തട്ടിപ്പുകാരന്റെ കൂടാരത്തിലെ ചിത്രമെടുപ്പ്​ അത്ര നിഷ്​കളങ്കമല്ല

കേരള പൊലീസ് എത്ര ആഴത്തിലും പരപ്പിലുമാണ് ക്രിമിനലുകളുടേയും അവരുടെ കൂട്ടാളികളുടേയും ലാവണമായിരിക്കുന്നതെന്ന് ദിനംപ്രതി തെളിയുകയാണ്. ഇതിൽ നിന്നും കഴിഞ്ഞ അഞ്ചു വർഷം ആ വകുപ്പിന്റെ ചുമതല വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ല.

സംസ്ഥാനത്തിന്റെ പൊലീസ് മേധാവിയും (സംഭവസമയത്ത്-ലോക്​നാഥ്​ബെഹ്‌റ) മറ്റൊരു ഉയർന്ന പദവിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനും (മനോജ് അബ്രഹാം) ഒരു എമണ്ടൻ തട്ടിപ്പുകാരന്റെ കൂടാരത്തിൽ കോമാളികളെപ്പോലെ ചിത്രപദംഗങ്ങളായി നിൽക്കുന്ന ചിത്രം വെറും കോമാളിത്തരമായി വിട്ടുകളയരുത്. മോശയുടെ അംശവടിയും യൂദാസിന്റെ വെള്ളിക്കാശുമടക്കം കയ്യിലുണ്ടെന്ന് അവകാശപ്പെടുന്നൊരു തട്ടിപ്പുകാരന്റെ വീട്ടിൽ ചെന്ന് അയാളുടെ തട്ടിപ്പ് സാമഗ്രികൾക്ക് സാധുത നൽകുന്ന വിധത്തിൽ ചിത്രമെടുപ്പിന് നിന്നുകൊടുക്കുമ്പോൾ അത് ഇക്കാര്യങ്ങളെക്കുറിച്ചൊന്നും അറിയാതെയാണ് എന്ന് കരുതാൻ ഒരു ന്യായവുമില്ല.

സംസ്ഥാന പൊലീസ് മേധാവി സന്ദർശിക്കുന്ന ആളുകൾ ഏതു തരക്കാരാണ് എന്നതിനെക്കുറിച്ച് അയാൾക്കും പൊലീസ് വകുപ്പിനും ഒരു മുൻധാരണയുമില്ല എന്നും കരുതാനാകില്ല. അതായത് ഇപ്പോൾ അറസ്റ്റിലായ തട്ടിപ്പുകാരനെക്കുറിച്ച് ബെഹ്‌റയ്‌ക്കും മനോജ് അബ്രഹാമിനും സാമാന്യമായി ശരിയായ ധാരണതന്നെ ഉണ്ടായിരുന്നു എന്നതിന്നാണ് എല്ലാ സാഹചര്യതെളിവുകളും. നേരെ തിരിച്ചാണെങ്കിൽ അവരത് തെളിയിക്കേണ്ടതുണ്ട്. മോസസിന്റെ വടിയും യൂദാസിന്റെ വേലിക്കസ്സും കയ്യിലുണ്ടെന്നു അവകാശപ്പെട്ടുന്ന ഒരാളെക്കുറിച്ച് തങ്ങൾക്ക് ഒരു സംശയവും തോന്നിയില്ല എന്നാണ് ടിയാന്മാർ അവകാശപ്പെടുന്നതെങ്കിൽ, നിഷ്ക്കളങ്കത നടിക്കുന്നതെങ്കിൽ, മുൻകാല പ്രാബല്യത്തോടെ ഇവരെ മുത്തുവും വിക്രമനുമായി പ്രഖ്യാപിക്കണം. ഒരു തമാശയ്ക്ക് അങ്ങനെയൊക്കെ പറയാമെങ്കിലും അതൊന്നുമല്ല ഈ തട്ടിപ്പുകാരന്റെ അതിഥികളാകാൻ ഇവരെ പ്രേരിപ്പിച്ചത് എന്നതിൽ സംശയമില്ല.

ലോക്​നാഥ്​ ബെഹ്‌റ സർവീസ് കാലത്ത് കാണിച്ച ഇത്തരം കുശാഗ്രബുദ്ധിയുടെ പാരിതോഷികമെന്ന നിലയിൽ വിരമിച്ചതിന് ശേഷം കൊച്ചി മെട്രോയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചിട്ടുണ്ട് കേരള സർക്കാർ. ഡി ജി പിക്ക് ഇത്തരം ചില പുരാവസ്തു താത്പര്യങ്ങളുണ്ട് എന്നത് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയെ അറിയിക്കാൻ നമ്മുടെ പൊലീസ്/ഭരണ സംവിധാനത്തിൽ ചില സംവിധാനങ്ങളുണ്ട്. ഒന്നുകിൽ അതൊക്കെ തീർത്തും നിഷ്​ക്രിയമായ വിധത്തിൽ താറുമാറായി കിടക്കുകയാണ് പൊലീസ് വകുപ്പ്. അല്ലെങ്കിൽ അത്തരം കൗതുകവാർത്തകൾ ലഭിച്ചിട്ടും ഒഴിവാക്കാനാകാത്ത ചില മിടുക്കുകൾ ബെഹ്‌റയ്‌ക്കുണ്ട്. അപ്പോൾ ബെഹ്റയുടെ പ്രച്ഛന്നവേഷത്തെക്കുറിച്ച് മറുപടി പറയാൻ സംസ്ഥാന സർക്കാരിനും ആഭ്യന്തരവകുപ്പിന് പ്രത്യേകമായും ഉത്തരവാദിത്തമുണ്ട്. കൊച്ചി മെട്രോയുടെ തലപ്പത്ത് പുതിയ ലാവണം കണ്ടെത്തിയ ലോക്​നാഥ് ബെഹ്റയെന്ന കുറ്റവാളികളുടെ ബന്ധമുണ്ടെന്ന് സംശയിക്കാവുന്ന മുൻ പോലീസ് മേധാവിയെ ഉടനടി ആ സ്ഥാനത്തു നിന്നും മാറ്റിനിർത്തി അന്വേഷിക്കാൻ സർക്കാർ തയ്യാറാകണം.

ബെഹ്റയ്ക്ക് ഇത്തരത്തിലുള്ള ഒരു തട്ടിപ്പുകാരനെക്കുറിച്ച് സംശയം തോന്നിയില്ല എന്നത് ഒരു കാരണവശാലും വിശ്വസിക്കാൻ കഴിയില്ല. ദേശീയ അന്വേഷണ ഏജൻസി -NIA -യുടെ സ്ഥാപക ഉദ്യോഗസ്ഥരിൽ ഒരാളാണ് ബെഹ്‌റ. ഭീകര പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സ്രോതസുകൾ, വ്യാജ നോട്ട് എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ബെഹ്റയുടെ ജോലി. ഭീകരപ്രവർത്തനത്തിനുള്ള അന്താരാഷ്‌ട്ര സാമ്പത്തിക ബന്ധങ്ങൾ അന്വേഷിച്ചിരുന്ന ഒരു IPS ഉദ്യോഗസ്ഥന് കേരളമെന്ന ചെറിയ സംസ്ഥാനത്തിൽ ഇത്രയും വിപുലമായ വ്യാജ പുരാവസ്തു ശേഖരത്തെക്കുറിച്ചുള്ള അവകാശവാദങ്ങളിലും അയാളുടെ സമ്പത്തിലും ഒരു സംശയവും തോന്നിയില്ല എന്നത് വെറുമൊരു "മണ്ടൻ' എന്ന കളിയാക്കലിൽ ഒതുക്കി തള്ളിക്കളയേണ്ട സംഗതിയല്ല. ഇത്തരം തട്ടിപ്പുകൾക്കും സാമ്പത്തിക ഇടപാടുകൾക്കും വിപുലമായ ബന്ധങ്ങൾ കൂടിയേ തീരൂ എന്നുള്ളപ്പോൾ പ്രത്യേകിച്ചും.

മനോജ് അബ്രഹാമാകട്ടെ ഇപ്പോഴും കേരള പോലീസിലെ എ.ഡി.ജി.പിയാണ്. ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ച് കുറ്റാരോപിതനായ ഒരാളുടെ പക്കലുള്ള "തൊണ്ടിമുതലുകളിൽ' ചിലതുമായി ബെഹ്‌റയും മനോജ് അബ്രഹാമും നിൽക്കുന്ന ചിത്രം പുറത്തുവന്ന സ്ഥിതിക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഇരുവരെയും ചോദ്യം ചെയ്യേണ്ടതുണ്ട്. അതുകൊണ്ടുതന്നെ മനോജ് അബ്രഹാമിനെ ആദ്യഘട്ട അന്വേഷണ കാലയളവിലെങ്കിലും ഔദ്യോഗിക ചുമതലകളിൽ നിന്നും മാറ്റിനിർത്താൻ സർക്കാർ നടപടിയെടുക്കണം.

ഡി.ഐ.ജി സുരേന്ദ്രൻ എസ് പി ലാൽജി തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരുടെയും മുൻ ചീഫ് സെക്രട്ടറി ജിജി തോംസൻറെയും (ജിജി തോംസനൊക്കെ ഇപ്പോഴും സജീവമായി ഈ രംഗത്തുതന്നെ തുടരുന്നു എന്നത് ഐ.എ.എസ്​ അണ്ണാന്മാർ ഒരിക്കലും ചട്ടം മറക്കുന്നില്ല എന്നത് ഓർമ്മിപ്പിക്കുന്നു) പേരുകൾ പരാതിക്കാരൻ പറയുന്നുണ്ട്. കേരള പൊലീസ് എത്ര ആഴത്തിലും പരപ്പിലുമാണ് ക്രിമിനലുകളുടേയും അവരുടെ കൂട്ടാളികളുടേയും ലാവണമായിരിക്കുന്നതെന്ന് ദിനംപ്രതി തെളിയുകയാണ്. ഇതിൽ നിന്നും കഴിഞ്ഞ അഞ്ചു വർഷം ആ വകുപ്പിന്റെ ചുമതല വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ല. ഇപ്പോഴും ആഭ്യന്തര മന്ത്രിയായ അദ്ദേഹം സമഗ്രമായ ഒരു മാറ്റത്തിലേക്ക് സേനയെ നയിക്കാനുള്ള നടപടികൾ തുടങ്ങുകയെങ്കിലും ചെയ്യാതെ പതിവ് "പൊലീസ് ത്യാഗികതകളാണ്‌' ആവർത്തിക്കുന്നതെങ്കിൽ കെടുകാര്യസ്ഥതയുടെ ചരിത്രഭാരമായിരിക്കും പിണറായി വിജയൻ ബാക്കിയാക്കുക.

കളക്ടർ ബ്രോ എന്ന പേരിൽ ‘തള്ളൽ ബ്രോ’ എന്നറിയപ്പെടുന്ന മാധ്യമ പ്രവർത്തകയോട് അശ്ളീല സന്ദേശമയച്ചതിന്റെ പേരിൽ അന്വേഷണം നേരിടുന്ന വിദ്വാനും പുരാവസ്തുവിൽ കമ്പം കാണിക്കുന്ന ചിത്രം വന്നിട്ടുണ്ട്. എങ്ങനെയൊക്കെയാണ് ഇപ്പോൾ പിടിയിലായ പുരാവസ്തു ശേഖരൻകുട്ടി ഇത്തരക്കാരെ സത്കരിച്ചിരുന്നത് എന്നത് ശ്രീമാൻ ബ്രോ ഒന്ന് തള്ളി നോക്കും എന്ന് പ്രതീക്ഷിക്കാൻ വയ്യ.

സംസ്ഥാനത്തെ ഏതു തട്ടിപ്പിലുമുള്ള സ്ഥിരം നിലയാംഗങ്ങളാണ് പിന്നെയുള്ളത്; കെ. സുധാകരൻ "Cosmetic' ചികിത്സയ്ക്കാണത്രെ "ഡോക്ടറുമായി' ബന്ധപ്പെട്ടത്. വെറുതെയാണോ ഈ പ്രായത്തിലും ഇത്രയും ഗ്ളാമർ ! വിണ്ണിലേ സുധാകരനായാലും വിരഹിയായ കാമുകനായാലും ഗ്ളാമറിൽ മൂപ്പർക്ക് വിട്ടുവീഴ്ചയില്ല.

ഏത് തട്ടിപ്പുകാരനുമായും വേദി പങ്കിടാനും ഇടപാടുകൾ നടത്താനും ഒളിവിലും തെളിവിലും മടിയില്ലാത്ത വലിയൊരു രാഷ്ട്രീയനേതൃത്വ വർണ്ണരാജിയാണ് കേരളത്തിൽ ഇപ്പോഴുള്ളത് എന്നതാണ് വാസ്തവം. ബെഹ്‌റയും മനോജ് അബ്രഹാമും ജിജി തോംസണും പോലെയുള്ള ഉദ്യോഗസ്ഥ ദല്ലാളുകളാകട്ടെ വിശ്വാസം ഏതായാലും പ്രാർത്ഥിക്കാൻ ഒരേ ചന്ദനത്തിരി തന്നെ കത്തിക്കണം എന്ന മട്ടിൽ അഴിമതിയുടെ നൈരന്തര്യം ഉറപ്പുവരുത്തുന്നുണ്ട്.

ഇവരുടെയൊക്കെ തീറ്റയും തേച്ചുകുളിയുമടക്കം സകല ചെലവും പേറുന്ന സാധാരണ പൗരന്മാർക്ക് ഒന്ന് കാണണമെങ്കിൽ ഹരിവരാസനം പാടി കാത്തുനിൽക്കേണ്ട ഈ രാഷ്ട്രീയ-ഉദ്യോഗസ്ഥ ഇത്തിക്കണ്ണികളൊക്കെ വളഞ്ഞും താന്നും നീണ്ടും നിവർന്നുമൊക്കെ തട്ടിപ്പുകാരുടെയും കുറ്റവാളികളുടേയും കൂട്ടാളികളായി അവരുടെ സ്വീകരണമുറികളിൽ നിരങ്ങുമ്പോൾ ,

"Beaten man who shall avenge you ?
You on whom the blows are falling.' -(Brecht)


Summary: കേരള പൊലീസ് എത്ര ആഴത്തിലും പരപ്പിലുമാണ് ക്രിമിനലുകളുടേയും അവരുടെ കൂട്ടാളികളുടേയും ലാവണമായിരിക്കുന്നതെന്ന് ദിനംപ്രതി തെളിയുകയാണ്. ഇതിൽ നിന്നും കഴിഞ്ഞ അഞ്ചു വർഷം ആ വകുപ്പിന്റെ ചുമതല വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഒഴിഞ്ഞുമാറാനാകില്ല.


പ്രമോദ്​ പുഴങ്കര

അഭിഭാഷകൻ, എഴുത്തുകാരൻ.

Comments