"കെ.കെ. ശൈലജയെപ്പോലുള്ളവരുടെ കപടമായ എംപതിക്കും എം.സി. ജോസഫൈനെപ്പോലുള്ളവരുടെ പച്ചയായ റൗഡിസത്തിനും ഇടയ്ക്കാണ് മലയാളി സ്ത്രീകളുടെ ജീവിതം' എന്ന് സ്ത്രീധന പീഡന കൊലപാതകങ്ങളുടെയും ആത്മഹത്യകളുടേയും പശ്ചാത്തലത്തിൽ ജെ. ദേവിക ‘തിങ്കി’ൽ എഴുതിയ കുറിപ്പിൽ വായിച്ചു. തീർത്തും വിയോജിക്കുന്നു. കാടടച്ചു വെടിവെക്കുന്ന മട്ടിലുള്ള ഇത്തരം നിരീക്ഷണങ്ങൾ വാസ്തവത്തിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളുടെ സ്വഭാവത്തെ ഗതിമാറ്റാൻ മാത്രമേ സഹായിക്കൂ. ഒരു സ്ത്രീധന മരണമുണ്ടായാൽ അതിന്റെ കുറ്റവാളികളുടെ പട്ടികയിൽ ആത്മഹത്യ ചെയ്ത/ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാരെ പ്രതിചേർക്കുന്നത് വളരെ പ്രശ്‌നസങ്കീർണമായ ഒരു കാര്യമാണ്. ഒറ്റ നോട്ടത്തിൽ നിയമമനുസരിച്ച് സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണെന്ന് പറഞ്ഞുകൊണ്ട് വിഷയം തീർക്കാം. പക്ഷെ അങ്ങനെ കറുപ്പും വെളുപ്പുമായി വായിക്കാവുന്ന ഒന്നല്ല സ്ത്രീധന പ്രശ്‌നത്തിൽ പെൺവീട്ടുകാരുടെ പങ്ക്.
ആഴത്തിൽ വേരൂന്നിയ പുരുഷാധിപത്യ സാമൂഹ്യ പൊതുബോധത്തിനുള്ളിലാണ് ഒരു സമൂഹം എന്ന നിലയിൽ നാം കഴിയുന്നത്. അതിന്റെ ഏറ്റവും പ്രകടമായ സ്ത്രീവിരുദ്ധ ഏർപ്പാടുകളിലൊന്നാണ് സ്ത്രീധന സമ്പ്രദായം. സ്ത്രീധനം മാത്രമല്ല കുടുംബം എന്ന സ്ഥാപനം തന്നെ സ്ത്രീവിരുദ്ധമാണ്, സ്ത്രീകളുടെ അടിമത്തത്തിൽ കെട്ടിപ്പൊക്കിയതുമാണ്. അതിനുള്ളിലെ മനുഷ്യരുടെ ജീവിതത്തിൽ അവർ അത്തരം സാമൂഹ്യബോധത്തിലേക്ക് ചേരാതെ നിൽക്കുക എന്നത് വലിയ സമരമാണ്. അത് വ്യക്തികൾ എന്ന അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് ഒരു ശരിയായ സാമൂഹ്യ വിശകലന രീതിയല്ല. എന്റെ മകൾക്ക് സ്ത്രീധനം നൽകിയുള്ള വിവാഹം വേണ്ട എന്നും എനിക്ക് സ്ത്രീധനം നൽകിയുള്ള കല്യാണം വേണ്ടാ എന്നും എന്നെ തല്ലിയ വീട്ടിൽ നിന്നും ഞാൻ ഇറങ്ങിപ്പോരും എന്നുമൊക്കെ പറയുന്ന വ്യക്തികൾ ഒരു സമൂഹത്തിൽ ഉണ്ടാകാൻ വിശാലാടിസ്ഥാനത്തിലുള്ള സാമൂഹ്യമാറ്റങ്ങളുടെ ഭാഗമായി ആ മാറ്റമുണ്ടാകണം.
ഇറങ്ങിപ്പോരാൻ വീടില്ലാത്ത സ്ത്രീകൾ തല്ലുകൊണ്ടാലും ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നത്, അല്ലെങ്കിൽ തന്റെയും ഭർത്താവിന്റെയും പേരിലുള്ള വീട്ടിൽ രണ്ടാം കിടയായി ജീവിക്കുന്നതൊക്കെ പല തരത്തിലുള്ള സാമൂഹ്യ, സാമ്പത്തിക സമ്മർദ്ദങ്ങളുടെയും ഭാഗമായാണ്. പലപ്പോഴും അത്തരം അവസ്ഥയെ സ്ത്രീകൾ ആന്തരികമായി അംഗീകരിക്കുക വരെ ചെയ്യും. ഇത് വ്യക്തി എന്ന നിലയിലുള്ള കുഴപ്പമായി കണ്ടാൽ അത് ശരിയാകില്ല. അതുകൊണ്ടുതന്നെ ആത്മഹത്യ ചെയ്ത /കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടുകാർ മകളുടെ കുടുംബം എന്ന സ്ഥാപനം ഉണ്ടാക്കുന്നതിനും നിലനിർത്തുന്നതിനും അവലംബിച്ച രീതികൾ ഒരു പുരുഷാധിപത്യ സമൂഹത്തിന്റെയും വർഗ്ഗവിഭജിത സമൂഹത്തിന്റെയുമൊക്കെ നിരവധി സാമൂഹ്യ-രാഷ്ട്രീയ മൂല്യബോധങ്ങളും യാഥാർത്ഥ്യവും ചേർന്നതാണ്.
പുരുഷ കേന്ദ്രീകൃതമായ ഒരു അധികാരവ്യവസ്ഥയുടെ സാമ്പത്തിക സമ്പ്രദായത്തിന്റെ വേഷം കെട്ടലാണ് അമ്മായിഅമ്മമാർ പോലും പലപ്പോഴും നടത്തുന്നത്. ഒരുതരത്തിൽ convict warden എന്ന് വിളിക്കാം. അല്ലെങ്കിൽ കുങ്കിയാനകൾ എടുക്കുന്ന പണി. അമ്മായിഅമ്മ എങ്ങനെയാണോ തീർത്തും അടിമസമാനമായ ജീവിതം നയിച്ചത് അതിന്റെ ആവർത്തനങ്ങളിലേക്കാണ് അവർ മറ്റൊരു സ്ത്രീയെ ഒരുക്കുന്നത്. അതുകൊണ്ട് അത്തരത്തിലൊരു ജീവിതം നയിക്കേണ്ടാത്ത സമൂഹം സ്ത്രീകളെ സംബന്ധിച്ച് സാധ്യമാകുമ്പോൾ അവർക്ക് അമ്മായിഅമ്മ വേഷം കെട്ടിക്കളിക്കാനും മരുമകൾക്ക് അതിനു നിന്നുകൊടുക്കാനുമുള്ള സാമൂഹ്യ ഇടം ഇല്ലാതാകും.
സ്ത്രീധനം കൊടുത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്താൽ എന്റെ നാട്ടിലെ, പെൺകുട്ടികളുടെ വിവാഹം നടത്തിയ ഏതാണ്ടെല്ലാ മുസ്‌ലിം, കൃസ്ത്യൻ കുടുംബങ്ങളും അറസ്റ്റിലാകും. സ്ത്രീധനത്തുകയും സ്വർണ്ണവുമൊപ്പിക്കാൻ നെട്ടോട്ടമോടുന്ന മനുഷ്യർക്ക് നമ്മളും പണം കൊടുത്തിട്ടുണ്ട്. ഒരു സാമൂഹ്യ-രാഷ്ട്രീയ പ്രബല സമ്പ്രദായത്തെ, സമ്മർദ്ദത്തെ ചെറുക്കാനുള്ള ചുമതല പലതരത്തിൽ നിസ്സഹായരായ മനുഷ്യരിലേക്ക് വ്യക്ത്യാധിഷ്ഠിതമായി വെച്ചുകൊടുക്കുന്നത് ഒരു തരത്തിൽ നിരുത്തരവാദപരമായ രാഷ്ട്രീയമാണ്. വിദ്യാഭ്യാസം, ജോലി, സാമ്പത്തിക ഭദ്രത എന്നിങ്ങനെ നിരവധിയായ ചുറ്റുപാടുകളുടെ ബലമുണ്ടെങ്കിൽപ്പോലും നമ്മുടെ സമൂഹത്തിന്റെ പിന്തിരിപ്പൻ ജൈവവ്യസ്ഥയിൽ ഏറെ ദുഷ്‌കരമായ ഒരു നിലനിൽപ്പാണ് അവിവാഹിതരോ വിവാഹമോചിതരോ ആയ സ്ത്രീകളുടേത്. അതുകൊണ്ടുതന്നെ അത്തരമൊരു അവസ്ഥയെ ഒഴിവാക്കാൻ സ്ത്രീകളുടെ കുടുംബങ്ങളും സ്ത്രീകളും പരമാവധി ശ്രമിക്കുന്നത് അവരുടെ ഗതികേടാണ്, ഒപ്പം വലിയൊരു സാമൂഹ്യ പ്രശ്‌നവുമാണ്.
സ്ത്രീധനമെന്ന, സ്ത്രീകളുടെ രണ്ടാം കിട ജീവിതമെന്ന സാമൂഹ്യബോധത്തിനെതിരെ സ്ത്രീവിമോചനത്തിന്റെ രാഷ്ട്രീയം എല്ലാ മേഖലകളിലും ഉയർത്തിക്കൊണ്ടേ സാധ്യമാകൂ. അങ്ങനെ ചെയ്യുന്നു എന്നതിനർത്ഥം അതിന്റെ ഇരകളുടെ പിന്തിരിപ്പൻ സാമൂഹ്യബോധത്തെ വ്യക്തിഗതമായ വീഴ്ചകളാക്കി കാണാതിരിക്കുക എന്നതാണ്. പീഡകൻ ചെയ്ത അതേ ക്രിമിനൽ കുറ്റമായി അതിനെ കാണാതിരിക്കേണ്ടി വരും. അടി കൊണ്ടിട്ടും പൊലീസിൽ പറയാത്തതിന് ‘ന്നാ പിന്നെ അനുഭവിച്ചോ ട്ടാ' എന്നു പറഞ്ഞ വനിതാ കമ്മീഷൻ അധ്യക്ഷ ഇരയുടെ നിസ്സഹായാവസ്ഥയെ മനസിലാക്കാതെയാണ് അത് സ്വയം കൃതാനർത്ഥമാണ് എന്ന് വരുത്തുന്നത്. മർദകനായ ഭർത്താവിനെതിരെ കേസ് കൊടുക്കാൻ തയ്യാറാകാത്ത സ്ത്രീകൾ തല്ലുകൊള്ളേണ്ടവരാണ് എന്ന് പറയാൻ പാടില്ല. അത് സ്ത്രീ വിമോചന രാഷ്ട്രീയത്തിന്റെ മാത്രമല്ല ഏതൊരു സാമൂഹ്യ സംഘർഷവും നേരിടുന്ന ഉൾപ്പിരിവുള്ള നിരവധിയായ ആഭ്യന്തര വൈരുധ്യങ്ങളുടെ വെല്ലുവിളിയാണ്. ആ വെല്ലുവിളി നേരിടണമെങ്കിൽ അത്തരം വൈരുദ്ധ്യങ്ങളെ മനസിലാക്കുക കൂടി വേണം.
ആർത്തവം അശുദ്ധിയാണെന്നും നവോത്ഥാനം തുലയട്ടെ എന്നും ഫെമിനിച്ചികൾ പിഴകളാണ് എന്നുമൊക്കെ ആക്രോശിച്ചുകൊണ്ട് ആയിരക്കണക്കിന് സ്ത്രീകളാണ് കേരളത്തിൽ കുറച്ചുകാലം മുമ്പ് തെരുവിലിറങ്ങിയത്. ആ മുദ്രാവാക്യങ്ങൾ വിളിച്ചത് സ്ത്രീകളെങ്കിലും അതൊരു പുരുഷാധിപത്യ സമൂഹത്തിന്റെ മുദ്രാവാക്യങ്ങളാണ്. പർദ്ദയും ഹിജാബും ഞങ്ങളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് എന്നും മുസ്‌ലിംകളല്ലാത്തവർക്ക് ഇതിലൊക്കെ എന്ത് കാര്യമെന്നു ചോദിക്കുന്നതും ഇതേ കുലസ്ത്രീ അടിമത്തത്തെ സൃഷ്ടിക്കുന്ന സംവിധാനത്തിന്റെ നൂറുകണക്കിന് വർഷങ്ങളുടെ പിൻബലമുള്ള പിന്തിരിപ്പൻ ബോധമാണ്. അതിനെയൊക്കെ വ്യക്ത്യാധിഷ്ഠിതമായി എതിർക്കുന്നത് കേവല യുക്തിവാദത്തിന്റെ യാന്ത്രികരീതി പോലിരിക്കും.
ശൈലജ ടീച്ചറുടേത് കപട എംപതി ആണെന്നുള്ള ആക്ഷേപം തീർത്തും തെറ്റായ ഒരു നിഗമനമാണ്. മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ സ്ത്രീധന പീഡനം മൂലം മരിച്ച ഒരു പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദർശിക്കുന്നത് ശരിയായ ഒരു നടപടിയാണ്. പൊതുരംഗത്തുള്ള ആളുകൾ ഇത്തരം വിഷയങ്ങളിൽ ഇങ്ങനെ ഇടപെടുകയും വേണം. ഒരു രാഷ്ട്രീയ കക്ഷിയുടെ ഒരു സാധാരണ പ്രവർത്തകനായ അച്ഛനിൽ നിന്നും സ്ത്രീധന വിരുദ്ധതയൊക്കെ പ്രതീക്ഷിക്കാവുന്ന തരത്തിൽ നമ്മുടെ സമൂഹം വളർന്നുവെന്ന് കരുതുന്നത് യാഥാർഥ്യങ്ങളെ വാദത്തിനു വേണ്ടി തമസ്‌കരിക്കലാകും. മരിച്ച പെൺകുട്ടിയുടെ വീട്ടുകാരുടെ സങ്കടത്തെ അതിവൈകാരികത എന്ന് വിളിച്ചു ചെറുതാക്കുന്നത് മറ്റൊരു തരം അതിവൈകാരികതയാണ്.
ഇത്തരം സംഭവങ്ങളുണ്ടാക്കുന്ന സാമൂഹ്യ പ്രതികരണങ്ങളിൽ നിന്നും ഈ പിന്തിരിപ്പൻ സാമൂഹ്യ-രാഷ്ട്രീയ സംവിധാനത്തിനെതിരെ എങ്ങനെ സ്ത്രീവിമോചനത്തിന്റെ രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുപോകാം എന്നാണ് പ്രധാന പ്രശ്‌നം. അതിന് ഇത്തരത്തിലുള്ള ന്യൂനോക്തികൾ സഹായിക്കില്ല എന്നാണ് ഞാൻ കരുതുന്നത്.
എംപതി വ്യവസ്ഥയുടെ ഇരകളായ സ്ത്രീകൾക്കാണ് ആവശ്യം-ജെ. ദേവികയുടെ മറുപടി
വിഷയം സ്ത്രീധനം വാങ്ങലും ഉപദ്രവവും മാത്രമല്ല. വരവിലയുടെ പേരിൽ മകളുടെ സ്വത്ത് അന്യാധീനപ്പെടുതിയതും സ്വത്ത് കൈകാര്യം ചെയ്യാൻ അവളുടെ അവകാശം ഇല്ലാതാക്കിയതും കൂടി ആണ്. Distress signals ധാരാളം വന്നിട്ടും തക്ക സമയത്ത് അവളെ രക്ഷപ്പെടുത്താൻ കൂട്ടാക്കത്തത്തുകൂടി ആണ്.
ദുരന്തത്തിന്റെ വലിയ പങ്ക് ഉത്തരവാദിത്വം വഹിക്കുന്നവരെ ചെന്ന് ആശ്വസി പ്പിക്കുന്നതാണ് വിഷയത്തെ മറയ്ക്കുന്ന പ്രവൃത്തി. അല്ലാതെ അത് ചൂണ്ടിക്കാണിക്കുന്നതല്ല.
എംപതി ദുരന്തത്തിന്റെ ഉത്തരവാദിത്വം പകുതി വഹിക്കുന്നവർക്കല്ല, കേരളത്തിൽ ഈ വ്യവസ്ഥയുടെ ഇരകളായ സ്ത്രീകൾക്കാണ് ആവശ്യം.
കെ.കെ. ശൈലജ ഒരു രാഷ്ട്രീയ പ്രവർത്തകയാണ്. സ്ത്രീകളായ പൗരജനങ്ങളോട് കൂടി ഉത്തരവാദപ്പെട്ട നേതാവാണ്. ആരാധകർ ക്ഷമിക്കൂ. ഇത്തരം കാര്യങ്ങളിൽ gender advisor ഒക്കെ ഉണ്ടായിരുന്ന സമയത്തും അവർ പലപ്പോഴും വീഴ്ച കാട്ടിയിട്ടുണ്ട്. പാലത്തായി കേസ് ഞാൻ മറന്നിട്ടില്ല. സോറി, ഇത്തരം കാര്യങ്ങളിൽ അവർ പഴയകാല മാന്യതകളുടെ പിതൃമേധാവിത്വ മാന്യതയുടെ, ഇടുങ്ങിയ രാഷ്ട്രിയ താൽപര്യങ്ങളുടെ, വക്താവ് തന്നെ.