കേരളത്തിലെ വിദ്യാഭ്യാസമേഖലയിലെ ഏതു വിഷയത്തിലും വിദ്യാഭ്യാസ സംവിധാനത്തിനെ ഗുണപരമായി മാറ്റിയെടുക്കുന്ന ഒരു സംവാദത്തിനും നടപടികൾക്കും തയ്യാറാകാതെ അവസരവാദപരമായ, പിന്തിരിപ്പനായ, തത്സ്ഥിതിയുടെ ഗുണഭോക്താക്കളെ കൂടുതൽ തൃപ്തിപ്പെടുത്തുന്ന നിലപാടുകളും നടപടികളും മാത്രമാണ് കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളും അവർ നയിക്കുന്ന കാലാകാലങ്ങളിലെ സർക്കാരുകളും കൈക്കൊള്ളുന്നത്.
വിദ്യാഭ്യാസമേഖലയിലെ ഏറ്റവും വിലകെട്ട വാക്ക് വിദ്യാർത്ഥിയായി മാറിയിട്ട് കാലങ്ങളായി. സർവ്വകലാശാലകളിലൊക്കെ എത്തുമ്പോൾ കൂടുതൽ സൂക്ഷ്മമായ മികവിന്റെ മാനദണ്ഡങ്ങൾ വേണ്ടാത്ത തരത്തിൽ വിദ്യാഭ്യാസത്തെ മാറ്റുന്നതിനു പകരം ശരാശരികളുടെ കീഴെ അതിനെ നടത്തിക്കൊണ്ടുപോകുന്നതിൽ മാത്രമാണ് ശ്രദ്ധ.
സാർവ്വത്രിക വിദ്യാഭ്യാസത്തിന്റെ ആദ്യഘട്ടത്തിനുശേഷം അതിനെ മികവിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കാതിരിക്കുകയോ നടന്നവയെത്തന്നെ ഈ മേഖലയിലെ അദ്ധ്യാപക സംഘടനകളും സ്വകാര്യ എയ്ഡഡ് സ്കൂൾ മാനേജ്മെന്റ്കളും അടക്കമുള്ള നിക്ഷിപ്ത താത്പര്യക്കാർ അട്ടിമറിക്കുകയോ ചെയ്യുകയുമാണ്.
കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസമേഖലയിലെ ഭൂരിഭാഗം എയ്ഡഡ് സ്കൂളുകളിൽ നിയമനം നടത്തുന്നത് മാനേജ്മെന്റും ശമ്പളവും പെൻഷനുമടക്കം നൽകുന്നത് സർക്കാരുമാണെന്നതാണ് അവസ്ഥ. നിയമനങ്ങളിൽ സംവരണവും സാമൂഹ്യനീതിയും ഉറപ്പാക്കാൻ സമ്പൂർണ്ണമായും ശമ്പള, പെൻഷൻ ചെലവുകൾ വഹിക്കുന്ന സർക്കാരിന് കഴിഞ്ഞിട്ടില്ല. അതിനുള്ള ഒരു ശ്രമവും അടുത്ത കാലത്തൊന്നും നടത്തിയിട്ടുമില്ല.
ഏതാണ്ട് 18,000 കോടി രൂപ സർക്കാർ ശമ്പളയിനത്തിൽ കൊടുക്കുന്ന, കേരളത്തിലെ ഭൂരിഭാഗം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു മേഖലയിൽ, ദലിതരും പിന്നാക്കക്കാരും ആദിവാസികളും സാധാരണക്കാരായ ലക്ഷക്കണക്കിന് മനുഷ്യരും കൊടുക്കുന്ന നികുതിയിൽ നിന്നാണ്, മാനേജ്മെന്റുകളും സമുദായ സംഘടനകളും നടത്തുന്ന 40 ലക്ഷത്തിനും ഒരു കോടിക്കുമിടയിൽ കമ്പോള നിലവാരമുള്ള അധ്യാപകനിയമനങ്ങൾക്ക് ആജീവനാന്തം പണം കൊടുത്തുകൊണ്ടിരിക്കുന്നത്. സംവരണവിരുദ്ധർ കൊട്ടിഘോഷിക്കുന്ന 'merit' പോലും ഇതിലൊന്നും മാനദണ്ഡമല്ല. ഇങ്ങനെ കാശ് കൊടുത്തും മറ്റു വഴികളിലൂടെയും നിയമനം നേടിയവർക്കായി സാംസ്ക്കാരിക പുരോഗമന വേദികൾ കാത്തിരിക്കുന്നു എന്നുകൂടി വരുമ്പോൾ കേരളത്തിന്റെ പുരോഗമനവൃത്തം പൂർത്തിയായി.

ഇപ്പോൾ LPST നിയമങ്ങളുമായി ബന്ധപ്പെട്ട സമരം ഈ പ്രശ്നത്തിന്റെ ഉൽപ്പന്നമാണ്. മൊത്തം അധ്യാപകരുടെ ഏതാണ്ട് 58% വരുന്ന അധ്യാപകരും നിയമിക്കപ്പെടുന്നത് ദശലക്ഷക്കണക്കിന് രൂപയുടെ കോഴയിലൂടെയാണ്, അല്ലെങ്കിൽ മറ്റ് മാനദണ്ഡങ്ങളിലൂടെയാണ്. ദേവസ്വം ബോർഡുകളൊക്കെ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണെങ്കിൽ കാശ് കൊടുക്കാത്ത നിയമനങ്ങൾക്ക് ബോർഡിന്റെയും അഭിമുഖസമിതിയെന്ന, ഇഷ്ടക്കാരെ നിയമിക്കാനുള്ള സമിതിയുടേയുമൊക്കെ പിൻബലമുണ്ടാകും. സർക്കാർ സർവ്വകലാശാലകളിൽ പോലും അഭിമുഖ സമിതിക്ക് നിയമനങ്ങളിൽ സമ്പൂർണ്ണ അധികാരം നൽകിയ ഭേദഗതി വന്നപ്പോൾ കേരളത്തിൽ നടന്ന നിയമനങ്ങൾ എന്തുതരത്തിലായി എന്നത് നാം കണ്ടതാണ്.
കേരളത്തിലെ ജനനനിരക്ക് തുടർച്ചയായി കുറഞ്ഞുവരികയാണ്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച്, ഏഴുവർഷത്തിനിടെ ജനനനിരക്കിൽ 33.92% കുറവാണുണ്ടായത്. 2018-2019-ൽ 4,84,556 കുട്ടികളാണ് ജനിച്ചതെങ്കിൽ, 2024-2025-ൽ 3,20,200 പേരാണ് ജനിച്ചത്. ഏഴുവർഷത്തിൽ 1,64,356 കുട്ടികളുടെ കുറവ്.
സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച്, സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ക്രൂഡ് ജനനനിരക്ക് (CBR) ഒറ്റ അക്കത്തിലേക്ക് താഴ്ന്നു. 2024- ലെ വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് പ്രകാരം, സമീപ ദശകങ്ങളിലെ ഏറ്റവും വലിയ വാർഷിക ഇടിവാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഉണ്ടായത്.
സർക്കാർ / എയ്ഡഡ് മേഖലയിൽ സംസ്ഥാന സിലബസിൽ ഒന്നാം ക്ലാസിൽ പ്രവേശനം തേടുന്ന കുട്ടികളുടെ എണ്ണവും കുറയുകയാണ്. 27,770 കുട്ടികളുടെ കുറവാണ് കഴിഞ്ഞ രണ്ട് അധ്യയന വര്ഷങ്ങളുടെ താരതമ്യത്തിൽ ഈ വിഭാഗത്തിൽ കാണിക്കുന്നത്. സർക്കാർ / എയ്ഡഡ് മേഖലയിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിലുണ്ടായ കുറവ് 3.33 ലക്ഷമാണ്. ഇതിനൊപ്പം CBSE / ICSE സ്കൂളുകളിൽ കുട്ടികളെ ചേർക്കുന്ന പ്രവണത ഓരോ വർഷവും ശക്തമാകുന്നതോടെ സർക്കാർ/എയ്ഡഡ് മേഖല കൂടുതൽ പ്രതിസന്ധിയിലാകും.
സംസ്ഥാനത്ത് കേവലം 25 വിദ്യാർത്ഥികളിൽ കുറവുള്ള വിദ്യാലയങ്ങളുടെ എണ്ണം 1,197 (സർക്കാർ- 452 / എയ്ഡഡ്- 745) ആണ്. 2023-24-ൽ ഇത് 961 ആയിരുന്നു എന്നോർക്കണം. അതായത്, ഈ വിഭാഗത്തിലെ വിദ്യാലയങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതിൽ നൂറിലേറെ വിദ്യാലയങ്ങളിൽ പത്തിൽക്കുറവ് കുട്ടികളാണ് പഠിക്കുന്നത്. പുതുതായി പഠിക്കാൻ കുട്ടികളേ ചേരാത്ത വിദ്യാലയങ്ങളുമുണ്ട്. ഓരോ ക്ളാസുകളിലുമുള്ള വിദ്യാർത്ഥികളുടെ കുറഞ്ഞ എണ്ണം കണക്കാക്കിയാൽ നൂറുകണക്കിന് വിദ്യാലയങ്ങൾ ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്നവയുടെ പട്ടികയിലേക്ക് ഇനിയും കയറും. ഈ പട്ടികയിൽ സ്വാഭാവികമായും 90%- വും എൽ.പി. വിദ്യാലയങ്ങളാണ്. അപ്പോഴാണ് സ്കൂളുകളിൽ ഇനിയും തസ്തിക സൃഷ്ടിച്ച് നിയമനം നടത്തണമെന്നുള്ള ആവശ്യം.

കേരളത്തിലെ സർക്കാർ / എയ്ഡഡ് കോളേജുകളിലും പരമ്പരാഗത പാഠ്യശാഖകളിൽ ഇതേതരത്തിൽ വിദ്യാർത്ഥിക്ഷാമം നേരിടുന്നുണ്ട്. എന്നാൽ അതിനെയൊന്നും ഗുണപരമായി നേരിടാനോ ചർച്ച ചെയ്യാനോ ഉള്ള സന്നദ്ധതയും ശേഷിയും ഇവിടുത്തെ അധ്യാപക സമൂഹമോ വിദ്യാഭ്യാസ സംവിധാനത്തിന്റെ നടത്തിപ്പുകാരോ കാണിച്ചിട്ടില്ല. വിദ്യാഭ്യാസമേഖലയെ കേവലം തൊഴിൽ ദാതാവും അതിലെ പ്രശ്നങ്ങളെ വേതന പ്രശ്നങ്ങളുമായി മാത്രവുമായാണ് നാം ചർച്ച ചെയ്യുന്നത്. ഗുണനിലവാരം സംബന്ധിച്ച് മറ്റാർക്കും ഒന്നും ചെയ്യാനാകാത്ത തരത്തിൽ അധ്യാപകരും മാനേജ്മെന്റും അവർക്ക് ഗണ്യമായ സ്വാധീനമുള്ള രാഷ്ട്രീയനേതൃത്വവും അടങ്ങുന്ന ന്ന സംഘം "അന്യർക്ക് പ്രവേശനമില്ല" എന്ന മുന്നറിയിപ്പ് വെച്ച് ജനത്തിന്റെ ചെലവിൽ നടത്തുന്നൊരു അലസോത്സവമാണ് കേരളത്തിലെ മൊത്തം വിദ്യാഭ്യാസരംഗം.
വിദ്യാഭ്യാസ മേഖലയിലെ അധ്യാപക നിയമനങ്ങളെക്കുറിച്ചുള്ള പരാതിയുടെ, അത്തരം നിയമന സാധ്യതകൾത്തന്നെ നാൾക്കുനാൾ കുറയുകയാണെന്ന് കണക്കുകൾ കാണിക്കുന്നുണ്ട്, യഥാർത്ഥ പ്രശ്നം കിടക്കുന്നത് എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിലാണ്. സാമൂഹ്യനീതി ഉറപ്പാക്കാനുള്ള സംവരണ മാനദണ്ഡങ്ങളൊന്നും ബാധകമല്ലാത്ത നൂറുകണക്കിന് നിയമനങ്ങൾ ദശലക്ഷക്കണക്കിന് കോഴ കൊടുക്കാനോ അല്ലെങ്കിൽ മറ്റ് വലിയ രാഷ്ട്രീയ, സാമൂഹ്യ സ്വാധീനമോ ഉള്ളവർക്കായി സർക്കാർ ചെലവിൽ പൊതുപ്പണമെടുത്ത് നൽകുമ്പോഴാണ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വഞ്ചിക്കപ്പെടുന്നത്.
ഈ എയ്ഡഡ് നിയമനങ്ങൾ മറ്റൊരു വലിയ സാമൂഹ്യ, സാമ്പത്തിക അസമത്വത്തെ കൂടിയാണ് ജനങ്ങളുടെ ചെലവിൽ വളർത്തുന്നത്. അതായത് 40 ലക്ഷം മുതൽ ഒരു കോടി വരെ കോഴ കൊടുക്കാൻ ശേഷിയുള്ളവർ കേരളത്തിലെ വിദ്യാഭ്യാസമേഖലയിൽ അധ്യാപകരായി വരുമ്പോൾ, അവർ ഭൂരിഭാഗവും അധ്യാപകരാകുമ്പോൾ, നമ്മുടെ വിദ്യാഭ്യാസമേഖലയിൽനിന്ന് സാധാരണക്കാരായ മനുഷ്യരെ നമ്മൾ പുറത്താക്കുകയാണ്.
എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ മൊത്തം പഠനകാലത്തിലും പട്ടിക ജാതിക്കാരനായ ഒരധ്യാപകനെപ്പോലും കാണില്ല. സാമാന്യമായി നോക്കിയാൽ കേരളത്തിലെ മത, സാമുദായിക സംഘടനകളുടെ എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ സ്കൂൾ, കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർത്ഥി അയാൾക്ക് പ്രായപൂർത്തിയാകുംവരെ തന്റെ പഠന ജീവിത പരിസരത്തിൽ തൊഴിലെടുക്കുന്ന ഒരു ദലിതനെപ്പോലും കണ്ടിട്ടുണ്ടാകില്ല.
കേരളത്തിൽ സർക്കാരിന്റെ റവന്യൂ വരുമാനത്തിന്റെ 14% ശമ്പളമായി എഴുതിവാങ്ങുന്ന സ്വകാര്യ എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും അദ്ധ്യാപക, അനദ്ധ്യാപക നിയമനങ്ങൾക്ക് ദലിത്/ആദിവാസി സംവരണമില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ രണ്ട് ലക്ഷത്തോളം വരുന്ന സ്വകാര്യ എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലുമുള്ള ജീവനക്കാരിലെ SC/ST പ്രാതിനിധ്യം കേവലം ഒരു ശതമാനം പോലുമില്ല.
കേരളത്തിൽ 2015-ലെ കണക്കനുസരിച്ച് 232 ആർട്സ് ആൻഡ് സയൻസ് കോളേജുകളുണ്ട്. ഇതിൽ 180 എണ്ണം (78%) സ്വകാര്യ മേഖലയിലാണ്. എന്നാൽ ഈ സ്വകാര്യ കോളേജുകളിലെ അധ്യാപക, അനധ്യാപകരിൽ കേവലം 65 പേരാണ് പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളിൽ നിന്നുള്ളവർ. അതായത് 0.54%. 2015-ൽ 8233 അധ്യാപകർ സ്വകാര്യ കോളേജുകളിൽ ഉണ്ടായിരുന്നു എന്നോർക്കണം.
എയ്ഡഡ് മേഖലയിലെ (2015-ലെ കണക്കുകൾ) എൽ.പി സ്കൂളുകളിൽ (3981) SC/ST-വിഭാഗങ്ങളിലുള്ളവർ കേവലം 0.59%-മാണ്. യു പി -സ്കൂളിൽ 0.35%-മാണ്. കേരളത്തിലെ എയ്ഡഡ് ഹൈസ്കൂൾ അധ്യാപക (35584) അനധ്യാപകരിൽ (2858) കേവലം 86 പേരാണ് പട്ടിക ജാതി, പട്ടിക വർഗക്കാർ. ഹയർ സെക്കൻഡറിയിൽ ഇത് അധ്യാപകരിലും (13538) അനധ്യാപകരിലുമായി (858) 34- ആണ്.
2022-ൽ ഒ.പി. രവീന്ദ്രൻ അവതരിപ്പിച്ച പേപ്പറിലെ ഒരു കണക്കിങ്ങനെയാണ്:
എയ്ഡഡ് കോളേജ് അധ്യാപകരുടെ എണ്ണം - 7199. SC/ST ക്ക് ലഭിക്കേണ്ട റിസർവേഷൻ 719.9. എന്നാൽ, SC/ST അധ്യാപകരുടെ എണ്ണം 11; 0.15%.
എയ്ഡഡ് കോളേജുകളിലെ അധ്യാപക-അനധ്യാപകരുടെ എണ്ണം: 11958.
SC/ST ക്കു കിട്ടേണ്ടത്: 1195 പേർ.
നിലവിലുള്ളത് 65 പേർ.
എയ്ഡഡ് കോളേജുകളും സ്കൂളുകളും ചേർത്ത് ജോലിചെയ്യുന്ന അധ്യാപക-അനധ്യാപകരുടെ ആകെ എണ്ണം: 1,44,413.
SC/ST യ്ക്ക് ലഭിക്കേണ്ടത്: 14,441.3.
ഇപ്പോൾ ഉള്ളത്: 560.
ഇത്തരം വിദ്യാലയങ്ങളിലാണ് കേരളത്തിലെ മഹാഭൂരിഭാഗം കുട്ടികളും പഠിക്കുന്നതും. ഇതാണ് നമ്മുടെ കേരള മോഡൽ.

ഇത്തരത്തിൽ കോഴ കൊടുത്തും മറ്റു സ്വാധീനങ്ങളിലും നിയമനം വാങ്ങുന്ന അധ്യാപകർക്ക് സർക്കാർ നൽകുന്ന വലിയ ശമ്പളം സ്വാഭാവികമായും അതേ ഉയർന്ന ഇടത്തരം, ധനിക വർഗത്തിന്റെ അഭിവൃദ്ധിയിലേക്കാണ് പോകുന്നത്. അവരുടെ മക്കൾ വീണ്ടും കനത്ത തുക കൊടുക്കേണ്ട പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നു, അവർ വീണ്ടും കൂടുതൽ സാമ്പത്തിക, സാമൂഹ്യ സുരക്ഷിതത്വമുള്ള വിഭാഗമായി മാറുന്നു. സാധാരണ മനുഷ്യരെ ഭരിക്കുന്ന 'merit' ഉള്ള മനുഷ്യരാകുന്നു. കേരളത്തിലെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ അസന്തുലിതാവസ്ഥയെയും മത, ജാതി ഘടനയിലെ സാമ്പത്തിക, സാമൂഹ്യ മേൽക്കീഴവസ്ഥകളേയും ഇത്ര ചിട്ടയായി വളർത്തിക്കൊണ്ടുവരുന്നൊരു സംവിധാനം സാധാരണ മനുഷ്യരുടെ ചെലവിലാണ് നടക്കുന്നത് എന്നതാണ് വിരോധാഭാസം.
കേരളത്തിലെ വിദ്യാഭ്യാസമേഖലയുടെ അവസ്ഥയെക്കുറിച്ചുള്ള സമഗ്രമായൊരു ധവളപത്രം സർക്കാർ പുറത്തിറക്കണം. പൊതുസമൂഹത്തിന്റെ വിശ്വാസത്തെ സമ്പൂർണ്ണമായി ചൂഷണം ചെയ്യുന്ന പരാദങ്ങളുടെ വിരുന്നുശാലയാണത്. അതിനുപകരം സമരപ്പന്തൽ പൊളിക്കുന്ന ജനാധിപത്യവിരുദ്ധമായ പതിവ് ഭരണകൂട നടപടികളെല്ലാം വിദ്യാഭ്യാസ മേഖലയിലെ പകൽക്കൊള്ളയെയും നിലവാരത്തകർച്ചയേയും നേരിടാനുള്ള പിടിപ്പുകേടിന്റെയും അതിനൊത്താശ ചെയ്യുകയും ഗുണംപറ്റുകയും ചെയ്യുന്ന രാഷ്ട്രീയനേതൃത്വത്തിന്റെയും വെപ്രാളം മാത്രമായാണ് മാറുക.
പതിവ് ജലപീരങ്കി നാടകങ്ങൾക്കുവന്ന ഇപ്പോഴത്തെ പ്രതിപക്ഷകക്ഷികളും ഇതേ തട്ടിപ്പിന്റെ ഗുണഭോക്താക്കളാണ്. സാധാരണക്കാരായ മനുഷ്യരെ, അവരുടെതന്നെ ചെലവിൽ അതിഹീനമായി രാഷ്ട്രീയ, ധനിക വർഗം വഞ്ചിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് കേരളത്തിലെ സർക്കാർ / എയ്ഡഡ് വിദ്യാലയങ്ങൾ. അടുത്തകാലത്തൊന്നും നമുക്കതിൽനിന്നും രക്ഷയില്ല. ആയതിനാൽ ജലപീരങ്കി, ബാരിക്കേഡ് കുലുക്കൽ, സമരപ്പന്തൽ പൊളിക്കൽ തുടങ്ങിയ പതിവ് സാമൂഹ്യ, രാഷ്ട്രീയ നൃത്തനാടകങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കും.
