്കപ്പെടുമ്പോഴാണ് വിദ്യാർത്ഥി ജീവിതകാലം മുതൽക്കേ പാർട്ടിയോടൊപ്പം നിന്ന രണ്ടുപേർ അപഹസിക്കപ്പെടുന്നത് എന്നോർക്കണം. വീണ ജോർജിനോട് മാധ്യമങ്ങൾക്ക് പുലർത്താൻ കഴിയുന്ന ഒരു തരത്തിലുള്ള Civil society NGO പരിവേഷ അടുപ്പവും meritocracy യുടെ ഛായയുമൊക്കെ പാർട്ടി സഖാക്കളിൽ അവർക്ക് കാണാൻ കഴിയാത്തത് വർഗരാഷ്ട്രീയ പ്രശ്നമാണ്.
തലമുറമാറ്റം ബംഗാളിലേയും ത്രിപുരയിലേയും അനുഭവങ്ങളുടെ കൂടി വെളിച്ചത്തിലാണ് എന്നത് പാർട്ടി വ്യക്തമാക്കുന്നുണ്ട്. അത് വാസ്തവമാണ്. ആദ്യ തോൽവിക്ക് ശേഷം തുടർന്നുള്ള തെരഞ്ഞെടുപ്പിലും യാതൊരു മാറ്റവുമില്ലാതെയാണ് ബംഗാളിൽ പാർട്ടി സംഘടന ജനങ്ങൾക്ക് മുന്നിലെത്തിയത്. മറ്റു പല കാരണങ്ങൾക്കൊപ്പം ഇതുകൂടിയായപ്പോൾ നിലവിലെ ശൂന്യ പ്രാതിനിധ്യത്തിലേക് സമൂഹത്തിലും നിയമസഭയിലും പാർട്ടി ചുരുങ്ങിപ്പോയി. ഇത് പാർട്ടി തിരിച്ചറിയുന്നുണ്ട്. എന്നാൽ തലമുറമാറ്റത്തിന്റെ മാത്രം പ്രശ്നമാണ് ഇത് എന്ന് കരുതിയാൽ അതൊരു രാഷ്ട്രീയ ന്യൂനീകരണമാകും. വ്യവസായ/കാർഷിക മേഖലകളിലെ നയസമീപനങ്ങളിൽ, വികസനം സംബന്ധിച്ച കാഴ്ചപ്പാടുകളിൽ, പാർട്ടിയിലെ ജനാധിപത്യ കേന്ദ്രീകരണ സംവിധാനത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിൽ, സ്വകാര്യ മൂലധനം സംബന്ധിച്ച കാഴ്ചപ്പാടുകളിൽ എല്ലാം വന്ന രാഷ്ട്രീയപ്പിഴവുകൾ കൂടി തിരുത്തുകയാണ് പാർട്ടി ചെയ്യുന്നത് എന്ന് കരുതാം.
കേരളത്തിലെ യുവജനങ്ങളടക്കമുള്ള ഒരു പുതിയ കാലത്തോട് അതിന്റേതായ സംവേദന മാധ്യമങ്ങളുപയോഗിച്ച് സംവദിക്കാൻ കഴിയുന്ന ഒരു തലമുറമാറ്റം അനിവാര്യമായിരുന്നു. അതാണ് മന്ത്രിസഭയിൽ ഏറെക്കുറെ സംഭവിച്ചത്. വിപ്ലവാഭിവാദ്യങ്ങൾ!