'എനിക്ക് ലഭിക്കാനുള്ള വേദനകളെല്ലാം ലഭിച്ചുകഴിഞ്ഞു, പ്രതികൾക്ക്​ എന്തു ശിക്ഷ ലഭിച്ചാലും അതെന്നെ ബാധിക്കില്ല'

ചോദ്യപേപ്പിൽ മതനിന്ദയുണ്ടെന്നാ​രോപിച്ച്​, പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസില്‍ രണ്ടാം ഘട്ട വിചാരണ പൂര്‍ത്തിയാക്കിയ കോടതി, മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. വിധി വന്നശേഷം ടി.ജെ. ജോസഫ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചതില്‍നിന്ന്:

Think

ന്നെ ആക്രമിച്ച കേസില്‍ രണ്ടാം ഘട്ട വിചാരണ പൂര്‍ത്തിയായി കോടതി ശിക്ഷ വിധിച്ചു. ഈ കേസില്‍ എനിക്കുണ്ടായിരുന്ന ഒരു ഉത്തരവാദിത്തം സാക്ഷി പറയുക എന്നതായിരുന്നു. ഫലം കാംക്ഷിക്കാതെ നമ്മള്‍ ഒരു ജോലി ചെയ്യുന്നു എന്ന അര്‍ഥത്തില്‍ പറഞ്ഞാല്‍, ഈ കേസില്‍, ഒരു പൗരന്‍ എന്ന നിലയില്‍ സാക്ഷിമൊഴി പറയുക എന്ന കാര്യം ചെയ്തുതീര്‍ത്തിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ, പ്രതികള്‍ക്ക് ഏത് ശിക്ഷ കിട്ടിയാലും അതെന്നെ ബാധിക്കുന്ന കാര്യമല്ല.

ഇത്തരമൊരു കുറ്റകൃത്യത്തിന് യോജിച്ച ശിക്ഷയാണോ പ്രതികള്‍ക്ക് ലഭിച്ചത് എന്നതിലേക്ക് എന്റെ മനസ്സിനെ വ്യാപരിപ്പിക്കുന്നില്ല. അത് എന്നെ സംബന്ധിച്ച് ബാധകമായ കാര്യവുമല്ല. ഇക്കാര്യം നിയമപണ്ഡിതര്‍ ചര്‍ച്ച ചെയ്യട്ടെ. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളതുപോലെ ഒരു കൗതുകം ശമിച്ചു എന്നതല്ലാതെ, ഈ വിധിയില്‍ എനിക്ക് പ്രത്യേകിച്ച് ഒരു വികാരഭേദവുമില്ല. കോടതി കേസുമായി ബന്ധപ്പെട്ട നടപടിക്രമം പൂര്‍ത്തിയാക്കി, അതിന്റെ വിധി നിങ്ങളെപ്പോലെ ഞാനും അറിയുന്നു, അത്രമാത്രം.

തീവ്രവാദം എന്ന നിലക്കാണ് കോടതി ഈ കേസ് കൈകാര്യം ചെയ്തത്. അതുെകാണ്ട് പ്രതികള്‍ക്കുള്ള ശിക്ഷ, രാജ്യത്തെ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് ഒരു ശമനമുണ്ടാക്കുമോ ഇല്ലയോ തുടങ്ങിയ കാര്യങ്ങള്‍ സാമൂഹിക- രാഷ്ട്രീയ നിരീക്ഷകര്‍ വിശകലനം ചെയ്യട്ടെ.

ഈ കേസിലെ മുഖ്യ പ്രതിയെ ഇപ്പോഴും കണ്ടെത്താനാകാത്തത് ഒരുപക്ഷെ, അന്വേഷണ വിഭാഗത്തിന്റെ പരാജയമാകാം, അല്ലെങ്കില്‍, പ്രതി അതിസമര്‍ഥനായതുകൊണ്ടാകാം. പ്രതിയെ സംരക്ഷിക്കുന്നവര്‍ സാമര്‍ഥ്യമുള്ളവരായിരിക്കാം, നിയമത്തിന്റെ പഴുതടക്കാനും പൊലിസിന്റെ കണ്ണു കെട്ടാനും ത്രാണിയുള്ളവരായിരിക്കാം. എന്തുകൊണ്ടാണ് എന്നറിയില്ല.
ഈ പ്രതിക്കെതിരെ നിയമനടപടിയുമായി പോകാനുദ്ദേശിക്കുന്നില്ല. കാരണം, ഞാനിവിടുത്തെ സാധാരണ പൗരനാണ്. ചില ആളുകളുടെ പ്രാകൃതമായ വിശ്വാസസംഹിതകളുടെ പേരില്‍ ഞാനും ആക്രമിക്കപ്പെട്ടുവെന്നേയുള്ളൂ. അത് കഴിഞ്ഞു. എനിക്ക് ലഭിക്കാനുള്ള ദുരിതങ്ങളും വേദനകളും ലഭിച്ചുകഴിഞ്ഞു. അതിന്റെ പേരില്‍ ആരെയെങ്കിലും ശിക്ഷിക്കുകയോ ആരെയെങ്കിലും കഷ്ടപ്പെടുത്തുകയോ ചെയ്യുന്നതില്‍ എനിക്ക് യാതൊരു താല്‍പര്യവുമില്ല.

എല്ലാ മനുഷ്യര്‍ക്കും നല്ലതായിട്ടും സുഖമായിട്ടും ജീവിക്കാനുള്ള ഭൂമിയാണിത്. അങ്ങനെയുള്ള ഭൂമിയില്‍ ഇങ്ങനെയുള്ള പ്രാചീനമായ വിശ്വാസ സംഹിതകള്‍ ആധുനിക യുഗത്തിലും പ്രാവര്‍ത്തികമാക്കിക്കൊണ്ട് നടക്കുന്നതിന്റെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നമ്മള്‍ എല്ലാവരും അനുഭവിക്കുന്നുവെന്നേയുള്ളൂ. അതില്‍ ഞാനും പെട്ടുപോയി എന്നേയുള്ളൂ. ഇതുപോലുള്ള അന്ധവിശ്വാസങ്ങളൊക്കെ മാറി ആധുനികമായ ഒരു ലോകമുണ്ടാകാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഞാന്‍ എന്നും പറയുന്നതുപോലെ, ശാസ്ത്രാവബോധമുള്‍ക്കൊണ്ട് മാനവികതയില്‍ പുലരുന്ന വിശ്വപൗരരായി മനുഷ്യരെല്ലാം മാറുന്ന സമത്വസുന്ദരമായ, ജാതീയ വിഭാഗീയതകളില്ലാത്ത, എല്ലാ മനുഷ്യരും ഒന്നാകുന്ന ലോകമാണ് എന്റെ സ്വപ്നം. അതിനുവേണ്ടിയാണ് എന്റെ ആഗ്രഹങ്ങള്‍. അല്ലാതെ പര്‌സപരം വിദ്വേഷിക്കാനോ കൊല വിളിക്കാനോ പ്രതികാര നടപടികളിലൂടെ മനസ്സിനെ രസിപ്പിക്കാനോ ഉള്ള മനോഭാവത്തില്‍നിന്നൊക്കെ ഞാനിപ്പോള്‍ മാറി ചിന്തിച്ചുതുടങ്ങി. എല്ലാ മനുഷ്യരുടെയും ദുഃഖങ്ങള്‍ എനിക്കും, എന്റേറതായ ദുഃഖമായി അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്, അതുപോലെ മനുഷ്യരുടെ സന്തോഷങ്ങളെല്ലാം എന്റെയും സന്തോഷമായി കാണന്‍ കഴിയുന്ന ഭാവന പത്തറുപത്താറ് വയസാകുമ്പോഴേക്കും എനിക്കുണ്ടായി. അതിന്റെ പേരിലാണ് ഞാന്‍ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ കോടതിവിധിയില്‍ എനിക്ക് പ്രത്യേകിച്ച് ഒരു തോന്നലുകളുമില്ല.

Comments