ചട്ടം ലംഘിക്കാനേ കഴിയൂ ലംഘനം ചട്ടമാക്കാൻ കഴിയില്ല

രു വിഷയം എത്ര വ്യാജമായി സൃഷ്ടിക്കാമെന്നും അതിനെ എങ്ങനെയൊക്കെ പ്രചരിപ്പിക്കാമെന്നുമുള്ളതിന്റെ ഏറ്റവും ഹീനമായ ഉദാഹരണമാണ് വടകര എം എൽ എ കെ.കെ. രമയുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ടു നടക്കുന്നത്. നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് എന്തോ കടുത്ത മനുഷ്യത്വ വിരുദ്ധതയും രാഷ്ട്രീയ പകപോക്കലും നടത്തി എന്ന മട്ടിലാണ് പ്രചാരണം. അതിവൈകാരികതയുടെ മേമ്പൊടിയുമായി തുടർച്ചയായി പറയുന്നതോടെ അതിനെക്കുറിച്ചു പറയുന്നതെല്ലാം സത്യമല്ലാതെ മറ്റെന്ത് എന്ന് തോന്നണം എന്നാണ് ലക്ഷ്യം.

എം എൽ എ മാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ കെ.കെ. രമ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത് അവരുടെ സാരിയിൽ ടി.പി.ചന്ദ്രശേഖരന്റെ ചിത്രമുള്ള ഒരു ബാഡ്ജ് ധരിച്ചുകൊണ്ടായിരുന്നു. നിയമസഭയിൽ ബാഡ്ജ് ധരിച്ചുവരാൻ പാടില്ല എന്ന ചട്ടമുണ്ടെന്നും അതുകൊണ്ട് അവരുടെ സത്യപ്രതിജ്ഞ അസാധുവാക്കണമെന്നും കാണിച്ച് ഒരു രാഷ്ട്രീയപ്രവർത്തകൻ (അയാൾ സി പി എം കാരനോ ഇടതുപക്ഷ എം എൽ എ -യോ ഒന്നുമല്ല) പരാതി നൽകുന്നു. ഈ പരാതി സംബന്ധിച്ച് വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, നിയമസഭയിൽ അത്തരത്തിൽ പ്രദർശനങ്ങൾ പാടില്ല എന്നാണ് ചട്ടമെന്നു രാജേഷ് പറഞ്ഞു. തുടർന്ന് പരാതിയിലെ നടപടിയെ സംബന്ധിച്ച ചോദ്യത്തിന് പരാതി പരിശോധിക്കും എന്നും സ്‌പീക്കർ മറുപടി നൽകുന്നു. ശേഷം, ഇക്കാര്യത്തിൽ തുടർനടപടിയൊന്നും എടുക്കേണ്ടതില്ല എന്ന് സ്‌പീക്കർ തീരുമാനിച്ചു എന്നാണറിയുന്നത്.

ഈ മറുപടിയിൽ എവിടെയാണ് മനുഷ്യത്വ വിരുദ്ധത? എവിടെയാണ് കെ. കെ. രമക്കെതിരായ ആക്രമണം? എവിടെയാണ് രാജേഷ് അഹങ്കാരിയായി പെരുമാറിയത്? പാർലമെന്റിലും നിയമസഭയിലുമൊക്കെ പോസ്റ്ററുകൾ, ബാഡ്ജുകൾ, കൊടി തുടങ്ങിയവയൊന്നും കൊണ്ടുവരാൻ പാടില്ല എന്ന് ചട്ടമുണ്ട്. അതുപോലെ നിരവധി ചട്ടങ്ങൾ സഭകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അതു സംബന്ധിച്ച ഒരു പരാതി വന്നാൽ പരാതിക്കാരനെ ശിക്ഷിക്കാൻ വകുപ്പില്ലല്ലോ. സത്യപ്രതിജ്ഞ സംബന്ധിച്ച തർക്കങ്ങൾ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. സഗൗരവമോ ദൈവനാമത്തിലോ ആണ് സത്യപ്രതിജ്ഞ ചെയ്യാറുള്ളത്. അങ്ങനെയല്ലാതെ ചെയ്ത സത്യപ്രതിജ്ഞകളെ ചൊല്ലിയുള്ള തർക്കങ്ങൾ കോടതി കയറിയിട്ടുണ്ട്. സത്യപ്രതിജ്ഞയും സഭാ നടപടികൾക്കിടെ ഉണ്ടാകുന്ന ചട്ടലംഘനങ്ങളും ഒരേ രീതിയിലല്ല കോടതികളും കാണാറുള്ളത്.

ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ദൃശ്യം യു ഡി എഫ് സർക്കാരിന്റെ കാലത്ത് ഇടതുപക്ഷ അംഗങ്ങൾ സഭാനടപടികൾ തടസപ്പെടുത്തുന്നതാണ്. അത് ചട്ട ലംഘനമല്ലേ എന്നാണ് ചോദ്യം. ആണ്, ചട്ടലംഘനമാണ്. അന്നങ്ങനെ കാണിച്ചതുകൊണ്ട് ഇപ്പോൾ എല്ലാവർക്കും സഭയുടെ മേശപ്പുറത്ത് കയറാമെന്ന് സ്‌പീക്കർക്ക് ഉത്തരവിടാൻ കഴിയില്ല. സഭയുടെ നടുത്തളത്തിൽ ഇറങ്ങരുത്, മുദ്രാവാക്യം വിളിക്കരുത്, സഭാ നടപടികൾക്ക് വേണ്ടതല്ലാത്ത ഒന്നുംതന്നെ സഭയിൽ കൊണ്ടുവരാനോ വായിക്കാനോ പാടില്ല, ഒരംഗം സംസാരിക്കുമ്പോൾ തടസപ്പെടുത്തരുത്, സ്‌പീക്കറുടെ അനുമതിയില്ലാതെ സംസാരിക്കരുത് എന്നിങ്ങനെ നിരവധിയായ ചട്ടങ്ങൾ സഭാ നടത്തിപ്പിനായുണ്ട്. പാർലമെന്റ് നടപടിക്രമങ്ങളിലൊക്കെയും ഇതുണ്ട്. ഇതൊക്കെ എത്രയോ തവണ നിരന്തരമായി ലംഘിക്കപ്പെടുന്നവയുമാണ്. എന്നാൽ അതിനൊക്കെ ഉപയോഗം മൂലം സാധുതയുണ്ട് എന്ന് പറയാൻ സ്‌പീക്കർക്കാവില്ല. അതുകൊണ്ട് ചട്ടം ലംഘിക്കാനേ കഴിയൂ ലംഘനം ചട്ടമാക്കാൻ കഴിയില്ല.

ഇനി രാജേഷ് പറഞ്ഞത് നോക്കിയാൽ ഈ പരാതി പരിശോധിക്കും എന്ന് ചോദ്യത്തിന് മറുപടിയായി പറയുക മാത്രമാണ് അദ്ദേഹം ചെയ്തത്. അല്ലാതെ മറ്റെന്താണ് പറയേണ്ടത്? വാസ്തവത്തിൽ മാധ്യമശ്രദ്ധയും പൊതുശ്രദ്ധയും പിടിച്ചുപറ്റാൻ വേണ്ടി നിലവാരമില്ലാത്ത രാഷ്ട്രീയ നാടകം കളിക്കുകയാണ് നിയമസഭയിൽ ആക്രമിച്ചു എന്ന മട്ടിൽ ചെയ്യുന്നത്.

വി.ടി. ബൽറാമിനെ തോൽപ്പിച്ചാണ് രാജേഷ് നിയമസഭയിലെത്തിയത് എന്ന കാര്യത്തിൽ ദേഷ്യവും സങ്കടവുമുള്ള പലരുമുണ്ട്. അതിന് വേറെ നിവൃത്തിയൊന്നുമില്ല. കെ. കെ. രമയും അവരുടെ പാർട്ടിയും യു ഡി എഫിനൊപ്പമാണ് മത്സരിച്ചതും ജയിച്ചതും. യു ഡി എഫ് സർക്കാരുണ്ടാക്കാനായിരുന്നു ആർ എം പി വോട്ടു ചോദിച്ചതും. എന്തുകൊണ്ട് യു ഡി എഫ് അധികാരത്തിലെത്തരുത് എന്നും ഇടതുമുന്നണി ജയിക്കണമെന്നും വാദിച്ചവർക്കും ആ രാഷ്ട്രീയം പറഞ്ഞവർക്കും ആർ എം പിയെ രാഷ്ട്രീയമായി എതിർക്കാനുള്ള അവകാശവുമുണ്ട്. അതിനെ കേവല വൈകാരികതയുടെ പ്രകടനം കൊണ്ടല്ല നേരിടേണ്ടത്.

കെ. കെ. രമയ്ക്ക് നേരെ സ്ത്രീ രാഷ്ട്രീയ പ്രവർത്തക എന്ന നിലയിൽ നടത്തുന്ന അധിക്ഷേപങ്ങൾ നിരവധിയാണ് എന്നത് വസ്തുതയാണ്. അത് ചെറുക്കപ്പെടേണ്ടതും അപലപിക്കപ്പെടേണ്ടതുമാണ്. രാഷ്ട്രീയ സംവാദങ്ങളിൽ പരപുച്ഛത്തിലും തങ്ങളുടേതല്ലാത്ത രാഷ്ട്രീയാഭിപ്രായങ്ങളോടുള്ള അസഹിഷ്ണുതയിലും ആർ എം പിക്കാർ ഒട്ടും കുറവല്ല. ശക്തിക്കനുസരിച്ചുള്ള ഏറ്റക്കുറച്ചിലുകളുണ്ട് എന്നേയുള്ളു.

ഇനി എല്ലാ ദിവസവും ഇത്തരത്തിലൊരു ബാഡ്ജ് ധരിച്ചു സഭയിലെത്താമോ എന്നാണെങ്കിൽ പാടില്ല എന്നാണ് സഭാ ചട്ടം പറയുന്നത്. അതൊരു നിയമത്തിന്റെ യുക്തിയുടെ കാര്യമാണ്. എല്ലാ ദിവസവും മേശപ്പുറത്തുകയറുകയും സ്പീക്കറുടെ കസേര മറിച്ചിടുകയും ചെയ്‌താൽ പിന്നെ സഭയില്ല. അതുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത് ചട്ടലംഘനമായി കാണുന്നത്. ചട്ടലംഘനത്തിനു കാരണങ്ങളുണ്ട് എന്ന് നിങ്ങൾക്ക് രാഷ്ട്രീയമായി പറയാം. ഒരു നിയമത്തിന്റെ യുക്തി പരിശോധിക്കുന്നത് അതെന്തിനാണ് ഉണ്ടാക്കിയത് എന്ന് വെച്ചാണ്.

ഒരു വിഷയത്തിലെ പരാതി പരിശോധിക്കാം എന്ന് സൗമ്യമായി പറഞ്ഞതാണ് രാജേഷിനു നേരെയുള്ള ഈ ഹാലിളക്കത്തിന്റെ കാരണമെങ്കിൽ അത് നിങ്ങളുടെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ നേർക്കാഴ്ചയാണ്.


Comments