രാജ്യത്തെ ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ ദൈനം ദിന ജീവിതത്തെയാകെ തകിടം മറിച്ചിരിക്കുകയാണ് വിലക്കയറ്റം. പച്ചക്കറി, പലചരക്ക്, ഇന്ധനം, പാചകവാതകം, ബസ്, ഓട്ടോ ചാർജ് തുടങ്ങി രാജ്യത്തെ പൗരന്മാർ ഉപയോഗിക്കുന്ന സകലതിനും നാൾക്കുനാൾ വില വർധിക്കുന്ന സാഹചര്യത്തിൽ വിലകയറ്റ കാലത്തെ അതിജീവനത്തെ കുറിച്ച് അവർ തന്നെ പറയുന്നു.
അധിക വില കാരണം അത്യാവശ്യം വേണ്ട, ഒഴിച്ചു നിർത്താനാവാത്ത സാധനങ്ങൾ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് ആളുകളിപ്പോൾ വാങ്ങുന്നത്. നോമ്പുകാലമായിട്ട് പോലും ഈ സ്ഥിതിയിൽ മാറ്റമില്ല.
നഗരകേന്ദ്രീകൃത കച്ചവടക്കാരെയും കർഷകരെയും തുടങ്ങി സകല തൊഴിൽ മേഖലയിലെയും തൊഴിലാളികളെ അതിഭീകരമായാണ് വിലക്കയറ്റം ബാധിച്ചിരിക്കുന്നത്.കച്ചവടം നടന്നാലുമില്ലെങ്കിലും കട വാടക, ഇലക്ട്രിസിറ്റി ചാർജ് , ടാക്സ് എന്നിവയൊക്കെ കച്ചവടക്കാർ കൃത്യമായി അടക്കണം
അരിയുടെയും പച്ചക്കറിയുടെയും പാചക വാതകത്തിന്റെയുമെല്ലാം വില വർധനവ് ഹോട്ടലുകളെയും സാധാരണക്കാരുടെ വീടുകളെയുമാണ് ബുദ്ധിമുട്ടിലാക്കുന്നത്. വിലകയറ്റത്തിനനുസൃതമായി അല്ലെങ്കിൽ പോലും പിടിച്ചു നിൽക്കാനായി ഹോട്ടലുകളും ഭക്ഷണത്തിന് വില കൂട്ടുകയാണ്.
ഏറെ പ്രത്യാശയോടെ തുടങ്ങിയ വനിതാ സംരഭങ്ങളും വിലകയറ്റത്തിൽ നട്ടം തിരിയുന്ന അവസ്ഥയാണുള്ളത്
കോർപറേറ്റുകളെ സഹായിക്കുന്ന കേന്ദ്രസർക്കാറിന്റെ നയങ്ങളും രാജ്യത്തെ സാധാരണക്കാരോടുള്ള സർക്കാറിന്റെ സമീപനവും വിലക്കയറ്റത്തെ പിടിച്ചുനിർത്താനുള്ള ഒരു ശ്രമങ്ങളുമില്ലാത്തെ കടന്നു പോകുമ്പോൾ അന്നന്നത്തെ അന്നത്തിന് വേണ്ടി അധ്വാനിക്കുന്ന മനുഷ്യരുടെ ജീവിതം ചോദ്യചിന്ഹമാവുകയാണ്.