ലിപ്സ്റ്റിക്ക് ഇട്ടുവരുന്ന സ്ത്രീകൾ കൂടുതലായി സർക്കാർ വിരുദ്ധതയും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും പറയുമെന്ന് ഏതെങ്കിലും തരത്തിൽ സാധൂകരിക്കാവുന്നൊരു നിരീക്ഷണമല്ല എന്ന് ഒറ്റനോട്ടത്തിൽത്തന്നെ ആർക്കും ബോധ്യമാകുന്ന ഒന്നാണ്. ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നവർക്കും കമ്മ്യൂണിസത്തിനും കേരളത്തിലെ പിണറായി വിജയൻ സർക്കാരിനുമിടയിൽ അങ്ങനെയൊരു ശത്രുതയുടെ ബന്ധം എന്തെങ്കിലും തരത്തിൽ ആരോപിക്കാനോ തെളിയിക്കാനോ ആവുകയുമില്ല.
ഒരു രാഷ്ട്രീയ നിലപാടിനെ വിശദമാക്കുന്ന അവസരത്തിൽ അത്തരമൊരു പ്രസ്താവന വരേണ്ട കാര്യവുമില്ല. സ്ത്രീവിരുദ്ധമായ അശ്ലീലഭാഷണങ്ങളിലും അതിന്റെ വഷളൻ ഭാവനകളിലും പുളഞ്ഞുതിമിർക്കുന്നൊരു ആണധികാരക്കൂട്ടത്തിൽ അത്തരമൊരു പ്രസ്താവന അപ്രതീക്ഷിതവുമല്ല. അതുകൊണ്ടാണ് ലിപ്സ്റ്റിക്ക് ഇട്ട സ്ത്രീകളുടെ പിണറായി സർക്കാർ, കമ്മ്യൂണിസ്റ്റ് വിരുദ്ധതയെന്ന ആരോപണം സി.പി.ഐ(എം) പോളിറ്റ് ബ്യുറോ അംഗം എ.വിജയരാഘവൻ പറയുമ്പോൾ അത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെയും മാർക്സിസ്റ്റ് പ്രത്യയശാസ്ത്ര പദ്ധതിയുടെയും സാമാന്യമായ ജനാധിപത്യ രാഷ്ട്രീയത്തിന്റെയുമെല്ലാം പരിസരത്തുനിന്നും പ്രകാശവർഷങ്ങൾക്കകലെപ്പോയി തികഞ്ഞ ദുരധികാരത്തിന്റെയും ആണധികാരത്തിന്റെയും ആക്രോശമാകുന്നത്.
തങ്ങൾക്കെതിരെ വിമർശനങ്ങളുന്നയിക്കുന്നവരെ വ്യക്തിപരമായി വേട്ടയാടുക എന്നത് ജനാധിപത്യവിരുദ്ധമായൊരു സമീപനമാണ്. വിമർശനങ്ങളെ, അതെത്ര ദുർബലമായിരുന്നാലും എതിർക്കുന്നതിനും തങ്ങളുടെ വാദഗതികൾ വിമർശനങ്ങളെ മറികടന്നുകൊണ്ടുള്ള ന്യായമായി ബോധ്യപ്പെടുത്തുന്നതിനുമുള്ള സാമൂഹ്യസംവിധാനം കൂടിയാണ് ജനാധിപത്യം. വിമർശനമുന്നയിക്കുന്നവരുടെ വ്യക്തിവിശേഷം സാധാരണഗതിയിൽ അവിടെ പ്രസക്തമല്ല. ആർക്കൊക്കെ വിമർശിക്കാം എന്നത് ജനാധിപത്യത്തിൽ ഒരു മാനദണ്ഡമായി വരുന്നില്ല. ആർക്കും വിമർശിക്കാം എന്നതാണ് അതിലെ അടിസ്ഥാന പ്രമാണം.
എതിർപ്പിന്റെയും പ്രതിഷേധത്തിന്റെയും നിരന്തരമായി എരിയുന്ന കനലുകളാണ് ജനാധിപത്യസമൂഹത്തെ നിലനിർത്തുന്നത്. അവസാനിക്കാത്ത ചോദ്യങ്ങളുടെ തീയും വെളിച്ചവുമാണ് അതിനെ മുന്നോട്ടുനയിക്കുന്നത്. അഭിജാതരുടെയോ പ്രത്യേക അവകാശങ്ങളുള്ളവരുടെയോ കീഴിൽ നിശ്ശബ്ദമായി ജീവിച്ചുമരിക്കുന്ന പറ്റങ്ങളായി മനുഷ്യസമൂഹത്തെ മാറ്റുക എന്നത് ജനാധിപത്യവിരുദ്ധ സമഗ്രാധിപത്യ ഭരണകൂടങ്ങളുടെ ആവശ്യമാണ്. അവിടെ പ്രതിഷേധത്തിന്റെയും വിമർശനത്തിന്റെയും ശബ്ദങ്ങളെ നാനാവിധത്തിൽ അടിച്ചമർത്താനുള്ള അടവുകൾ പ്രയോഗിക്കും. വിമർശനമുന്നയിക്കാൻ ആരാണ് യോഗ്യർ എന്നും ആരൊക്കെ അയോഗ്യരാണ് എന്നും തീരുമാനിക്കുന്നതിലൂടെ ഈ സമഗ്രാധിപത്യ ഭരണകൂട ഇച്ഛയാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. വിജയരാഘവന്റെ പ്രസ്താവനയുടെ അടിത്തറയിൽ ഇതുണ്ട്.
സി.പി.എം പി.ബി അംഗം, ലിപ്സ്റ്റിക്ക് ഇട്ടുവരുന്ന സ്ത്രീകളുടെ രാഷ്ട്രീയാഭിപ്രായങ്ങളോട് കാണിക്കുന്ന അസഹിഷ്ണുത സ്ത്രീകളെ പൂർണ്ണ പൗരകളായി കാണാൻ കൂട്ടാക്കാത്ത പുരുഷാധികാരത്തിന്റേതാണ്.
ഒരു പൗരസമൂഹത്തിലെ പൂർണ്ണ പൗരരായി ആരെയൊക്കെ കണക്കാക്കാം എന്നതിന് ഭരണഘടന നൽകുന്ന പൗരാവകാശങ്ങളുള്ള എല്ലാ പൗരരും എന്ന പ്രമാണത്തെ പ്രായോഗികമായി നിരന്തരം അട്ടിമറിക്കുക എന്നതാണ് നമ്മൾ കാണുന്നത്. അങ്ങനെ പൂർണ്ണ പൗരരുടെ വ്യവഹാരക്കളങ്ങളിൽ നിന്നും ആദ്യം പുറത്താവുന്നൊരു വിഭാഗമാണ് സ്ത്രീകൾ. അതിൽ വർഗ, ജാതി ഭേദങ്ങളനുസരിച്ച് ഏറ്റക്കുറച്ചിലുകളുണ്ടാകുമെങ്കിലും ഒരു പുരുഷാധിപത്യ സമൂഹത്തിൽ “സ്ത്രീകൾ” എന്ന ഒരൊറ്റ ജൈവഗുണവിശേഷത്താൽത്തന്നെ അവർ രണ്ടാംകിട മനുഷ്യരായി തരംതാഴ്ത്തപ്പെടുന്നു എന്നതാണ് വാസ്തവം. ദലിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും തൊഴിലാളികളുമൊക്കെ ഇത്തരത്തിൽ പൂർണ്ണപൗരരല്ലാതെയാകുന്ന വിഭാഗങ്ങളായി വരും. സി.പി.എം പി.ബി അംഗം, ലിപ്സ്റ്റിക്ക് ഇട്ടുവരുന്ന സ്ത്രീകളുടെ രാഷ്ട്രീയാഭിപ്രായങ്ങളോട് കാണിക്കുന്ന അസഹിഷ്ണുത സ്ത്രീകളെ പൂർണ്ണ പൗരകളായി കാണാൻ കൂട്ടാക്കാത്ത പുരുഷാധികാരത്തിന്റേതാണ്.
കേരളത്തിലെ മുഖ്യധാര ഇടതുപക്ഷ രാഷ്ട്രീയകക്ഷികൾക്ക് സ്ത്രീ വിമോചന രാഷ്ട്രീയത്തെ വർഗ്ഗരാഷ്ട്രീയവുമായി ചേർത്തുവെക്കുകയും അതിന്റെ അവിഭാജ്യ ഘടകമാക്കുകയും ചെയ്യുന്ന മാർക്സിസ്റ്റ് രാഷ്ട്രീയ പദ്ധതി ഒരു കാലത്തും പിടികിട്ടിയിട്ടില്ല. മാർക്സിസ്റ്റ് രാഷ്ട്രീയം തന്നെ കാലക്രമേണ കയ്യൊഴിഞ്ഞതോടെ ഇപ്പോളതിന്റെ നനുത്ത ചരിത്രബാധ്യതകൾ പോലും ഇല്ലാതെയുമായി. ഒരു ഉദാര മുതലാളിത്ത പരിപ്രേക്ഷ്യത്തിൽ നിന്നുപോലും സ്ത്രീ വിമോചന രാഷ്ട്രീയത്തെയോ സ്ത്രീകളുടെ സാമൂഹ്യ, രാഷ്ട്രീയാധികാര നിലയെയോ കാണാൻ കഴിയാത്ത സംവിധാനവുമാണ് മുഖ്യധാരാ ഇടതുപക്ഷ കക്ഷികൾക്കുള്ളത്. അത് വലതുപക്ഷത്തിന്റെ സ്ത്രീവിരുദ്ധതയുടെ അച്ചടക്കമുള്ള രൂപം മാത്രമായാണ് മാറുന്നത്.
സ്വതന്ത്രമായി ചിന്തിക്കുകയും പുരുഷാധിപത്യത്തിന്റെ കളങ്ങൾക്ക് പുറത്ത് ശബ്ദമുണ്ടാക്കുകയും ചെയ്യുന്ന സ്ത്രീകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് എക്കാലത്തെയും ആണധികാരത്തിന്റെ പ്രശ്നമാണ്. അത്തരം സ്ത്രീകൾ ആണധികാരത്തിന്റെ രാഷ്ട്രീയനിലയെ മാത്രമല്ല ഭയപ്പെടുത്തുന്നത്. സ്ത്രീ ശരീരങ്ങൾക്കും സ്ത്രീകൾക്കും മുകളിലുള്ള തങ്ങളുടെ ലൈംഗികാധികാരത്തെയും അതുവഴിയുള്ള നിയന്ത്രണത്തെയും കൂടിയാണ് അരക്ഷിതാവസ്ഥയിലാക്കുന്നത്.
അതുകൊണ്ടുതന്നെ അക്ഷരാർഥത്തിൽ ശബ്ദമുണ്ടാക്കുന്ന സ്ത്രീകളെ ആണധികാരത്തിന് ഭയമാണ്. അടക്കവും ഒതുക്കവുമുള്ള പെണ്ണുങ്ങളെയാണ് അവർക്കാവശ്യം. ശബ്ദമുയർത്തുന്ന, ബഹളം വെക്കുന്ന, കലാപസന്നദ്ധരായ, അടക്കമില്ലാത്ത സ്ത്രീകളെ നേരിടാൻ അവരുപയോഗിക്കുന്ന ആദ്യത്തെ ആയുധം പൊതുബോധത്തിൽ സ്ത്രീകൾക്കായി കല്പിച്ചുനൽകിയ ലൈംഗിക അച്ചടക്കത്തിന്റെ പുറത്തുള്ള “അപഥസഞ്ചാരിണികളാണ്” അവരെന്ന് ആക്ഷേപിക്കുകയാണ്.
അക്ഷരാർഥത്തിൽ ശബ്ദമുണ്ടാക്കുന്ന സ്ത്രീകളെ ആണധികാരത്തിന് ഭയമാണ്. അടക്കവും ഒതുക്കവുമുള്ള പെണ്ണുങ്ങളെയാണ് അവർക്കാവശ്യം.
ശബ്ദവും ശരീരവുമെല്ലാം ഒരു സാമൂഹ്യ രാഷ്ട്രീയാധികാരം മണ്ഡലത്തിലെ പ്രയോഗമായി മാറുന്നുവെന്ന് തോന്നുന്ന ഘട്ടങ്ങളിലെല്ലാം സ്ത്രീകൾക്കെതിരെ ഇതുപയോഗിക്കും. ശരീരത്തെക്കുറിച്ചും പുരുഷാധികാരത്തിന്റെ ലാവണ്യബോധത്തിനകത്തു നിൽക്കാത്ത ഉടലുകളെക്കുറിച്ചും എഴുതുന്ന സ്ത്രീകൾ വരെ അത്തരത്തിൽ ആക്ഷേപിക്കപ്പെടും.
മാധവിക്കുട്ടിയും രാജലക്ഷ്മിയും അടക്കമുള്ള സ്ത്രീകൾ ഇത് നേരിട്ടവരാണ്. ഗൗരിയമ്മയും കൂത്താട്ടുകുളം മേരിയും അടക്കമുള്ള നിരവധി കമ്മ്യൂണിസ്റ്റ് വനിതാ സഖാക്കൾ മുതൽ കെ.കെ. രമ വരെയുള്ളവർ ഇത് നേരിടുന്നവരാണ്. ഈ അഴിഞ്ഞാടുന്ന ഉടലുകളെന്ന ലിംഗാധികാരഭീതിയുടെ ആക്ഷേപം ചരിത്രത്തിൽ പുരുഷാധിപത്യത്തിന്റെ എല്ലാ നാളുകളിലും നമുക്ക് കേൾക്കാം. അതിന്റെ പ്രതിധ്വനിയാണ് വിജയരാഘവന്റെ ലിപ്സ്റ്റിക്കിട്ട സ്ത്രീകളെ സൂക്ഷിക്കണം എന്ന മുന്നറിയിപ്പ്.
ലിപ്സ്റ്റിക്ക് ഇട്ടു വരുന്ന സ്ത്രീകൾ കുറച്ചധികം സർക്കാർ വിരുദ്ധത പറയുമെന്ന വിജയരാഘവന്റെ അതിസൂക്ഷ്മനിരീക്ഷണം നാളെ മുതൽ കടന്നലുകൾ മാത്രമല്ല സാംസ്കാരിക പ്രമുഖരായ വാഴ്ത്തുപാട്ടുകാർ വരെ ഏറ്റെടുക്കും. അവരുടെ പി ബിയിലെ രണ്ട് വനിതാ സഖാക്കൾ ഇതിനെ എങ്ങനെയാണ് സിദ്ധാന്തവത്ക്കരിക്കുക എന്നെനിക്കറിയില്ല. സ്ത്രീകളുടെ ശരീരത്തിനു മുകളിലുള്ള പുരുഷക്കാഴ്ചയുടെ അശ്ലീലസ്ഖലനമാണ് വിജയരാഘവന്റെ പ്രസ്താവനയെന്നതിന് നീട്ടിപ്പരത്തേണ്ട കാര്യമൊന്നുമില്ല. ഒരു രാഷ്ട്രീയസംവാദം പോലും തങ്ങളുടെ രാഷ്ട്രീയനിലപാട് പറഞ്ഞുകൊണ്ട് വിശ്വസനീയമായി അവതരിപ്പിക്കാൻ കഴിയാത്തവണ്ണം ശബ്ദമുണ്ടാക്കുന്ന രാഷ്ട്രീയശൂന്യകിടാരങ്ങളായി മാറിയിരിക്കുന്നു ഈ നേതൃത്വം.
സ്ത്രീകളുടെ ശരീരസ്വാതന്ത്ര്യത്തോടും അലങ്കരിക്കപ്പെട്ട സ്ത്രീ ശരീരത്തോടുമുള്ള ഭീതിയും നിയന്ത്രണത്വരയും പുരുഷാധിപത്യ സമൂഹത്തിന്റെ വളരെ പ്രകടമായ ലക്ഷണങ്ങളാണ്. കേരളത്തിൽ സി.പി.ഐ (എം) സൈബർ സംഘങ്ങൾ നിരന്തരമായി ലൈംഗിക വൈകൃതഭാവനയുമായി ആക്രമിക്കുന്നത് വനിതാ മാധ്യമ പ്രവർത്തകരെയാകുന്നത് അതുകൊണ്ടുകൂടിയാണ്.
സ്ത്രീകളുടെ ശരീരസ്വാതന്ത്ര്യത്തോടും അലങ്കരിക്കപ്പെട്ട സ്ത്രീ ശരീരത്തോടുമുള്ള ഭീതിയും നിയന്ത്രണത്വരയും പുരുഷാധിപത്യ സമൂഹത്തിന്റെ വളരെ പ്രകടമായ ലക്ഷണങ്ങളാണ്. കേരളത്തിൽ സി.പി.ഐ (എം) സൈബർ സംഘങ്ങൾ നിരന്തരമായി ലൈംഗിക വൈകൃതഭാവനയുമായി ആക്രമിക്കുന്നത് വനിതാ മാധ്യമ പ്രവർത്തകരെയാകുന്നത് അതുകൊണ്ടുകൂടിയാണ്. മാധ്യമപ്രവർത്തകരിലെ സി.പി.എം വിധേയ സംഘങ്ങൾ അതിനെതിരെ ഒന്നും പറയാറില്ല എന്ന് മാത്രമല്ല അങ്ങനെയൊക്കെ ഈ കേരളത്തിൽ നടക്കുന്നുണ്ടോ, ഇത് പിണറായി പൊന്നുതമ്പുരാൻ വാഴുന്ന നാടല്ലേ എന്ന നിർവൃതിയിൽ അതിനെ പ്രോത്സാഹിപ്പിക്കാറുമുണ്ട്. കാലാകാലങ്ങളിൽ മണി മുതൽ വിജയരാഘവൻ വരെയുള്ള നേതൃത്വം അതിന് വളമിട്ട് കൊടുക്കുകയും ചെയ്യും.
സംഘപരിവാർ തങ്ങൾക്കെതിരെ വിമർശനമുയർത്തുന്ന മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരേയും ആക്രമിക്കാൻ തുടങ്ങിയപ്പോൾ അതിനുപയോഗിച്ച ആക്ഷേപശബ്ദം “Presstitutes” എന്നായിരുന്നു. അത് യാദൃച്ഛികമല്ല. സ്ത്രീകളായ രതിത്തൊഴിലാളികളെ സൂചിപ്പിക്കുന്ന, പുരുഷാധികാര സമൂഹത്തിന്റെ ലൈംഗിക സദാചാരത്തിന്റെ നിയന്ത്രണാധികാരത്തിന് പുറത്തുനിൽക്കുന്നൊരു വാക്കിനെയാണ് അവർ തങ്ങളെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകരെ ആക്രമിക്കാൻ തെരഞ്ഞെടുത്തത് എന്നത് എത്ര സൂക്ഷ്മമായാണ് സമഗ്രാധിപത്യവും സ്ത്രീവിരുദ്ധതയും അതിന്റെ ജനാധിപത്യവിരുദ്ധതയിൽ പാരസ്പര്യം തേടുന്നത് എന്നതിനെയാണ് കാണിക്കുന്നത്. കേരളത്തിൽ ഇത് ‘മാപ്ര’ വിളികളായി മാറി. സാമൂഹ്യ മാധ്യമങ്ങളിലും പൊതുവ്യവഹാരങ്ങളിലും വനിതാ മാധ്യമപ്രവർത്തകരെ തെരഞ്ഞുപിടിച്ചാക്രമിക്കുന്ന സി.പി.എം അനുകൂല സൈബർ സംഘങ്ങൾ കേരളത്തിലെ ഏറ്റവും ഭീഷണമായ ജനാധിപത്യ വിരുദ്ധ സംഘങ്ങളായി മാറി. അവരോടാണ് വിജയരാഘവൻ പറയുന്നത് ലിപ്സ്റ്റിക്കിട്ട പെണ്ണുങ്ങളെ സൂക്ഷിക്കണമെന്ന്!
ഒരു വനിതാ മാധ്യമപ്രവർത്തകയെ രാജിവെച്ചുപോയൊരു മുൻ ജഡ്ജിയെ വെച്ചുകൊണ്ട് ഹീനമായ ലൈംഗികവൈകൃത ഭാഷയിൽ ആരോപിച്ചപ്പോൾ അതിന് ചെല്ലും ചെലവും കൊടുത്ത പി.വി.അൻവർ അന്ന് സി പി എമ്മിന്റെ വിധേയ, സാംസ്ക്കാരിക, വാഴ്ത്തുപാട്ട്, കടന്നൽ സംഘങ്ങളുടെ ചെന്താരകമായിരുന്നു.
നർത്തകിമാർ കൂത്തിച്ചികളും തേവിടിച്ചികളുമായി ആക്ഷേപിക്കപ്പെട്ട ഫ്യൂഡൽ കാലത്തിന്റെ ബാക്കിയാണ് വിജയരാഘവനും അയാളുടെ പാർട്ടിയും. മൂക്കുത്തിയിടാനും സ്വർണാഭരണങ്ങൾ ധരിക്കാനും നല്ല വസ്ത്രം ധരിക്കാനുമൊക്കെയുള്ള വലിയ സമരങ്ങൾ 19-ആം നൂറ്റാണ്ടിൽ നടന്ന നാടാണ് കേരളം. ആ സമരങ്ങളുടെ ചേറ്റുപാടത്തുകൂടിയാണ് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വിത്തെറിഞ്ഞതും കതിര്പൊട്ടിയതും അത് കൊയ്തെടുത്തതുമെന്ന് വിജയരാഘവൻ മറന്നാലും മലയാളിപ്പെണ്ണുങ്ങൾ മറക്കുന്നില്ല.
ഒരു വനിതാ മാധ്യമപ്രവർത്തകയെ രാജിവെച്ചുപോയൊരു മുൻ ജഡ്ജിയെ വെച്ചുകൊണ്ട് ഹീനമായ ലൈംഗികവൈകൃത ഭാഷയിൽ ആരോപിച്ചപ്പോൾ അതിന് ചെല്ലും ചെലവും കൊടുത്ത പി.വി.അൻവർ അന്ന് സി പി എമ്മിന്റെ വിധേയ, സാംസ്ക്കാരിക, വാഴ്ത്തുപാട്ട്, കടന്നൽ സംഘങ്ങളുടെ ചെന്താരകമായിരുന്നു. എന്തിനേറെ, "അൻവറിനോട് Crush തോന്നുന്നു" എന്നായിരുന്നു അക്കൂട്ടങ്ങളിലെ രാഷ്ട്രീയമോഹവാചകങ്ങൾ! ഇന്നിപ്പോൾ അൻവറിന് മാധ്യമങ്ങൾ വീണ്ടും ജനാധിപത്യത്തിന്റെ നാലാം തൂണായിട്ടുണ്ട്. പക്ഷെ ബാറ്റൺ പി ബി അംഗം തന്നെ ഏറ്റെടുത്ത സ്ഥിതിക്ക് ലിപ്സ്റ്റിക്കിട്ട വർഗ്ഗശത്രുക്കൾക്കെതിരെ കടന്നലുകൾ ആഞ്ഞടിക്കൽ തുടരും. ഇത്രയും ഹീനമായൊരു അധികാര സൗഭാഗ്യ പെറുക്കിത്തീനി സംഘം കേരളത്തിൽ ഇത്ര ആസൂത്രിതമായി പ്രവർത്തിച്ചിട്ടില്ല. അവർക്കുള്ള കല്പനയാണ് വിജയരാഘവൻ നൽകിയത്. അയാളും ആണയിടുന്നത് മാർക്സിസത്തിന്റെ പേരിലാണ്!
കല്ലുമാലപൊട്ടിക്കൽ സമരവും അച്ചിപ്പുടവ സമരവുമൊക്കെ കേരളത്തിൽ നടന്നത് അലങ്കാരം ഒരു രാഷ്ട്രീയമാണ് എന്നത് തിരിച്ചറിയുന്നതുകൊണ്ടായിരുന്നു. അതിന്റെ നിഷേധത്തിൽ ജാതിയും വർഗ്ഗവുമുണ്ട് എന്നറിയുന്നതുകൊണ്ടായിരുന്നു. ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗം പുറത്തു കാണിച്ചാൽ അത് പുരുഷനെ ആകർഷിക്കാനുള്ള വഴിയാണെന്നും അതുകൊണ്ട് സ്ത്രീകൾ ഒരു ചാക്കുകെട്ടിനുള്ളിൽ മൂടിപ്പൊതിഞ്ഞു നടക്കണമെന്നുമുള്ള മത താലിബാനിസത്തിന്റെ മുണ്ടു മടക്കിക്കുത്തിയ അശ്ലീലഭാഷ്യമാണ് ചുണ്ടു ചുവപ്പിക്കുന്ന സ്ത്രീകളോടുള്ള ഈ രാഷ്ട്രീയഭീതി.
മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളുള്ള സ്ത്രീകൾ എത്തരക്കാരാണ് എന്ന് നിങ്ങൾക്കറിയില്ലേ എന്നുകൂടിയാണ് കൃത്രിമമായി ചുവപ്പിച്ച ചുണ്ടുകളുടെ എത്രയോ കാലങ്ങളായുള്ള ദൃശ്യവത്ക്കരണത്തിന്റെയും സ്ത്രീശരീരങ്ങളുടെ ചരക്കുവത്ക്കരണത്തിന്റെയും അതിനെ കേവലമായ രതിബിംബങ്ങൾ മാത്രമാക്കുന്നതിന്റെയും ഓർമ്മകളെ അശ്ലീലമായി പറയാതെ പറഞ്ഞുകൊണ്ട് വിജയരാഘവൻ ദ്യോതിപ്പിക്കുന്നത്.
ലോകത്തെങ്ങും സ്ത്രീകൾ അവരുടെ ശരീരത്തിന്റെ മുകളിൽ തങ്ങൾക്കുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ, ഇപ്പോഴും നടത്തുന്ന സമരങ്ങളുടെ ഏതു ഭാഗത്താണ് കമ്യൂണിസ്റ്റുകാർ നിലകൊണ്ടതെന്ന് വിജയരാഘവന് അറിയാൻ വഴിയില്ല.
അതുകേട്ട് വന്യഭാവനകളിലേക്ക് ഊളിയിട്ട് വനിതാ മാധ്യമപ്രവർത്തകരെ അശ്ലീലപുലഭ്യം പറഞ്ഞ് സങ്കൽപ്പ രതിനിർവൃതി പ്രാപിക്കുന്ന ഒരു പുരുഷക്കൂട്ടത്തെയാണ് താൻ അഭിസംബോധന ചെയ്യുന്നതെന്ന ആത്മവിശ്വാസംകൂടി അയാൾക്കുണ്ട്. ഒരു സമൂഹമെന്ന നിലയിൽ കേരളീയ സമൂഹത്തിന്റെ മനോവൈകല്യങ്ങളുടെയും പുരുഷാധിപത്യ പൊതുബോധത്തിന്റെയും ശബ്ദം കൂടിയാണ് വിജയരാഘവൻ.
സ്ത്രീകൾക്കെന്തിനാണ് സമ്മതിദാനാവകാശം എന്ന ചോദ്യത്തിനോട് ഇരുപതാം നൂറ്റാണ്ടിന്റെ പകുതി എത്തുന്നവരെ സ്ത്രീകൾക്ക് ഭൂരിഭാഗം രാജ്യങ്ങളിലും പൊരുതേണ്ടിവന്നു. കടലിൽ കുളിക്കാൻപോകുമ്പോൾ എത്ര നീളമുള്ള കുപ്പായം ധരിക്കണമെന്ന് അളക്കാൻ ഉദ്യോഗസ്ഥനുണ്ടായിരുന്ന നാടാണ് യു.എസ്. അവിടെനിന്നുമൊക്കെയാണ് സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾ പിടിച്ചുവാങ്ങി മുന്നോട്ടുവന്നത്. അപ്പോഴൊക്കെയും ആ സ്ത്രീകളെ ആക്ഷേപിച്ചതും തളർത്താൻ ശ്രമിച്ചതും ഈ ഉടൽ പരിഹാസങ്ങളിലൂടെയും പുരുഷാധികാരത്തിന്റെ ലൈംഗിക സദാചാരത്തിന്റെ ഓടവെള്ളം കോരിയൊഴിച്ചുമാണ്.
ലോകത്തെങ്ങും സ്ത്രീകൾ അവരുടെ ശരീരത്തിന്റെ മുകളിൽ തങ്ങൾക്കുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ, ഇപ്പോഴും നടത്തുന്ന സമരങ്ങളുടെ ഏതു ഭാഗത്താണ് കമ്യൂണിസ്റ്റുകാർ നിലകൊണ്ടതെന്ന് വിജയരാഘവന് അറിയാൻ വഴിയില്ല. എന്നാൽ അതറിയുന്ന മനുഷ്യരുടെ രാഷ്ട്രീയബോധം അയാളോടും അയാൾക്കൊപ്പം വനിതാ മാധ്യമപ്രവർത്തകരെയും സ്ത്രീകളുടെ രാഷ്ട്രീയസ്വാതന്ത്ര്യത്തെയും നിരന്തര ലൈംഗികഭീഷണികളാലും വഷളത്തങ്ങളാലും ആക്രമിക്കുന്ന സി.പി.എം സൈബർ സംഘങ്ങളോടും ഒരു വിട്ടുവീഴ്ചയും കാണിക്കേണ്ടതില്ല. ചലച്ചിത്ര മേഖലയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ അടക്കമുള്ള പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന ഹേമ കമ്മറ്റി റിപ്പോർട്ട് പിണറായി സർക്കാർ നാലരക്കൊല്ലം നടപടിയെടുക്കാതെ പൂഴ്ത്തിവെച്ചത് “അഴിഞ്ഞാടുന്ന ഉടലുകൾക്കെന്ത് ലൈംഗികപീഡനം” എന്ന പുരുഷാധികാര, ഫ്യൂഡൽ മനോഭാവം കൊണ്ടുകൂടിയാണ്. ഓരോ ദിവസവും തങ്ങളെന്തുതരം അധികാരത്തെയും ദുരധികാരത്തെയുമാണ് പ്രയോഗിക്കുന്നതെന്ന് കൂടുതൽ വ്യക്തമാക്കുക കൂടിയാണ് പിണറായി സർക്കാരും സി.പി.എം നേതൃത്വവും.
സ്ത്രീവിരുദ്ധ ആക്രോശങ്ങളും ആക്രമണങ്ങളുമൊന്നും കാണാൻ പോലും കഴിയാത്ത വിധത്തിൽ കണ്ണുമൂടിക്കെട്ടിയ ഗാന്ധാരിമാരുടെ സംഘമായി മുഖ്യധാരാ ഇടതുപക്ഷത്തിന്റെ മഹിളാസംഘങ്ങൾ മാറിയിരിക്കുന്നു.
കേരളത്തിൽ സി.പി.എമ്മിനും പിണറായി സർക്കാരിനുമെതിരെ വിമർശനമുന്നയിക്കുന്ന വനിതാ മാധ്യമപ്രവർത്തകരുടെ സാമൂഹ്യമാധ്യമ കുറിപ്പുകളുടെ കീഴിൽ നോക്കിയാൽ കാണാം വിജയരാഘവന്റെ അശ്ലീലപ്പകർപ്പുകളുടെ വൈകൃതാക്രോശങ്ങൾ, അതും "പാർട്ടിക്ക് വേണ്ടിയത്രെ"! വിപ്ലവ മഹിളാ സംഘങ്ങളിലും സാംസ്ക്കാരിക സഹയാത്രികരിലുമുള്ള ഇളക്കം തട്ടാത്ത ആ നിശബ്ദതയിലാണ് ആ വൈകൃതാക്രോശങ്ങളുടെ പ്രതിധ്വനി. ഇത്തരത്തിലുള്ള വൃത്തികേടുകൾക്കെതിരെ എന്തെങ്കിലും പ്രതിഷേധമുയർത്തുമെന്ന് കരുതേണ്ട ഇടതുപക്ഷ യുവജന സംഘടനകളടക്കമുള്ളവർ ഇതേ സ്ത്രീവിരുദ്ധത പരമാവധി ഉച്ചത്തിൽ ഘോഷിക്കുന്ന, വനിതാ മാധ്യമ പ്രവർത്തകരെ പ്രത്യേകമായി അധിക്ഷേപിക്കുന്ന നേതൃത്വത്തിന് കീഴിലാണ്. അതിന്റെ അണികളും അത്തരത്തിൽ പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നു.
കേരളത്തിലെ വനിതാ മാധ്യമ പ്രവർത്തകരിൽ സി പി എമ്മിന് നേരെയും പിണറായി സർക്കാരിന് നേരെയും വിമർശനമുന്നയിക്കുന്നവരെയാണ് ഇത്തരത്തിൽ ആക്രമിക്കുന്നത്. അത് സംവാദങ്ങൾക്ക് പുറത്തുള്ള അപഥസഞ്ചാരത്തിന്റെ വഴിയായാണ് സി പി എം നേതൃത്വവും അവരുടെ സൈബർ ഗുണ്ടാ സംഘങ്ങളും കാണുന്നത്. ഇതടക്കമുള്ള സ്ത്രീവിരുദ്ധ ആക്രോശങ്ങളും ആക്രമണങ്ങളുമൊന്നും കാണാൻ പോലും കഴിയാത്ത വിധത്തിൽ കണ്ണുമൂടിക്കെട്ടിയ ഗാന്ധാരിമാരുടെ സംഘമായി മുഖ്യധാരാ ഇടതുപക്ഷത്തിന്റെ മഹിളാസംഘങ്ങൾ മാറിയിരിക്കുന്നു. ഇത്രത്തോളം ലജ്ജാകരമായ അധികാര ദാസ്യത്തിലേക്കും പുരുഷാധിപത്യത്തിന്റെ കുങ്കിയാനകളായി മാറുന്നതിലേക്കും അവരെത്തുമ്പോൾ കേരളത്തിന്റെ സ്ത്രീ വിമോചന രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ഒറ്റുകാർകൂടിയായി അവർ ചരിത്രത്തിൽ തങ്ങളെ രേഖപ്പെടുത്തുകയാണ്.