സമവായ പ്രകാരമുള്ള
കുർബാന അർപ്പിക്കില്ല;
ഫാ. അഗസ്റ്റിൻ വട്ടോളിയുടെ രാജിക്കത്തിൻെറ പൂർണരൂപം

‘‘ഞാൻ എന്തുകൊണ്ട് രാജിവെച്ചു എന്ന് വിശദമാക്കുന്ന കുറിപ്പിൽ ഇത്രയും കാര്യങ്ങൾ എഴുതിയത് യേശുവിൻ്റെ നാമത്തിലുള്ള ഈ പ്രസ്ഥാനം സമഗ്രമായ ഒരു പൊളിച്ചെഴുത്തിന്, പുതിയ തിരിച്ചറിവുകൾ ഉണ്ടായില്ലെങ്കിൽ ഈ പ്രസ്ഥാനം മുച്ചൂടും കുഴിച്ചുമൂടപ്പെടും എന്ന് സൂചിപ്പിക്കാനാണ്’’- എറണാകുളം-അങ്കമാലി അതിരൂപതയിലെ കടമക്കുടി വിശുദ്ധ അഗസ്റ്റിയൻസ് പള്ളിയിലെ വികാരി സ്ഥാനം രാജിവെച്ച് ഫാ. അഗസ്റ്റിൻ വട്ടോളി എഴുതിയ കത്തിൻെറ പൂർണരൂപം.

News Desk

റണാകുളം-അങ്കമാലി വൈദികസമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടൻ വഴി എൻ്റെ സഹപാഠിയും ഇപ്പോൾ എറണാകുളം-അങ്കമാലി അതിരൂപതാ അഡ്മിനിസ്ട്രേറ്ററുമായ ആർച്ചുബിഷപ്പ് ജോസഫ് പാംബ്ലാനിക്ക് എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികനായ അഗസ്റ്റിൻ വട്ടോളി, 2025 സെപ്റ്റംബർ 14 ന് നൽകുന്ന രാജിക്കത്ത്.

പ്രിയ ആർച്ചുബിഷപ്പ്,

കടമക്കുടി വിശുദ്ധ അഗസ്തീനോസിൻ്റെ പള്ളിയിൽ സമവായ പ്രകാരമുള്ള അൾത്താരാഭിമുഖ കുർബാന ഇതുവരെ ഞാൻ ചൊല്ലിയിട്ടില്ല. ആ കുർബാന അർപ്പിക്കാൻ ഞാൻ തയ്യാറുമല്ല. എന്നാൽ അൾത്താരാഭിമുഖ കുർബാന ആവശ്യമുള്ള ജനങ്ങൾക്ക് ഇവിടുത്തെ വൈദികരും ജനങ്ങളും കൂടി എത്തിച്ചേർന്ന സമവായ പ്രകാരം അതവരുടെ അവകാശവുമാണ്. തോക്കിൻമുനയിൽ നിറുത്തിയിട്ടാണെങ്കിലും എൻ്റെ വൈദികരും ജനങ്ങളും എത്തിച്ചേർന്ന സമവായത്തിന് ഞാൻ എതിര് നില്ക്കുന്നത് ശരിയല്ല. ഞങ്ങളെ സംബന്ധിച്ച് വാക്കുപാലിക്കുക ജനാധിപത്യ മര്യാദയാണ്, സിനഡ് മെത്രാന്മാരെ അങ്ങനെയൊരു മര്യാദ തൊട്ടുതീണ്ടിയിട്ടില്ലെങ്കിൽ പോലും. മാത്രമല്ല, എൻ്റെ ഈ നിലപാട് കൊണ്ട് ഇടവകയിൽ ഭിന്നിപ്പുണ്ടാകുന്നത് ഒരു കാരണവശാലും എനിക്ക് അംഗീകരിക്കാനാവില്ല (അത്രയും അർത്ഥമില്ലാത്ത ഒരു തർക്കമാണല്ലോ മെത്രാന്മാരുടെ പിടിവാശിമൂലം ഉണ്ടായിട്ടുള്ളത്). പരിഹാരമായി ഞാൻ ഒരു തീരുമാനം എടുത്തിരുന്നു. 'എന്ന് കടമക്കുടിയിലെ ജനങ്ങൾ ഈ കുർബാന ആവശ്യപ്പെടുന്നുവോ അന്ന് ഞാൻ വൈദിക ഉത്തരവാദിത്തങ്ങളിൽനിന്ന് പിൻവാങ്ങും, രാജിവെയ്ക്കും. എന്നാണോ ജനാഭിമുഖ കുർബാന ഒരു അരാധനാ അവകാശമായി (ലിറ്റർജിക്കൽ വേരിയൻ്റ് ആയി) എറണാകുളം- അങ്കമാലി അതിരൂപതയിൽ പ്രഖ്യാപിക്കപ്പെടുന്നത്, അന്ന് എൻ്റെ രാജി പിൻവലിച്ചുകൊണ്ടുള്ള അഭ്യർത്ഥന ഞാൻ തിരികെ നല്കും'.

സെന്‍റ് അഗസ്റ്റിന്‍ ചര്‍ച്ച് കടമക്കുടി
സെന്‍റ് അഗസ്റ്റിന്‍ ചര്‍ച്ച് കടമക്കുടി

2025 ജൂലൈ 13 ന് വൈകീട്ട് 5 മണിക്ക് കടമക്കുടിയിലെ ഒരിടവകാംഗം (ഒരാൾ മാത്രം. എണ്ണം പ്രസക്തമല്ലല്ലോ) 'അൾത്താരാഭിമുഖ കുർബാന ഇവിടെ നടക്കുകയാണെങ്കിൽ അതിൽ പങ്കെടുക്കാൻ ഞാനും എൻ്റെ കുടുംബവും ഉണ്ടാകും' എന്ന തൻ്റെ ആഗ്രഹം പ്രകടിപ്പിച്ചു. തീരുമാനം ഉണ്ടാക്കാം എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. തീരുമാനമെടുക്കാൻ ഇനി വൈകുന്നത് ശരിയുമല്ല. അത്കൊണ്ട് ഞാൻ രാജി സമർപ്പിക്കുന്നു. ഇത്രയും കാര്യങ്ങളാണ് ബിഷപ്പ് പാംപ്ലാനിയെ അറിയിക്കാനുള്ളത്.

എന്തുകൊണ്ട് എൻ്റെ ഈ തീരുമാനം എന്ന് എറണാകുളം- അങ്കമാലി അതിരൂപതയിലെ ജനങ്ങളെ, പ്രത്യേകിച്ച് ഞാൻ ജനിച്ച് വളർന്ന കാടുകുറ്റി എന്ന എൻ്റെ നാട്ടിലെ ജനങ്ങളെയും എൻ്റെ അമ്മയെയും അറിയിക്കേണ്ടതുണ്ട്. ഇക്കാലമത്രയും പള്ളിപ്പുറം (ചേർത്തല), ചേർത്തല മുട്ടം, താവളം, ചിറ്റൂർ( പാലക്കാട്, അട്ടപ്പാടി), മറ്റൂർ, തെക്കേ കിടങ്ങൂർ, അങ്കമാലി മാർട്ടിൻ ഡി പോറസ്, സെബിയൂർ, ഇരുമ്പനം, കടമക്കുടി എന്ന നാടുകളിലെ ജനങ്ങളുടെ അദ്ധ്വാനമായിരുന്നു, വിയർപ്പായിരുന്നു എൻ്റെ അന്നം. (ആരുടെ വിയർപ്പിൻ്റെയും അദ്ധ്വാനത്തിൻ്റെയും പങ്കുപറ്റിയാണോ മെത്രാന്മാരടങ്ങിയ ഞങ്ങൾ പുരോഹിതവർഗ്ഗം സുഭിക്ഷമായും സുരക്ഷിതമായും ജീവിക്കുന്നത്, ആ ജനത്തിന് ഒരവകാശവും ഒരധികാരവും ഈ വ്യവസ്ഥിതിയുടെ നിയമത്തിൽ- വർത്തമാനങ്ങളിലും സമ്മേളനങ്ങളിലും പ്രാഖ്യാപനങ്ങളിലും ആവോളം ഉണ്ട്താനും- ഇല്ല എന്നുള്ളത് ഞങ്ങൾ പുരോഹിതവർഗ്ഗത്തെ ഒട്ടുംതന്നെ അലോസരപ്പെടുത്തുന്നില്ല എന്നത് ലജ്ജാകരമാണ്).

എന്തുകൊണ്ട് വൈദിക ഉത്തരവാദിത്തങ്ങളിൽ നിന്ന് ഞാൻ പിൻവാങ്ങുന്നു എന്നതിൻ്റെ കാരണങ്ങൾ, എൻ്റെ ചോദ്യങ്ങൾ ഏവരുടെയും അറിവിലേക്കായി ഞാൻ അവതരിപ്പിക്കുന്നു:

1. നിങ്ങൾ ബലിയർപ്പിച്ചോ, പ്രാർത്ഥിച്ചോ, ഏത് ഭാഷയിലാണ് നിങ്ങൾ പ്രാർത്ഥിച്ചത്, ദൈവശാസ്ത്രപരമായി ആ പ്രാർത്ഥനയുടെ ഉള്ളടക്കം, ഭാഷ എന്നിവ കൃത്യമായിരുന്നോ, ആരാധനക്രമ പാരമ്പര്യമനുസരിച്ച് തന്നെയാണോ ആ പ്രാർത്ഥനകൾ ക്രോഡീകരിക്കപ്പെട്ടിട്ടുള്ളത്, നിങ്ങൾ സിനഗോഗിൽ മുടങ്ങാതെ പോകുന്നുണ്ടോ (പള്ളിയിൽ പോകുന്നുണ്ടോ എന്ന് ഇപ്പോൾ വായിക്കണം), നേർച്ചകളും കാഴ്ചകളും സമർപ്പിക്കുന്നുണ്ടോ, പാരമ്പര്യങ്ങൾ സൂക്ഷ്മതയോടെ പാലിക്കുന്നുണ്ടോ, നിയമങ്ങളും ഉപനിയമങ്ങളും (ഇപ്പോൾ കാനൻ നിയമം) വള്ളിപുള്ളി തെറ്റാതെ അനുസരിക്കുന്നുണ്ടോ എന്നുള്ളതൊന്നും യേശുവിൻ്റെ മുൻഗണനകൾ ആയിരുന്നില്ല. അന്നത്തെ യഹൂദ സമുദായത്തിലെ പുരോഹിത- ഫരിസേയ- സദുക്കായ കൂട്ടുകെട്ട് അതിശക്തമായി നിലനിറുത്തിയിരുന്ന ദേവാലയ കേന്ദ്രീകൃത, ആചാരാനുഷ്ഠാന കേന്ദീകൃത മനോഭാവത്തിനും കാഴ്ചപ്പാടിനും എതിരെ ആയിരുന്നു യേശു സംസാരിച്ചതും പഠിപ്പിച്ചതും. അങ്ങനെ പ്രസംഗിച്ചതും പ്രവർത്തിച്ചതും ജീവിച്ചതുമാണല്ലോ 'ഇവനെ ജീവിക്കാൻ അനുവദിക്കാൻ പാടില്ല, എത്രയും പെട്ടെന്ന് ഇവനെ ഇല്ലാതാക്കണം' എന്നുള്ള തീരുമാനം നടപ്പിലാക്കപ്പെടാൻ കാരണം.

ജോസഫ് പാംബ്ലാനി
ജോസഫ് പാംബ്ലാനി

സീറോ മലബാർ സഭയിലെ കുർബാനത്തർക്കം യേശുവിൻ്റെ പ്രബോധനങ്ങൾക്ക്, ജീവിതത്തിന്, മുൻഗണനകൾക്ക് കടകവിരുദ്ധമാണ്. ഈ തർക്കത്തിലൂടെ വലിയൊരു കാര്യം സംഭവിച്ചു: സിനഡും ഓരോ മെത്രാന്മാരും യേശുവിൽ നിന്ന് അവൻ്റെ പ്രബോധനത്തിൻ്റെ അന്തഃസത്തയിൽ നിന്ന് പ്രകാശവർഷങ്ങൾ അകലെയാണെന്ന സത്യം യേശു- ബോദ്ധ്യത്തിനാൽ നയിക്കപ്പെടുന്ന സഭാമക്കൾക്ക് വെളിവാക്കപ്പെട്ടു. മെത്രാന്മാർക്ക് മാത്രം ഇതൊന്നും മനസ്സിലായിട്ടില്ല. അധികാരത്തിലെത്തിയാൽ ആദ്യം ഇല്ലാതാക്കുന്നത് നാണമാണെന്ന് എൻ്റെ സുഹൃത്തായ ഒരു വൈദികൻ പറഞ്ഞത് ഓർക്കുന്നു.

2. ശരീരത്തെ കൊല്ലാൻ കഴിയുന്നവനെയല്ല ശരീരത്തെയും ആത്മാവിനെയും നശിപ്പിക്കാൻ കഴിയുന്നവനെ ഭയപ്പെടാനാണ് യേശു ജനങ്ങളോട് / ശിഷ്യരോട് ആവശ്യപ്പെട്ടത് (ബൈബിൾ). അന്നത്തെ പുരോഹിതരും ഫരിസേയരും സദുക്കായരുമടങ്ങുന്ന നേതൃവർഗ്ഗത്തെയാണ് യേശു ഉദ്ദേശിച്ചത്. അവരാണ് തെറ്റായ പ്രബോധനത്തിലൂടെ, പoനത്തിലൂടെ, തെറ്റായി മുൻഗണനകൾ നിശ്ചയിക്കുന്നതിലൂടെ വിശ്വാസികളുടെ ആത്മാക്കളെ മലീമസമാക്കുന്നത്, വഴിതെറ്റിക്കുന്നത്; തെറ്റായ ബോദ്ധ്യങ്ങൾ നൽകി അവരെ നരകത്തിന് അർഹരാക്കുന്നത്. ആരെ ഭയപ്പെടണം എന്ന് യേശു ആവശ്യപ്പെട്ടോ ആ വിഭാഗത്തിൽ പെടാതിരിക്കാൻ വേണ്ടിയുള്ള പരിശ്രമത്തിലായിരുന്നല്ലോ എറണാകുളം- അങ്കമാലി അതിരൂപതയിലെ ജനങ്ങളും കന്യാസ്ത്രീകളും വൈദീകരും അടങ്ങുന്ന വിശ്വാസി സമൂഹം. ആ പോരാട്ടത്തിൽ അവരോടൊപ്പം ഞാനും എന്നും ഉണ്ടാകും.

3. അൾത്താരാഭിമുഖ കുർബാന നടപ്പിലാക്കാൻ തീരുമാനമെടുക്കുന്ന കാലഘട്ടം ആഗോള മനുഷ്യസമൂഹം, മനുഷ്യവർഗ്ഗം ഉടലെടുത്ത ലക്ഷക്കണക്കിന് വർഷങ്ങൾക്കുള്ളിൽ മുൻപൊരിക്കലും നേരിടാത്ത വലിയൊരു പ്രതിസന്ധിയിലൂടെടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന കാലഘട്ടമായിരുന്നു. 700 കോടി ജനം (എത്രയാണോ അത്രയും) വീട്ടിലിരിക്കേണ്ടിവരുന്നു, വിവിധ രാജ്യങ്ങളിൽ / ദേശങ്ങളിൽ ലക്ഷക്കണക്കിന് മനുഷ്യർ പിടഞ്ഞു മരിച്ചു കൊണ്ടിരിക്കുന്നു, ചികിത്സയും ഭക്ഷണവും കിട്ടാതെ പരക്കം പായുന്നു, കോടിക്കണക്കിന് മനുഷ്യർക്ക് തൊഴിൽ നഷ്ടപ്പെടുന്നു... സീറോ മലബാർ സഭാ സിനഡ് ഇക്കാലഘട്ടത്തിൽ കുർബാന എന്ന 'പ്രാർത്ഥന' (ഏറ്റവും പ്രധാനപ്പെട്ട 'പ്രാർത്ഥന'എന്നാണല്ലോ യൂണിവേഴ്സൽ കാറ്റികിസം പുസ്തകം പഠിപ്പിക്കുന്നത്. കുർബാന എന്നത് ഒരു പ്രാർത്ഥന മാത്രമാണ്) എങ്ങോട്ട് തിരിഞ്ഞ് വേണം എന്ന തീരുമാനം തിരക്കുപിടിച്ച് എടുത്തതിനെപ്പറ്റി ആലോചിക്കുമ്പോൾ ' റോം കത്തിയെരിയുമ്പോൾ നീറോ വീണ വായിക്കുന്നു' എന്ന ചൊല്ല് സിനഡിനെ സംബന്ധിച്ച് എത്ര അർത്ഥവത്താണെന്ന് നമുക്ക് മനസ്സിലാകും. എത്രയും പെട്ടെന്ന് അൾത്താരാഭിമുഖ കുർബാന നടപ്പിലാക്കിയില്ലെങ്കിൽ സീറോ മലബാർ വിശ്വാസികളെ ഉടലോടെ നരകത്തിൽ തള്ളുമെന്നുള്ള അന്ത്യശാസനം സിനഡ് മെത്രാന്മാർക്ക് യഹോവ നല്കിയിരുന്നോ ആവോ?

4. സമൂഹവുമായി പൂർണ്ണമായും ബന്ധം നഷ്ടപ്പെട്ട ഒരു വിഭാഗത്തിന് മാത്രമേ ഇത്രയും അപ്രസക്തമായ, അർത്ഥമില്ലാത്ത ഒരു വിഷയം ഏറ്റവും പ്രധാന്യമുള്ള വിഷയമായി, മനുഷ്യവർഗ്ഗം മുഴുവൻ രോഗാതുരമായ കോവിഡ് കാലഘട്ടത്തിൽ ചർച്ച ചെയ്യാൻ പറ്റൂ; സമൂഹത്തിൻ്റെ ഉത്കണ്ഠകളും ഗദ്ഗദങ്ങളും സംഘർഷങ്ങളും മുൻഗണനാ വിഷയങ്ങളും ഒരു തരത്തിലും ബാധിക്കാത്തവിധത്തിൽ സുഖഭോഗങ്ങളിൽ, ജീവിതാസക്തിയിൽ, അധികാരാസക്തിയിൽ, ജീവിതസൗകര്യങ്ങളിൽ തിളച്ചുമറിയുന്നവർക്ക് മാത്രം.

5. സമൃദ്ധമായ ഭക്ഷണം പല നേരങ്ങളിൽ സമൃദ്ധമായി കഴിക്കാൻ നിങ്ങൾക്ക് അവസരങ്ങളുണ്ടെങ്കിൽ, നിങ്ങൾക്ക് തൊഴിൽ ഒരിക്കലും നഷ്ടപ്പെടില്ല എന്ന ഉറപ്പുണ്ടെങ്കിൽ, രോഗിയായിരിക്കുമ്പോഴും വാർദ്ധക്യകാലത്തും സുരക്ഷിതമായിരിക്കാൻ നിങ്ങൾക്ക് സൗകര്യങ്ങളുമുണ്ടെങ്കിൽ, സ്വദേശത്തും വിദേശത്തും സ്വകാര്യ വാഹനത്തിലും വിമാനത്തിലും ഇഷ്ടംപോലെ യാത്ര ചെയ്യുന്നതിനും അവിടങ്ങളിൽ വിശ്രമത്തിനും താമസത്തിനും ഭക്ഷണത്തിനും ചികിത്സക്കും സാഹചര്യങ്ങളും സാദ്ധ്യതകളും ഉറപ്പും ഉണ്ടെങ്കിൽ, നിങ്ങളെ പരിചരിക്കാൻ ചുറ്റും എപ്പോഴും വലിയ പരിചാരകവൃന്ദമുണ്ടെങ്കിൽ, വലിയ ഓഫീസും കാറും പരിവാരങ്ങളും ഉണ്ടെങ്കിൽ, നിങ്ങളുടെ മുൻപിൽ എത്ര വലിയവനും ചെറിയവനും തൊഴുത് നില്ക്കും എന്നുണ്ടെങ്കിൽ പിന്നെന്തിന് സമൂഹത്തെപ്പറ്റി അതിലെ വീടില്ലാത്തവരെപ്പറ്റി, ചികിത്സിക്കാൻ വഴിയില്ലാത്തവരെപ്പറ്റി, പഠിക്കാൻ കഴിവുണ്ടെങ്കിലും ഉന്നതവിദ്യാഭ്യാസത്തിന് പണമില്ലാത്തവരെപ്പറ്റി, ചേരികളിലും കോളനികളിലും ആദിവാസി ഊരുകളിലും ഉള്ള ഗതികിട്ടാത്ത ജീവിതങ്ങളെപ്പറ്റി, സമൂഹത്തിലെ ഉച്ചനീചത്വങ്ങളെപ്പറ്റി, രാഷ്ട്രീയക്കാരുടെ നേതൃത്വത്തിൽ ആഴത്തിൽ വേരുപിടിക്കുന്ന അഴിമതിയും അനീതിയും സ്വജനപക്ഷപാതത്തെയുംപ്പറ്റി, നാടും വിഭവങ്ങളും കോർപറേറ്റ് ഭീകരന്മാർക്ക് തീറെഴുതിക്കൊടുക്കുന്നതിനെപ്പറ്റി, അങ്ങനെ ഭാവി തലമുറയ്ക്ക് അവകാശപ്പെട്ട മണ്ണും വെള്ളവും വായുവും കാടും അതിഭീകരമായി മലിനമാക്കപ്പെടുകയും സ്വകാര്യവത്ക്കരിക്കപ്പെടുകയും എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുകയും ചെയ്യുന്നതിനെപ്പറ്റി, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം അഗാധ ഗർത്തമാകുന്നതിനെപ്പറ്റി (4500 കോടി വീട് 5 പേർക്ക്, 5000 കോടി കല്യാണം), പടർന്നുപിടിക്കുന്ന മത- സമുദായ വർഗ്ഗീയതയെപ്പറ്റി (ക്ഷമിക്കണം, അതിനെ ആളിക്കത്തിക്കുന്നവരാണല്ലോ സിനഡിലെ ചില മെത്രാന്മാരെങ്കിലും), നമ്മളെ കാത്തിരിക്കുന്ന പാരിസ്ഥിതിക ദുരന്തങ്ങളെപ്പറ്റി, തൊഴിലിനും മാന്യമായ വേതനത്തിനും, സുരക്ഷിതവും സ്വതന്ത്രവുമായ ജീവിതത്തിനും വേണ്ടി അന്യനാടുകളിലേക്ക് കുടിയേറുന്ന ചെറുപ്പക്കാരെപ്പറ്റി, വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മയെപ്പറ്റി, തൊഴിൽ നഷ്ടത്തെപ്പറ്റി, അതിദാരിദ്യം മൂലം പലായനം ചെയ്യുന്ന മനുഷ്യരെപ്പറ്റി, പി.സായ്നാഥിൻ്റെ ഭാഷയിൽ 30 രൂപ കൊണ്ട് ഒരു ദിവസം തള്ളിനീക്കിക്കൊണ്ടിരിക്കുന്ന കോടിക്കണക്കിന് ദലിതരും ആദിവാസികളുമായ ഇൻഡ്യക്കാരെപ്പറ്റി നിങ്ങൾ എന്തിന് ചിന്തിക്കണം, വ്യാകുലചിത്തനാകണം, ഉറക്കം നഷ്ടപ്പെടുത്തണം?(മെത്രാന്മാരുടെ ഉറക്കം നഷ്ടപ്പെടുന്നുണ്ട്, തങ്ങളുടെ ഉള്ളംകയ്യിൽ അമ്മാനമാടിക്കളിച്ചിരുന്ന തങ്ങളുടെ കുഞ്ഞാടുകൾക്ക് ബോധം ഉദിക്കുന്നുണ്ട് എന്നതിലും അവർക്ക് തിരിച്ചറിവുണ്ടാകുന്നുണ്ട് എന്നതിലും) കുർബാന എന്ന പ്രാർത്ഥനയും അതിൻ്റെ പാരമ്പര്യങ്ങളും മാത്രമാണല്ലോ സീറോ മലബാർ സിനഡ് മെത്രാന്മാർക്ക് പരിഹരിക്കേണ്ടതായി തോന്നുന്ന ഒരേയൊരു വിഷയം!!

രാജിവെയ്ക്കാനുള്ള തീരുമാനം എന്റേതു മാത്രമാണ്. എൻ്റെ മനഃസാക്ഷിയോടല്ലാതെ വേറൊരാളുമായും ഈ വിഷയം ഞാൻ ചർച്ച ചെയ്തിട്ടില്ല.  അതുകൊണ്ടു ഈ തീരുമാനത്തിൻ്റെ മുഴുവൻ വിലയും ഞാൻ കൊടുത്തു കൊള്ളാം.
രാജിവെയ്ക്കാനുള്ള തീരുമാനം എന്റേതു മാത്രമാണ്. എൻ്റെ മനഃസാക്ഷിയോടല്ലാതെ വേറൊരാളുമായും ഈ വിഷയം ഞാൻ ചർച്ച ചെയ്തിട്ടില്ല. അതുകൊണ്ടു ഈ തീരുമാനത്തിൻ്റെ മുഴുവൻ വിലയും ഞാൻ കൊടുത്തു കൊള്ളാം.

6. അൾത്താരാഭിമുഖ കുർബാന നടപ്പിലാക്കിയ രീതി അത്രയും അധാർമ്മികവും വഞ്ചന നിറഞ്ഞതുമാണ്. അതൊരിക്കലും അംഗീകരിക്കാവുന്നതല്ല. ഏപക്ഷീയമായി ഏകാധിപത്യപരമായി, ധാർഷ്ട്യത്തോടെ, ധിക്കാരത്തോടെ അടിച്ചേല്പിച്ചതായിരുന്നു. 2000 വർഷങ്ങൾക്ക് അപ്പുറത്തേക്ക് സീറോ മലബാർ സഭയെ പിന്നോട്ടടിപ്പിച്ചു ആ തീരുമാനം. പുതിയ ചെറുപ്പക്കാരായ വൈദികർക്ക് കുർബാന ചൊല്ലാനുള്ള അവകാശം നിഷേധിച്ചും 17 കേസിലെ പ്രതിയായുള്ള വൈദികനുൾപ്പെടെ, അതി രൂപതയെയും സംവിധാനങ്ങളെയും ഏതു രീതിയിലും നശിപ്പിക്കാനും താറുമാറാക്കാനും മനസ്സും കഴിവും ഉള്ള ഒരു കൂട്ടം തെമ്മാടികളെ അതിരൂപതാ കേന്ദ്രത്തിൽ വിന്യസിപ്പിച്ചും സിനഡ് വിചാരിച്ച കാര്യം നടത്തിയെടുത്തു. കുറ്റം ചെയ്തവർ വലിയ സ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും യഥേഷ്ടം വിഹരിക്കുന്നു. പുതിയ തലമുറ വൈദികർക്കുള്ള സന്ദേശം വ്യക്തം: പരമാധികാരികളായ ഞങ്ങളുടെ കൂട്ടത്തിൽ നാണവും മാനവും ധാർമ്മികതയും മനഃസാക്ഷിയും പൂർണ്ണമായി വെടിഞ്ഞ് നില്ക്കുക, എന്ത് കുറ്റങ്ങളും കുറവുകളും പരിഹരിച്ച് അധികാരത്തിൻ്റെയും സുഖഭോഗത്തിൻ്റെയും പരകോടിയിൽ വിരാജിക്കാൻ എല്ലാ സൗകര്യങ്ങളും ഞങ്ങൾ ചെയ്തുതരും.

7. എറണാകുളം അങ്കമാലി അതിരൂപതയിലെ യും മറ്റ് ഏഴ് രൂപതകളിലെയും വൈദികരും കന്യാസ്ത്രീകളും ജനങ്ങളും അടങ്ങുന്ന വിശ്വാസി സമൂഹത്തിലെ ഒരു മൃഗീയ ഭൂരിപക്ഷം ജനാഭിമുഖ കുർബാനയ്ക്കുവേണ്ടി ദാഹിക്കുമ്പോൾ ആ ദാഹത്തെ പുറംകാലുകൊണ്ടടിച്ചുതെറിപ്പിച്ച് അൾത്താരാഭിമുഖ കുർബാന അടിച്ചേല്പിച്ചപ്പോൾ യേശുവിൻ്റെ പ്രബോധനത്തിൻ്റെ ഏത് അംശമാണ് നിറവേറ്റപ്പെട്ടത്? യൂറോപ്പിലെ ചെറുപ്പക്കാരും ജനങ്ങളും പൂർണ്ണമായി പള്ളികളിൽ നിന്നും പുരോഹിതരിൽ നിന്നും കൂദാശകളിൽ നിന്നും അകന്നു മാറി ജീവിക്കുമ്പോൾ അവിടത്തെ പള്ളികൾ ബാറുകളായും സൂപ്പർ മാർക്കറ്റുകളായും (ഈ പ്രദേശങ്ങളിലൂടെ വിശ്വാസിസമൂഹത്തിൻ്റെ പണം ഉപയോഗിച്ച് നിരന്തരം യാത്ര ചെയ്യുന്നവരാണ് മെത്രാന്മാർ. ഞാൻ അവരെ പറഞ്ഞ് മനസ്സിലാക്കേണ്ടതില്ല എന്നറിയാം!) മറ്റു മതങ്ങളുടെ ആരാധനാലയ ങ്ങളായി മാറ്റപ്പെട്ടു കൊണ്ടിരിക്കുമ്പോൾ (കത്തോലിക്കാ സഭയ്ക്ക് ആവശ്യമില്ലാത്തത് മറ്റൊരു ആരാധനാ സമൂഹത്തിന് നല്കുന്നത് തികച്ചും ന്യായമാണ്) ആരാധിക്കാൻ വെമ്പിനില്ക്കുന്ന, പള്ളിയിലേയ്ക്കോടിയെത്താൻ തീവ്രമായി ആഗ്രഹിക്കുന്ന വിശ്വാസി സമൂഹത്തിൻ്റെ താത്പര്യത്തെ ചവിട്ടിമെതിച്ചു കൊണ്ട് ആയിരത്തിലേറെ ദിനങ്ങൾ വെറും ശാഠ്യത്തിൻ്റെ പേരിൽ അടച്ചിട്ടിരിക്കുന്നത് (സെൻ്റ് മേരീസ് ബസിലിക്ക, എറണാകുളം) ശുദ്ധ നെറിവുകേടും ധാർഷ്ട്യവും മാത്രമല്ലേ? (കുറച്ച് വർഷങ്ങൾക്കുള്ളിൽത്തന്നെ, 'പള്ളിയിലേയ്ക്ക് വരണേ, പ്രാർത്ഥനകളിൽ പങ്കെടുക്കണേ, ശവം പള്ളി സെമിത്തേരിയിൽ അടക്കം ചെയ്യണേ, വിവാഹം രാജ്യത്തിൻ്റെ നിയമമനുസരിച്ച് മാത്രം രജിസ്റ്റർ ചെയ്താൽപോര പള്ളിയിൽ വന്ന് വിവാഹം നടത്തണേ' എന്ന് പുതിയ തലമുറയോട് കാലുപിടിച്ച് കേണപേക്ഷിക്കേണ്ടി വരില്ലാ എന്നാണോ നമ്മൾ പുരോഹിതർ ചിന്തിക്കുന്നത്, ഹാ കഷ്ടം).

8. കുർബാന അർപ്പണരീതിയിൽ ഏകീകരണം വരുത്തിക്കഴിഞ്ഞാൽ നമ്മുടെ ജനങ്ങളുടെ ഇടയിൽ സൗഹാർദ്ദവും സാഹോദര്യവും പാരസ്പര്യവും ആഴത്തിൽ വേരോടും എന്ന് ഉറപ്പുണ്ടോ? കുർബാന ഏകീകരണത്തിലൂടെ യേശുവിൻ്റെ പ്രബോധനത്തിലെ ഏറ്റവും കനപ്പെട്ട കാര്യങ്ങൾ അതായത് തന്നെപ്പോലെ തൻ്റെ അയൽക്കാരനെ അവർ സ്നേഹിക്കാൻ തുടങ്ങും? കുർബാനയിൽ പങ്കെടുത്ത് യേശുവിനോട് അത്രമാത്രം അടുത്ത് പോയത്കൊണ്ട്, അയല്ക്കാരന് / അർഹതയുള്ളവന് തൻ്റെ അധ്വാനഫലത്തിൽ നിന്ന്, സമ്പത്തിൽ നിന്ന് കൃത്യമായൊരു തുക കൃത്യമായ ഇടവേളകളിൽ തുടർച്ചയായി പങ്കുവെയ്ക്കാൻ സീറോ മലബാർ സഭാ വിശ്വാസികൾ തീരുമാനമെടുക്കും? പോകപ്പോകെ അങ്ങനെ പങ്കെ വെയ്ക്കുന്ന തുകയുടെ ശതമാനം വർദ്ധിപ്പിച്ച് പത്ത്, ഇരുപത്, മുപ്പത്, നാല്പത്, അമ്പത് എന്നാവുകയും കുറച്ച് മെത്രാന്മാരും വൈദികരും ജനങ്ങളും തങ്ങൾക്കുള്ളതെല്ലാം യേശു ആവശ്യപ്പെട്ടതുപോലെ, പൂർണ്ണമായി വിറ്റ് ദരിദ്രർക്ക് ദാനം ചെയ്ത് ജനങ്ങളെ സേവിക്കാനിറങ്ങും? അങ്ങനെ സംഭവിക്കുമ്പോൾ കേരളത്തിലെ ദാരിദ്ര്യവും പട്ടിണിയും അഴിമതിയും അനീതിയും വർഗ്ഗീയതയും കുത്തനെ കുറയുകയും സാമ്പത്തീകവും സാമൂഹ്യവുമായ അസമത്വങ്ങൾ ഇല്ലാതാവുകയും ചെയ്യും? എത്രയോ കുർബാനകൾ എത്രയോ കാലങ്ങളായി ചൊല്ലിക്കൊണ്ടിരിക്കുന്നു. എന്ത് ചലനമാണ് ഈ പ്രാർത്ഥനകൾ ഈ സമൂഹത്തിൽ, മനുഷ്യരിൽ ഉണ്ടാക്കിയിരിക്കുന്നത്?

എന്നാണോ ജനാഭിമുഖ കുർബാന ഒരു അരാധനാ അവകാശമായി (ലിറ്റർജിക്കൽ വേരിയൻ്റ് ആയി) എറണാകുളം- അങ്കമാലി അതിരൂപതയിൽ പ്രഖ്യാപിക്കപ്പെടുന്നത്, അന്ന് എൻ്റെ രാജി പിൻവലിച്ചുകൊണ്ടുള്ള അഭ്യർത്ഥന ഞാൻ തിരികെ നല്കും.
എന്നാണോ ജനാഭിമുഖ കുർബാന ഒരു അരാധനാ അവകാശമായി (ലിറ്റർജിക്കൽ വേരിയൻ്റ് ആയി) എറണാകുളം- അങ്കമാലി അതിരൂപതയിൽ പ്രഖ്യാപിക്കപ്പെടുന്നത്, അന്ന് എൻ്റെ രാജി പിൻവലിച്ചുകൊണ്ടുള്ള അഭ്യർത്ഥന ഞാൻ തിരികെ നല്കും.

9. കടമക്കുടിയിൽ ഒരു കുടുംബം ദാരുണമായി ആത്മഹത്യ ചെയ്തതിൻ്റെയും അതിന് മുൻപ് സ ഭാ സമൂഹത്തിൽ ഇസ്ലാം മതവിരോധം ശക്തമായതിൻ്റെയും പശ്ചാത്തലത്തിൽ കടമക്കുടിയിലും അതിന് മുൻപ് ഇരുമ്പനത്തും സീറോ മലബാർ സഭാ വിശ്വാസികളായ മറ്റു ചിലരോടും രണ്ട് ചോദ്യങ്ങൾ വ്യക്തിപരമായി ചോദിച്ചിരുന്നു. ഒന്നാമത്തേത്: നിങ്ങളുടെ ജീവിതത്തിൽ വലിയൊരു തകർച്ച സംഭവിക്കുമ്പോൾ നിങ്ങളുടെ ഇടവകയിലെ, നൂറു ശതമാനം നിങ്ങളുടെ കൂടെ നില്ക്കും എന്ന് നിങ്ങൾക്ക് ഉറപ്പുള്ള ഒരാളുടെ പേര് പറയാമോ? അല്ലെങ്കിൽ താങ്കളെ മാരകമായി ബാധിക്കുന്ന ഒരു കാര്യം പൂർണ്ണ വിശ്വാസത്തോടെ വെളിപ്പെടുത്താവുന്ന സ്വന്തം ഇടവകയിൽപ്പെട്ട ഒരാളുടെ പേര്? രണ്ടാമത്തെ ചോദ്യം, നിങ്ങളെ അങ്ങനെ കണക്കാക്കുന്ന മറ്റൊരാളുടെ പേര്? 40/50 വർഷങ്ങളിൽ ആയിരക്കണക്കിന് മണിക്കൂറുകളാണ് ഒരു കത്തോലിക്കൻ പലവിധ പ്രാർത്ഥനകൾക്കും വേദപഠനത്തിനുമായി പള്ളിയിൽ ചെലവിടുന്നത്. ആയിരക്കണക്കിന് മണിക്കൂറുകൾ കുർബാന ഉൾപ്പെടെയുള്ള വിവിധ പ്രാർത്ഥനകളിലും ആചാരാനുഷ്ഠാനങ്ങളിലും ചിലവഴിച്ചിട്ടുള്ള ഈ സീറോ മലബാർ വിശ്വാസികളുടെ പ്രതികരണങ്ങൾ വളരെ നിരാശപ്പെടുത്തുന്നതായിരുന്നു. ഒരാൾക്കുപോലും സ്വന്തം ഇടവക സമൂഹത്തിൽപ്പെട്ട മറ്റൊരാളുടെ പേര് പറയാനുണ്ടായിരുന്നില്ല. എന്നാൽ, മറ്റു മതത്തിലും സമുദായത്തിലും പെട്ടവർ ഉണ്ടായിരുന്നു താനും. പള്ളിയോടും പട്ടക്കാരനോടും ചേർന്നു നില്ക്കുന്ന പലരും ഒട്ടും വിശ്വാസയോഗ്യമല്ലെന്ന വാസ്തവവും അവർ വെളിപ്പെടുത്തി. അന്തമില്ലാതെ ആവർത്തിച്ചു കൊണ്ടിരിക്കുന്ന ഈ പ്രാർത്ഥനകൾ ആചാരാനുഷ്ഠാനങ്ങൾ എന്നിവ എന്ത് സാഹോദര്യമാണ്, മാറ്റമാണ് അതിൽ പങ്കെടുക്കുന്നവരിൽ സൃഷ്ടിക്കുന്നത്? തനിക്കുള്ള സമ്പത്തും സൗകര്യങ്ങളും അത് ഇല്ലാത്തവരുമായി സന്തോഷത്തോടെ നിറഞ്ഞ മനസ്സോടെ പങ്കുവെയ്ക്കാൻ ഈ വിശ്വാസി സമൂഹത്തെ ഈ പ്രാർത്ഥനകൾ പ്രാപ്തരാക്കുന്നുണ്ടോ എന്ന് അൾത്താരാഭിമുഖ കുർബാനയ്ക്ക് വേണ്ടി കൊലവിളി നടത്തുന്നവർ (തീർച്ചയായും,നമ്മൾ ജനാഭിമുഖ കുർബാനയ്ക്ക് വേണ്ടിയുള്ളവരും) ആഴത്തിൽ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.(അർത്ഥമില്ലായ്മ മനസ്സിലാക്കി പുതു തലമുറ നിസ്സംഗമായിത്തുടങ്ങിയോ?)

10. എറണാകുളം- അങ്കമാലി അതിരൂപതയിൽ അൾത്താരാഭിമുഖ കുർബാനയ്ക്ക് വേണ്ടി വാദിക്കുന്ന കുറച്ചുപേരുണ്ട്. ബസിലിക്കയുടെ അൾത്താര തല്ലിത്തകർത്തതുൾപ്പെടെയുള്ള അ തിക്രമങ്ങൾ അവർ ചെയ്തത് സിനഡിൻ്റെ, മെത്രാന്മാരുടെ പിന്തുണകൊണ്ട് മാത്രമാണ്. മെത്രാന്മാർ പിന്തുണച്ചതുകൊണ്ട് ഭരണകൂടം എല്ലാ ഒത്താശയും അവർക്ക് ചെയ്തുകൊടുത്തു. മാത്രമല്ല യേശുവിൻ്റെ പ്രബോധനത്തിൻ്റെ അന്തസത്തയെ തെറ്റായി മനസ്സിലാക്കിയ മഹാഭൂരിപക്ഷം വരുന്ന സഭാമക്കളുടെ പ്രതിനിധികളാണ് അവർ. അനുസരണമാണ് യേശുവിൻ്റെ ജീവിതത്തിൻ്റെയും പ്രഘോഷണത്തിൻ്റെയും ഏറ്റവും പ്രധാനപ്പെട്ട മൂല്യമായി വിശ്വാസി സമൂഹത്തെ കുട്ടിക്കാലം മുതൽ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നത്. 1സാമു. 15.22 ലെ 'അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം' എന്ന വാചകമാണ് ഇതിനാധാരമായി ഉപയോഗിക്കുന്നത്. അമലേക്യരെ തോല്പിച്ചു തിരിച്ചുവരുമ്പോൾ 'ആ നാട്ടിൽ നിന്ന് ഒന്നും കൊണ്ടുവരരുത്' എന്നുള്ള യഹോവയുടെ കല്പന ലംഘിച്ച് നല്ല മുട്ടാടുകളെയും കാളകളെയും രാജാവായ സാവൂൾ കൊണ്ടുവരുന്നു. ഈ പ്രവൃത്തിയെ പ്രവാചകൻ സാമുവേൽ ദൈവ കല്പനയുടെ ലംഘനമായിക്കണ്ടപ്പോൾ 'യഹോവയ്ക്ക് ബലിയർപ്പിക്കാനാണ് ഞങ്ങൾ അത് ചെയ്തത്' എന്ന സാവൂളിൻ്റെ ന്യായീകരണത്തെ, പ്രവാചകൻ സാമുവേൽ നേരിട്ടത് 'അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം' എന്ന് വ്യക്തമാക്കിക്കൊണ്ടാണ്. സാഹചര്യത്തിൽ നിന്ന് അടർത്തിയെടുത്ത് എത്രയോ തലമുറകളെ നമ്മൾ പുരോഹിതർ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നു! അനുസരണമല്ല ചോദ്യം ചെയ്യലാണ് യേശു തൻ്റെ ജീവിതത്തിലൂടെ നമുക്ക് കാണിച്ചു തന്നത് എന്നല്ലേ ജനത്തെ ഇനിയെങ്കിലും പഠിപ്പിക്കേണ്ടത്?

11. എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭാഗമായതുകൊണ്ട് മാത്രമാണ് ഇത്രയും കാലം സഭയുടെ ഉള്ളിൽ നില്ക്കാൻ എനിക്ക് കഴിഞ്ഞത്. അതിരൂപതയിലെ ഭൂമി കുംഭകോണത്തിൻ്റെ രേഖകൾ കണ്ടെത്തുമ്പോഴും കന്യാസ്ത്രീസമരത്തിന് നേതൃത്വം നല്കുമ്പോഴും ഞാൻ താമസിച്ചിരുന്നത് റിന്യൂവൽ സെൻ്ററിലായിരുന്നു. ലോകത്തെ മറ്റൊരു രൂപതയിലും ഇത് ആലോചിക്കാനാവില്ല. കഴിഞ്ഞ 8 വർഷങ്ങളിൽ വൈദികരും കന്യാസ്ത്രീകളും ജനങ്ങളും അടങ്ങുന്ന വിശ്വാസി സമൂഹം ഒരുപാട് തിരിച്ചറിവുകൾ നേടി. ആ തിരിച്ചറിവിൽനിന്ന് ഇനി പിന്നോട്ട് പോവുക സാദ്ധ്യമല്ല. പ്രത്യേകിച്ച് ജനങ്ങൾക്ക് അധികാരം പങ്കുവെയ്ക്കുന്ന കാര്യത്തിൽ. നമ്മുടെ ചാൻസലറായി കാനൻ നിയമം പഠിച്ചിട്ടുള്ള ഒരു കന്യാസ്ത്രീയെയോ അതിരൂപതാ കണക്ക് കൈകാര്യം ചെയ്യാൻ അതിൽ നൈപുണ്യമുള്ള, വിശ്വാസയോഗ്യരായ സ്ത്രീയേയോ പുരുഷനെയോ എന്തുകൊണ്ട് നമുക്ക് നിയമിച്ചു കൂടാ? സ്ഥാപനങ്ങളുടെ ഡയറക്ടർമാരായും വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടർ ബോർഡ് അംഗങ്ങളായും പാസ്റ്ററൽ കൗൺസിലിൽ നിന്നും തിരഞ്ഞെടുത്തു കൂടാ? 'അത്മായൻ' എന്ന വാക്കിൻ്റെ ഒരർത്ഥം അറിവില്ലാത്തവൻ, വിവരദോഷി എന്നൊക്കെയാണ്. എല്ലാക്കാലത്തും ഒരു കാര്യത്തിലും അറിവില്ല, യോഗ്യതയില്ലാ എന്ന് പറഞ്ഞ് ജനങ്ങളെ മാറ്റി നിറുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

കടമക്കുടി വിശുദ്ധ അഗസ്തീനോസിൻ്റെ പള്ളിയിൽ സമവായ പ്രകാരമുള്ള അൾത്താരാഭിമുഖ കുർബാന ഇതുവരെ ഞാൻ ചൊല്ലിയിട്ടില്ല. ആ കുർബാന അർപ്പിക്കാൻ ഞാൻ തയ്യാറുമല്ല
കടമക്കുടി വിശുദ്ധ അഗസ്തീനോസിൻ്റെ പള്ളിയിൽ സമവായ പ്രകാരമുള്ള അൾത്താരാഭിമുഖ കുർബാന ഇതുവരെ ഞാൻ ചൊല്ലിയിട്ടില്ല. ആ കുർബാന അർപ്പിക്കാൻ ഞാൻ തയ്യാറുമല്ല

12. ഭൂമി കുംഭകോണത്തിനെതിരെയുള്ള സമരത്തിലൂടെയും ജനാഭിമുഖ കുർബാനയ്ക്ക് വേണ്ടിയുള്ള സമരത്തിലൂടെയും ആഗോള കത്തോലിക്കാ സഭയിൽ പുതിയ വഴികൾ വെട്ടിത്തുറന്നവരാണ് എറണാകുളം- അങ്കമാലി അതിരൂപത. പുതിയ കീഴ്‌വഴക്കങ്ങളും പുതിയ രീതികളും നമ്മളുണ്ടാക്കി. അതോടൊപ്പം പരമ പ്രധാനമായ ഒരു സംഗതി നമ്മൾ നന്നായി ചിന്തിക്കേണ്ടതാണ്. മെത്രാന്മാരും സിനഡും അധാർമ്മികമായി, ഏകാധിപത്യപരമായി പ്രവർത്തിക്കുന്നത് അവരുടെ വ്യക്തിപരമായ കുഴപ്പം കൊണ്ട് മാത്രമല്ല. ഒരാൾ മെത്രാനായി പ്രവർത്തിക്കുന്ന വ്യവസ്ഥിതി ഏകാധിപത്യപരമാണ്, അധികാര കേന്ദ്രീകൃതമാണ്, തിരുവായ്ക്ക് എതിർവാ ഇല്ലാത്തതാണ്; ചോദ്യം ചെയ്യപ്പെടില്ലാത്തതാണ്, ചോദ്യങ്ങൾക്ക് ഉത്തരം നല്കാൻ ഒരു ബാദ്ധ്യതയും ഇല്ലാത്തതാണ്. നിർദ്ദേശങ്ങളും ഉപദേശങ്ങളും അവഗണിച്ചതുകൊണ്ട് നിങ്ങൾ ഒരു കാരണവശാലും ശിക്ഷിക്കപ്പെടില്ലാത്തതാണ്. നിയമനിർമ്മാണവും നിയമവ്യാഖ്യാനവും നിയമം നടപ്പിലാക്കുന്നതും ഒരാളിൽ കേന്ദ്രീകരിക്കുന്ന ഏറ്റവും പിൻതിരിപ്പനായതും ചീഞ്ഞഴുകുന്നതുമായ ഒരു വ്യവസ്ഥയാണിത്. ഈ വ്യവസ്ഥിതിയിൽ ഒരു വ്യക്തിയ്ക്ക് ഇങ്ങനെയേ പ്രവർത്തിക്കാൻ പറ്റൂ. അവൻ എത്ര വിശുദ്ധനാണെങ്കിലും.

13. ഒരു നിയമസംഹിത ജനാധിപത്യപരമാകുന്നത് സുതാര്യമാകുന്നത് ആ വ്യവസ്ഥയിലെ പരമാധികാരിയെ ശിക്ഷിക്കാൻ/ പുറത്താക്കാൻ അതിൽ വ്യവസ്ഥകളുണ്ടാകുമ്പോഴാണ്. മെത്രാനെ ചോദ്യം ചെയ്യാൻ,ശിക്ഷിക്കാൻ കാനൻ നിയമത്തിൽ എന്ത് വ്യവസ്ഥയാണുള്ളത്? മെത്രാനും മാർപ്പാപ്പയ്ക്കും ഒരു കാരണവശാലും തെറ്റ് സംഭവിക്കില്ല എന്ന ഉറപ്പിലാണ് കാനൻ നിയമം ഉണ്ടാക്കിയിട്ടുള്ളത്. മെത്രാനെ ഏത് സാഹചര്യത്തിലും സംരക്ഷിക്കാനാണ് അതിൽ വ്യവസ്ഥകളുള്ളത്. അങ്ങനെയെങ്കിൽ ഏത് തെറ്റായ തീരുമാനം നടപ്പിലാക്കിയാലും എന്ത് തെറ്റു ചെയ്താലും അവർ ആരെ എന്തിന് ഭയപ്പെടണം? പന്നിക്കൂട്ടിൽനിന്ന് കുന്തുരുക്കത്തിൻ്റെ ഗന്ധം നമ്മൾ പ്രതീക്ഷിക്കണമോ? അങ്ങനെയെങ്കിൽ, വ്യക്തികളെ ഏകാധിപതികളാക്കിത്തീർക്കുന്ന ഈ വ്യവസ്ഥിതി എന്താണ് എന്ന് നന്നായി മനസ്സിലാക്കുകയും അതിനെ നവീകരിക്കാൻ, പുതുക്കി പണിയാൻ എന്തു ചെയ്യണം എന്ന് തുടർച്ചയായി ക്ഷമയോടെ ആലോചിക്കുന്നതിനും പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നതിനും വീണ്ടും വിമർശനാത്മകമായി വിലയിരുത്തുന്നതിനും പകരം മെത്രാന്മാർ ഏകാധിപതികളാണ് എന്ന് കൊന്ത ചൊല്ലുന്നതുപോലെ ഉരുവിട്ടു കൊണ്ടിരിക്കുന്നത് വെറുതെ സമയം പാഴാക്കലല്ലേ, നമ്മുടെ വിഷമം പറഞ്ഞു തീർക്കലല്ലേ?

14. കത്തോലിക്കാ സഭയുടെ ഈ വ്യവസ്ഥിതിയിൽ മെത്രാന് മാത്രമാണ് അധികാരമുള്ളതെന്നും വിശ്വാസിസമൂഹത്തിലെ മറ്റെല്ലാ അംഗങ്ങളും വെറും കാഴ്ചക്കാരും അടിമകളും ആണെന്നും ഇവിടത്തെ രാഷ്ട്രീയക്കാരനും ഉദ്യോഗസ്ഥനും നീതിന്യായ പാലകർക്കും പകൽ പോലെ വ്യക്തമായി അറിയാം. നാല്പത്തഞ്ച് ലക്ഷം വിശ്വാസികൾ ഒരു ത്രാസിലും മറ്റേ ത്രാസിൽ ഏതെങ്കിലും ഒരു മെത്രാനെയും തൂക്കിയാൽ മെത്രാൻ്റെ ത്രാസിനാണ് തൂക്കം കൂടുതൽ വരിക. മെത്രാൻ്റെ മുൻപിൽ വരുന്ന സകല നേതാക്കളും അതുകൊണ്ട് പഞ്ചപുച്ഛമടക്കി നില്ക്കും.

കഴിഞ്ഞ 50 വർഷങ്ങളായി പുട്ടപർത്തിയിൽ സത്യസായിബാബയുടെ പേരിൽ പണം വാങ്ങുന്ന കൗണ്ടറില്ലാതെ ഒരു ആശുപത്രി നടത്തുന്നുണ്ട്. ഇത്രയും സ്വത്തും പണവും ഭൂമിയും ജനങ്ങളുമുള്ള ഇന്ത്യൻ കത്തോലിക്കാ സഭയ്ക്ക് അത് ആലോചിക്കാൻ പോലും പറ്റിയിട്ടില്ല.
കഴിഞ്ഞ 50 വർഷങ്ങളായി പുട്ടപർത്തിയിൽ സത്യസായിബാബയുടെ പേരിൽ പണം വാങ്ങുന്ന കൗണ്ടറില്ലാതെ ഒരു ആശുപത്രി നടത്തുന്നുണ്ട്. ഇത്രയും സ്വത്തും പണവും ഭൂമിയും ജനങ്ങളുമുള്ള ഇന്ത്യൻ കത്തോലിക്കാ സഭയ്ക്ക് അത് ആലോചിക്കാൻ പോലും പറ്റിയിട്ടില്ല.

15. മറ്റെല്ലാ രൂപതകളിലെയും മഹാഭൂരിപക്ഷം വിശ്വാസികളും നീതിനിഷ്ഠരും സത്യസന്ധരുമാണ്. അവർക്കില്ലാത്ത ഒരു ഗുണം നമുക്കുണ്ട്. എറണാകുളം- അങ്കമാലി അതിരൂപതയുടെ മക്കൾ നീതിനിഷ്ഠരും സത്യസന്ധരും വാക്കുപാലിക്കുന്നവരും മാത്രമല്ല ധീരരുമാണ്. പറയാനും പ്രവർത്തിക്കാനുമുള്ള ഈ നിർഭയത്തമാണ് നമ്മളെ നമ്മളാക്കുന്നത്.

16. നമുക്ക് മുന്നോട്ട് പോയേ പറ്റൂ. എങ്ങനെയാണ് ഈ വ്യവസ്ഥിതിയെ നവീകരിക്കുക?. സീറോ മലബാർ സിനഡ് എന്നത് മെത്രാന്മാരുടെ മാത്രം പരിപാടിയാണിന്ന്. മുഴുവൻ വിശ്വാസി സമൂഹത്തിൻ്റെ പ്രതിനിധികൾ പ്രത്യേകിച്ച് സ്ത്രീകൾ അവിടെ ഉണ്ടാകണം. ഇന്ത്യൻ ഭരണഘടനയുടെ കീഴിൽ സഭാഭരണത്തിനായി ഒരു നിയമനിർമ്മാണം നടത്തണം. അങ്ങനെ RTI യുടെ കീഴിൽ സഭയും സഭാധികാരികളും വരണം. 17.കേരളത്തെ തേനും പാലും ഒഴുകുന്ന നാടാക്കി മാറ്റാൻ സിനഡും സീറോ മലബാർ സഭാംഗങ്ങളും വിചാരിച്ചാൽ നടക്കുന്നതാണ്. സാമ്പത്തിക മൂലധനവും സാമൂഹിക മൂലധനവും രാഷ്ട്രീയ മൂലധനവും കൂടാതെ സംഘടനാ മൂലധനവും നമുക്ക് അമർത്തിക്കുലുക്കി നല്കപ്പെട്ടിട്ടുണ്ട്. ബ്രഹ്മാണ്ടമായ പള്ളികൾ പണിതും കെട്ടിടങ്ങളുണ്ടാക്കിയും നമ്മളതിനെ ധൂർത്തടിക്കുന്നു.

18. കഴിഞ്ഞ 50 വർഷങ്ങളായി പുട്ടപർത്തിയിൽ സത്യസായിബാബയുടെ പേരിൽ പണം വാങ്ങുന്ന കൗണ്ടറില്ലാതെ ഒരു ആശുപത്രി നടത്തുന്നുണ്ട്. ഇത്രയും സ്വത്തും പണവും ഭൂമിയും ജനങ്ങളുമുള്ള ഇന്ത്യൻ കത്തോലിക്കാ സഭയ്ക്ക് അത് ആലോചിക്കാൻ പോലും പറ്റിയിട്ടില്ല. നമ്മൾ ഒരു മാതൃക സൃഷ്ടിക്കണം. അടുത്ത പത്ത് വർഷത്തിനുള്ളിൽ നമ്മുടെ ലിസി ആശുപത്രിയെ പൂർണ്ണമായും സൗജന്യചികിത്സ നല്കുന്ന കേന്ദ്രമായി മാറ്റുന്നതിനെപ്പറ്റി എന്തുകൊണ്ട് നമുക്കാലോചിച്ചു കൂടാ? (ആസ്റ്റർ മെഡിസിറ്റി, റിനൈ മെഡിസിറ്റി, ലിസി മെഡിസിറ്റി, ലിസിയും കച്ചവട കേന്ദ്രമാവുകയാണോ? നൂറുകണക്കിന് കന്യാസ്ത്രീകളും ജനങ്ങളും രാപകലില്ലാതെ ഏറ്റവും തുച്ഛമായ വേതനത്തിന് പണിയെടുത്തിട്ടുള്ള ആശുപത്രിയാണ് ലിസി. അതിരൂപതയുടെ ധനം വിവിധ ഇടവകകളിൽ നിന്നും നേർച്ചക്കാശായും പിടിയരി പിടിച്ചും നമ്മുടെ ജനങ്ങൾ നമുക്ക് നല്കിയിട്ടുള്ളതാണ്. ഏറ്റവും ദരിദ്രൻ്റെ വിയർപ്പും വിശപ്പും കണ്ണീരും അതിലുണ്ട്. ഈ നിസ്സഹായൻ്റെ പേരിൽ പുറത്തുനിന്ന് വരുന്ന പണവും അതിലുണ്ട്. മറ്റ് സ്വകാര്യ ആശുപത്രികൾക്ക് ഈ ചരിത്രമില്ല. മറ്റാശുപത്രികൾക്ക് കച്ചവടകേന്ദ്രമായി മാറാം. ലിസി ആശുപത്രിക്ക് അതിനാവില്ല). ലിസി ആശുപത്രി വളരേണ്ടത് ആസ്റ്റർ മെഡിസിറ്റിയെ മോഡലാക്കിയല്ല. പുട്ടപർത്തി സത്യസായിബാബാ ആശുപത്രിയെയോ നമ്മുടെ മെഡിക്കൽ കോളജുകളിൽ ചികിത്സ തേടിയെത്തുന്ന ഏറ്റവും ഗതികെട്ട മനുഷ്യരെ മനസ്സിൽ വെച്ചുകൊണ്ടോ ആയിരിക്കണം. (ബി ജെ പിയുടെ ഒരു ഉന്നത നേതാവിനെ ലിസി ആശുപത്രിയുടെ പുതിയ ബ്ലോക്കിൻ്റെ ഉദ്ഘാടനത്തിനായി കൊണ്ടുവരുന്നുണ്ട് എന്ന് കേട്ടു. കേട്ടത് ശരിയാകാതിരിക്കട്ടെ. വെറുപ്പിൻ്റെ രാഷ്ട്രീയം സമൂഹം മുഴുവൻ വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്ന, ആദിവാസി- ദലിത് പീഡനവും ക്രിസ്ത്യാനികളെയും മുസ്ലിംങ്ങളെയും പരസ്പരം അകറ്റിക്കൊണ്ടുമിരിക്കുന്ന,അവരുടെ ജീവിതം ദുസ്സഹമാക്കുന്ന ഇവരെ എങ്ങനെയാണ് നമുക്ക് അംഗീകരിക്കാൻ കഴിയുക? നമ്മുടെ കണ്ണുകൾ തുറക്കാൻ സമീപകാല സംഭവങ്ങൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല? ഇല്ലായെങ്കിൽ സംവിധാനത്തെ സുതാര്യമാക്കാൻ , ജനാധിപത്യപരമാക്കാൻ, ജനാഭിമുഖമാക്കാൻ നമ്മൾ നടത്തിയ പോരാട്ടങ്ങൾക്ക് എവിടെയോ പിഴവ് സംഭവിച്ചിട്ടുണ്ട്!). സ്ഥാപനങ്ങളുടെ നേതാക്കളെ മുഴുവൻ കാര്യങ്ങൾ ഏല്പിച്ച് കൈയ്യും കെട്ടിയിരിക്കുന്നത് ശുഭോദർക്കമല്ല.വഴി തെറ്റുന്നുണ്ടെങ്കിൽ തിരുത്തണം.

19. ഞാൻ എന്തുകൊണ്ട് രാജിവെച്ചു എന്ന് വിശദമാക്കുന്ന കുറിപ്പിൽ ഇത്രയും കാര്യങ്ങൾ എഴുതിയത് യേശുവിൻ്റെ നാമത്തിലുള്ള ഈ പ്രസ്ഥാനം സമഗ്രമായ ഒരു പൊളിച്ചെഴുത്തിന്, പുതിയ തിരിച്ചറിവുകൾ ഉണ്ടായില്ലെങ്കിൽ ഈ പ്രസ്ഥാനം മുച്ചൂടും കുഴിച്ചുമൂടപ്പെടും എന്ന് സൂചിപ്പിക്കാനാണ്. യേശുവിൻ്റെ ആത്മാവിനാൽ നവീകരണത്തിന് വിധേയമാക്കപ്പെട്ടു കൊണ്ട് ഈ പ്രസ്ഥാനം ഇവിടെ ഉണ്ടാകണം. മതേതരമായ മനുഷ്യത്വപരമായ കാലികമായ വസ്തുതാപരവും യുക്തിപരവുമായ ഒരു ദർശനമാണ് യേശുവിൻ്റെത്. ശാസ്ത്രീയമായത് എന്ന് വേണമെങ്കിൽ പറയാം. കാലദേശങ്ങൾക്ക് അതീതമാണല്ലോ ശാസ്ത്രത്തിൻ്റെ യുക്തി. നിൻ്റെ സ്വർഗ്ഗരാജ്യ പ്രവേശനത്തിൻ്റെ താക്കോൽ പട്ടിണിക്കാരൻ്റെ, ദാഹിച്ചു വലയുന്നവൻ്റെ, നഗ്നത അനുഭവിക്കുന്നവൻ്റെ, കാരാഗൃഹവാസിയുടെ, രോഗിയുടെ, പക്കലാണെന്ന് അർത്ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചു (മത്തായി 25,31).
ഏത് കാലത്തും ഏത് ദേശത്തും മനുഷ്യവർഗ്ഗം നിലനില്ക്കുന്നിടത്തോളം കാലവും ഇത് പ്രസക്തമാണല്ലോ. (നേർച്ചകാഴ്ചകളും പ്രാർത്ഥനകളും പള്ളിയും പട്ടക്കാരനും മെത്രാനും അവിടെ ആരുടെയും സഹായത്തിനെത്താൻ പറ്റൂല്ല (ലൂക്ക16, 19-31).
മലയിലെ പ്രസംഗത്തിലൂടെ ഒരുവൻ്റെ ആത്മീയതയെയും യേശു സൂക്ഷ്മമായി നിർവചിച്ചു.(ആത്മാവിൽ ദരിദ്രർ,വിലപിക്കുന്നവർ, ശാന്തശീലർ, നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ- മത്താ.5).

20. അവസാനമായി:

  • രാജിവെയ്ക്കാനുള്ള തീരുമാനം എന്റേതു മാത്രമാണ്. എൻ്റെ മനഃസാക്ഷിയോടല്ലാതെ വേറൊരാളുമായും ഈ വിഷയം ഞാൻ ചർച്ച ചെയ്തിട്ടില്ല. അതുകൊണ്ടു ഈ തീരുമാനത്തിൻ്റെ മുഴുവൻ വിലയും ഞാൻ കൊടുത്തു കൊള്ളാം.

  • എന്താണ് എൻ്റെ സാമ്പത്തിക ആസ്തി:

വൈദികനായിട്ട് 27 വർഷവും 8 മാസവും പൂർത്തിയാക്കി. സ്വന്തമായി ബാങ്ക് അക്കൗണ്ടില്ലാത്തതിനാൽ എൻ്റെ പേഴ്സിൽ എത്രയാണോ പണമുള്ളത് അതാണ് നീക്കിയിരിപ്പ്. ഇന്ന് (14/09/2025) പേഴ്സ് പരിശോധിച്ചപ്പോൾ ബാക്കിയുള്ളത് 350 രൂപയാണ്. ഇനി കൈക്കാരൻ ജോൺസൺ ചേട്ടൻ പറയുന്ന തുക എൻ്റെ നീക്കിയിരിപ്പ്. കടം ആകാനാണ് സാദ്ധ്യത കാരണം എൻ്റെ ഒരു സുഹൃത്തിനെ സഹായിക്കാൻ നേരത്തേ 10,000 രൂപ വാങ്ങിയിരുന്നു. മറ്റൊരാളെ സഹായിക്കാൻ എൻ്റെ മറ്റൊരു സുഹൃത്തിൻ്റെ പക്കൽ നിന്ന് 20,000 രൂപയും എല്ലാ മാസവും 1,000 രൂപ വെച്ച് കൊടുക്കാമെന്ന് വിചാരിച്ച് പുതിയ മൊബൈൽ വാങ്ങാൻ ഫാ. തോമസ് പെരുമായൻ്റെ പക്കൽ നിന്ന് 12,000 രൂപയും. അങ്ങനെ ആകെ കടം,42,000.(വൈദീകരും മെത്രാന്മാരും തങ്ങളുടെ ആസ്തി പരസ്യമാക്കേണ്ടതല്ലേ?)

  • പണമില്ലാതെ അല്ലെങ്കിൽ ഏറ്റവും കുറഞ്ഞ പണംകൊണ്ട് എങ്ങനെ ജീവിക്കാം എന്നാണ് ഞാൻ പരീക്ഷിക്കാൻ ഉദ്ദേശിക്കുന്നത്.

  • എവിടെ താമസിക്കും എങ്ങനെ ഭക്ഷണം കഴിക്കും എന്നൊന്നും ഞാൻ ആലോചിച്ചിട്ടില്ല. ആകാശത്തിലെ പറവകളെ നോക്കാൻ പറഞ്ഞ യേശുവിൻ്റെ വാക്കുകൾത്തന്നെ തുണയും ശക്തിയും പ്രതീക്ഷയും

  • കടമക്കുടിയിലെ ജനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് എൻ്റെ തീരുമാനം എന്തെങ്കിലും വിഷമം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ സദയം ക്ഷമിക്കണേ.

  • ഇത്രയും കാലം ഒരു പാട് പേരുടെ ചിലവിലാണ് ഞാൻ കഴിഞ്ഞത്. നന്ദി പറഞ്ഞ് അവസാനിപ്പിക്കാൻ പറ്റില്ല.

  • ഇനിയും ഒരുപാട് ദൂരം താണ്ടേണ്ടതുണ്ട്. ഏകദേശം അഞ്ച് വർഷങ്ങൾക്ക് മുൻപ് 24 മണിക്കൂറും സാമൂഹ്യ ഇടപെടലുകളിലായിരുന്നു. അതിലേക്ക് തന്നെ ഞാൻ മടങ്ങുന്നു. ചെങ്ങറ സമരം മുതൽ വാളയാർ സമരം വരെ. എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികർ ഒപ്പമുണ്ട്. നമുക്ക് ഒരുമിച്ച് നടക്കാം.

  • അഗസ്റ്റിൻ വട്ടോളി, വിശുദ്ധ അഗസ്തീനോസിൻ്റെ പള്ളി, കടമക്കുടി (14/09/2025 കാലത്ത് 10 മണി വരെ).

Comments