വിചിത്രമായ ഒരു പ്രതിഭാസമാണ് ഇന്ത്യയിലെ ഇടതുപക്ഷം.
പ്രഖ്യാപിത വലതുപക്ഷമായ ബി.ജെ.പി കേന്ദ്രത്തിൽ വീണ്ടും അധികാരത്തിലെത്തിയതോടെ എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഇടതുപക്ഷമായി കണക്കാക്കാമെന്നല്ലാതെ വീക്ഷണങ്ങളുടെയോ പ്രവർത്തനങ്ങളുടെയോ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അങ്ങനെ സാധ്യമല്ല.
അതിനൊരു കാരണം, ആ പാർട്ടികൾ മിക്കതും ഏതെങ്കിലും സംസ്ഥാനത്ത് അധികാരത്തിൽ വരുന്നവരാണ് എന്നതുതന്നെ. എവിടെയെങ്കിലും ഭരണപക്ഷമാകാത്ത ഇടതുപക്ഷമില്ല. ഭരണപക്ഷത്തായിരിക്കുമ്പോൾ എത്ര പിന്തിരിപ്പൻ നയങ്ങളും നടപ്പിലാക്കാൻ മടിയില്ലാത്തവരാണവർ. സുദൃഢമായ ഇടതുപക്ഷ നിലപാട് ആർക്കുമില്ല. അതുതന്നെയാണ് ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ പ്രതിസന്ധി.
ഒരു ഉദാഹരണം പറഞ്ഞാൽ, പാർലമെന്റിൽ സ്ത്രീകൾക്ക് സംവരണം നടപ്പിലാകാതിരിക്കുന്നതിൽ എല്ലാവരും ഒരു ചേരിയിൽ തന്നെയാണ്. ഏറെ കാത്തിരുന്ന ബിൽ പാസായെങ്കിലും ഇതുവരെ നടപടിക്രമമായിട്ടില്ല. കേരളം ഇടതുപക്ഷത്തിന്റെ കോട്ടയായാണ് കരുതപ്പെടുന്നതെങ്കിലും ആദിവാസി ഭൂനിയമം അട്ടിമറിക്കുന്നതിലും യു.എ.പി.എ നടപ്പാക്കുന്നതിലും മുൻപന്തിയിൽ തന്നെയാണ്. വലതുപക്ഷമായ കേന്ദ്രഭരണത്തിന്റെ വികസന നയങ്ങൾ അതേപടി നടപ്പിലാക്കിക്കൊടുക്കുന്നതും ഇതേ ഇടതുപക്ഷമാണ്.
കാലപ്പഴക്കത്തിൽ ഇടതുപക്ഷം അതല്ലാതായി മാറിയെന്നതാണ് അതിന്റെ പ്രധാന പ്രതിസന്ധി. ദൈനംദിന വ്യവഹാരങ്ങളിലും പ്രവർത്തനങ്ങളിലും സുദൃഢമായി ജനപക്ഷത്ത് നിലയുറപ്പിക്കേണ്ടതിനുപകരം അധികാരികളാകുന്നതിന്റെ സുഖങ്ങളിലേക്ക് അവർ പിൻവാങ്ങുകയും കോർപറേറ്റുകളുടെ കൊള്ളക്കെതിരെ ഒരക്ഷരം ഉരിയാടാതിരിക്കുകയും നൂറ്റാണ്ടുകളായി പീഡിതരായി തുടരുന്ന ആദിവാസി- ദലിത് വിഭാഗങ്ങളുമായി താദാത്മ്യം പ്രാപിക്കാതിരിക്കുകയും ചെയ്തു. അതോടെ വലത്, ഇടത് അതിർവരമ്പുകൾ മാഞ്ഞുപോയി.
ഇടതുപക്ഷം അധികാര ലഹരിക്ക് അടിമപ്പെട്ടിരിക്കുന്നു. അവരുടെ ഭാഷയും വേഷവും ഇരിപ്പും നടപ്പും അതിനനുസരിച്ചാണ്.
ഇതിൽ പ്രതിസ്ഥാനത്ത്, ഇടതുപക്ഷത്തിന് നേതൃത്വം നൽകി അതിനെ നയിക്കേണ്ടിയിരുന്ന കമ്യൂണിസ്റ്റ് പാർട്ടികളാണ്. അധികാരത്തിന്റെ ചൂണ്ടയിൽ അവർ പണ്ടേ കുരുങ്ങിപ്പോയി. പഞ്ചായത്തംഗവും എം.എൽ.എയും എം.പിയും മന്ത്രിയും ബാങ്ക് ഭരണക്കാരും നൂറുകണക്കിനായുള്ള കോർപറേഷനുകളുടെയും കമീഷനുകളുടെയും ബോർഡുകളുടെയും ചുമതലക്കാരും മറ്റുമായി ജീവിതം ശോഭനമാക്കാൻ കഴിയുമ്പോൾ എന്തിന് ജനപക്ഷത്ത് നിൽക്കണം, പോരാടണം? എന്തിന് സ്റ്റാൻ സ്വാമിയോ ദയാ ബായിയോ ആകണം?
അപ്പോൾ കാഴ്ചപ്പാടുകൾ, വീക്ഷണങ്ങൾ, പഠനങ്ങൾ ഒന്നും പുതുക്കേണ്ടതില്ല. ഉത്തരവാദിത്തങ്ങളില്ല. വലതുപക്ഷത്തിന്റെ അടവുകൾ തന്നെ ഇടതുപക്ഷവും പയറ്റാനാരംഭിച്ചതോടെ ഈ അധഃപ്പതനം തുടങ്ങി.
മദ്യവും മയക്കുമരുന്നും പോലെ അധികാരവും ലഹരിയാണ്. ഇടതുപക്ഷം അധികാര ലഹരിക്ക് അടിമപ്പെട്ടിരിക്കുന്നു. അവരുടെ ഭാഷയും വേഷവും ഇരിപ്പും നടപ്പും അതിനനുസരിച്ചാണ്. ഈ അഡിക്ഷൻ മാറ്റുന്ന ഡീ അഡിക്ഷൻ കേന്ദ്രങ്ങളുണ്ടെങ്കിൽ അവിടെ ദീർഘകാലത്തെ ചികിത്സ വേണ്ടിവരും.