മതവർഗീയ രാഷ്ട്രീയത്തോടുള്ള ഇടതുപക്ഷ നിലപാട് അർത്ഥശങ്കയ്ക്കിയയില്ലാത്ത വിധം വ്യക്തമാകേണ്ടതാണ്. ഭൂരിപക്ഷ മതരാഷ്ട്രീയം കൂടിയായ ഹിന്ദുത്വ പ്രത്യയശാസ്ത്ര പദ്ധതി ഇന്ത്യയുടെ രാഷ്ട്രീയാധികാരം കയ്യാളുന്ന ഈ കാലഘട്ടത്തിൽ അക്കാര്യത്തിൽ അവ്യക്തതകൾ ഉണ്ടായിക്കൂടാ.
മതവർഗീയ രാഷ്ട്രീയമെന്നാൽ ഭൂരിപക്ഷ മതരാഷ്ട്രീയം മാത്രമല്ല. മതാടിസ്ഥാനത്തിൽ രാഷ്ട്രീയ, സാമൂഹ്യ വ്യവഹാരങ്ങളെ സമീപിക്കുകയും ജനങ്ങളെ മതബോധത്തിൻെറയും മതശാസനങ്ങളുടെയും അടിസ്ഥാനത്തിൽ ജീവിക്കുകയും മതാടിസ്ഥാനത്തിലുള്ള ‘കൂട്ടങ്ങളായി’ മാറ്റുകയും ചെയ്യുന്ന ഏതൊരു വ്യവഹാരപദ്ധതിയും മതവർഗീയതയുടെ ഗണത്തിൽപ്പെടുന്നവയാണ്. അതുകൊണ്ടുതന്നെ ന്യൂനപക്ഷ മതവർഗീയതയും മതവർഗീയ രാഷ്ട്രീയത്തിന്റെ മേഖലയിലും സാമൂഹ്യ വ്യവഹാരങ്ങളിലും കൃത്യമായി തിരിച്ചറിയപ്പെടുകയും എതിർക്കപ്പെടുകയും വേണമെന്നതിൽ സംശയമില്ല.
ഇന്ത്യയിൽ ഭൂരിപക്ഷ മതവർഗീയതയുടെ ഹിന്ദുത്വ രാഷ്ട്രീയവും അതിന്റെ സംഘടനാശരീരമായ സംഘപരിവാറും ജനാധിപത്യ, മതേതര രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും എതിർവശത്താണെന്നതിൽ ഇടതുപക്ഷത്തിന് മാത്രമല്ല, ജനാധിപത്യ മതേതര സമൂഹത്തിന്റെ ഏതു ഭാഗത്തുനിൽക്കുന്നവർക്കും സംശയമൊന്നുമില്ല. ന്യൂനപക്ഷ വർഗീയതയോട്, വിശിഷ്യ, മുസ്‌ലിം മതരാഷ്ട്രീയ വർഗീയതയോടുള്ള സമീപനമാകട്ടെ പലതരത്തിൽ പ്രശ്നഭരിതമാണ്. മതവർഗീയത എന്ന കേവലമായ അതിന്റെ അസ്തിത്വത്തിൽ അതിനെ സ്വീകരിക്കുന്നതുമുതൽ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയാധികാരത്തിന്റെ പശ്ചാത്തലത്തിൽ അതിനോടുള്ള സമീപനം വരെ നിരന്തരമായ തർക്കങ്ങൾക്കിടയാക്കുന്നുമുണ്ട്.
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമായ മുഖ്യധാരാ ഇടതുകക്ഷികൾക്ക്, അതിൽത്തന്നെ സി.പി.എമ്മിന്, മുസ്‌ലിം മതരാഷ്ട്രീയ വർഗീയതയോടുള്ള നിലപാട് കേരളത്തിന്റെ സവിശേഷ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ചർച്ച ചെയ്യപ്പെടുന്നത്.
കേരളത്തിൽ ഈയിടെ നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പു ഫലങ്ങളിലും (പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങൾ, വയനാട് ലോക്സഭാ മണ്ഡലം), പ്രത്യേകിച്ച്, പാലക്കാട്ടെ യു.ഡി.എഫ് വിജയത്തിലും, സി.പി.എം എടുക്കുന്ന നിലപാട് മുസ്‌ലിം മതരാഷ്ട്രീയത്തെ പ്രതിസ്ഥാനത്ത് നിർത്തുന്നതാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ (2024) സി.പി.എം സ്വീകരിച്ച രാഷ്ട്രീയാഖ്യാനം മുസ്‍ലിംകൾ നേരിടുന്ന ഭീഷണികളെ ഉയർത്തിക്കാട്ടിക്കൊണ്ടുള്ളതായിരുന്നു. കേരളത്തിലെ ജനസംഖ്യയിൽ മതന്യൂനപക്ഷങ്ങൾക്കുള്ള പകുതിയോളം വരുന്ന പങ്കാളിത്തം മൂലം, ഏതൊരു തെരഞ്ഞെടുപ്പിലും ന്യൂനപക്ഷ പ്രമേയം അവഗണിക്കാനാകാത്ത രാഷ്ട്രീയവിഷയമായി ഉയർന്നുവരാറുണ്ട്. പതിറ്റാണ്ടുകളായി കേരളത്തിൽ രൂപപ്പെട്ട, മത, സാമുദായിക സമ്മർദ്ദ സംഘങ്ങളുടെ രാഷ്ട്രീയ വ്യവഹാരങ്ങൾക്ക് നിർണായക സ്വാധീനം ഉറപ്പാക്കുന്ന രാഷ്ട്രീയ, മുന്നണി സംവിധാനത്തിൽ ന്യൂനപക്ഷ മതരാഷ്ട്രീയം നിരന്തര സ്വാധീന ശക്തിയുമാണ്.
തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ഈ സംവിധാനത്തിനകത്തുള്ള കൊടുക്കൽ വാങ്ങലുകളും വിലപേശലുകളും വ്യാജമായ ആഖ്യാനങ്ങളുടെ നിർമ്മാണവും അതിന്റെ സമ്മതിയുണ്ടാക്കലുമെല്ലാം സജീവമാകുന്നു. ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളെയോ മതവർഗീയ രാഷ്ട്രീയത്തെയോ അതിന് ഒരു ജനാധിപത്യ മതേതര സമൂഹത്തിനുള്ളിൽ കണ്ടെത്തേണ്ട പരിഹാരങ്ങളെയൊക്കുറിച്ചോ ഒന്നും ദീർഘകാലാടിസ്ഥാനത്തിലുള്ള സംവാദങ്ങളോ പ്രയോഗങ്ങളോ ഇതിൽ പ്രതിഫലിക്കാറില്ല. മറിച്ച്, അതാത് കാലത്തെ വൈകാരിക രാഷ്ട്രീയ പ്രമേയങ്ങൾക്കനുസരിച്ച് ന്യൂനപക്ഷ വോട്ടുകൾ തങ്ങൾക്കനുകൂലമായി മറിക്കാനുള്ള അടവുകൾ മാത്രമാണ് രാഷ്ട്രീയ മുന്നണികൾ നടത്താറ്. ഇത്തരം പതിവ് അടവുപരിപാടികളാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ സി.പി.എം സ്വീകരിച്ചത്. എന്നാലത് വോട്ടുകളായോ ഇടതുമുന്നണിയുടെ വിജയമായോ പരിവർത്തിക്കപ്പെട്ടില്ല എന്നതോടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഭൂരിപക്ഷ മതവൈകാരികതകളെ തൃപ്തിപ്പെടുത്തുകയും അതിൽ നിന്ന് വോട്ടുകൾ നേടാൻ കഴിയുമോയെന്ന പരീക്ഷണവുമായി ഇടതുമുന്നണി പ്രചാരണാഖ്യാനം മാറ്റുകയാണ്. സ്വാഭാവികമായും ഇത്തരത്തിൽ ഭൂരിപക്ഷ ഹിന്ദു വോട്ടുകൾ കിട്ടുന്നതിന്, മതേതര രാഷ്ട്രീയത്തെക്കാളേറെ ‘ഹിന്ദുമതബോധത്തിലുള്ള’ ഹിന്ദുക്കളെ സ്വാധീനിക്കണമെങ്കിൽ ലഭ്യമായ ഏറ്റവും പ്രവർത്തനശേഷിയുള്ള പ്രചാരണായുധം ‘മുസ്‌ലിം വർഗീയത’ എന്ന ശത്രുവിനെ പൊക്കിക്കാട്ടലാണ്. സി.പി.എം ഇപ്പോൾ കേരള സമൂഹത്തിൽ പ്രയോഗിക്കുന്ന അടവ് ഇതാണ്.
‘മതമനുഷ്യരാക്കപ്പെടുന്ന
മുസ്‍ലിംകൾ’
മുസ്‍ലിംകളെ, മതേതരമായ രാഷ്ട്രീയ, സാമൂഹ്യ ചിന്താശേഷിയും പൊതുസമൂഹത്തിൽ മതനിരപേക്ഷമായ തീരുമാനങ്ങളെടുക്കാൻ ശേഷിയുള്ളവരുമായ പൗരരായി കണക്കാക്കാതിരിക്കുക എന്നതാണ് ഈ നിലപാടിന്റെ അടിസ്ഥാനങ്ങളിലൊന്ന്. മുസ്‍ലിംകൾ എല്ലായ്പ്പോഴും തങ്ങളുടെ മതബോധത്തിനും മതബദ്ധ ജീവിതത്തിനും അനുസൃതമായ തരത്തിൽ മാത്രമാണ് രാഷ്ട്രീയ വ്യവഹാരങ്ങളിൽ ഏർപ്പെടുകയോ തീരുമാനങ്ങളെടുക്കുകയോ ചെയ്യുന്നതെന്നതാണ് ഇതിലൂടെ സ്ഥാപിക്കുന്നത്. ഇത്തരത്തിൽ മുസ്‍ലിംകൾ മതബദ്ധമായും മതപരിഗണകളാലും മാത്രമാണ് പൊതു വ്യവഹാരങ്ങളിലും രാഷ്ട്രീയ വ്യവഹാരങ്ങളിലും ഏർപ്പെടുന്നതെന്ന് സ്ഥാപിക്കുന്നതും അങ്ങനെയാകണമെന്ന് ഉറപ്പുവരുത്താൻ ശ്രമിക്കുകയും ചെയ്യുന്നത് ഇന്ത്യയിൽ രണ്ടു കൂട്ടരാണ്;
ഒന്ന്, സംഘപരിവാർ.
രണ്ട്, ഇസ്‌ലാമിക രാഷ്ട്രീയ സംഘടനകൾ.
ഈ പട്ടികയിലേക്ക് കയറിയിരിക്കാനാണ് സി.പി.എം ഇപ്പോൾ ശ്രമിക്കുന്നത്.
സംഘപരിവാറിനെ സംബന്ധിച്ച് മുസ്‍ലിംകളെ മതബദ്ധ കൂട്ടമായി മാത്രം കാണുകയെന്നത് അവരുടെ പ്രത്യയശാസ്ത്ര പദ്ധതിയുടെ ഭാഗമാണ്. മുസ്‍ലിംകളെ ഇന്ത്യയിലെ മുഴുവൻ പൗരരോ ഇന്ത്യക്കാരോ (ഹിന്ദുത്വ രാഷ്ട്രീയാർത്ഥത്തിൽ ‘ഭാരതീയരോ’) ആയി കാണാൻ സംഘപരിവാർ തയ്യാറല്ല. വി.ഡി. സവർക്കറുടെ ഹിന്ദുത്വ രാഷ്ട്രീയാഖ്യാനത്തിൽ പിതൃഭൂമിയും പുണ്യഭൂമിയും ഒന്നല്ല എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ മുസ്‍ലിംകൾ ഇന്ത്യക്കാരല്ല. ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളും അപരരുമായി മുസ്‍ലിംകളെ നിർമ്മിച്ചെടുക്കുന്ന സംഘപരിവാർ പരിപാടിയിൽ മുസ്‍ലിംകൾക്ക് അവരുടെ മതത്തിൽ നിന്ന് വിട്ടുമാറിയുള്ള എന്തെങ്കിലുമൊരു അസ്തിത്വം നൽകുന്നില്ല. ഇത് ഹിന്ദുക്കൾക്കും ബാധകമാണ്. ഹിന്ദുക്കളെ സംബന്ധിച്ച മതാസ്‌തിത്വം രാഷ്ട്രീയാധികാരമായി മാറുമ്പോൾ മുസ്‍ലിംകൾക്ക് അത് രാഷ്ട്രീയ അടിമത്തമായി മാറുമെന്നതാണ് സംഘപരിവാറിന്റെ പ്രത്യയശാസ്ത്രപ്രയോഗം.
ഇസ്‌ലാമിക രാഷ്ട്രീയ സംഘടനകൾ സംഘപരിവാർ യുക്തിയുടെ മറ്റൊരു വശമാണ് ഉപയോഗിക്കുന്നത്. മതബദ്ധമായ ഒന്നല്ലാതെ പൊതുസമൂഹത്തിലെ ഇടപെടലുകൾക്കോ രാഷ്ട്രീയാധികാര വ്യവഹാരങ്ങൾക്കോ പ്രസക്തിയില്ല എന്നാണവർ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. മതബദ്ധരായ ‘കൂട്ടം’ എന്നതാണ് മുസ്‍ലിംകളുടെ രാഷ്ട്രീയ പ്രാധാന്യവും സ്വത്വവും എന്നവർ ഉറപ്പാക്കാൻ ശ്രമിക്കുന്നു. സ്വത്വ രാഷ്ട്രീയത്തിന്റെ (Identity politics) വകഭേദങ്ങളിലെല്ലാം ഇത് എളുപ്പത്തിലുള്ള പ്രയോഗവുമാണ്. അതുകൊണ്ടാണ് സ്വത്വരാഷ്ട്രീയ പദ്ധതിയുടെ മറ്റ് പ്രയോക്താക്കളുമായി രാഷ്ട്രീയ ഇസ്‌ലാം അടവുപരമായ ചങ്ങാത്തമുണ്ടാക്കാൻ ഉത്സാഹിക്കുന്നത്. മുസ്‍ലിംകളെന്ന സാമൂഹ്യരൂപം എങ്ങനെയാണോ സംഘപരിവാർ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നത് ഏതാണ്ടതൊക്കെത്തന്നെയാണ് ഇസ്‌ലാമിക രാഷ്ട്രീയ സംഘടനകളും സൃഷ്ടിച്ചെടുക്കാൻ ശ്രമിക്കുന്നത്. ഏതു വശത്തേക്കാണ് അതുപയോഗിക്കുക എന്നും അതിന്റെ രാഷ്ട്രീയ നിയന്ത്രണാധികാരം ആർക്കാണ് എന്നുള്ളതുമാണ് അതിലെ വ്യത്യാസം. ഒരേ തരത്തിലുള്ള മത സങ്കുചിതത്വവും രാഷ്ട്രീയാധികാരത്തെയും പൊതുസമൂഹത്തിന്റെ സകല ഇടപെടലുകളെയും മതാടിസ്ഥാനത്തിൽ വേർതിരിക്കുകയും നിർണ്ണയിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്ര സമാനതകളുമാണ് ഇരുപക്ഷത്തും കാണാനാവുക.
ഇസ്‌ലാമിക രാഷ്ട്രീയ സംഘടനകൾ സംഘപരിവാർ യുക്തിയുടെ മറ്റൊരു വശമാണ് ഉപയോഗിക്കുന്നത്. മതബദ്ധമായ ഒന്നല്ലാതെ പൊതുസമൂഹത്തിലെ ഇടപെടലുകൾക്കോ രാഷ്ട്രീയാധികാര വ്യവഹാരങ്ങൾക്കോ പ്രസക്തിയില്ല എന്നാണവർ സ്ഥാപിക്കാൻ ശ്രമിക്കുന്നത്.
ഇതേ യുക്തികളാണ് ഇടതുപക്ഷം മുസ്‌ലിം ജനസമൂഹത്തിനുനേരെ പ്രയോഗിക്കുന്നത് എന്നത് ആശങ്കാജനകമാണ്. അതുണ്ടാക്കുന്ന വലിയ അപകടമെന്നത്, സംഘപരിവാറിന്റെ മുസ്‌ലിം അപരവത്ക്കരണത്തിന്റെ യുക്തിയും വാദങ്ങളുമാണ് അത് പിൻപറ്റുന്നത് എന്നതാണ്. ഇന്ത്യയിൽ മതേതര രാഷ്ട്രീയത്തിന് മാത്രമല്ല, ഇന്ത്യയെന്ന ജനാധിപത്യ, മതേതര റിപ്പബ്ലിക്കിന്റെ നിലനിൽപ്പിനെ വരെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് ഹിന്ദുത്വ രാഷ്ട്രീയം വളർന്നിരിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രീയാധികാരം കേന്ദ്രത്തിലും നിരവധി സംസ്ഥാനങ്ങളിലും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കൈകളിലാണ്. ആ രാഷ്ട്രീയാധികാരമാകട്ടെ ഇന്ത്യയുടെ മതേതര, ജനാധിപത്യ ഘടനയെ പൊളിക്കുകയും ഏകശിലാരൂപത്തിലുള്ള ഒരു സമഗ്രാധിപത്യ ഭരണകൂടത്തെയും പിന്നാലെ ഹിന്ദുത്വ രാഷ്ട്രത്തെയും സ്ഥാപിക്കാനുള്ള നിയമനിർമ്മാണങ്ങളടക്കമുള്ള നീക്കങ്ങളുമായി മുന്നേറുകയും ചെയ്യുന്നു. കാശ്മീരിന്റെ പ്രത്യേക ഭരണഘടനാപദവി എടുത്തുകളഞ്ഞതുമുതൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന പരിപാടി നടപ്പാക്കാനുള്ള പരിപാടികൾ വരെയായി അത് പ്രകടമായി മുന്നേറുകയാണ്. വിവിധ സംസ്ഥാനങ്ങളുടെ ഒരു ഐക്യദേശമാണ് ഇന്ത്യ എന്നതിൽ നിന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ഭൂരിപക്ഷ മതഘടനയുടേയും അടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്രമായി ഇന്ത്യയെ മാറ്റുകയാണ്. പൊതുസമൂഹത്തിന്റെ ദൈനംദിന ജീവിതവ്യവഹാരങ്ങളെല്ലാം മതാടിസ്ഥാനത്തിൽ നിർവഹിക്കപ്പെടുന്ന അവസ്ഥയുണ്ടാക്കുകയാണ്. ഹിന്ദു തീർത്ഥാടന കാലത്ത് ഇറച്ചി വില്പനശാലകൾ അടച്ചിടാനും മുസ്‍ലിംകളുടെ കടകൾക്കുമുന്നിൽ അവരെ തിരിച്ചറിഞ്ഞ് ഹിന്ദുക്കൾക്ക് ബഹിഷ്‌ക്കരിക്കാൻ പാകത്തിൽ ഉടമസ്ഥന്റെ പേരെഴുതി പ്രദർശിപ്പിക്കാനുമൊക്കെ ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും നടത്തിയ ശ്രമങ്ങൾ ഇതിന്റെ ഭാഗമാണ്.
ഇന്ത്യയിലെ പൗരത്വത്തിന് പരിഗണിക്കാവുന്ന മാനദണ്ഡങ്ങളിലൊന്നായി മതത്തെ ഉൾപ്പെടുത്തുന്ന പൗരത്വ നിയമ ഭേദഗതിയടക്കം വന്നു കഴിഞ്ഞിരിക്കുന്നു. ഇത്തരത്തിൽ ഇന്ത്യ എന്ന ആശയത്തിനും അതിന്റെ മതേതര, ജനാധിപത്യ ഘടനക്കും അസ്തിത്വപരമായ ഭീഷണികൾ ഭൂരിപക്ഷ മതരാഷ്ട്രീയവും ഹിന്ദുത്വ രാഷ്ട്രീയവും ഉയർത്തുമ്പോൾ ന്യൂനപക്ഷ വർഗീയതയെ അത്തരത്തിലുള്ള രാഷ്ട്രീയാധികാരപ്രയോഗങ്ങളുമായി തുല്യനിലയിൽ കാണുന്നത് സംഘപരിവാർ യുക്തിയെ സാധൂകരിക്കലാണ്.
ന്യൂനപക്ഷ വർഗീയതയും
സി.പി.എമ്മും
മതവർഗീയ രാഷ്ട്രീയം ഏതു മതത്തിന്റേതായാലും ആധുനിക, മതേതര, ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാകുന്നതല്ല. ഭൂരിപക്ഷ മതവർഗീയതയും ന്യൂനപക്ഷ മതവർഗീയതയും അതുകൊണ്ടുതന്നെ കൃത്യമായി തിരിച്ചറിയപ്പെടുകയും എതിർക്കപ്പെടുകയും വേണം. എന്നാൽ, ഇരു വർഗീയതകളെയും സമാനമായ അപകടങ്ങളായാണ് കണക്കാക്കുന്നത്. ഭൂരിപക്ഷ വർഗീയത നടപ്പാക്കുന്ന രാഷ്ട്രീയാധികാരത്തിന്റെ മൂർത്തപ്രയോഗങ്ങളെ കണ്ടില്ലെന്നുനടിച്ച് അതിനെ നോവിക്കാതിരിക്കുകയോ അല്ലെങ്കിൽ തിരിച്ചറിയാതെ പോവുകയോ ആണ്, ഇന്ത്യയിൽ.
മുസ്‌ലിം എന്നതിനൊപ്പം പൗരത്വ നിയമ ഭേദഗതി, പലസ്തീൻ, സംഘപരിവാറിന്റെ വംശീയ ആക്രമണം എന്നിവയെല്ലാം പറഞ്ഞുകൊണ്ടിരുന്ന ഇടതുപക്ഷം ഇപ്പോൾ മുസ്‌ലിം എന്നതിനൊപ്പം മതവർഗീയത, ‘സുഡാപ്പി’, മതഭീകരത എന്നെല്ലാമാക്കി മാറ്റിയിരിക്കുന്നു.
ഇപ്പോഴത്തെ ചർച്ചകളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ, ന്യൂനപക്ഷ വർഗീയത എന്നൊന്നില്ല എന്നൊരു വാദം രാഷ്ട്രീയ സാക്ഷരതയ്ക്ക് നിരക്കുന്നതല്ല എന്ന് നമുക്കറിയാം. മുസ്‌ലിം വർഗീയതയും ഇസ്‌ലാമിക രാഷ്ട്രീയവും കേരളത്തിലുണ്ട്. അതിന്റെ സംഘടനാരൂപങ്ങളുടെ പ്രവർത്തനങ്ങളും സജീവമാണ്. മുസ്‌ലിം സമുദായത്തെ വെറും മതബദ്ധ കൂട്ടമാക്കി മാറ്റാനുള്ള അവരുടെ ശ്രമങ്ങൾ നിരന്തരം തുടരുന്നതുമാണ്. ജമാഅത്തെ ഇസ്‍ലാമിയും മറ്റ് പല ഇസ്‌ലാമിക രാഷ്ട്രീയ സംഘടനകളുമൊക്കെ ഇതിന്റെ ഭാഗവുമാണ്. അത്തരം രാഷ്ട്രീയ സംഘടനകളുമായി എന്തെങ്കിലും ഒത്തുതീർപ്പുകൾ മതേതര രാഷ്ട്രീയം ഒരുതരത്തിലും നടത്തേണ്ടതുമില്ല. എന്നാൽ ഇത്തരത്തിലൊരു കർക്കശ രാഷ്ട്രീയ നിലപാട് തരാതരം പോലെ കയ്യൊഴിയാൻ കേരളത്തിലെ ഇരു രാഷ്ട്രീയ മുന്നണികളും മടികാണിച്ചിട്ടില്ല എന്നതാണ് വാസ്തവം.
മുസ്‍ലിംകളെ ഒരു കൂട്ടമായി കൈകാര്യം ചെയ്യുന്ന മതരാഷ്ട്രീയ നിലപാടിനെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സി.പി.എം പരീക്ഷിച്ചത് ഇങ്ങനെത്തന്നെയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം വാസ്തവത്തിൽ ഇന്ത്യയുടെ മതേതര രാജ്യമെന്ന സ്വഭാവത്തെ തകർക്കുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരായിരുന്നു. ആ നിയമഭേദഗതിയുടെ അടിയന്തര ഇരകളായി അസമിലും ബംഗാളിലും മുസ്‍ലിംകളിൽ ഒരു വിഭാഗം മാറുമെന്നത് മാത്രമായിരുന്നില്ല, രാജ്യത്ത് മുസ്‌ലിം എന്ന അപരനിർമിതി കൂടുതൽ രൂക്ഷമാക്കാനുള്ള പരിപാടിയായിരുന്നു അത്. ആ അർത്ഥത്തിൽ അതിനോട് മുസ്‌ലിം ജനവിഭാഗത്തിൽനിന്ന് കൂടുതൽ എതിർപ്പുണ്ടാവുക സ്വാഭാവികമാണ്. എന്നാൽ അത്തരത്തിലൊരു എതിർപ്പിനല്ല സി.പി.എമ്മിനെ പോലൊരു രാഷ്ട്രീയകക്ഷി മുൻതൂക്കം നൽകേണ്ടിയിരുന്നത്. പൗരത്വ ഭേദഗതിക്കെതിരായ സമരത്തെ രാജ്യത്തിന്റെ മതേതര രാഷ്ട്രീയ സമരമായി മാറ്റുന്നതിന് വേണ്ടിയായിരുന്നു ശ്രമിക്കേണ്ടത്. പകരം കേരളത്തിൽ നാം കണ്ടത്, മുസ്‍ലിംകളുടെ ഒരു സവിശേഷ പ്രശ്നമായി പൗരത്വ നിയമ ഭേദഗതിയെ അവതരിപ്പിക്കാനും മുസ്‍ലിംകളെ തങ്ങളുടെ ഭാഗത്തേക്ക് ആകർഷിക്കാനുമുള്ള അവസരവുമായി അതിനെ മാറ്റി എന്നതാണ്. ആർക്കാണ് കൂടുതൽ മുസ്‌ലിം പ്രേമമെന്നും ആരാണ് കൂടുതൽ കരുത്തുള്ള മുസ്‌ലിം സംരക്ഷകൻ എന്നും സ്ഥാപിക്കാനുള്ള ഉത്സാഹമായിരുന്നു. കേവലം വോട്ട് രാഷ്ട്രീയത്തിനപ്പുറം അതിലൊന്നുമുണ്ടായിരുന്നില്ല എന്ന് നാം തിരിച്ചറിയുന്നുമുണ്ട്.
പലസ്തീൻ ഐക്യദാർഢ്യ പരിപാടിയും അത്തരത്തിലൊന്നായി മാറ്റി. പലസ്തീൻ പ്രശ്‌നം ഒരു മുസ്‌ലിം പ്രശ്നമായിട്ടല്ല ഇടതുപക്ഷം ഒരു കാലത്തും കൈകാര്യം ചെയ്തത്. ഇടതുപക്ഷം മാത്രമല്ല, കോൺഗ്രസടക്കമുള്ള ഇന്ത്യയിലെ മതേതര കക്ഷികളൊന്നുംതന്നെ പലസ്തീനെ ഒരു മുസ്‌ലിം പ്രശ്നമായല്ല കണ്ടതും നിലപാടുകളെടുത്തതും. ഗാന്ധിയും നെഹ്‌റുവുമടക്കമുള്ള ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യ സമര നേതൃത്വം പലസ്തീൻ പ്രശ്‌നത്തെ ആഗോള സാമ്രാജ്യത്വ, കൊളോണിയൽ വിരുദ്ധ സമരത്തിന്റെയും ദേശീയതയുടെ വിമോചനപ്പോരാട്ടത്തിന്റെ ഭാഗവുമായാണ് കണ്ടത്. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ആഗോള നിലപാടും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സമീപനവും സംശയരഹിതമായി അങ്ങനെത്തന്നെയായിരുന്നു. എന്നാൽ ഇസ്രയേലിന്റെ ഗാസ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ പരിപാടികൾ മിക്കതും മുസ്‍ലിംകൾക്കതിരായ ആഗോള ആക്രമണമെന്നും അതിൽ കേരളത്തിലെ മുസ്‍ലിംകൾക്കൊപ്പം തങ്ങളുണ്ടെന്നും വരുത്താനുള്ള ശ്രമത്തിന്റെ നാടകങ്ങളായിരുന്നു. മുസ്‌ലിം മതസംഘടനകളുടെ പ്രാതിനിധ്യം വേദിയിൽ ഉറപ്പാക്കുകയെന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയ അജണ്ടയാണ് അതിൽ മുന്നിട്ടുനിന്നത്.
ഇസ്രയേലിന്റെ ഗാസ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ സി.പി.എം സംഘടിപ്പിച്ച പ്രതിഷേധ പരിപാടികൾ മിക്കതും മുസ്‍ലിംകൾക്കതിരായ ആഗോള ആക്രമണമെന്നും അതിൽ കേരളത്തിലെ മുസ്‍ലിംകൾക്കൊപ്പം തങ്ങളുണ്ടെന്നും വരുത്താനുള്ള ശ്രമത്തിന്റെ നാടകങ്ങളായിരുന്നു.
എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത്തരത്തിൽ ഒരു ‘മതക്കൂട്ടം’ എന്ന നിലയിൽ മുസ്‍ലിംകൾ തങ്ങൾക്കനുകൂലമായി വോട്ടു ചെയ്തില്ല എന്നത് സി.പി.എമ്മിനെ കുഴപ്പത്തിലാക്കി. മുസ്‌ലിം പ്രീണനമെന്ന ആക്ഷേപമായി അത് എതിരാളികൾ ഉപയോഗപ്പെടുത്തമെന്നും അങ്ങനെ ഭൂരിപക്ഷ ഹിന്ദു വോട്ടുകളിൽ ഒരു വിഭാഗം തങ്ങൾക്കനുകൂലമല്ലാതെ വരുമെന്നും അവർ ഭയക്കാൻ തുടങ്ങി. ഇതോടെ അതിവേഗം കളംമാറ്റിപ്പിടിക്കാൻ സി.പി.എം തീരുമാനിച്ചു. അങ്ങനെയാണ് പൗരത്വ നിയമ ഭേദഗതിയും പലസ്തീനും ഇന്ത്യയിലെ മുസ്‌ലിങ്ങൾക്കെതിരായ സംഘപരിവാർ ഭീഷണികളും ആക്രമണങ്ങളുമെല്ലാം പിന്നിലേക്ക് പോവുകയും കേരള രാഷ്ട്രീയത്തിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്നായി മുസ്‌ലിം മതവർഗീയത പൊങ്ങിവരികയും ചെയ്യുന്നത്.
പുതു സ്വഭാവികതയാകുന്ന
ഹിന്ദുത്വ വലതുപക്ഷവത്ക്കരണം
ഇത് വലിയൊരു ആഖ്യാനമാറ്റമാണ് ഉണ്ടാക്കുന്നത്. അതായത്, മുസ്‌ലിം എന്നതിനൊപ്പം പൗരത്വ നിയമ ഭേദഗതി, പലസ്തീൻ, സംഘപരിവാറിന്റെ വംശീയ ആക്രമണം എന്നിവയെല്ലാം പറഞ്ഞുകൊണ്ടിരുന്ന ഇടതുപക്ഷം ഇപ്പോൾ മുസ്‌ലിം എന്നതിനൊപ്പം മതവർഗീയത, സുഡാപ്പി, മതഭീകരത എന്നെല്ലാമാക്കി മാറ്റിയിരിക്കുന്നു. തങ്ങൾക്ക് വേണ്ടപോലെ ഒരു ജനസമൂഹത്തെ മുഴുവൻ അവരുടെ മതാസ്തിത്വത്തിന്റെ അടിസ്ഥാനത്തിൽ ഏതുതരം പ്രചാരണക്കുപ്പിയിലേക്കുമൊഴിക്കാനും രൂപംമാറ്റി ചിത്രീകരിക്കാനും കഴിയുന്ന മുഖ്യധാരാ ഇടതുപക്ഷത്തിന്റെ അവസരവാദ തെരഞ്ഞെടുപ്പ് രാഷ്ട്രീയം സംഘപരിവാറിന്റെ മുസ്‌ലിം അപരവത്ക്കരണത്തിന്റെ അതേ മൂശയിലാണ് ഇപ്പോൾ സ്വയം വാർത്തെടുത്തുകൊണ്ടിരിക്കുന്നത് എന്നത് കേരളത്തിൽ അത്യന്തം അപകടകരമായ രാഷ്ട്രീയ, സാമൂഹ്യാന്തരീക്ഷമാണ് ഉണ്ടാക്കാൻ പോകുന്നത്.
മതവർഗീയതയെ തരാതരം ഉപയോഗിക്കുക എന്ന കളിയുടെ മറ്റൊരു രൂപം മാത്രമാണിത്. ഭൂരിപക്ഷ മതവർഗീയതയുടെ മൃദുരൂപമാണ് തങ്ങൾക്കനുകൂലമായി ഹിന്ദു വോട്ടുകളെ തിരിക്കുന്നതിനായി ഇപ്പോൾ സി.പി.എം, ‘ഈ മുസ്‌ലിം വർഗീയത കേരളത്തെ വിഴുങ്ങുന്നേ’ എന്ന കൂട്ടനിലവിളിയോടെ പ്രയോഗിക്കുന്നത്. ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുടെ പിന്നാലെ ഹിന്ദു വർഗീയവികാരം തങ്ങൾക്കനുകൂലമായ വോട്ടാക്കി മാറ്റുന്നതിന് യു. ഡി. എഫും, പ്രത്യേകിച്ച് കോൺഗ്രസും, നടത്തിയ പിന്തിരിപ്പൻ രാഷ്ട്രീയ അടവുകൾ കേരളത്തിലെ സംഘപരിവാർ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സ്വാധീനത്തെ എത്ര അപകടകരമായ വിധത്തിലാണ് ശക്തിപ്പെടുത്തിയതെന്ന പാഠം നമുക്ക് മുന്നിലുണ്ട്. കേരളീയ സമൂഹത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിനുള്ള ശക്തി അതിന്റെ രാഷ്ട്രീയാധികാര സ്വാധീനത്തെക്കാൾ എത്രയോ ആഴത്തിലും പരപ്പിലുമാണ്. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ ശരീരത്തിലേക്ക് ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രം കിനിഞ്ഞിറങ്ങന്ന രാഷ്ട്രീയ പ്രക്രിയക്ക് ഏറ്റവും ആക്കം കൂട്ടിയ ചരിത്രസംഭവം കൂടിയായിരുന്നു ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരായ സമരം. അതിന്റെ മറ്റൊരു രൂപത്തിലാണ് ഇപ്പോൾ മുസ്‌ലിം വർഗീയതയുടെ വലിപ്പത്തെയും അതിന്റെ സ്വാധീനത്തെയും അയഥാർത്ഥമായ മാനങ്ങളിൽ അവതരിപ്പിച്ചുകൊണ്ട് സി.പി.എം ചെയ്യുന്നത്.
ഇടതുപക്ഷം പൊതുവായി അതിന്റെ ചരിത്രത്തിൽ എല്ലാത്തരം മതവർഗീയതയോടും സന്ധിയില്ലാത്ത സമരമെന്ന നയമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ വാസ്തവത്തിൽ അതെല്ലാ കാലത്തും അങ്ങനെയായിരുന്നില്ല.
അതായത്, രാഷ്ട്രീയ- സാമൂഹ്യാഖ്യാനങ്ങളെ സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര പദ്ധതിയുടെ ചട്ടക്കൂടുകൾക്ക് പാകമായ അളവിൽ മാറ്റിക്കൊടുക്കുകയാണ്. മുസ്‌ലിം എന്ന മതബദ്ധ മനുഷ്യൻ മതേതര രാഷ്ട്രീയത്തെ തോൽപ്പിക്കുന്നു എന്ന സി.പി.എം പ്രചാരണം വാസ്തവത്തിൽ ആരുടെ രാഷ്ട്രീയ താത്പര്യങ്ങളെയാണ് കൂടുതൽ സഹായിക്കുകയെന്നത് ഇന്നത്തെ ഇന്ത്യയിലേക്കുള്ള ഹിന്ദുത്വ വർഗീയതയുടെ രഥയാത്രയുടെ വഴികൾ കണ്ട ആർക്കും മനസിലാകും. സി.പി.എമ്മിനും അത് മനസ്സിലാകുന്നുണ്ട് എന്നതാണ് അതിലെ ഭീതിദമായ വസ്തുത. അതായത് ഹിന്ദുത്വ വലതുപക്ഷവത്ക്കരണം മുഖ്യധാര ഇടതുപക്ഷത്തിൽപ്പോലും ഒരു സ്വാഭാവികതയാകുന്ന തരത്തിലുള്ള ‘പുതു സ്വാഭാവികത’ (New Normal) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
മുസ്‍ലിം മതരാഷ്ട്രീയവുമായുള്ള
ഇടതുപക്ഷ സംഘർഷങ്ങൾ
മുസ്‌ലിം മതവർഗീയതയോട് എന്തുതരം നിലപാടാണ് എടുക്കേണ്ടത് എന്നതിൽ, ഇടതുപക്ഷം പൊതുവായി അതിന്റെ ചരിത്രത്തിൽ എല്ലാത്തരം മതവർഗീയതയോടും സന്ധിയില്ലാത്ത സമരമെന്ന നയമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ വാസ്തവത്തിൽ അതെല്ലാ കാലത്തും അങ്ങനെയായിരുന്നില്ല. കേരളത്തിൽ സംസ്ഥാനത്തെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിച്ച വിമോചനസമരക്കാലത്തെ മതസാമുദായിക ശക്തികളുടെ വിജയകരമായ പിന്തിരിപ്പൻ ഐക്യത്തിന് ശേഷം മത, സാമുദായിക ശക്തികളെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നത് ഇടതുപക്ഷത്തിന്റെ വലിയ പ്രശ്നമായിരുന്നു. മിക്കപ്പോഴും ഒത്തുതീർപ്പുകളിലേക്കും സാമുദായിക ശക്തികളെ രാഷ്ട്രീയാധികാരത്തിന്റെ നേരിട്ടുള്ള വഴികളിൽ ഒപ്പം കൂട്ടാതിരിക്കുമ്പോഴും അവയുടെ എല്ലാവിധ താത്പര്യങ്ങളെയും സംരക്ഷിച്ചും കൊണ്ടായിരുന്നു ഇടതുപക്ഷം ഇതിനെ കൈകാര്യം ചെയ്തത്.
കേരളത്തിൽ 1967-69 കാലത്ത് മുസ്‌ലിം ലീഗുമായും 1977-85 കാലത്ത് അഖിലേന്ത്യാ ലീഗ് എന്ന ലീഗിലെ വിഘടിത വിഭാഗവുമായും സി.പി.എം ഐക്യത്തിലുമായിരുന്നു. ശരിയത്ത് വിവാദവും അതിൽ ഇ.എം.എസിന്റെ നേതൃത്വത്തിലെടുത്ത ശരിയത്ത് വിരുദ്ധ നിലപാടും മുസ്‌ലിം മതരാഷ്ട്രീയ സംഘടനകളുമായുള്ള ബന്ധം വേർപിരിഞ്ഞുള്ളൊരു രാഷ്ട്രീയ നിലപാടിലേക്കെത്താൻ സി.പി.എമ്മിനെ സഹായിച്ചു. എന്നാൽ പിന്നീട് പലപ്പോഴും പാർട്ടിക്കുളിൽ മുസ്‌ലിം മതരാഷ്ട്രീയവുമായുള്ള അടവുപരമായ ഐക്യത്തെച്ചൊല്ലിയുള്ള വലിയ തർക്കങ്ങൾ നിലനിന്നു. അബ്ദുന്നാസിർ മഅ്ദനിയുടെ രാഷ്ട്രീയത്തെ ഗാന്ധി സ്വാതന്ത്ര്യ സമരത്തിൽ മതത്തെ ഉപയോഗിച്ചതുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ഇ.എം.എസിന്റെ വിശകലനം വാസ്തവത്തിൽ മുസ്‌ലിം ലീഗിന് പുറത്ത് മുസ്‌ലിം ജനവിഭാഗത്തെ തങ്ങൾക്കൊപ്പം നിർത്താനുള്ള രാഷ്ട്രീയ അടവ് രൂപപ്പെടുത്തുന്നതിനുള്ള ശ്രമമായിരുന്നു. എന്നാൽ ന്യൂനപക്ഷ വർഗീയതക്കെതിരെയുള്ള നിലപാടിനെയും മതവർഗീയതക്കെതിരായ നിലപാടിനേയും അത് ദുർബ്ബലമാക്കുന്നു എന്ന് ശരിയായി നിരീക്ഷിച്ചുകൊണ്ട് പാർട്ടി ഇ.എം.എസിന്റെ നിലപാടിനെ തിരുത്തി.
പിന്നീടും പലതവണ പാർട്ടിക്കകത്ത് മഅ്ദനിയുമായും മുസ്‌ലിം മതസാമുദായിക സംഘടനകളുമായും ഐക്യമുണ്ടാക്കാനും അതിനെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഉപയോഗിക്കാനുമുള്ള ശ്രമം നടന്നു. മുസ്‌ലിം ലീഗിനെ ഇടതുമുന്നണിയിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളും ഇതിനിടയിലുണ്ടായി. മുസ്‌ലിം ലീഗിൽ നിന്നുള്ള ഒരു വിഭാഗത്തെ മാത്രം കിട്ടിയാലും കുഴപ്പമില്ലെന്ന രീതിയിൽ ശ്രമം നടന്നു. പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയായിരുന്ന സമയത്ത് മഅ്ദനിയെ കൂടെക്കൂട്ടാനുള്ള ശ്രമങ്ങളും മുസ്‌ലിം ലീഗുമായി ബന്ധമുണ്ടാക്കാനുള്ള ശ്രമങ്ങളും നടന്നു. വി.എസ്. അച്ചുതാനന്ദൻ അതിനെതിരെ ഉയർത്തിയ പ്രതിഷേധങ്ങളും അന്നുണ്ടായതുകൊണ്ടാണ് ആ ശ്രമങ്ങളിൽ പലതും നടക്കാതിരുന്നത്.
പിന്നീടങ്ങോട്ട് മുസ്‌ലിം മതസംഘടനകളുമായുള്ള ഐക്യവും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കലും സി.പി.എം ഏറ്റെടുത്തു, പകരം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സി.പി.എമ്മിനെ സഹായിക്കാം എന്ന കൊടുക്കൽ- വാങ്ങൽ പരസ്യ ഇടപാടായി മാറി. എന്നാൽ ബി.ജെ.പിക്കെതിരെയും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയും മുസ്‍ലിംകളുടെ ഏക രക്ഷകൻ എന്ന പ്രതിച്ഛായാ നിർമ്മിതിയിൽ മുസ്‍ലിംകൾ അവരുടെ അരക്ഷിതാവസ്ഥയുടെ വെപ്രാളത്തിൽ സി.പി.എമ്മിനെയും ഇടതുമുന്നണിയേയും പ്രതിഷ്ഠിക്കുമെന്ന ആഗ്രഹം നടക്കാതെ വന്നു. ഒപ്പം, സവർണ ഹിന്ദു വോട്ടുകൾ മാത്രമല്ല, പിന്നാക്ക, ദലിത് വോട്ടുകളും സാവകാശം ബി.ജെ.പിയിലേക്ക് പോകുന്നുണ്ടെന്ന തിരിച്ചറിവും സി.പി.എമ്മിനുണ്ടായി.
ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് വോട്ടിങ് ശതമാനത്തിലൊന്നും വലിയ മാറ്റമില്ലാതെ മൂന്നു മുന്നണികളും വോട്ടുകൾ നേടിയിട്ടും (മെട്രോമാൻ ശ്രീധരൻ 2021-ൽ നേരിയ അധിക വോട്ടുകൾ മാറിയതൊഴിച്ചാൽ) അവിടുത്തെ യു.ഡി. എഫ് വിജയത്തെ മുസ്‌ലിം വർഗീയതയുടെ വിജയമായി അവതരിപ്പിക്കുന്ന സി.പി.എമ്മിന്, വാസ്തവത്തിൽ അവരുടെ ഞെട്ടൽ പുറത്തുകാണിക്കാതെ മനസിലാക്കുന്ന സംഗതി, ചേലക്കര പട്ടികജാതി സംവരണ മണ്ഡലത്തിൽ ജയസാധ്യതയില്ലാതിരുന്ന ബി.ജെ.പി സ്ഥാനാർത്ഥി ഏതാണ്ട് പതിനായിരം വോട്ടുകൾ അധികം നേടിയതാണ്. ഈ ശക്തിചോർച്ചയെ തടയാനുള്ള വഴി കൂടിയായാണ് ‘മുസ്‌ലിം വർഗീയതക്കെതിരെ സി.പി.എം’ എന്ന പ്രചണ്ഡ പ്രചാരണം ഇപ്പോൾ ഭരണ ഇടതുപക്ഷം നടത്തുന്നത്. കേരളത്തിൽ നാമമാത്രമായ സാന്നിധ്യമുള്ള ചില ഇസ്‌ലാമിക രാഷ്ട്രീയ സംഘടനകളെ മുൻനിർത്തി സി.പി.എം നിർമ്മിക്കുന്ന ഈ ആഖ്യാനം വാസ്തവത്തിൽ മുസ്‌ലിം എന്നതിനോട് ചേർത്തുമാത്രമാണ് കേരളത്തിൽ വായിപ്പിക്കുന്നത് എന്ന അപകടം അവരാഗ്രഹിക്കുന്നു കൂടിയുണ്ട്.
ആർ.എസ്.എസും
ജമാഅത്തെ ഇസ്‍ലാമിയും
ഇന്ത്യയിൽ മുസ്‌ലിം രാഷ്ട്രീയവുമായി കമ്മ്യൂണിസ്റ്റ് പാർട്ടികൾ പലമട്ടിൽ ഇടപെടുകയും എതിർക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. മതത്തെ ഒരു രാഷ്ട്രീയ പ്രമേയമാക്കി മാറ്റുന്നതിനെ ഇടതുപക്ഷം അതിശക്തമായി എതിർത്ത ചരിത്രമാണുള്ളത്. മുസ്‌ലിം ലീഗിന്റെയും ഹിന്ദു മഹാസഭയുടെയും ആർ.എസ്.എസിന്റെയുമൊക്കെ നേതൃത്വത്തിൽ മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുമ്പോഴും ബ്രിട്ടീഷ് കൊളോണിയലിസത്തിനും ആഗോള സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനുമെതിരായ സമരങ്ങൾ മതേതര രാഷ്ട്രീയത്തിന്റെയും വർഗ്ഗരാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തിൽ സംഘടിപ്പിക്കുകയായിരുന്നു കമ്മ്യൂണിസ്റ്റുകാർ ചെയ്തത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ വർഗീയ കലാപങ്ങളിലൊന്ന് ബംഗാളിലെ നവഖാലിയിൽ നടക്കുന്ന അതെ കാലത്താണ് കർഷകർക്ക് വിളവിന്റെ മൂന്നിലൊന്ന് അവകാശം വേണമെന്നാവശ്യപ്പെട്ട് ബംഗാളിൽ തേഭാഗ (1946-50) സമരം നടക്കുന്നത്. തെലങ്കാനയിലെ പുന്നപ്ര വയലാറിലുമൊക്കെ കമ്മ്യൂണിസ്റ്റ് പാർട്ടി ഉയർത്തിപ്പിടിച്ചത് മതേതര രാഷ്ട്രീയ സമരങ്ങളായിരുന്നു.
അതേ കാലങ്ങളിലും തുടർന്നും ആർ.എസ്.എസും ഇസ്‌ലാമിക രാഷ്ട്രീയ സംഘടനകളും സമാനമായ സാമ്രാജ്യത്വ വിധേയത്വവും ഫാഷിസ്റ്റ് അനുകൂലനിലപാടുമാണ് കൈക്കൊണ്ടത്. ന്യൂനപക്ഷങ്ങളെ കൈകാര്യം ചെയ്യുന്നതിൽ, വ്യത്യസ്തമായ സംസ്ക്കാരങ്ങൾക്കും വംശങ്ങൾക്കും ഒരു ദേശത്തിനുള്ളിൽ സഹവർത്തിക്കാനാകില്ല എന്നും നാസി ജർമ്മനിയുടെ പരിഹാരരീതികൾ ഹിന്ദുസ്ഥാന് അനുകരണീയമാണ് എന്നും ആർ എസ് എസ് മേധാവി ഗോൾവാൾക്കർ വ്യക്തമാക്കുകയും ചെയ്തു.
ആർ.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ ചിന്താധാരകളിൽ പുലർത്തുന്ന സങ്കുചിത മതചിന്തയുടെയും മതരാഷ്ട്രീയത്തിന്റെ ചട്ടക്കൂടിന്റെയും സാമ്യം യാദൃച്ഛികമല്ല. അതുകൊണ്ടുതന്നെ അവയോടുള്ള എതിർപ്പിലും വിട്ടുവീഴ്ച്ച വേണ്ടതുമില്ല.
ജമാഅത്തെ ഇസ്‍ലാമി ആചാര്യൻ അബുൽ അഅ്‌ലാ മൗദൂദിക്കും നാസികളെയും ഫാഷിസ്റ്റുകളെയും ഹിറ്റ്ലറെയും മുസോളിനിയെയും കുറിച്ച് മതിപ്പായിരുന്നു എന്നത്, സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രവും ജമാഅത്തെ ഇസ്‍ലാമിയുടെ ഇസ്‌ലാമിക മതരാഷ്ട്രവും (ഹകുമത്-ഇ-ഇലാഹിയ) തമ്മിൽ ആധിപത്യ മതങ്ങൾ ഏതെന്നതല്ലാതെ, അതിന് ജനാധിപത്യം, മതേതരത്വം എന്നിവയോടെല്ലാമുള്ള നിലപാടുകൾ നമ്മെ ഒട്ടും അമ്പരപ്പിക്കാത്ത വിധത്തിൽ സമാനമാണ് എന്ന് കാണിക്കുന്നുമുണ്ട്.
ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര ചട്ടക്കൂട് ആർ.എസ്.എസിൽ മാത്രമല്ല, ഇസ്‌ലാമിക് രാഷ്ട്രീയത്തിലും സമാന സ്വാധീനം ചെലുത്തിയിരുന്നു. പഞ്ചാബിൽ നിന്ന് പോയി കേംബ്രിഡ്ജിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇനായുത്തുള്ള ഖാൻ മഷ്റിക്കി (Inayatullah Khan Mashriqi), 1926-ൽ ജർമ്മനിയിലെത്തി ഹിറ്റ്ലറെ കണ്ടു. Mein kampf ഉറുദുവിലേക്ക് തർജമ ചെയ്തതും മഷ്റിക്കിയാണ്. 1931-ൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മഷ്റിക്കി ഇസ്‌ലാമിക ദേശീയതയുടെ അടിസ്ഥാനത്തിൽ ഖാക്സറുകൾ (Khaksar movement) എന്ന പേരിലൊരു സംഘടനയും തുടങ്ങി. ഇസ്‌ലാമിക ആധിപത്യം ലോകത്ത് സ്ഥാപിക്കുക എന്നതായിരുന്നു സംഘത്തിന്റെ ലക്‌ഷ്യം. സൈനികഅച്ചടക്കം മാത്രമല്ല ഖാക്സറുകളുടെ വേഷവും കാക്കിയായിരുന്നു എന്നത് ആർ.എസ്.എസുമായുള്ള ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ ഫാഷിസ്റ്റ് സമാനതയെ കാണിക്കുന്നുണ്ട്.
ബ്രിട്ടീഷുകാരുമായി ആർ.എസ്.എസിനെപ്പോലെ ഇസ്‌ലാമിക മതരാഷ്ട്രീയത്തിനും പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇന്നത്തെ കാലത്ത് മുതലാളിത്ത വ്യവസ്ഥയുമായോ അതിന്റെ സങ്കീർണ്ണമായ ചൂഷണപദ്ധതികളുമായോ യാതൊരു തർക്കങ്ങളും ഉയർത്താതെ, സ്വത്വരാഷ്ട്രീയത്തിന്റെ വിവിധ ധാരകൾ മുതലാളിത്ത ചൂഷണക്രമത്തിനു ചെയ്യുന്ന വിടുപണിയാണ് ഹിന്ദുത്വ, ഇസ്‌ലാമിക രാഷ്ട്രീയം കൊളോണിയലിസത്തിന് ചെയ്തുകൊടുത്തത്. പിന്നീട് മതേതര, ഇടത് രാഷ്ട്രീയത്തിലും ദേശീയ വിമോചന സമരങ്ങളിലും ഈജിപ്തിലെ മുസ്‌ലിം ബ്രദർഹുഡ് അടക്കമുള്ള ഇസ്‌ലാമിക രാഷ്ട്രീയ സംഘങ്ങൾ എങ്ങനെയാണ് സാമ്രാജ്യത്വ രാജ്യങ്ങളുടെ കയ്യാളുകളായി പ്രവർത്തിച്ചത് എന്നത് ഇതിന്റെ തുടർച്ചയാണ്.
ഫാഷിസത്തോട് മൗദൂദിക്കുള്ള ആരാധനയും ജനാധിപത്യത്തോടുള്ള എതിർപ്പും ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്: ‘‘ശക്തമായ പ്രത്യയശാസ്ത്രവും ജൈവികമായ കൂട്ടായ തത്വചിന്തയുമുള്ള കക്ഷികൾ തുടക്കത്തിൽ ചെറുതായിരിക്കും. ചെറുതായാൽപ്പോലും അവ വലിയ ഭൂരിപക്ഷജനതയെ ഭരിക്കും- ഇതായിരുന്നു മുസോളിനിയുടെ ഫാഷിസ്റ്റ് പാർട്ടിയുടെയും ഹിറ്റ്ലറുടെ നാസി പാർട്ടിയുടെയും നിലപാട്. ഉറച്ച വിശ്വാസത്തിന്റെയും ശക്തമായ അച്ചടക്കത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമാണ് ശക്തവും സംഘടിതവുമായ ഒരു കക്ഷി അധികാരത്തിൽ വരുന്നത്. അവകാശങ്ങളുടെ കാര്യത്തിൽ ഇസ്‌ലാം, ഭൂരിപക്ഷത്തെ ഒരു അടിസ്ഥാനമായി അംഗീകരിക്കുന്നില്ല’’.
മതേതര ജനാധിപത്യത്തോട് ജമാഅത്തെ ഇസ്‍ലാമി അടക്കമുള്ള മതരാഷ്ട്രീയ സംഘടനകൾ എടുക്കുന്ന നിലപാടെന്താണ്? മതേതരത്വം ഒരു പാശ്ചാത്യ നിർമിതിയോ ഇന്ത്യയിൽ ‘ഇടത്, മതേതര, ലിബറലുകളുടെ’ തട്ടിപ്പോ ആയാണ് ഇവർ കാണുന്നത്. ഒട്ടും അമ്പരപ്പിക്കാത്ത വിധത്തിൽ സംഘപരിവാറിന്റെയും ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്ര പദ്ധതിയുടേയും മതേതരവിരുദ്ധ വാദങ്ങളുടെ ഏതാണ്ട് തനിപ്പകർപ്പാണ് രാഷ്ട്രീയ ഇസ്ലാമിനും മതേതരത്വത്തോടുള്ളത്. മതേതരത്വത്ത (Secularism) സംബന്ധിച്ചും ഗോൾവാർക്കാർക്കും മൗദൂദിക്കും സമാന ചിന്തകളാണ്.
1947-ൽ പത്താൻകോട്ടുവെച്ച് ദേശീയ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് മൗദൂദി ഇങ്ങനെയാണ് പറഞ്ഞത്: ‘‘മുസ്‍ലിംകളെ സംബന്ധിച്ച് ഞാൻ അവരോട് തെളിച്ചുപറയുകയാണ്, മതരഹിതമോ മതേതരമോ ആയ ദേശീയ ജനാധിപത്യം ഇസ്‌ലാമിക ചിന്തക്കെതിരാണ്. നിങ്ങളതിന് വഴങ്ങുകയാണെങ്കിൽ നിങ്ങൾ ഖുർആനോട് പുറംതിരിഞ്ഞുനിൽക്കുന്നു. അതിന്റെ രൂപവത്ക്കരണത്തിലോ വളർച്ചയിലോ നിങ്ങൾ പങ്കാളികളായാൽ നിങ്ങൾ റസൂലിനെ വഞ്ചിക്കുകയാണ്. അതിന്റെ കൊടി നിങ്ങളുയർത്തിയാൽ ദൈവത്തിനെതിരായ കലാപത്തിന്റെ കോടിയാണ് നിങ്ങളുയർത്തുന്നത്…നിങ്ങൾ എവിടെയായാലും ഈ ദേശീയ മതേതര ജനാധിപത്യത്തെ അപലപിക്കണം’’.
ജമാഅത്തെ ഇസ്‍ലാമിയുടെ സാമൂഹ്യ- രാഷ്ട്രീയ വീക്ഷണങ്ങൾ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെയും അതിൽത്തന്നെ ഏറ്റവും പിന്തിരിപ്പനും മതേതരവിരുദ്ധവുമെന്ന് കണക്കാക്കാവുന്നതുമായ മൗദൂദിയൻ മത- രാഷ്ട്രീയ ദർശനങ്ങളുടെയും അടിസ്ഥാനത്തിലുള്ളതുമാണ്. എല്ലാവിധത്തിലുള്ള മതേതര സംവിധാനങ്ങളെയും തള്ളിക്കളയുന്ന മൗദൂദിയുടെ മതരാഷ്ട്ര സങ്കല്പനങ്ങളാണ് ജമാഅത്തെ ഇസ്‍ലാമിയുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടിന്റെ പ്രധാന അടിത്തറ. ഒപ്പം, മതജീവിതത്തിന്റെ സകല സ്ത്രീവിരുദ്ധ കാഴ്ചപ്പാടുകളേയും മതസ്വത്വത്തിന്റെ പേരിൽ വിശുദ്ധവത്കരിക്കുകയും അതിനെ പ്രചരിപ്പിക്കുകയും ചെയ്യുന്ന അജണ്ടയും ജമാഅത്തെ ഇസ്‍ലാമി ഇടതടവില്ലാതെ നടത്തുന്നുണ്ട്.
ആർ.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും അതിന്റെ ചിന്താധാരകളിൽ പുലർത്തുന്ന സങ്കുചിത മതചിന്തയുടെയും മതരാഷ്ട്രീയത്തിന്റെ ചട്ടക്കൂടിന്റെയും സാമ്യം യാദൃച്ഛികമല്ല. അതുകൊണ്ടുതന്നെ അവയോടുള്ള എതിർപ്പിലും വിട്ടുവീഴ്ച്ച വേണ്ടതുമില്ല. എന്നാൽ ഇന്ത്യയിൽ സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയധികാരത്തോടും അതിന്റെ പ്രത്യയശാസ്ത്ര പദ്ധതിയോടും ഇസ്‌ലാമിക മതരാഷ്ട്രീയത്തിന്റെ ശക്തിയെ സമാനമായ കള്ളിയിൽ നിർത്തുകയും ഇസ്‌ലാമിക രാഷ്ട്രീയത്തെ തങ്ങളുടെ രാഷ്ട്രീയ എതിർപ്പിന്റെ മുഖ്യ ആഖ്യാനമാക്കി മാറ്റുകയും ചെയ്യുന്നത് സംഘപരിവാറിന്റെ സൈദ്ധാന്തിക, രാഷ്ട്രീയ ന്യായങ്ങൾ സാധൂകരിക്കുന്നതിന് തുല്യമാണ്.
Political Islam ഉയർത്തുന്ന ഭീഷണി രാജ്യത്തിന്റെ രാഷ്ട്രീയാധികാരത്തിലേക്ക് എത്താനുള്ള യാതൊരു സാധ്യതയുമില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ ഭരണകൂടത്തെ നിയന്ത്രിക്കുന്ന സംഘപരിവാർ / ഹിന്ദുത്വ ശക്തികൾക്കെതിരായ രാഷ്ട്രീയ സമരത്തിന്റെയും Political Islamist സംഘങ്ങൾക്കെതിരെയുള്ള രാഷ്ട്രീയ സമരത്തിന്റെയും രീതികളും സ്വഭാവവും രണ്ടും രണ്ടാണ്.
ഒരു ജനാധിപത്യ, മതേതര രാഷ്ട്രീയ പൗരനെ സംബന്ധിച്ച് ജമാഅത്തെ ഇസ്‍ലാമി എന്ന ഇസ്‌ലാമിക രാഷ്ട്രീയ സംഘടനയുടെ നിലപാടുകളോടുള്ള എതിർപ്പ് ഒരുതരത്തിലുള്ള സംശയത്തിനും ഇടകൊടുക്കാത്ത വിധത്തിൽ പറയേണ്ട ഒന്നാണ്. അത് എല്ലാവിധ മത വർഗീയതയോടുമുള്ള സന്ധിയില്ലാസമരത്തിന്റെ ഭാഗവുമാണ്. Political Islam എന്ന നിരയിലുള്ള എല്ലാ മതബദ്ധ രാഷ്ട്രീയ സംഘടനകളും അത്തരത്തിലുള്ള രാഷ്ട്രീയ എതിർപ്പിന് അർഹരുമാണ്. സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോടുള്ള എതിർപ്പിന്റെ രാഷ്ട്രീയയുക്തിയിലെ നിരവധി ഘടകങ്ങൾ ഇസ്‌ലാമിക രാഷ്ട്രീയ സംഘടനകളോടുള്ള എതിർപ്പിലുമുണ്ട്.
എന്നാൽ, സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയം, ഇന്ത്യയിലെ ഹിന്ദു മതഭൂരിപക്ഷ സമൂഹത്തിൽ ആർജ്ജിച്ചതും ആർജ്ജിക്കാൻ സാധ്യതയുള്ളതുമായ സാമൂഹ്യ- രാഷ്ട്രീയ രൂപങ്ങൾ വച്ചു നോക്കുമ്പോൾ Political Islam ഉയർത്തുന്ന ഭീഷണി രാജ്യത്തിന്റെ രാഷ്ട്രീയാധികാരത്തിലേക്ക് എത്താനുള്ള യാതൊരു സാധ്യതയുമില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ ഭരണകൂടത്തെ നിയന്ത്രിക്കുന്ന സംഘപരിവാർ / ഹിന്ദുത്വ ശക്തികൾക്കെതിരായ രാഷ്ട്രീയ സമരത്തിന്റെയും Political Islamist സംഘങ്ങൾക്കെതിരെയുള്ള രാഷ്ട്രീയ സമരത്തിന്റെയും രീതികളും സ്വഭാവവും രണ്ടും രണ്ടാണ്. ഒന്ന് മറ്റൊന്നിനെ ഇല്ലാതാക്കുന്നില്ല. ഒരൊറ്റ നുകത്തിൽക്കെട്ടി പൂട്ടുന്നുമില്ല.
ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റ് ഭീഷണിയെ, അതിന്റെ സമഗ്രതയിൽ തിരിച്ചറിയുന്ന ഏതൊരു രാഷ്ട്രീയ മനുഷ്യനും മനസിലാക്കാൻ കഴിയുന്ന ഈ ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ നിലപാടിനെയാണ് ഭൂരിപക്ഷ മതവോട്ടിൽ കണ്ണുവെച്ച്, കേരളത്തിലെ രാഷ്ട്രീയത്തെ ഹിന്ദു- മുസ്‌ലിം മതവർഗീയതയുടെ ദ്വന്ദത്തിലേക്ക് കൊണ്ടുപോകുന്നത്. ഭൂരിപക്ഷ മതവോട്ടുകളും ഒപ്പം വേറെ വഴിയില്ല എന്ന മട്ടിൽ തങ്ങൾക്ക് ലഭിക്കുന്ന മതേതര വോട്ടുകളും ന്യൂനപക്ഷ വോട്ടുകളുടെ ചെറിയൊരു ശതമാനവും ചേർത്ത് ഭരണം നിലനിർത്താമെന്ന പൊട്ടക്കിണറ്റിലെ തവളയുടെ ആകാശമാണ് സി.പി.എം സ്വപ്നം കാണുന്നതെന്നത് അവരുടെ രാഷ്ട്രീയ ജീർണ്ണതയുടെ പ്രശ്നമായി മാത്രമല്ല വളരുന്നത്, കേരളത്തിലെ മതേതര രാഷ്ട്രീയത്തിന്റെ അവശേഷിക്കുന്ന സാധ്യതയുടെ ചെറുജാലകങ്ങൾപ്പോലും അടയ്ക്കുന്ന ഇരുട്ടായാണ്.