കഴുത്തിൽ കുരുക്കുമായി ഇനിയും കർഷകർ പുൽപ്പള്ളിയിലുണ്ട്‌

ഭൂരിപക്ഷം മനുഷ്യരും കൃഷി ഉപജീവിച്ച് കഴിയുന്ന ഒരു നാട്ടിൽ, കർഷകർക്ക് താങ്ങാകേണ്ട സഹകരണ ബാങ്കാണ്‌ കർഷകന്റെ ജീവനെടുത്തത്. എന്നാൽ, ഒരു രാജേന്ദ്രൻ നായരിൽ ഈ തട്ടിപ്പിനിരകളായവർ അവസാനിക്കില്ല. ജീവിതം വഴിമുട്ടി കഴുത്തിൽ കുരുക്കിടാനൊരുങ്ങുന്ന കർഷകർ ഇനിയും പുൽപ്പള്ളിയിലുണ്ട്. സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ 37-ഓളം വായ്‌പകളിലാണ്‌ ക്രമക്കേട് കണ്ടെത്തിയത്‌.

ബാല്യത്തിലെ ഓർമ്മകളിൽ എന്നും മുഴങ്ങുന്ന ചില നിലവിളികളുണ്ട്. കഴുത്തോളം കടത്തിൽ മുങ്ങി ഒരു മുഴം കയറിലോ ഒരു തുടം വിഷത്തിലോ കർഷകരുടെ ജീവനൊടുങ്ങുമ്പോൾ, ജീവിതത്തിൽ ഇരുൾവീണ്‌ പകച്ചുപോയ ഉറ്റവരുടെ നിലവിളികൾ.

കർഷകരുടെ കണ്ണീരാൽ ഒരു കാലത്ത് അടയാളപ്പെട്ട വയനാട്​, വീണ്ടും കർഷക കണ്ണീരാൽ ദുഃഖം കരകവിയുന്ന ദേശമായിരിക്കുന്നു. കൃഷി നശിച്ച്‌ കടം താങ്ങാനാകാതെ മരണത്തിൽ അഭയംതേടുന്ന നിർധനരായ കുടിയേറ്റക്കാരുടെ നാട്‌ എന്നതാവുന്നു മേൽവിലാസം. ഈ പട്ടികയിലെ അവസാന പേരുകാരനാണ് (മറിച്ചാകാതിരിക്കട്ടെ) കേളക്കവല ചെമ്പകമൂല കിഴക്കേ ഇടയിലാത്ത് രാജേന്ദ്രൻ നായർ. എന്നാൽ, രാജേന്ദ്രൻ നായരുടെ മരണം കേവലം കർഷക ആത്മഹത്യയല്ല, അത് കട‘ക്കെണി’യാണ്; അതിലുപരി ചതിയിൽപ്പെടുത്തിയുള്ള കൊലപാതകമാണ്‌.

പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നടന്ന വായ്‌പാ തട്ടിപ്പാണ് രാജേന്ദ്രൻ നായരുടെ ജീവനെടുത്തത്​. 2016-ൽ 70 സെൻറ്​ ഈടു നൽകി 70,000 രൂപ വായ്പയെടുത്ത രാജേന്ദ്രൻ നായർ പിന്നീട് ‘കടങ്ങളുടെ ലക്ഷപ്രഭു’വായി. ബാങ്ക് ഭരണസമിതി അംഗങ്ങളും ചില ജീവനക്കാരും ചേർന്ന് രേഖയിൽ കൃത്രിമം കാണിച്ചാണ്‌ രാജേന്ദ്രന്റെ പേരിൽ 24,30,000 രൂപ വായ്പയായി തട്ടിയെടുത്തത്‌. നിലവിൽ പലിശയടക്കം 46 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ട് ഈ പാവപ്പെട്ട കർഷകന്‌. വായ്‌പ തീർത്ത് തരണമെന്നാവശ്യപ്പെട്ട് രാജേന്ദ്രൻ നായർ നിരവധി തവണ ബാങ്കിന് പരാതി നൽകി. സമരത്തിനുമിറങ്ങി. പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. എല്ലാ പ്രതീക്ഷയും അസതമിച്ചപ്പോൾ ഒരു തുള്ളി വിഷത്തിനൊപ്പം രാജേന്ദ്രൻ നായർ മരണത്തിന്റെ കുന്നു കയറിപ്പോയി.

ഭൂരിപക്ഷം മനുഷ്യരും കൃഷി ഉപജീവിച്ച് കഴിയുന്ന ഒരു നാട്ടിൽ, കർഷകർക്ക് താങ്ങാകേണ്ട സഹകരണ ബാങ്കാണ്‌ കർഷകന്റെ ജീവനെടുത്തത്. എന്നാൽ, ഒരു രാജേന്ദ്രൻ നായരിൽ ഈ തട്ടിപ്പിനിരകളായവർ അവസാനിക്കില്ല. ജീവിതം വഴിമുട്ടി കഴുത്തിൽ കുരുക്കിടാനൊരുങ്ങുന്ന കർഷകർ ഇനിയും പുൽപ്പള്ളിയിലുണ്ട്. സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ 37-ഓളം വായ്‌പകളിലാണ്‌ ക്രമക്കേട് കണ്ടെത്തിയത്‌.

2016-ലാണ്​ പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക്​ പ്രസിഡൻറായി കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയായ കെ. കെ. അബ്രഹാം ചുമതലയേറ്റത്​. അന്നു തുടങ്ങിയ തട്ടിപ്പാണ് ഇപ്പോൾ പുറത്തുവന്നത്. സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ 8.33 കോടി രൂപയാണ്‌ ബാങ്കിന് നഷ്‌ടമായത്‌. വിജിലൻസ് കുറ്റപത്രത്തിൽ 5.26 കോടിയുടെ തട്ടിപ്പ് നടത്തിയെന്നും വ്യക്തമാക്കുന്നു. പല നിലയിലായിരുന്നു തട്ടിപ്പ്. തുച്ഛവിലയുള്ള ഭൂമിയ്‌ക്ക്‌ പതിന്മടങ്ങ് വില ഉയർത്തി കാണിച്ച് ബെനാമി വായ്‌പ അനുവദിച്ചു. ചെറിയ തുക വായ്‌പയെടുക്കുന്നവരിൽ നിന്ന് രേഖകളിൽ ഒപ്പിട്ട് വാങ്ങി വൻ തുക തട്ടിയെടുത്തു. ബോർഡ് അംഗങ്ങൾ ബന്ധുക്കളുടെ പേരിൽ വരെ ലക്ഷങ്ങൾ വായ്‌പയായി തട്ടിയെടുത്തു. ഇതിൽ പല വായ്‌പയ്‌ക്കും ഈടായി നൽകിയ ഭൂമിയ്‌ക്ക്‌ വായ്‌പ തുകയുടെ പത്തിലൊന്ന് മൂല്യമില്ലായിരുന്നു. ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ളവർക്ക് ഉയർന്ന വരുമാനമുണ്ടെന്ന് കാട്ടി വലിയ തുക വായ്‌പയായി അനുവദിച്ചു. അബ്രഹാമിന്റെ ബെനാമിയെന്ന് പറയപ്പെടുന്ന കൊല്ലപ്പള്ളി സജീവന്റെ അക്കൗണ്ടിലേക്കാണ് ഈ തുക പോയത്‌.

കര്‍ഷക ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചും ബാങ്കുകളുടെ ജപ്തി നടപടികള്‍ നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ടും  കോണ്‍ഗ്രസ് നടത്തുന്ന ധര്‍ണ്ണ  ഉദ്ഘാടനം ചെയ്യുന്ന കെ.കെ. അബ്രഹാം
കര്‍ഷക ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചും ബാങ്കുകളുടെ ജപ്തി നടപടികള്‍ നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ടും കോണ്‍ഗ്രസ് നടത്തുന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുന്ന കെ.കെ. അബ്രഹാം

ഭരണസമിതിയിലെ ഒരുസംഘം കോൺഗ്രസ് നേതാക്കൾ ബണ്ടി ചോറിനെ തോൽപ്പിക്കുംവിധം ബാങ്കിനെ കൊള്ളയടിച്ചുവെന്ന് വേണം മനസിലാക്കാൻ. അബ്രഹാമും കോൺഗ്രസ്‌ ഭരണസമിതി അംഗങ്ങളും ചില ജീവനക്കാരുമായിരുന്നു തട്ടിപ്പിന് നേത്യത്വം നൽകിയത്. തട്ടിപ്പിലൂടെ ബാങ്കിനു നഷ്ടമായ 8.33 കോടി രൂപ ഇവരിൽനിന്ന് ഈടാക്കാൻ സഹകരണ ജോയിൻറ്​ രജിസ്ട്രാർ 2020 ഡിസംബറിൽ ഉത്തരവിറക്കി. എന്നാൽ, തങ്ങളുടെ വാദം കേട്ടില്ലെന്ന് ആരോപിച്ച് അബ്രഹമും സംഘവും ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചു. ഇതു പരിഗണിച്ച കോടതി ഇവരുടെ വാദവും കേട്ട് നാലു മാസത്തിനകം പുതിയ ഉത്തരവിറക്കാൻ സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് നിർദേശം നൽകി. എന്നാൽ, അബ്രഹമടക്കമുള്ളവർ മൊഴി നൽകാതെ ഉത്തരവ് വൈകിപ്പിച്ചു. മെയിൻ ബ്രാഞ്ചിന്‌ മൂന്ന്‌ കിലോ മീറ്റർ അടുത്തുവരെ ബ്രാഞ്ച്‌ ആരംഭിച്ച്‌ ലക്ഷങ്ങൾ കോഴ വാങ്ങി വ്യാപക നിയമനം നടത്തിയതായും ആരോപണമുണ്ട്.

ജീവിതത്തിൽ ഇന്നുവരെ കാണാത്ത വലിയ തുകയ്ക്ക് കടക്കാരായപ്പോൾ പലരും മാനസികമായി തകർന്നു. കടത്തിന്റെ കാരണമന്വേഷിച്ച് ചെന്നപ്പോൾ ബാങ്ക് ജീവനക്കാർ കൈമലർത്തി. തട്ടിപ്പിനെതിരെ ശബ്ദമുയർത്തിയതിന് ഒരു കുടുംബത്തിന് മർദ്ദമേറ്റതായും പരാതിയുണ്ട്.

കുടിയേറ്റക്കാരോടുള്ള കൊടും ചതി

തിരുവിതാംകൂറിൽനിന്ന്‌ ജീവിതപ്രാരാബ്‌ദങ്ങളും ചുമന്ന്‌ ചുരം കയറി എത്തിയ ഓരോ കുടിയേറ്റ മനുഷ്യനും വന്യമൃഗങ്ങളോടും പകർച്ചവ്യാധികളോടും പ്രകൃതിദുരന്തങ്ങളോടും മല്ലിട്ടാണ്‌ പുൽപ്പള്ളിയിൽ ജീവിതം ആരംഭിച്ചത്. അറുപതുവയസു കഴിഞ്ഞ എല്ലാ പുൽപ്പള്ളിക്കാർക്കും പറയാനുണ്ടാകും, കാട്‌ വെട്ടിത്തെളിച്ച്‌ കൃഷിയിറക്കിയതും, വന്യമൃഗങ്ങളെ പേടിച്ച് രാത്രി ഏറുമാടത്തിൽ കഴിഞ്ഞതും, കിലോമീറ്ററുകൾ നടന്ന്‌ സ്‌കൂളിൽ പോയതുമായ കഥകൾ.

ജീവിതത്തിൽ ഇന്നുവരെ കാണാത്ത വലിയ തുകയ്ക്ക് കടക്കാരായപ്പോൾ പലരും മാനസികമായി തകർന്നു. കടത്തിന്റെ കാരണമന്വേഷിച്ച് ചെന്നപ്പോൾ ബാങ്ക് ജീവനക്കാർ കൈമലർത്തി. തട്ടിപ്പിനെതിരെ ശബ്ദമുയർത്തിയതിന് ഒരു കുടുംബത്തിന് മർദ്ദമേറ്റതായും പരാതിയുണ്ട്. ഇരകളായവർ ഇപ്പോൾ ഒന്നിച്ച് സമരത്തിലാണ്. വലിയ കട ബാധ്യതയുള്ളതിനാൽ നിത്യചെലവിന് പോലും ആരും കടം കൊടുക്കാത്ത അവസ്ഥയിലുമാണ്. അന്വേഷണത്തിനും സർക്കാർ നടപടികൾക്കും ഒടുവിൽ തങ്ങൾക്ക് ഈ ബാധ്യതയിൽ നിന്ന് കരകയറാനാകുമെന്ന പ്രതീക്ഷയിലാണ് ഇവരുടെ ജീവിതമിപ്പോൾ.

സിപിഐ എമ്മിന്റെയും കർഷക സംഘത്തിന്റെയും നേത്യത്വത്തിൽ ബാങ്കിന് മുമ്പിൽ നടത്തുന്ന സമരം
സിപിഐ എമ്മിന്റെയും കർഷക സംഘത്തിന്റെയും നേത്യത്വത്തിൽ ബാങ്കിന് മുമ്പിൽ നടത്തുന്ന സമരം

കെ.പി.സി.സിയുടെ 22 ജനറൽ സെക്രട്ടറിമാരിൽ ഒരാൾ ഇത്ര വലിയ തട്ടിപ്പ്‌ കേസിൽ പ്രതിയായി ജയിലിലായിട്ടും പ്രതിപക്ഷ നേതാവിനോ കെ.പി.സി.സി പ്രസിഡന്റിനോ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ നേരിടേണ്ടി വന്നില്ലയെന്നതും ശ്രദ്ധേയമാണ്. ​കോൺഗ്രസിന്റെ ദേശീയനേതാവ്​ രാഹുൽ ഗാന്ധി ലോക്​സഭയിൽ പ്രതിനിധീകരിക്കുന്ന മണ്ഡലം കൂടിയാണ്​ വയനാട്​. ഇവിടെയാണ്​ സംസ്ഥാന കോൺഗ്രസ്‌ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ഒരു കർഷകനെ മരണത്തിലേക്ക്​ തള്ളിവിട്ട തട്ടിപ്പ്​ നടത്തിയത്​ എന്നതും പാർട്ടിയെ സംബന്ധിച്ച്​ മറച്ചുപിടിക്കേണ്ട ഒരു കാര്യമായിരിക്കാം. എന്നാൽ, മാധ്യമങ്ങളോ?

പ്രതിസ്ഥാനത്ത്‌ സി.പി.എം അല്ലാത്തതിനാൽ 'ഞങ്ങളില്ലേ..' എന്ന മട്ടിലായിരുന്നു മുഖ്യധാരാ മാധ്യമങ്ങൾ. ‘കർഷകന്റെ ആത്മഹത്യ: ബാങ്ക്‌ പ്രസിഡണ്ട്‌ അറസ്റ്റിൽ' എന്ന നിലയിൽ വാർത്ത നൽകി അവർ കോൺഗ്രസിനെ രക്ഷിച്ചുകൊണ്ടിരുന്നു. വിഷയത്തിൽ പരാതിക്കാരും കോൺഗ്രസ് പ്രദേശിക നേതാക്കളും നിരവധി തവണ പരാതി നൽകിയിട്ടും നടപടിയെടുക്കാത്ത കെ.പി.സി.സി ഒടുവിൽ എബ്രഹാമിന്റെ രാജി ചോദിച്ചു വാങ്ങി മുഖം രക്ഷിക്കാനും ശ്രമിക്കുന്നുണ്ട്.

Comments