വധം വിധിച്ചില്ല നീതിപൂർവ്വം കോടതി

പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെന്ന യുവതിയെ കൊന്ന കേസിൽ ഭർത്താവ് കൊല്ലം അടൂർ സ്വദേശി സൂരജിന് പതിനേഴ് വർഷം തടവും ഇരട്ട ജീവപര്യന്തവും വിധിച്ചു. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം. മനോജാണ് ശിക്ഷ വിധിച്ചത്. വിധി സ്വാഗതാർഹമായിരുന്നു. എന്നാൽ പ്രതിയ്ക്ക് വധശിക്ഷ നൽകണം എന്ന ആവശ്യം വീട്ടുകാരുടെ ഭാഗത്തു നിന്നും രാഷ്ട്രീയക്കാരിൽ നിന്നും ഫെമിനിസ്റ്റുകളിൽ നിന്നും ഉയർന്നു വന്നിരുന്നു. ഈ പശ്ചാത്തലത്തിൽ വധശിക്ഷ പിന്തിരിപ്പനും അപരിഷ്കൃതവുമായ ആശയമാണെന്ന് നിലപാടെടുക്കുകയാണ് ട്രൂകോപ്പി.

ധശിക്ഷ സ്റ്റേറ്റിന്റെ പ്രതികാരമാണ്. സ്റ്റേറ്റ് നടത്തുന്ന കൊലയാണ്. സ്റ്റേറ്റ് പ്രതികാരം ചെയ്യാനുള്ള സംവിധാനമല്ല. സ്റ്റേറ്റ് നടത്തുന്നത് യുദ്ധക്കളമല്ല. യുദ്ധം മാത്രമല്ല കൊലയും കാലഹരണപ്പെട്ട ആശയമാണ്.

അത് പറഞ്ഞാൽ വൈകാരികതയാൽ നയിക്കപ്പെടുന്ന പൊതുബോധത്തിന്, ഭൂരിപക്ഷത്തിന് മനസ്സിലാവില്ല. പക്ഷേ പറഞ്ഞു കൊണ്ടേയിരുന്നേ പറ്റൂ. സ്വന്തം കുടുംബത്തിൽ അത് നടക്കുമ്പോഴേ നിങ്ങൾക്കത് മനസ്സിലാവൂ എന്ന് വധശിക്ഷയ്ക്ക് എതിരേ നിൽക്കുന്നവരോട് ഭൂരിപക്ഷം ആക്രോശിക്കും. പക്ഷേ അപ്പോഴും അങ്ങനെയല്ല അതിനെ കാണേണ്ടത് എന്ന് ഉന്നതമായ നീതി സങ്കൽപത്തെ മുൻനിർത്തി പറഞ്ഞുകൊണ്ടിരുന്നേ പറ്റൂ.

പ്രതികാരത്തെ ശിക്ഷ എന്ന് പറയുന്നിടത്താണ് പൊതുബോധവും ചിലപ്പോഴെങ്കിലും നീതിന്യായ വ്യവസ്ഥയും നീതിയുടെ സങ്കല്പത്തെ അട്ടിമറിയ്ക്കുന്നത്. കൊലയെ, വധത്തെ, ശിക്ഷ എന്ന് വിശേഷിപ്പിക്കുന്നിടത്താണ് നീതിയുടെ ആധുനിക സങ്കല്പങ്ങൾ പ്രാകൃത കാലത്തേയ്ക്ക് തിരിഞ്ഞൊഴുകുന്നത്.

കൊല്ലരുത് എന്നാൽ, കൊല്ലുന്നത് നീതിയല്ല എന്നാണർത്ഥം. വ്യക്തി ചെയ്യുമ്പോഴും ആൾക്കൂട്ടം ചെയ്യുമ്പോഴും സ്റ്റേറ്റ് നീതിന്യായ വ്യവസ്ഥയുടെ വെണ്ണ പുരട്ടിയ തൂക്കുകയർ ഉപയോഗിച്ച് ചെയ്യുമ്പോഴും കൊല്ലലിന് മറ്റൊരു അർത്ഥവുമില്ല, കൊല്ലുക എന്നല്ലാതെ. കൊല്ലലിലേക്ക് നയിക്കുന്ന ഒരു കാരണവും ഏത് തരം കൊലപാതകത്തെയും ന്യായീകരിക്കാൻ പര്യാപ്തമല്ല.

കൊലയെ ശിക്ഷയെന്ന് തെറ്റുദ്ധരിക്കുന്നവരിൽ രാഷ്ട്രീയ നേതാക്കളും മുൻ ജഡ്ജിമാരും ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ മുൻനിരക്കാരും ഉണ്ട് എന്നത് ഭയപ്പെടുത്തുന്ന വസ്തുതയാണ്. സ്ത്രീപക്ഷ രാഷ്ട്രീയം എന്നാൽ വധശിക്ഷയെ അനുകൂലിക്കുന്ന വൈകാരികതയുടെ രാഷ്ട്രീയമായി മാറുന്നതോടെ ഇല്ലാതാവുന്നത് സ്ത്രീ രാഷ്ട്രീയത്തിന്റെ അന്തസത്തയാണ്. വൈകാരികത, മൂല്യബോധത്തിന്റെ മറുപേരല്ല. വൈകാരികത, നീതിബോധത്തിന്റെയോ ധാർമികതയുടേയോ പര്യായ പദവുമല്ല. മറിച്ച് മിയ്ക്കപ്പോഴും നീതിയെത്തന്നെ ഇല്ലാതാക്കിക്കളയുന്ന കലമ്പലാണ്.

കൊല്ലപ്പെട്ട നിസ്സഹായരായ എണ്ണമറ്റ മനുഷ്യരുടെ ഉദാഹരണങ്ങൾ നമുക്ക് മുന്നിൽ നിൽക്കുന്നുണ്ടാവും. അവരെയൊക്കെ കൊന്നുകളഞ്ഞ കൊടും ക്രൂരത വ്യക്തിയായും കൂട്ടമായും സ്റ്റേറ്റായും പ്രതിസ്ഥാനത്തുണ്ടാവും. കൊല ചെയ്തവരെയെല്ലാം കൊന്നുകളയുകയാണ് വേണ്ടത് എന്ന ലളിത സമവാക്യം ആധുനിക യുക്തിക്ക് ചേരുന്നതല്ല. ഉത്രയെ കൊന്നത്, സൗമ്യയെ കൊന്നത്, ജിഷയെ കൊന്നത്, വിസ്മയയെ കൊന്നത്. കുറ്റം ചെയ്തത് വ്യക്തികളാണ്. പക്ഷേ കുറ്റം സമൂഹത്തിന്റേതാണ് എന്ന് ഉൾക്കൊള്ളലാണ് പുരോഗമന സമൂഹത്തിന്റെതെളിവ്.

കുടുംബത്തിന്റെ ആവശ്യം കൊല ചെയ്തവനെ / ചെയ്തവളെ കൊല്ലണം എന്നതായിരിക്കും. അത് വേദനയിൽ നിന്നും നിസ്സഹായതയിൽ നിന്നും സ്നേഹത്തിൽ നിന്നും സങ്കടത്തിൽ നിന്നും രൂപം കൊള്ളുന്ന ആവശ്യമാണ്. അത് സ്റ്റേറ്റിന്റേയോ കോടതിയുടേയോ ആവശ്യമായി മാറുന്ന സാഹചര്യം അങ്ങേയറ്റം അപകടകരമാണ്. പൊതുബോധത്തിന്റെ യുക്തികളാൽ നയിക്കപ്പെട്ട് വധശിക്ഷ വിധിക്കുന്ന കോടതികൾ, വധശിക്ഷ നടപ്പാക്കുന്ന സ്റ്റേറ്റ് മെഷിനറി, സമൂഹ മനസ്സിൽ കൊല നീതിയാണ് എന്ന പ്രാകൃതവും തെറ്റായതുമായ ബോധത്തെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. സ്റ്റേറ്റ് കൊല ചെയ്യുമ്പോൾ നീതിയും വ്യക്തി കൊല ചെയ്യുമ്പോൾ അനീതിയും ആവുന്ന വൈരുദ്ധ്യത്തെ സമൂഹ മനസ്സ് ഉൾക്കൊള്ളില്ല. മറിച്ച് സ്റ്റേറ്റ് ചെയ്യുന്ന കൊല വ്യക്തി ചെയ്യുന്നതിൽ എന്താണ് തെറ്റ് എന്ന പരുവപ്പെടലിലേക്കാണ് എത്തുക.

സാമൂഹിക ദൗർബല്യങ്ങളുടെ, സാമൂഹിക മനസ്സിന്റെ ആരോഗ്യമില്ലായ്മയുടെ, സാമൂഹിക അസമത്വങ്ങളുടെ, പ്രതിഫലനമാണ് ഭൂരിപക്ഷം കുറ്റകൃത്യങ്ങളും. ആധുനിക സമൂഹത്തിൽ, തുല്യതയുടേയം ജനാധിപത്യത്തിന്റെയും ഉൾക്കൊള്ളലിന്റെയും ബഹുസ്വരതയുടേയും തുല്യ വിതരണത്തിന്റെയും നീതി നടപ്പാക്കുന്നതിൽ സമൂഹം, സ്റ്റേറ്റ് പരാജയപ്പെടുന്നിടത്താണ് കുറ്റകൃത്യങ്ങൾ ഉണ്ടാവുന്നത്. കൊലയുടെ മനുഷ്യ ചരിത്രത്തിൽ വ്യക്തികളേക്കാൾ ഭരണകൂടങ്ങൾ ഉണ്ടായിരുന്നു. അധികാരമുണ്ടായിരുന്നു. സമത്വത്തെക്കുറിച്ച് ചിന്തിക്കാൻ കൂടി സാധിക്കാത്ത മനുഷ്യബന്ധങ്ങളുടെ വികല ബോധ്യങ്ങളുണ്ടായിരുന്നു. ആ ചരിത്രത്തിന്റെ പരിഷ്കരണ പാതയിൽ നിന്നു കൊണ്ടാണ് പ്രതികാരത്തിന് കൊല തന്നെ വേണമെന്ന ആൾക്കൂട്ട ആവശ്യം ഉയരുന്നത്. സ്വത്ത് തട്ടിയെടുക്കാൻ ഭാര്യയെ വിഷപാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന സൂരജിനെ ശിക്ഷയിലൂടെ മാനസിക തിരുത്തൽ നടത്തുക എന്നതിനൊപ്പം തന്നെ സമൂഹ മനസ്സിലും തിരുത്തൽ ആവശ്യമാണ്. ആ തിരുത്തൽ കൊല്ലലല്ല. സൗമ്യയെ കൊന്ന ഗോവിന്ദച്ചാമിയെ കൊല്ലുക എന്നത് അതേ നാണയത്തിലുള്ള പ്രതികാരം മാത്രമേ ആവൂ. തിരുത്തലാവുകയില്ല.

വധശിക്ഷ നടപ്പാക്കിയാൽ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുമെന്ന വാദം വസ്തുതയല്ല. കണക്കുകൾ അങ്ങനെയല്ല തെളിവു നൽകുന്നത്. നീതിബോധത്തെ ആധുനികവും പരിഷ്കൃവുമായ മൂല്യബോധത്തിനനുസരിച്ച് നിർവ്വചിക്കുന്ന രാജ്യങ്ങൾ, ശാരീരിക ശിക്ഷകളേയും വധത്തേയും ഉപേക്ഷിച്ചിട്ട് കാലമേറെയായി. ഇന്ത്യയിൽ, വധശിക്ഷ പൂർണമായും നിർത്തലാക്കാനുള്ള ആലോചനകൾ എത്രയും വേഗം തുടങ്ങേണ്ടിയിരിക്കുന്നു എന്ന നാഷണൽ ലോ കമ്മീഷന്റെ ശുപാർശ നിലനിൽക്കുന്നുണ്ട്.

നമ്മളും വൈകാരികതയാൽ നയിക്കപ്പെടുന്ന ആൾക്കൂട്ട പ്രതിനിധികളല്ല ആവേണ്ടത്. നഷ്ടങ്ങളുടെ സങ്കടങ്ങൾ പേറുന്നവർക്ക് പിന്തുണ നൽകുന്നതിനൊപ്പം കൊല ചെയ്തവർക്ക് മാനസാന്തരത്തിനും കുറ്റങ്ങളേക്കുറിച്ചുള്ള ബോധത്തിലേക്കും വഴിയൊരുക്കുകയാണ്. അത് ഞാൻ കൊല്ലപ്പെട്ടാലും എന്റെ വീട്ടിലുള്ളവർ കൊല്ലപ്പെട്ടാലും അങ്ങനെത്തന്നെയാണ്.


Summary: പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെന്ന യുവതിയെ കൊന്ന കേസിൽ ഭർത്താവ് കൊല്ലം അടൂർ സ്വദേശി സൂരജിന് പതിനേഴ് വർഷം തടവും ഇരട്ട ജീവപര്യന്തവും വിധിച്ചു. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം. മനോജാണ് ശിക്ഷ വിധിച്ചത്. വിധി സ്വാഗതാർഹമായിരുന്നു. എന്നാൽ പ്രതിയ്ക്ക് വധശിക്ഷ നൽകണം എന്ന ആവശ്യം വീട്ടുകാരുടെ ഭാഗത്തു നിന്നും രാഷ്ട്രീയക്കാരിൽ നിന്നും ഫെമിനിസ്റ്റുകളിൽ നിന്നും ഉയർന്നു വന്നിരുന്നു. ഈ പശ്ചാത്തലത്തിൽ വധശിക്ഷ പിന്തിരിപ്പനും അപരിഷ്കൃതവുമായ ആശയമാണെന്ന് നിലപാടെടുക്കുകയാണ് ട്രൂകോപ്പി.


മനില സി.മോഹൻ ⠀

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments