പാഠപുസ്തകത്തിലെ പ്രമുഖർക്ക് ഇനിമേൽ ജാതിയില്ലത്രേ. മരിച്ചവരുടെ പേരുകളിൽ നിന്ന് അവരുടെ ജാതിവാൽ എടുത്തു മാറ്റാനുള്ള ഉത്തരവ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് കേരളത്തിലും ആരാധകരെ ഉണ്ടാക്കിയിരിക്കയാണല്ലോ. ശ്രദ്ധിക്കപ്പെടുന്ന ഒരു പ്രതികരണം സച്ചിദാനന്ദന്റേതായിരുന്നു.
അദ്ദേഹം പറയുന്നു: ഒരു ചെറിയ ചേഷ്ട, എങ്കിലും പ്രധാനം. നമ്മുടെ എഴുത്തുകാരെങ്കിലും ഇതു പിൻതുടരുമോ?
സച്ചിദാനന്ദനുള്ള എന്റെ പ്രതികരണമിങ്ങനെ: ജീവിച്ചിരിക്കുന്നവർക്ക് സ്വയം ജാതിവാൽ ഉപേക്ഷിക്കാം, നമുക്കതിന് സമ്മർദ്ദം ചെലുത്തുകയുമാവാം.
എന്നാൽ മരിച്ചു പോയവരുടെ മേലതാവാമോ?
ജി. ശങ്കരക്കുറുപ്പിനെ ജി. ശങ്കരനാക്കുകയോ? വള്ളത്തോൾ നാരായണൻ എന്നു മതിയോ? ഉള്ളൂർ പരമേശ്വരൻ? ആറ്റൂർ രവി? കെ. അയ്യപ്പൻ? ഇ.എം.ശങ്കരൻ? പി. കൃഷ്ണൻ? സി. അച്യുതൻ? എം.എൻ. ഗോവിന്ദൻ? പി. ഗോവിന്ദൻ?
ജാതി നിർമാർജനത്തിന് എളുപ്പവഴിയിൽ ക്രിയ ചെയ്താൽ മതിയാകുമോ?
മറുപടിയായി സച്ചിദാനന്ദനിങ്ങനെ: ഞാൻ ഇതിനെ ഒരു പ്രതീകാത്മക ചേഷ്ടയായേ എടുക്കുന്നുള്ളൂ. കേരളം പോലുള്ള വളരെ യാഥാസ്ഥിതികമായ ഒരു സമൂഹത്തിൽ, അതിനു പുരോഗമന നാട്യം ഉണ്ടെന്നതു കൊണ്ട് തന്നെ, ജാതിവിചാരം പോകാൻ വളരെ സമയമെടുക്കും. കല മുതൽ രാഷ്ട്രീയം വരെ എല്ലാ രംഗത്തും ജാതി, നിർണ്ണായകമായ ഒരവസ്ഥ ഇന്നും കേരളത്തിൽ ഉണ്ട്. സവർണ്ണ പ്രീതിക്കായി സാമ്പത്തിക സംവരണം ഏർപ്പെടുത്തി ഭരണഘടനയെ ലംഘിക്കാൻ വരെ അത് നമ്മുടെ രാഷ്ട്രീയ നേതൃത്വത്തെ പ്രേരിപ്പിക്കുന്നു.
ദളിതരുടെയും ആദിവാസികളുടെയും മുസ്‌ലിം ന്യൂനപക്ഷത്തിന്റെയും ഭൂരിപക്ഷത്തിന്റെ അവസ്ഥ വളരെയൊന്നും മുന്നേറിയിട്ടില്ല. ഏട്ടിൽ പുരോഗമനം, വീട്ടിൽ സാമ്പ്രദായികത- ഈ ഇരട്ടത്താപ്പ് മാറണം. ഇത്തരം ചേഷ്ടകൾ ആളുകളെ ഒന്ന് ആലോചിക്കാനെങ്കിലും പ്രേരിപ്പിച്ചേക്കാം. രോഗിയാണെന്ന് സമ്മതിക്കാത്ത ഒരാളെ ചികിത്സിക്കുക പ്രയാസം. രോഗം ചൂണ്ടിക്കാട്ടാൻ ഇത്തരം പൊടിക്കൈകൾക്ക് കഴിഞ്ഞേക്കാം. സ്റ്റാലിൻ അഭിനയിക്കുകയല്ല എന്നാണു ഞാൻ കരുതുന്നത്.
നമുക്കും നവോത്ഥാനത്തോട് ചില ചോദ്യങ്ങൾ ചോദിച്ചേ തീരൂ. അന്ന് അതിൽ പുരോഗമനം ഉണ്ടായിരുന്നിരിക്കാം, പക്ഷെ നായർ നവോത്ഥാനം, ഈഴവ നവോത്ഥാനം.. അങ്ങിനെ പോരല്ലോ. മറിച്ചു ചിന്തിച്ചവരെയും പിന്നീട് സമുദായങ്ങൾ സ്വന്തമാക്കിയ കഥ നമുക്കറിയാം. ചില പ്രതികരണങ്ങൾ കാണിക്കുന്നത് ജാതിവാൽ ഇല്ലാതെ ചിന്തിക്കുന്നത് തന്നെ നാം പരിഹാസ്യമായി കാണുന്നു എന്നാണു. വാൽ മുറിക്കുമ്പോൾ അൽപ്പം വേദനിക്കും, കൂടുതൽ വലിയ വേദന ഒഴിവാക്കാൻ ആണിത്. സ്കൂളുകളിൽ ജാതിവാൽ പുറത്തു കാട്ടുന്നത് അഭിമാനമായി വരികയാണ് എന്നോർക്കണം.....
എന്റെ പ്രതികരണത്തെ ഞാനിങ്ങനെ വികസിപ്പിക്കുന്നു: സി.ആർ. നീലകണ്ഠനും കെ.ജി.എസും ഈയടുത്ത കാലത്ത് പേരിൽ മാറ്റം വരുത്തിയവരാണ്.. സോഷ്യൽ മീഡിയയിൽ കെ. അനശ്വര്യയേയും ലക്ഷ്മി മോഹനേയും ഓർമ വരുന്നു. ജീവിച്ചിരിക്കുന്ന ശ്രദ്ധിക്കപ്പെടുന്നവരിൽ നിന്ന് തുടങ്ങണ്ടതാണ് ഈ മാറ്റങ്ങൾ. പകരം പാഠപുസ്തകങ്ങളിലെ മരിച്ചവരിൽ നിന്നു തുടങ്ങുന്നത് വെറും എളുപ്പവഴി......
പേരിന്റെ കൂടെ ജാതിവാൽ കൂടെ ചേർക്കുന്നത് ഒരാളുടെ രാഷ്ട്രീയ തീരുമാനമാണ്. കുട്ടികളുടെ മേൽ രക്ഷാകർത്താക്കൾ അടിച്ചേല്പിക്കുന്ന സ്വന്തം രാഷ്ടീയം. വലുതാവുമ്പോൾ മാറി വരുന്ന സ്വന്തം ബോധമോ സാമൂഹ്യ സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമോ പലരും ജാതിവാൽ ഉപേക്ഷിക്കുന്നു. നവോത്ഥാന പ്രസ്ഥാനങ്ങളുടെ കാലത്ത് കെ. കേളപ്പനും എം.പി. മന്മഥനും മന്നത്ത് പത്മനാഭനും കെ. ദാമോദരനും എ.കെ. ഗോപാലനുമടക്കം ജാതിവാൽ മുറിച്ചു കളഞ്ഞതോർക്കുക. എന്നാൽ പ്രധാനപ്പെട്ട കമ്യൂണിസ്റ്റ് നേതാക്കൾ അങ്ങനെ ചെയ്യാൻ വിസമ്മതിച്ചു: പി. കൃഷ്ണപിള്ള, ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട്, സി. അച്ചുതമേനോൻ, എം.എൻ. ഗോവിന്ദൻ നായർ, സി. ഉണ്ണി രാജ, പി. ഗോവിന്ദപിള്ള... ഇവരുടെയൊന്നും പേരിങ്ങനെയായിതിന് ഇവരല്ല ഉത്തരവാദികളെന്നത് ശരി. എന്നാൽ പേര് മാറ്റുന്നതിന് കൺമുന്നിൽ മാതൃകകളുണ്ടായിട്ടും അവരത് ചെയ്തില്ലെന്നു മാത്രമല്ല, ഇവരിൽ ചിലരെങ്കിലും സ്വന്തം മക്കൾക്കും ജാതിവാലോടെ പേരിടുക കൂടി ചെയ്തു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്തു നിന്നോ പുറത്തു നിന്നോ ഇവരെ തിരുത്താൻ ഒരു സമ്മർദ്ദവുമുണ്ടായതായറിയില്ല.
സാംസ്കാരിക രംഗത്ത് വി.ടിയും സ്വദേശാഭിമാനിയും ഉള്ളൂരും വള്ളത്തോളും കേസരിയും മുതൽ ആറ്റൂരും കെ.ജി.എസും വരെ ജാതിവാൽ ഒരു കുറവായി തോന്നിയവരേ അല്ല. സംസ്കാരിക നായകരെ സാംസ്കാരിക നായന്മാരെന്നോ മേനോക്കികളെന്നോ ചിലർ പൊതുവിൽ പരിഹസിക്കാറുണ്ട് എന്നതൊഴിച്ചാൽ ഇഷ്ടാ,ആദ്യം ആ ജാതിവാലൊന്ന് മുറിച്ചു കളയൂ എന്നാരും വിളിച്ചു പറഞ്ഞില്ല.
എന്നാൽ അംബേദ്ക്കർ ചിന്ത പ്രബലമായതോടെ ജാതിവാൽ അപമാനമായി പലർക്കും തോന്നാൻ തുടങ്ങി. ക്ലാസുമുറികളിൽ നമ്പൂതിരിമാരും ഭട്ടതിരിമാരും പിഷാരടിമാരും വാര്യർമാരും വർമമാരും തിരിച്ചു വരാൻ തുടങ്ങിയതിനോടുള്ള പ്രതികരണം പൊതു സമൂഹത്തിൽ സജീവമായതാണ് പലരുടേയും മനം മാറ്റത്തിനു കാരണം. അയ്യയ്യേ എന്നു മറ്റുള്ളവർ വിളിച്ചു പറയുമ്പോഴെങ്കിലും നാണം തോന്നുന്നത് നല്ല കാര്യം.
സാംസ്കാരിക- യുവജന സംഘടനകൾ തങ്ങളുടെ നേതൃ സ്ഥാനത്തെത്തുന്നവരിൽ നിന്നെങ്കിലും തുടങ്ങേണ്ടിയിരുന്നതാണ് ഈ കാമ്പയിൻ. അതു സംഭവിച്ചില്ലെന്നു മാത്രമല്ല പേരിന്റെ കൂടെ വാലില്ലാത്തവർ മുറിഞ്ഞുപോയ ജാതി വാലാട്ടി വോട്ടു പിടിക്കുന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പിലടക്കം നാം കണ്ടല്ലോ. ഈ സന്ദർഭത്തിലാണ് സ്റ്റാലിൻ പനി കേരളത്തിലേക്കും പടരാനിടയുള്ളത്. അതെളുപ്പമാണ്. മരിച്ചു പോയവരുടെ പേരങ്ങ് വെട്ടി തിരുത്തിയേക്കുക. ഈ ബഹുമാന്യരാരും ശവക്കുഴിയിൽ നിന്ന് കയറി വന്ന് പ്രതിഷേധിക്കില്ലല്ലോ. അവരുടെ ജീവിച്ചിരിക്കുന്ന ബന്ധുമിത്രാദികളും മാനാഭിമാനം ഭയന്ന് മിണ്ടാതിരിക്കുകയേയുള്ളു. എന്നാൽ ഒരു വ്യക്തി വേണ്ടത്ര മേലും കീഴും ആലോചിച്ച് സ്വാഭിപ്രായത്താലെടുക്കേണ്ട ഒരു തീരുമാനം മരിച്ചവരുടെ മേൽ അടിച്ചേല്പിക്കാൻ നമുക്കെന്തവകാശം? ധൈര്യമുള്ളവർ സാമൂഹ്യ-സാംസ്കാരിക നവോത്ഥാനം തുടങ്ങുക സ്വന്തം ജീവിതത്തിൽ നിന്നാണ്.
കോണക വാൽ: ജാതിവാൽ മുറിച്ചവരിൽ ജാതിഭേദങ്ങൾ ഒട്ടുമേയില്ലെന്നോ ജാതിവാലുള്ളവരെല്ലാം ജാതിക്കോമരങ്ങളാണെന്നോ എന്ന നിലയിലേ അല്ല ഈ ലേഖനം. പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ളയിൽ നിന്നാരംഭിക്കേണ്ട വാൽമുറി സമരം മാറ്റിവെച്ച് കേരളത്തിലെ എക്കാലത്തേയും മികച്ച സഖാവായ പാവം പി. കൃഷ്ണപിള്ളയുടെ വാൽ മുറിച്ചുകളഞ്ഞ് നവോത്ഥാന പ്രഘോഷണം നടത്തരുതെന്ന് പറയുക മാത്രം.