വെള്ളാപ്പള്ളി നടേശൻ, പിണറായി വിിജയൻ.

സംഘപരിവാറിന്റെ
നടേശനെക്കൂട്ടി
സി.പി.എമ്മിന്റെ
നവകേരള രഥയാത്ര

സംഘപരിവാറിന്റെ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ശരീരത്തിലേക്ക് സ്വാഭാവികമായി ഇറക്കിവെക്കുന്ന പദ്ധതിയെയാണ്, പിണറായി വിജയനും സി.പി.എമ്മും വെള്ളാപ്പള്ളി നടേശനെന്ന സംഘപരിവാർ ദല്ലാളിനെ തങ്ങളുടെ എടുപ്പുകുതിരയായി കൊണ്ടുനടക്കുന്നതിലൂടെ സാധൂകരിക്കുന്നത്- പ്രമോദ് പുഴങ്കര എഴുതുന്നു.

കേരളത്തിന്റെ മതേതര രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തിലേക്ക് ഹിന്ദുത്വ വർഗീയത പടർന്നുകയറുന്നത് തെരഞ്ഞെടുപ്പുകളിലൂടെ മാത്രമല്ല. സാമാന്യമായ എല്ലാ ജീവിതവ്യവഹാരങ്ങളിലും മതവർഗീയതയുടെയും ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെയും വ്യാകരണമുപയോഗിച്ച് സംസാരിക്കാൻ ശീലിപ്പിച്ചുകൊണ്ടുകൂടിയാണ്, ഹിന്ദുത്വ ഫാഷിസം തങ്ങളുടെ രാഷ്ട്രീയ, സാമൂഹ്യാധികാരത്തെ സാധ്യമാക്കുന്നതിലേക്ക് അടുക്കുന്നത്. ഇത് കേരളത്തിലേക്ക് മാത്രമായി രൂപപ്പെടുത്തിയെടുത്ത തന്ത്രമോ അടവോ ഒന്നുമല്ല. ഇന്ത്യയിൽ ഹിന്ദുത്വ ഫാഷിസത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളിലെ പരപ്പും പടർപ്പും ആഴവും സാധ്യമാക്കിയത് സമാനമായ പദ്ധതിയിലൂടെയാണ്. രാഷ്ട്രീയ സ്വയം സേവക് സംഘ് (RSS) സ്ഥാപിതമായി ഒരു നൂറ്റാണ്ടിലേക്കെത്തുമ്പോൾ ഇന്ത്യയുടെ രാഷ്ട്രീയാധികാരം തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ നേടിയെടുക്കുക മാത്രമല്ല, ഇന്ത്യൻ സമൂഹത്തിന്റെ രാഷ്ട്രീയ- സാമൂഹ്യ വ്യവഹാരങ്ങളെ അധികാരത്തിനകത്തും പുറത്തും വലിയ അളവിൽ രൂപപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സംഘടിത ശക്തിയും പ്രത്യശാസ്ത്ര പദ്ധതിയുമായി ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയം വളർച്ച പ്രാപിച്ചു. ഈ പദ്ധതി തന്നെയാണ് കേരളത്തിലും ഇപ്പോൾ അതിശക്തമായി നടക്കുന്നത്.

കേരളത്തിന്റെ സാമൂഹ്യജീവിതവും രാഷ്ട്രീയബോധവും വലിയ അളവോളം മതേതരമായ പൊതുമര്യാദകളെ നിലനിർത്തിയാണ് നടന്നുപോന്നത്. അത് മത, സാമുദായിക ശക്തികളുടെ സ്വാധീനത്തിന് പുറത്തായിരുന്നു എന്നോ വർഗീയതയും മതവർഗീയതയും സാമുദായിക സ്വത്വബോധവും കുടഞ്ഞുകളഞ്ഞ സമൂഹമായിരുന്നു എന്നോ ഒന്നും ഇതിനർത്ഥമില്ല. എന്നാൽ അത്തരം ആഖ്യാനങ്ങൾക്കും സമീപനങ്ങൾക്കും പൊതുബോധത്തിന്റെ നിത്യനിദാനപ്രവർത്തനങ്ങളുടെ മാനദണ്ഡങ്ങളായി മാറാൻ സാധിച്ചിരുന്നില്ല.

പലതരം സമ്മർദ്ദസംഘങ്ങളും രാഷ്ട്രീയകക്ഷികളുടെ ഉള്ളിലുള്ള പ്രാതിനിധ്യങ്ങളുമൊക്കെയായി അവ നിലനിന്നെങ്കിലും പൊതുരാഷ്ട്രീയ, സാമൂഹ്യ വ്യവഹാരങ്ങളിൽ മതവർഗീയത പ്രോത്സാഹിപ്പിക്കപ്പെടാൻ അർഹതയില്ലാത്ത ഒരു കളയായിട്ടാണ് കണ്ടത്. എന്നാൽ ഹിന്ദുത്വ രാഷ്ട്രീയവും സംഘപരിവാറും ഇന്ത്യയിൽ രാഷ്ട്രീയാധികാരത്തിലെത്തിയ കാലത്തോടെ കേരളീയ സമൂഹത്തിന്റെ ഈ രാഷ്ട്രീയ, സാമൂഹ്യ പ്രതിരോധവും സന്ദേഹവും അതീവ ദുർബ്ബലമാകാൻ തുടങ്ങി.

സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിനെ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തിന്റെ സ്വാഭാവികതയാക്കി മാറ്റുകയെന്ന അജണ്ട പല മട്ടിലാണ് സാധിച്ചെടുക്കുന്നത്. ആ അജണ്ട കേരളത്തിൽ ഇപ്പോൾ നടപ്പാക്കുന്ന ഏറ്റവും പ്രധാന കർമ്മിയാണ് SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

രണ്ടു രീതിയിലാണ് ഹിന്ദുത്വ രാഷ്ട്രീയം കേരളത്തിന്റെ മതേതര, ജനാധിപത്യ സമൂഹത്തിന്റെ പ്രതിരോധത്തെ തകർക്കാൻ തുടങ്ങിയത്.

ഒന്ന്; ഹിന്ദുത്വ രാഷ്ട്രീയത്തെയും സംഘപരിവാറിനെയും പരസ്യമായി പിന്തുണയ്ക്കുന്ന സാമുദായിക സംഘടനകളുടെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പുറത്തുള്ള നാനാവിധ ചെറുസംഘങ്ങളുടെയും ദൃശ്യവും അദൃശ്യവുമായൊരു വലിയൊരു രാഷ്ട്രീയ, സാമൂഹ്യ മുന്നണി രൂപപ്പെടുത്തിയെടുത്തു. ഈ മുന്നണിയിലേക്കുള്ള കടന്നുവരവ് വളരെ സ്വാഭാവികമായൊരു രാഷ്ട്രീയ, സാമൂഹ്യ പരിപാടിയായി മാറ്റുന്ന പുത്തൻ സ്വാഭാവികത (New Normal) സൃഷ്ടിക്കപ്പെട്ടു.

രണ്ട്; കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ രാഷ്ട്രീയപ്രവർത്തനം സംഘപരിവാറും അതിന്റെ ഹിന്ദുത്വ രാഷ്ട്രീയവും രൂപപ്പെടുത്തുകയും നിർണ്ണയിക്കുകയും ചെയ്യുന്ന വ്യവഹാര മാനദണ്ഡങ്ങൾക്ക് അനുസരിച്ചുകൂടി ഉരുത്തിരിയുന്നു എന്ന് സംഘപരിവാർ ഉറപ്പുവരുത്തി. ഇടതുമുന്നണിയും ഐക്യമുന്നണിയും ബി ജെ പിയും നിരവധി വിഷയങ്ങളിൽ സമാനമായ താത്പര്യങ്ങളും അജണ്ടകളും മുന്നോട്ടുവെക്കുകയും ഒരേവിഭാഗം ജനങ്ങളെ ഒരേതരം രാഷ്ട്രീയം പറഞ്ഞുകൊണ്ട് ഒപ്പം നിർത്താൻ മത്സരിക്കുകയും ചെയ്തു. ഈ പ്രകിയ വാസ്തവത്തിൽ വളരെ പ്രകടമായി തിരിച്ചറിയാവുന്ന വിധത്തിലെത്തിയത് ഈയടുത്ത കാലത്താണെങ്കിലും അതിന്റെ പ്രയോഗം സംഘപരിവാറിന്റെ രാഷ്ട്രീയാധികാരവേഴ്ചയുടെ ആദ്യകാലങ്ങളിൽത്തന്നെ കേരളത്തിൽ രൂപപ്പെട്ടിരുന്നു.

ഇങ്ങനെ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിനെ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തിന്റെ സ്വാഭാവികതയാക്കി മാറ്റുകയെന്ന അജണ്ട പല മട്ടിലാണ് സാധിച്ചെടുക്കുന്നത്. ആ അജണ്ട കേരളത്തിൽ ഇപ്പോൾ നടപ്പാക്കുന്ന ഏറ്റവും പ്രധാന കർമ്മിയാണ് SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. SNDP യോഗവും വെള്ളാപ്പള്ളി നടേശനും സംഘപരിവാറിന്റെ ‘കേരളം പിടിക്കൽ’ പരിപാടിയിലെ നിർണ്ണായക കളിക്കാരായി മാറുന്നത് യാദൃച്ഛികമായല്ല. 2016-ൽ ഭാരതീയ ധർമ്മ ജനസംഘം (BDJS) എന്ന രാഷ്ട്രീയ സംഘടനയുണ്ടാക്കി ബി ജെ പിയുടെ സഖ്യകക്ഷിയായി സംഘപരിവാറിന്റെ രാഷ്ട്രീയമുന്നണിയിലേക്ക് കൊടികളും മേളവും കാഹളങ്ങളുമായി ചേർന്നതാണ് നടേശൻ. കേരളത്തിന്റെ നവോത്ഥാന രാഷ്ട്രീയ, സാമൂഹ്യ ചരിത്രത്തിൽ വലിയ സ്ഥാനമുള്ള SNDP പോലൊരു സംഘടനയെ തങ്ങളുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമാക്കുന്നതിലൂടെ സംഘപരിവാർ സാധിച്ചെടുക്കാൻ ശ്രമിക്കുന്നത്, തങ്ങളുടെ സവർണ്ണ ബ്രാഹ്മണ്യ ആശയാധികാരഘടനയുടെ പ്രയോഗപരിപാടികളിൽ പിന്നാക്ക, ദലിത് വിഭാഗങ്ങളെ സജീവമായി ഉൾച്ചേർക്കുകയും അവർക്ക് രാഷ്ട്രീയാധികാരത്തിന്റെ പങ്കുനൽകുകപോലും ചെയ്തുകൊണ്ട് സാധിച്ചെടുക്കുക എന്നതുമാണ്. ഹിന്ദുത്വ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം കഴിഞ്ഞ ഒരു നൂറ്റാണ്ടോളമായുള്ള സംഘടിത രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തനത്തിൽ നടത്തിയ ഏറ്റവും നിർണ്ണായകവും തന്ത്രപരവുമായ പരുവപ്പെടൽ എന്നത് പിന്നാക്ക, ദലിത് വിഭാഗങ്ങളെ തങ്ങൾക്കൊപ്പം നിർത്താനുള്ള രാഷ്ട്രീയപദ്ധതി രൂപപ്പെടുത്തിയെടുത്തു എന്നതാണ്.

SNDP യോഗവും വെള്ളാപ്പള്ളി നടേശനും സംഘപരിവാറിന്റെ ‘കേരളം പിടിക്കൽ’ പരിപാടിയിലെ നിർണ്ണായക കളിക്കാരായി മാറുന്നത് യാദൃച്ഛികമായല്ല.
SNDP യോഗവും വെള്ളാപ്പള്ളി നടേശനും സംഘപരിവാറിന്റെ ‘കേരളം പിടിക്കൽ’ പരിപാടിയിലെ നിർണ്ണായക കളിക്കാരായി മാറുന്നത് യാദൃച്ഛികമായല്ല.

മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കിയതിനു ശേഷമുള്ള കാലഘട്ടത്തിൽ വടക്കേ ഇന്ത്യയിലെ രാഷ്ട്രീയഗതി ചരിച്ചത് ജാതിസ്വത്വ രാഷ്ട്രീയ സംഘടനകൾ ശക്തിയാർജ്ജിക്കുന്നതിലേക്കും സ്വത്വരാഷ്ട്രീയം ഒരു തരത്തിൽ ബി ജെ പി വിരുദ്ധവും കോൺഗ്രസ് വിരുദ്ധവുമായ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ ഉണ്ടാക്കുന്നതിലേക്കുമായിരുന്നു. വടക്കേ ഇന്ത്യയിലെ കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തങ്ങൾക്കനുകൂലമായി പരിവർത്തിപ്പിക്കാനുള്ള മത്സരത്തിന്റെ ആദ്യവട്ടങ്ങളിൽ സാമുദായിക സ്വത്വ രാഷ്ട്രീയ കക്ഷികൾ സംഘപരിവാറിനെ പിന്നിലാക്കി. അതിന്റെ പ്രധാന കാരണങ്ങളിലൊന്ന് കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ രാഷ്ട്രീയാവകാശം മതേതര രാഷ്ട്രീയത്തിനെക്കൂടി പിൻപറ്റുന്ന തങ്ങൾക്കാണെന്ന ഇന്ത്യയിലെ സോഷ്യലിസ്റ്റ് കക്ഷികളുടെ ചരിത്രപശ്ചാത്തലമുള്ള കക്ഷികൾക്ക് സ്ഥാപിച്ചെടുക്കാൻ കഴിഞ്ഞു എന്നതാണ്.

ആദ്യം ജനതാദളും പിന്നീട് സമാജ്‌വാദി പാർട്ടിയും രാഷ്ട്രീയ ജനതാദളും പോലുള്ള രാഷ്ട്രീയകക്ഷികളായി മാറിയ ഈ സംഘങ്ങളെല്ലാം മതേതര രാഷ്ട്രീയത്തെ അടിസ്ഥാന നിലപാടായി സ്വീകരിച്ചവയായിരുന്നു. അതുകൊണ്ടുതന്നെ കോൺഗ്രസിന്റെ തകർച്ചയിൽ നിന്ന് മുസ്ലീങ്ങളടക്കമുള്ള ജനവിഭാഗങ്ങൾക്ക് ചേക്കേറാൻ കഴിയുന്ന കൂടാരങ്ങളായി അവ മാറി. ഒപ്പം ദലിത് സ്വത്വ രാഷ്ട്രീയത്തിന്റെ വളർച്ചയുടെ ഭാഗമായുണ്ടായ ബഹുജൻ സമാജ് പാർട്ടിയും മറ്റ് പല ദലിത് സംഘടനകളും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പുറത്തുള്ള പിന്നാക്ക, ദലിത് സ്വത്വ രാഷ്ട്രീയത്തിനെയാണ് പ്രയോഗിക്കാൻ ശ്രമിച്ചത്. അങ്ങനെ കമണ്ഡലും മണ്ഡലും തമ്മിലുള്ള ആദ്യയുദ്ധത്തിൽ സംഘപരിവാറിന് തോൽവി പറ്റി. എന്നാൽ തുടർന്നുള്ള പതിറ്റാണ്ടുകളിൽ സംഘപരിവാർ അതിവേഗം ഈ പ്രശ്നത്തെ മറികടന്നു.

പിന്നാക്ക, ദലിത് വിഭാഗങ്ങളെ രണ്ടു രീതിയിൽ അവർ തങ്ങൾക്കൊപ്പം കൊണ്ടുവരാൻ ശ്രമിച്ചു.

ഒന്ന്​; പ്രധാനപ്പെട്ട പിന്നാക്ക, ദലിത് സംഘടനകളെ സംഘ്പരിവാറിനൊപ്പവും ബി ജെ പി നേതൃത്വത്തിലുള്ള എൻ ഡി എക്കൊപ്പവും മുന്നണി ബന്ധത്തിൽ ചേർത്തു.

രണ്ട്; ഹിന്ദുത്വ രാഷ്ട്രീയത്തിനുള്ളിൽ പിന്നാക്ക, ദലിത് സ്വത്വരാഷ്ട്രീയത്തിനും സ്വത്വബോധത്തിനും തനതായ ഇടമുണ്ടെന്ന് തോന്നലുണ്ടാക്കിക്കൊണ്ട് പിന്നാക്ക, ദലിത് വിഭാഗങ്ങളെ വലിയ തോതിൽ സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര പദ്ധതിയുടെ ഉള്ളിലെത്തിച്ചു. സംഘപരിവാറിന്റെ മുസ്‌ലിം, ന്യൂനപക്ഷ വെറുപ്പടക്കമുള്ള രാഷ്ട്രീയ ഹിംസയുടെ പരിപാടിയിലേക്ക് പിന്നാക്ക, ദലിത് വിഭാഗങ്ങളെ മുന്നണിപ്പോരാളികളായി നിയോഗിക്കുകയും ചെയ്തു. ഗുജറാത്ത് കലാപത്തിൽ ദലിതരും ആദിവാസികളുമായവരടക്കമുള്ളവർ മുസ്ലീങ്ങൾക്കെതിരെ ആക്രമണത്തിന് മുന്നിൽ നിന്നതും ഒഡിഷയിലെ കാന്ധമാൽ കലാപവുമൊക്കെ ഇതിന്റെ ഭാഗമാണ്.

അതായത്, സംഘപരിവാറിന്റെ സവർണ്ണ ബ്രാഹ്‌മണ്യ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ പിന്നാക്ക, ദലിത് വിഭാഗങ്ങളെക്കൊണ്ട് അംഗീകരിപ്പിച്ചു എന്ന മട്ടിൽ മാത്രമല്ല അതിനെ കാണേണ്ടത്. അത്തരമൊരു ഘടനയിലേക്ക് പിന്നാക്ക, ദലിത് വിഭാഗങ്ങളെ സമർത്ഥമായി ഉൾച്ചേർത്തു എന്നുകൂടിയാണ് മനസിലാക്കേണ്ടത്. അല്ലാത്തപക്ഷം ഒരു അടവ് എന്ന മട്ടിൽ താത്ക്കാലിക പരിപാടിയാണിത് എന്ന് തെറ്റിദ്ധരിക്കുകയാണുണ്ടാവുക.

നടേശവിളയാട്ടുകളെ കർക്കശമായി എതിർക്കേണ്ട ഇടതുപക്ഷവും അതിന്റെ സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനുമൊക്കെ നടേശനെ ആദരിക്കാൻ പാഞ്ഞുനടക്കുകയാണ് എന്നുവരുന്നതോടെയാണ് നടേശനെന്ന സംഘപരിവാർ ദല്ലാൾ അപകടകരമായൊരു രാഷ്ട്രീയ നാടകത്തിലെ കഥാപാത്രമാണെന്ന് നമുക്ക് മനസിലാകേണ്ടത്.

ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയം എങ്ങനെയാണ് ഇന്ത്യയിലെ മണ്ഡലാനന്തര സമൂഹത്തിന്റെ രാഷ്ട്രീയഗതിയോട് പ്രതികരിച്ചതും തങ്ങളുടെ രാഷ്ട്രീയപ്രയോഗങ്ങൾ രൂപപ്പെടുത്തിയതും അതിനു പാകത്തിൽ തങ്ങളുടെ ഘടനയേയും പദ്ധതികളെയും പുനഃക്രമീകരിച്ചതും എന്നുകൂടി നാം മനസിലാക്കണം. അയോധ്യയിൽ ബാബറി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമ്മിക്കാനുള്ള ശിലാന്യാസം നടത്തിയപ്പോൾ 1989 നവംബർ 9-ന് സംഘപരിവാർ അതിന്റെ ആദ്യത്തെ ശില വെപ്പിച്ചത് കാമേശ്വർ ചൗപാൽ എന്ന ബിഹാറുകാരനായ ദലിതനെക്കൊണ്ടായിരുന്നു എന്നത് യാദൃച്ഛികമല്ല. ഇന്നിപ്പോൾ ദലിത് സ്വത്വരാഷ്ട്രീയത്തിന് സംഘപരിവാറിനെ വെല്ലുവിളിക്കാനുള്ള ശേഷി മാത്രമല്ല അതിന്റെ രാഷ്ട്രീയസ്ഥൈര്യവും വലിയ അളവിൽ നഷ്ടമായത്, ഈ ഹിന്ദുത്വ രാഷ്ട്രീയപദ്ധതിയെ തിരിച്ചറിയുകയോ ചെറുക്കുകയോ ചെയ്യാനുള്ള രാഷ്ട്രീയപരിപാടി അവർക്കില്ലാതിരുന്നതുകൊണ്ടുകൂടിയാണ്.

വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ നടത്തുന്ന വിഷം തുപ്പുന്ന ഹിന്ദുത്വ വർഗീയതയുടെയും മുസ്ലീങ്ങളോടുള്ള വെറുപ്പിന്റെയും നിരന്തരപ്രയോഗങ്ങൾ ഈ സംഘപരിവാർ പദ്ധതിയുടെ ഭാഗമാണ്. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പിന്നാക്ക സമുദായമായ ഈഴവരുടെ പ്രാതിനിധ്യസ്വഭാവമുള്ള ഒരു സംഘടനയേയും അതിന്റെ നേതാവിനെയുമുപയോഗിച്ച് മുസ്ലീങ്ങൾക്കെതിരെയുള്ള സംഘപരിവാറിന്റെ മതവെറി നിരന്തരമായി പ്രചരിപ്പിക്കുന്നതിലൂടെ സംഘപരിവാറിന്റെ സംഘടനാരൂപത്തിനു പുറത്ത് അതിന്റെ ഫാഷിസ്റ്റ് പ്രത്യയശാസ്ത്ര പ്രചാരകരെ നിയോഗിക്കുകയാണ് ചെയ്യുന്നത്.

ഹിന്ദുത്വ രാഷ്ട്രീയം ഒരു പൊതുബോധമാക്കി മാറ്റുകയും എല്ലാ രാഷ്ട്രീയ,സാമൂഹ്യ മത്സരങ്ങളും തർക്കങ്ങളും ഗുസ്‌തികളും ആ പൊതുബോധത്തിന്റെ സ്വാഭാവികതയോടെ അതിരുകൾക്കുള്ളിലും അതിന്റെ മാനകങ്ങൾ ഉപയോഗിച്ചും നടക്കുകയും ചെയ്യുക എന്നു വരുന്നതോടെ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ രാഷ്ട്രീയാധികാരം ഒരു സമയപ്രശ്നത്തിൽ മാത്രമാണ് തട്ടിനിൽക്കുക. കേരളത്തെ അവിടേക്കെത്തിക്കാനുള്ള പരിപാടിയിലാണ് വെള്ളാപ്പള്ളി നടേശൻ പണിയെടുക്കുന്നത്.

മലപ്പുറം ജില്ലയെ ഇസ്‌ലാമിക സവിശേഷാധികാരങ്ങൾ പ്രയോഗിക്കപ്പെടുന്ന ഭൂപ്രദേശമായി ചിത്രീകരിക്കുകയും അവിടെ ഹിന്ദുക്കൾക്ക് സ്വതന്ത്ര ജീവിതം അസാധ്യമാകുന്നു എന്ന് പറയുകയും ചെയ്യുന്ന നടേശൻ മുസ്ലീങ്ങളെയും മുസ്ലീങ്ങൾ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളെയും ശത്രുക്കളായി അന്യവത്ക്കരിക്കുന്ന സംഘപരിവാർ അജണ്ടയെ ദൈനംദിന രാഷ്ട്രീയ ചർച്ചയാക്കുകയാണ്. ഏറ്റവുമൊടുവിൽ തനിക്കിഷ്ടമില്ലാത്ത ചോദ്യം ചോദിച്ചൊരു മാധ്യമപ്രവർത്തകനെ അയാളുടെ മുസ്‌ലിം പേരുവെച്ച് “തീവ്രവാദി”യെന്നു വിളിക്കാനും നടേശൻ മടിച്ചില്ല.

വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ നടത്തുന്ന വിഷം തുപ്പുന്ന ഹിന്ദുത്വ വർഗീയതയുടെയും മുസ്ലീങ്ങളോടുള്ള വെറുപ്പിന്റെയും  നിരന്തരപ്രയോഗങ്ങൾ ഈ സംഘപരിവാർ പദ്ധതിയുടെ ഭാഗമാണ്.
വെള്ളാപ്പള്ളി നടേശൻ ഇപ്പോൾ നടത്തുന്ന വിഷം തുപ്പുന്ന ഹിന്ദുത്വ വർഗീയതയുടെയും മുസ്ലീങ്ങളോടുള്ള വെറുപ്പിന്റെയും നിരന്തരപ്രയോഗങ്ങൾ ഈ സംഘപരിവാർ പദ്ധതിയുടെ ഭാഗമാണ്.

ഈ നടേശവിളയാട്ടുകളെ കർക്കശമായി എതിർക്കേണ്ട ഇടതുപക്ഷവും അതിന്റെ സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനുമൊക്കെ നടേശനെ ആദരിക്കാൻ പാഞ്ഞുനടക്കുകയാണ് എന്നുവരുന്നതോടെയാണ് നടേശനെന്ന സംഘപരിവാർ ദല്ലാൾ ഒരു ഒറ്റതിരിഞ്ഞ കൈക്കോടാലിയല്ലെന്നും കേരളത്തിലെ അപകടകരമായൊരു രാഷ്ട്രീയ നാടകത്തിലെ കഥാപാത്രമാണെന്നും നമുക്ക് മനസിലാകേണ്ടത്.

മുസ്ലീങ്ങളെ ഒരു ജനവിഭാഗമെന്ന നിലയിൽ തങ്ങൾക്കൊപ്പം തെരഞ്ഞെടുപ്പുകളിൽ നിർത്താനുള്ള സി.പി.എം ശ്രമം വലിയ തിരിച്ചടിയും പരാജയവും നേരിട്ടത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലായിരുന്നു. ഇടതുപക്ഷ, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ സാമ്രാജ്യത്വവിരുദ്ധ സമരങ്ങളുടെ ഭാഗമായി കേരളത്തിലടക്കം ഉയർത്തുന്ന പലസ്തീൻ വിമോചന സമരത്തോടുള്ള ഐക്യദാർഢ്യത്തെയും രാഷ്ട്രീയത്തേയും സി.പി.എമ്മിന്റെ നേതൃത്വത്തിൽ കേവലമായൊരു മുസ്‌ലിം പ്രശ്നമായി മാറ്റുന്ന സ്വത്വരാഷ്ട്രീയത്തിന്റെ സങ്കുചിത അജണ്ടയായിരുന്നു ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള അടവായി നടന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പരിപാടികളെയും മുദ്രാവാക്യങ്ങളെയും ഒന്നൊന്നായി വക്രീകരിച്ചു കുരുതികൊടുക്കുന്ന പരിപാടിയിലെ മറ്റൊരിനമായിരുന്നു അത്.

പലസ്തീനൊപ്പം പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ടും സമാനമായ സ്വത്വരാഷ്ട്രീയ സങ്കുചിത അടവുകളാണ് സി പി എം പ്രയോഗിക്കാൻ ശ്രമിച്ചത്. ഇവ പരാജയപ്പെടുകയും തെരഞ്ഞെടുപ്പിൽ മുസ്ലീങ്ങളെ ഒരു വിഭാഗം എന്ന നിലയിൽ ഒപ്പം നിർത്താൻ അടുത്തൊന്നും അത്ര സാധ്യതയില്ലെന്നും തോന്നിയതോടെ അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന വേഗത്തിൽ സി.പി.എം മുസ്ലീങ്ങളെ അപരവത്ക്കരിക്കുകയും മുസ്‌ലിം സമുദായത്തെ നിരന്തരമായി വർഗീയ രാഷ്ട്രീയത്തിന്റെ ചർച്ചകളിൽ പ്രതിസ്ഥാനത്ത് നിർത്തുകയും ചെയ്യുന്ന അജണ്ടയിലേക്ക് എടുത്തുചാടി.

മലപ്പുറം ജില്ലയെ പ്രത്യേകമായി കള്ളക്കടത്തടക്കമുള്ള കുറ്റകൃത്യങ്ങളിൽ മുന്നിൽ നിൽക്കുന്ന പ്രദേശമായി മുഖ്യമന്ത്രി പിണറായി വിജയൻ ‘ഹിന്ദു’ ദിനപത്രത്തിന് നൽകിയ, മുൻകൂട്ടി തയ്യാറെടുത്ത് നടത്തിയ അഭിമുഖത്തിൽ വന്നത്, കൈപ്പിഴയായി ചിരിച്ചുതള്ളുന്ന തട്ടിപ്പുവരെയെത്തി. ഭൂരിപക്ഷ മതവർഗീയതയുടെ ഹിംസാത്മകമായ രാഷ്ട്രീയം ഇന്ത്യയെ ആകമാനം വിഴുങ്ങിക്കൊണ്ടിരിക്കുമ്പോൾ ഇസ്‌ലാമിക വർഗീയ രാഷ്ട്രീയത്തിനെ കേരളത്തിലെ ഏറ്റവും വലിയ വിപത്തായി അവതരിപ്പിക്കുകയും ജമാഅ​ത്തെ ഇസ്‍ലാമി എന്ന ഇസ്‌ലാമിക രാഷ്ട്രീയ സംഘടനയെ കേരളം നേരിടുന്ന ഏറ്റവും വലിയ വർഗീയപ്രശ്നമായി പ്രചാരണം നടത്തുകയും ചെയ്യുന്നതും ഒട്ടും നിഷ്ക്കളങ്കമായ മതേതര രാഷ്ട്രീയബോധം വെച്ചല്ല.

യോജിപ്പിനും വിയോജിപ്പിനും ഇടമുള്ള ഒരു മതേതര, ജനാധിപത്യ സംവാദസാധ്യതകളിലാണ് വെള്ളാപ്പള്ളിയെന്ന് പറഞ്ഞുപറ്റിക്കാനുള്ള രാഷ്ട്രീയ വസരവാദമാണ് സി പി എം പ്രയോഗിക്കുന്നത്.

ജമാ അത്തെ ഇസ്ലാമിയുടെ ഇസ്‌ലാമിക വർഗീയ രാഷ്ട്രീയത്തെ, സംഘപരിവാറിന്റെ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയം ഇന്ന് ഇന്ത്യക്കും കേരളത്തിനും മുന്നിലുയർത്തുന്ന അതിഭീകരമായ രാഷ്ട്രീയ, സാമൂഹ്യ ഭീഷണിയുമായി തുലനം ചെയ്തല്ല സംസാരിക്കേണ്ടതെന്ന് അറിയാത്തവരല്ല സി പി എം നേതൃത്വം. എന്നാൽ സംഘപരിവാർ ഉയർത്തുന്ന രാഷ്ട്രീയ വെല്ലുവിളിയിൽ ഹിന്ദുത്വവത്ക്കരിക്കപ്പെടുന്ന ഭൂരിപക്ഷ ഹിന്ദുക്കളുടെ വോട്ട് കിട്ടാൻ മുസ്ലീങ്ങളെ നിരന്തരമായി സാമൂഹ്യമായി പ്രശ്നസാധ്യതകളുണ്ടാക്കുന്ന ഒരു അന്യവിഭാഗമാക്കി ചർച്ചയിൽ നിർത്തുക എന്ന അടവിന്റെ ഭാഗമാണിത്. കഴിഞ്ഞ എത്രയോ നാളുകളായി സി പി എം പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നത്, തങ്ങൾ കേരളത്തിലെ മുസ്‌ലിം വർഗീയതക്കെതിരായി യുദ്ധത്തിലാണ് എന്നാണ്. ഹിന്ദുത്വ ഫാഷിസ്റ്റുകൾക്ക് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 20%-ത്തോളം വോട്ടുകൾ കിട്ടിയ ഒരു നാട്ടിലാണ് ഇസ്‌ലാമിക വർഗീയവാദത്തെ ഉടന്തടി നേരിടേണ്ട വിപത്തായി സി പി എം അവതരിപ്പിക്കുന്നത്.

താൻ എതിർക്കുന്നത് മുസ്‌ലിം ലീഗിനെയാണ്, മുസ്ലീങ്ങളെയല്ല എന്ന നടേശന്യായത്തിന്റെ അനുബന്ധമാണ്, തങ്ങളെതിർക്കുന്നത് ജമാ അത്തെ ഇസ്‍ലാമിയെയാണ്, മുസ്ലീങ്ങളെയല്ല എന്ന സി പി എം വാദവും. ജമാ അത്തെ ഇസ്‍ലാമി എന്ന ഇസ്‌ലാമിക രാഷ്ട്രീയസംഘടനയുടെ പേരിൽ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനൊപ്പം മുസ്‌ലിം വർഗീയതയെ തുലനം ചെയ്ത്, സംഘപരിവാറിന്റെ ‘ഹിന്ദു അപകടത്തിൽ’ എന്ന ആഖ്യാനത്തിന് സാധുത നൽകുകയാണ് സി പി എം.

ഇത്തരത്തിലുള്ള സംഘപരിവാർ അജണ്ട നടപ്പാക്കുന്ന വെള്ളാപ്പള്ളി നടേശനെയാണ് പിണറായി വിജയനും മന്ത്രിമാരും റാൻ മൂളി ആദരിക്കുന്നത്. തങ്ങളുടെ എതിരാളികളെ ഏതു ചെറിയ അഭിപ്രായവ്യത്യാസത്തിന്റെ പേരിൽപ്പോലും തെരുവിൽ നേരിടുമെന്നൊക്കെ വെല്ലുവിളികളുയർത്തുന്ന ഇടതുപക്ഷ യുവജനസംഘടനകളൊക്കെ വെള്ളാപ്പള്ളി നടേശന്റെ സാമുദായിക, മത വെറുപ്പ് നിറഞ്ഞ ആക്രോശങ്ങൾക്കെതിരെ പട്ടുതൂവാലയിൽപ്പൊതിഞ്ഞ വിയോജിപ്പുകളിറക്കുന്നത് പോലും പാത്തും പതുങ്ങിയുമാണ്.

ഇത്തരത്തിലുള്ള സംഘപരിവാർ അജണ്ട നടപ്പാക്കുന്ന വെള്ളാപ്പള്ളി നടേശനെയാണ് പിണറായി വിജയനും മന്ത്രിമാരും റാൻ മൂളി ആദരിക്കുന്നത്.
ഇത്തരത്തിലുള്ള സംഘപരിവാർ അജണ്ട നടപ്പാക്കുന്ന വെള്ളാപ്പള്ളി നടേശനെയാണ് പിണറായി വിജയനും മന്ത്രിമാരും റാൻ മൂളി ആദരിക്കുന്നത്.

നടേശൻ ശരിയായ കാര്യങ്ങൾ പറഞ്ഞാൽ അംഗീകരിക്കും, അല്ലാത്തതിനോട് യോജിക്കില്ല എന്നൊക്കെയാണ് സി പി എം കേന്ദ്രസമിതി അംഗമായ മുൻ മന്ത്രി ശൈലജ ടീച്ചർ പറഞ്ഞുകേട്ടത്. യോജിപ്പിനും വിയോജിപ്പിനും ഇടമുള്ള ഒരു മതേതര, ജനാധിപത്യ സംവാദസാധ്യതകളിലാണ് വെള്ളാപ്പള്ളിയെന്ന് പറഞ്ഞുപറ്റിക്കാനുള്ള രാഷ്ട്രീയ വസരവാദമാണ് സി പി എം പ്രയോഗിക്കുന്നത്. മുസ്ലീങ്ങൾക്കെതിരെ സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയഭാഷ ഉപയോഗിക്കുന്ന വെള്ളാപ്പള്ളിയെ പിണറായി വിജയനും അയാളുടെ മന്ത്രിമാരും ആദരിക്കുമ്പോൾ, ‘ആദരിക്കപ്പെടേണ്ട വ്യക്തിത്വമായ വെള്ളാപ്പള്ളി’യുടെ പ്രസ്താവനകൾ കണക്കിലെടുക്കുന്ന മനുഷ്യർ ഇടതുപക്ഷ, മതേതര രാഷ്ട്രീയത്തിലേക്കാണോ സംഘപരിവാറിന്റെ രാഷ്ട്രീയ പാളയത്തിലേക്കാണോ പോവുകയെന്നത് അത്ര സങ്കീർണ്ണമായ സമസ്യയല്ല.

സംഘപരിവാറിന്റെ രാഷ്ട്രീയ, സാമൂഹ്യ വ്യവഹാരങ്ങൾ പൊതുബോധത്തിലേക്കും കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹ്യ ശരീരത്തിലേക്കും സംക്രമിപ്പിക്കുന്നതിന്റെ ഏറ്റവും അപകടകരമായ ആക്രമണങ്ങളിലൊന്നായിരുന്നു ശബരിമലയിലെ യുവതീ പ്രവേശനത്തിനുള്ള സുപ്രീം കോടതി വിധിക്കുശേഷം നടന്നത്. കേരളത്തിലെ കോൺഗ്രസ് പാർട്ടി സംഘപരിവാറിന്റെ ഈ പ്രത്യയശാസ്ത്ര അജണ്ടയെ ഏറ്റെടുക്കുകയും അതിൽനിന്നും തങ്ങൾക്ക് ഹിന്ദുവോട്ടുകളുടെ മതവർഗീയ ഏകീകരണത്തിന്റെ ലാഭമുണ്ടാക്കാൻ ശ്രമിക്കുകയുമാണ് ചെയ്തത്. കേരളത്തിന്റെ മതേതര രാഷ്ട്രീയത്തോട് കോൺഗ്രസ് ചെയ്ത ഏറ്റവും വലിയ വഞ്ചനയായിരുന്നു അത്. ദീർഘകാലാടിസ്ഥാനത്തിൽ അത്തരം മതവർഗീയ പ്രീണനന നയങ്ങൾ മതേതര രാഷ്ട്രീയത്തെയും തങ്ങളെയും എവിടെയാണ് എത്തിക്കുക എന്നതിന് കോൺഗ്രസ് തങ്ങളുടെ ചരിത്രത്തിലേക്ക് പാളിനോക്കിയാൽ മതി.

ജനാധിപത്യ, മതേതര രാഷ്ട്രീയത്തിന്റെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും എതിർപക്ഷത്തിപ്പോൾ വെള്ളാപ്പള്ളി നടേശനെന്ന വർഗീയതയുടെ അധമ വ്യാപാരിക്കൊപ്പം ഭരണപക്ഷ മുഖ്യധാരാ ഇടതുപക്ഷവും നിൽക്കുന്നതിൽ ഗതിവിരുദ്ധമായൊന്നുമില്ല. അവർ അദാനിക്കൊപ്പവും ഉണ്ടായിരുന്നു, പി എം ശ്രീയിൽ ഒപ്പിടാനുമുണ്ടായിരുന്നു.

അയോധ്യയിലെ ബാബരി മസ്ജിദിലേക്ക് രാമ വിഗ്രഹം ഒളിച്ചുകടത്തുന്നതിന് (1949 ഡിസംബർ 22-23) കൂട്ടുനിന്ന അന്നത്തെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി ഗോബിന്ദ് വല്ലഭ് പന്ത് മുതൽ ശിലാന്യാസത്തിന് (1989) അനുമതി നൽകിയ അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി വരെ എങ്ങനെയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിനോടുള്ള സന്ധിയും കീഴടങ്ങലും കൊണ്ട് കോൺഗ്രസിനെ മാത്രമല്ല, ഇന്ത്യയിലെ മതേതര രാഷ്ട്രീയത്തെയും തകർത്തതെന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയ വിവേകശൂന്യതയിലാണ് കോൺഗ്രസ് ശബരിമല ആചാര വിശ്വാസ സംരക്ഷണ സമരമെന്ന ആഭാസം നടത്തിയത്. അക്കളിയിൽ നഷ്ടപ്പെട്ട ഇടം തിരിച്ചുപിടിക്കാൻ അതേ ന്യായങ്ങളിൽ സി പി എം ആഗോള അയ്യപ്പ സംഗമം നടത്തിയപ്പോൾ, ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ കാലഭൈരവനായ യോഗി ആദിത്യനാഥിനെ ക്ഷണിക്കുന്നതും അയാളുടെ സന്ദേശം മനോഹരമെന്ന് സി പി എം മന്ത്രി വിശേഷിപ്പിക്കുന്നതും മതേതര രാഷ്ട്രീയത്തിന്റെ ചിതയിലേക്ക് ഭൂരിപക്ഷ വർഗീയതയുടെ നെയ്ക്കുടങ്ങൾ പൊട്ടിച്ചൊഴിക്കുകയാണെന്ന് അമ്പരപ്പോടെ നാം തിരിച്ചറിയുന്നുണ്ട്.

അതേ ആഗോള അയ്യപ്പ സംഗമത്തിലേക്ക് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിൽ പാർത്ഥനും തോഴനുമായി വിജയനും വെള്ളാപ്പള്ളിയും പോയത് യാദൃച്ഛികമെല്ലന്നും അതിൽ തനിക്ക് യാതൊരു രാഷ്ട്രീയപ്രശ്നവും തോന്നുന്നില്ലെന്ന് പിണറായി വിജയൻ ആവർത്തിക്കുന്നതും കൃത്യമായ ധാരണയിലാണെന്നു തിരിച്ചറിയാൻ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പുത്തൻ സ്വാഭാവികതയോടെ ഋതുഭേദങ്ങളെക്കുറിച്ച് ധാരണയുണ്ടായാൽ മതി.

സി പി ഐ സെക്രട്ടറി ബിനോയ് വിശ്വവും വെള്ളാപ്പള്ളിയുമായുള്ള വാചകമേളയൊക്കെ, എത്ര അവജ്ഞയോടെയാണ് ഭരണാധികാര ഇടതുപക്ഷം മലയാളിയുടെ ഇടതുപക്ഷ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നത് എന്നതിന്റെ പ്രഹസനക്കാഴ്ചയാണ്. തിരുവനന്തപുരം മുതൽ തൃശൂർ വരെ സി പി ഐ മന്ത്രിമാർ വെള്ളാപ്പള്ളിക്ക് ആദരവും സ്തുതിയും പാടി നിൽക്കുമ്പോൾ പാർട്ടി സെക്രട്ടറിയുടെ വാചകമടികൾ പൊള്ളയായ പെരുമ്പറമുഴക്കങ്ങൾ മാത്രമാണ്. ഇത്രയും ഹീനമായ ഹിന്ദുത്വ വർഗീയവ്യാപാരം നടത്തുന്ന വെള്ളാപ്പള്ളി മുതലാളിയിൽ നിന്ന് തൊഴിലാളിവർഗ പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിന് സംഭാവന ചോദിച്ചു വാങ്ങാൻ സി പി ഐ സെക്രട്ടറിക്ക് മടിയൊന്നുമുണ്ടായില്ല എന്നതിൽ നമുക്ക് അത്ഭുതമൊന്നും തോന്നാത്തത്, ഇതൊക്കെ നാട്ടിലെ പതിവുരീതികളായി നമ്മൾ ശീലിച്ചതുകൊണ്ടുകൂടിയാണ്.

സി പി ഐ സെക്രട്ടറി ബിനോയ് വിശ്വവും  വെള്ളാപ്പള്ളിയുമായുള്ള വാചകമേളയൊക്കെ, എത്ര അവജ്ഞയോടെയാണ് ഭരണാധികാര ഇടതുപക്ഷം മലയാളിയുടെ ഇടതുപക്ഷ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നത് എന്നതിന്റെ പ്രഹസനക്കാഴ്ചയാണ്.
സി പി ഐ സെക്രട്ടറി ബിനോയ് വിശ്വവും വെള്ളാപ്പള്ളിയുമായുള്ള വാചകമേളയൊക്കെ, എത്ര അവജ്ഞയോടെയാണ് ഭരണാധികാര ഇടതുപക്ഷം മലയാളിയുടെ ഇടതുപക്ഷ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുന്നത് എന്നതിന്റെ പ്രഹസനക്കാഴ്ചയാണ്.

സംഘപരിവാറിന്റെ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തെ കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ശരീരത്തിലേക്ക് സ്വാഭാവികമായി ഇറക്കിവെക്കുന്ന പദ്ധതിയെയാണ് പിണറായി വിജയനും സി.പി.എമ്മും വെള്ളാപ്പള്ളി നടേശനെന്ന സംഘപരിവാർ ദല്ലാളിനെ തങ്ങളുടെ എടുപ്പുകുതിരയായി കൊണ്ടുനടക്കുന്നതിലൂടെ സാധൂകരിക്കുന്നത്. ജനാധിപത്യ, മതേതര രാഷ്ട്രീയത്തിന്റെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും എതിർപക്ഷത്തിപ്പോൾ വെള്ളാപ്പള്ളി നടേശനെന്ന വർഗീയതയുടെ അധമ വ്യാപാരിക്കൊപ്പം ഭരണപക്ഷ മുഖ്യധാരാ ഇടതുപക്ഷവും നിൽക്കുന്നതിൽ ഗതിവിരുദ്ധമായൊന്നുമില്ല. അവർ അദാനിക്കൊപ്പവും ഉണ്ടായിരുന്നു, പി എം ശ്രീയിൽ ഒപ്പിടാനുമുണ്ടായിരുന്നു. കേരളത്തിന്റെ മതേതര, ജനാധിപത്യ രാഷ്ട്രീയം സംഘടിതമായ വെല്ലുവിളി നേരിടുമ്പോൾ നടേശനുണ്ടാക്കുന്ന പ്രത്യക്ഷ ബഹളങ്ങൾക്കപ്പുറത്തേക്ക് ഹിന്ദുത്വ ഫാഷിസ്റ്റ് അജണ്ടകൾക്ക് കൈകൊടുക്കുന്ന വഞ്ചനയുടെ രാഷ്ട്രീയം മലയാളിയുടെ രാഷ്ട്രീയ ചരിത്രത്തിനെ ഉയിർപ്പില്ലാത്തവിധത്തിൽ ഒറ്റുകയാണ്.

Comments