ചെന്നിത്തല ഹെലികോപ്റ്ററിൽ പറക്കുന്നു, അപ്പോൾ ചെന്നിത്തലയുടെ ജാതിയേത്?

രാഹുൽ ഗാന്ധിയോ രമേശ് ചെന്നിത്തലയോ ഹെലികോപ്റ്ററിൽ പറന്നാൽ ഈ ധൂർത്തിനെക്കുറിച്ച്‌ ആക്ഷേപം ഉണ്ടാകില്ല. അതൊരു രാഷ്ട്രീയ പ്രശ്‌നമായി ഉന്നയിച്ചാൽക്കൂടി അവരുടെ അച്ഛന്റെ തൊഴിലിനോടോ അവരുടെ കുടുംബപശ്ചാത്തലത്തിനോടോ നീതി പുലർത്താത്ത രാഷ്ട്രീയം എന്ന ആക്ഷേപം ഉന്നയിക്കില്ല. കാരണം കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലത്തോട് നീതി പുലർത്തിക്കൊണ്ട് ലാളിത്യം പുലർത്താനുള്ള ബാധ്യത ദരിദ്രർക്ക് മാത്രമാണ്. അതായത് സവർണ പൊതുബോധമനുസരിച്ച്, വന്ന വഴി മറക്കാതിരിക്കാനുള്ള ചരിത്രപരമായ ബാധ്യതയുടെ പേര് കൂടിയാണ് ജാതി- പ്രമോദ് പുഴങ്കര എഴുതുന്നു

ങ്ങനെ കോൺഗ്രസ് നേതൃത്വം കെ. സുധാകരന്റെ "ചെത്തുകാരന്റെ മകൻ' പ്രയോഗത്തിൽ ധന്യതയും സന്തുഷ്ടിയും പ്രകടിപ്പിക്കുകയും അങ്ങനെയല്ല എന്ന് തോന്നിച്ചിട്ടുണ്ടെങ്കിൽ സുധാകരന്റെ മുന്നിൽ സാഷ്ടാഗം മാപ്പു പറയുകയും ചെയ്തിരിക്കുന്നു.
പ്രതീക്ഷിച്ചതു തന്നെ.
എന്നാൽ സുധാകരന്റെ "ചെത്തുകാരന്റെ മകൻ' പ്രസംഗത്തെ വർഗസമര രാഷ്ട്രീയത്തിന്റെ ഉന്നത ബോധമായി ചിത്രീകരിക്കാൻ അടിയൻ ലച്ചിപ്പോം എന്ന മട്ടിൽ ചാടിയിറങ്ങിയ ഡോ. ആസാദ് അടക്കമുള്ള യു.ഡി.എഫ് പ്രചാരണ സംഘത്തിലെ സ്വയംസേവക സംഘം നടത്തുന്ന വർഗലാളിത്യവും സുധാകരദർശനവും എന്ന സൈദ്ധാന്തിക പാഠത്തിനുപുറകിൽ ഒളിഞ്ഞിരിക്കുന്ന താൽപര്യം ശ്രദ്ധിക്കേണ്ടതാണ്.

സുധാകരൻ ചെത്തെന്നു പറഞ്ഞപ്പോഴേക്കും ഉള്ളിലെ ജാതി നുരച്ചുപൊന്തിയവരാണ് അയ്യോ ജാത്യാധിക്ഷേപം എന്ന് മുറവിളി കൂട്ടുന്നതെന്നാണ് ഡോ. ആസാദും സുധാകരനും പറഞ്ഞത്. അതായത് (കള്ളു) ചെത്തുകാരൻ എന്ന് പറയുമ്പോൾ നിങ്ങൾക്ക് ഈഴവനാണ് അയാൾ എന്ന് തോന്നേണ്ടതില്ല, മറിച്ച് നിങ്ങളുടെ നാട്ടിലൊക്കെ തെങ്ങും പനയും ചെത്താൻ അരയിൽ ചെത്തുകത്തിയുമായി അതിരാവിലെ പോകുന്ന ഭവത്രാതൻ നമ്പൂരിയെയും കുഞ്ഞമ്പു നായരേയും ഓർമ വന്നില്ലെങ്കിൽ നിങ്ങൾക്ക് ചരിത്രത്തെക്കുറിച്ചുള്ള വർഗവിശകലന ബോധത്തിനെന്തോ കുറവുണ്ടെന്നാണ് ആക്ഷേപം.

പിണറായിയും സുധാകരനും ഒരേ ജാതിയോ?

ഒരു രാഷ്ട്രീയ പ്രശ്‌നത്തെ അഭിസംബോധന ചെയ്യുമ്പോൾ അച്ഛന്റെ തൊഴിലിനെക്കുറിച്ച് പറയുന്നതിന് ആ തൊഴിലും കുടുംബസാഹചര്യവുമായി രാഷ്ട്രീയ പ്രശ്‌നത്തെ കൂട്ടിക്കെട്ടുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണുള്ളത്. രാഹുൽ ഗാന്ധിയോ രമേശ് ചെന്നിത്തലയോ ഹെലികോപ്റ്ററിൽ പറന്നാൽ
ഈ ധൂർത്തിനെക്കുറിച്ചുള്ള ആക്ഷേപം ഉണ്ടാകില്ല. അതൊരു രാഷ്ട്രീയ പ്രശ്‌നമായി ഉന്നയിച്ചാൽക്കൂടി അവരുടെ അച്ഛന്റെ തൊഴിലിനോടോ അവരുടെ കുടുംബപശ്ചാത്തലത്തിനോടോ നീതി പുലർത്താത്ത രാഷ്ട്രീയം എന്ന ആക്ഷേപം ഉന്നയിക്കില്ല. കാരണം കുടുംബത്തിന്റെ സാമ്പത്തിക പശ്ചാത്തലത്തോട് നീതി പുലർത്തിക്കൊണ്ട് ലാളിത്യം പുലർത്താനുള്ള ബാധ്യത ദരിദ്രർക്ക് മാത്രമാണ്. അതായത് സവർണ പൊതുബോധമനുസരിച്ച്, വന്ന വഴി മറക്കാതിരിക്കാനുള്ള ചരിത്രപരമായ ബാധ്യതയുടെ പേര് കൂടിയാണ് ജാതി.

കേവലം സ്വത്വവാദമാണിത് എന്നാണ് കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പുരപ്പുറം തൂക്കുന്ന പുത്തൻ സംബന്ധക്കാരുടെ വർഗസിദ്ധാന്തം. ജാതിയെ സ്വത്വവാദത്തിന്റെ അടിസ്ഥാനത്തിൽ കാണുന്നതും ജാതിയെ വർഗരാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടിലൂടെ കാണുന്നതും തമ്മിൽ അന്തരമുണ്ട്. എങ്ങനെയാണ് ജാതി തൊഴിലുകളുമായും സാമ്പത്തിക നിലയുമായും ബന്ധപ്പെട്ടിരിക്കുന്നത് എന്നും എങ്ങനെയാണ് മുതലാളിത്ത വ്യവസ്ഥയിലെ വർഗ വിഭജനത്തിൽ ജാതി നിലനിൽക്കുന്നതെന്നുമൊക്കെ ഒട്ടും മടികൂടാതെ ഇടതുപക്ഷം ചർച്ച ചെയ്യേണ്ടതും ചെയ്യുന്നതുമാണ്. പക്ഷെ അതൊക്കെ ജാതിയുടെ സാമൂഹ്യ നിലയെ ഇല്ലാതാക്കുകയോ അതിന്റെ മുകളിൽ കെട്ടിപ്പൊക്കുന്ന സാമൂഹ്യ മൂലധനത്തെ അപ്രത്യക്ഷമാക്കുകയോ ചെയ്യുന്നു എന്ന വാദം ഒരു മാർക്‌സിസ്റ്റ് വിശകലന ശാഖയും മുന്നോട്ടുവെച്ചിട്ടില്ല. സുധാകരനെ തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ അധോഗതിയുടെ പ്രവാചകനാക്കുന്ന തിരക്കിൽ കോൺഗ്രസിന്റെ കരാർ സൈദ്ധാന്തികർ അതിനെക്കുറിച്ചൊന്നും ആകുലപ്പെട്ടില്ല എന്നറിയാമെങ്കിലും.

അധികമൊന്നും ദിവസം ഇരുട്ടി വെളുത്തിട്ടില്ല, ജമാഅത്തെ ഇസ്‌ലാമി
യുടെയും വെൽഫെയർ പാർട്ടിയുടേയും ഇസ്‌ലാമിക മത വർഗീയ രാഷ്ട്രീയത്തെ എതിർക്കുന്നതും മുസ്‌ലിം ലീഗിനെ വർഗീയ കക്ഷിയെന്നു വിളിക്കുന്നതും ന്യൂനപക്ഷ വിരുദ്ധതയാണെന്നും സി.പി.എം, സംഘപരിവാർ പാളയത്തിലെ കുടികിടപ്പുകാരായി മാറിയെന്നുമൊക്കെയുള്ള ആക്ഷേപവുമായി ഇതേ സംഘം വന്നിട്ട്. അതായത് കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്കുള്ളിലെ ഇസ്‌ലാമിക വർഗീയതയെക്കുറിച്ച് പറയുമ്പോൾ അത് ന്യൂനപക്ഷ വിരുദ്ധതയാവുകയും ചെത്തുകാരൻ പാലിക്കേണ്ട ലാളിത്യത്തെ കുറിച്ച് സുധാകരൻ പറയുമ്പോൾ അത് വർഗ പ്രശ്‌നമാവുകയും ചെയ്യുന്ന യുക്തിക്ക് വർഗരാഷ്ട്രീയത്തിന്റെ മേലങ്കിയും ചെങ്കൊടിയെക്കുറിച്ചുള്ള കപടകാല്പനികതയുടെ വിലാപവുമൊന്നും ചേർക്കേണ്ടതില്ലായിരുന്നു എന്ന് മാത്രം.

പിണറായി വിജയനും സുധാകരനും ഒരേ ജാതിയാണെന്ന് ന്യായം പറയുന്നത്ര അശ്ലീലം വേറെയില്ല. ജാതിബോധത്തിന്റെ കള്ളിയിൽ മാത്രമാണ് നിങ്ങളുടെ ഏതു രാഷ്ട്രീയത്തിനും അവസാനം ഇരിക്കേണ്ടി വരിക എന്ന ഹുങ്കാണത്. അത് സമ്മതിച്ചുകൊടുക്കാതിരിക്കാനാണ് വർഗരാഷ്ട്രീയം ഉണ്ടാക്കിയെടുക്കുന്ന രാഷ്ട്രീയ ബോധം.

ഇന്ത്യയിലെ ജാതിയും വർഗവും തമ്മിലുള്ള ബന്ധം പല തരത്തിലാണ് പ്രവർത്തിക്കുന്നത്. ആഭ്യന്തര സ്വത്തിന്റെ ഭൂരിഭാഗവും കൈവശം വെക്കുന്നത് സവർണ സമുദായക്കാരാണ്. ഇന്ത്യയിലെ കുടുംബങ്ങളുടെ ശരാശരി വാർഷിക വരുമാനത്തിന്റേതിനേക്കാൾ 47% കൂടുതലാണ് സവർണജാതികളിലെ കുടുംബങ്ങളുടെ ശരാശരി വാർഷിക കുടുംബ വരുമാനം. സവർണകുടുംബങ്ങളുടെ വരുമാനത്തിൽത്തന്നെ ഏറ്റവും മുകളിലുള്ള 10%-മാണ് അക്കൂട്ടത്തിലെ സ്വത്തിന്റെ 60%-വും കൈവശം വെക്കുന്നത് (Wealth Inequality, Class and Caste in India, 1961-2012, (2018) ). ജാതികൾക്കുള്ളിലെ സ്വത്തുടമകളിൽ സമ്പദ്ഘടനയുടെ മുതലാളിത്ത സംവിധാനത്തിൽ ഒരു ന്യൂനപക്ഷം അതിധനികരായി രൂപപ്പെടുന്നു എന്നുകൂടി ഇത് കാണിക്കുന്നുണ്ട്. ഒപ്പം ജാതി എന്നത് മുതലാളിത്തത്തിന് പ്രവേശനമില്ലാത്ത ഒരു അടഞ്ഞ സാമൂഹ്യവ്യവസ്ഥയായി നിലനിൽക്കില്ല. മറിച്ച് അത് ജാതിരഹിതമായ സമൂഹങ്ങളിൽ എങ്ങനെയാണോ മുതലാളിത്തം അതിധനികരേയും ദരിദ്രരെയും സൃഷ്ടിക്കുന്ന ഒരു വർഗ വിഭജിത രാഷ്ട്രീയ-സാമ്പത്തിക സംവിധാനം ഉണ്ടാക്കുന്നത്, അതെ മാതൃകയിൽ ജാതിവ്യവസ്ഥ നിലനിൽക്കുന്ന ഒരു സമൂഹത്തിലും പ്രവർത്തിക്കുന്നു. ജാതികൾക്കുള്ളിൽ ജാതിയുടെ സാമൂഹ്യമൂലധനം ഒരേ രീതിയിലല്ല മുതലാളിത്ത സംവിധാനത്തിൽ വിനിമയം ചെയ്യപ്പെടുന്നത്. അവിടെ മുതലാളിത്തത്തിന്റെ രാഷ്ട്രീയ-സമ്പദ് വ്യവസ്ഥയുടെ മാനകങ്ങളാണ് പ്രയോഗക്ഷമമാകുന്നത്.

ഇന്ത്യയിലെ ഈ കുടുംബ വരുമാനത്തിലെ ജാതികൾ തമ്മിലുള്ള അന്തരവും ജാതികൾക്കുള്ളിലെ അന്തരവും ജാതിവ്യവസ്ഥ എങ്ങനെയാണ് ഇന്ത്യയുടെ Political Economy യെ സ്വാധീനിക്കുന്നത് എന്നും അതോടൊപ്പം വളർന്നുവരുന്ന മുതലാളിത്ത ഉത്പാദക- സാമൂഹ്യ ബന്ധങ്ങൾ ജാതിവ്യവസ്ഥയ്ക്കുള്ളിലും പുറത്തുമായി എങ്ങനെയാണ് വർഗരാഷ്ട്രീയത്തെ മുന്നോട്ടുള്ള രാഷ്ട്രീയ സമരത്തിലേക്കുള്ള ആയുധമെന്ന നിലയിൽ പ്രസക്തമാക്കുന്നത് എന്നും ചൂണ്ടിക്കാണിക്കുന്നു.

പട്ടിക ജാതി/പട്ടിക വർഗത്തിൽ പെട്ട കുടുംബങ്ങൾക്കും ഈ ദേശീയ കുടുംബ വരുമാനത്തിലുള്ള പങ്ക് സവർണ ജാതികളേക്കാൾ കുറവാണ്. പട്ടിക ജാതിക്കാരുടേത് ശരാശരി ദേശീയ കുടുംബ വരുമാനത്തിനേക്കാൾ (1,13,222 രൂപ-2012-ൽ ) 21% വും പട്ടികവർഗക്കാരുടേത് 34%-വും മറ്റു പിന്നാക്ക വിഭാഗങ്ങളുടേത് (OBC) 8% വും കുറവാണ്. എന്നാൽ ഈ വരുമാനത്തോത് അതാത് ജാതികളിൽ ഏതാണ്ട് സമാനമായാണ് വിഭജിക്കപ്പെട്ടിരിക്കുന്നത്. OBC, പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ സമ്പത്ത് കൈവശം വെച്ചിരിക്കുന്നവരുടെ ലംബസൂചികയിൽ ഏറ്റവും മുകളിലുള്ള 10% പേരാണ് മൊത്തം സമ്പത്തിന്റെ 52%-വും കൈവശം വെച്ചിരിക്കുന്നത്. പട്ടികവർഗക്കാരിൽ ഇത് 46.7%-മാണ്. സവർണ ജാതികളിൽ മേൽത്തട്ടിലെ 10% മാണ് സവർണജാതിക്കാരുടെ കൈവശമുള്ള സ്വത്തിന്റെ 60%-വും കൈവശം വെക്കുന്നത്.

സമ്പത്തിന്റെ വർധന, ആഗോളീകരണ കാലഘട്ടത്തിലും ജാതികൾക്കുള്ളിൽ ഒരു ചെറുവിഭാഗം ധനികരുടെ കൈവശം സ്വത്തു കുമിഞ്ഞുകൂടുന്നതു തന്നെയാണ് കാണിക്കുന്നത്. ഇതും എല്ലാ ജാതികൾക്കുള്ളിലും മുതലാളിത്തത്തിന്റെ രീതി തന്നെയാണ് കാണിക്കുന്നത്. 1991-നും 2012-നും ഇടയിലുള്ള ഒരു ദശാബ്ദക്കാലത്തിനിടയിൽ മുന്നാക്ക ജാതിക്കാരിലെ സമ്പത്തിന്റെ ലംബസൂചികയിൽ ഏറ്റവും മുകളിലുള്ള 1%-ത്തിന്റെ സ്വത്ത് 47.6% കണ്ടാണ് കൂടിയത്. പട്ടിക ജാതിക്കാരിൽ മേൽത്തട്ടിലെ 1%-ത്തിന്റെ സ്വത്ത് 4.4%-വും പട്ടിക വർഗക്കാരിൽ ഇത് 2.5%-വും വർധിച്ചു.

ഡോ. ആസാദ്

അതായത് സമ്പത്തിന്റെ കേന്ദ്രീകരണവും അതിധനികരുടെ സൃഷ്ടിയുമെന്ന മുതലാളിത്ത സംവിധാനം ജാതികൾക്കുള്ളിലും ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇത്, സമ്പത്തിന്റെ കേന്ദ്രീകരണവും രാഷ്ട്രീയ-സാമ്പത്തികാധികാര വ്യവസ്ഥയും ജാതിഘടന ഉപയോഗിച്ചുകൊണ്ട് നിലനിർത്തിയിരുന്ന കാലത്തിന്റെ അടിത്തറയെ പൂർണമായും ഇല്ലാതാക്കുന്നില്ല. അങ്ങനെ ഇല്ലാതാകുന്നില്ല എന്ന് മാത്രമല്ല അതെ ജാതിഘടനയെ തങ്ങൾക്കനുകൂലമായ വിധത്തിൽ മുന്നോട്ടുകൊണ്ടുപോകുന്നതിനും മുതലാളിത്തത്തിന് വലിയ തടസമൊന്നുമില്ല. എന്നാൽ മുതലാളിത്തത്തിന്റെ മുന്നോട്ടുപോക്കിലും മുതലാളിത്ത ഉത്പാദക ബന്ധങ്ങളും സംവിധാനവും വികസിച്ചുവരുന്നതോടൊപ്പവും ജാതിവ്യവസ്ഥയുടെ അടിസ്ഥാനത്തിലുള്ള തൊഴിൽ വിഭജനവും തൊഴിലിനെ ചുറ്റിപ്പറ്റിയുള്ള വിവേചനവും ദുർബലമാകും. സാങ്കേതികവിദ്യയുടെ വ്യാപനവും അന്നുവരെ മനുഷ്യരുടെ നേരിട്ടുള്ള തൊഴിലുമായും അതിനനുസൃതമായി നിർവ്വചിക്കപ്പെട്ട ജാതിയുമായും ബന്ധപ്പെട്ട നിരവധി സങ്കൽപനങ്ങളെ അപ്രസക്തമാക്കും.

മുഖ്യമന്ത്രിയായാൽ വന്ന വഴി മറക്കരുത്

എന്നാൽ മുതലാളിത്തത്തിന്റെ വികാസം കൊണ്ട് ജാതിവിവേചനം ഇല്ലാതാകുന്നില്ല. കാരണം മുതലാളിത്തത്തിന് ജാതിവിരുദ്ധതയുടെ രാഷ്ട്രീയ അജണ്ടയില്ല. അത് സമ്പത്തിന്റെ ചൂഷണാത്മകമായ വർധനവിനും കേന്ദ്രീകരണത്തിനും അനുസൃതമായ ഒരു രാഷ്ട്രീയ-സാമ്പത്തിക സംവിധാനത്തെയാണ് നിലനിർത്തുക. ഇന്ത്യയിലെ ജാതിവ്യവസ്ഥയിലൂന്നിയ സമ്പത്ത് വിതരണത്തിലെ ഇതുവരെ നിലനിന്ന സാമൂഹ്യ മൂലധനത്തിന്റെയും ഭൂവുടമ വ്യവസ്ഥയുടെയുമൊന്നും എതിർപക്ഷത്ത് നിൽക്കാൻ മുതലാളിത്തം അതുകൊണ്ടാണ് തയ്യാറാകാത്തത്. എന്ന് മാത്രമല്ല ജാതി ഘടനയുടേയും അത് പ്രതിനിധാനം ചെയ്ത സാമ്പത്തിക ചൂഷണത്തിന്റെയും സൃഷ്ടിയായ കോടിക്കണക്കിനു വരുന്ന പുതിയ തൊഴിൽരഹിത തൊഴിൽ സേന മുതലാളിത്തത്തിന്റെ കൂലിയടിമകളുടെ സേനാ ശേഖരവുമായി മാറും. അതുകൊണ്ട് മുതലാളിത്തത്തിനെതിരായ വർഗരാഷ്ട്രീയ സമരത്തോടൊപ്പം മാത്രമേ ജാതിവിരുദ്ധ സമരത്തിന് മുന്നോട്ട് പോകാനാവൂ.

അപ്പോൾ തറവാടിത്തം, കുലമഹിമ, ആഢ്യത്വം തുടങ്ങിയ സാമൂഹ്യമൂലധനം എത്ര ഉയരത്തിലെത്തിയാലും എത്ര ധനികനായാലും എത്ര അധികാരമുണ്ടെങ്കിലും താഴ്ന്ന ജാതിക്കാരെന്ന് ആക്ഷേപിക്കപ്പെട്ടവർക്ക് ലഭിക്കില്ല എന്ന് ആവർത്തിക്കുന്നത് പുതിയതരം സാമ്പത്തിക- ഉത്പാദന ബന്ധങ്ങളുടെ വികാസത്തിൽ രാഷ്ട്രീയാധികാരം കൈവിട്ടുപോകുന്നതിൽ ആശങ്കയുള്ള സവർണ ബോധമാണ്. ഈ സവർണ ബോധമാണ് "ചെത്തുകാരന്റെ മകന്' വേണ്ട തൊഴിലാളിവർഗ രാഷ്ട്രീയത്തെക്കുറിച്ചും ലാളിത്യത്തെക്കുറിച്ചും വാചാലമാകുന്നത്.

ഈ സവർണജാതിബോധത്തിനു ഏതു ജാതിക്കാരനിലൂടെയും പ്രവർത്തിക്കാനാകും എന്നത് വർഗരാഷ്ട്രീയത്തിന്റെതന്നെ സാമാന്യമായ വിശകലന രീതികളുപയോഗിച്ചാൽ മനസിലാകും. മുതലാളിത്തം നിങ്ങളുടെ സമ്മതികളെ നിർമ്മിച്ചെടുക്കുന്ന പോലെ ജാതിവ്യവസ്ഥയും നിങ്ങളുടെ ജാതിയുടെ അനിവാര്യതയെ ഉറപ്പിച്ചെടുക്കുന്നു. അത് സ്വത്വവാദത്തിൽ ഊന്നുന്ന, ജാത്യാഭിമാനത്തിൽ ഊന്നുന്ന ജാതിവിരുദ്ധത സൃഷ്ടിക്കുകപോലും ചെയ്യും. ശബരിമലയിൽ ആർത്തവപ്രായത്തിലുള്ള സ്ത്രീകളെ പ്രവേശിപ്പിക്കില്ല എന്ന വിലക്ക് നീക്കിയ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെയും ആ വിധി നടപ്പാക്കുമെന്ന കേരളത്തിലെ സർക്കാരിന്റെ നിലപാടിനെതിരെയും സംഘപരിവാറിന്റെയും കോൺഗ്രസിന്റെയും നേതൃത്വത്തിൽ നടന്ന ജാതി, ആചാര വാദികളുടെ ലഹള സവർണ്ണരുടെ നേതൃത്വത്തിൽ അവർണ സമുദായങ്ങളുടെ പങ്കാളിത്തം കൂടി നേടിയ ഒന്നായിരുന്നു. ജാതിവ്യവസ്ഥയിലെ ബ്രാഹ്മണ്യ മേൽക്കോയ്മ നിശ്ചയിച്ച ആചാരങ്ങൾ ഇളക്കാൻ പാടില്ലാത്തതാണെന്ന മുദ്രാവാക്യങ്ങളായിരുന്നു അതിൽ മുഴങ്ങിയത് മുഴുവൻ. അതിൽ പങ്കെടുത്ത പിന്നാക്ക ഹിന്ദു ജാതികളിൽപ്പെട്ടവരും ദളിതരുമടക്കമുള്ളവർ തങ്ങളുടെ അടിമത്തത്തിനെ നൂറ്റാണ്ടുകളായി സാധൂകരിക്കുന്ന ഒരു മൂല്യബോധത്തെയും വ്യവസ്ഥയെയുമാണ് തങ്ങളിപ്പോൾ മറ്റൊരു വഴിയിലൂടെ പിന്തുണയ്ക്കുന്നത് എന്ന് അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും അങ്ങനെയാണ് ചെയ്തത്. അത് സമൂഹത്തിൽ അധീശത്വം നേടിയ ഒരു ബോധമാണ് അവരെയും നയിക്കുന്നത് എന്നതുകൊണ്ടാണ്.

അതുകൊണ്ടുതന്നെ സുധാകരന്റെ ജാതി ഏതാണെന്നത് അയാളുടെ ആക്ഷേപത്തിന്റെ വസ്തുതാപരമായ, ആശയപരമായ, സാമൂഹ്യമായ സാധ്യതയെ ഇല്ലാതാക്കുന്നില്ല. ഈയൊരു ഹിന്ദുത്വ രാഷ്ട്രീയ, ജാതിവ്യവസ്ഥാ ബോധത്തിന്റെ ഏറ്റവും ശക്തമായ വെളിപ്പെടലായി മാറിയ ശബരിമല വിഷയത്തെയാണ് ഇപ്പോൾ കോൺഗ്രസ് നേതൃത്വം വീണ്ടും ഒരു തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത്. അതായത് ജാതിഘടനയുടെ ഏറ്റവും നികൃഷ്ടമായ ഉപയോഗവും അതിന്റെ ഉപോത്പ്പന്നമായ ജനാധിപത്യ വിരുദ്ധതയും കേരളീയ സമൂഹത്തിൽ നിലനിർത്താൻ ശ്രമിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന് സുധാകര പ്രയോഗങ്ങളിൽ എന്തെങ്കിലും അലോസരമുണ്ടാകാൻ തരമില്ല.

എക്കാലത്തും കേരളത്തിലെ കോൺഗ്രസ് നേതൃത്വം കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഉപയോഗിച്ച ഒരു വിമർശനം അതിന്റെ "ആഭിജാത്യക്കുറവിനെ'കുറിച്ചായിരുന്നു. അതുകൊണ്ടാണ് വിമോചന സമരക്കാലത്ത് "ചാത്തൻ പൂട്ടാൻ പോകട്ടെ, ചാക്കോ നാട് ഭരിക്കട്ടെ' എന്ന മുദ്രാവാക്യം കോൺഗ്രസുകാർ ഉയർത്തിയത്. ഈ അധികാര പ്രതീകങ്ങളെ തലതിരിച്ചിട്ടായിരുന്നു അയ്യങ്കാളി സമരം ചെയ്തത്. അതുകൊണ്ടാണ് വില്ലുവണ്ടി ഒരു കാളവണ്ടി മാത്രമല്ലാതെ ജാതിക്കോമരങ്ങളുടെ നെഞ്ചിൽക്കൂടി ഓടിയത്. ഈ സമരത്തെ ജന്മിത്വ വിരുദ്ധമായി മാറ്റിയതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കേരളത്തിലെ ജാതിവിരുദ്ധ സമരത്തെ മുന്നോട്ടുകൊണ്ടുപോകാനായത്. കേവലമായ ജാത്യാഭിമാനവും, ജാതിബോധവും വെച്ചുള്ള സമരം എത്രയൊക്കെ ഉയർന്നുനിന്നാലും ജാതിവ്യവസ്ഥയുടെ പരിഷ്‌ക്കരണമില്ലാതെ അതിനെ തകർക്കുക സാധ്യമല്ല. ജാതിവ്യവസ്ഥ സാധ്യമാക്കുന്ന തൊഴിലവസരങ്ങളുടെയും സമ്പത്തിന്റെയും അസമമായ പുത്തൻ വിഭജനത്തിനെതിരെ നടന്ന ജന്മിത്വത്തിനെതിരായ സമരങ്ങൾ എങ്ങനെയാണോ ജാതിവിരുദ്ധ സമരങ്ങളെ മുന്നോട്ടു കൊണ്ടുപോയത്, അതേപോലെത്തന്നെയാണ്‌, ഇന്നും ജാതിവ്യവസ്ഥയെ തച്ചുതകർക്കാനുള്ള സമരങ്ങൾ മുന്നോട്ടുപോകൂ. .

ഒരു തൊഴിലും മോശമല്ല, എല്ലാ തൊഴിലിനേയും ബഹുമാനിക്കുന്നു എന്നത് ജാതിവ്യവസ്ഥയുടെ ഉള്ളിൽ സവർണർ അവർണ്ണർക്ക് നൽകുന്ന ഔദാര്യമാണ്. അതായത് എന്റെ മലം ചുമക്കുന്നവരും ഞങ്ങളുടെ തെരുവുകൾ തൂത്തുവാരുന്നവരും കള്ള് ചെത്തുന്നവരും ചെരുപ്പ് കുത്തുന്നവരും ഒക്കെയായ നിങ്ങൾ അപ്പണികൾ തുടർന്നുകൊള്ളു, ഞങ്ങൾക്ക് ബഹുമാനക്കുറവൊന്നുമില്ല എന്ന്. അതിൽ നിന്ന് മാറി മുഖ്യമന്ത്രിയായാൽ വന്ന വഴി മറക്കരുത് എന്നുമാണത്.

വർഗരാഷ്ട്രീയമാണ് സുധാകരൻ പറഞ്ഞത് എന്നതിലൂടെ ‌ യു.ഡി.എഫിന്റെ സൈദ്ധാന്തിക വിദുരന്മാർ മറച്ചുവെക്കാൻ വിഫലശ്രമം നടത്തുന്നത്, വർഗരാഷ്ട്രീയത്തിൽ ജാതിവ്യവസ്ഥയിലെ കുലത്തൊഴിൽ പറഞ്ഞല്ല വർഗം നിശ്ചയിക്കുന്നത് എന്നുകൂടിയാണ്. കോൺഗ്രസ് നേതൃത്വം സുധാകരന് മുന്നിൽ നടത്തിയ ദണ്ഡനമസ്‌കാരം ആധുനിക ജനാധിപത്യ രാഷ്ട്രീയ ബോധത്തിൽ എത്ര പ്രകാശവർഷങ്ങൾ അകലെയാണ് ആ പാർട്ടി ഇപ്പോഴും എന്നുകൂടി കാണിക്കുന്നു.

Comments